കെ- റെയിൽ പായുക ജനവാസ കേന്ദ്രങ്ങളിലൂടെ, നഷ്ടമേറെയും അഞ്ചു സെന്റുകാർക്ക്

കുടിയൊഴിപ്പിക്കലിന്റെ വ്യാപ്തിയിൽ കെ-റെയിൽ പദ്ധതി മറ്റ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമാണ്. തീരദേശ, മലയോര വ്യത്യാസമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം കുടിയൊഴിപ്പിക്കൽ ആവശ്യമായി വരും. അഞ്ചിൽ താഴെ സെന്റ് മാത്രം ഭൂമിയുള്ളവരെയാണ് ഇത് കൂടുതലായും ബാധിക്കുക. അവർക്ക് സ്വന്തമായുള്ള മുഴുവൻ ഭൂമിയും നഷ്ടമാകും. വാഗ്ദാനം ചെയ്യുന്ന നഷ്ടപരിഹാരം കൊടുത്താലും അവർ എവിടെ ജീവിതം വച്ചുപിടിപ്പിക്കും എന്ന പതിറ്റാണ്ടുകളായുള്ള ചോദ്യം വീണ്ടും ഉയരും; കെ- റെയിൽ പദ്ധതിയുടെ അലൈൻമെന്റ് മേഖലകളിലെ ജനങ്ങൾ എന്തു പറയുന്നു? വിദഗ്ധർ എന്തു പറയുന്നു? ആഴത്തിലുള്ള ഒരു അന്വേഷണം.

തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് നാലുമണിക്കൂർ യാത്ര ലക്ഷ്യമിട്ട് വിഭാവനം ചെയ്ത കെ-റെയിൽ സിൽവർ ലൈൻ വേഗപാതാ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച സജീവമായിരിക്കുകയാണ്. കേരളത്തിൽ നിലവിലുള്ള റെയിൽവേ ദൂരം 560 കിലോമീറ്ററാണ്. നിലവിലുള്ള കൊടുംവളവുകളും ലെവൽക്രോസിംഗുകളുമെല്ലാം കടന്ന് ഈ ദൂരം താണ്ടാൻ ഏറ്റവും വേഗമേറിയ ട്രെയിന് പോലും 12 മണിക്കൂർ എടുക്കുമെന്ന് കെ-റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു. മാത്രമല്ല, തിരുവനന്തപുരത്തിനും കാസർകോടിനുമിടയിലുള്ള ഇരട്ടപ്പാതയിലെ ട്രെയിൻ ഗതാഗതം പലമടങ്ങ് വർധിക്കുകയും ചിലയിടങ്ങളിൽ അത് 115 ശതമാനത്തിലധികമായിട്ടുണ്ടെന്നും ഈ സൈറ്റിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും സംയുക്തമായി കെ-റെയിൽ പദ്ധതിയുടെ പ്രാധാന്യം മുന്നോട്ടുവയ്ക്കുന്നത്.
എന്നാൽ, പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള ആശങ്ക ഏറെ പ്രധാനമാണ്. എത്രത്തോളം ജനവാസ കേന്ദ്രങ്ങൾ കുടിയൊഴിപ്പിക്കപ്പെടുമെന്നും കൃഷിഭൂമി ഇല്ലാതാകുമെന്നതുമാണ് പ്രധാന ആശങ്ക.

ആകെ പദ്ധതി ചെലവ് 64,941 കോടി രൂപ കണക്കാക്കുന്ന കെ-റെയിലിന്റെ ആകെ ദൂരം 529.45 കിലോമീറ്ററാണ്. തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് വരെ 529 കിലോമീറ്ററാണ് ഇതെന്നതിനാൽ കേരളത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേയറ്റം വരെയുള്ള ഭൂമിയേറ്റെടുക്കലിലൂടെ മാത്രമേ പദ്ധതി നിർവ്വഹിക്കാൻ സാധിക്കൂ. ആകെ 1,383 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കുന്നതെങ്കിലും ഭൂമി വിട്ടുനൽകേണ്ടി വരുന്ന ആളുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ ഭൂമി ഏറ്റെടുക്കലായിരിക്കും പദ്ധതിക്ക് നടക്കുകയെന്ന് ഉറപ്പ്.

ജനവാസകേന്ദ്രങ്ങളിലൂടെ, കൃഷിയിടങ്ങളിലൂടെ

പദ്ധതിയുടെ ഡീറ്റെയ്ൽ പ്രൊജക്ട് റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെങ്കിലും കെ-റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralarail.com ആ റിപ്പോർട്ട് അനുസരിച്ചുള്ള സിൽവർ ലൈൻ കോറിഡോറിന്റെ അലൈൻമെന്റ് പുറത്തുവിട്ടിട്ടുണ്ട്. ഗൂഗിൾ മാപ്പ് വഴി രേഖപ്പെടുത്തിയിരിക്കുന്ന ഈ അലൈൻമെന്റിൽ നിന്ന് കെ-റെയിലിന്റെ ഏകദേശ ഭൂപടം വ്യക്തമാണ്. തിരുവനന്തപുരത്ത് ദേശീയപാത 66നു സമീപത്തായി കരിക്കകത്താണ് കെ-റെയിലിന്റെ ആരംഭം. അവിടെ നിന്ന് പാർവ്വതി പുത്തനാറിനു സമീപത്തുകൂടി ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും കടന്നാണ് റെയിൽപ്പാത നീങ്ങുന്നത്. വേളി, കൊച്ചുവേളി ഭാഗങ്ങളിലെ കൃഷിഭൂമിയിലൂടെ കടന്നുപോകുന്ന കെ-റെയിൽ ആക്കുളം കായൽ വരെയും പൂർണമായും കൃഷിയിടങ്ങളിലൂടെ തന്നെ സഞ്ചരിക്കുന്നു. കഴക്കൂട്ടത്തെ ടെക്നോപാർക്ക് ഭാഗങ്ങളിൽ ദേശീയപാതക്കെതിർവശത്തുള്ള ജനവാസ കേന്ദ്രങ്ങളാണ് റെയിലിന് കണ്ടുവച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് ദേശീയപാത 66നു സമീപത്തായി കരിക്കകത്താണ് കെ-റെയിലിന്റെ ആരംഭം. അവിടെ നിന്ന് പാർവ്വതി പുത്തനാറിനു സമീപത്തുകൂടി ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും കടന്നാണ് റെയിൽപ്പാത നീങ്ങുന്നത്. / Photos: Jino Sam
തിരുവനന്തപുരത്ത് ദേശീയപാത 66നു സമീപത്തായി കരിക്കകത്താണ് കെ-റെയിലിന്റെ ആരംഭം. അവിടെ നിന്ന് പാർവ്വതി പുത്തനാറിനു സമീപത്തുകൂടി ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും കടന്നാണ് റെയിൽപ്പാത നീങ്ങുന്നത്. / Photos: Jino Sam

