ബ്രിട്ടാസിനെതിരെ നിരന്തര ഭീഷണി; പിന്നിൽ സംഘപരിവാർ പൊളിഞ്ഞതിന്റെ പരിഭ്രാന്തി

‘‘സഹനടന്മാർ, ഉപനടന്മാർ, എന്നതിനുപകരം സഹതാപ നടന്മാർ എന്നൊരു പുതിയ വിഭാഗത്തെ ഞാൻ സൃഷ്ടിക്കുകയാണ്. അതിലാണ് ബഷീറും ഫിറോസുമെല്ലാം വരുന്നത്. ആ വേദിയിൽ മുസ്​ലിംലീഗിനെകുറിച്ചോ, യു.ഡി. എഫിനെകുറിച്ചോ കോൺഗ്രസിനെക്കുറിച്ചോ ഞാൻ ഒരക്ഷരം പറഞ്ഞില്ല. സംഘപരിവാറിന്റെ ഗൂഢതന്ത്രത്തെകുറിച്ചും, മുസ്​ലിംകൾക്കും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും കിട്ടേണ്ട പ്രാതിനിധ്യത്തെ കുറിച്ചുമാണ്. എന്തുകൊണ്ട് ഇവർ എനിക്കെതിരെ തിരിഞ്ഞു’’, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്​ സംസാരിക്കുന്നു.

മനില സി. മോഹൻ: കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്ന് ആരോപിച്ച് താങ്കൾക്കെതിരെ രാജ്യസഭാ ചെയർമാന് ബി.ജെ.പി പരാതി നൽകിയിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറാണ്​ സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ബ്രിട്ടാസ് നടത്തിയ പ്രസംഗമെന്നാണ് പരാതി. നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗം കേട്ടിട്ടുള്ള ഒരാളെ സംബന്ധിച്ച് ഈ പരാതി, വസ്തുതകളെ വളച്ചൊടിച്ചതും നുണയുമാണ് എന്ന് മനസ്സിലാവും. താങ്കൾക്ക് എന്താണ് ഇപ്പോൾ തോന്നുന്നത്?

ജോൺ ബ്രിട്ടാസ്: എങ്ങനെയാണ് ആളുകളെ ഇത്രത്തോളം പരിഹസിക്കാൻ ബി.ജെ.പിക്ക് കഴിയുന്നത് എന്ന കാര്യമാണ് എന്നെ ഞെട്ടിപ്പിക്കുന്നത്. കാരണം, പരാതിയിൽ പറഞ്ഞ വിഷയങ്ങൾ, 24 കാരറ്റ് ‘മൂല്യ'ത്തിൽ പ്രയോഗത്തിൽ വരുത്തിക്കൊണ്ടിരിക്കുന്നവരാണിവർ. ഇന്ത്യ എന്ന രാജ്യം ഈ രൂപത്തിലേക്ക് എത്തിയതിന്റെ ഏറ്റവും പ്രധാന കാരണം ഇവരുടെ കലാപ മനസ്സും വിഷ- വിദ്വേഷ പ്രചാരണവുമാണ്. ചെന്നായ ആട്ടിൻകുട്ടിയോടു പറഞ്ഞ അതേ ന്യായമാണ് ഇവരുടെ ഈ പരാതിയിൽനിന്ന് വ്യക്തമാകുന്നത്. ബാബരി മസ്ജിദിന്റെ തകർച്ച സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നല്ലോ അല്ലേ? ഗുജറാത്തിൽ 3000ലേറെ പേരെ കൊലപ്പെടുത്തിയതും വർഗീയ കലാപങ്ങളുമൊക്കെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നോ? കർണാടകയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഏതെങ്കിലും സ്വാതന്ത്ര്യ സമര പ്രക്ഷോഭമാണോ? കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തത്, കാനയും റോഡും പണിയലല്ല നമ്മുടെ പണി, ലൗ ജിഹാദിൽ കയറിപ്പിടിക്കണം എന്നാണ്. സമൂഹത്തെ കൂട്ടിയിണക്കാൻ ബി.ജെ.പി നടത്തുന്ന പെടാപാടുകളുടെ ഉദാഹരണങ്ങളാണല്ലോ ഇവയെല്ലാം!

ഇവർ ചെയ്യുന്നത് എന്താണ് എന്ന് നമ്മൾ ജനങ്ങളോട് പറയുമ്പോൾ ഇവർക്കുണ്ടാകുന്ന പരിഭ്രാന്തിയാണ് ഈ പരാതിയിൽ പ്രതിഫലിക്കുന്നത്. ഇവരുടെ ഗൂഢലക്ഷ്യങ്ങൾ ആരെങ്കിലും തുറന്നുകാട്ടിയാലുടൻ അവർ ചുവപ്പു ഫ്‌ളാഗുമായി രംഗത്തുവരും. എന്നിട്ട് അവർ തീരുമാനിക്കും, ഇന്ത്യയിലെ നമ്മുടെ സംവാദങ്ങൾ ഏതു തരത്തിലായിരിക്കണം എന്ന്. അവർ ഡിക്‌റ്റേറ്റ് ചെയ്യുന്ന, നിർദ്ദേശിക്കുന്ന രൂപത്തിലും ഭാവത്തിലുമായിരിക്കണം രാജ്യത്ത് സംവാദങ്ങൾ നടക്കേണ്ടത് എന്നാണ് അവരുടെ ധാർഷ്ട്യം. ആ സംവാദങ്ങളിൽ ഒരിക്കലും അവരുടെ തനിനിറം അനാവരണം ചെയ്യപ്പെടാൻ പാടില്ല. ആ ധാർഷ്ട്യവും ധിക്കാരവുമാണ് ഈ പരാതിയിൽ പ്രതിഫലിക്കുന്നത്.

