തിരുവനന്തപുരം ടെക്നോപാർക്കിൽ ശാഖയുള്ള അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരുടെ സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമായി വയനാട്ടിലെ മേപ്പാടിയിൽ കഴിഞ്ഞ ദിവസം നേത്രപരിശോധനാ ക്യാമ്പ് നടന്നു. ഉരുൾപൊട്ടലുണ്ടായ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ - ചൂരൽമല പ്രദേശത്തുള്ള 11, 12,13 വാർഡുകളിലെ ആയിരത്തിലധികം കുടുംബങ്ങളിലെ അംഗങ്ങൾക്കാണ് കാഴ്ചാപരിശോധനക്കും ചികിത്സക്കും സൗകര്യം കിട്ടിയത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവരും വീടുൾപ്പെടെ ഒഴുകിപ്പോയവരുമെല്ലാം ക്യാമ്പിലെത്തി. ‘ജനശബ്ദം’ എന്ന പേരിൽ പ്രവർത്തിക്കുന്ന ദുരന്തബാധിതരുടെ കൂട്ടമാണ് ഈ നീക്കത്തിന് പ്രാദേശികമായി നേതൃത്വം നൽകിയത്. ‘സമിതി’ എന്ന പേരിൽ മറ്റൊരു സംഘവും ഉരുൾപൊട്ടൽ ഇരകൾക്കിടയിലുണ്ട്. അവരിൽ ചിലരും പരിശോധനയും ചികിത്സയും തേടി മേപ്പാടി ടൗണിലെ CSI കത്തീഡ്രലിൻ്റെ ഭാഗമായുള്ള ഹാളിൽ വന്നിരുന്നു.
‘ജനശബ്ദ’ത്തിൻ്റെ കൺവീനറായ നസീറായിരുന്നു, കണ്ണ് പരിശോധനക്ക് സൗകര്യമൊരുക്കാമോ എന്ന അന്വേഷണവുമായി കമ്പനി പ്രതിനിധികളുടെ മുന്നാലാദ്യം എത്തിയത്. ദുരിതബാധിതരിൽ ഏതാണ്ടെല്ലാവരും അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിൽ ഈയാവശ്യം ഉന്നയിക്കപ്പെട്ടതിൻ്റെ വെളിച്ചത്തിലാണ് ഈ ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചത്. സൗജന്യമായി സൗകര്യം നൽകുവാൻ താല്പര്യം പ്രകടിപ്പിച്ച അമേരിക്കൻ കമ്പനിയും നേത്രപരിശോധനയും ചികിത്സയും നൽകുന്ന സ്ഥാപനമായ അഹല്യയും പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ തുടക്കത്തിലേ ആശങ്ക അറിയിച്ചിരുന്നു. സമാനമായി നിരവധി ക്യാമ്പുകൾ നടത്തിയ ഈ സ്ഥാപനങ്ങൾ രോഗികളെ കിട്ടാതെ പ്രയാസപ്പെടുന്ന സന്ദർഭങ്ങൾ മുമ്പ് നേരിട്ടിരുന്നു. എന്നാലിവിടെ എല്ലാവരെയും ആശ്ചര്യപ്പെടുത്തി, മൂന്നൂറിലധികം പേർ പ്രതികൂല കാലാവസ്ഥ കൂസാതെ എത്തി. ഒരു ഘട്ടത്തിൽ വാട്സാപ്പ് ഗ്രൂപ്പ് വഴിയുള്ള രജിസ്ട്രേഷൻ നിർത്തിവെക്കേണ്ടിയും വന്നു.

പരിശോധനയിൽ, ക്യാമ്പിലെത്തിയവരിൽ പകുതിയോളം പേർക്ക് കാഴ്ചാ തകരാറുകൾ കണ്ടെത്തി. ഇവരിൽ 150 പേർക്ക് കണ്ണട നൽകി. പത്ത് പേർക്ക് തിമിര ശസ്ത്രക്രിയയും ഏതാണ്ട് അത്രത്തോളമാളുകൾക്ക് കാഴ്ചാപരിമിതി മറികടക്കാനുള്ള മറ്റ് ചികിത്സയും നൽകി.
