കണ്ണൂർ ജില്ലയിലെ മലയോര മണ്ഡലമായ ഇരിക്കൂർ ഇത്തവണ രണ്ട് ത്യാഗങ്ങൾക്ക് സാക്ഷ്യം വഹിക്കും.
ഒന്ന്, സാക്ഷാൽ കെ.സി. ജോസഫ് ചെയ്യുന്ന ത്യാഗം. 1982 മുതൽ തുടർച്ചയായി മൽസരിച്ച് ജയിച്ചുവരുന്ന ജോസഫിന്, 39 വർഷത്തിനുശേഷമാണ് മണ്ഡലത്തിലെ യുവാക്കളായ കോൺഗ്രസ് പ്രവർത്തകരെക്കുറിച്ച് ഓർമ വന്നത്- അവർക്കും വേണമല്ലോ അവസരം. അതുകൊണ്ട്, ഇത്തവണ അവർക്കായി ഒഴിഞ്ഞുകൊടുക്കുന്നു ഇരിക്കൂർ. ഇത്തവണ മൽസരിക്കില്ല. എവിടെയും മൽസരിക്കില്ല എന്നില്ല, സ്വന്തം നാടായ ചങ്ങനാശ്ശേരിക്ക് വേണമെങ്കിൽ... തയാറാണ് എന്ന മട്ടിലാണ് ജോസഫ്.
മറ്റൊരു ത്യാഗി സി.പി.ഐയാണ്. ജയത്തിൽ കെ.സി. ജോസഫിന്റെ എട്ടാംവട്ടത്തിന് സമാന്തരമായി തോൽവിയിൽ റെക്കോർഡിട്ടുകൊണ്ടിരിക്കുന്ന സി.പി.ഐ മണ്ഡലം ഉപേക്ഷിക്കുകയാണ്, ജോസ് കെ. മാണിക്കായി. ഇടതുമുന്നണിയെ രക്ഷിക്കാനെത്തിയതല്ലേ എന്ന പരിഗണനയിൽ.
അപ്പോൾ, ജോസഫിനുപകരം ആരുവരും? പോകുന്ന പോക്കിൽ ജോസഫ് സ്വകാര്യമായി പറഞ്ഞ പേര് സ്ഥാനാർഥിക്കുപ്പായത്തിന്റെ ബട്ടനും തുന്നിയിരിക്കുന്ന യുവ എ ഗ്രൂപ്പുകാരുടെ നെഞ്ചിൽ തീ കോരിയിട്ടു- ചാണ്ടി ഉമ്മൻ. എന്നും തന്റെ രക്ഷക്കെത്തിയിട്ടുള്ള ഉമ്മൻചാണ്ടിക്ക് ഇങ്ങനെയൊരു ഉപകാരം ചെയ്യണമല്ലോ എന്ന തോന്നൽ ജോസഫിനുമുണ്ടാകുമല്ലോ?
നാലുപതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് ഇരിക്കൂറിലെ യുവ കോൺഗ്രസുകാരുടേത് എന്നുകൂടി അറിയണം. ഇത്തവണ അവസരമൊത്തപ്പോൾ ഇങ്ങനെയും. 2016ൽ കെ.സിക്കെതിരെ കലാപക്കൊടി ഉയർത്തിയവരാണിവർ. 'ദേശാടനപ്പക്ഷിക്ക് സീറ്റില്ല' എന്ന ബാനർ വരെ ഉയർത്തി യൂത്ത് കോൺഗ്രസുകാർ. എന്നിട്ടോ? ഹൈക്കമാൻഡിനെപ്പോലും മറികടന്ന് ഉമ്മൻചാണ്ടിയെത്തി കെ.സിയെ ഇരിക്കൂറിൽ ഉറപ്പിച്ചിരുത്തി, ജയിപ്പിച്ചെടുത്തു, സി.പി.ഐയിലെ കെ.ടി. ജോസിനെതിരെ 9647 വോട്ടിന്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി കഴിഞ്ഞാൽ ഒരു മണ്ഡലത്തെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ച കോൺഗ്രസുകാരൻ കെ.സിയാണ്; 39 വർഷം എം.എൽ.എ നാലുപതിറ്റാണ്ടിനുശേഷം കെ.സി.ക്ക് ‘സ്വന്തം നാടായ ചങ്ങനാശ്ശേരി'യെക്കുറിച്ച് ഓർമ വന്നത് വെറുതെയല്ല.
