റിപ്പോർട്ടുകൾ പറയുന്നത് 25 വയസ്സിന് താഴെയുള്ളവർ നടത്തുന്ന കുറ്റകൃത്യങ്ങളിൽ വലിയ വർധനയാണെന്നും, വെഞ്ഞാറമൂട് കൂട്ടക്കൊല വലിയ ഞെട്ടലുണ്ടാക്കിയെന്നുമാണ്. ഓരോ കൊലകൾ നടക്കുമ്പോഴും ഞെട്ടൽ ആർക്ക്? മകന്റെ എല്ലാ തീരുമാനങ്ങളും കുടുംബം മുഖവിലയ്ക്കെടുത്ത് പിന്തുണയ്ക്കുന്നവർക്കോ? അവനെ ആണാവാനും ആണത്തം പ്രകടിപ്പിക്കാനുമുള്ള മുഴുവൻ അവസരങ്ങളും ഒരുക്കുന്ന ഒരു സാമൂഹ്യ സാഹചര്യത്തിൽ ജീവിക്കുന്നവർക്കോ?
വെഞ്ഞാറുംമൂട് കൂട്ടക്കൊലയ്ക്കു മുമ്പുതന്നെ പലവട്ടം, 24 കാരൻ വീടിനുള്ളിൽ ആണത്തത്തിന്റെ പ്രകടനങ്ങൾ നടത്തിയിട്ടുണ്ടാകാം. കുട്ടിക്കാലം മുതലേ വീട്ടിലെ ആൺകുട്ടികൾക്ക് എന്തുചെയ്യാനും അനുവാദം നൽകുന്നവർക്കും, അവന്റെ ക്രൂരതയ്ക്കു മുൻപിൽ ഭയന്ന് അടങ്ങിയിരിക്കേണ്ടി വരുന്നവർക്കും—ഇതൊക്കെ പുതുമയാവില്ല. ആകെയുള്ള പ്രശ്നങ്ങൾ ചെറുതായിരിയ്ക്കുമ്പോൾ തന്നെ അതിനെ പ്രതിരോധിക്കാത്ത ഇടങ്ങളിൽ, ഇത്തരം ഹിംസയേ പ്രതീക്ഷിക്കാതിരിക്കാൻ കഴിയുമോ? എന്തെങ്കിലും ലഹരിയിലേക്ക് നീങ്ങുമ്പോഴും സ്വഭാവവൈകൃതങ്ങളോ മാറ്റങ്ങളോ കാണുമ്പോഴും ആവശ്യമായ ചികിത്സയും പിന്തുണയും നല്കാതെ ‘ഇരു ചെവിയും നാടും’ അറിയാതെ മൂടിവയ്ക്കുന്ന പ്രവണത കേരളത്തിലെ സദാചാര അന്തസ്സിന്റെ ഭാഗമാണ്.
ഏത് പ്രശ്നവും, എന്ത് പ്രതിസന്ധിയും, മറ്റുള്ളവരുടെ ആവശ്യങ്ങളും തങ്ങളുടെ സൗകര്യത്തെ (comfort) ലവലേശം ബാധിച്ചാലും അതിനോട് സഹിഷ്ണുതയില്ലാത്തവരാണ് ഇത്തരം ക്രൂരതകൾക്കുപിന്നിൽ. ആൺകുട്ടികൾ വളരുന്ന - പുരുഷൻമാർ ജീവിക്കുന്ന സാമൂഹ്യസ്ഥിതി അതാണ്. പ്രത്യേകിച്ച്, പിതൃസത്താമൂല്യങ്ങൾ (patriarchal values) അവലംബിക്കുന്നവരിൽ ഇത് രൂക്ഷമായാണ് പ്രകടമാകുന്നത്. അതിനനുസരിച്ച് തരപ്പെടുന്ന ഇതേ മൂല്യങ്ങൾ വർത്തിക്കുന്ന സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരും. അതുകൊണ്ടുതന്നെ ഉത്തരവാദിത്വങ്ങളും പ്രതിസന്ധികളും പങ്കുവയ്ക്കണ്ടതും ലിംഗ വ്യത്യാസമില്ലാതെ അതിനായി പ്രാപ്തി വരുത്തണ്ടതുമാണെന്ന ജനാധിപത്യബോധം കുടുംബങ്ങളിൽ ഉണ്ടാവുന്നില്ല.