ആറ്റിങ്ങലിൽ നിന്ന് കല്ലമ്പലം വഴി കൊല്ലം ജില്ലയിലേക്ക് കടക്കുന്ന പദ്ധതി പുതുശ്ശേരിമുക്ക്, കപ്പാംവിള, തോളൂർ, കാട്ടുപുതുശ്ശേരി, വേളമാനൂർ, കാരംകോട്, ചിറക്കര, മീനാട്, കൊട്ടിയം, താഴ്​ത്തല വഴി മുഖത്തലയിലെത്തുമ്പോൾ കൊല്ലത്തെ സ്റ്റേഷൻ ആകുന്നു. തൃക്കോവിൽവട്ടം, മാമ്പുഴ, കൊറ്റങ്കര, കുണ്ടറ, മുളവന, പവിത്രേശ്വരം, നെടിയവിള, കടമ്പനാട് എത്തുമ്പോൾ റെയിൽപ്പാത ആലപ്പുഴയിലേക്ക് പ്രവേശിക്കുന്നു. തെങ്ങമം വഴി നൂറനാട് എത്തുമ്പോൾ ആലപ്പുഴയിലേക്കും. മുതുകാട്ടുകര, പൂന്തല, മുളക്കുഴ വഴി പിരളശ്ശേരി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം നിശ്ചയിച്ചിരിക്കുന്ന ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തുന്നു. കോയിപ്പുറം, ഇരവിപേരൂർ, കല്ലൂപ്പാറ, മാമൂട്, വാകത്താനം വഴി കോട്ടയത്ത് കോടൂർപ്പുഴ കടന്ന് കഞ്ഞിക്കുഴി, മുട്ടമ്പലത്തിനടുത്തുള്ള സ്റ്റേഷനിൽ എത്തിച്ചേരുന്നു. കോട്ടയം നഗരത്തിലൂടെ തിരുവഞ്ചൂർ, പൂവത്തുംമൂട്, വെട്ടിമുകൾ, പട്ടിത്താനം, കാണക്കാരി, കളത്തൂർ, തോട്ടുവ, നീരലക്കോട്ടിൽ, കുന്നപ്പിള്ളി, പെരുവ വഴി കോട്ടയം, എറണാകുളം ജില്ലകളിലായി കിടക്കുന്ന മുളക്കുളം പഞ്ചായത്തിലൂടെ മൂവാറ്റുപുഴയാറ് കടന്ന് പാത എറണാകുളം ജില്ലയിലെത്തുന്നു. നിലവിലെ അലൈൻമെന്റ് അനുസരിച്ച് ഈ പാതയേറെയും കടന്നുപോകുന്നത് നെൽകൃഷി നടക്കുന്ന പാടങ്ങളിലൂടെയാണ്. പാടങ്ങളിൽ ഭൂമി അധികം നഷ്ടമാക്കാതെ ബീമുകൾ സ്ഥാപിച്ച് ഫ്ലൈ ഓവറായാണ് പാത നിർമിക്കുകയെന്നാണ് കെ-റെയിൽ അധികൃതർ പറയുന്നത്.

വിനു കുര്യാക്കോസിന്റെ വീട്ടുമുറ്റത്തുകൂടെ...

കെ-റെയിലിന് രണ്ട് സ്റ്റേഷനുകളുള്ള ഒരേയൊരു ജില്ലയാണ് എറണാകുളം. ആദ്യത്തേത് കാക്കനാടും രണ്ടാമത്തേത് നെടുമ്പാശേരി വിമാനത്താവളത്തിനടുത്തും. ജില്ലയിൽ കെ-റെയിൽ പദ്ധതി പ്രധാനമായും കടന്നുപോകുന്ന രണ്ട് പഞ്ചായത്തുകളാണ് തിരുവാണിയൂരും മണീടും. കോട്ടയം ജില്ലയിൽ നിന്ന് ചാലാശേരിൽ വഴി പാഴൂരിലേക്കും അവിടെനിന്ന് മണീട് പഞ്ചായത്തിലേക്കും പോകുന്നയിടങ്ങളിലൂടെയുള്ള നെൽപ്പാടങ്ങളിലൂടെയാണ് നിലവിലെ അലൈൻമെന്റ് അനുസരിച്ച് റെയിൽപ്പാത വരുന്നത്. മണീട് പഞ്ചായത്തിൽ പദ്ധതി കടന്നുപോകുന്നത് പുത്തൻനടയിലുള്ള വിനു കുര്യാക്കോസിന്റെ വീട്ടുമുറ്റത്തുകൂടിയാണ്. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനും കെ-റെയിൽ വിരുദ്ധ സമിതി എറണാകുളം ജില്ലാ സെക്രട്ടറിയുമായ വിനുവിന്റെ വീട് ഏതാണ്ട് പൂർണമായും നഷ്ടമാകുകയും ചെയ്യും. മണീട് പഞ്ചായത്തിൽ ചെറുതും വലുതുമായ ഏകദേശം മുപ്പത് വീടുകളാണ് ഈ വിധത്തിൽ തകർക്കേണ്ടി വരുന്നത്.
കാക്കനാടുനിന്ന് കോട്ടയത്തേക്ക് പോകാൻ ഇത്രയും വളയ്ക്കേണ്ട കാര്യമില്ലെന്നും പാത ഇത്രമാത്രം വളയ്ക്കുന്നതിനാലാണ് ഇത്രയേറെ വീടുകൾ നഷ്ടപ്പെടുന്നതെന്നും വിനു കുര്യാക്കോസ് ചൂണ്ടിക്കാട്ടുന്നു. തൃപ്പൂണിത്തുറയിൽ നിന്ന് നേരെ കോട്ടയത്തേക്കാണ് പോകുന്നതെങ്കിൽ ഇത്രയേറെ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ല. അതിന് പകരം തൃപ്പൂണിത്തുറയിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് പോകുന്നതിനാലാണ് ഇത്രയേറെ വീടുകൾ നഷ്ടമാകുന്നത്.

