വയനാട്ടിലെ ഹിംസകൾ,
ചില സാമ്യങ്ങൾ

വയനാട്ടിലെ മനുഷ്യ- വന്യമൃഗ സംഘർഷത്തിലെ ഹിംസയും പൂക്കോട് വെറ്ററിനറി സയൻസ് കോളേജിലെ വിദ്യാർഥിയുടെ മരണവും തമ്മിൽ പൊരുത്തമില്ലെങ്കിലും അവയിലടങ്ങിയ ഹിംസകൾ തമ്മിൽ സാമ്യമുണ്ടെന്ന് എം.കെ. രാമദാസ്.

യനാട്ടിലെ മനുഷ്യ -വന്യമൃഗ സംഘർഷത്തിന് അൽപം ശമനമായ നാളുകളിലാണ് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളേജിൽ ഒരു വിദ്യാർത്ഥി അതിക്രൂരമായി കൊല്ലപ്പെടുന്നത്. ഈ രണ്ട് സംഭവങ്ങൾ തമ്മിൽ പൊരുത്തമില്ലെങ്കിലും അതിലടങ്ങിയ ഹിംസയിൽ സാമ്യമുണ്ട്.  പ്രകൃതിയുടെ താളം നഷ്ടമായതിനെത്തുടർന്നാണ് പരിഷ്കൃത മനുഷ്യരും മൃഗങ്ങളും ശത്രുതയിലാവുന്നതിന് ഒരു കാരണമെങ്കിൽ സ്വാഭാവികമായ മാനവികത തകർക്കപ്പെട്ടതാണ് കലാലയത്തിലെ വധത്തിന് ഹേതുവായത്.

വയനാട്ടിലെ വന്യജീവി - മനുഷ്യ പോരാട്ടത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് വനത്തിനുള്ളിലെ ഏകയിന മരത്തോട്ടങ്ങളാണ്. ഏതാണ്ട് 101ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരിഷ്കൃത മനുഷ്യർ കൊടും കാട്ടിനുള്ളിൽ ഏകയിനം മരങ്ങൾ വളർത്തി. അന്താരാഷ്ട്ര വിപണിയിലെ വില മാത്രം പരിഗണിച്ച് വനം വകുപ്പു വളർത്തിയ ഈ വൈദേശിക മരങ്ങൾ പശ്ചിമഘട്ടത്തിലെ അതിദുർബലമായ ഒരു പ്രദേശത്തിൻ്റെ സ്വാഭാവികമായ എല്ലാ സാധ്യതകളെയും തകിടം മറിക്കുകയോ  തകർക്കുകയോ ചെയ്തു. കടുവയും കരടിയും ആനയുമെല്ലാം വാണിരുന്ന കാട്ടിലാണിവ്വിധം പ്രകൃതിവിരുദ്ധമായ മാനേജുമെന്റ് നടപ്പാക്കിയത്.   കോളോണിയണൽ കാലത്ത്, അവർക്ക് വിലപ്പെട്ടതെല്ലാം അവർ ഇവിടെ നിന്ന് കൊണ്ടുപോയി. അവശേഷിച്ചത് സ്വതന്ത്ര്യാനന്തരം തദ്ദേശീയ യജമാനന്മാർ അവർക്കാവുന്നത് കൊള്ള ചെയ്യുകയും ചെയ്തു. അന്നോളം കാനനനീതിയിൽ പുലർന്ന മൃഗരാജ്യം മനുഷ്യദുരയ്ക്ക് വിധേയമായി സന്തുലനം നഷ്ടപ്പെട്ട് നശിച്ചു. അങ്ങനെ, അതിജീവനം അസാധ്യമായ ജീവജാലങ്ങൾ അവയുടെ ഭൂമിയിലെ വാസം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയോ കാണാമറയത്തേക്ക് പറിച്ചെറിയപ്പെടുകയോ ഉണ്ടായി. അതാണൊടുവിൽ മനുഷ്യവന്യജീവി സംഘർഷമെന്ന ദുരന്തത്തിലേക്ക് നയിച്ചത്.