താങ്കൾ പ്രസംഗത്തിൽ പറഞ്ഞ കാര്യം, നിങ്ങൾ കാണിക്കുന്ന ഇൻക്ലൂസിവിറ്റി അവർ തിരിച്ച് കാണിക്കുമോ എന്ന് ആലോചിക്കണം എന്നാണ്. അതൊരു നിർണായക ചോദ്യമാണ്. സംഘപരിവാർ വേദികളിൽ അതിനു പുറത്തുള്ള ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മതേതര മുഖം ഉണ്ടാക്കുന്ന, സ്വീകാര്യതയുണ്ടാക്കുന്ന രീതിയുണ്ട്. നമ്മൾ പലപ്പോഴും അതിനെ വിമർശന വിധേയമാക്കിയിട്ടുമുണ്ട്. എന്നാൽ മുജാഹിദ് വേദിയിൽ ഇപ്പോൾ ബി.ജെ.പി നേതാക്കളെ പങ്കെടുപ്പിച്ചതിന് പിന്നിൽ നിസ്സഹായതയുടെ തലം കൂടിയുണ്ട് എന്ന് തോന്നുന്നു. അതായത് ബി.ജെ.പിയെ, ആർ.എസ്.എസ്സിനെയൊക്കെ ഏതെങ്കിലും തരത്തിൽ ഉൾക്കൊള്ളിച്ചില്ല എങ്കിൽ നിലനിൽപ് തന്നെ പ്രശ്‌നമാവുന്ന തരത്തിലേക്ക് മുസ്​ലിം സംഘടനകൾ മാറുന്നുണ്ടോ എന്ന സംശയമുണ്ട്. അതാണോ യാഥാർത്ഥ്യം?

ഇതിന് രണ്ട് വശങ്ങളുണ്ട്. ന്യൂനപക്ഷങ്ങളെ ചൂഴ്ന്നുനിൽക്കുന്ന ഭയത്തെയും നിസ്സഹായാവസ്ഥയെയും ചൂഷണം ചെയ്യുക എന്ന വശമാണ് ഒന്ന്. അത് പ്രകടമാണ്, അതിന് ഏതെല്ലാം വശങ്ങളെ അവലംബിക്കാൻ പറ്റുമോ അതെല്ലാം ചെയ്യുന്നുണ്ട്. അവരുടെ കൈയിലുള്ള അധികാരത്തിന്റെ എല്ലാ തലങ്ങളും അതിനായി വിപുലീകരിക്കുന്നുണ്ട്. ഒരു ന്യൂനപക്ഷ സമുദായ നേതാവും ഒരു പരിധിക്കപ്പുറത്ത് ബി.ജെ.പിക്കോ ബി.ജെ.പി സർക്കാറിനോ എതിരെ വിമർശനം അഴിച്ചുവിടുന്നത് നമ്മൾ കാണുന്നില്ല. അത് അവസാനിച്ചു കഴിഞ്ഞു. തുടക്കത്തിലുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത് പൂർണമായും നിലച്ചു. ഈ അവസ്ഥ സൃഷ്ടിക്കാൻ കാരണമായ ഭയത്തിന്റെയും നിസ്സഹായതയുടെയും ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ബി.ജെ.പി വിജയിച്ചിട്ടുണ്ട്.

രണ്ടാമത്തെ കാര്യമാണ് പ്രധാനം. ഇവർ ഇന്ന് എനിക്കെതിരെ വലിയ കോപ്പുകൂട്ടൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ ആർ.എസ്.എസ് പ്രസിദ്ധീകരണങ്ങളിൽ എനിക്കെതിരെ ലേഖനങ്ങളും ചർച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് ഫോണെടുക്കാൻ പറ്റാത്ത തരത്തിലുള്ള ഭീഷണികൾ വന്നുകൊണ്ടിരിക്കുന്നു. അറിയാവുന്ന നമ്പറുകൾ മാത്രമേ ഇപ്പോൾ എടുക്കാൻ കഴിയുന്നുള്ളൂ, അല്ലാത്ത നമ്പറുകളിൽനിന്നൊക്കെ ഭീഷണികളാണ്. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമ ആക്രമണങ്ങൾ വേറെയും. നമ്മുടെ കുടുംബത്തെയും മറ്റും തകർക്കും എന്നു പറയുന്ന ചെറിയൊരു ഭയപ്പെടുത്തലല്ല ഇത്, ഇതൊരു പ്രോസസാണ്. ഒരിടത്തിരുന്ന്, ഒരു സംഘം ആസൂത്രിതമായി ഇങ്ങനെ നടത്തുന്ന ആക്രമണത്തിനെതിരെ നമ്മൾ പരാതി കൊടുത്താലും അവർക്കൊന്നുമില്ല. എത്രപേർക്കെതിരെയാണ് പരാതി കൊടുക്കുക? അതിന് നമുക്ക് സമയമുണ്ടോ? ഇതെല്ലാം അവർക്കറിയാം.