വിനു കുര്യാക്കോസ്
വിനു കുര്യാക്കോസ്

ആരക്കുന്നത്ത് സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള എ.പി. വർക്കി ആശുപത്രിയുടെ 27 ഏക്കർ സ്ഥലം നഷ്ടമാകാതിരിക്കാനാണ് റെയിൽ പാതയുടെ അലൈൻമെൻറ്​ ഇത്തരത്തിൽ വളച്ചതെന്നാണ് താൻ കരുതുന്നതെന്നും വിനു ആരോപിക്കുന്നു. തന്റെ ആയുസ്സിന്റെ സമ്പാദ്യമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നതാണ് അദ്ദേഹത്തിന്റെ ആശങ്ക. നാലിരട്ടി വില നൽകുമെന്ന് സർക്കാർ ഉറപ്പുനൽകുന്നുണ്ടെങ്കിലും സർക്കാർ നിശ്ചയിക്കുന്ന വിലയുടെ നാലിരട്ടി മാത്രമാണെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ പ്രദേശത്ത് സെന്റിന് മൂന്ന് ലക്ഷം രൂപക്കുമുകളിലാണ് നിലവിലുള്ള വില. എന്നാൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന വില 80,000 രൂപ മാത്രമാണ്. അതിന്റെ 2.40 ഇരട്ടി വിലയേ കിട്ടൂവുള്ളൂവെന്നാണ് പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി സുധാകരൻ നേരത്തെ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി പറഞ്ഞ നാലിരട്ടിയെ തള്ളിപ്പറഞ്ഞായിരുന്നു ഇത്. അങ്ങനെ നോക്കിയാൽ രണ്ട് ലക്ഷം രൂപ മാത്രമാണ് സെന്റിന് ലഭിക്കുക. മാത്രമല്ല, ഓരോ മനുഷ്യരുടെയും സ്വപ്നമാണ് ഒരു വീട് എന്നത്. അത് നശിപ്പിച്ചുകൊണ്ടാണ് തന്റെ ഭൂമിക്ക് മുകളിലൂടെ റെയിൽപ്പാത വരുന്നതെന്നും അദ്ദേഹം പറയുന്നു. 20,000 കുടുംബങ്ങളെങ്കിലും ഇത്തരത്തിൽ വഴിയാധാരമാകുമെന്നാണ് സർക്കാർ തന്നെ പറയുന്നത്. ഒരു ലക്ഷത്തോളം പേർക്ക് കൃഷിഭൂമി നഷ്ടമാകുകയും ചെയ്യും.

റോഡ് വരുന്നത് പോലെയല്ല, ഒരു റെയിൽപ്പാത വരുന്നതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു- ‘‘കെ-റെയിൽ പോലൊരു അതിവേഗ റെയിൽപ്പാതക്ക് രണ്ട് വശവും വലിയ മതിൽ കെട്ടേണ്ടതുണ്ട്. അതോടെ നമ്മുടെ ഭൂമി രണ്ട് തുണ്ടാകും. ചിലപ്പോൾ രണ്ട് തുണ്ടിനും വിലയില്ലാതെ വരുന്ന സാഹചര്യവും ഉണ്ടാകും. ഈ പ്രദേശത്തുകൂടെ പോകുമ്പോൾ എന്റെ വീട് പോകുന്നത് കൂടാതെ ബാക്കിയാകുന്ന ഭൂമിക്ക് യാതൊരു വിലയും കിട്ടാത്ത അവസ്ഥയും ഉണ്ടാകും. കാരണം പിന്നെയങ്ങോട്ട് വഴിയൊന്നുമുണ്ടാകാത്ത അവസ്ഥയിലായിരിക്കുമെന്നാണ് മനസ്സിലാകുന്നത്. ഇത് എന്റെ മാത്രം അവസ്ഥയല്ല, ഈ പദ്ധതിയിൽ ഭൂമി നഷ്ടപ്പെടുന്ന എല്ലാവരുടെയും അവസ്ഥയാണ്. മണീട് പള്ളിയുടെ എതിർവശത്തും എനിക്ക് കുറച്ച് ഭൂമിയുണ്ട്. അതിന്റെ കൃത്യം നടവിലൂടെയാണ് മുറിച്ച് പോകുന്നത്. അങ്ങനെ ആകെയുള്ള രണ്ട് സ്ഥലവും വരുന്ന സാഹചര്യത്തിലാണ് താൻ പദ്ധതിക്കെതിരെ ഇറങ്ങിത്തിരിച്ചത്''; അദ്ദേഹം പറഞ്ഞു.

വിനു കുര്യക്കോസിന്റെ വീടും സ്ഥലവും
വിനു കുര്യക്കോസിന്റെ വീടും സ്ഥലവും

ഭൂമിയേറ്റെടുക്കുമ്പോൾ അടഞ്ഞുപോകുന്ന നിരവധി ഇടവഴികളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും സ്വന്തം വീടുകളിലേക്ക് വഴി സൗകര്യം ഒരുക്കാൻ മറ്റുള്ളവരിൽ നിന്ന് പണം കൊടുത്താണ് ഈ വഴികൾ പണിതിരിക്കുന്നത്. ഇടവഴികൾ അടയുന്നതോടെ പലർക്കും പ്രധാന റോഡുകളിലേക്കെത്താൻ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടിവരും. ഇടവഴികൾ ധാരാളമുള്ള സംസ്ഥാനമാണ് കേരളം. ബോംബൈ-ഹൈദ്രാബാദ് ഹൈസ്പീഡ് റെയിൽപ്പാത വരുന്നതിനെതിരെ അവിടെ സി.പി.എം സമരം ചെയ്യുകയാണ്. ഇവിടെ സെമി സ്പീഡ് ആണ് വരുന്നത്. അതാകട്ടെ സി.പി.എമ്മിന്റെ ഡ്രീം പ്രൊജക്ട് ആയും. 500 മീറ്ററിനിടയിൽ ആളുകൾക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കിയാകും പാത പണിയുക എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അതേക്കുറിച്ചൊന്നും യാതൊരു വ്യക്തതയും കൈവന്നിട്ടില്ലെന്നും വിനു കുര്യാക്കോസ് ചൂണ്ടിക്കാട്ടുന്നു.