ഇവിടെ എത്തിയവരിൽ ഏതാണ്ടെല്ലാവർക്കും ഒരു വർഷത്തിനിടെയാണ് കാഴ്ചയിൽ കുറവുണ്ടായത്. ഉരുൾപൊട്ടി ആർത്തലച്ചെത്തിയ വെള്ളത്തിലും ചെളിയിലും പുതഞ്ഞു പോയവരിൽ എങ്ങനെയോ ജീവൻ തിരികെ കിട്ടിയവരായിരുന്നു ഇവരിൽ ഭൂരിഭാഗവും. ആ നടുക്കത്തിൽ നിന്ന് കൊല്ലമൊന്നായിട്ടും ഇവർക്ക് രക്ഷപ്രാപിക്കാനായിട്ടില്ല. ശരീരത്തിൽ ക്ഷതമേറ്റവർ, അംഗഭംഗം ബാധിച്ചവർ, കേൾവിശക്തി കൈമോശം വന്നവർ തുടങ്ങിയവരെല്ലാം ഈ മനുഷ്യർക്കിടയിലുണ്ട്. അക്കൂട്ടത്തിലാണ് കാഴ്ചാ പരിമിതിയുള്ളവരും.
ശാന്തമായൊഴുകിയ ജീവിതത്തെ അടിമുടി മാറ്റിമറിച്ച ഈ അപകടമേൽപ്പിച്ച നടുക്കത്തിൽ നിന്ന് കരകയറാൻ ഇവർക്ക് ഇന്നോളം കഴിഞ്ഞിട്ടില്ല. ദൈനംദിന ജീവിതത്തിൽ നേരിടേണ്ടിവരുന്ന ഓരോ പ്രതിസന്ധിയും അവരെ മാനസികാഘാതത്തിന് വിധേയമാക്കുന്നു.

ക്യാമ്പിൽ വെച്ചാണ് ചൂരൽമലക്കാരിയായ ആസ്യയെ കണ്ടുമുട്ടിയത്. അറുപതിനടുത്ത് പ്രായമുള്ള, ആരോഗ്യവതിയെന്ന് തോന്നിപ്പിക്കുന്ന ഇവർ, ബന്ധുക്കളിൽ ചിലരും ആജീവനാന്ത സുഹൃത്തുക്കളും അയൽക്കാരും ഉരുൾപെട്ടി, മണ്ണിൽ പുതഞ്ഞും മലവെള്ളത്തിൽ ഒഴുകിയും ഈ ലോകം വിട്ടുപോയതിൻ്റെ ഞെട്ടലിൽ നിന്ന് മോചിതയായിട്ടില്ല. അവരുടെ കണ്ണുകളിൽ ആ നടുക്കം വായിച്ചെടുക്കാം. തൊട്ടടുത്ത ഏലം തോട്ടത്തിൽ ആസ്യയോടൊപ്പം ജോലിക്കു പോയിരുന്ന സുഹൃത്തുക്കളിൽ ഏതാനും പേർ ഇന്നില്ല. ഈയൊരൊറ്റ കാരണം കൊണ്ടുതന്നെ എസ്റ്റേറ്റ് പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചിട്ടും അവർക്ക് പണിക്ക് പോകാനാവുന്നില്ല:
"എസ്റ്റേറ്റിൻ്റെ ഭാഗത്തേക്ക് നോക്കാൻ പോലും പേടിയാണ്. ആങ്ങളയും അടുത്ത കൂട്ടുകാരികളുമൊക്കെ താമസിച്ചിരുന്നത് മുണ്ടക്കൈയിലാണ്. അവിടെയടുത്താണ് എസ്റ്റേറ്റും. എല്ലാ ദിവസും പോയിക്കൊണ്ടിരുന്ന സ്ഥലമാണ്. അങ്ങോട്ട് നോക്കുമ്പം തന്നേ പേടിയും കരച്ചിലും വരും. പിന്നെങ്ങിനെയാ പണിക്ക് പോകുക? ജോലി പോകാത്തോർക്ക് ഗവൺമെൻ്റ് 300 രൂപ ദിവസവും തന്നിരുന്നു. ഇപ്പം അതും നിർത്തി. മത്തായിക്കുറ്റിയുടെ പൊറത്താണത്രേ ൻ്റെ പൊര. വല്ലാത്തൊരു സർവേയായി പോയി. ഒറ്റപ്പെട്ട് പോയി, അതോണ്ട്. ഇവിടെ തന്നെ കഴിയുന്ന ചില പൊരക്കാര് ഇവിടന്ന് മാറിപ്പോകാൻ ശ്രമിക്കുകയാ. ഞാനിവിടെ കുടുങ്ങി. ഉരുൾപൊട്ടലിനുശേഷം ഒരു ദിവസംപോലും ആ നശിച്ച ദിവസത്തെക്കുറിച്ച് ഓർക്കാതെ ഇവിടാരും കടന്നുപോയിട്ടില്ല".