എന്തുകൊണ്ടാണ് ഇവർക്കിത്രയും പരിഭ്രാന്തി? ഈ അടുത്ത കാലത്ത് തന്ത്രപരവും സുപ്രധാനവുമായ ഒരു തീരുമാനം ഇവരെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യ ലക്ഷ്യമാക്കിയുള്ള ബി.ജെ.പി തന്ത്രത്തെക്കുറിച്ച് ‘സൗത്ത് മിഷൻ പ്ലാൻ' എന്ന തരത്തിൽ, അതിനായി ഹൈദരാബാദിൽ ഒരു കോൺക്ലേവ് നടത്തിയതിനെക്കുറിച്ച്, മാധ്യമങ്ങളിൽ ഉപരിപ്ലവമായ ചില വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ കേരളത്തിൽ അവർ സ്വീകരിച്ചിരിക്കുന്നത് ഒരു ഉന്നതതല തന്ത്രമാണ്. ഹിന്ദു വിഭാഗത്തിന്റെ തന്നെ, പ്രത്യേകിച്ച്, അവരോട് മുഖംതിരിച്ചുനിൽക്കുന്ന മതനിരപേക്ഷ ഹിന്ദുക്കളുടെ പിന്തുണ കിട്ടണമെങ്കിൽ ന്യൂനപക്ഷ വേദികളെയാണ് ആദ്യം ടാർഗറ്റ് ചെയ്യേണ്ടത് എന്ന് അവർ തീരുമാനിച്ചിട്ടുണ്ട്. അതായത്, ലഭിക്കാവുന്ന മുസ്​ലിം വേദികൾ ഒക്കെ ഉപയോഗപ്പെടുത്തുക. അവിടെപ്പോയി, ഒരു വിശാല ഇന്ത്യയെക്കുറിച്ചും എല്ലാ വിഭാഗങ്ങളെയും ഇൻക്ലൂഡ് ചെയ്യുന്നതിനെക്കുറിച്ചും ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും നരേന്ദ്രമോദി എത്രത്തോളം സ്വീകാര്യനാണ് എന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കും. ‘നിങ്ങളുടെ ഭയാശങ്കകൾ നിരർഥകമാണ്', ‘നിങ്ങളുടെ അഭിവൃദ്ധി ഞങ്ങൾ ഉറപ്പുവരുത്തും' എന്നൊക്കെ പറഞ്ഞ് ‘ഞങ്ങളല്ലാതെ നിങ്ങൾക്ക് വേറെ ആരാണുള്ളത്' എന്ന ചോദ്യമെറിയും. നിങ്ങൾക്ക് ഞങ്ങൾ ഒരലോസരവും സൃഷ്ടിക്കില്ല, അതുകൊണ്ട് ഞങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നതല്ലേ നല്ലത് എന്നാണ് ഈ ചോദ്യത്തിന്റെ അർഥം. ഇങ്ങനെ മുസ്​ലിം വേദികളെ തന്ത്രപരമായി ഉപയോഗിക്കുക. ഇവിടെനിന്നിറങ്ങി, തൊട്ടപ്പുറത്ത്, ക്രൈസ്തവർക്കരികിലേക്ക് പോയി അവരുടെ സ്വന്തം ആൾക്കാരാകുക. എങ്ങനെ? അവർക്ക് മുമ്പ് കിട്ടിയിരുന്ന കോൺഗ്രസിന്റെ രക്ഷാകർതൃത്വം തങ്ങൾ റീപ്ലെയ്‌സ് ചെയ്തുതരാം എന്ന ഉറപ്പുകൊടുക്കുക. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കയുമൊന്നും നയിക്കുന്ന കോൺഗ്രസിന് ഇന്ത്യയെ നയിക്കാൻ പ്രാപ്തിയില്ലെന്നും അവരിൽ നിന്ന് നിങ്ങൾക്ക് കിട്ടിയിരുന്ന പാട്രനേജ് ഞങ്ങൾ തരാം, ഞങ്ങളിലൊരാളായി നിങ്ങളെ കാണാം എന്നെല്ലാം പറയും.
അതോടൊപ്പം ഒന്നുകൂടി പറയും: ‘നിങ്ങളുടെ വിശ്വാസത്തെയും സമൂഹത്തേയും വിശ്വാസികളെയും ഇല്ലായ്മ ചെയ്യാനാണ് മുസ്​ലിംകൾ ശ്രമിക്കുന്നത്. ലൗവ് ജിഹാദിലൂടെ നിങ്ങളുടെ കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നതു കണ്ടില്ലേ, അവരെ തീവ്രവാദികളാക്കുന്നത് കണ്ടില്ലേ?' അങ്ങനെ അവിടെ നിന്നിറങ്ങി തൊട്ടപ്പുറത്ത് പോയി വേറൊരു വേദിയിൽ പോയി സംസാരിക്കുന്നത് ഇങ്ങനെയാണ്. അതിലും കുറച്ച് പേർ ആകൃഷ്ടരാകും. അതിലും ഭയത്തിന്റേയും നിസ്സഹായതയുടേയും താത്പര്യങ്ങളുടേയും കൂടി സംഗമമുണ്ട്. അതാർക്കും മനസ്സിലാവാത്ത കാര്യമാണ്. ഇതാണ് അവരുടെ സ് സ്ട്രാറ്റജി.

ഇത് കാണുന്ന ഒരു ശരാശരി മതനിരപേക്ഷ ഹിന്ദു ആശ്ചര്യപ്പെടും. യഥാർഥത്തിൽ എതിർക്കേണ്ട ഇവർക്കൊക്കെ അവർ സ്വീകാര്യരാകുന്നു. അവർക്കൊന്നും ഒരു പരാതിയും പ്രശ്നങ്ങളും ഇല്ല. പിന്നെ ഞാൻ എന്തിനാണ് അവരുമായി പ്രശ്നം വെയ്ക്കുന്നത്. ഈ ത്രീ കോർണേഡ് സ്​ട്രാറ്റജിയാണ് അവർ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോഴുള്ള ഈ സാഹചര്യം. ഈ സ്ട്രാറ്റജിക്ക് കിട്ടിയ കനത്ത പ്രഹരമായിരുന്നു ഒരു പക്ഷേ എന്റെ പ്രസംഗം. അതാണ് ഇവരെ ഇത്രത്തോളം പ്രകോപിതരാക്കിയത്.

ഞാൻ പറഞ്ഞ എല്ലാ കാര്യങ്ങൾ - ബാബരി മസ്ജിദിന്റെ വിഷയവും കലാപങ്ങളുടെ കാര്യവും റപ്രസന്റേഷൻ ഇല്ലാത്തതുമൊക്കെ- ഞാൻ പാർലമെന്റിൽ മുൻപ് പ്രസംഗിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ജുഡീഷ്യറിയിൽ റപ്രസന്റേഷൻ ഇല്ലാത്തതിനെ കുറിച്ച് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്​. അന്ന് ഇല്ലാത്ത പ്രശ്നം ഇപ്പോൾ ഉണ്ടായത് എന്തുകൊണ്ടാണ്? ഇവരുടെ ഈ ഗ്രാൻറ്​ സ്ട്രാറ്റജിക്ക് കിട്ടിയ വലിയ പ്രഹരം യഥാർഥത്തിൽ അവരുടെ സമനിലവിടുന്നതിന് കാരണമായിട്ടുണ്ട്.

