രാഷ്ട്രീയ
പ്രൊപ്പഗാണ്ടയാകുന്ന
അതിദാരിദ്ര്യം

കേരളത്തിന്റെ ഹ്യൂമൻ ഡെവലപ്മെന്റ് നേട്ടങ്ങൾ ദശകങ്ങൾ കൊണ്ട് കൈവരിച്ചവയാണ്, അവ ഒരു നിശ്ചിത കാലഘട്ടത്തിൽ ഭരണത്തിലുണ്ടായിരുന്ന ഒരു സർക്കാറിന്റെ മാത്രം നേട്ടമായി കൊണ്ടാടപ്പെടേണ്ടതല്ല. SDG എന്ന ഫ്രെയിംവർക്കിലെ 169 ടാർഗെറ്റുകളിൽ ഒന്നായ അതിദാരിദ്ര്യ നിർമാർജനം എന്നതിനെ അടർത്തിയെടുത്ത് ആഘോഷിക്കുകയും രാഷ്ട്രീയ കാമ്പയിനാക്കുകയും ചെയ്യുക എന്നത് വിചിത്രമാണെന്ന് ജി. പ്രമോദ് കുമാർ.

കേരള സർക്കാർ നടത്തിയ അതിദാരിദ്ര്യമുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുയരുന്നുണ്ട്. ആഗോള- ദേശീയ തലങ്ങളിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങളുടെ വെളിച്ചത്തിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ സാഹചര്യങ്ങളിലും പ്രസക്തമായ ചോദ്യങ്ങളാണിവ. ഇവയെ ശാസ്ത്രീയമായ peer review- വിന്റെ അടിസ്ഥാനത്തിൽ അഭിമുഖീകരിച്ച് മറുപടി നൽകുകയാണ് സർക്കാർ ചെയ്യേണ്ടത്.

ഇന്ത്യയിലായാലും ആഗോള തലത്തിലായാലും, ‘അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തു’ എന്നത് അന്തിമമായ, തിരിച്ചുപോക്കില്ലാത്ത പ്രസ്താവനയാണ്. ദാരിദ്ര്യത്തെക്കുറിച്ചുള്ള Sustainable Development Goals-ലെ (SDG) അഞ്ച് ഇൻഡിക്കേറ്ററുകളിൽ ഒന്നു മാത്രമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം. ‘കേരളം അതിദാരിദ്ര്യമുക്തമായി’ എന്നു പറയുമ്പോൾ SDG- 1 എന്ന ടാർഗറ്റോണോ ഉദ്ദേശിക്കുന്നത് എന്ന കാര്യം ആദ്യമായി വ്യക്തമാക്കേണ്ടതുണ്ട്. എന്നാൽ, കേരളത്തിന്റേതായ നിർവചനമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് നൽകിയിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരങ്ങളിൽനിന്ന് മനസ്സിലാകുന്നത്. അതുകൊണ്ട്, ദേശീയവും അന്തർദേശീയവുമായി സ്വീകരിക്കപ്പെട്ട നിർവചനമാണോ ഉപയോഗിച്ചത്, അല്ലെങ്കിൽ കേരളം അതിനുവേണ്ടി പ്രത്യേകമായ നിർവചനമുണ്ടാക്കിയോ എന്നതിൽ വ്യക്തത വേണം.

കേരളം അവകാശപ്പെടുന്ന നേട്ടം കുറഞ്ഞത് ദേശീയ തലത്തിലെങ്കിലും വാലിഡേറ്റ് ചെയ്യപ്പെട്ടിട്ടാണോ സംസ്ഥാന സർക്കാർ അതിനെ പ്രചാരവേലയ്ക്കുപയോഗിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം.

വികസനവുമായി ബന്ധപ്പെട്ട മേഖലയിൽ വളരെ സാധാരണമായി ഉപയോഗിക്കുന്ന പദം ഉപയോഗിച്ച് അതിന് സ്വന്തമായൊരു നിർവചനം കൊടുക്കുകയാണിവിടെ ചെയ്തത്. മാത്രമല്ല, ഈ പദ്ധതിയ്ക്കായി സ്വീകരിച്ച മെത്തഡോളജിയുടെ തെളിവുകൾ അവതരിപ്പിക്കാതെ, നടപടിക്രമം പ്രാഥമികമായി വിശദീകരിച്ച് ഫലം പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇങ്ങനെയല്ല വികസനകാര്യങ്ങളിലെ ഒരു ടാർഗറ്റിന്റെ നടപടിക്രമം വിശദീകരിക്കുക. അത്, ശാസ്ത്രീയ തെളിവുകളടങ്ങുന്ന ടെക്നിക്കൽ പേപ്പറായി അവതരിപ്പിക്കുകയാണ് വേണ്ടത്.

വേണ്ടേ, മോണിറ്ററിങ്,
ഇവാല്യുവേഷൻ?

അനൗചിത്യത്തിനും അസാധാരണത്വത്തിനും പുറമെ ഈ പ്രഖ്യാപനത്തിൽ ഒരു സാങ്കേതിക പിഴവ് കൂടിയുണ്ട്. അതിദാരിദ്ര്യനിർമ്മാർജ്ജനം എന്ന പദ്ധതി സർക്കാർ തന്നെ ഡിസൈൻ ചെയ്ത് നടപ്പാക്കുകയും ഫലം സർക്കാർ തന്നെ പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. ദേശീയ- അന്തർദേശീയ മാനദണ്ഡങ്ങളെടുത്താൽ, മോണിറ്ററിങ് ആന്റ് ഇവാല്യുവേഷൻ എന്ന സിസ്റ്റമുണ്ട്. ഇത്തരം പദ്ധതികളുടെ മോണിറ്ററിങും വാലിഡേഷനും ബാഹ്യ ഏജൻസിയാണ് ചെയ്യേണ്ടത്. ഉദാഹരണത്തിന്, ലോകബാങ്കിന്റെയോ മറ്റോ സഹായം കൊണ്ട് നടപ്പാക്കുന്ന ദാരിദ്ര്യനിർമ്മാർജ്ജനപദ്ധതി മോണിറ്റർ ചെയ്യുക മറ്റൊരു ഏജൻസിയായിരിക്കും. ദാരിദ്ര്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട ദേശീയ ഏജൻസി നീതി ആയോഗാണ്. അന്തർദേശീയ തലത്തിൽ യു.എൻ.ഡി.പിയും ലോകബാങ്കും പോലുള്ള സംഘടനകളുണ്ട്.