പ്രതീക്ഷയോടെ ജെയ്‌മോൻ

അതേസമയം 2014ലെ പരിഷ്‌കരിച്ച കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് കെ-റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ നാലിരട്ടി വില നൽകുമെന്നാണ് തിരുവാണിയൂർ പഞ്ചായത്തിലെ മുരിയമംഗലം സ്വദേശിയായ ജെയ്മോൻ പ്രതീക്ഷിക്കുന്നത്. മുരിയമംഗലത്ത് ജെയ്മോന്റെ ഉടമസ്ഥതയിലുള്ള ഭൂമി വലിയ തോതിലാണ് കെ-റെയിൽ പദ്ധതിക്ക് ഏറ്റെടുക്കപ്പെടുന്നത്. നിയമം പരിഷ്‌കരിച്ചതിനുശേഷം കേരളത്തിൽ നടക്കുന്ന ആദ്യത്തെ വലിയ ഭൂമി ഏറ്റെടുക്കൽ ഇതായതിനാൽ സർക്കാരിന്റെ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിക്കാമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുമ്പ് ഭൂമി ഏറ്റെടുക്കുമ്പോൾ പൊന്നുംവില എന്ന് പറഞ്ഞ് വളരെ നിസ്സാരവിലയാണ് തന്നുകൊണ്ടിരുന്നത്. പണ്ട് ഇതുവഴി ഹൈവേ വന്നപ്പോൾ സെന്റിന് 2000 രൂപ മാത്രമാണ് നൽകിയത്. എന്നിട്ട് പറഞ്ഞിരുന്നത് പൊന്നുംവിലയെന്നും. ഈ പ്രദേശത്ത് സെന്റിന് 10,000 രൂപ വിലയുള്ളപ്പോഴാണ് ഇത്. 2013ൽ യു.പി.എ സർക്കാരാണ് ഭൂമി ഏറ്റെടുക്കൽ നിയമം കൊണ്ടുവന്നത്. വളരെ നല്ല പാക്കേജാണ് അത്. ആ പാക്കേജ് ഉള്ളതിനാലാണ് ഈ പദ്ധതി വരണമെന്ന് താൻ ആഗ്രഹിക്കുന്നതെന്നും ജെയ്മോൻ പറഞ്ഞു. 2014ൽ നരേന്ദ്ര മോദിയുടെ എൻ.ഡി.എ സർക്കാർ അത് പരിഷ്‌കരിച്ചു. സാമൂഹികാഘാത പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തിയാണ് ഇതുപ്രകാരം ഭൂമി ഏറ്റെടുക്കുക. ആ പഠനങ്ങൾക്ക് അനുസരിച്ച് ഭൂമിക്ക് നാലിരട്ടിയോളം വില നിശ്ചയിക്കുകയും ചെയ്യും. ഭൂമി നഷ്ടപ്പെടുന്നവന് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ഉദ്യോഗസ്ഥന്മാർ നിയമത്തെ വളച്ചൊടിക്കുന്നത് ഒരുപക്ഷേ തിരിച്ചടിയായേക്കാമെന്നും ഇദ്ദേഹം സമ്മതിക്കുന്നു.
അതേസമയം പാടങ്ങൾ നികത്തിപോകൽ പോലുള്ള ബുദ്ധിമുട്ടുകൾ പദ്ധതിക്കുണ്ടെന്ന് ജെയ്മോൻ സമ്മതിക്കുന്നു. എന്നാൽ വികസനം വരുമ്പോൾ അതിന്റെ ബുദ്ധിമുട്ടുകൾ എല്ലാവരും സഹിക്കേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കണമെങ്കിൽ യാത്രാ സൗകര്യം വികസിക്കണമെന്നും ജെയ്മോൻ ചൂണ്ടിക്കാട്ടുന്നു. കൂടാതെ പാടങ്ങളിലൂടെ പില്ലറുകൾ പണിത് ഫ്ളൈ ഓവറായാണ് പാത പോകുന്നതെന്നാണ് അലൈൻമെന്റിൽ നിന്ന് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ തന്നെ കൃഷിയെ ഇത് കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം വാദിക്കുന്നു. മാത്രമല്ല, പദ്ധതി വരുന്നത് തിരുവാണിയൂർ പഞ്ചായത്തിനെ ഒരു രീതിയിലും ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കെ-റെയിൽ പദ്ധതിയിൽ ഉപയോഗിക്കുന്നത് ഇലക്ട്രിക് ട്രെയിനുകളായതിനാൽ പാരിസ്ഥിതിക പ്രശ്നങ്ങളൊന്നുമുണ്ടാകുന്നില്ലെന്നും മലിനീകരണം കുറയുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നാൽ പദ്ധതി നടപ്പാക്കുന്നതുമൂലം പാറ പൊട്ടിക്കുന്നതുൾപ്പെടെയുള്ള പാരിസ്ഥിതിക ആഘാത പ്രവർത്തനങ്ങളും നടത്തേണ്ടി വരുമെന്നും അദ്ദേഹം സമ്മതിക്കുന്നു. എന്നാൽ ഭൂമി വിട്ടുനൽകുന്നവർക്ക് മികച്ച അവസരമായിരിക്കും ഈ പദ്ധതിയെന്നാണ് അദ്ദേഹം പറയുന്നത്.

പറയുന്ന തുകയിലും സമയത്തും പണി നടക്കുമോ?

നാലര മണിക്കൂറുകൊണ്ട് കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ എത്താമെന്ന സർക്കാർ വാഗ്ദാനം ചെയ്യുന്ന നേട്ടം അംഗീകരിക്കുന്നുണ്ടെങ്കിലും അതിൽ പതിയിരിക്കുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിനു കുര്യാക്കോസ് ജെയ്മോന്റെ വാദങ്ങളെ എതിർക്കുന്നത്. പക്ഷേ, അതിനുവേണ്ടി സംസ്ഥാന സർക്കാർ ചെലവാക്കാൻ ഉദ്ദേശിക്കുന്നതായി പറയുന്നത് 63,000 കോടിയാണെങ്കിൽ കേന്ദ്രസർക്കാരിന്റെ നീതി ആയോഗ് പറയുന്നത് 1,25,000 കോടി രൂപയെങ്കിലുമുണ്ടെങ്കിലേ പണി പൂർത്തിയാകൂ എന്നാണ്. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിൽ അഞ്ച് വർഷമെന്ന് പറയുന്നുണ്ടെങ്കിലും അത് 15 വർഷം കൊണ്ടെങ്കിലും തീരുമോയെന്ന് സംശയമാണ്. കൊച്ചി മെട്രോയുടെ നിർമാണം ഡി.എം.ആർ.സി ഏറ്റെടുത്തിട്ടുപോലും പേട്ട വരെ എത്തിക്കുന്നതിന് അഞ്ച് വർഷത്തിലേറെ എടുത്തു. കാര്യമായ ഭൂമി ഏറ്റെടുക്കൽ ആ പദ്ധതിക്ക് ആവശ്യമുണ്ടായിരുന്നില്ലെങ്കിൽ പോലുമാണ് ഇത്രയും കാലം എടുത്തത്. അപ്പോൾ പിന്നെ കേരളത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ പണി തീർത്തെടുക്കാൻ എത്രകാലം വേണ്ടിവരുമെന്ന് ആലോചിക്കേണ്ടതാണ്. പല ആളുകൾക്കായി ടെൻഡർ കൊടുത്ത് ഒരുമിച്ച് നിർമ്മാണം നടത്തിയാലും സർക്കാർ ഉദ്ദേശിക്കുന്ന തുകയേക്കാൾ എത്രയോ ഇരട്ടിയായിരിക്കും നിർമാണം പൂർത്തിയാക്കാൻ വേണ്ടി വരിക.

30 വർഷങ്ങൾക്കുമുമ്പ് കൊച്ചി-മധുര ബൈപ്പാസിനായി ഇന്ദിര-അയ്യപ്പൻ ദമ്പതികളുടെ വീടിരിക്കുന്ന സ്ഥലം ഏറ്റെടുത്തതിനെ തുടർന്ന് കെട്ടിയ അടിത്തറ
30 വർഷങ്ങൾക്കുമുമ്പ് കൊച്ചി-മധുര ബൈപ്പാസിനായി ഇന്ദിര-അയ്യപ്പൻ ദമ്പതികളുടെ വീടിരിക്കുന്ന സ്ഥലം ഏറ്റെടുത്തതിനെ തുടർന്ന് കെട്ടിയ അടിത്തറ