ആണത്ത ആദരണീയ കുടുംബത്തിനുള്ളിൽ ഭീഷണിയും അനാദരവും അതിനെ തുടർന്നുണ്ടാകുന്ന അതിക്രമവും കാണുന്നു. ആഹാരം നൽകാൻ വൈകിയതിന്, അനുവാദമില്ലാതെ വീട്ടാവശ്യങ്ങൾക്ക് പണം ചെലവാക്കിയതിന്, തനിക്ക് വേണമെന്ന് തോന്നുന്നതെന്തും വാങ്ങാൻ വിറ്റ് മുടിച്ചും പണം നൽകാതിരുന്നതിന് ഒക്കെയായി കാരണങ്ങൾ സൃഷ്ടിച്ച് ആക്രോശിച്ച് വീട്ടിലെ സാധനങ്ങൾ നശിപ്പിക്കുന്നത്, കുട്ടികളെയും മാതാപിതാക്കളെയും ഉപദ്രവിക്കുന്നത്, മിണ്ടാപ്രാണികളോട് ക്രൂരത കാട്ടുന്നത്, ഗ്യാസ് തുറന്നുവച്ച് കത്തിക്കാൻ ശ്രമിക്കുന്നത്, എല്ലാം കണ്ടുവരുന്ന കാഴ്ചകളും അനുഭവ കഥകളുമാണ്. ഇവയെല്ലാം വീട്ടിൽ നടക്കുമ്പോൾ ഭീഷണിയോടെ ജീവിക്കേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. കുടുംബാംഗങ്ങൾ—അവർ ഭാര്യയാകട്ടെ, മാതാപിതാക്കളാകട്ടെ, സഹോദരികളാകട്ടെ—ഇതെല്ലാം സഹിക്കേണ്ടതായിത്തീരുന്നു. സ്ത്രീകൾ മാത്രമല്ല ഈ ഗാർഹിക അതിക്രമങ്ങൾക്ക് ഇരയാകുന്നത്. സഹനത്തിനിടയിലും ആണായതിനാൽ അവന് കിട്ടുന്ന പ്രത്യേക പരിഗണന സ്നേഹത്തിന്റെതല്ല അസമത്വത്തിന്റെ പ്രതിഫലനമാണ് എന്ന് മനസ്സിലാക്കുന്നില്ല. അത്തരം വീട്ടുകളിൽ കൊല / അതിക്രമം നടന്നു എന്ന് കേൾക്കുമ്പോൾ ഞെട്ടേണ്ടതുണ്ടോ?

സ്വത്തും സമ്പത്തും ഉൾപ്പെടെ സ്ത്രീയുടെ ശരീരം വരെ തനിക്ക് അവകാശപ്പെട്ടതെന്ന അധികാര സാമൂഹ്യവ്യവസ്ഥിയിലും കാഴ്ചപ്പാടിലും നമ്മൾ നീങ്ങുമ്പോഴും അങ്ങനെ കുട്ടികളെ വളർത്തുമ്പോഴും ഇത് എങ്ങനെ സംഭവിക്കാതിരിക്കും. ആക്രോശിക്കാനും തല്ലാനും തീരുമാനിക്കാനും സഹജീവികളെ മറന്ന് തനിക്ക് താൻകോയ്മയിൽ എന്തും ചെയ്യാനും അനുവദിക്കുന്ന കുടുംബവ്യവസ്ഥയിൽ ആൺകുട്ടികളും പുരുഷൻമാരും ജീവിക്കുന്നിടം ഭീഷണിയുടേയും സമാധാനമില്ലായ്മയുടെയും അടിമത്തത്തിന്റെയും അവകാശധ്വംസനത്തിന്റെയും ഇടമായി മാറും. ഇവിടെ ലഹരി തന്റെ ആൺകോയ്മാ പ്രകടനങ്ങൾക്ക് ആക്കം കൂട്ടുന്ന ഒരു അജണ്ട മാത്രം. ചിലപ്പോൾ ആണാവാൻ പരിശ്രമിക്കുന്നതിൽ (struggles to be masculine) വിജയിക്കാനാവാത്തതിനാൽ ലഹരിയെ ആശ്രയിക്കുന്നതുമാവാം.