അതിദാരിദ്ര്യനിർമ്മാർജ്ജനം എന്ന പദ്ധതി സർക്കാർ തന്നെ ഡിസൈൻ ചെയ്ത് നടപ്പാക്കുകയും ഫലം സർക്കാർ തന്നെ പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. ഇത്തരം പദ്ധതികളുടെ മോണിറ്ററിങും വാലിഡേഷനും ബാഹ്യ ഏജൻസിയാണ് ചെയ്യേണ്ടത്.
അതിദാരിദ്ര്യനിർമ്മാർജ്ജനം എന്ന പദ്ധതി സർക്കാർ തന്നെ ഡിസൈൻ ചെയ്ത് നടപ്പാക്കുകയും ഫലം സർക്കാർ തന്നെ പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. ഇത്തരം പദ്ധതികളുടെ മോണിറ്ററിങും വാലിഡേഷനും ബാഹ്യ ഏജൻസിയാണ് ചെയ്യേണ്ടത്.

SDG- കളുടെ പുരോഗതി കണക്കാക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ദേശീയതലത്തിലാണ്. അതിന് നിയതമായ നടപടിക്രമമുണ്ട്. നിതി ആയോഗ്, ഐക്യരാഷ്ട്രസംഘടന, ലോകബാങ്ക് എന്നിവയുമായി ചേർന്നുള്ള സിസ്റ്റം ഇതിനുണ്ട്. ഒരു സംസ്ഥാനം തങ്ങളുടെ SDG ഡേറ്റ ദേശീയ സിസ്റ്റത്തിലേയ്ക്ക് കൈമാറും. അവർ അത് പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അതിനെ അന്തർദേശീയ സംഘടനകളുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ സിസ്റ്റത്തിലേക്ക് പ്രവേശിപ്പിക്കുന്നു. ഇവിടെ പല ഘട്ടങ്ങളുണ്ട്. ഈ പരിശോധനകൾ കഴിഞ്ഞിട്ടാണ് അത് SDG നേട്ടമായി റെക്കോർഡ് ചെയ്യപ്പെടുക. അതിനുശേഷം അത് ഐക്യരാഷ്ട്ര സംഘടനയുടെ SDG ഡേറ്റാബേസിൽ ഇടം തേടുന്നു. അങ്ങനെയാണ് ഓരോ രാജ്യങ്ങളിലെയും പുരോഗതി നമ്മൾ അറിയുന്നത്. അതിന് സ്ഥിരമായി അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ഡാഷ്‌ബോർഡ് / ബോർഡുകൾ ഐക്യരാഷ്ട്രസംഘടനയും അവരുടെ പങ്കാളികളായ സ്ഥാപനങ്ങളും നടത്തുന്നുണ്ട്.

കേരളം പോലുള്ളിടത്ത്, പോവർട്ടി സ്​പെക്ട്രത്തിനുള്ളിൽ ഏറ്റവും താഴത്തെ നിലയിൽ നിൽക്കുന്ന ഫലം​ കൊയ്യാൻ എളുപ്പമാണ്. പക്ഷെ അതിന്റെ രാഷ്ട്രീയ പ്രചാരണശേഷി വളരെ കൂടുതലാണ്. ‘നിർമാർജനം’, ‘ദാരിദ്ര്യം’ എന്നീ രണ്ടു വാക്കുകൾ പരസ്യങ്ങളിൽ കേൾക്കുമ്പോൾ അതുണ്ടാക്കുന്ന ഇംപ്രഷൻ ആ ടാർഗെറ്റിനേക്കാൾ വളരെ വലുതാണ്.

ഉദാഹരണത്തിന്, 2021-ൽ ചൈന അതിദാരിദ്ര്യമുക്തമായതായി പ്രഖ്യാപിച്ചു. മേൽ സൂചിപ്പിച്ച സംവിധാനങ്ങളിലൂടെ കടന്നുപോയശേഷമായിരുന്നു ഈ പ്രഖ്യാപനം. SDG പ്രോഗ്രസ്സ് യു.എൻ തുടർച്ചയായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കും. വികസനത്തിന്റെ കാര്യത്തിൽ ലോകത്തെ ഓരോ രാജ്യവും എവിടെ നിൽക്കുന്നു എന്ന് വിലയിരുത്തിക്കൊണ്ടിരിക്കും. ചൈനയുടെ പ്രോഗ്രസ്സ് അതിൽ റെക്കോർഡ് ചെയ്തുകഴിഞ്ഞു. അതുപോലെ വിയറ്റ്നാമിൽ, കേരളത്തിലേതുപോലെ, പ്രാദേശിക തലത്തിൽ, ഈ ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. റുവാണ്ടയിലും ചിലിയിലും ഈ പ്രോസ്സസ്സ് നടന്നിട്ടുണ്ട്. ഇതെല്ലാം ആഗോളതലത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.

കേരളം അവകാശപ്പെടുന്ന നേട്ടം കുറഞ്ഞത് ദേശീയ തലത്തിലെങ്കിലും വാലിഡേറ്റ് ചെയ്യപ്പെട്ടിട്ടാണോ സംസ്ഥാന സർക്കാർ അതിനെ പ്രചാരവേലയ്ക്കുപയോഗിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. എങ്ങനെയാണ് അതിദരിദ്രരെ കണ്ടുപിടിച്ചത്, എങ്ങനെയാണ് അവരെ ദരിദ്രവിമുക്തരാക്കിയത്, അവർ വീണ്ടും ദാരിദ്ര്യത്തിൽ വീണുപോകാതിരിക്കാൻ എന്തൊക്കെ ചെയ്തു എന്നെല്ലാം അറിയേണ്ടതു തന്നെയാണ്. തങ്ങൾ ഇത്രയൊക്കെ ചെയ്തു എന്നല്ല പറയേണ്ടത്, എങ്ങനെ ചെയ്തു എന്നാണ്. കുറഞ്ഞപക്ഷം നിതി ആയോഗ് എങ്കിലും അതിനെ വാലിഡേറ്റ് ചെയ്തോ എന്ന് പറയണം. അതിനുപകരം, ‘ഞാൻ തന്നെ ചോദ്യം തയ്യാറാക്കി, ഞാൻ തന്നെ പരീക്ഷ എഴുതി ഞാൻ തന്നെ എന്നെ വിജയി ആക്കി’ പ്രഖ്യാപിക്കുന്നത് എങ്ങനെ? വ്യക്തവും സാങ്കേതികമായി വിശദവുമായ ഒരു റിപ്പോർട്ട് ആയി പ്രസിദ്ധപ്പെടുത്തിയാൽ തീരുന്ന പ്രശ്നം മാത്രമാണിത്.

