'കോടതിയിൽ പോലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്നത് ഭയപ്പെടുത്തുന്നു'; മെമറികാർഡ് ഹാഷ് വാല്യു മാറിയതിൽ അതിജീവിത

Think

നടിക്കെതിരായ ലൈംഗികാതിക്രമകേസിലെ പ്രധാന തെളിവായ മെമ്മറികാർഡിന്റെ അനധികൃത പരിശോധനയുമായി ബന്ധപ്പെട്ട് കോടതിക്കെതിരെ രൂക്ഷവിമർശനവുമായി അതിജീവിത. മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ വിചാരണകോടതി നടത്തിയ ജൂഡീഷ്യൽ അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭിച്ചെന്നും വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും അതിജീവിത. കോടതിയിൽ സമർപ്പിച്ച മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ പലവട്ടം കൈമാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഒരു വ്യക്തിയെന്ന നിലയ്ക്ക് രാജ്യത്തെ ഭരണഘടന അനുവദിച്ച സ്വകാര്യതയെന്ന മൗലിക അവകാശമാണെന്നും അതിജീവിത പറഞ്ഞു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അതിജീവിതയുട പ്രതികരണം.

നീതി നടപ്പിലാക്കേണ്ട കോടതിയിൽ പോലും സ്വകാര്യത സുരക്ഷിതമല്ലെന്ന വസ്തുത ഭയമുണ്ടാക്കുന്നതാണ്. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയിൽ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണ്. പക്ഷേ സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ പോരാട്ടം തുടരും

നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ്

കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച അന്വേഷണത്തിലെ സാക്ഷിമൊഴിയുടെ പകർപ്പുകൾ അതിജീവിതയ്ക്ക് നൽകാൻ ഹൈക്കോടതി ഉത്തരിവിട്ടിരുന്നു. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവുകൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗ്ഗീസ് നൽകിയിരിക്കുന്ന റിപ്പോർട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും വിഷയം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക പോലീസ് ടീം അന്വേഷിക്കണമെന്നുമുള്ള അതിജീവിതയുടെ ഹർജിയിലായിരുന്നു ഉത്തരവ്.

മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മുന്ന് തവണ പരിശോധിക്കപ്പെട്ടതായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. 2018 ജനുവരി 9ന് അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദും ഡിസംബര്‍ 13ന് എറണാകുളം സെഷന്‍സ് കോടതി ബെഞ്ച് ക്ലര്‍ക്ക് മഹേഷ് മോഹനും 2021 ജുലൈ 1 ന് താജുദ്ധീനും പരിശോധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യവുമായി അതിജീവിത ഹൈക്കോടതിയ സമീപിച്ചിട്ടുണ്ട്. തന്റെ ആരോപണങ്ങള്‍ ശരിവെക്കുന്നുണ്ടെങ്കിലും ഈ അന്വേഷണത്തിന്റെ നിയമപരമായ സാധുത ചോദ്യം ചെയ്താണ് അതീജിവീത വീണ്ടും ഹെക്കോടതിയെ സമീപിച്ചത്.

മെമ്മറി കാർഡ് പരിശോധനയുമായി ബന്ധപ്പെട്ട് സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്നും അതിജീവിത ഹർജിയിൽ കുറ്റപ്പെടുത്തിയിരുന്നു. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണം നടത്തിയത്. അതിനാൽ റിപ്പോർട്ട് തള്ളണമെന്നുമായിരുന്നു ഹർജിയിലെ വാദം. അന്വേഷണം നടത്തിയത് ഇൻകാമറ നടപടികളിലൂടെയാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന പരാതിക്കാരിയുടെ ആവശ്യം മൗലികാവകാശമാണെന്നും അതിജീവിതക്ക് വേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകൻ അഡ്വ. ഗൗരവ് അഗർവാൾ ആവശ്യപ്പെട്ടിരുന്നു.

Comments