കോട്ടയം മുതൽ തിരുവനന്തപുരം വരെ റെിൽവേയുടെ ഡബിൾ ലൈൻ നിർമ്മാണം 1800 കോടിക്കോ മറ്റോ ആണ് പദ്ധതിയിട്ടിരുന്നത്. ഇപ്പോൾ അറിയുന്നത് അതിന് 3000 കോടിയെങ്കിലും വേണ്ടിവരുമെന്നാണ്. ശബരിമല റെയിൽപ്പാത പ്രഖ്യാപിച്ചിട്ട് 20 വർഷത്തോളമായി. അങ്കമാലിയിൽ നിന്ന് കാലടി വരെ റെയിൽപ്പാത ഉണ്ടാക്കിയിട്ടുവെന്നത് മാത്രമാണ് നടന്നിരിക്കുന്നത്. സ്ഥലം ഏറ്റെടുത്തശേഷവും പദ്ധതി ഇഴയുകയാണ്. കെ-റെയിൽ പദ്ധതിയിലും ഏറ്റവും വലിയ പേടി അതാണ്. ഈ പദ്ധതി പൂർത്തിയാകുമെന്ന പ്രതീക്ഷ ഇല്ല. പക്ഷെ നമ്മുടെ സ്ഥലം ഏറ്റെടുത്ത് വെറുതെയിട്ടേക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ഇതുവരെയുള്ള ചരിത്രം വച്ച് നമ്മുടെ ഭൂമി നാളെ ആർക്കും പ്രയോജനമില്ലാതെ കിടക്കുന്നത് കാണേണ്ട അവസ്ഥയുണ്ടാകും. അതുപോലെ കൂത്താട്ടുകുളത്ത് ഒരു ബൈപ്പാസ് വരാനായി സ്ഥലമേറ്റെടുത്തിട്ട് മുപ്പത് വർഷമായി. തിരുവനന്തപുരത്ത് നിന്നും അരൂർ വരെയുള്ള റോഡ് നാലുവരിപ്പാതയാക്കാൻ സ്ഥലമേറ്റെടുത്തിട്ട് അമ്പത് വർഷത്തോളമാകുന്നു. ഇതുവരെയും അതിനുവേണ്ടി യാതൊന്നും ചെയ്തിട്ടില്ല.

ഒരു ഭൂമിയിലൂടെ രണ്ട് പ്രൊജക്റ്റ്!
ഇന്ദിരയും അയ്യപ്പനും എന്തുചെയ്യും?

മുരിയമംഗലം എടച്ചേരിൽ അയ്യപ്പന്റെയും ഭാര്യ ഇന്ദിരയുടെയും വാക്കുകൾ വിനുവിന്റെ വാദം ശരിവയ്ക്കുന്നതാണ്. ഇവരുടെ ഭൂമിയിലൂടെ നിശ്ചയിച്ചിരിക്കുന്ന പദ്ധതി അലൈൻമെന്റിൽ നിന്ന് ഏതാനും ചുവടുകൾ മാറി ഒരു കോൺക്രീറ്റ് കുറ്റി സ്ഥാപിച്ചിട്ടുണ്ട്. കൊച്ചി-മധുര ബൈപ്പാസിന് ഏറ്റെടുക്കാൻ 30 വർഷങ്ങൾക്കുമുമ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തി സ്ഥാപിച്ചതാണ് ഈ കോൺക്രീറ്റ് കുറ്റി. ബൈപ്പാസ് വരുമ്പോൾ വീട് പോകുമെന്ന് ഉറപ്പായതിനാൽ പറമ്പിന്റെ ഒരു മൂലക്ക് പുതിയ വീടിന് അടിത്തറ കെട്ടിയിട്ടുണ്ടെങ്കിലും ഭൂമി ഏറ്റെടുത്തിട്ടില്ല. അപ്പോഴാണ് കൂനിൻമേൽ കുരു എന്ന പോലെ പുതിയതായി കെട്ടിയ അടിത്തറയ്ക്ക് മുകളിലൂടെ പുതിയെ കെ-റെയിൽ പദ്ധതിയുടെ അലൈൻമെന്റ് വരുന്നതെന്നത്. കെ-റെയിൽ പദ്ധതിയുടെ കാര്യത്തിൽ ഒരു ഉറപ്പ് ലഭിക്കാതെ ഇവർക്ക് വീട് നിർമ്മിക്കാൻ ആകില്ല. ഒരു പദ്ധതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തന്നെ അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ്. പാടത്തിനരികിൽലായതിനാൽ മണ്ണെടുത്ത് മാറ്റി അടിഭാഗം കോൺക്രീറ്റ് ചെയ്താണ് ഈ അടിത്തറ കെട്ടിയത്. ബൈപ്പാസ് വരുമ്പോൾ നിലവിലെ വീട് പോകുമെന്ന് കരുതിയായിരുന്നു അത്- അയ്യപ്പൻ വ്യക്തമാക്കി. ബൈപ്പാസിന്റെ അലൈൻമെന്റിൽ ചെറിയ മാറ്റം വരുമെന്ന് അറിഞ്ഞതിനെ തുടർന്നാണ് വീട് പണിയാതിരുന്നത്.

അയ്യപ്പനും ഇന്ദിരയും
അയ്യപ്പനും ഇന്ദിരയും

റെയിലിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കെ-റെയിൽ പുറത്തുവിട്ട അലൈൻമെൻറ്​ മാപ്പിൽ നിന്നാണ് തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് പ്രദേശത്ത് സർക്കാർ നിശ്ചയിച്ച വിലയുടെ നാലിരട്ടി കിട്ടിയതുകൊണ്ട് പ്രയോജനമില്ലെന്നും അയ്യപ്പൻ അറിയിച്ചു. നിലവിൽ അഞ്ച് ലക്ഷം രൂപ മാർക്കറ്റ് വിലയുള്ള ഈ പ്രദേശത്ത് സർക്കാർ വില ഏകദേശം ഒരു ലക്ഷം രൂപയാണ്. അതുകൊണ്ട് മറ്റൊരിടത്ത് ഭൂമി വാങ്ങാനാകില്ല. വാങ്ങാൻ ചെല്ലുമ്പോൾ സർക്കാർ വില കൊടുത്താൽ മതിയാകില്ല. നാല് മണിക്കൂറുകൊണ്ട് കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്ത് എത്തുകയെന്നത് നല്ല കാര്യമാണെങ്കിലും സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയുള്ള ഈ വികസനം ഇപ്പോൾ ആവശ്യമാണോയെന്നും അദ്ദേഹം ചോദിക്കുന്നു. എങ്കിലും പദ്ധതി നടപ്പാക്കുകയാണെങ്കിൽ എത്രയും വേഗം ഭൂമി ഏറ്റെടുക്കണമെന്നും അദ്ദേഹം മുൻകാല അനുഭവത്തിൽ പറയുന്നു. ഒരു പ്രോജക്ടിന്റെ പേരിൽ ഒരു വശത്ത് ഭൂമി മാറ്റിയിട്ടിരിക്കുമ്പോഴാണ് മറ്റൊരു പ്രോജക്ട് എന്റെ തന്നെ ഭൂമിയിലൂടെ വരുന്നത്. ആദ്യത്തെ പ്രോജക്ട് അനുസരിച്ച് നിലവിലെ വീടിന്റെ മുക്കാൽ ഭാഗം പോകുമെങ്കിൽ രണ്ടാമത്തെ പ്രോജക്ടിന്റെ അലൈൻമെന്റ് അനുസരിച്ച് ബാക്കിയും പോകും- അയ്യപ്പൻ കൂട്ടിച്ചേർത്തു.