ഇന്ത്യയിൽ പല സംസ്ഥാനങ്ങളും Sustainable Development Goals -ന്റെ പല ടാർഗറ്റുകളും കൈവരിച്ചുകഴിഞ്ഞിരിക്കുന്നു. ഈ നേട്ടങ്ങൾ അംഗീകരിക്കപ്പെടണമെങ്കിൽ അതിനുള്ള സംവിധാനത്തിലൂടെ കടന്നുപോകണം. കേരളം ആ സിസ്റ്റം പാലിച്ചിട്ടില്ല എന്ന പ്രശ്നമാണ് ഉന്നയിക്കപ്പെടുന്നത്. അതിന് വേണമെങ്കിൽ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന SDG കാറ്റഗറി അല്ല ഇത്, കേരളത്തിനായി ആവിഷ്കരിച്ച പ്രത്യേക കാറ്റഗറിയാണ്, ഇത്തരം ഫ്രെയിംവർക്കുകളിൽ ​പെടാത്തതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള വാലിഡേഷൻ ആവശ്യമില്ല’.
എന്നാൽ, അതിലൊന്നും വ്യക്തതയില്ല. എല്ലാം കൂടി കൂട്ടിക്കലർത്തിയുള്ള കൺഫ്യൂസ്ഡ് ​പൊസിഷനാണ് ഇക്കാര്യത്തിൽ ​കേരളം പിന്തുടരുന്നത്.

എങ്ങനെയാണ് അതിദരിദ്രരെ കണ്ടുപിടിച്ചത്, എങ്ങനെയാണ് അവരെ ദരിദ്രവിമുക്തരാക്കിയത്, അവർ വീണ്ടും ദാരിദ്ര്യത്തിൽ വീണുപോകാതിരിക്കാൻ എന്തൊക്കെ ചെയ്തു എന്നെല്ലാം അറിയേണ്ടതു തന്നെയാണ്. തങ്ങൾ ഇത്രയൊക്കെ ചെയ്തു എന്നല്ല പറയേണ്ടത്, എങ്ങനെ ചെയ്തു എന്നാണ്.
എങ്ങനെയാണ് അതിദരിദ്രരെ കണ്ടുപിടിച്ചത്, എങ്ങനെയാണ് അവരെ ദരിദ്രവിമുക്തരാക്കിയത്, അവർ വീണ്ടും ദാരിദ്ര്യത്തിൽ വീണുപോകാതിരിക്കാൻ എന്തൊക്കെ ചെയ്തു എന്നെല്ലാം അറിയേണ്ടതു തന്നെയാണ്. തങ്ങൾ ഇത്രയൊക്കെ ചെയ്തു എന്നല്ല പറയേണ്ടത്, എങ്ങനെ ചെയ്തു എന്നാണ്.

എന്തുകൊണ്ട് കേരളം?

Sustainable Development Goals എന്നത് യു.എൻ, മറ്റ് അന്തർദേശീയ വികസന പങ്കാളികളുമായി ചേർന്ന് ലോകരാജ്യങ്ങളിൽ സുസ്ഥിര വികസനം നടപ്പിലാക്കിയെടുക്കാൻ കൊണ്ടുവന്ന മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള സംവിധാനമാണ്. മുൻപ് മില്ലേനിയം ഡെവലപ്മെന്റ് ഗോൾസ് (MDGs) എന്ന പേരിൽ ഇത്തരമൊരു പദ്ധതി കൊണ്ടുവന്നിരുന്നെങ്കിലും അതിന്റെ ഡെഡ്ലൈനായ 2015 ആയിട്ടും ഉദ്ദേശിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാത്തതുകൊണ്ടാണ്, അതിനെ ഈ രൂപത്തിൽ മാറ്റി, 2030 ലക്ഷ്യമാക്കി നിശ്ചയിച്ച്, SDG എന്ന പേരിൽ പുതിയ ഫ്രെയിംവർക്ക് കൊണ്ടുവന്നത്. 17 ഗോളുകളും 169 ടാർഗറ്റുകളുമാണ് അതിൽ സെറ്റ് ചെയ്തിരിക്കുന്നത്. രാജ്യങ്ങൾ, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങൾ, 17 ഗോളുകളും 169 ടാർഗെറ്റുകളും സാക്ഷാൽക്കരിച്ചാൽ മാനുഷിക വികസനത്തിൽ ലോകം വളരെ മുന്നോട്ടു പോകും എന്നതാണ് പ്രതീക്ഷ. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ മിക്ക വികസ്വര രാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുകയുമാണ്. പലരുടെയും പുരോഗതി പല ലെവലുകളാണെന്നു മാത്രം. മുൻപു തന്നെ വികസനത്തിൽ മുൻപിൽ നിന്ന രാജ്യങ്ങൾ ഈ രംഗത്തും വളരെ മുന്നിലാണ്. തീർത്തും പിന്നാക്കമുള്ള രാജ്യങ്ങൾ പുറകിലും. തായ്‌ലൻഡ് ഒരുദാഹരണം. മില്ലേനിയം ഡവലപ്മെന്റ് ഗോൾസ് വന്നപ്പോൾ, തായ്‍ലാന്റ് അത് അച്ചീവ് ചെയ്തുകഴിഞ്ഞിരുന്നു. അപ്പോൾ അവർക്കുവേണ്ടി MDG plus UNDP ഉണ്ടാക്കി. അതുപോലെ, കേരളത്തിലും MDG- യുടെ എല്ലാ സൂചകങ്ങളും കൈവരിച്ചുകാണണം. SDG എടുത്താൽ, പരമ്പരാഗതമായ കാരണങ്ങൾ കൊണ്ട് ഇപ്പോൾത്തന്നെ ചില ടാർഗറ്റുകൾ കേരളം നേടിക്കഴിഞ്ഞു. അതാണ് കേരളത്തിന്റെ വികസന പാരമ്പര്യം.