വയനാട്ടിലെ വന്യജീവി - മനുഷ്യ പോരാട്ടത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് വനത്തിനുള്ളിലെ ഏകയിന മരത്തോട്ടങ്ങളാണ്

ഇനി വയനാട്ടിലെ മൃഗവൈദ്യപഠന കലാലയത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമ്പോൾ മുകളിൽ ചേർത്ത വിശദീകരണത്തിൻ്റെ പൊരുൾ പിടി കിട്ടും.
കേരള വെറ്ററിനറി സർവകലാശാലയുടെ ആസ്ഥാനം വയനാടാണ്. അവിടെത്തന്നെയാണ് പൂക്കോട് വെറ്ററിനറി സയൻസ് കോളേജ്. അവിടുത്തെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ്റെ അറുകൊലയാണ് ഈ കുറിപ്പിനെ ഇവിടെ എത്തിച്ചത്. 

തിരുവനന്തപുരം സ്വദേശിയാണ് അകാലത്ത് ദാരുണാന്ത്യം വരിച്ച ഈ യുവാവ്. അസാമാന്യമായ യുവത്വം ഘോഷിച്ച ഈ ചെറുപ്പക്കാരൻ്റെ മരണ ഹേതു സ്വഹത്യയോ ആൾക്കൂട്ടവധമോയെന്ന് തെളിയാനിരിക്കുന്നതേയുള്ളു. ആ കുഞ്ഞ് ഇന്ന് നമ്മോടൊപ്പമില്ല. അവൻ കൊല ചെയ്യപ്പെട്ടിരിക്കുന്നു.  ഒറ്റപ്പെട്ടൊരക്രമ സംഭവമല്ലിത്. 

പ്രയാണത്തിനിടെ മനുഷ്യൻ സ്വരക്ഷക്കായി കണ്ടെത്തിയ മൂല്യവത്തായ സാമൂഹിക സംവിധാനങ്ങളിലൊന്നാണ് ജനാധിപത്യം. അപരിഷ്കൃത കാലത്ത് നരജീവിതം ദുസ്സഹമാക്കിയ ആധിപത്യങ്ങളുടെ നീണ്ട പട്ടികക്കൊടുവിലാവും ഒരു പക്ഷെ ജനാധിപത്യമെന്ന ആശയം അവൻ എവിടെ നിന്നോ കണ്ടെത്തിയത്. രാജാധിപത്യവും ജന്മിത്വവും കടന്ന് ഏകാതിപത്യലെത്തിനിൽക്കുന്ന വർത്തമാന ഘട്ടത്തിലും പ്രത്യാശയോടെ മനുഷ്യർ ഉറ്റുനോക്കുന്നത് ജനാധിപത്യമെന്ന മനുജസാധ്യമായ ഒരു സാധ്യതയിലേക്ക് മാത്രമാണ്. ഈ വൈശിഷ്ട്യം തിരിച്ചറിഞ്ഞ പൂർവ്വികർ, കൈമാറിയ ഈ സമ്പ്രദായത്തെ നവീകരിക്കേണ്ട ചുമതല എവിടെയോ വിസ്മരിക്കപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിൽ ജനാധിപത്യത്തിൻ്റെ കളിത്തൊട്ടിൽ നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളുമാണ്. അതിവിടെ പ്രാക്ടീസ് ചെയ്യപ്പെട്ടിരുന്നു. യുവക്കാളുടെ ചടുല ഹൃദയങ്ങളെ മാനവികവൽകരിച്ചതും വിപ്ലവകരമാക്കിയതും ഇത്തരം ആശയങ്ങളാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നൂതനമായ കാഴ്ചപ്പാടുകൾ ആവിഷ്കരിക്കപ്പെട്ടതും ഇവിടെ നിന്നാണ്. നവോത്ഥാനത്തിന് വേഗം കൂട്ടിയതും പുതിയ ആകാശവും ഭൂമിയും തേടി യുവതയ്ക്ക് ചിറക് മുളച്ചതും കലാലയ മുറ്റങ്ങളിൽ നിന്നാണ്. ഒരു മൃഗരാജ്യത്തിലെന്നപോലെ സർവ്വർക്കും അവിടെ, ചില്ലകളിലേറാനും മരച്ചുവട്ടിലെ മാളങ്ങളിൽ ഒളിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. അവരുടെ തായ ലോകം, അവർ പണിയുകയും പുതുക്കുകയും ചെയ്തുകൊണ്ടിരുന്നു.

