വ്യാജ ഏറ്റുമുട്ടൽ കൊലയാണ്​, തെളിവുണ്ട്​, എന്നിട്ടും ഇരുട്ടിലാണ്​ സി.പി. ജലീൽ

2019 മാർച്ച് 6 ന് വയനാട് വൈത്തിരിയിൽ പൊലീസ്​ വെടിവെപ്പിൽ സി.പി. ജലീൽ എന്ന മാവോയിസ്​റ്റ്​ പ്രവർത്തകൻ കൊല്ലപ്പെട്ടിട്ട്​ നാലുവർഷം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പൊലീസിനെതിരായ ഗൗരവമായ തെളിവുകൾ അടങ്ങിയ ഫോറൻസിക് - ബാലിസ്റ്റിക് റിപ്പോർട്ടുകൾ പരിഗണിക്കാതെയാണ്​ മജിസ്റ്റീരിയൽ റിപ്പോർട്ട് തയ്യാറാക്കിയത്​ എന്ന്​ ആരോപണമുണ്ട്​. വ്യാജ ഏറ്റുമുട്ടൽ സംബന്ധിച്ച് ജലീലിന്റെ കുടുംബം നൽകിയ പരാതിയിലും അന്വേഷണം നടന്നിട്ടില്ല. സംഭവത്തിൽ നീതി നിഷേധിക്കപ്പെടുന്നു എന്ന ആരോപണവുമായി വയനാട് കളക്ടറേറ്റിന് മുന്നിൽ സമരങ്ങൾക്ക് തയ്യാറെടുക്കുകയാണ് ബന്ധുക്കൾ. ജലീലിന്റെ കൊലപാതകത്തിനുപിന്നിലെ വസ്​തുതകളിലേക്ക്​ ഒരന്വേഷണം.

വ്യാജ ഏറ്റുമുട്ടൽ എന്ന വാക്ക് മലയാളികളെ സംബന്ധിച്ച്, 1970 ഫെബ്രുവരി 18 ന് വയനാട്ടിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട ഓർമയായിരുന്നു, ഏഴു വർഷം മുമ്പുവരെ. നക്‌സലൈറ്റ് നേതാവ് എ. വർഗീസിനെ അന്നത്തെ ഐ.ജി. ലക്ഷ്മണയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശത്തെത്തുടർന്ന് താനടങ്ങുന്ന സംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചു. അന്ന് ആ ഉന്മൂലനത്തിന് നേതൃത്വം നൽകിയ പലർക്കും പിൽക്കാല ജീവിതത്തിൽ വലിയ വില കൊടുക്കേണ്ടിവന്നു. കുറ്റവാളിയെന്ന് പൊലീസ് വിധിച്ചയാളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാതെ പൊലീസ് തന്നെ ശിക്ഷ വിധിച്ച ആ ക്രൂര സംഭവത്തെ വ്യാജ ഏറ്റുമുട്ടൽ എന്ന വാക്കിനൊപ്പം നാം ഭീതിയോടെ ഓർത്തു.

അന്വേഷണം ഇല്ലാത്ത കൊലപാതകങ്ങൾ

ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറി വെറും ആറ് മാസത്തിനുള്ളിൽ 2016 നവംബർ 24 ന് നിലമ്പൂർ കാടുകളിൽ നിന്ന് വെടിയൊച്ച മുഴങ്ങിയതോടെ ഏറ്റുമുട്ടൽ, വ്യാജ ഏറ്റുമുട്ടൽ എന്നീ വാക്കുകൾ നിരന്തരം വാർത്തകളിലിടം പിടിച്ചു. തുടർന്നിങ്ങോട്ട് കേരളത്തിന്റെ വനമേഖലകളിൽ നടന്ന നിരവധി പൊലീസ് വെടിവെപ്പുകളിലായി രണ്ട് സ്ത്രീകളടക്കം എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. 2016 നവംബർ 24 ന് നിലമ്പൂരിലെ കരുളായിയിലും, 2019 മാർച്ച് 6 ന് വയനാട് വൈത്തിരിയിലും, 2019 ഒക്ടോബർ 28,29 തിയ്യതികളിൽ അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിലും, 2020 നവംബർ 3 ന് വയനാട് പടിഞ്ഞാറത്തറയിലെ വാളാരംകുന്നിലുമാണ് പൊലീസ് വെടിവെപ്പുകൾ നടന്നത്.