MPI-യുടെ അടിസ്ഥാനത്തിൽ 2015-ൽ തന്നെ കേരളം അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തുകഴിഞ്ഞു എന്ന് പറയാം. അന്നത്തെ ഉമ്മൻചാണ്ടി സർക്കാറിന് വേണമെങ്കിൽ ഒരാഘോഷത്തിനുള്ള ​കോപ്പ് അതിലുണ്ടായിരുന്നു.

ദശകങ്ങളായി ഐക്യരാഷ്ട്ര സംഘടനയുടെ തന്നെ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മുന്നിലാണ്. SDG- യിലും അങ്ങനെ തന്നെയാവണം എന്നതാണ് സാധാരണ യുക്തി. അതുകൊണ്ടാണ് കേരളം ഒരു outlier ആണെന്നു പറയുന്നത്. അത് സ്വാതന്ത്ര്യത്തിനുമുമ്പുള്ള ചരിത്രത്തിലേക്കുകൂടി നീളുന്നതാണ്. മിഷനറിമാരുടെ സംഭാവനകൾ, സാമൂഹിക പരിവർത്തനങ്ങൾ, 1957-മുതൽ വന്ന സർക്കാറുകൾ, ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും നൽകിയ നിക്ഷേപങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഇക്കാര്യത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ Per capita income ദേശീയ ശരാശരിയേക്കാൾ താഴെ നിൽക്കുമ്പോഴും വികസനത്തിൽ കേരളത്തിന്റെ ഇൻവെസ്റ്റ്മെന്റ് വളരെ ഉയർന്നതായിരുന്നു. വരുമാനമില്ലായ്മ വികസനത്തിന് തടസ്സമല്ല എന്നത് കേരള മോഡലിന്റെ അടിസ്ഥാനമായത് അതുകൊണ്ടാണ്. അത്തരമൊരു റെക്കോഡുള്ളതിനാൽ കേരളത്തിന്റെ നേട്ടങ്ങൾ തുടരുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ, വാലിഡേറ്റ് ചെയ്യപ്പെടാത്ത ഈ പ്രഖ്യാപനം ആഗോളതലത്തിൽ രേഖപ്പെടുത്തപ്പെടാൻ വിഷമമില്ല. കാരണം, കേരളത്തിന്റെ അവകാശവാദം എല്ലാ ഏജൻസികളും വിശ്വസിക്കും. അതിദാരിദ്ര്യ നിർമ്മാർജ്ജനം SDG ആയി രേഖപ്പെടുത്തുന്നുണ്ടോ എന്നത് ആര് അന്വേഷിക്കാനാണ്?

ഇനി, ആരുടെയെങ്കിലും കാലുപിടിച്ച് ഈ പ്രഖ്യാപനത്തെ വാലിഡേറ്റ് ചെയ്തിട്ട് കാര്യമില്ല. ഒരു പക്ഷെ രാഷ്ട്രീയപരമായ കാരണങ്ങളാൽ നിതി ആയോഗ് തന്നെ ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തേക്കാം, അവർ ഈ ഡാറ്റ സ്വീകരിച്ചേക്കാം. നിതി ആയോഗ് സ്വീകരിച്ചാൽ യു.എന്നിന് സ്വീകരിക്കുന്നതിൽ എന്താണ് കുഴപ്പം? എല്ലാതരം നാഷനൽ ഡേറ്റകളും നെഗ്യോഷ്യബിൾ ആണ്. ഇന്ത്യയിൽ വന്ന് നേരിട്ട് പഠനം നടത്താനോ ഡേറ്റ ശേഖരിക്കാനോ ലോകബാങ്കും ഐ.എം.എഫും അടക്കം ഒരു ഏജൻസിക്കും അവകാശമില്ല. ഇന്ത്യ കൊടുക്കുന്ന ഡേറ്റയാണ് അവർ സ്വീകരിക്കുക. ​

മില്ലേനിയം ഡവലപ്മെന്റ് ഗോൾസിലെ എല്ലാ സൂചകങ്ങളും കേരളം കൈവരിച്ചുകാണണം. SDG എടുത്താൽ, പരമ്പരാഗതമായ കാരണങ്ങൾ കൊണ്ട് ഇപ്പോൾത്തന്നെ ചില ടാർഗറ്റുകൾ കേരളം നേടിക്കഴിഞ്ഞു. അതാണ് കേരളത്തിന്റെ വികസന പാരമ്പര്യം.
മില്ലേനിയം ഡവലപ്മെന്റ് ഗോൾസിലെ എല്ലാ സൂചകങ്ങളും കേരളം കൈവരിച്ചുകാണണം. SDG എടുത്താൽ, പരമ്പരാഗതമായ കാരണങ്ങൾ കൊണ്ട് ഇപ്പോൾത്തന്നെ ചില ടാർഗറ്റുകൾ കേരളം നേടിക്കഴിഞ്ഞു. അതാണ് കേരളത്തിന്റെ വികസന പാരമ്പര്യം.

മാനവവികസന സൂചികകളിൽ കൈവരിക്കുന്ന നേട്ടം വാലിഡേറ്റ് ചെയ്യപ്പെടണം എന്നു പറയാൻ മറ്റൊരു കാരണമുണ്ട്. ഇതുമായി ബന്ധപ്പെട്ട മെട്രിക്കുകൾ പല തലങ്ങളിലുള്ളതാണ്.