പാത വിജയന്റെ പുതിയ വീട്ടിലൂടെ

കെ-റെയിൽ പദ്ധതിയുടെ അലൈൻമെൻറ്​ അനുസരിച്ച് അയ്യപ്പന്റെ അയൽവാസിയായ വിജയന്റെ വീട് പൂർണമായും പോകും. പദ്ധതിയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയെക്കുറിച്ച് തന്നെയാണ് ഈ കുടുംബത്തിനും പറയാനുള്ളത്. 2004ൽ ആരംഭിച്ച വീടുനിർമ്മാണം 2020ലാണ് പൂർത്തിയാക്കാൻ സാധിച്ചതെന്ന് വിജയന്റെ ഭാര്യ മിനി അറിയിച്ചു. വളരെയധികം കഷ്ടപ്പെട്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. രണ്ട് പെൺമക്കൾക്കും വിവാഹ പ്രായമെത്തിയതോടെയാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനിച്ചത്. നിർമാണം പൂർത്തിയായതിനു പിന്നാലെയാണ് കെ-റെയിൽ പദ്ധതിയുടെ അലൈൻമെന്റ് ഇതുവഴിയാണെന്ന് തങ്ങൾ അറിഞ്ഞതെന്നും മിനി വ്യക്തമാക്കി.

16 വർഷങ്ങൾ കൊണ്ട് പണി തീർത്ത തന്റെ വീടിനു മുന്നിൽ മിനി
16 വർഷങ്ങൾ കൊണ്ട് പണി തീർത്ത തന്റെ വീടിനു മുന്നിൽ മിനി

പദ്ധതിക്ക് തങ്ങൾ എതിരല്ലെന്നും റെയിൽ വരികയാണെങ്കിൽ എത്രയും വേഗം നഷ്ടപരിഹാരം നൽകി ഒഴിവാക്കിത്തരണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു. ബൈപ്പാസ് പദ്ധതി ഇതുവഴിയായതിനാൽ സ്ഥലം വിൽക്കാനോ ബാങ്ക് വായ്പ്പയെടുക്കാനോ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും അവർ അറിയിച്ചു. എല്ലാവരും പറയുന്നത് റെയിൽവേയുടെ പദ്ധതിയായതിനാൽ ആറ് മാസത്തിനകം സ്ഥലം ഏറ്റെടുത്ത് പണം ലഭിക്കുമെന്നാണ്. ഇത് വല്ലതും നടക്കുമോയെന്ന് അവർ ചോദിക്കുന്നു.

വൻ യാത്രാ ചെലവ് സാധാരണക്കാർക്ക് താങ്ങുമോ?

വളരെ കുറച്ചുപേർക്കുമാത്രം പ്രയോജനം ലഭിക്കുന്ന ഒരു പദ്ധതിക്കുവേണ്ടിയാണ് ഇത്രയേറെ ആളുകളിൽ നിന്ന് സ്ഥലമേറ്റെടുത്ത് അവരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുന്നതെന്നാണ് വിനു കുര്യാക്കോസിന്റെ പരാതി. കണ്ണൂരിൽ നിന്നുള്ള കുറച്ച് രാഷ്ട്രീയക്കാർക്ക് മാത്രമായിരിക്കും കെ-റെയിൽ കൊണ്ട് പതിവായ ഉപയോഗം ഉണ്ടാകുക. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എറണാകുളത്തുള്ള ജോലിക്കാരെ തിരുവനന്തപുരത്ത് പോയി ജോലി ചെയ്ത് ദിവസവും തിരികെ വീട്ടിലെത്താൻ സഹായിക്കുന്ന പദ്ധതിയാണ് ഇതെന്നാണ്. എന്നാൽ അത് ആളുകളെ കബളിപ്പിക്കാൻ പറയുന്നതാണിതെന്നും വിനു കുര്യാക്കോസ് ആരോപിക്കുന്നു. 63,000 കോടി രൂപയാണ് പദ്ധതിക്ക് നിക്ഷേപിക്കുന്നതെങ്കിൽ യാത്രക്കാരിൽ നിന്ന് ഒരു കിലോമീറ്ററിന് 2.75 രൂപയായിരിക്കും ഈടാക്കേണ്ടി വരികയെന്നാണ് പ്രൊപ്പോസലിൽ പറയുന്നത്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് 200 കിലോമീറ്ററാണ്. അതായത് ഒരു വശത്തേക്ക് മാത്രം 550 രൂപ. ഒരുദിവസം 1100 രൂപ മുടക്കി യാത്ര ചെയ്ത് ജോലിക്ക് പോകാൻ എങ്ങനെയാണ് സാധാരണക്കാരെക്കൊണ്ട് സാധിക്കുക?. ഈ കണക്ക്, പദ്ധതി 63,000 കോടിയിൽ അവസാനിച്ചാൽ മാത്രമാണ്. രണ്ട് ലക്ഷം കോടിയോളം പദ്ധതിക്ക് ചെലവായാൽ യാത്രാനിരക്കും മൂന്നിരട്ടിയോളം വർധിക്കും. മാത്രമല്ല, കാക്കനാടുള്ള കെ-റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പിന്നെയും എത്രയോ കിലോമീറ്റർ ആളുകൾക്ക് യാത്ര ചെയ്താലാണ് സ്വന്തം വീടുകളിലെത്താൻ സാധിക്കുക. 37 സർവ്വീസുകളിലായി 80,000 യാത്രക്കാർ ദിനംപ്രതിയുണ്ടാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ അതിന് യാതൊരു സാധ്യതയുമില്ലെന്നും പ്രതീക്ഷിച്ച യാത്രക്കാർ ഇല്ലാതെ വരുന്നതോടെ പദ്ധതി നഷ്ടമാകുമെന്നുമാണ് വിനുവിന്റെ വാദം.

എന്തായാലും പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പ്രധാനമായും ആശങ്കപ്പെടുന്നത് അതിവേഗ റെയിൽപ്പാത നടപ്പാക്കുന്നതിലെ വേഗതയെക്കുറിച്ച് തന്നെയാണ്. 1997-98 കാലത്തെ റെയിൽവേ ബജറ്റിൽ 550 കോടി രൂപക്ക് പ്രഖ്യാപിച്ച ശബരി റെയിൽ പദ്ധതി വൈകിയത് മൂലം 2017 ആയപ്പോഴേക്കും 1566 കോടി രൂപയായി വിലയിരുത്തിയിരുന്നു. 2019ൽ പദ്ധതി തന്നെ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയും ചെയ്തു. അതിനകം പദ്ധതിക്കായി പലയിടങ്ങളിലും ഭൂമി ഏറ്റെടുക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ നിരവധി പദ്ധതികൾക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലങ്ങൾ കാടുപിടിച്ച് കിടക്കുന്നത് അവരുടെ ആശങ്കയെ ശരിവയ്ക്കുന്നതാണ്.

രാഷ്​ട്രീയ പാർട്ടികൾ എന്തു പറയുന്നു?

