ഡീനും ജോയ്സും; ജയവും തോൽവിയും പരസ്പരം രുചിച്ച് ഹാട്രിക് മത്സരത്തിലേക്ക്…

2014-ൽ 50,5423 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഡീൻ കുര്യാ​ക്കോസിനെ തോൽപ്പിച്ച് ഇടുക്കി പിടിച്ചെടുത്ത ​ജോയ്സിലൂടെ മണ്ഡലം തിരിച്ചുപിടിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. എന്നാൽ, കഴിഞ്ഞ തവണത്തെ 1,71,053 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം നേടിയ ഡീൻ കുര്യാക്കോസ് ഇത്തവണയും വിജയം ആവർത്തിക്കുമെന്ന ഉറപ്പുണ്ട് യു.ഡി.എഫിന്.

Election Desk

തുടർച്ചയായി മൂന്നാം തവണ ഇടുക്കിയിൽ ഏറ്റുമുട്ടുകയാണ് കോൺഗ്രസിലെ ഡീൻ കുര്യാക്കോസും എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്‌സ് ജോർജും. കോൺഗ്രസും സി.പി.എമ്മും തങ്ങളുടെ സ്ഥാനാർഥികളെ വളരെ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.
2014-ൽ 50,5423 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഡീൻ കുര്യാ​ക്കോസിനെ തോൽപ്പിച്ച് ഇടുക്കി പിടിച്ചെടുത്ത ​ജോയ്സിലൂടെ മണ്ഡലം തിരിച്ചുപിടിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. എന്നാൽ, കഴിഞ്ഞ തവണത്തെ 1,71,053 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം നേടിയ ഡീൻ കുര്യാക്കോസ് ഇത്തവണയും വിജയം ആവർത്തിക്കുമെന്ന ഉറപ്പുണ്ട് യു.ഡി.എഫിന്.
എന്നാൽ, കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും റിസൽട്ടിനെ സ്വാധീനിക്കാൻ തക്കവണ്ണം ശക്തമായ ചില വിവാദങ്ങളും സംഘർഷങ്ങളും ചർച്ചകളും ഉയർന്നുവന്നിരുന്നു. മനുഷ്യ- വന്യമൃഗ സംഘർഷം പോലുള്ള വിഷയങ്ങൾ ഇത്തവണയുമുണ്ടെങ്കിലും കാമ്പയിനെയും വോട്ടിങ്ങിനെയും അടിമുടി മാറ്റിമറിക്കുന്ന തരത്തിൽ സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യം ഇത്തവണയില്ല.

പ്രകൃതി ദുരന്തങ്ങളും കാർഷിക മേഖലയിലെ പ്രതിസന്ധികളുമടക്കം നിരവധി ജീവൽപ്രശ്‌നങ്ങൾ ചർച്ചയാകുന്ന ലോക്‌സഭാ മണ്ഡലമാണ് ഇടുക്കി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സമീപകാലത്ത് അഞ്ചുപേരാണ് മരിച്ചത്. ഈ വിഷയമാണ് ഇത്തവണയും കാമ്പയിനിലെ പ്രധാന ചർച്ച.

ഡീൻ കുര്യാക്കോസ് പ്രചാരണ ജാഥക്കിടയിൽ

ഇടുക്കി ലോക്സഭാ മണ്ഡലം നിലവിൽവന്നശേഷം സി.എം. സ്റ്റീഫനിലൂടെയാണ് കോൺഗ്രസ് പടയോട്ടം തുടങ്ങുന്നത്. 1980-ൽ സി.പി.എമ്മിന്റെ എം.എം. ​ലോറൻസ് വിജയിച്ചതൊഴിച്ചാൽ, പീന്നിട് അഞ്ച് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനായിരുന്നു ജയം.

1984 മുതൽ തുടർച്ചയായി അഞ്ച് തവണ കോൺഗ്രസിനൊപ്പമായിരുന്നു. 1984-ൽ പി.ജെ. കുര്യൻ, 1989, 1991 വർഷങ്ങളിൽ കെ.എം. മാത്യു, 1996-ൽ എ.സി. ജോസ്, 1998-ൽ പി.സി. ചാക്കോ എന്നിവരാണ് ലോക്‌സഭയിലെത്തിയത്. 1999- ലാണ് കോൺഗ്രസ് കുത്തക അവസാനിപ്പിച്ച് കെ. ഫ്രാൻസിസ് ജോർജ് ഇടുക്കിയെ കേരള കോൺഗ്രസിലേക്ക് എത്തിച്ചത്. അന്ന് കേരള കോൺഗ്രസ് എൽ.ഡി.എഫ് മുന്നണിയിലായിരുന്നു. ഫ്രാൻസിസ് ജോർജിലൂടെ തുടർച്ചയായ രണ്ട് തവണ ഇടുക്കി ഇടത്തോട്ടായി. 1999-ൽ പി.ജെ. കുര്യനും 2004-ൽ ബെന്നി ബെഹനാനുമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥികൾ.

2009-ൽ യു.ഡി.എഫ് സ്ഥാനാർഥി പി.ടി. തോമസായിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞടുപ്പിലെ പി.ടിയുടെ മികച്ച പെർഫോർമൻസായിരുന്നു ഈ സ്ഥാനാർഥിത്വത്തിലേക്ക് നയിച്ചത്. ഫ്രാൻസിസ് ജോർജിനെ 74,796 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി.ടി. തോമസ് പരാജയപ്പെടുത്തി. സ്ംസ്ഥാനത്താകെ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തോടൊപ്പം നിന്ന ഇടുക്കിയിൽ എൽ.ഡി.എഫ് കോട്ടകളിൽ പോലും ഫ്രാൻസിസ് ജോർജിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.