മതനിരപേക്ഷ വിശ്വാസികൾക്ക് ഒരു പക്ഷേ ഈ സ്ട്രാറ്റജി മനസ്സിലായിട്ടില്ല. ഈ സ്ട്രാറ്റജി കേരളത്തിലെ മാധ്യമങ്ങൾ, അവർക്ക് അറിയാത്തതുകൊണ്ടോ അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാതെ നടിച്ചതുകൊണ്ടോ ഒരിക്കലും പുറത്തുവിട്ടിട്ടില്ല. ഇത് ഇപ്പോൾ മാത്രം ആരംഭിച്ച സ്ട്രാറ്റജിയാണ്. ഇതാണ് ആ രണ്ട് വശങ്ങൾ. ഏറ്റവും പ്രധാനപ്പെട്ട പ്രശ്നവും. യഥാർഥത്തിൽ കോഴിക്കോടിന്റെ ബാക്കിപത്രമെന്ന് പറയാവുന്നത് ഈ സംഭവമാണ്.

ഫോൺ വിളികളും വിദ്വേഷ പ്രചാരണവും അവരുടെ ഒരു പാറ്റേണാണ്. ഒരു ടാർജറ്റ്​ നിശ്ചയിച്ച് കഴിഞ്ഞാൽ അതിനെ നിരന്തരം പിന്തുടർന്ന് പല തരത്തിൽ നശിപ്പിക്കുക എന്നത് സംഘപരിവാറിന്റെ കാലങ്ങളായ രീതിയാണ്. എന്നാൽ ഈ പ്രസംഗം മാത്രമാണോ താങ്കൾക്കെതിരായ സംഘടിത നീക്കത്തിന്റെ കാരണം എന്നു കരുതുന്നുണ്ടോ? കുറച്ച് കാലമായി താങ്കൾ രാജ്യസഭയിൽ പല പല വിഷയങ്ങളിൽ വസ്തുതകൾ വെച്ച്​ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളും പ്രസംഗങ്ങളും ഉണ്ട്. അതിന് സ്വീകാര്യത കിട്ടുകയും മാധ്യമശ്രദ്ധയിലേക്ക് വരികയും ചെയ്തിട്ടുണ്ട്. അതും ഇങ്ങനെ ടാർജറ്റ് ചെയ്യപ്പെടാനുള്ള കാരണമായിരിക്കുമോ?

സ്വാഭാവികമായും. രാജ്യസഭയിൽ നമ്മൾ സംസാരിക്കുമ്പോൾ, അല്ലെങ്കിൽ ഒരു മന്ത്രി സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദയൊന്നും അവർ കാണിക്കാറില്ല. അവർ എങ്ങനെയെങ്കിലും തടസ്സപ്പെടുത്തികൊണ്ടിരിക്കും. എന്റെ പ്രസംഗം എത്രയോ തവണ വി. മുരളീധരൻ തടസ്സപ്പെടുത്തിയിട്ടുണ്ട്. സാധാരണ, മന്ത്രിമാരൊന്നും അങ്ങനെ തടസ്സപ്പെടുത്താൻ നിൽക്കാറില്ല. ഞാനും അദ്ദേഹവും തമ്മിൽ സഭയിൽ വാഗ്വാദങ്ങളുണ്ടായിട്ടുണ്ട്. ഒരുപക്ഷേ അവരുടെ ഗൂഢ ഉദ്ദേശ്യങ്ങളെയും തന്ത്രങ്ങളെയും നമ്മൾ തിരിച്ചറിയുന്നു, അതിനെതിരേ വാചാലമാകുന്നു, ശക്തമായി പ്രതികരിക്കുന്നു എന്നതുകൊണ്ടാവാം അവരിപ്പോൾ എന്നെ ഏറ്റവും വലിയ പ്രശ്നമായി കാണുന്നത്. അതായത് അവരുടെ യാഥാർഥ്യം തുറന്നുകാട്ടുന്നവരെ അവർക്ക് സഹിക്കില്ല. അവർക്കെതിരെ പറയുന്നവരെ പല രൂപത്തിലും വഴക്കിയെടുക്കാൻ ശ്രമിക്കും. അതിന് പറ്റിയില്ലെങ്കിൽ ഭീഷണിപ്പെടുത്തും. ദുഷ്​പ്രചാരണം നടത്തും.

ഉദാഹരണത്തിന് നമ്മുടെയൊക്കെ സോഷ്യൽ മീഡിയ പേജുകളിലും മറ്റും അവർ പടച്ചുവിടുന്നത് നോക്കിയാൽ മതി. ഞാൻ ഇന്നുവരെ ഒരു സൈബർ അറ്റാക്കിനും ആരോടും പരാതിപ്പെടാൻ പോയിട്ടില്ല, പോവുന്നില്ല. കാരണം ഇവരുടെ അടിസ്ഥാനപരമായ കൾച്ചർ എന്താണെന്ന് ഈ സൈബർ അറ്റാക്കുക്കളിൽ നിന്ന്​ മനസ്സിലാക്കാം. എത്ര വൃത്തികെട്ട ഭാഷയാണ് ഉപയോഗിക്കുന്നത്. നമ്മളെത്ര വിചാരിച്ചാലും അതിന് മാറ്റമുണ്ടാകില്ല.

മുജാഹിദ് സമ്മേളന വേദിയിൽ സംസാരിക്കുമ്പോൾ, നിങ്ങൾക്ക് നിങ്ങളുടെ സംവാദംകൊണ്ട് ആർ.എസ്.എസ്സിന്റെ തനതായ സംസ്‌കാരത്തെ മാറ്റാൻ കഴിയുമോ എന്നൊരു ചോദ്യം താങ്കൾ ചോദിച്ചിരുന്നല്ലോ. ആ ചോദ്യത്തെയും അവർ വളച്ചൊടിച്ചിട്ടുണ്ട്. സംവാദം കൊണ്ട് കാര്യമില്ലെന്നും സംഘർഷമാണ് വേണ്ടതെന്നും താങ്കൾ പ്രസംഗിച്ചു എന്നാണ് കെ. സുരേന്ദ്രന്റെ ഭാഷ്യം.