ഉദാഹരണത്തിന്, കേരളത്തിൽ ശിശുമരണനിരക്ക് (IMR) 1000 പ്രസവങ്ങളിൽ അഞ്ചിൽ താഴെയാണ് എന്നാണ് അവകാശപ്പെടുന്നത്, അത് അമേരിക്കയിലേതിനേക്കാൾ താഴെയുമാണ്. എന്നാൽ, IMR അമേരിക്കയിൽ കണക്കുകൂട്ടുന്നതുപോലെയല്ല ഇന്ത്യയിലും കേരളത്തിലും കണക്കാക്കുന്നത്. അമേരിക്കയിൽ ഡയറക്റ്റ് രജിസ്ട്രേഷനാണ്. ഇന്ത്യയിൽ, SRS എന്ന സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റത്തിൽ നിന്നെടുത്ത സാമ്പിൾ വെച്ചുകൊണ്ടുള്ള കണക്കുകൂട്ടലാണ്. രണ്ടും രണ്ട് മെത്തഡോളജിയാണ്. ഇന്ത്യ ഉപയോഗിക്കുന്ന മെത്തഡോളജിയാണ് അമേരിക്ക ഉപയോഗിക്കുന്നത് എങ്കിൽ, IMR കേരളത്തിലേതിനേക്കാൾ അമേരിക്കയിൽ താഴെയായിരിക്കും. ഇതാണ് ​മെട്രിക്കുകളുടെ ഒരു പ്രശ്നം.

SDG ഇന്ത്യയിൽ നടപ്പിലാക്കിയെടുക്കേണ്ട ചുമതലയുള്ള നിതി ആയോഗിന് അതിനായി പ്രാദേശിക രീതികൾ അവലംബിക്കാം. അതിനെ SDG localisation എന്ന് പറയും. ദാരിദ്ര്യത്തിന്റെ കാര്യത്തിൽ (അഞ്ചു ടാർഗെറ്റുകൾക്കും കൂടി) അതിനായി ‘നോ പോവെർട്ടി’ അഥവാ ‘സീറോ പോവെർട്ടി’ ഇൻഡക്സ് തയ്യാറാക്കിയിട്ടുണ്ട്. ആ ഇൻഡക്സിൽ 100 കിട്ടുന്നവരാണ് SDG-1 (അഞ്ചു ടാർഗറ്റും ചേർത്ത്) നേടുന്നത്. തമിഴ്നാടാണ് ഇക്കാര്യത്തിൽ മുന്നിൽ, ഇൻഡക്സ് 92. തൊട്ടു പിറകിൽ തെലങ്കാന, 91. കേരളം മൂന്നാമതാണ്.

SDG ഉള്ളപ്പോൾ തന്നെ 2010-ൽ UNDP-യുടെ മൾട്ടി ​ഡൈമൻഷനൽ പോവർട്ടി (MPI) എന്ന മറ്റൊരു ഇൻഡസ്കുണ്ടായിരുന്നു. The Oxford Poverty and Human Development Initiative (OPHI) എന്ന ഏജൻസിയുടേതാണിത്. അത് വേറൊരു മെട്രിക്സാണ്. അതായത്, ദാരിദ്ര്യം എന്നത് പണമില്ലാത്തതുകൊണ്ടുണ്ടാകുന്ന ദാരിദ്ര്യം മാത്രമല്ല, ബഹുമുഖ ഘടകങ്ങളും അതിലുണ്ട്. 2015-ൽ കേരളത്തിൽ MPI അധിഷ്ഠിത പോവെർട്ടി ഹെഡ് കൗണ്ട് റേഷ്യോ 0.7 ശതമാനം ആയിരുന്നു. ഈ റേഷ്യോ ഒരു ശതമാനത്തിനുകീഴെ വന്നുകഴിഞ്ഞാൽ പൂജ്യത്തിന് അടുത്തെത്തി എന്നാണർഥം. അതായത്, MPI അധിഷ്ഠിത പോവെർട്ടി ഹെഡ് കൗണ്ട് റേഷ്യോയുടെ അടിസ്ഥാനത്തിൽ 2015-ൽ തന്നെ കേരളം അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തുകഴിഞ്ഞു എന്ന് പറയാം. ഇന്ത്യയിൽ ഈ ഇൻഡെക്സ് 16- 18 ശതമാനമായിരുന്നപ്പോഴാണ് കേരളം ഈ നേട്ടം കൈവരിച്ചതായി നിതി ആയോഗ് പ്രസിദ്ധപ്പെടുത്തിയത്. അന്നത്തെ ഉമ്മൻചാണ്ടി സർക്കാറിന് വേണമെങ്കിൽ ഒരാഘോഷത്തിനുള്ള ​കോപ്പ് അതിലുണ്ടായിരുന്നു. കാരണം കയ്യിലൊതുങ്ങാവുന്ന രാജ്യങ്ങൾക്കു മാത്രമേ അങ്ങനെയൊരു നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളൂ. എന്നാൽ, കേരളം ഉണ്ടായത് തന്റെ സർക്കാർ ഭരണത്തിൽ വന്നതിനുശേഷമല്ല എന്നും ഇക്കാണുന്ന ഹ്യൂമൻ ഡെവലപ്മെന്റ് നേട്ടങ്ങളെല്ലാം ദശകങ്ങൾ കൊണ്ട് കേരളം നേടിയെടുത്തതാണ് എന്നുമുള്ള തിരിച്ചറിവുണ്ടായിരുന്നതുകൊണ്ടാകാം, ഉമ്മൻചാണ്ടി സർക്കാർ ഈ നേട്ടത്തെ ഒരാഘോഷമാക്കി മാറ്റാതിരുന്നത്.

2023-ലെ റിപ്പോർട്ടിൽ കേരളത്തിന്റെ MPI അധിഷ്ഠിത പോവെർട്ടി ഹെഡ് കൗണ്ട് റേഷ്യോ 0.55 ശതമാനമാണ്. മറ്റു സംസ്ഥാനങ്ങളെ എടുത്താൽ, ഇത് കുറഞ്ഞുവരുന്ന തോത് കേരളത്തിൽ വളരെ കുറഞ്ഞ തോതിലാണ് എന്നു പറയാം. പത്തു വർഷം കൊണ്ട് 0.2 ശതമാനം മാത്രം. ഒരു സൂചിക ​‘low baseline’-ൽ എത്തിക്കഴിഞ്ഞാൽപിന്നെ അത് കുറഞ്ഞ തോതിലായിരിക്കും കുറയുക. (MPI അധിഷ്ഠിത പോവെർട്ടി ഹെഡ് കൗണ്ട് റേഷ്യോ 0.1 ശതമാനത്തിനും താഴെയെത്തിയപ്പോഴാണ് ചൈന അതിദാരിദ്ര്യം അവസാനിച്ചു എന്ന് UNDP-യുടെ അംഗീകാരത്തോടെ പ്രഖ്യാപിച്ചത്. UNDP-യുടെയും മറ്റും രേഖകളിൽ ഈ കണക്കുകൾ ഉൾപ്പെടുത്തുകയും ചെയ്തു).

