ശബരിമലയുടെ പേരിൽ വർഗീയ പ്രചാരണം ലക്ഷ്യമിട്ട് യു.ഡി.എഫ് പുറത്തിറക്കിയ വീഡിയോ പിൻവലിച്ചു. "വിശ്വാസ സംരക്ഷണത്തിന് നിയമനിർമാണം, യു.ഡി.എഫിന്റെ വാക്ക്' എന്ന ടാഗ്‌ലൈനിലുള്ള വീഡിയോയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഫേസ്ബുക്ക് പേജിൽനിന്ന് പിൻവലിച്ചത്.
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ പരസ്യമായി വെല്ലുവിളിക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. കെട്ടു നിറച്ച്, ശബരിമലയ്ക്ക് പോകാനൊരുങ്ങുന്ന പുരുഷൻമാരുടെ ദൃശ്യങ്ങൾക്കൊപ്പം സമാന്തരമായി ലിപ്സ്റ്റിക്കിട്ട്, ചെരിപ്പിട്ട്, ബാക്ക് പാക്കുമായി, സെൽഫിയുമെടുത്ത് പൊലീസ് അകമ്പടിയോടെ മല കയറുന്ന സ്ത്രീകളെയാണ് വീഡിയോയിൽ കാണിക്കുന്നത്. കടുത്ത വർഗീയതയും വിദ്വേഷവും ആളിക്കത്തിക്കുന്നതും സുപ്രീംകോടതി വിധിയെതുടർന്നുണ്ടായ സംഭവങ്ങളെ വളച്ചൊടിക്കുന്നതുമാണ് ഉള്ളടക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയമായ വോട്ടുധ്രുവീകരണത്തിന് ബി.ജെ.പിയും സംഘ്പരിവാറും കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോൾ, അതിന് വളമേകുന്ന തരത്തിലുള്ളതായിരുന്നു യു.ഡി.എഫ് വീഡിയോ എന്ന് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ഇതേതുടർന്നാണ് വീഡിയോ പിൻവലിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല സ്ത്രീ പ്രവേശനം പ്രചാരണ വിഷയമാക്കാൻ യു.ഡി.എഫ് തീരുമാനിച്ചിരുന്നു. അധികാരത്തിലെത്തിയാൽ ശബരിമലയുടെ കാര്യത്തിൽ നിയമനിർമാണവും നടത്തുമെന്നും യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.