ആ ചോദ്യം യഥാർഥത്തിൽ എനിക്ക് തൊട്ടുമുൻപ് സംസാരിച്ച മുൻ തെരഞ്ഞെടുപ്പ് കമീഷണറായ എസ്. വൈ. ഖുറൈഷിയോടാണ് ചോദിച്ചത്. അദ്ദേഹം വേദിയിലിരിക്കുന്നുണ്ട്​. അതുകൊണ്ടാണ് ആ ചോദ്യം ഇംഗ്ലീഷിൽ ആവർത്തിച്ചത്. അതല്ലാതെ ആ സമ്മേളനത്തിൽ ഇംഗ്ലീഷിൽ സംസാരിക്കേണ്ട ആവശ്യമില്ലല്ലോ. അദ്ദേഹത്തോട് അങ്ങനെയൊരു ചോദ്യം ചോദിച്ചത് എന്തുകൊണ്ടെന്നാൽ അദ്ദേഹവും മൂന്നുനാല്​ മുസ്​ലിം ബുദ്ധിജീവികളും ഏതാനും മാസങ്ങൾക്ക് മുൻപ് ആഘോഷപൂർവ്വം ഡൽഹിയിലെ ആർ.എസ്.എസ് മന്ദിർ സന്ദർശിച്ചിരുന്നു. അതിന് വലിയ മാധ്യമശ്രദ്ധ കിട്ടി. അവിടെ ആർ.എസ്.എസ് ആചാര്യൻ മോഹൻ ഭാഗവതിനെ കാണുന്നു. മോഹൻ ഭാഗവതിന്റെ ലാളിത്യത്തെകുറിച്ചും അദ്ദേഹം തങ്ങളുടെ വാക്കുകൾ ശ്രദ്ധിച്ച് കേട്ടതിനെക്കുറിച്ചും അവർ വാചാലമാകുന്നു. ഇന്ന് ഇന്ത്യയിലുള്ള ഈ വിഭജനത്തിന്റെയും വലിയ പ്രതിസന്ധിയുടേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള സംവാദം ആരംഭിക്കുന്നു. ചർച്ചക്കൊടുവിൽ മോഹൻ ഭാഗവതിനെ അവർ ഡൽഹിയിലുള്ള ഒരു മസ്ജിദിൽ കൊണ്ടുവരുന്നു, ഇത് വലിയൊരാഘോഷമായി ഡൽഹിയിലെ മാധ്യമങ്ങൾ കൊണ്ടാടുന്നു.

മുസ്​ലിം ന്യൂനപക്ഷവുമായി ബന്ധപ്പെട്ട അല്ലെങ്കിൽ പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട ബി.ജെ.പിയുടേയോ ആർ.എസ്.എസ്സിന്റേയോ ഏതെങ്കിലുമൊരു ഡിസ്‌കോഴ്സിൽ അണുവിട മാറ്റം വരുത്താൻ ഇതുകൊണ്ട് സാധിച്ചോ? ഇല്ല. അതിനുശേഷമാണല്ലോ ഗുജറാത്ത് ഇലക്ഷനും ബന്ധപ്പെട്ട സംഭവങ്ങളും നടന്നത്. ഉണ്ടായിരുന്ന റപ്രസെന്റേഷൻ കൂടി ഇല്ലാതാവുകയല്ലേ ചെയ്തത്. ആ പശ്ചാത്തത്തിലാണ് ഞാൻ ഖുറൈഷിയോട് ചോദിക്കുന്നത്, നിങ്ങൾ ഈ സംവാദം കൊണ്ട് ആർ.എസ്.എസ്സിന്റെ ക്യാരക്ടറിൽ എന്തെങ്കിലും മാറ്റം വരുത്തിയോ എന്ന്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആഘോഷിക്കപ്പെട്ട ഈ സംവാദം ആരംഭിച്ചത്. ആ പശ്ചാത്തലത്തിൽ ഞാൻ അദ്ദേഹത്തെ ഓർമപ്പെടുത്തുകയാണ് ചെയ്​തത്​, പക്ഷേ, അതിനെ മുജാഹിദുമായി കൂട്ടിച്ചേർക്കുകയാണുണ്ടായത്.

മുജാഹിദുകാരോട്​ ചോദിച്ചത്​ വളരെ കൃത്യമാണ്, ഇവരെ ഉൾക്കൊള്ളാൻ നിങ്ങൾ കാണിക്കുന്ന അതേ വിശാലതയോടെ നിങ്ങളെ ഉൾക്കൊള്ളാൻ അവർ തയ്യാറാകുമോ?. അഥവാ, അങ്ങനെ ഉൾക്കൊള്ളാൻ അവർ തയ്യാറാകുന്നില്ലെങ്കിൽ എന്തുകൊണ്ടില്ല എന്ന് തിരിച്ച് ചോദിക്കാനുള്ള ആർജ്ജവം നിങ്ങൾക്കുണ്ടാകണം എന്നാണ് പറഞ്ഞത്, അല്ലാതെ അവരെപ്പോയി അടിക്കണം എന്നല്ല.

