എത്രത്തോളം
കുടിയേറ്റ തൊഴിലാളി
സൗഹൃദ സംസ്ഥാനമാണ്
കേരളം?

കേരളത്തിലെ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് എം.ജി യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണ പഠനത്തിലെ കണ്ടെത്തലുകൾ.

കുടിയേറ്റ സൗഹൃദ സംസ്ഥാനമെന്ന നിലയ്ക്ക് കേരളത്തിന് എത്രമാത്രം മുന്നോട്ടുപോകാനായിട്ടുണ്ട്? ഔദ്യോഗിക സംവിധാനങ്ങളും സാമൂഹിക- സാമ്പത്തിക- സാംസ്‌കാരിക സാഹചര്യങ്ങളും പൗരസമൂഹവും ഇതെല്ലാം ചേർന്ന് രൂപപ്പെടുത്തുന്ന പൊതുബോധവും, കേരളത്തിലെത്തുന്ന അന്തർ സംസ്ഥാന തൊഴിലാളി സമൂഹത്തോട് എങ്ങനെയാണ് ഇടപെടുന്നത്? പുതിയ കാലത്തെ കേരളീയതയെ നിർണയിക്കുന്നതിൽ ഒരു പ്രധാന ഐഡന്റിറ്റിയായി മാറിക്കൊണ്ടിരിക്കുന്ന അന്തർ സംസ്ഥാന തൊഴിൽ സമൂഹവുമായുള്ള വിനിമയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന എം.ജി. യൂണിവേഴ്‌സിറ്റിയുടെ അന്വേഷണം, ഈ ദിശയിലുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും മൗലികവുമായ ഗവേഷണ പഠനമാണ്.

Effect of Social, Institutional and Technological Interventions on Access to Healthcare Among Inter state Migrant Labours in Kerala എന്ന പഠനം അന്തർ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യസുരക്ഷയിലാണ് ഊന്നൽ നൽകുന്നതെങ്കിലും അനുബന്ധ സാമ്പത്തിക- സാമൂഹിക- സാംസ്കാരിക സാഹചര്യങ്ങളെയും ഔദ്യോഗിക സംവിധാനങ്ങളുടെ ഇടപെടലുകളെയും ഭരണഘടനാപരമായ അവകാശങ്ങളുള്ള പൗരർ എന്ന നിലയ്ക്കുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ അസ്തിത്വത്തെയും വിശദമായി അന്വേഷവിധേയമാക്കുന്നുണ്ട്.

എം.ജി. യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് വിഭാഗത്തിലെ ഡോ. ബിജുലാൽ എം.വിയാണ് പഠനത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ. എം.ജിയിലെ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ്, സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡവലപ്‌മെന്റ സ്റ്റഡീസ്, സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ്, സ്‌കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് എന്നീ വകുപ്പുകളുടെ സജീവ പങ്കാളിത്തം, സാമൂഹികശാസ്ത്രത്തിന്റെയും സയൻസിന്റെയും വിവരസാങ്കേതികയുടെയും സമഗ്രസ്വഭാവത്തിലുള്ള വിശകലനങ്ങളിലേക്ക് ഈ ഗവേഷണത്തെ വികസിപ്പിക്കുന്നു.