പദ്ധതി നടത്തിപ്പിനെക്കുറിച്ച് പലർക്കും വിയോജിപ്പുണ്ടെങ്കിലും കോൺഗ്രസ് ഒഴികെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കൊന്നും പദ്ധതി വേണ്ട എന്ന അഭിപ്രായമില്ല. അതേസമയം ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവർ പദ്ധതിയെ ശക്തമായി എതിർക്കുന്നുമുണ്ട്. നിലവിലെ സാഹചര്യത്തിൽ വലിയ തോതിൽ ഭൂമി ഏറ്റെടുത്ത് കേരളത്തിൽ അതിവേഗ റെയിൽപ്പാതയുടെ ആവശ്യമില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇന്നത്തെ നമ്മുടെ ആവശ്യങ്ങളെ മാത്രം മനസ്സിൽ കണ്ടുകൊണ്ടല്ല സെമി ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ട്രൂ കോപ്പി വെബ്​സീനിന്​ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്- ‘‘അത് നമ്മുടെ ഭാവിയെ കൂടി മനസ്സിൽ കണ്ടുകൊണ്ടുള്ള പദ്ധതിയാണ്. നാലാമത്തെ വിമാനത്താവളം കേരളത്തിന് ആവശ്യമുണ്ടോ എന്നു ചോദിച്ചവരില്ലേ? എന്നാലിന്ന് നാലും നല്ല നിലക്ക് പ്രവർത്തിക്കുന്നില്ലേ? അടുത്ത 25 വർഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത, മധ്യ വരുമാന രാഷ്ട്രങ്ങൾക്ക് സമാനമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ അവിടങ്ങളിൽ ഉള്ളതിനു സമാനമായ അടിസ്ഥാന സൗകര്യങ്ങൾ - ഗതാഗത മേഖലയിൽ ഉൾപ്പെടെ - നമ്മുടെ നാട്ടിൽ ഉണ്ടാവേണ്ടതുണ്ട്’’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

അടിസ്ഥാന സൗകര്യ വികസനത്തിന് അതിവേഗ ഗതാഗതം വളരെ ആവശ്യമാണ് എന്നാണ് സി.പി.എം നിലപാട്. റോഡ് ഗതാഗതത്തിന് ഇനി പരിമിതികളുണ്ടെന്നും ലോകം വളരുന്നതിനനുസരിച്ച് കേരളവും വളരണമെന്ന മനോഭാവമാണ് വേണ്ടതെന്നുമാണ് പാർട്ടി ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞിരുന്നു. അതോടൊപ്പം റെയിലിനായി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് വിപണി വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരമാണ് ചർച്ചകളിൽ. ഇപ്പോൾ ഇതുചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് ഉണ്ടാകണമെന്നില്ലെന്നും അദ്ദേഹം പറയുന്നു. അതിവേഗ റെയിൽ എൽ.ഡി.എഫ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമാണെന്നും അത് പ്രാവർത്തികമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നുമായിരുന്നു മുഖ്യഘടകകക്ഷിയായ സി.പി.ഐയുടെ നിലപാട്. കൊച്ചി മെട്രോ, ഗെയ്ൽ പൈപ്പ് ലൈൻ എന്നിവയുടെ കാര്യത്തിലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടായതാണെന്നും എന്നാൽ ചർച്ചകളുടെ അടിസ്ഥാനത്തിൽ പൊതുസമീപനം എല്ലാവരും സ്വീകരിക്കുകയാണുണ്ടായതെന്നും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടുകയും ചെയ്തു.

വിദഗ്ധർ എന്തു പറയുന്നു?

കേരളത്തെ സംബന്ധിച്ച് ഒരു നല്ല പദ്ധതിയല്ല ഇതെന്നാണ് ഡൽഹി മെ​ട്രോ റെയിൽ കോർപറേഷൻ എം.ഡിയും കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ മുഖ്യ ഉപദേഷ്​ടാവുമായിരുന്ന ഇ. ശ്രീധരന്റെ അഭിപ്രായം. ഇതിന്റെ അലൈൻമെന്റും ടെക്നിക്കൽ പരാമീറ്ററുകളും തെറ്റാണ്. ഇത് സംസ്ഥാനത്തിന് യാതൊരു ഗുണവും ചെയ്യില്ല. എന്നാൽ ഇതുമൂലം ധാരാളം കൃഷിഭൂമിയും ഒരുപാട് വീടുകളും നഷ്ടമാകും. മാത്രമല്ല, പല ദിക്കിലും ഗ്രൗണ്ടിലൂടെ തന്നെയാണ് ഇത് ഓടുന്നത്. ആളുകളും കന്നുകാലികളുമൊന്നും ഈ ലൈനിൽ പ്രവേശിക്കാതിരിക്കാൻ പത്തടി ഉയരത്തിൽ ഭിത്തി കെട്ടി മറയ്ക്കേണ്ടതായി വരും. അത് സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതിന് തുല്യമാകും. അതുകൊണ്ടാണ് താൻ ഈ പദ്ധതിയെ എതിർക്കുന്നതെന്നും എന്നാൽ സംസ്ഥാന സർക്കാർ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ അധികമൊന്നും പറയാനാകില്ലെന്നും അദ്ദേഹം "തിങ്കി'നോട് പ്രതികരിച്ചു.
കെ-റെയിൽ പദ്ധതി കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്നാണ് കേരള പരിസ്ഥിതി ഐക്യവേദി നേതാവ്​ പ്രൊഫ. എം. കെ. പ്രസാദ്​ പറയുന്നത്.

വളരെ ചുരുക്കം പേർക്കുമാത്രം പ്രയോജനം ചെയ്യുന്ന ഒരു പദ്ധതിക്കുവേണ്ടി ഇത്ര ഭൂമി ഏറ്റെടുക്കുയും ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും പരിസ്ഥിതിയുടെ സംതുലനം തകരാറിലാക്കുകയും ചെയ്യേണ്ടതുണ്ടോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. അതേസമയം വികസന പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകണം എന്ന അടിസ്ഥാനപരമായ കാഴ്ചപ്പാടാണ് ഇടതുപക്ഷത്തിനുള്ളതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനുദാഹരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്, 2019 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് ആണ്. അതുപ്രകാരം, മുമ്പ് നടത്തിയ കണക്കെടുപ്പിനെ അപേക്ഷിച്ച് വനവിസ്തൃതി വർധിച്ച സംസ്ഥാനമാണ് കേരളം. 2017നെ അപേക്ഷിച്ച് കേരളത്തിന്റെ വനവിസ്തൃതി 823 ചതുരശ്ര കിലോമീറ്റർ കണ്ട് വർധിച്ചതായാണ് കേന്ദ്ര സർക്കാരിന്റെ തന്നെ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിൽ രാജ്യത്തിനുതന്നെ മാതൃകയാവാൻ നമ്മുടെ നാടിനു കഴിയുന്നു. ഇതിൽ നിന്നും വികസന പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകാൻ നമുക്കു സാധിക്കുന്നുവെന്ന് വ്യക്തമല്ലേയെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