പുതിയ പ്രഖ്യാപനത്തിന്റെ വെളിച്ചത്തിൽ, MPI അധിഷ്ഠിത പോവെർട്ടി ഹെഡ് കൗണ്ട് റേഷ്യോയുടെ കാര്യത്തിൽ കേരളം എവിടെയാണ് എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്. 0.55 ശതമാനത്തിനു ശേഷം പുതിയ കണക്കുകൾ വന്നോ? 0.22 എന്നൊക്കെ അവകാശവാദങ്ങളുണ്ട്. നിതി ആയോഗ് പറഞ്ഞതായി എങ്ങും കണ്ടില്ല. അതിനിടയിലാണ്, ഈ 64,006 എന്ന കണക്കിന്റെ സൂത്രം.

ദാരിദ്ര്യത്തിന്റെ കാര്യത്തിൽ തമിഴ്നാടിനേക്കാൾ എത്രയോ മെച്ചമാണ് കേരളം. പക്ഷെ, മെട്രിക് വരുമ്പോൾ തമിഴ്നാടായിരിക്കും മുന്നിൽ. ഇത്തരം പ്രശ്നങ്ങളുമുണ്ട്. പല ഏജൻസികളും റിപ്പോർട്ടു ചെയ്യുന്ന സൂചികകൾ തമ്മിൽ ചേർന്നുപോകണമെന്നില്ല. അതുകൊണ്ടാണ് വാലിഡേഷൻ വേണം എന്ന് പറയുന്നത്. കേരളത്തിന്റെ ​പ്രഖ്യാപനം ദേശീയ തലത്തിലോ ആഗോള തലത്തിലോ വാലിഡേറ്റ് ചെയ്യപ്പെടാത്തിടത്തോളം അതിദാരിദ്ര്യനിർമ്മാർജ്ജനം എന്ന പ്രഖ്യാപനം സംശയമുനയിലായിരിക്കും. അതിനെ അവകാശവാദമായോ പൊളിറ്റിക്കൽ പ്രൊപ്പഗാന്റയായിട്ടോ മാത്രമേ കാണാനാകൂ.

മാത്രമല്ല, SDG എന്നത് അഞ്ച് ടാർഗറ്റുള്ള ഒരു ഗോളാണ്. ഓരോ ടാർഗറ്റും എടുത്ത് ആരും ആഘോഷിക്കാറില്ല. composite index ആണ് സാധാരണ മുന്നോട്ടുവെക്കുക. ‘നോ പോവെർട്ടി’ ഇൻഡെക്സിലെ നേട്ടം ചൂണ്ടിക്കാട്ടി തമിഴ്നാട് രജനീകാന്തിനെയും കമൽഹാസനെയും വിളിച്ച് ആഘോഷിച്ചോ? ഒരു പത്രക്കുറിപ്പെങ്കിലും ഇറക്കിയോ? അതാണ് പ്രൊപ്പഗാണ്ട സ്റ്റേറ്റുകളും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം. മാർക്സിസ്റ്റുകൾക്ക് പ്രോപ്പഗാണ്ട തീരാവ്യാധിയായിപ്പോയി. SDG എന്ന ഫ്രെയിംവർക്കിലെ 169 ടാർഗെറ്റുകളിൽ ഒന്നായ അതിദാരിദ്ര്യ നിർമാർജനം എന്നതിനെ അടർത്തിയെടുത്ത് ആഘോഷിക്കുക എന്നത്, അതും ഒരു സംസ്ഥാനത്തിൽ, വിചിത്രമായ പരിപാടിയാണ്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഇതുപോലെ പല ഒറ്റപ്പെട്ട ടാർഗറ്റുകളും നേടിയെടുത്തിട്ടുണ്ട്. ഒരു മാരത്തൺ ഓട്ടം ഓടുമ്പോൾ ആരും ആദ്യത്തെ ഒരു കിലോമീറ്റർ കഴിഞ്ഞ് വിജയാഘോഷം നടത്താറില്ല, അതാണ് കേരളം ഇപ്പോൾ ചെയ്യുന്നത്.

ദാരിദ്ര്യം എന്നത് വളരെ ഡൈനാമിക്കായ അവസ്ഥയാണ്. ഒരു രോഗം വന്നാൽ ​പോലും ഒരു കുടുംബം അതിദരിദ്രരായി മാറും. ഇതൊന്നും പബ്ലിക് ഡിസ്കോഴ്സുകളിൽ വരുന്നില്ല. അതാണ് ഏറ്റവും വലിയ ദുരന്തം.

‘അതിദാരിദ്ര്യ നിർമ്മാർജ്ജനം’ എന്ന
പൊളിറ്റിക്കൽ മെസ്സേജ്

അതിദാരിദ്ര്യ നിർമാർജനം എന്നത് സമൂഹത്തിലെ ഏറ്റവും അടിസ്ഥാന തട്ടിലുള്ളവരുടെ ദാരിദ്ര്യം നിർമാർജനം ചെയ്യുക എന്നതാണ്. ഇംഗ്ളീഷിൽ പറയുന്ന ‘ലോ ഹാങ്ങിങ് ഫ്രൂട്സ്’. കേരളം പോലുള്ളിടത്ത്, പോവർട്ടി സ്​പെക്ട്രത്തിനുള്ളിൽ ഏറ്റവും താഴത്തെ നിലയിൽ നിൽക്കുന്ന ഫലം​ കൊയ്യാൻ എളുപ്പമാണ്. പക്ഷെ അതിന്റെ രാഷ്ട്രീയ പ്രചാരണശേഷി വളരെ കൂടുതലാണ്. ‘നിർമാർജനം’, ‘ദാരിദ്ര്യം’ എന്നീ രണ്ടു വാക്കുകൾ പരസ്യങ്ങളിൽ കേൾക്കുമ്പോൾ അതുണ്ടാക്കുന്ന ഇംപ്രഷൻ ആ ടാർഗെറ്റിനേക്കാൾ വളരെ വലുതാണ്. അതുകൊണ്ടാണ്, ദാരിദ്ര്യമല്ല, അതിദാരിദ്ര്യമാണ് ഒഴിവാക്കിയത് എന്ന് സർക്കാർ ആവർത്തിച്ചു പറയുന്നത്. അത് സാ​ങ്കേതികമായ ജാമ്യമെടുപ്പാണ്. അതിദാരിദ്ര്യം ഒഴിവാക്കി എന്ന പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് സൂചിപ്പിക്കുന്ന ഒരു പൊളിറ്റിക്കൽ മെസ്സേജുണ്ട്. അതേസമയം, അത് സാ​ങ്കേതികമായി കറക്റ്റും ആയിരിക്കണം. അതുകൊണ്ടാണ് ദാരിദ്ര്യം ഇപ്പോഴുമുണ്ട്, അതിദാരിദ്ര്യമാണ് ഒഴിവാക്കിയത് എന്നു പറയുന്നത്.