ചുരുക്കിപ്പറഞ്ഞാൽ ഈ ട്രോമയിൽ നിന്ന് കരകയറാൻ ആസ്യയടക്കം ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ആസ്യ ഇപ്പോഴും ദുരന്ത ഭൂമിക്കടുത്തു തന്നെയുള്ള സ്ഥലത്താണ് കഴിയുന്നത്. സംസ്ഥാന സർക്കാർ നിയോഗിച്ച ഭൗമവിദഗ്ധൻ ജോൺ മത്തായി നിശ്ചയിച്ച അതിരുകൾ ഇവിടെ അവിശേഷിച്ചവരുടെമേൽ വലിയ ആഘാതമാണ് ഏൽപ്പിച്ചത്.

No Go Zone ഏരിയ അടയാളപ്പെടുത്തിയപ്പോൾ പത്മവ്യൂഹത്തിൽ അകപ്പെട്ടതുപോലെയായിപ്പോയ നിരവധി കുടുംബങ്ങൾ ഇവിടുണ്ട്. ഇത്തരമൊരു കുടുംബമാണ് ആസ്യയുടേത്. വീടും കൃഷിയിടവും പൂർണമായി നഷ്ടമായവരും ഭാഗികമായി നശിച്ചവരുമായ ധാരാളം പേർക്ക് പ്രകൃതിക്ഷോഭത്തേക്കാൾ വലിയ ആഘാതമാണ് അധികൃതരിൽ നിന്ന് ഏൽക്കേണ്ടിവന്നത്. സാങ്കേതിക നൂലാമാലകൾ ചൂണ്ടിക്കാണിച്ച്, ധനസഹായവും നഷ്ടപരിഹാരവും നിഷേധിക്കപ്പെ വരും ചൂരൽമലയിലും സമീപപ്രദേശങ്ങളിലുമായി അനേകമുണ്ട്. ഇങ്ങനെ, ജോൺ മത്തായിയുടെ സാങ്കല്പിക രേഖയിൽ ജീവിതം തകിടമറിഞ്ഞവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങൾ പറഞ്ഞാലൊതുങ്ങില്ല. ദുരന്തബാധിതരെന്ന് സർക്കാർ അംഗീകരിച്ചവരിൽ നിന്ന് ഒട്ടും ഭേദമല്ല ഇവരുടെ ദുരിതം.
ഭരണകൂടത്തിൻ്റെ ദയക്കായി കയറിയിറങ്ങേണ്ടിവരുന്ന ഒരോ ദുരന്തബാധിതരും സഹിക്കേണ്ടിവരുന്ന ദുരനുഭവങ്ങൾ, ഉരുളിനേക്കാളും കനത്ത ആഘാതമാണ് ഓരോരുത്തരിലും ഉണ്ടാക്കുന്നത്. സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം കൈത്താങ്ങുമായി മേപ്പാടിയിലെത്തിയതാണ് ഈ ദുരവസ്ഥയിൽ ദുരന്തബാധിതർക്ക് തെല്ലൊരാശ്വാസമായത്. സന്നദ്ധ സംഘടനകൾ വഴി 60 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. തൊഴിലവസരം സൃഷ്ടിക്കുന്നതിന്നാണ് ഇതിലധികം തുകയും ചെലവഴിച്ചത്. ശാരീരിക അവശതകൾ മറികടക്കുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളും യന്ത്രങ്ങളും വാഹനങ്ങളും വാങ്ങിനൽകുന്നതിന്നും ഇതിലൊരു ഭാഗം ഉപയോഗപ്പെടുത്തി. വൻകിട കമ്പനികളുടെ CSR ഫണ്ടും വിനിയോഗിച്ചിട്ടുണ്ട്. കൂടാതെ സമ്പന്നരായ വ്യക്തികൾ വലിയ തോതിൽ സഹായം നൽകാൻ മുന്നോട്ടുവന്നു.