ലഹരി ഉപയോഗിക്കുന്ന ആൺകുട്ടികൾ കുടുംബത്തിലെയും പ്രിയപ്പെട്ടവരോടുമാണ് ക്രൂരത കാണിക്കുന്നത്—വളരെയധികം സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ അതിന് ഇരയാകുന്നു. എന്നാൽ ലഹരി ഉപയോഗിക്കുന്ന സ്ത്രീകളും മറ്റ് ജൻഡറുകളും ഇതേപോലെയുള്ള പ്രവണതകൾ കാണിക്കുന്നുണ്ടോ?
ലഹരി ഉപയോഗിക്കുന്ന ആൺകുട്ടികൾ കുടുംബത്തിലെയും പ്രിയപ്പെട്ടവരോടുമാണ് ക്രൂരത കാണിക്കുന്നത്
മദ്യത്തിന്റെയും മറ്റ് ലഹരി പദാർത്ഥങ്ങളുടേയും മാത്രം കാരണങ്ങളിൽ മേധാവിത്വ - അധികാര താൻ(ആൺ) കോയ്മ പ്രവണതകളെയും സംവിധാനത്തേയും മൂടിവയ്ക്കുന്ന സ്ഥിതി ഏറെ അപകടകരം. ഇവയെല്ലാം ഒരു മേധാവിത്വ - അധികാര ചിന്താഗതി (dominance-power mindset) ആണെന്നതിന്റെ തെളിവുകൾ മാത്രമാണ്. ലഹരി ഉപയോഗം എന്നത് അതിന് ആക്കം കൂട്ടുന്ന ഒരു ഘടകം മാത്രമാണ്; ഇതിനടിസ്ഥാനം പിതൃസത്താധിഷ്ഠിത സാമൂഹ്യഗതി തന്നെയാണ്. ലഹരിയെ മാത്രം കുറ്റപ്പെടുത്തുന്നതിലൂടെയും, ആൺപക്ഷപാതികളായ സാമൂഹിക സംവിധാനം മറയ്ക്കുന്നതിലൂടെയും ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകില്ല. ആണത്തത്തിന്റെ പ്രകടനമായ സാഹസികത യുവജനങ്ങളിൽ ഉണ്ടാക്കുന്ന അപകടമരണവും നമ്മുക്ക് കാണാതിരിക്കാനാവില്ല.

ആണത്ത - അധികാര - ലഹരി മുക്ത ഇടം ഉണ്ടാവേണ്ടത് പുരുഷനും കൂടി ഉൾപ്പെടുന്ന സ്വസ്ഥമായ സൗഹൃദപരമായ മനുഷ്യ ആവാസത്തിന് ആവശ്യമാണ്.
നാം എന്തുചെയ്യണം?
സാമൂഹ്യവും മാനസികവും വിദ്യാഭ്യാസപരവുമായ വിമർശനാത്മക ചിന്തനവും (critical thinking) സാമൂഹ്യ ഉണർവുമുള്ള (social awareness) പഠനരീതി അവശ്യമാണെന്നത് നാം മനസ്സിലാക്കേണ്ട സമയമായി. സ്ത്രീകളെ മാത്രം പഠിതാക്കളാക്കി നടത്തുന്ന സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തി കുടുംബ - കമ്മ്യൂണിറ്റി കേന്ദ്രീകൃത പഠനപ്രക്രിയകൾ ഉണ്ടാവണം. അത് വിദ്യാഭ്യാസത്തിലെ കരിക്കുലവും, സാമൂഹിക സിവിൽ സൊസൈറ്റി പ്രവർത്തനങ്ങളുടെ പഠന - പരിശീലന - അവബോധ പരിപാടികളുടെ ഭാഗവും ആകണം. ഇത്തരം സംഭവങ്ങളെ നേരിടാൻ ഗ്രാമ-നഗര തലത്തിൽ പ്രത്യേക ഇടപെടൽ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ലിംഗനീതിയുള്ള കുടുംബ സൗഹൃദ സംവിധാനങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ നാം ഇനിയും ഞെട്ടിക്കൊണ്ടേ ഇരിക്കേണ്ടി വരും.
മറക്കണ്ട: പുനർനിർമ്മിച്ച സംവിധാനത്തിലാണ് ജീവൻ സുരക്ഷ (Your life vest under the rebuilded system).