ദേശീയ ഐക്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും മതമൈത്രിയുടെയുമെല്ലാം ഭയങ്കരമായ സൂക്തങ്ങളാണല്ലോ ദിവസവും ഇവരുടെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നത്? വിവര വിനിമയ- വാർത്താപ്രക്ഷേപണ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിയാണ് ഈയിടെ ‘ഗോലി മാരോ സാലോം കോ' എന്ന ആഹ്വാനവുമായി പരസ്യമായി രംഗത്ത് വന്നത്. ദേശഭക്തിയുടേയും ഐക്യത്തിന്റെയും സൂക്തമാണല്ലോ അത്? കഴിഞ്ഞ ദിവസമാണ് ബി.ജെ.പി എം.പി പ്രഗ്യാസിങ് കത്തി രാകിക്കൊണ്ടിരിക്കണമെന്ന് മറ്റൊരു ആഹ്വാനം നടത്തുന്നത്. ഗുജറാത്തിലെ മുസ്ലിം വംശഹത്യ ഒരു പാഠം പഠിപ്പിക്കലായിരുന്നെന്ന് പറഞ്ഞത് മറ്റാരുമല്ല, രാജ്യത്തിന്റെ അഖണ്ഡതയുടെയും ദേശീയ ഐക്യത്തിന്റെയും ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. മുഗളന്മാർ ചെയ്തതിനൊക്കെ നിങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് മറ്റൊരു താക്കീത്. ഇതെല്ലാമാണല്ലോ ഇന്ന് ഐക്യത്തിന്റെ സൂക്തങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്നത്. ഈ സുക്തങ്ങളൊക്കെ അതേപടി നമ്മളും ഉരുവിടണമെന്നാണ് ഇവർ പറയുന്നത്, ആഗ്രഹിക്കുന്നത്. ഈ തന്ത്രം പൊളിയുമെന്ന ഭയമാണ് എനിക്കെതിരെ പരാതിയുമായി രംഗത്തുവരാൻ കാരണം. പരാതി എനിക്ക് ഷോക്കായിരുന്നു. കാരണം ഇത്രത്തോളം തൊലിക്കട്ടി ഇവർക്കുണ്ടല്ലോ?

ആ വേദിയിൽ അണികളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം രസം തോന്നിയ ഒന്നായിരുന്നു. താങ്കളത് പ്രതീക്ഷിച്ചില്ല എന്നു തോന്നുന്നു.

കൈയ്യടി ഞാൻ ഒരിക്കലും പ്രതീക്ഷില്ല. യഥാർത്ഥത്തിൽ ഞാൻ കയ്യടിപ്പിച്ചതല്ല. ആ സമ്മേളനത്തക്കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണകളെ മുഴുവൻ തിരുത്തുന്ന പ്രതികരണമായിരുന്നു അത്. സമ്മേളനത്തിൽ പങ്കെടുക്കുന്ന അണികളെല്ലാം ഒരു വികാര പ്രകടനവുമില്ലാതെ പ്രസംഗങ്ങൾ കൈയുംകെട്ടി കേട്ടിരിക്കുന്നവരാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അങ്ങനെയാണ് എനിക്കു കിട്ടിയ വിവരങ്ങളും. അപ്രതീക്ഷിതമായി ഞാനീ ചോദ്യം ചോദിക്കയും അവർ കയ്യടിക്കുകയും ചെയ്തു എന്നത്, എനിക്കല്ല, മുജാഹിദ് നേതൃത്വത്തിനാണ്​ ഷോക്കായത്. മുജാഹിദ് സമ്മേളനത്തിൽ എനിക്ക് കിട്ടിയ കൈയ്യടികൾ നേതൃത്വത്തെ ഉണർത്താനുള്ള അണികളുടെ ശ്രമമായാണ് തോന്നിയത്.

ഒരു ജനാധിപത്യപ്രക്രിയ പൂർണമാകുന്നത് എല്ലാ വിഭാഗത്തെയും ചേർത്തുനിർത്താൻ കഴിയുമ്പോഴാണ്, എല്ലാവർക്കും ഒരുപോലെ പ്രാതിനിധ്യം കിട്ടുമ്പോഴാണ്. എന്നാൽ ഇന്ന് നമ്മുടെ കാര്യം ദയനീയമാണ്. ചെറിയ ദയനീയതയല്ല, പരമ ദയനീയം. ന്യൂനപക്ഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രാതിനിധ്യം എത്ര കുറവാണെന്ന് വളരെ വ്യക്തമാണ്.

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെയും ഭാര്യ മേഗന്റെയും ഒരു സീരിസ് നെറ്റ്ഫ്ളികിസിൽ വന്നിരുന്നു. അതിൽ ശ്രദ്ധേയമായ ഒരു കണ്ടെത്തലുണ്ട്. മിക്‌സ്ഡ് റേഷ്യൽ മാതാപിതാക്കളുടെ മകളായതുകൊണ്ടുതന്നെ ആദ്യ ഘട്ടത്തിൽ ബ്രിട്ടീഷ് മാധ്യമങ്ങൾ മേഗൻ മാർക്കിളിനെതിരെ അതിരൂക്ഷമായ വംശീയ ആക്രമണം നടത്തിയിരുന്നു. ഇതിന് കാരണമായി ഈ സീരീസിൽത്തന്നെ ബ്രിട്ടനിലെ പ്രധാന സാമൂഹ്യനിരീക്ഷർ ഊന്നുന്ന ഒരു കാര്യമുണ്ട്. അതായത്, ബ്രിട്ടീഷ് മീഡിയ എന്നു പറയുന്നത് വെറ്റ് ഇൻഡസ്ട്രിയാണ്. ഒരു മാധ്യമ വിദ്യാർത്ഥിയെന്ന നിലയിൽ എന്നെ കണ്ണുതുറപ്പിച്ച പ്രയോഗമാണത്- വൈറ്റ് ഇന്റസ്ട്രി. അതു കൊണ്ടു തന്നെ അവർക്ക് ഒരിക്കലും മേഗനെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. ബ്രിട്ടീഷ് പ്രസ്സിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് അവർ പറയുന്നുണ്ട്. ബ്രിട്ടനിലെ ബ്ലാക്ക് പോപ്പുലേഷൻ മൂന്ന് ശതമാനത്തിനടുത്താണ്. പക്ഷേ ബ്രിട്ടന്റെ മാധ്യമങ്ങളിലെ ബ്ലാക്ക്​ പ്രാതിനിധ്യം 0.02 ശതമാനം മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ അവിടെ വംശീയത തീവ്രമാകുന്നു. ഇത്തരം പരിപാടികളിൽ പോലും മറ്റു രാജ്യങ്ങളിൽ, ന്യൂനപക്ഷ പ്രാതിനിധ്യം ചർച്ച ചെയ്യപ്പെടുമ്പോൾ, ഒരു ജനാധിപത്യ സമൂഹത്തിൽ നമ്മൾ ആദ്യം ചർച്ച ചെയ്യേണ്ട രണ്ട് ഘടകങ്ങളിലൊന്ന്, ആ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്നവരുടെ അവകാശങ്ങളാണ്. രണ്ട്, പങ്കെടുക്കുന്നവർക്ക് കിട്ടുന്ന പ്രാതിനിധ്യവും. അതുകൊണ്ടാണ് പണ്ട് ഉന്നതകുലജാതർക്കുമാത്രം വോട്ടവകാശമുണ്ടായിരുന്ന കാലഘട്ടത്തെ ഒരു ജനാധിപത്യ സമൂഹമായി അംഗീകരിക്കാൻ കഴിയാതിരുന്നത്. പ്രാതിനിധ്യത്തിലെ ഏങ്കോണിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാതെ പോകുന്നത് എത്രമാത്രം മൗഢ്യമാണ്. വരേണ്യർക്ക് മാത്രമുണ്ടായിരുന്ന വോട്ടവകാശത്തെ ചോദ്യം ചെയ്തപ്പോൾ, അവരെ കലാപകാരികളായി മുദ്രകുത്തിയ അതേ ന്യായമാണ് ഇന്ന് ബി.ജെ.പിയും നടത്താൻ ശ്രമിക്കുന്നത്.