ഇതെല്ലാംകൂടി സൃഷ്ടിക്കപ്പെട്ട സങ്കീർണ സാഹചര്യം വ്യത്യസ്ത രീതിയിലാണ് ദുരന്തബാധിതരെ ബാധിച്ചത്. കൃത്യമായ ഉദാഹരണങ്ങൾ നിരവധിയുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ സ്ത്രീകളുടെ സംഘം രൂപീകരിച്ച് അവർക്ക് ജീവനോപാധി ഉറപ്പുവരുത്താനായുള്ള നീക്കങ്ങൾ നടന്നു. കുടയും തുണിബാഗും നിർമിക്കുന്ന യൂണിറ്റുകളാണ് ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിൻ്റെ പിന്തുണയോടെയാരംഭിച്ച ഒരു യൂണിറ്റും ശൈശവം പിന്നിട്ടിട്ടില്ല. നിരവധി ഏജൻസികൾ സാമ്പത്തിക സഹായം നൽകി. എന്നാൽ തുടക്കത്തിലാവശ്യമായ പ്രവർത്തന ഫണ്ട് ലഭിക്കുന്നതിൽ തടസ്സം നേരിട്ടതോടെ സർവ്വതും താളം തെറ്റി. ഈ രണ്ട് യൂണിറ്റിലുമായി അമ്പതോളം സ്ത്രീകളുണ്ട്. സർക്കാർ വാടക നൽകുന്ന മുറികളിൽ കഴിയുന്ന ഇവർ ജോലി ചെയ്യുവാൻ സാഹചര്യമില്ലെങ്കിലും ഒരു ദിവസം പോലും മുടങ്ങാതെ നിർമ്മാണ യൂണിറ്റുകളിലെത്തും. സ്വന്തം താമസയിടത്ത് പോലും ഒറ്റക്ക് നിൽക്കാൻ ഇവർക്കാവില്ല. ഭൂരിഭാഗം പേരെയും അകാരണമായ ഒരു ഭീതി പൊതിഞ്ഞിരിക്കുകയാണ്.
ഉരുൾപൊട്ടലിൻ്റെ ഈ വാർഷികത്തിൽ ദുരന്ത ദേശത്തെ മനുഷ്യരെല്ലാം ഏതെങ്കിലും വിധത്തിലുള്ള മാനസികാഘാതത്തിൻ്റെ പിടിയിലാണ്. ഇത്തരം ദുരന്ത ആഘാത പ്രതികരണങ്ങൾ സംബന്ധിച്ച ശാസ്ത്രീയ നിഗമനങ്ങൾ, സാമൂഹ്യ ഇടപെടലുകളിലൂടെ ആശ്വാസം കണ്ടെത്താമെന്ന് നിർദ്ദേശിക്കുന്നു. ഈ രംഗത്ത് ഇടപെടാൻ ലക്ഷ്യമിട്ട് ഹെൽത്ത് എഡ്യുക്കേഷണൽ ട്രെയിനർ ടി.പി. ബാബു തയ്യാറാക്കിയ നിർദ്ദേശങ്ങൾക്ക് പ്രാധാന്യമുണ്ട്.