ഗവേഷണത്തിന്റെ കണ്ടെത്തലുകൾ, ആരോഗ്യം അടക്കമുള്ള മേഖലകളിൽ കേരളം നേടിയ മുന്നേറ്റവും അതിലേക്കുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രാപ്യതയും തമ്മിലുള്ള ഗുരുതരമായ പൊരുത്തക്കേടുകൾ തുറന്നുകാട്ടുന്നതാണ്. മാത്രമല്ല, സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയമായും കേരളത്തിന് അവകാശപ്പെടാൻ കഴിയുന്ന പുരോഗമനപരമായ മുൻകൈകളിൽനിന്നെല്ലാം ബഹിഷ്കൃതരാക്കപ്പെട്ട്, ഒരുതരം പാർശ്വവൽകൃതരായി തന്നെയാണ് ഇപ്പോഴും കുടിയേറ്റ തൊഴിലാളികളുടെ ജീവിതമെന്ന് ഈ ഗവേഷണത്തിലെ പല കണ്ടെത്തലുകളും സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തിന്റെ നിർമാണ, വ്യവസായ, സേവന മേഖലകളിലുണ്ടായ കുതിച്ചുചാട്ടമാണ് അന്തർ സംസ്ഥാന തൊഴിലാളികളെ വൻതോതിൽ ഇവിടേക്ക് ആകർഷിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ അവർ അനിവാര്യമായ ഒരു സാന്നിധ്യമായി മാറി. 35 ലക്ഷത്തോളമുണ്ടെന്ന് കണക്കാക്കുന്ന ഈ തൊഴിൽസമൂഹം ഇപ്പോൾ കേരളത്തിന്റെ തൊഴിൽ സേനയുടെ 18 മുതൽ 25 ശതമാനത്തോളമാണ്. എന്നാൽ, കുടിയേറ്റ സൗഹൃദത്തിലൂന്നിയുള്ള പുരോഗമന നയസമീപനങ്ങൾ സ്വീകരിച്ചിട്ടുള്ള സംസ്ഥാനത്ത് അന്തർ സംസ്ഥാന തൊഴിലാളികൾ നിരവധി വെല്ലുവിളികൾ നേരിടുന്നതായി പഠനം വെളിപ്പെടുത്തുന്നു, പ്രത്യേകിച്ച് ആരോഗ്യ സുരക്ഷയിൽ.

Effect of Social, Institutional and Technological Interventions on Access to Healthcare Among Inter state Migrant Labours in Kerala എന്ന പഠനത്തിലുൾപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ സ്ത്രീ- പുരുഷ അനുപാതം.
Effect of Social, Institutional and Technological Interventions on Access to Healthcare Among Inter state Migrant Labours in Kerala എന്ന പഠനത്തിലുൾപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ സ്ത്രീ- പുരുഷ അനുപാതം.

കൂടുതൽ പേർ
ബംഗാളിൽനിന്ന്

ഭാഷാപരമായതും ആശയവിനിമയത്തിന്റെ കാര്യത്തിലുള്ളതുമായ തടസ്സമാണ് പ്രധാനം. ആരോഗ്യസുരക്ഷാ മേഖലയിൽ സർക്കാർ പരിപാടികൾ ജനങ്ങൾക്ക് പ്രാപ്യമാണെങ്കിലും അന്തർ സംസ്ഥാന തൊഴിലാളികളിൽ 3.9 ശതമാനത്തിനേ ഇവ ലഭ്യമാകുന്നുള്ളൂ.

വിവിധ ജില്ലകളിലെ 1554 തൊഴിലാളികളിൽ നിന്നാണ് പ്രതികരണം തേടിയത്. ഇതിൽനിന്ന് സംസ്ഥാനത്തെ അന്തർ സംസ്ഥാന തൊഴിൽ സമൂഹത്തിലേറെയും യുവാക്കളും പുരുഷന്മാരുമാണ് എന്ന് കണ്ടെത്താനായി. 83 ശതമാനവും പുരുഷന്മാരാണ്, ഭൂരിപക്ഷവും 23-27 വയസ്സുള്ളവർ.

ഏറ്റവും കൂടുതൽ പേർ പശ്ചിമ ബംഗാളിൽനിന്നാണ്, 28.8 ശതമാനം. ആസാമിൽനിന്ന് 21.2 ശതമാനവും ബിഹാറിൽനിന്ന് 19.9 ശതമാനവുമുണ്ട്.

നാലിലൊന്നുപേർ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. 11 ശതമാനത്തിലേറെ പേർ സ്‌കൂളിൽ പോകാത്തവരാണ്.

44.1 ശതമാനം പേരും നിർമാണതൊഴിലാണ് ചെയ്യുന്നത്. പ്ലൈവുഡ്, മത്സ്യമേഖല, മാനുഫാക്ചറിങ് മേഖലകളിലാണ് ഏറിയ പങ്കുമുള്ളത്.

കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ പശ്ചിമ ബംഗാളിൽനിന്നാണ്, 28.8 ശതമാനം. ആസാമിൽനിന്ന് 21.2 ശതമാനവും ബിഹാറിൽനിന്ന് 19.9 ശതമാനവുമുണ്ട് (ANRF Project Report).
കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ പശ്ചിമ ബംഗാളിൽനിന്നാണ്, 28.8 ശതമാനം. ആസാമിൽനിന്ന് 21.2 ശതമാനവും ബിഹാറിൽനിന്ന് 19.9 ശതമാനവുമുണ്ട് (ANRF Project Report).