ചോദ്യങ്ങൾ ഇനിയും ബാക്കി

ഒരു പ്രദേശത്തുള്ളവരോട് കഴിഞ്ഞ 100 ദിവസമായി ഭക്ഷണം കഴിച്ച് കഴിഞ്ഞുകൂടാനാകുന്നുണ്ടോ എന്ന് ചോദിച്ചാൽ ‘ഉണ്ട്’ എന്നു പറയുന്നതാണ് ശരിക്കുള്ള റിസൾട്ട്, അതാണ് outcome. 300 കിലോ അരി പാചകം​ ചെയ്തു, അത് വിതരണം ചെയ്യാൻ ഇത്ര കിലോമീറ്റർ വണ്ടി ഓടി, ഇത്രപേരെ കൊണ്ട് വിതരണം ചെയ്യിപ്പിച്ചു എന്നു പറയുന്നത് retail കണക്കാണ്. അതിനെ വികസനസൂചികകളിൽ output എന്നാണ് പറയുക. ഇത്തരം retail കണക്കുകൾ പറഞ്ഞുകൊണ്ടിരിക്കുക എന്നതാണ് ഈ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. അത് ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന കണക്കല്ല.

അതിദരിദ്രരെ നിർമ്മാർജ്ജനം ചെയ്തു എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ അതിദരിദ്രരില്ല എന്നാണർഥം. അ​ങ്ങനെയെങ്കിൽ ​കേരളത്തിൽ അതിദരിദ്രർ എന്ന കാറ്റഗറി കാണാൻ പാടില്ല. ഇപ്പോൾ വഴിയോരങ്ങളിലും മറ്റും കാണുന്നവർ പിന്നീടു വന്നവരാകാം എന്നു പറഞ്ഞാൽ ഈ അവകാശവാദം നിലനിൽക്കില്ല. മാത്രമല്ല, 64,0006 കുടുംബങ്ങളിൽ ആരെങ്കിലും നാളെ അതിദരിദ്രരായി മാറിക്കഴിഞ്ഞാലും പ്രഖ്യാപനം പൊളിയും. കാരണം, ദാരിദ്ര്യം എന്നത് വളരെ ഡൈനാമിക്കായ അവസ്ഥയാണ്. ഒരു രോഗം വന്നാൽ ​പോലും ഒരു കുടുംബം അതിദരിദ്രരായി മാറും. ഇതൊന്നും പബ്ലിക് ഡിസ്കോഴ്സുകളിൽ വരുന്നില്ല. അതാണ് ഏറ്റവും വലിയ ദുരന്തം.

2023-ലെ റിപ്പോർട്ടിൽ കേരളത്തിന്റെ MPI ഇൻഡെക്സ് 0.55 ശതമാനമാണ്. മറ്റു സംസ്ഥാനങ്ങളെ എടുത്താൽ, ഇത് കുറഞ്ഞുവരുന്ന തോത് കേരളത്തിൽ വളരെ കുറഞ്ഞ തോതിലാണ് എന്നു പറയാം. പത്തു വർഷം കൊണ്ട് 0.2 ശതമാനം മാത്രം.
2023-ലെ റിപ്പോർട്ടിൽ കേരളത്തിന്റെ MPI ഇൻഡെക്സ് 0.55 ശതമാനമാണ്. മറ്റു സംസ്ഥാനങ്ങളെ എടുത്താൽ, ഇത് കുറഞ്ഞുവരുന്ന തോത് കേരളത്തിൽ വളരെ കുറഞ്ഞ തോതിലാണ് എന്നു പറയാം. പത്തു വർഷം കൊണ്ട് 0.2 ശതമാനം മാത്രം.

64,006 കുടുംബങ്ങളിൽ 5132 കുടുംബങ്ങൾക്ക് റേഷൻ കാർഡ് കൊടുത്തു എന്നാണ് റിപ്പോർട്ട്. അപ്പോൾ ബാക്കിയുള്ളവർക്ക് റേഷൻ കാർഡ് ഉണ്ടായിരുന്നുവോ? അങ്ങനെയാണെങ്കിൽ അവർ എങ്ങനെയാണ് അതിദരിദ്രരാകുന്നത്? അവർ അതിദരിദ്രരാണെങ്കിൽ അതേ റേഷൻകാർഡുള്ള മറ്റുള്ളവർ അതിദരിദ്രരാണോ? അന്ത്യോദയ- അന്നയോജന കുടുംബങ്ങളുമായി ബന്ധപ്പെട്ട ചോദ്യവും ഇതിൽ പ്രധാനമാണ്. ദാരിദ്ര്യത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള 5.91 ലക്ഷം പേര്‍ കേരളത്തിലുണ്ടെന്നാണ് നിയമസഭയില്‍ ഭക്ഷ്യമന്ത്രി നല്‍കിയ കണക്ക്. അപ്പോൾ സർക്കാർ പറയും, ആ അതിദരിദ്രരല്ല, ഈ അതിദരിദ്രർ എന്ന്. അതിദരിദ്രരെ നിർവചിക്കുന്ന മാനദണ്ഡങ്ങളുടെ പ്രശ്നമാണിത്. എങ്ങനെയാണ് ഇവരെ ക്വാണ്ടിഫൈ ചെയ്തത് എന്നതാണ് ചോദ്യം. ഇങ്ങനെയുള്ള ചോദ്യങ്ങൾ വരുന്നത് പ്രസന്റേഷനിലെ കുഴപ്പങ്ങൾ മൂലമാണ്. ‘കണ്ണിൽ പെടാത്തവർ’, ‘അദൃശ്യർ’ എന്നൊക്കെയുള്ള ടേമുകൾക്ക് എന്ത് ശാസ്ത്രീയ അടിസ്ഥാനമാണുള്ളത്?