കാട് എന്ന ജൈവാവസ്ഥയെത്തകർത്തത് മനുഷ്യരുടെ ആർത്തിയെങ്കിൽ കലാലയങ്ങളുടെ ജനാധിപത്യ ഹൃദയത്തെ മാറ്റിയെഴുതിയത് അധികാരദുര മൂത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. പ്രത്യയശാസ്ത്രം എന്നതിന്നപ്പുറം യുവാക്കളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട സങ്കുചിതത്വമായി ഈ ശക്തി പരുവപ്പെട്ടുവെന്ന് കരുതാം. ചിന്തകൾക്ക് പകരം അവസരങ്ങൾ അവർക്ക് മുന്നിൽ തുറന്നു കൊടുക്കുക കൂടി ചെയ്തതോടെ എല്ലാം പൂർണമായി . അങ്ങിനെ, കാമ്പസുകൾ ഏകയിനമരത്തോട്ടങ്ങളായി മാറിയതോടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. 

പൂക്കോട് വെറ്റിനറി സർവകലാശാലയിൽ കൊല്ലപ്പെട്ട സിദ്ധാർഥൻ

എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് മാത്രം സമ്പൂർണ ആധിപത്യമുള്ള എത്ര കലാലയങ്ങൾ കേരളത്തിലുണ്ട് എന്ന് പരിശോധിച്ചു നോക്കൂ. തിരുവനന്തപുരത്തും തലശ്ശേരിയിലും എറണാകുളത്തും മാത്രമല്ല ഇടത് കാമ്പസുകളുള്ളത്. ഗ്രാമങ്ങളിൽ പോലും സ്വാശ്രയ കോളേജുകൾ അനുവദിക്കപ്പെട്ടതോടെ, നാടൊട്ടുക്കും വിപ്ലവം സംഭവിച്ച കാമ്പസുകളുണ്ട്. അവിടങ്ങളിലെ സംഘടനാനേതാക്കൾ അവരെയേൽപ്പിച്ച പണി വൃത്തിയായി ചെയ്യുന്നുണ്ട്.

ശാസ്ത്രവിഷയങ്ങളിൽ പഠനം നടത്തുന്നവർ സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കുന്നതിൽ പ്രകടിപ്പിച്ചിരുന്ന വൈമുഖ്യം അവസാനിപ്പിച്ചത് അടുത്ത കാലത്തെ പ്രധാന സംഭവങ്ങളിലൊന്നാണ്. മെഡിക്കൽ- എഞ്ചിനിയറിംഗ് കോളേജുകൾ, വെറ്ററിനറി കോളേജുകൾ തുടങ്ങിയവയും മറ്റ് പ്രൊഫ്രഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെതായ ഒരു ചട്ടക്കൂടിൽ പ്രവർത്തിച്ചു വരുന്നതായി നേരത്തെ കേട്ടിരുന്നു. അല്ലറ ചില്ലറ റാഗിങ്ങൊക്കെയായി അവർ അവരുടെ കാര്യം നോക്കി നടന്ന കാലത്തെക്കുറിച്ചും കേട്ടിട്ടുണ്ട്. അവരെക്കൂടി നേർവഴിക്ക് കൊണ്ടുവരാനുള്ള രാഷ്ട്രീയ ദുർമൂർത്തികളുടെ ശ്രമം വിജയിക്കുക തന്നെ ചെയ്തു. അതിൻ്റെ വെളിവാക്കപ്പെട്ട ഒരിരയാണ് സിദ്ധാർത്ഥൻ.

കപടവും താൽകാലികവുമെന്നറിയാമിയിരുന്നിട്ടും സിദ്ധാർത്ഥൻ്റെ വധം മലയാളി പൊതുബോധത്തിൽ ആഴ്ന്നിറങ്ങിയെന്നു കരുതിയ നാളുകളിലൊന്നിലാണ് കോളേജ് അധ്യാപകനായ യുവ സുഹൃത്തിനെ കണ്ടുമുട്ടിയത്. ധിഷണാ ശാലിയായ അയാൾ പങ്കു വെച്ച സ്വകഥയിലും സദാചാര വിചാരണയുടെ ഇരയായതിലെ നടുക്കമുണ്ട്. ‘‘സ്വയം ഹത്യ തെരഞ്ഞെടുത്തില്ലെന്നേയുള്ളു. ട്രോമയിൽ നിന്ന് മോചിതനാവാൻ വർഷങ്ങൾ വേണ്ടി വന്നു. ബിരുദ പഠനം മുറിഞ്ഞു പോയത് ഒരു കൊല്ലമാണ്. ഉന്നത പഠനത്തിനായി കേരളത്തിന് വെളിയിൽ കാമ്പസ് കണ്ടെത്തിയിട്ടും  അവിടെയ്ക്കും നീണ്ടു സദാചാര സംരക്ഷകരുടെ കരങ്ങൾ. അവിടെ എനിക്കുവേണ്ടി അവർ ഒരുക്കിയത്  തീവ്രവാദിയെന്ന മുദ്രയും ഒരു തരം ഭ്രഷ്ടുമായിരുന്നു. എസ്.എഫ്.ഐയുടെ മേലങ്കിയിലാണ് അന്നും അതെല്ലാം ഇവിടെ മാത്രമല്ല അവിടെയും അരങ്ങേറിയത്. താളം തെറ്റാതെ മനസ്സിനെ പിടിച്ചു നിർത്തുന്നതിൽ വിജയിച്ചതുകൊണ്ടും അഭയം നൽകാൻ നൂതന ആശയധാര ഇരു കൈകളും മലർക്കെ തുറന്നിരുതും ജീവിതവും സ്വപ്നവും തിരികെപ്പിടിക്കാൻ എന്നെ   പ്രാപ്തനാക്കി’’.