കുടുസ്സുമുറികളിൽ
കഠിനജീവിതം

അതീവ ദുസ്സഹമായ ജീവിതസാഹചര്യമാണ് ഇവർ അഭിമുഖീകരിക്കുന്നത്. പകുതിയിലേറെ തൊഴിലാളികളും മൂന്നു മുതൽ ആറു വരെ പേർ താമസിക്കുന്ന മുറികളിലാണ് തിങ്ങിക്കഴിയുന്നത്. നാലിലൊരു ഭാഗം ഇതിലും കൂടുതൽ പേർ ഞെരുങ്ങിക്കഴിയുന്ന മുറികളിലും. 28.8 ശതമാനം പേർ താമസിക്കുന്നയിടത്തും മതിയായ വെന്റിലേഷൻ സൗകര്യമില്ല. ഗുരുതരരോഗം വന്നാൽ മാറി താമസിക്കാൻ മുറിയില്ലാത്തവരാണ് 92.5 ശതമാനം പേരും.

ശുചിത്വപ്രശ്‌നം അതിരൂക്ഷമാണ്. അഞ്ചിൽ നാല് തൊഴിലാളികൾക്കും പൊതു കക്കൂസാണുള്ളത്. 37.1 ശതമാനത്തിനും പണിസ്ഥലത്ത് കക്കൂസ് സൗകര്യമില്ല. നാലിലൊന്നുപേർക്ക് ഉണ്ടെങ്കിൽ തന്നെ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്നില്ല.

കേരളത്തിലെ അന്തർസംസ്ഥാന തൊഴിലാളികളിൽ പകുതിയിലേറെ പേരും മൂന്നു മുതൽ ആറു വരെ പേർ താമസിക്കുന്ന മുറികളിലാണ് തിങ്ങിക്കഴിയുന്നത് (ANRF Project Report).
കേരളത്തിലെ അന്തർസംസ്ഥാന തൊഴിലാളികളിൽ പകുതിയിലേറെ പേരും മൂന്നു മുതൽ ആറു വരെ പേർ താമസിക്കുന്ന മുറികളിലാണ് തിങ്ങിക്കഴിയുന്നത് (ANRF Project Report).

ചില തൊഴിലിടങ്ങളിൽ പ്രാഥമികശുശ്രൂഷാ കിറ്റുകളും സുരക്ഷാ ഗിയറുകളുമെല്ലാം ലഭ്യമാണെങ്കിൽ പലയിടത്തും സുരക്ഷാ ഓഫീസർമാരുടെയോ ഇൻഷൂറൻസിന്റെയോ സേവനം ലഭ്യമല്ല. മെഡിക്കൽ സേവനം ആവശ്യമായ സമയത്ത്, പകുതിയിലേറെ പേർക്കും അതിനുള്ള സാമ്പത്തിക സഹായം ലഭ്യമായിട്ടില്ല.

പണി കഴിഞ്ഞുള്ള സമയത്തു മാത്രമേ വാടകയ്‌ക്കെടുക്കുന്ന മുറികൾ ഇവർക്ക് ഉപയോഗിക്കാൻ കഴിയാറുള്ളൂ. പെരുമ്പാവൂർ, പായിപ്പാട്, മഞ്ചേരി, ശ്രീകാര്യം തുടങ്ങിയ സ്ഥലങ്ങളിൽ ഞായറാഴ്ചകളിൽ മാത്രമാണ് എല്ലാവരും ഒന്നിച്ചുകൂടുന്നത്.

44.9 ശതമാനം പേരും മാസം 1000 രൂപ മുതൽ 2000 രൂപ വരെ താമസത്തിന് വാടക കൊടുക്കുന്നവരാണ്. 28 ശതമാനം പേർ വാടകയില്ലാതെയാണ് കഴിയുന്നത്.

ഇത്ര കഠിനമായ സാഹചര്യത്തിലും, താമസസ്ഥലത്തെ ശുചിത്വകാര്യങ്ങളിൽ 74.1 ശതമാനവും സംതൃപ്തി പ്രകടിപ്പിച്ചു. ഏതു സാഹചര്യത്തിലും തൊഴിൽ എന്ന ഏറ്റവും പ്രധാനപ്പെട്ട ജീവിതമാർഗവുമായി പൊരുത്തപ്പെടേണ്ടിവരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.

കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിൽ 44.1 ശതമാനവും നിർമാണതൊഴിലാണ് ചെയ്യുന്നത് (ANRF Project Report).
കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിൽ 44.1 ശതമാനവും നിർമാണതൊഴിലാണ് ചെയ്യുന്നത് (ANRF Project Report).

12 മണിക്കൂർ വരെ പണി

ദിവസം 9 മുതൽ 12 മണിക്കൂർ വരെ പണിയെടുക്കേണ്ടിവരുന്നതായി 57 ശതമാനം പേരും പറഞ്ഞു. ചിലയിടങ്ങളിൽ 12 മണിക്കൂർ വരെ നീളും. പകുതിയിലേറെ പേരും ആവശ്യത്തിനുള്ള സുരക്ഷാസംവിധാനങ്ങളില്ലാതെ, അധികമായി പണിയെടുക്കുന്നവരാണ്. ഒരു മണിക്കൂർ ബ്രേക്ക് എടുത്ത് 12- 14 മണിക്കൂർ വരെ തുടർച്ചയായി പണിയെടുക്കേണ്ടിവരുന്നവരുമുണ്ട്. ഇവർക്ക് ആറു മണിക്കൂറിൽ കുറവു മാത്രമാണ് ഉറങ്ങാനാകുന്നത്. ഇത് ശാരീരിക- മാനസിക- വൈകാരിക പ്രശ്‌നങ്ങൾക്കിടയാക്കുന്നുണ്ട്.

കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിൽ, ആരോഗ്യ സേവനങ്ങളെക്കുറിച്ച് അറിയുന്നവരുടെ അനുപാതം, വിവിധ തൊഴിൽ മേഖലകളുടെ അടിസ്ഥാനത്തിൽ (ANRF Project Report).
കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിൽ, ആരോഗ്യ സേവനങ്ങളെക്കുറിച്ച് അറിയുന്നവരുടെ അനുപാതം, വിവിധ തൊഴിൽ മേഖലകളുടെ അടിസ്ഥാനത്തിൽ (ANRF Project Report).

കുടിയേറ്റത്തിനുശേഷം
ജീവിതം മെച്ചപ്പെട്ടു

25.4 ശതമാനം പേരും മാസം 9000 രൂപ മുതൽ 15,000 രൂപ വരെ നാട്ടിലേക്ക് അയക്കുന്നുണ്ട്. രണ്ടു മുതൽ അഞ്ചുവരെ പേരടങ്ങുന്ന ഇവരുടെ കുടുംബത്തിന്റെ വരുമാനം ഈ പണമാണ്. 20.7 ശതമാനം പേർ 11,000- 15,000 രൂപയാണ് നാട്ടിലേക്കയക്കുന്നത്. 20,000-ലേറെ രൂപ അയക്കുന്നവർ 3.1 ശതമാനമാണ്.

കുടിയേറ്റത്തിനുശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി 57.4 ശതമാനം അന്തർ സംസ്ഥാന തൊഴിലാളികളും പറയുന്നു (ANRF Project Report).
കുടിയേറ്റത്തിനുശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി 57.4 ശതമാനം അന്തർ സംസ്ഥാന തൊഴിലാളികളും പറയുന്നു (ANRF Project Report).

കുടിയേറ്റത്തിനുശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി 57.4 ശതമാനം പേരും പറയുന്നു. 80 ശതമാനത്തിലേറെ പേരും സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകണമെന്ന പ്ലാനുള്ളവരാണ്. 14.7 ശതമാനം പേർ കേരളത്തിൽ സ്ഥിരതാമസമാക്കാനാഗ്രഹിക്കുന്നു.

കേരളത്തിലെ ആരോഗ്യസേവനങ്ങളെക്കുറിച്ച് അറിവുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ അനുപാതം, സംസ്ഥാന അടിസ്ഥാനത്തിൽ (ANRF Project Report).
കേരളത്തിലെ ആരോഗ്യസേവനങ്ങളെക്കുറിച്ച് അറിവുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ അനുപാതം, സംസ്ഥാന അടിസ്ഥാനത്തിൽ (ANRF Project Report).