നിലമ്പൂരിലെ കരുളായിയിൽ രോഗശയ്യയിൽ ക്യാമ്പിൽ വിശ്രമിക്കുകയായിരുന്ന അജിതയെയും കുപ്പുദേവരാജിനെയും ഏകപക്ഷീയമായ വെടിവെപ്പിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നതിന്റെ നിരവധി തെളിവുകൾ അന്നുതന്നെ പുറത്തുവന്നിരുന്നു. വൈത്തിരി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി. ജലീൽ ഉപയോഗിച്ചിരുന്ന തോക്കിൽ നിന്ന്​ വെടിയുതിർത്തിട്ടേയില്ലെന്ന ഫോറൻസിക് റിപ്പോർട്ടും, പൊലീസിനെ കണ്ട് പിന്തിരിഞ്ഞോടുന്ന മാവോയിസ്റ്റുകളുടെ സി.സി.ടി.വി ദൃശ്യങ്ങളും, ആദ്യം വെടിവെച്ചത് പൊലീസാണെന്ന സാക്ഷിമൊഴികളുമെല്ലാം പുറത്തുവന്നിരുന്നു.

Representational Image
Representational Image

മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശികളായ രമ, അരവിന്ദ്, കാർത്തി, മണിവാസകം എന്നിവർ കീഴടങ്ങാൻ തീരുമാനിച്ചശേഷം ആ വിവരം മധ്യസ്ഥർ വഴി പൊലീസിൽ അറിയിച്ചിരുന്നുവെന്നാണ് പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. സ്ഥലം സന്ദർശിച്ച ഭരണകക്ഷിയിലെ മുഖ്യ പാർട്ടികളിലൊന്നായ സി.പി.ഐയുടെ വസ്തുതാന്വേഷണ സംഘമടക്കമുള്ളവർ സംശയരഹിതമന്യേ മഞ്ചിക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദവും മുന്നോട്ടുവെച്ചിരുന്നു. എന്നിട്ടും ഇതുവരെ ഒരു സംഭവത്തിലും സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള അന്വേഷണം നടന്നിട്ടില്ല.

കരുളായി, മഞ്ചിക്കണ്ടി, വാളാരംകുന്ന് എന്നിവിടങ്ങളിൽ നടന്ന ഏറ്റുമുട്ടലുകൾ പൂർണമായും വനത്തിനകത്തായിരുന്നതിനാലും പ്രദേശത്തേക്ക് മറ്റാരെയും കടത്തിവിടാതെ പൊലീസ് തടഞ്ഞതിനാലും ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട പൊലീസ് ഭാഷ്യം മറികടക്കുന്ന തരത്തിലുള്ള തെളിവുകൾ ദുർബലമായിരുന്നു. എന്നാൽ വൈത്തിരി സംഭവത്തിൽ പൊലീസ് വിശദീകരണത്തെ അടിമുടി റദ്ദ് ചെയ്യുന്ന അനേകം തെളിവുകൾ പുറത്തുവന്നു. എന്നാൽ അവയൊന്നും പരിഗണിക്കാതെ തീർത്തും ഏകപക്ഷീയമായ തരത്തിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകുന്ന നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

വൈത്തിരി സംഭവത്തിൽ കൊല്ലപ്പെട്ട സി.പി. ജലീൽ എന്ന മാവോയിസ്റ്റ് പ്രവർത്തകന്റെ ബന്ധുക്കൾ വിഷയത്തിൽ നീതി നിഷേധിക്കപ്പെടുന്നു എന്ന ആരോപണവുമായി വയനാട് കളക്ടറേറ്റിന് മുന്നിൽ സമരങ്ങൾക്ക് തയ്യാറെടുക്കുകയാണ്. സംഭവം നടന്ന് നാലുവർഷം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല, പൊലീസിനെതിരായ ഗൗരവമായ തെളിവുകൾ അടങ്ങിയ ഫോറൻസിക് - ബാലിസ്റ്റിക് റിപ്പോർട്ടുകൾ പരിഗണിക്കുക പോലും ചെയ്യാതെ ഡോ.എ.ആർ അജയകുമാർ ഐ.എ.എസിന്റെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ റിപ്പോർട്ട് തയ്യാറാക്കിയതിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരിക, വ്യാജ ഏറ്റുമുട്ടൽ സംബന്ധിച്ച് തങ്ങൾ നൽകിയ പരാതിയിൻമേൽ അന്വേഷണം നടത്തുക തുടങ്ങിയവാണ് കുടുംബം മുന്നോട്ടുവെക്കുന്ന സുപ്രധാനമായ ആവശ്യങ്ങൾ.

വൈത്തിരി സംഭവവും തെളിവുകളും

2019 മാർച്ച് 6ന് രാത്രി വയനാട് വൈത്തിരിയിലെ ദേശീയപാതയോട് ചേർന്നുള്ള ഉപവൻ റിസോർട്ടിൽ വെച്ചാണ് സി.പി ജലീൽ എന്ന മാവോയിസ്റ്റ് പ്രവർത്തകൻ പൊലീസ്​ വെടിയേറ്റ് കൊല്ലപ്പെടുന്നത്. പൊലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് പ്രവർത്തകൻ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. എന്നാൽ ഉപവൻ റിസോർട്ടിൽ അന്ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട സാക്ഷിവിവരണങ്ങളിലും അവശേഷിച്ച തെളിവുകളിലും ശാസ്ത്രീയ റിപ്പോർട്ടുകളിലും അതൊരു വ്യാജ ഏറ്റുമുട്ടലാണെന്നത് സംബന്ധിച്ച തെളിവുണ്ടായിരുന്നു. എന്നാൽ അവയെല്ലാം മറച്ചുപിടിച്ച് കൃത്യമായും പൊലീസിന് സംരക്ഷണം നൽകുന്ന തരത്തിലാണ് അന്വേഷണങ്ങൾ മുന്നോട്ടുപോയത്.