പ്രചാരണത്തിനിടെ ജോയിസ് ജോർജ്

തുടർന്നുവന്ന തെരഞ്ഞടുപ്പുകളിൽ ഇടുക്കിയുടെ വോട്ടിങ് മാറിമറിഞ്ഞു. 2010-ൽ ജോസഫ് പക്ഷം കേരള കോൺഗ്രസിലേക്ക് മാറിയതോടെയാണ് രാഷ്ട്രീയ സമവാക്യം മാറിയത്. ഈ കൂടുമാറ്റം 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിനെയും സ്വാധീനിച്ചു.

2014-ലാണ് അഡ്വ.ജോയ്‌സ് ജോർജ് എൽ.ഡി.എഫ് പിന്തുണയോടെ കളത്തിലിറങ്ങുന്നത്. അങ്ങനെ ജോസഫ് പക്ഷത്തിന്റെ തണലിലല്ലാതെ കോൺഗ്രസിന്റെ സ്വാധീനമുള്ള മണ്ണിൽ എൽ.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർഥി വിജയിച്ചു. അഡ്വ. ഡീൻകുര്യാക്കോസ് എന്ന തുറുപ്പുചീട്ടിനെ കോൺഗ്രസ് കളത്തിലിറക്കിയെങ്കിലും സിറ്റിങ് സീറ്റ് തന്നെ നഷടമായി.

2018-ലെ പ്രളയകാലദുരന്തങ്ങളുടെയും കസ്തൂരിരംഗൻ റിപ്പോർട്ട് ഉയർത്തിവിട്ട ചർച്ചകളുടെയും പാശ്ചാത്തലത്തിലായിരുന്നു 2019-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്. ജോയ്സിനുതന്നെയായിരുന്നു എൽ.ഡി.എഫ് പിന്തുണ. ഉമ്മൻ ചാണ്ടിയടക്കമുള്ള പ്രമുഖരെ പരിഗണിച്ച യു.ഡി.എഫ് ഏറ്റവും ഒടുവിലാണ് ഡീൻ കുര്യാക്കോസിലേക്കെത്തുന്നത്. എന്നാൽ എൽ.ഡി.എഫ് പ്രതീക്ഷകളെ അട്ടിമറിച്ച് 1.71 ലക്ഷം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ഡീൻ കുര്യാക്കോസ് പാർലമെന്റിലെത്തി. 2014-ൽ ജോയിസിന് ലഭിച്ച 46.57 ശതമാനം വോട്ട് 2019-ൽ 35.6 ശതമാനമായി കുറയുകയും ചെയ്തു.
കഴിഞ്ഞ രണ്ടു തവണയും ഇടതു സ്വത​ന്ത്രനായി മത്സരിച്ച ജോയ്സ്, ഇത്തവണ സി.പി.എം ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

ഇക്കാലയളവിൽ ബി.ജെ.പി വോട്ടിൽ നേരിയ വർധനവുണ്ടായി. 2014-ൽ സാബു വർഗീസ് മത്സരിക്കുമ്പോൾ 50,438 വോട്ടാണ് നേടിയത്. 2019-ൽ ബി.ഡി.ജെ.എസ് സ്ഥാനാർഥി ബിജു കൃഷ്ണന് കിട്ടിയത് 78,648 വോട്ട്. ബി.ഡി.ജെ.എസിന്റെ സംഗീത വിശ്വനാഥാണ് ഇത്തവണ എൻ.ഡി.എ സ്ഥാനാർഥി.

പ്രളയത്തിൽ നഷ്ടമായ ചെറുതോണി പാലത്തിന്റെ പുനരുദ്ധാരണമടക്കമുള്ള നേട്ടങ്ങൾ മുൻനിർത്തിയാണ് എൽ.ഡി.എഫ് പ്രചാരണം. ജില്ലയിലെ വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കർമ പദ്ധതി തയാറാക്കുമെന്നാണ് ജോയ്സ് ജോർജിന്റെ വാഗ്ദാനം. യു.ഡി.എഫാകട്ടെ ഡീൻ കുര്യാക്കോസിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രചാരണത്തിലാണ്.

സംഗീത വിശ്വനാധൻ

മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട് എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ, അഞ്ചും ഇടതുപക്ഷത്തിനൊപ്പമാണ്. കേരള കോൺഗ്രസ് എം ഇടതുമുന്നണിയിലാണെന്നതും എൽ.ഡി.എഫിന് പ്രതീക്ഷയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുത്താൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന് 33,746 വോട്ടിന്റെ മുൻതൂക്കമുണ്ട്. ഇതാണ്, ജോയ്സിനെ തന്നെ വീണ്ടും രംഗത്തിറക്കാൻ എൽ.ഡി.എഫിനെ പ്രേരിപ്പിച്ചത്.

ഇടുക്കിയുടെ അതിർത്തി മേഖലകളിൽ 50,000 ത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന യു.ഡി.എഫിന്റെയൂം എൻ.ഡി.എയുടെയൂം ആരോപണം മണ്ഡലത്തിൽ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും തിരിച്ചറിയൽ രേഖകളുള്ളവരാണ് അതിർത്തിയിലുള്ളവർ. പീരുമേട്, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലാണ് ഇരട്ടവോട്ടുള്ളവരെന്നാണ് പരാതി. തമിഴ്നാട്ടിലെ കമ്പം, തേനി നിയമസഭാ മണ്ഡലങ്ങളോടും തേനി ലോക്സഭാ മണ്ഡലത്തോടും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണിവ. എന്നാൽ, ഈ പരാജയഭീതി മൂലമാണ് ആരോപണമുന്നയിക്കുന്നതെന്നാണ് എൽ.ഡി.എഫ് പറയുന്നത്.

Comments