ആരോഗ്യസേവനം അകലെ

കഠിനമായ തൊഴിൽ സാഹചര്യം അന്തർ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യത്തെയാണ് ഏറ്റവും രൂക്ഷമായി ആക്രമിക്കുന്നത്. കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനം ഏറെ ജനകീയവും വിപുലവും മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ കാര്യക്ഷമവുമാണെങ്കിലും അതിന്റെ നേട്ടം അനുഭവിക്കാൻ കഴിയാത്തവരാണ് അന്തർ സംസ്ഥാന തൊഴിലാളികൾ. അതായത്, മലയാളികൾക്ക് ലഭിക്കുന്ന ആശുപത്രി സേവനങ്ങളും ക്ഷേമപദ്ധതികളുടെ പ്രാപ്യതയും കുടിയേറ്റ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. അവിടെ അവർ പാർശ്വവൽകൃത വിഭാഗമാണ്.

കേരളത്തിലെ ആരോഗ്യസേവനങ്ങളെക്കുറിച്ച് അറിവുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ തോത്, സ്ത്രീ- പുരുഷ അനുപാതത്തിൽ (ANRF Project Report).
കേരളത്തിലെ ആരോഗ്യസേവനങ്ങളെക്കുറിച്ച് അറിവുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ തോത്, സ്ത്രീ- പുരുഷ അനുപാതത്തിൽ (ANRF Project Report).
  • വെറും 9.8 ശതമാനം പേർക്കാണ് ഇൻഷൂറൻസ് കവറേജുള്ളത്.

  • ആരോഗ്യമേഖലയിലെ നയങ്ങളെക്കുറിച്ച് 87.7 ശതമാനം പേരും കേട്ടിട്ടില്ല.

  • വെറും ഒന്നര ശതമാനം പേർക്കാണ് എന്തെങ്കിലും നേട്ടങ്ങളുണ്ടാകുന്നുള്ളൂ.

  • ഭാഷാപ്രശ്‌നം, സാമ്പത്തിക പരിമിതികൾ, ജോലി സമയം മൂലം ക്ലിനിക്കിൽ എത്താൻ കഴിയാതിരിക്കുക തുടങ്ങിയവ മൂലം ആരോഗ്യസുരക്ഷാസംവിധാനങ്ങൾ 22.7 ശതമാനത്തിനും അപ്രാപ്യമായിരിക്കുന്നു. തൊഴിലാളികൾ പറയുന്നത് ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പലപ്പോഴും മനസ്സിലാകാറില്ല. ഇതാണ് ആരോഗ്യസുരക്ഷ, നിയമസഹായം, സർക്കാർ സേവനങ്ങൾ എന്നിവ അപ്രാപ്യമാക്കുന്നത്.

തങ്ങളുടെ സംസ്ഥാനങ്ങളിലേതിനേക്കാൾ മെച്ചപ്പെട്ട ആരോഗ്യസുരക്ഷാ സംവിധാനം കേരളത്തിലുണ്ടെന്ന് ഈ തൊഴിലാളികൾക്ക് ബോധ്യമുണ്ടെങ്കിലും അതിന്റെ പ്രാപ്യത വളരെ പരിമിതമാക്കപ്പെട്ടിരിക്കുന്ന ദുരവസ്ഥ കൂടിയുണ്ട്.

കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിൽ 9.8 ശതമാനം പേർക്കാണ് ഇൻഷൂറൻസ് കവറേജുള്ളത് (ANRF Project Report).
കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിൽ 9.8 ശതമാനം പേർക്കാണ് ഇൻഷൂറൻസ് കവറേജുള്ളത് (ANRF Project Report).

സ്ത്രീകളുടെ
വെല്ലുവിളികൾ

അന്തർ സംസ്ഥാന തൊഴിലാളികളിൽ സ്ത്രീകൾ കുറവാണെങ്കിലും ആരോഗ്യസുരക്ഷയിൽ അവർ പുരുഷന്മാരേക്കാൾ വെല്ലുവിളി നേരിടുന്നുണ്ട്. മാനസിക സംഘർഷം, സുരക്ഷിതമായ ജീവിതസാഹചര്യമില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങൾഎന്നിവ സ്ത്രീതൊഴിലാളികൾക്കിടയിൽ കൂടുതലാണ്. എങ്കിലും അവർ ആരോഗ്യാവബോധത്തിന്റെ കാര്യത്തിൽ മുന്നിലാണ്.