 സി.പി ജലീൽ
സി.പി ജലീൽ

പൊലീസ് എഫ്.ഐ.ആറും ശാസ്ത്രീയ റിപ്പോർട്ടുകളും തമ്മിലുണ്ടായിരുന്ന പൊരുത്തക്കേടുകൾ പിന്നീടുള്ള അന്വേഷണങ്ങളിൽ എവിടെയും പരിഗണിക്കപ്പെട്ടില്ല. മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന പൊലീസിന്റെ അടിസ്ഥാന വാദത്തെ റദ്ദ് ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങളുമുണ്ടായിരുന്നു. റിസോർട്ട് ജീവനക്കാരുടെ മൊഴിയും ഇത് ശരി വെക്കുന്നതായിരുന്നു. എന്നാൽ അവയൊന്നും അന്വേഷണത്തിൽ ഗൗരവമായി എടുത്തില്ല. പി.യു.സി.എൽ VS സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസിലെ സുപ്രീംകോടതി വിധി പ്രകാരം പൊലീസിനെതിരെ കൊലപാതക ആരോപണം ഉയരുന്ന കേസുകളിൽ അങ്ങേയറ്റം നിക്ഷ്പക്ഷവും കൃത്യതയോടെയുമുള്ള മജിസ്റ്റീരിയൽ അന്വേഷണം ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതുണ്ട്. എന്നാൽ വൈത്തിരി കേസിൽ പൊലീസിനെതിരെ ഉയർന്നുവന്ന സാക്ഷിമൊഴികൾക്കും തെളിവുകൾക്കും യാതൊരു പരിഗണനയും ലഭിച്ചില്ല എന്ന് മാത്രമല്ല, പൊലീസിന് ക്ലീൻ ചിറ്റ് നൽകുക എന്ന ഉദ്ദേശ്യത്തെ മുൻനിർത്തി തന്നെ മജിസ്റ്റീരിയൽ റിപ്പോർട്ട് തയ്യാറാക്കപ്പെടുകയായിരുന്നു.

ഏറ്റുമുട്ടൽ നടന്നുവെങ്കിൽ അവിടെ പ്രാഥമികമായി ഉണ്ടാകേണ്ടത് മാവോയിസ്റ്റുകൾ വെടിയുതിർത്തു എന്നതിന്റെ തെളിവുകളാണ്. എന്നാൽ പ്രദേശത്ത് നടത്തിയ പരിശോധനയിൽ നിന്ന് മാവോയിസ്റ്റുകളുടെ തോക്കിൽ നിന്നുള്ള ഒരു വെടിയുണ്ട പോലും കണ്ടെത്താനായില്ല എന്ന് മാത്രമല്ല, സി.പി. ജലീലിന്റെ കയ്യിലുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിയുതിർത്തിട്ടേയില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഇത്രമേൽ ഗൗരവമായ തെളിവുകൾക്കും അന്വേഷണഘട്ടത്തിൽ പ്രാധാന്യം ലഭിക്കാതെ പോയി. ജലീലിന്റെ പിൻഭാഗങ്ങളിൽ മാത്രമാണ് വെടിയേറ്റതെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് തന്നെ ജലീൽ കൊല്ലപ്പെട്ടത് പിന്തിരിഞ്ഞോടുമ്പോഴാണെന്നത് വ്യക്തമാക്കുന്നതാണ്. ആ നിലയ്ക്ക് ഏറ്റുമുട്ടൽ നടന്നു എന്ന പൊലീസ് ഭാഷ്യം അവിടെ തന്നെ പരാജയപ്പെടുന്നുണ്ട്.

 ഉപവൻ റിസോർട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ
ഉപവൻ റിസോർട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ

സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ സംശയകരമായ വെടിയുണ്ട ഏത് വിഭാഗത്തിൽ പെട്ടതെന്നത് സീൻ എക്സാമിനേഷനിലും ഫോറൻസിക് റിപ്പോർട്ടിലും വ്യത്യസ്തമായ തരത്തിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ച സമയത്തെക്കുറിച്ചുള്ള പൊലീസ് സംഘാംഗങ്ങളുടെ പരസ്പരവിരുദ്ധമായ മൊഴികളും ഫോറൻസിക്-ബാലിസ്റ്റിക് റിപ്പോർട്ടുകൾ വരുന്നതിന് മുൻപേ പൂർത്തിയാക്കിയ മജിസ്റ്റീരിയൽ അന്വേഷണത്തിലെ പാകപ്പിഴകളുമെല്ലാം ഇതിലെ ദൂരൂഹതകൾ വിളിച്ചോതുന്നവയായിരുന്നു.