ഇ. ശ്രീധരൻ, എം.കെ. പ്രസാദ്
ഇ. ശ്രീധരൻ, എം.കെ. പ്രസാദ്

അതേസമയം കേരളത്തിലെ മുൻവികസന പ്രവർത്തനങ്ങളിൽ നിന്ന് ഒരുപാട് വ്യത്യാസമുണ്ട് കെ-റെയിൽ പദ്ധതിക്ക്. ഒന്നാമതായി ചോദ്യം ചെയ്യപ്പെടുന്ന അതിന്റെ ആവശ്യകത തന്നെ കണക്കിലെടുക്കണം. 11 ജില്ലകളിലൂടെ കടന്നുപോകുന്ന കെ-റെയിൽ അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കും മറ്റും പ്രയോജനം ചെയ്യുമെന്നാണ് ഇതിനുള്ള മറുവാദം. എന്നാൽ കെ-റെയിൽ പദ്ധതിക്ക് ചെലവഴിക്കുന്ന 64,000 കോടി രൂപ കൊണ്ട് ഓരോ ജില്ലകളിലും ചികിത്സാസൗകര്യം എത്രയോ മെച്ചപ്പെടുക്കാമെന്ന മറുചോദ്യവും ഉയരുന്നു. കൂടാതെ ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന കൊച്ചി മെട്രോയിൽ ജനജീവിതം സാധാരണഗതിയിലായിരുന്ന പ്രീ-കോവിഡ് കാലത്തുപോലും പ്രതീക്ഷിച്ചത്ര യാത്രക്കാരുണ്ടായിരുന്നില്ലെന്ന റിപ്പോർട്ടുകളും കണക്കിലെടുക്കേണ്ടതുണ്ട്. ജനസംഖ്യയിൽ നാമമാത്രമായ ഒരു വിഭാഗത്തിന് മാത്രം ഉപകാരപ്പെടുന്ന പദ്ധതി മൂലം കൃഷി ഭൂമി ഉൾപ്പെടെ വലിയ തോതിൽ ഭൂമി ഏറ്റെടുക്കേണ്ടിവരുന്നതാണ് മറ്റൊരു വ്യത്യാസം. അതിനുപകരം ആഭ്യന്തര വിമാന സർവീസുകൾ കാര്യക്ഷമമാക്കാമെന്ന പരിഹാരവും നിർദ്ദേശിക്കപ്പെടുന്നുണ്ട്. എന്തായാലും ഈ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി നമ്മുടെ തന്നെ മലമ്പ്രദേശങ്ങൾ ഇടിച്ചു നിരത്തുന്ന മണ്ണും കല്ലുമാണ് വേണ്ടിവരികയെന്നതിന് സംശയമില്ല. വിഴിഞ്ഞം, വല്ലാർപ്പാടം പദ്ധതികളുടെ പേരിൽ കേരളത്തിൽ നടന്നിട്ടുള്ള ഖനന പ്രവർത്തനങ്ങൾ അത് ശരിവയ്ക്കുന്നു. മണ്ണെടുപ്പും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും മൂലം പരിസ്ഥിതി ലോലപ്രദേശങ്ങളിലുണ്ടാകുന്ന ആഘാതങ്ങളാണ് തുടർച്ചയായി നേരിടുന്ന പ്രകൃതിക്ഷോഭങ്ങൾക്ക് കാരണമെന്ന ആരോപണം ഉയർന്നിട്ടുള്ളതിനാൽ ഈ ചോദ്യം പ്രസക്തവുമാണ്.

കുടിയൊഴിപ്പിക്കലിന്റെ വ്യാപ്തിയിലും കെ-റെയിൽ പദ്ധതി മറ്റ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമാണ്. തീരദേശ, മലയോര വ്യത്യാസമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം കുടിയൊഴിപ്പിക്കലുകൾ പദ്ധതിക്ക് ആവശ്യമായി വരും. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനായിരിക്കും കെ-റെയിൽ കാരണമാകുന്ന ആശങ്ക ഉയരുന്നുണ്ട്. നിലവിലെ അലൈൻമെന്റ് അനുസരിച്ച് ജനവാസ കേന്ദ്രങ്ങളിലൂടെയാണ് പദ്ധതി കടന്നുപോകുന്നതെന്ന പരാതി ശക്തമാണ്. പതിനഞ്ച് മീറ്റർ മുതൽ ഇരുപത്തിയഞ്ച് മീറ്റർ വരെ വീതിയിലാണ് ഭൂമി ഏറ്റെടുക്കേണ്ടി വരിക. അഞ്ചിൽ താഴെ സെന്റ് മാത്രം ഭൂമിയുള്ളവരെയാണ് ഇത് കൂടുതലായും ബാധിക്കുക. അവർക്ക് സ്വന്തമായുള്ള മുഴുവൻ ഭൂമിയും നഷ്ടമാകുമെന്നതാണ് ആശങ്കയ്ക്ക് മുഖ്യകാരണം. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് വാഗ്ദാനം ചെയ്യുന്ന നഷ്ടപരിഹാരം കൊടുക്കാൻ സാധിച്ചാലും അവർ എവിടേക്ക് പോകുമെന്ന പതിറ്റാണ്ടുകളായുള്ള ചോദ്യം വീണ്ടും ഉയരും. മുമ്പ്, പല വികസന പദ്ധതികളുടെയും പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ ഇപ്പോൾ എവിടെയാണ്, അവർ എങ്ങനെയാണ് ജീവിക്കുന്നത് എന്ന സാമൂഹികശാസ്ത്രപരമായ ഒരു അന്വേഷണം കൂടി നടത്തിയാൽ, ‘തൃപ്തികരമായ' നഷ്ടപരിഹാരം എന്ന സർക്കാർ അവകാശവാദത്തിന്റെ മുനയില്ലാതാകുമെന്ന് ഉറപ്പാണ്.


Summary: കുടിയൊഴിപ്പിക്കലിന്റെ വ്യാപ്തിയിൽ കെ-റെയിൽ പദ്ധതി മറ്റ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമാണ്. തീരദേശ, മലയോര വ്യത്യാസമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം കുടിയൊഴിപ്പിക്കൽ ആവശ്യമായി വരും. അഞ്ചിൽ താഴെ സെന്റ് മാത്രം ഭൂമിയുള്ളവരെയാണ് ഇത് കൂടുതലായും ബാധിക്കുക. അവർക്ക് സ്വന്തമായുള്ള മുഴുവൻ ഭൂമിയും നഷ്ടമാകും. വാഗ്ദാനം ചെയ്യുന്ന നഷ്ടപരിഹാരം കൊടുത്താലും അവർ എവിടെ ജീവിതം വച്ചുപിടിപ്പിക്കും എന്ന പതിറ്റാണ്ടുകളായുള്ള ചോദ്യം വീണ്ടും ഉയരും; കെ- റെയിൽ പദ്ധതിയുടെ അലൈൻമെന്റ് മേഖലകളിലെ ജനങ്ങൾ എന്തു പറയുന്നു? വിദഗ്ധർ എന്തു പറയുന്നു? ആഴത്തിലുള്ള ഒരു അന്വേഷണം.


അരുൺ ടി. വിജയൻ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, കവി.

Comments