സർക്കാർ എങ്ങനെ 64,006 എന്ന കൃത്യസംഖ്യയിലെത്തി എന്ന ചോദ്യം ബാക്കിയാകുന്നു. അതിന് ക്വാണ്ടിറ്റേറ്റീവ് മാർഗങ്ങളുപയോഗിച്ചേ മതിയാവൂ. അതെങ്ങനെ ചെയ്തു എന്ന് സാമൂഹ്യ, സാമ്പത്തിക പഠനങ്ങൾ നടത്തുന്നവർ ചോദിക്കും.

കേരളത്തിലെ മൂന്നര കോടി ജനങ്ങളിൽ നിന്ന് അതിദരിദ്രരായ 64,006 കുടുംബങ്ങളെ ഇത്ര കൃത്യമായി എങ്ങനെ കണ്ടുപിടിച്ച് തിട്ടപ്പെടുത്തി (രീതിശാസ്ത്രം) എന്നു ചോദിക്കുമ്പോൾ നാലു ലക്ഷം പേരെ ട്രെയിൻ ചെയ്തു (EPEP എന്ന സർക്കാർ വെബ്സൈറ്റിൽ അവകാശപ്പെടുന്നത് 14 ലക്ഷം), 54000 -ലേറെ ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷൻസ് (FGD) നടത്തി എന്നൊക്കെയാണ്. ഒരു ഓഫീസർ അവരുടെ കുറിപ്പിൽ ഔപചാരിക സർവ്വേ നടത്തിയിട്ടില്ല എന്നും പറയുന്നുണ്ട്. ലോകത്തു തന്നെ ആദ്യമായി ആരും ഉപയോഗിക്കാത്ത പുതിയ രീതിയാണ് കേരളത്തിൽ ഇതിനായി ഉപയോഗിച്ചത് എന്നും അത് പഠിക്കാൻ UNDP-യും വേൾഡ് ബാങ്കും വരുന്നുണ്ട് എന്നും സർക്കാറിനുവേണ്ടി വിശദീകരിക്കുന്നവർ പറയുന്നുണ്ട്. എന്താണ് ആ ടെക്‌നിക് അഥവാ രീതിശാസ്ത്രം എന്നു മാത്രം പറയില്ല. അതിനു പകരം ആന്ത്രോപോളജി, എത്‌നോഗ്രഫി എന്നൊക്കെയാണ് പറയുക.

ആന്ത്രോപോളജിയും എത്‌നോഗ്രഫിയും ദാരിദ്ര്യത്തെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളിലും ഹ്യൂമൻ ഡെവലപ്മെന്റ് പഠനങ്ങളിലും എത്രയോ കാലമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നതാണ്. അതിലെ പ്രധാനമായ ഒരു ടൂൾ ആണ് FGD. എന്താണ് ദാരിദ്ര്യം എന്ന് പ്രാദേശിക തലങ്ങളിൽ തിട്ടപ്പെടുത്തുന്നതിന് ഏറെക്കുറെ ഒരു സ്റ്റാൻഡേർഡ് ആയി ഉപയോഗിക്കപ്പെടുന്ന ടൂൾ ആണത്. HDR പോലെയുള്ള റി​പ്പോർട്ടുകൾ തയ്യാറാക്കുന്നതിനും മറ്റും കേരളത്തിലും എത്രയോ തവണ അത് ഉപയോഗപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട്, ഈ പറയുന്നതിൽ യാതൊരു പുതുമയോ യുക്തിയോ ഇല്ല. അതേസമയം, FGD-യും ആന്ത്രോപോളജിയും എണ്ണം നിജപ്പെടുത്തുന്ന (കൃത്യം 64,006) സങ്കേതമല്ല. ക്വാണ്ടിഫൈ ചെയ്യാൻ പോകുന്ന ഒരു പ്രോസസ്സിന്റെ അളവുകോലുകൾ നിശ്ചയിക്കാനും പ്രയോഗിക്കാനും സഹായിക്കുന്ന ഗുണപരമായ സഹായി മാത്രമാണ്. അതായത്, സർക്കാർ എങ്ങനെ 64,006 എന്ന കൃത്യസംഖ്യയിലെത്തി എന്ന ചോദ്യം ബാക്കിയാകുന്നു. അതിന് ക്വാണ്ടിറ്റേറ്റീവ് മാർഗങ്ങളുപയോഗിച്ചേ മതിയാവൂ. ആളുകളെ വീടുവീടാന്തരം നടന്ന് എണ്ണിത്തിട്ടപ്പെടുത്തിയെങ്കിൽ അത് സെൻസസ് പോലെ ഒരു വലിയ പ്രോസസ്സ് ആണ്. അതെങ്ങനെ ചെയ്തു എന്ന് സാമൂഹ്യ, സാമ്പത്തിക പഠനങ്ങൾ നടത്തുന്നവർ ചോദിക്കും. അതിനാവശ്യം തെളിവുകൾ സഹിതം വ്യക്തമാക്കുന്ന റിപ്പോർട്ട് ആണ്.


Summary: G Pramod Kumar says it is strange to celebrate and turn extreme poverty eradication, one of the 169 targets in the SDG framework, into a political campaign.


ജി. പ്രമോദ് കുമാർ

യു.എൻ.ഡി.പി (ഏഷ്യ പസിഫിക്) മുൻ ഉദ്യോഗസ്ഥൻ. ആരോഗ്യം, വികസനം എന്നീ മേഖലകളിൽ നിരവധി രാജ്യങ്ങളിൽ പ്രവർത്തിച്ചു. ഈ മേഖലകളിൽ നയരൂപീകരണം, വിപുലമായ സാമ്പിൾ സർവ്വേ അനുബന്ധ പഠനങ്ങൾ എന്നിവ നയിച്ചിട്ടുണ്ട്.

Comments