എല്ലാത്തിലുമുപരി സംശയമുയർത്തിയ മറ്റൊരു ഘടകം, സംഭവസ്ഥലത്ത് നിന്ന്​കസ്റ്റഡിയിലെടുത്ത വസ്തുക്കൾക്കുള്ള സീസർ മഹസറിൽ നിന്ന് സി.സി.ടി.വി ദൃശ്യമടങ്ങിയ ഡി.വി.ആറിനെ മാത്രം ഒഴിവാക്കിയതാണ്. റിസോർട്ടിൽ എല്ലായിടത്തും ക്യാമറകൾ ഉണ്ടായിരുന്നിട്ടും സംഭവത്തിന്റെ പൂർണ ദൃശ്യങ്ങളടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള രണ്ട് ക്ലിപ്പുകളാണ് പുറത്തുവന്നിട്ടുള്ളത്. ഈ ക്ലിപ്പുകളിലെ ദൃശ്യങ്ങൾ പൊലീസ് പൊലീസ് വിശദീകരണവുമായി പരസ്പരം പൊരുത്തമില്ലാത്തതാണ്.

എഫ്.ഐ.ആറും സി.സി.ടി.വി ദൃശ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ

വയനാട് ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റുകളെത്തിയെന്ന വിവരം ലഭിച്ചയുടൻ സ്റ്റേഷനിലുണ്ടായിരുന്ന തണ്ടർബോൾട്ട് സംഘം ആക്ഷന് റെഡിയായി റിസോർട്ടിലെത്തിയെന്നും, ഡിപ്പാർട്ട്‌മെന്റ് ജീപ്പിൽ റിസോർട്ടിലെത്തിയ തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്ത്​പാഞ്ഞടുത്തെന്നും, തണ്ടർബോൾട്ട് സേന തലവൻ മാവോയിസ്റ്റുകൾക്ക് വാണിംഗ് നൽകിയ ശേഷവും അവർ വെടിയുതിർത്തതിനാൽ, ഒരു രക്ഷയുമില്ലാതെ തിരിച്ച് വെടിവെച്ചുവെന്നുമാണ് എഫ്.ഐ.ആറിലുണ്ടായിരുന്നത്.

 പോലീസ് എഫ്.ഐ.ആർ
പോലീസ് എഫ്.ഐ.ആർ

എന്നാൽ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ ഇതൊന്നുമായിരുന്നില്ല ഉണ്ടായിരുന്നത്. പൊലീസ് സാന്നിധ്യം മനസ്സിലാക്കി പിന്തിരിഞ്ഞോടുന്ന മാവോയിസ്റ്റുകളെയാണ് ദൃശ്യത്തിൽ കണ്ടത്. പിന്തിരിഞ്ഞോടുന്ന മാവോയിസ്റ്റുകൾ വെടിവെക്കാൻ ശ്രമിക്കുന്നതായി വീഡിയോയിലില്ല. അതേ സമയം മാവോയിസ്റ്റുകൾ പിന്തിരിഞ്ഞോടുമ്പോൾ റിസോർട്ട് ജീവനക്കാരൻ വെടിയൊച്ച കേട്ട് പേടിച്ച് കുനിയുന്ന ദൃശ്യവും സി.സി.ടി.വിയിലുണ്ട്. അതായത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന മാവോയിസ്റ്റുകൾക്കുനേരെ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നു എന്നതിലേക്കാണ് ഈ വീഡിയോ ദൃശ്യങ്ങൾ വിരൽ ചൂണ്ടുന്നത്.

വീഡിയോയിൽ അവ്യക്തമായ രൂപത്തിൽ കാണുന്നയാൾ മാവോയിസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഇത് കണ്ടുകൊണ്ടാണ് റിസോർട്ട് ജീവനക്കാരൻ പേടിക്കുന്നതെന്നും സി.പി. ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സി.പി. റഷീദ് പരാതിയുന്നയിക്കുകയും മജിസ്റ്റീരിയൽ അന്വേഷണത്തിൽ മൊഴി നൽകുകയും ചെയ്തിരുന്നു. മൂന്ന് സി.സി.ടി.വി ദൃശ്യങ്ങളും റഷീദ് തെളിവായി സമർപ്പിക്കുകയും ചെയ്തു.