സാമൂഹിക- ഗാർഹിക വിവേചനത്തിനും സ്ത്രീകൾ ഇരകളാകുന്നുണ്ട്. വിവാഹിതകളും കുടുംബമായി ജീവിക്കുന്നവരുമായ സ്ത്രീകൾക്ക് സ്മാർട്ട് ഫോൺ ഉപയോഗം പരിമിതമാണ്. ഭർത്താവിന്റെ സ്മാർട്ട് ഫോൺ ചെറിയ സമയത്തേക്കുമാത്രമേ ഇവർക്ക് ഉപയോഗിക്കാൻ കിട്ടാറുള്ളൂ. ഭൂരിപക്ഷം സ്ത്രീകളും ഉപയോഗിക്കുന്നത് പഴയ ഫീച്ചറിലുള്ള ഫോണുകളാണ്.

മാനസിക പ്രശ്നം രൂക്ഷം

ശാരീരിക പ്രശ്‌നങ്ങൾ പ്രത്യക്ഷത്തിലുള്ളതാണെങ്കിൽ, മാനസിക പ്രശ്‌നങ്ങൾ രഹസ്യമാക്കപ്പെടുന്നു. ഏകാന്തതയും തൽഫലമായുണ്ടാകുന്ന ചിന്താഭാരവും കൂടുതലാണ്. ഇത് ദേഷ്യം, ഉറക്കക്കുറവ്, പോഷകാഹാരത്തിലുള്ള അശ്രദ്ധ എന്നിവയിലേക്ക് നയിക്കുന്നു. 38 ശതമാനം പേർ ചിന്താഭാരം മൂലമുള്ള പ്രശ്‌നങ്ങളും 43 ശതമാനം ഏകാന്തതയും 41 ശതമാനം ദേഷ്യവും 62 ശതമാനം ഉറക്കക്കുറവും അനുഭവിക്കുന്നു. സാമ്പത്തികമായ അരക്ഷിതാവസ്ഥയും കുടുംബത്തിൽനിന്നുള്ള വേർപെടലും സ്ഥിതി രൂക്ഷമാക്കുന്നു.

കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിൽ 38 ശതമാനം പേർ അമിത ചിന്ത മൂലമുള്ള പ്രശ്‌നങ്ങളും 43 ശതമാനം ഏകാന്തതയും 41 ശതമാനം ദേഷ്യവും 62 ശതമാനം ഉറക്കക്കുറവും അനുഭവിക്കുന്നു (ANRF Project Report).
കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിൽ 38 ശതമാനം പേർ അമിത ചിന്ത മൂലമുള്ള പ്രശ്‌നങ്ങളും 43 ശതമാനം ഏകാന്തതയും 41 ശതമാനം ദേഷ്യവും 62 ശതമാനം ഉറക്കക്കുറവും അനുഭവിക്കുന്നു (ANRF Project Report).

ആശ വർക്കർമാർ ആശ്രയം

ആശ വർക്കർമാരാണ് കുടിയേറ്റ തൊഴിലാളികൾക്കിടയിൽ ആരോഗ്യ സേവനവുമായി എത്തുന്ന ഏറ്റവും വലിയ വിഭാഗം, 74 ശതമാനം. എൻ.ജി.ഒകൾ (21 ശതമാനം), രാഷ്ട്രീയപാർട്ടിപ്രവർത്തകർ (13 ശതമാനം) എന്നിവർക്ക് തൊഴിലാളികളുമായി പരിമിതമായ വിനിമയങ്ങളേയുള്ളൂ.

85.5 ശതമാനം പേർക്കും സ്മാർട്ട് ഫോണുണ്ട്, 82.7 ശതമാനത്തിനും ഇന്റർനെറ്റ് കണക്ഷനുമുണ്ട്. വിനോദത്തിനും ആശയവിനിമയത്തിനും സാമ്പത്തിക ഇടപാടുകൾക്കും ഇവർ വ്യാപകമായി ഡിജിറ്റൽ ടൂളുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ, ടെലിമെഡിസിൻ ഉപയോഗം തുച്ഛമാണ്. ഇത് ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ സൂചിപ്പിക്കുന്നു.

അതി കഠിനമായ ജീവിതസാഹചര്യത്തിലും താമസസ്ഥലത്തെ ശുചിത്വകാര്യങ്ങളിൽ 74.1 ശതമാനവും സംതൃപ്തി പ്രകടിപ്പിച്ചു (ANRF Project Report).
അതി കഠിനമായ ജീവിതസാഹചര്യത്തിലും താമസസ്ഥലത്തെ ശുചിത്വകാര്യങ്ങളിൽ 74.1 ശതമാനവും സംതൃപ്തി പ്രകടിപ്പിച്ചു (ANRF Project Report).