അയാൾ പറഞ്ഞതിൻ്റെ പശ്ചാത്തലം ഒന്ന് ചെറുതായി വിശദമാക്കാം. ഏതാണ്ട് പത്ത് കൊല്ലം മുമ്പുള്ള വയനാട്ടിലെ ഒരു എയ്ഡഡ് കലാലയത്തിലാണ് സംഭവം . അവിടുത്തെ എസ്.എഫ്.ഐ നേതാവും യൂണിയൻ ഭാരവാഹിയുമൊക്കയായിരുന്നയാളാണ് സദാചാര വിചാരണയ്ക്കും ആൾക്കൂട്ടാതിക്രമത്തിനും നായകത്വം വഹിച്ചത്. എതിർപാർട്ടിയുടെ നേതാവിനെ തകർക്കാനും അപമാനിക്കാനും ശ്രീനിവാസൻ തിരക്കഥയിലെ പാർട്ടി സൈദ്ധാന്തികൻ നിർദ്ദേശിക്കുന്ന വിദ്യയാണ് ഇവിടെ അയാൾക്കെതിരെ പ്രയോഗിക്കുന്നത്. സിമ്പിൾ പെണ്ണ് കേസ്. അക്കാലത്ത് പോലും സഹപാഠികളിലാരെങ്കിലുമോ അധ്യാപകരോ ഇതൊന്ന് ചോദ്യം ചെയ്യാൻ മുതിർന്നില്ല. അങ്ങനെ വരുമ്പോൾ, ശ്രീനിവാസൻ്റെ ഭാവനയിൽ മാത്രം ഉരുവപ്പെട്ട ഒരു സന്ദേശമായിരുന്നില്ല ഈ പദ്ധതിയെന്ന് നിശ്ചയം. 