എന്നാൽ മജിസ്റ്റീരിയൽ അന്വേഷണത്തിൽ, സി.പി. റഷീദിന്റെ പരാതി തള്ളുകയായിരുന്നു. വീഡിയോയിൽ മാവോയിസ്റ്റുകൾ റിസ്പഷനിൽ നിന്നും പിന്തിരിഞ്ഞോടുകയാണെന്നത് വ്യക്തമായിട്ടും ഇത് ‘തങ്ങൾക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തുകൊണ്ട് ഓടിവരികയായിരുന്നുവെന്ന' പൊലീസ് ഭാഷ്യം നിരാകരിക്കുന്നുവെന്നത് മജിസ്റ്റീരിയൽ റിപ്പോർട്ടിൽ എവിടെയും അന്വേഷണ വിധേയമാക്കിയിട്ടില്ല. ഇത്ര കൃത്യമായ തെളിവുകളെ പോലും നിരാകരിക്കുന്ന മജിസ്റ്റീരിയൽ റിപ്പോർട്ട് തീർത്തും ഏകപക്ഷീയമാണെന്ന് സി.പി. റഷീദ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

16 സി.സി.ടി.വി ക്യാമറകളുണ്ടായിരുന്ന റിസോർട്ടിലെ മറ്റ് ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എവിടെ എന്ന ചോദ്യവും പ്രസക്തമാണ്. ജലീലിന്റെ മൃതദേഹം കണ്ടെത്തിയ റിസോർട്ടിനകത്തെ കൃത്രിമ കുളത്തിനടുത്തുള്ള ക്യാമറ ഒഴികെ മറ്റെല്ലാ സി.സി.ടി.വി ക്യമറകളും പ്രവർത്തനക്ഷമമായിരുന്നെന്ന് റിസോർട്ട് ഫിനാൻസ് മാനേജറും എച്ച്.ആറുമായ ഡൊമിനിക് സാവിയോ നൽകിയ മൊഴിയിൽ പറയുന്നു. മാർച്ച് 7ന് തന്നെ സി.സി.ടി.വി ഫൂട്ടേജടങ്ങിയ ഡി.വി.ആർ പൊലീസ് കൊണ്ടുപോയെന്നും അദ്ദേഹം പറയുന്നുണ്ട്. സംഭവസ്ഥലത്ത് നിന്നും ശേഖരിച്ച മറ്റെല്ലാ വസ്തുക്കൾക്കും മഹസർ നൽകിയപ്പോൾ സി.സി.ടി.വി ഫൂട്ടേജടങ്ങിയ ഡി.വി.ആറിനെ മാത്രം ബോധപൂർവം ഒഴിവാക്കി എന്നത് തെളിവുനശിപ്പിക്കാൻ തുടക്കം മുതലേ തന്നെ പൊലീസ് ശ്രമിച്ചു എന്നത് സംബന്ധിച്ച ഗൗരവമായ തെളിവാണെന്നാണ് സി.പി. റഷീദ് പറയുന്നത്. ഡി.വി.ആറുകൾ പരിശോധിക്കാതെയുള്ള മജിസ്റ്റീരിയൽ റിപ്പോർട്ട് തീർത്തും സ്ഥാപിത ലക്ഷ്യങ്ങളോടുകൂടിയാണ് തയ്യാറാക്കപ്പെട്ടതെന്ന ആരോപണം സി.പി ജലീലീന്റെ ബന്ധുക്കൾക്ക് വേണ്ടി കോടതിയിൽ ഹാജരായ അഡ്വ. വി.ജി ലൈജുവും ഉന്നയിച്ചിരുന്നു.

സി.പി. റഷീദ്
സി.പി. റഷീദ്

എന്തുകൊണ്ട് റിസോർട്ട് ജീവനക്കാരുടെ മൊഴി കണക്കിലെടുത്തില്ല?

വൈത്തിരി ഉപവൻ റിസോർട്ടിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നത് സംബന്ധിച്ച ചർച്ചകൾ ഉയർന്നുവരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം റിസോർട്ട് ജീവനക്കാരായ കെ.ടി. രഞ്ജിത്ത്, ഫിറോസ് എന്നിവരുടെ മൊഴികളായിരുന്നു. പൊലീസ് ഭാഷ്യത്തിന് നേർ വിപരീതമായ മൊഴിയായിരുന്നു ഇവർ മാധ്യമങ്ങൾക്ക് നൽകിയത്. ആദ്യം വെടിയുതിർത്തത് പൊലീസാണെന്നും മാവോയിസ്റ്റുകൾ റിസോർട്ട് ജീവനക്കാരെ ആയുധമുപയോഗിച്ച് ബന്ദികളാക്കിയെന്നത് തെറ്റാണെന്നും ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ മജിസ്റ്റീരിയൽ അന്വേഷണത്തിൽ ഇവരുടേതായി രേഖപ്പെടുത്തിയ മൊഴികളിൽ ഇക്കാര്യങ്ങളൊന്നും അവരോട് ചോദിച്ചിട്ടേയില്ല. അതായത് പൊലീസ് ഭാഷ്യത്തിന് വിരുദ്ധമായ തെളിവുകളെയൊന്നും മജിസ്റ്റീരിയൽ അന്വേഷണത്തിൽ പരിഗണിച്ചിട്ടില്ല എന്ന നിഗമനത്തിലേക്കാണ് ഇത് നീളുന്നത്.