‘IMWATHIS’; പുതിയ തുടക്കം

ഈ ഗവേഷണത്തിന്റെ ഏറ്റവും അടിസ്ഥാന ടെക്‌നിക്കൽ ടൂളായി പ്രവർത്തിച്ചത്, പ്രത്യേകമായി വികസിപ്പിച്ചെടുത്ത Interstate Migrant Workers' Access to Healthcare Information System (IMWATHIS) എന്ന വെബ് ആപ്ലിക്കേഷനാണ്. ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ട് കുടിയേറ്റ തൊഴിലാളികളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. അതുവഴി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വന്തം അവകാശങ്ങളെക്കുറിച്ചും സുരക്ഷിതമായ തൊഴിലിടത്തെക്കുറിച്ചും മനസ്സിലാക്കുകയും കേരളത്തിന്റെ ആരോഗ്യസേവനങ്ങൾ പ്രാപ്യമാക്കുകയും ചെയ്യുക. ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട അവകാശങ്ങൾ, തൊഴിൽ സുരക്ഷ, രോഗപ്രതിരോധം, ലൈംഗികാരോഗ്യം, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ നിരവധി വിഷയങ്ങളിൽ തൊഴിലാളികൾക്ക് അവബോധം നൽകാനുളള സംവിധാനമാണ് IMWATHIS- ലൂടെ രൂപപ്പെടുത്തിയെടുത്തത്.

കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിൽ 25.4 ശതമാനം പേരും മാസം 9000 രൂപ മുതൽ 15,000 രൂപ വരെ നാട്ടിലേക്ക് അയക്കുന്നുണ്ട്.  (ANRF Project Report).
കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിൽ 25.4 ശതമാനം പേരും മാസം 9000 രൂപ മുതൽ 15,000 രൂപ വരെ നാട്ടിലേക്ക് അയക്കുന്നുണ്ട്. (ANRF Project Report).

ഒരു വർഷം കൊണ്ടാണ് ഈ ഇന്ററാക്റ്റീവ് വെബ് ആപ്പ് വികസിപ്പിച്ചെടുത്തത്. ഇതിനായി എറണാകുളം ജില്ലയിൽ 200 കുടിയേറ്റ തൊഴിലാളികളുടെ ഒരു കൺട്രോൾഡ് ഗ്രൂപ്പുണ്ടാക്കി അവരിൽനിന്ന് 126 പേർക്ക് മൂന്നു മാസത്തെ പരിശീലനം നൽകി. ഈ ആപ് അവരുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചശേഷം നിരന്തരം അവരെക്കൊണ്ട് പഠനം നടത്തി. രോഗലക്ഷണങ്ങൾ കണ്ടെത്തുക, ആശുപത്രിയിൽ പോകുക തുടങ്ങി വിവിധ കാറ്റഗറികളായി അവരെക്കൊണ്ട് പഠനം നടത്തി. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഇത്തരം മാതൃകകൾക്ക്, തൊഴിലാളികൾ നേരിടുന്ന അസമത്വങ്ങൾ പരിഹരിക്കുന്നതിലും തുല്യമായ രീതിയിൽ ആരോഗ്യസുരക്ഷാസംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും വലിയ പങ്കുണ്ടെന്ന് IMWATHIS തെളിയിച്ചു. പരിശീലനശേഷം സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ വലിയ മാറ്റമാണ് പ്രകടമായത്. ആരോഗ്യകാര്യങ്ങളിലുള്ള അവബോധത്തിൽ 48 ശതമാനത്തിൽനിന്ന് 82 ശതമാനത്തിന്റെയും പൊതുജനാരോഗ്യസേവനങ്ങളുടെ വിനിയോഗത്തിൽ 30 ശതമാനത്തിൽനിന്ന് 79 ശതമാനത്തിന്റെയും വർധന കാണിച്ചു. മറ്റു കാറ്റഗറികളിലും വൻ പുരോഗതി ദൃശ്യമായി.

പഠനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ IMWATHIS വെബ് ആപ്പ് ഉപയോഗിക്കുന്നതിനുമുമ്പും ശേഷവും കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിലുണ്ടായ സാ​ങ്കേതിക വിദ്യാ വിനിയോഗത്തിലെ മാറ്റം സൂചിപ്പിക്കുന്ന ഗ്രാഫ് (ANRF Project Report).
പഠനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ IMWATHIS വെബ് ആപ്പ് ഉപയോഗിക്കുന്നതിനുമുമ്പും ശേഷവും കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിലുണ്ടായ സാ​ങ്കേതിക വിദ്യാ വിനിയോഗത്തിലെ മാറ്റം സൂചിപ്പിക്കുന്ന ഗ്രാഫ് (ANRF Project Report).