കോഴിക്കോട് നടന്ന മുജാഹിദ് സമ്മേളനത്തിൽ നിന്ന്

യഥാർത്ഥത്തിൽ ഇന്ത്യൻ പാർലമെന്റിനേക്കാളും പ്രസക്തം എക്സിക്യൂട്ടീവ് ആണ്. ഇന്നത്തെ അവസ്ഥ എന്താണ്? എക്സിക്യൂട്ടീവ് പാർലമെന്റിനോട് വിധേയപ്പെട്ട് കിടക്കണമെന്ന് പറയുമെങ്കിൽ പോലും ആ ഒരു അക്കൗണ്ടബിലിറ്റി ഇന്ന് ഉറപ്പുവരുത്താനാവുന്നില്ല. എക്സിക്യൂട്ടീവ് ഓവർ പവർഫുളാണ്. ആ എക്സിക്യൂട്ടീവിലെ പ്രാതിനിധ്യസ്വഭാവം എന്താണ്? മോദി ഗവൺമെന്റിന്റെ കഴിഞ്ഞ മന്ത്രിസഭാ വികസനത്തെ പ്രകീർത്തിച്ച് മാധ്യമങ്ങൾ ഭീകര റിപ്പോർട്ടുകളെഴുതി. ഉപജാതികൾക്കും, ഇതുവരെ അധികാരത്തിൽ പ്രാതിനിധ്യം ലഭിക്കാത്ത ചെറിയ ഉപജാതികൾക്കും യു.പിയിലെ മറ്റു വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകുന്നതിനുവേണ്ടിയുള്ള മാതൃകാപരമായ എക്സർസെസ് ആയിരുന്നു ഈ എക്സ്പാൻഷൻ എന്ന മട്ടിൽ. ചരിത്രത്തിലാദ്യമായി 50% ത്തിലേറെ പിന്നാക്ക- ദലിത് വിഭാഗത്തിലുള്ളവരുടേതായി ഈ മന്ത്രിസഭ മാറി എന്നും അത് ഐതിഹാസികമാണെന്നും മാധ്യമങ്ങൾ മുഖപ്രസംഗമെഴുതി. ഇങ്ങനെയെഴുതുമ്പോൾ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങളെ കുറിച്ച് പറയാനുള്ള മര്യാദ മാധ്യമങ്ങൾ കാണിക്കേണ്ടേ?. അത് പറയുന്നതാണോ വിഭജനം? നിങ്ങൾ ഈ പറയുന്ന പ്രാതിനിധ്യമില്ലാത്തവർക്ക് പ്രാതിനിധ്യം കൊടുക്കാൻ മന്ത്രിസഭാ വികസനം നടത്തുകയാണെങ്കിൽ അത് ഗംഭീരം, എന്നാൽ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങൾ ഇനിയും പുറത്തുണ്ടെന്നുപറയുമ്പോൾ അത് വിഭജനം. ഇത് തിരിച്ചറിയുകയും പറയുകയും ചെയ്യണം. അപ്പോഴാണ് ഇവരുടെ മുഖം മൂടി അഴിച്ചുമാറ്റപ്പെടുക. അതുകൊണ്ടാണ് ഇവർക്ക് ഹാലിളകുന്നത്. നേരത്തെ സൂചിപ്പിച്ച, ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും നൂതനമായ തന്ത്രത്തിന് കിട്ടിയ തിരിച്ചടിയായെതുകൊണ്ടാണ് ഈ സംഭവം ഇവർ ഇത്ര സീരിയസായി എടുത്തത്.