തിരിച്ചറിയാത്ത തോക്ക്, അപ്രത്യക്ഷമായ മെറ്റൽ ചീള്

ജലീലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ നിന്നും നാല് മെറ്റൽ ചീളുകൾ ലഭിച്ചതായി പറയുന്നുണ്ട്. എന്നാൽ മൂന്ന് മെറ്റൽ ചീളുകൾ മാത്രമാണ് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്. ജലീലിന്റെ തലയിലെ മുറിവിൽ നിന്നും ലഭിച്ച രണ്ട് മെറ്റൽ ചീളുകളും പിൻകഴുത്തിൽ നിന്നും ലഭിച്ച ഒരു മെറ്റൽ ചീളുമാണിത്. പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ, ഷർട്ടിന്റെ കോളറിൽ നിന്നും ലഭിച്ച മെറ്റൽ ചീൾ പരിശോധനയിൽ ഉൾപ്പെടുത്തിയതായി ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നില്ല. മാത്രമല്ല, പരിശോധനക്ക്​സമർപ്പിച്ച ആയുധങ്ങളിലേതിൽ നിന്നാണ് ഈ മെറ്റൽ ചീളുകളെന്നതും കണ്ടെത്താനായിട്ടില്ല.

 സി.പി ജലീൽ
സി.പി ജലീൽ

ഈ മെറ്റൽ ചീളുകൾ വെടിയുണ്ടയുടെ ഒരു ഭാഗം മാത്രമായതിനാൽ അവ ഏത് തോക്കിൽ നിന്നാണെന്നത് കണ്ടെത്തുന്നതിനുള്ള ബുള്ളറ്റ് കംപാരിസൺ സ്റ്റഡിക്ക് വിധേയമാക്കാനായില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അന്ന് പൊലീസ് ഓപ്പറേഷനിൽ ഉപയോഗിച്ച എല്ലാ ആയുധങ്ങളും ഫോറൻസിക് പരിശോധനക്കായി നൽകിയിട്ടില്ല എന്ന സംശയമാണ് ഇതുമായി ബന്ധപ്പെട്ട് ജലീലിന്റെ കുടുംബം ഉന്നയിച്ചത്.

ജലീൽ വെടിവെച്ചില്ലെന്നതിന്റെ തെളിവുകൾ

സി.പി. ജലീലിന്റെ തോക്കിൽ നിന്ന്​ വെടിയുതിർത്തിട്ടില്ലെന്ന തരത്തിലാണ് സീൻ എക്‌സാമിനേഷൻ റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും പുറത്തുവന്നത്. വൈത്തിരി പൊലീസ് എൻകൗണ്ടർ കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷം 2020 സെപ്തംബർ 28് ന് പുറത്തുവന്ന ഈ ഫോറൻസിക് റിപ്പോർട്ട്, മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്നും നേർക്കുനേർ വെടിവെപ്പ് നടന്നെന്നുമുള്ള പൊലീസ് വാദം പൂർണമായും തള്ളുന്നതായിരുന്നു. വസ്തുതാവിരുദ്ധമായ എഫ്.ഐ.ആറാണ് പൊലീസ് സമർപ്പിച്ചിരിക്കുന്നത് എന്ന് മാത്രമല്ല, ജലീലിന്റെ ശരീരത്തിന്റെ പിൻഭാഗത്ത് മാത്രമാണ് വെടിയേറ്റതെന്നതു കൂടി ചേർത്തുവെച്ചു വായിക്കുമ്പോൾ, വെടിയുതിർക്കാതെ പിന്തിരിഞ്ഞോടുകയായിരുന്ന ജലീലിനെയാണ് പൊലീസ് വെടിവെച്ച് കൊന്നതെന്ന സംശയം ശക്തമാവുകയാണ്. അത് മാത്രവുമല്ല, സി.പി. ജലീലിനേറ്റ മൂന്ന് വെടിയുണ്ടകളും അരക്ക് മുകളിലെ ഭാഗത്തായതിനാൽ കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെയല്ലേ പൊലീസ് വെടിയുതിർത്തിരിക്കുക എന്നതാണ് മറ്റൊരു പ്രധാന സംശയം. ശരീരത്തിന്റെ പിൻഭാഗത്ത് മാത്രമാണ് വെടിയേറ്റിരിക്കുന്നത് എന്നതും നേർക്കുനേർ നടന്ന വെടിവെപ്പെന്ന പൊലീസ് വാദത്തെ ദുർബലമാക്കുകയാണ്. പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണം നടത്തേണ്ട തെളിവുകൾ ഇവിടെ ഉണ്ടായിട്ടും അന്വേഷണ ഉദ്യോഗസ്ഥർ സമർത്ഥമായി കണ്ണടക്കുകയായിരുന്നു.