യൂത്തന്മാർ ഇത്തവണ നേരത്തെ ഇറങ്ങിയിട്ടുണ്ട്, തദ്ദേശ തെരഞ്ഞെടുപ്പുഫലവും അത്ര ശുഭകരമല്ല. പോകുന്ന പോക്കിൽ ചാണ്ടി ഉമ്മന്റെ പേര് ഇറക്കിയെങ്കിലും കെ.സിയുടെ വിശ്വസ്തനായ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റിയനെയാകും ഇരിക്കൂർ ഏൽപ്പിക്കുക. സജീവ് ജോസഫ്, പി.ടി. മാത്യു എന്നിവരുടെ പേരുകൾ കേൾക്കുന്നുണ്ട്. ഇവരിൽ സജീവ് ജോസഫിന്റെ പേരാണ് എ.ഐ.സി.സി നിയോഗിച്ച ഏജൻസികൾ വിജയസാധ്യതയുള്ള സ്ഥാനാർഥിയായി നിർദേശിച്ചിരിക്കുന്നത്.
എ.ഐ.വൈ.എഫ് നേതാവ് മഹേഷ് കക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് കേട്ടിരുന്നുവെങ്കിലും ഇപ്പോൾ, ജോസ് കെ. മാണി വിഭാഗത്തിന് അരങ്ങൊരുങ്ങിയിരിക്കുകയാണ്. എന്നാൽ, പേരാവൂർ ജോസ് വിഭാഗത്തിനുനൽകി ഇരിക്കൂർ തിരിച്ചെടുത്ത് ശക്തമായ മൽസരം കാഴ്ചവെക്കാമെന്ന പ്രത്യാശ സി.പി.എമ്മിനുണ്ട്.
1987, 2006 തെരഞ്ഞെടുപ്പുകളിൽ സി.പി.എം സ്ഥാനാർഥിയായിരുന്ന ജയിംസ് മാത്യു കെ.സി. ജോസഫിന് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഇരിക്കൂറിൽ അട്ടിമറി വിജയം നേടുക എന്നത് ശ്രമകരമാണ്. 2016ൽ സി.പി.ഐയിലെ കെ.ടി. ജോസിനെ 9647 വോട്ടിന് കഷ്ടിച്ചാണ് ജോസഫ് മറികടന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ. സുധാകരന് ഇരിക്കൂറിൽ 37,320 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നിരവധി പഞ്ചായത്തുകൾ പിടിച്ചെടുത്തു.
ചങ്ങനാശ്ശേരിക്കാരനായിട്ടും കെ.സി. ജോസഫിന് എട്ടുതവണ ജയിക്കാനായത് മണ്ഡലത്തിലെ സവിശേഷ സാമുദായിക സവിശേഷതകൾ മൂലമാണ്. വോട്ടർമാരിൽ 65 ശതമാനവും ക്രൈസ്തവ സമുദായക്കാരാണ്, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ. എ ഗ്രൂപ്പ് ശക്തവുമാണ്. 1976ൽ നടന്ന മണ്ഡല പുനർനിർണയത്തിനശേഷമാണ് ഇരിക്കൂർ യു.ഡി.എഫിന്റെ കുത്തകയായത്. 1980ൽ മാത്രമാണ് കൈവിട്ടത്. 82 മുതൽ തിരിഞ്ഞുനോക്കിയിട്ടില്ല യു.ഡി.എഫ്.
ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും മഹാരഥന്മാർ ജനവിധിയുടെ മധുരവും കയ്പും രുചിച്ച മണ്ഡലമാണ് ഇരിക്കൂർ. അവരിൽ പ്രമുഖൻ വിപ്ലവകാരിയായ കെ.പി.ആർ. ഗോപാലൻ. സി.പി.എമ്മിൽനിന്ന് പുറത്തുപോയി ബോൾഷെവിക് പാർട്ടി രൂപീകരിച്ച സമയം. 1970ലാണ് കെ.പി.ആർ ഇരിക്കൂറിൽ ജനവിധി തേടിയത്. സി.പി.എം മുന്നണി സ്ഥാനാർഥിയായി എ. കുഞ്ഞിക്കണ്ണൻ, കോൺഗ്രസ് മുന്നണി സ്ഥാനാർഥിയായി ആർ.എസ്.പിയിലെ ടി. ലോഹിതാക്ഷൻ. ബോൾഷെവിക് പാർട്ടി സ്ഥാനാർഥി കെ.പി.ആർ. കെ.പി.ആറിന് കിട്ടിയത് വെറും 2.81 ശതമാനം- 1663 വോട്ട്.
മറ്റൊരാൾ ഇ.കെ. നായനാർ. സി.പി.എം സെക്രട്ടറിയായിരിക്കേ ഇ.കെ. നായനാർ ആദ്യമായി നിയമസഭയിലെത്തിയത് ഇരിക്കൂർ ഉപതെരഞ്ഞെടുപ്പിലൂടെയാണ്. എം.എൽ.എയായിരുന്ന എ. കുഞ്ഞിക്കണ്ണന്റെ മരണത്തെതുടർന്നായിരുന്നു 1974 ഏപ്രിലിൽ ഉപതെരഞ്ഞെടുപ്പ്. ഇരിക്കൂർ കണ്ട പൊരിഞ്ഞ പോരാട്ടങ്ങളിലൊന്ന്. ഇ.എം.എസ്, എ.കെ.ജി, ടി.വി. തോമസ് തുടങ്ങിയവർ ക്യാമ്പുചെയ്ത് പ്രചാരണം നയിച്ചു. പട നയിച്ചത് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.രാഘവൻ. മറുപക്ഷത്ത് ബേബിജോൺ, കെ. കരുണാകരൻ, സി.എച്ച്. മുഹമ്മദ് കോയ.
തെരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പ് ട്രാൻസ്പോർട്ട് സമരവുമായി ബന്ധപ്പെട്ട് മട്ടന്നൂർ ചാവശ്ശേരിയിൽ നടന്ന ബസ് തീവെപ്പും കൊലപാതകവും സി.പി.എമ്മിന് തിരിച്ചടിയായി. വോട്ടെടുപ്പ് ദിവസം എം.വി. രാഘവൻ ആക്രമിക്കപ്പെട്ടു. കോൺഗ്രസ്- സി.പി.ഐ നേതൃത്വത്തിലുള്ള ഐക്യമുന്നണി സ്ഥാനാർഥി ആർ.എസ്.പിയിലെ അബ്ദുൽ ഖാദറിനെ 1822 വോട്ടിനാണ് നായനാർ തോൽപ്പിച്ചത്. സി.പി.എം സ്ഥാനാർഥി ജയിച്ച അവസാന മൽസരവും ഇതുതന്നെ. ജയിച്ച് താമസിയാതെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് മറ്റു കമ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം നായനാർക്ക് ഒളിവിൽ പോകേണ്ടിവന്നു.
1979ൽ കോൺഗ്രസ് എ ഗ്രൂപ്പിന്റെ പിന്തുണയിൽ കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി കെ.സി. ജോസഫിനെ തോൽപ്പിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തുകൾ ചേർന്ന ഇരിക്കൂർ മണ്ഡലം, കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നു. തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ, ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ എന്നീ പഞ്ചായത്തുകളും ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയും ഉൾപ്പെട്ടതാണ് ഇരിക്കൂർ നിയമസഭാമണ്ഡലം.