പൂക്കോട് വെറ്റിനെറി കോളേജിൽ നിന്ന്

കഴിഞ്ഞ ദിവസം, അമ്മമാരുടെ പ്രതിനിധികൾ പൂക്കോട് കാമ്പസ് കവാടത്തിന് മുന്നിൽ ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പ്രൊഫ. കുസുമം ജോസഫിൻ്റെയും തുല്യനീതി പ്രസ്ഥാനത്തിൻ്റെ വയനാട്ടിലെ പ്രവർത്തകരായ ബേബി ഉഷ, സുലോചന രാമകൃഷ്ണൻ തുടങ്ങിയവരുടെയുമെല്ലാം നേതൃത്വത്തിലായിരുന്നു ധർണ. പ്രൊഫസർ, കലാലയങ്ങൾ കലാപഭൂമിയാക്കരുത് എന്ന തലക്കെട്ടോടെ തയ്യാറാക്കിയ നോട്ടീസ് അയച്ചുതരികയും പരിപാടിയിലേക്ക് വിളിക്കുകയും ചെയ്തു. അമ്മമാർക്കൊപ്പം എന്നെപ്പോലെ ചില അച്ഛന്മാരും അവർക്കൊപ്പമണി ചേരാൻ അവിടെ എത്തിയിരുന്നു. ‘‘നിങ്ങൾക്ക് കൊല്ലാനുള്ള കുഞ്ഞുങ്ങളെ ഞങ്ങൾ പെറ്റിട്ടില്ല’’ എന്ന മുദ്രാവാക്യം ഒരമ്പരപ്പോടെയാണ് എല്ലാവരും ശ്രവിച്ചത്. ഓൺലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തത് സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശാണ് . അവൻ്റെ അമ്മയും അവിടെക്കൂടിയ മറ്റമ്മമാരോട് സംസാരിച്ചു. സിദ്ധാർത്ഥിൻ്റെ കൊലയുമായി ബന്ധപ്പെട്ട ആധികളിൽ ഒരേടുകൂടി തുന്നിച്ചേർത്താണ് ആ അമ്മ അവരുടെ ആകുലതകളെ അവതരിപ്പിച്ചത്. എതാണ്ടിങ്ങിനൊണിത്: ‘‘രണ്ടു കൊല്ലം എൻ്റെ മകൻ പൂക്കോട് കാമ്പസിലുണ്ട്. ഇക്കാലയളവിൽ അവനോടൊപ്പവും അല്ലാതെയും നിരവധി കുട്ടികൾ ഞങ്ങളുടെ വീട്ടിൽ വന്നു. ആഹാരം കഴിച്ചു. കിടന്നുറങ്ങി. അമ്മേയെന്നു വിളിച്ചു. പലരുടെയും മാതാപിതാക്കളുമായും ബന്ധമുണ്ടായി. എൻ്റെ മകൻ പോയിട്ട് മാസത്തോളമായി. ഇന്നുവരെ ഈ കുട്ടികളിൽ ഒരാളോ അവരുടെ അച്ഛനമ്മമാരോ, ആരെങ്കിലുമൊരാൾ വിളിക്കുക പോലും ചെയ്തില്ല, ഞങ്ങളെ ഒന്നാശ്വസിപ്പിക്കാൻ എന്താണ് അവർ വരാത്തത്? ആരെയാണ് അവർ ഭയപ്പെടുന്നത? ഞങ്ങളെ വല്ലാതെ അമ്പരിപ്പിച്ചു അവർ. അവൻ അത്രനാൾ പഠിച്ച സ്ഥലമല്ലേയത്? അധ്യാപകരിൽ ഒരാൾ? അവരും പേടിയാലാണ്’’.

ഒരുപക്ഷെ, അവരെക്കാളേറെ നമ്മളാണ്, പൊതു സമൂഹമാണ് ഈ സന്ദേഹങ്ങൾക്ക് മറുപടി കണ്ടത്തേണ്ടത്. നമ്മുടെ പേരൻ്റിങ്ങ് പിഴച്ചുപോയോ? സതീർത്ഥ്യരിലൊരാൾ ക്രൂരമായി കൺമുന്നിൽ ഭേദ്യം ചെയ്യപ്പെടുമ്പോൾ ഒന്നുച്ചത്തിൽ കരയാൻ പോലും ഭയപ്പെടുന്ന ഭീരുക്കളാണോ നമ്മുടെ മക്കൾ? ഇവിടെ ആർക്കാണ് പിഴച്ചത്? ഉത്തരം തേടേണ്ട നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് നിദ്ധാർത്ഥ് ഇറങ്ങിപ്പോയത് അല്ലെങ്കിൽ അവനെ ആട്ടിപ്പായിച്ചത്.

സിദ്ധാർത്ഥൻ്റെ വീട്ടിലെത്തി ദുഃഖാർത്തരായ കുടുംബത്തെ നേരിൽ കണ്ട ഫാദർ ബേബി ചാലിൽ പങ്കുവെച്ച ചില കാര്യങ്ങൾ കൂടി ചേർത്ത് ഈ കുറിപ്പ് അവസാനിപ്പിക്കാം.

പരമ്പരാഗത തൊഴിൽ നൽകുന്ന അപമാനവും അവഹേളനവും കഴുകിക്കളഞ്ഞ് പുതിയ കാലത്ത് ജീവിക്കുകയായിരുന്നു, ആ കുടുംബം . ജാതിശ്രേണിയിൽ മുന്നിലുള്ളവരെ അസൂയപ്പെടുത്തും വിധമായിരുന്നു സിദ്ധാർത്ഥൻ്റെ ജീവിതം. സർവ്വസിദ്ധികളും കൈവശമുള്ള ഒരു യഥാർത്ഥ ന്യൂജൻ. അവൻ ചിലരുടെയെങ്കിലും ജാതിബോധത്തിൻ്റെ ഇരയായത് അങ്ങനെയാണ്. സഹപാഠികളും അധ്യാപകരുമെല്ലാമടങ്ങുന്ന പൊതുധാരയുടെ സവർണമനോഭാവം സിദ്ധാർത്ഥിൻ്റെ സാമൂഹ്യനീതി റദ്ദു ചെയ്യുകയായിരുന്നു.

Comments