എ.കെ 47 ലോ നാടൻ തോക്കിലോ ഉപയോഗിക്കാനാകാത്ത 5.39 കാലിബർ വെടിയുണ്ട

വൈത്തിരി സംഭവത്തെ ദുരൂഹമാക്കുന്നതിന്റെ മറ്റൊരു കാരണം സംഭവസ്ഥലത്ത് നിന്നും ലഭിച്ച, ഏത് തോക്കിലേതാണെന്ന് കണ്ടെത്താൻ സാധിക്കാത്ത വെടിയുണ്ടയാണ്. സീൻ എക്സാമിനേഷനിൽ സംഭവസ്ഥലത്ത് നിന്നും 15 എംപ്റ്റി കാട്രിഡ്ജുകൾ ലഭിച്ചതായി പറയുന്നു. ഇതിൽ പതിനാലും എ.കെ 47 തോക്കുകളിൽ ഉപയോഗിക്കുന്ന 7.62 കാലിബറിൽ ഉള്ളതും ഒരെണ്ണം മാത്രം 5.39 കാലിബറിലുള്ളതുമാണ്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച, ജലീലിന്റെ കൈവശമുണ്ടായിരുന്നതെന്ന് പറയപ്പെടുന്ന നാടൻ തോക്കിലോ പൊലീസ് ഉപയോഗിച്ച എ.കെ 47 തോക്കിലോ ഉപയോഗിക്കാൻ സാധിക്കാത്ത വെടിയുണ്ടയാണ് 5.39 എന്നും സീൻ എക്സാമിനേഷൻ നടത്തിയ ഡോ.സൂസൻ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണ തോക്കുകളിൽ ഉപയോഗിക്കാനാകുന്നതല്ല 5.39 കാലിബറെന്നും ഇത് എ.കെ 47നിൽ ഉപയോഗിക്കാനാകാത്ത പഴയ വേർഷനാണെന്നും ഇവർ പറയുന്നു. ’84’ എന്ന് ഈ കാട്രിഡ്ജിൽ രേഖപ്പെടുത്തിയതായും ഇവർ കണ്ടെത്തിയിട്ടുണ്ട്.

ജലീലിനൊപ്പമുണ്ടായിരുന്ന മാവോയിസ്റ്റിന്റെ കൈയ്യിലുണ്ടായിരുന്നത് എ.കെ 47 ആണെന്ന് പൊലീസ് സംഘത്തിലുണ്ടായിരുന്ന നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വെടിവെപ്പിനായി പൊലീസ് ഉപയോഗിച്ചത് എ.കെ 47 ആണെന്നും ഇവർ പറയുന്നു. അങ്ങനെയെങ്കിൽ ഈ തോക്കുകളിലൊന്നും ഉപയോഗിക്കാനാകാത്ത വെടിയുണ്ട സംഭവസ്ഥലത്ത് എങ്ങനെ വന്നു എന്നത് നിഗൂഢമാണ്.

സി.പി. ജലീന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനിടെ
സി.പി. ജലീന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനിടെ

കേസന്വേഷണം ഇതുവരെ

2019 മാർച്ച് 6ന് വെത്തിരിയിൽ നടന്ന സി.പി. ജലീൽ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. മാർച്ച് 7ന് രണ്ട് കേസുകളായിരുന്നു സംഭവത്തിൽ വയനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഉപവൻ റിസോർട്ട് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റായ സ്റ്റെജിൻ ടോമി നൽകിയ പരാതിയിലും പൊലീസിന് നേരെ വെടിവെച്ചുവെന്ന വൈത്തിരി സി.ഐ എൻ. സുനിൽ കുമാറിന്റെ പരാതിയിലുമായിരുന്നു ഈ രണ്ട് കേസുകൾ. വയനാട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.പി. സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ഇവയിൽ പ്രാഥമിക അന്വേഷണം നടത്തിയത്.

മാർച്ച് 8ന് കണ്ണൂർ-കാസർഗോഡ് ക്രൈം ബ്രാഞ്ച് എസ്.പി. ഡോ. എ. ശ്രീനിവാസ് ഐ.പി.എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ഈ സംഘത്തിന് കീഴിലാക്കി. പിന്നീട് രണ്ട് കേസുകളിലെയും സംഭവസ്ഥലവും തെളിവുകളും മറ്റു രേഖകളും ഒന്നായതിനാൽ ഈ രണ്ട് കേസുകളും ഒന്നാക്കി രജിസ്റ്റർ ചെയ്യാൻ 2019 ജൂൺ 6ന് കൽപറ്റ സെഷൻസ് കോടതി നിർദേശം പുറപ്പെടുവിച്ചു.

2020 ജൂൺ 19ന് മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് കോഴിക്കോട് III ഡി.വൈ.എസ്.പി ബെന്നിയെ ഏൽപിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട് ക്രൈം ബ്രാഞ്ചിന്റെ കീഴിലാണ് അന്വേഷണം നടക്കുന്നത്. സംഭവം നടന്ന് നാല് വർഷങ്ങൾ പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ഇതുവരെ പൂർത്തീകരിക്കപ്പെട്ടിട്ടില്ല. അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിഗതികൾ എന്താണെറിയാൻ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസുമായി ട്രൂകോപ്പി ബന്ധപ്പെട്ടിരുന്നുവെങ്കിലും വിവരങ്ങൾ പുറത്തുപറയാൻ സാധിക്കില്ലെന്നാണ് മറുപടി ലഭിച്ചത്.

