കേരള യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി തിരുവനന്തപുരത്ത് കഴിയുന്ന കാലം ഞാൻ ഓർക്കുകയാണ്. അക്കാലത്ത് ഞാൻ എ.കെ.ജി സെന്റർ എന്ന യൂണിവേഴ്സിറ്റിയിൽ പഠിക്കുകയും കേരള യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുകയുമായിരുന്നുവെന്ന് മുമ്പ് എഴുതിയിട്ടുണ്ട്. അത് വളരെ ആത്മാർഥമായി പറഞ്ഞ കാര്യമാണ്.
അന്ന് എ.കെ.ജി സെന്റർ ഒരു പാർട്ടി ഓഫീസായല്ല പരിഗണിക്കപ്പെട്ടിരുന്നത്, അതൊരു റിസർച്ച് സെന്ററായിരുന്നു. അവിടെ പ്രഗൽഭരായ പണ്ഡിതന്മാരും ചിന്തകരും വരും. അത്തരം ചർച്ചയിൽ പങ്കെടുക്കുക എന്നത് എന്നെ സംബന്ധിച്ച് പഠിക്കാനുള്ള അവസരമായിരുന്നു. ഓരോ കാര്യങ്ങളെയും വിശകലനാത്മകമായും വിമർശനാത്മകമായും എങ്ങനെ സമീപിക്കണം? ഇത്തരത്തിലൊരു പഠനക്കളരിയായാണ് ഞാനതിനെ കണ്ടിരുന്നത്. അന്നത്തെ അക്കാദമിക ചർച്ചകളിൽ പാർട്ടി കാര്യങ്ങൾ പ്രതിഫലിച്ചിരുന്നില്ല. അസഹിഷ്ണുത ഉണ്ടായിരുന്നില്ല. ആശയത്തെ ആശയം കൊണ്ടുതന്നെ നേരിടണം എന്നൊരു സന്ദേശം എനിക്ക് അവിടെനിന്നാണ് കിട്ടിയത്.