അദ്ദേഹം പറയുന്നു:
"മുണ്ടക്കൈ -ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സാമൂഹ്യമായ കൈകോർക്കലുകൾ ആവശ്യമാണ്. Aniversary Reaction (വാർഷിക പ്രതികരണം) എന്നത് ഒരു മാനസിക പ്രതിഭാസമാണ്. ഒരു വ്യക്തിക്ക് ആഘാതകരമാവുന്ന അനുഭവം. പ്രിയപ്പെട്ടവരുടെ വിയോഗം, നഷ്ടം എന്നീ വികാരങ്ങളാണ് പ്രധാനമായും ഇത്തരം മനോവ്യവഹാരത്തിന് കാരണമാകുന്ന ഘടകങ്ങൾ. പ്രകൃതിദുരന്തങ്ങൾ മനുഷ്യരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന വ്യതിയാനങ്ങളും ഇവിടെ മുഖ്യമാണ്. ദുരന്തങ്ങളുടെ വാർഷികത്തോടനുബന്ധിച്ച് വൈകാരിക പ്രതികരണമോ പെരുമാറ്റ വ്യതിയാനമോ രോഗാവസ്ഥയോ ഇവർക്ക് അനുഭവപ്പെടാം. ഇവയുടെ ലക്ഷണങ്ങൾ വാക്കാലും വാക്കേതരവും ആകാം. ദുരന്തത്തെക്കുറിച്ചുള്ള വാർഷിക പ്രതികരണങ്ങൾ പലപ്പോഴും വൈകാരികമായ ഓർമകളാൽ നയിക്കപ്പെടുന്നു. ദുഃഖം, ഉത്കണ്ഠ, കോപം, നൊസ്റ്റാൾജിയ തുടങ്ങിയ പലതരം മനോ നിലകളിലൂടെ ഇത്തരമവസ്ഥ പ്രകടമാകും. ഇത് വൈകാരികവും പെരുമാറ്റപരവുമായ മാറ്റങ്ങൾക്കിടയാക്കും. ഉറക്കക്കുറവ്, സാമൂഹ്യമായി ഉൾവലിഞ്ഞുള്ള ഏകാന്തത തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ, മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ (psycho -somatic problems, psycho- social issues) എന്നിവയ്ക്കുമിടയാക്കും’’
‘‘മറ്റൊരു കാര്യം, മനഃശാസ്ത്രപരവും ന്യൂറോ ബയോളജിക്കൽ ഘടകങ്ങളും തമ്മിലുള്ള ഇടപെടൽ രോഗപ്രതിരോധസംവിധാനത്തെ സ്വാധീനിക്കും. ഇത് ശാരീരികാരോഗ്യത്തെ ബാധിക്കും. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട വ്യക്തികൾക്ക് ആ വ്യക്തിയുടെ മരണ ദിവസത്തോടനുബന്ധിച്ച് വാർഷിക പ്രതികരണങ്ങൾ അനുഭവപ്പെടാറുണ്ട്. ആഘാതകരമായ സംഭവങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർക്കും ഇങ്ങനെ വാർഷിക പ്രതികരണങ്ങൾ അനുഭവപ്പെട്ടേക്കാം. ഇതുമായി ബന്ധപ്പെട്ട വികാരങ്ങളും ഓർമ്മകളും ഇവരിൽ പുനരുജ്ജീവക്കാനും ഇടയുണ്ട്’’.

ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് വിദഗ്ധ ചികിത്സ, കൗൺസിലിംഗ്, പിന്തുണ, തെറാപ്പി എന്നിവ ആവശ്യമാണെന്ന് ടി.പി. ബാബു പറയുന്നു:
‘‘വ്യക്തികൾക്കൂം സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും ഈ വൈകാരിക പ്രതികരണങ്ങളെ നന്നായി ഉൾക്കൊള്ളാനും അവരുടെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും ആരോഗ്യകരമായി തന്നെ അഭിസംബോധന ചെയ്യാനും കഴിയും. അത് നടപ്പിലാക്കുന്നതിനുള്ള ഫലപ്രദമായ ശാസ്ത്രീയ സംവിധാനങ്ങൾ, സർക്കാർ വകുപ്പുകളുടെയും സന്നദ്ധ പങ്കാളിത്തത്തിന്റെയും ഏകോപനത്തോടെ വികസിപ്പിക്കാനാകും. സുഹൃത്തുക്കൾ, കുടുംബം എന്നിവരുടെ സഹായത്തോടെ തെറാപ്പി പോലുള്ള പിന്തുണാ സംവിധാനം പ്രയോജനപ്പെടുത്തി വ്യക്തികളുടെ വാർഷിക പ്രതികരണങ്ങളെ നേരിടാം. സ്വയം പരിചരണവും പ്രാധാന്യമർഹിക്കുന്നു. വ്യായാമം, ശ്രദ്ധാകേന്ദ്രീകരണം തുടങ്ങിയ സ്വയം പരിചരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വികാരങ്ങളെ നിയന്ത്രിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും’’.
പ്രകൃതിദുരന്തങ്ങൾ നൽകിയ പാഠങ്ങളുടെ പശ്ചാത്തലത്തെ ഇവ്വിധം ഓർത്തെടുക്കാനും വിവേകത്തോടെ അതിനെ സമീപിക്കുവാനും മനുഷ്യർക്ക് സാധ്യമാവണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.