ഇതിലെനിക്ക് സഹതാപം തോന്നുന്ന ‘ആർട്ടിസ്റ്റുകളാ'ണ് യു.ഡി.എഫിന്റെ ചില ആളുകൾ. സഹനടന്മാർ, ഉപനടന്മാർ, എന്നതിനുപകരം സഹതാപ നടന്മാർ എന്നൊരു പുതിയ വിഭാഗത്തെ ഞാൻ സൃഷ്ടിക്കുകയാണ്. അതിലാണ് ബഷീറും ഫിറോസുമെല്ലാം വരുന്നത്. ആ വേദിയിൽ മുസ്​ലിംലീഗിനെകുറിച്ചോ, യു.ഡി. എഫിനെകുറിച്ചോ കോൺഗ്രസിനെക്കുറിച്ചോ ഞാൻ ഒരക്ഷരം പറഞ്ഞില്ല. സംഘപരിവാറിന്റെ ഗൂഢതന്ത്രത്തെകുറിച്ചും, മുസ്​ലിംകൾക്കും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും കിട്ടേണ്ട പ്രാതിനിധ്യത്തെ കുറിച്ചുമാണ്. എന്തുകൊണ്ട് ഇവർ എനിക്കെതിരെ തിരിഞ്ഞു. ഇവർ അവിടെ എന്റെ പേരെടുത്ത് പല തവണ പ്രസംഗിച്ചു. അതെന്നെ നടുക്കുന്നു. ഇവർക്ക് ചിന്താശീലം ഇത്ര നഷ്ടപ്പെട്ടോ. രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഇവർ ഇത്ര അജ്ഞരാണോ? എനിക്കവരോട് ദേഷ്യമല്ല, സഹതാപമാണ്. അതുകൊണ്ടാണ് ഞാനവരെ സഹതാപനടന്മാരെന്ന് വിളിച്ചത്.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുജാഹിദ് നേതൃത്വത്തിലുള്ള ആരെങ്കിലും വിളിച്ചിരുന്നോ?

വിവാദവുമായി ബന്ധപ്പെട്ട് മുജാഹിദ് സംഘടനയുടെ ഭാഗത്തുനിന്ന് ഒരാളും എന്നെ വിളിച്ചിട്ടില്ല, എന്നാൽ അണികളിൽ പലരും വിളിച്ച് അഭിനന്ദിച്ചു. ശക്തമായി നിലപാട് പറയുമെന്നതുകൊണ്ടാണ് നിങ്ങളെ ഞങ്ങൾ ക്ഷണിച്ചത്, അത് ശക്തമായി പറഞ്ഞു, അത് കേൾക്കാൻ തന്നെയാണ് ഞങ്ങളും വന്നത് എന്നാണ് അവരെന്നോടു പറഞ്ഞത്. എന്നാൽ, ഇത് വളച്ചൊടിച്ച് അവർക്കെതിരെയാണ് ഞാൻ സംസാരിച്ചെതെന്ന് വരുത്തിത്തീർക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നത് ശരിയാണ്. ഇങ്ങനെയുള്ള വേദികളിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ മാത്രമാണ് ഞാൻ സംസാരിച്ചത്. അവ വളരെ പ്രസക്തമാണ്. അത് ഞാൻ പാർലമെന്റിൽ ഉന്നയിച്ചതാണ്.

മുജാഹിദ് സമ്മേളനത്തിന്റെ ഉത്ഘാടന ചടങ്ങിൽ ശ്രീധരൻ പിള്ള സംസാരിക്കുന്നു

പ്രതിനിധ്യത്തെക്കുറിച്ചും പ്രാതിനിധ്യമില്ലായ്മയെക്കുറിച്ചും പാർലമെന്റിൽ ഞാനടക്കമുള്ളവർ ചർച്ച ചെയ്യുന്നതാണ്. ഇന്ത്യപോലൊരു രാജ്യത്ത് ഒരു പിന്നാക്ക- ദലിത്- ന്യൂനപക്ഷ ജഡ്ജി ഉന്നത നീതിപീഠത്തിൽ വരാൻ 80 കൾ വരെ കാത്തുനിൽക്കേണ്ടി വന്നു എന്നുപറയുന്നത് നമുക്ക് അപമാനകരമല്ലേ എന്ന് ഞാൻ എടുത്തെടുത്ത് പാർലമെന്റിൽ ചോദിച്ചിട്ടുണ്ട്. അതിനപ്പുറമല്ലല്ലോ ഇത്.
പിന്നെ യൂണിഫോം സിവിൽ കോഡ് എന്നുപറഞ്ഞ് ഏത് കോഡാണ് അടിച്ചേൽപ്പിക്കുന്നത്? എന്തുകൊണ്ടാണ് 21-ാം ലോ കമീഷൻ ഇങ്ങനെയൊരു യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല, അതിന്റെ പ്രസക്തിയില്ല എന്നുപറഞ്ഞത് എന്തുകൊണ്ട് എന്ന് ഞാൻ എത്രയോ തവണ അവിടെ ചോദിച്ചിട്ടുള്ളതാണ്. ഇതെല്ലാം ഞാനവിടെ ഉയർത്തുന്ന വിഷയങ്ങളാണ്. ഡൽഹിയിലില്ലാത്ത തർക്കം യു.ഡി.എഫുകാർക്ക് എന്തുകൊണ്ടാണ് ഇവിടെയുണ്ടായതെന്ന് മനസിലാവുന്നില്ല.

എനിക്കുതോന്നുന്നത്, സംഘപരിവാറിന്റെ തന്ത്രം പൊളിഞ്ഞപ്പോൾ അവരൊന്ന് സ്തംഭിച്ചുനിന്നു. അവർക്ക് അതിനോട് എങ്ങനെ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. അതുകൊണ്ടാണ് ആദ്യ ദിവസങ്ങളിൽ അവർ മൗനികളായിരുന്നത്. അപ്പോഴാണ് ഈ പറഞ്ഞ സഹതാപനടന്മാരിറങ്ങി, നിങ്ങളെന്താണ് ബ്രിട്ടാസിന്റെ രക്തത്തിന് വേണ്ടി പോവാത്തത്? നിങ്ങൾ പോയി ബ്രിട്ടാസിന്റെ രക്തം കുടിക്ക് എന്ന് ആഹ്വാനം ചെയ്യുന്നത്. തന്ത്രം പൊളിഞ്ഞ് സ്തംഭിച്ചു നിന്ന സംഘ്പരിവാറിനെ പ്രചോദിപ്പിച്ചത് ഈ പറഞ്ഞ സഹതാപനടന്മാരാണ്.

Comments