സി.പി. ജലീൽ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസം മാർച്ച് 7ന് തന്നെ സംഭവത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സി.പി. റഷീദ് വയനാട് എസ്.പിക്ക് പരാതി സമർപ്പിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും പരാതിയിന്മേൽ അന്വേഷണം നടക്കാത്തതിനാലും മജിസ്റ്റീരിയൽ അന്വേഷണത്തിൽ ഫോറൻസിക് - ബാലിസ്റ്റിക് റിപ്പോർട്ടുകൾ പരിഗണിക്കാത്തതിനാലും സംഭവത്തിൻമേൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്​ സി.പി. ജലീലിന്റെ കുടുംബം വീണ്ടും കോടതിയെ സമീപിച്ചെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല.

‘വധശിക്ഷയ്ക്കും വ്യാജ ഏറ്റുമുട്ടലുകൾക്കുമെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് സി.പി.എം. എന്നിട്ടും ഇതേ പാർട്ടി ഭരിക്കുന്ന കേരളത്തിൽ തുടർച്ചയായ മനുഷ്യക്കുരുതിയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം കേസുകളിൽ സുപ്രീംകോടതിയുടെ മാർഗനിർദേശ പ്രകാരം നടക്കേണ്ട അന്വേഷണങ്ങളെയും ഭരണകൂടം അട്ടിമറിക്കുന്നു. സ്വതന്ത്ര ഇന്ത്യയിൽ പതിറ്റാണ്ടുകളോളം നടന്ന മനുഷ്യാവകാശ സമരങ്ങളുടെ ഭാഗമായി നേടിയെടുത്ത അവകാശങ്ങളാണ് ഈ വിധം ഹനിക്കപ്പെടുന്നത്' - സി.പി. റഷീദ് ട്രൂകോപ്പിയോട് പറഞ്ഞു.

ഇതുവരെ നടന്ന ഏറ്റുമുട്ടൽ സംഭവങ്ങളിൽ ഒന്നിൽ പോലും പൊലീസിന്റെ വാദങ്ങളിൽ സംശയകരമായ ഒന്നും ആഭ്യന്തര വകുപ്പ് മുന്നോട്ടുവെച്ചില്ല എന്ന് മാത്രമല്ല എല്ലാ സംഭവങ്ങളിലും തണ്ടർബോൾട്ട് ഭാഷ്യം അതേപടി ആവർത്തിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്ത് വന്നിട്ടുള്ളത്. രാഷ്ട്രീയപ്രേരിതമായ വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ ദേശീയതലത്തിൽ നിലപാട് സ്വീകരിച്ചിട്ടുള്ള സി.പി.ഐ.എം ഭരിക്കുന്ന കേരളത്തിൽ തുടർച്ചയായി ഇത്രയുമധികം ഏറ്റുമുട്ടലകൾ അരങ്ങേറുന്നു, അവയ്ക്ക് മേലുള്ള അന്വേഷണങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു എന്നത് വിരോധാഭാസം തന്നെയാണ്.


Summary: 2019 മാർച്ച് 6 ന് വയനാട് വൈത്തിരിയിൽ പൊലീസ്​ വെടിവെപ്പിൽ സി.പി. ജലീൽ എന്ന മാവോയിസ്​റ്റ്​ പ്രവർത്തകൻ കൊല്ലപ്പെട്ടിട്ട്​ നാലുവർഷം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പൊലീസിനെതിരായ ഗൗരവമായ തെളിവുകൾ അടങ്ങിയ ഫോറൻസിക് - ബാലിസ്റ്റിക് റിപ്പോർട്ടുകൾ പരിഗണിക്കാതെയാണ്​ മജിസ്റ്റീരിയൽ റിപ്പോർട്ട് തയ്യാറാക്കിയത്​ എന്ന്​ ആരോപണമുണ്ട്​. വ്യാജ ഏറ്റുമുട്ടൽ സംബന്ധിച്ച് ജലീലിന്റെ കുടുംബം നൽകിയ പരാതിയിലും അന്വേഷണം നടന്നിട്ടില്ല. സംഭവത്തിൽ നീതി നിഷേധിക്കപ്പെടുന്നു എന്ന ആരോപണവുമായി വയനാട് കളക്ടറേറ്റിന് മുന്നിൽ സമരങ്ങൾക്ക് തയ്യാറെടുക്കുകയാണ് ബന്ധുക്കൾ. ജലീലിന്റെ കൊലപാതകത്തിനുപിന്നിലെ വസ്​തുതകളിലേക്ക്​ ഒരന്വേഷണം.


ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവർത്തകൻ

Comments