ഭാവിയിലേക്കുള്ള നയരൂപീകരണത്തിനായി ഗവേഷണ പഠനം നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്.

  • ആരോഗ്യ സേവനം, ക്ഷേമപദ്ധതികൾ, തൊഴിലവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവില്ലായ്മ പരിഹരിക്കാൻ ബോധവൽക്കരണം നടത്തുക.

  • മൊബൈൽ ഹെൽത്ത് യൂണിറ്റുകളുടെയും ക്യാമ്പുകളുടെയും സഹായത്തോടെ ആരോഗ്യസുരക്ഷയെക്കുറിച്ച് തീവ്രബോധവൽക്കരണം നടത്തുക.

  • ആധാർ, ലേബർ കാർഡ്, ഇൻഷൂറൻസ്, ഹൗസിങ് സ്‌കീം എന്നിവയുമായി ബന്ധപ്പെട്ട വെൽഫെയർ രജിസ്‌ട്രേഷൻ യത്‌നങ്ങൾ നടത്തുക.

  • പ്രാദേശിക തല ഇടപെടലിലൂടെ താമസ- തൊഴിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടിയെടുക്കുക.

  • ധാരണാപത്രങ്ങളിലൂടെ കേരളവും തൊഴിലാളികളുടെ സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണ സംവിധാനം ഊർജ്ജിതമാക്കുക.

  • സർക്കാർ- തൊഴിലുടമകൾ- പൗരസമൂഹം- മാധ്യമങ്ങൾ തുടങ്ങിയ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള നയരൂപീകരണം തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടവ.

കേന്ദ്ര സർക്കാറിന്റെ ഡിജിറ്റൽ ഇന്ത്യ, സ്വച്ഛ് ഭാരത് എന്നീ ഇനീഷിയേറ്റീവുകളുടെ സഹായത്തോടെ 2022- 2025 കാലത്ത് നടത്തിയ പഠനത്തിൽ പല തലങ്ങളിലുള്ള വിദഗ്ധർ പങ്കാളികളായിട്ടുണ്ട്. ഡോ. സി.ടി. അരവിന്ദകുമാർ, ഡോ. നൗഷാദ് പി.പി., ഡോ. അബ്ദുൽ ജബ്ബാർ, ഡോ. രാജേഷ് മാനി എന്നിവരായിരുന്നു കോ- ഇൻവെസ്റ്റിഗേറ്റർമാർ. നവാസ് എം. ഖാദറാണ് പ്രൊജക്റ്റ് അസോസിയേറ്റ്. ഡോ. ബിജുലാൽ എം.വി, നവാസ് എം. ഖാദർ, ഹരിറാം എസ്.എസ്, ശംഭുനാരായണൻ എ.എസ്, മുഹമ്മദ് ഷാക്കിർ ഇ, കൽപന ജി., അമല എലിസബത്ത് വർഗീസ് എന്നിവരായിരുന്നു ഫീൽഡ് വർക്കർമാർ.

കേരളത്തിലെ കുടിയേറ്റ തൊഴിലാളികളെ മാനുഷികമായി രേഖപ്പെടുത്തുന്ന ഗവേഷണപഠനമായിരുന്നു ഇത്. തൊഴിലാളികളുടെ സ്വന്തം സംസ്ഥാനങ്ങളിലും ഫീൽഡ് വർക്ക് നടത്തി വിവരശേഖരണം നടത്തിയതിലൂടെ ഇവർ എങ്ങനെയാണ് സാമ്പത്തികമായും സാമൂഹികമായും സാംസ്‌കാരികമായും അതിജീവിക്കുന്നത് എന്നതിന്റെ പരിപ്രേക്ഷ്യപരമായ ഡാറ്റയാണ് ലഭിച്ചത്. പഠനം മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ നയപരമായ തീരുമാനങ്ങളിലേക്ക് നയിക്കുമോ എന്നതായിരിക്കും ഈ പഠനത്തിന് യഥാർത്ഥത്തിലുണ്ടാകേണ്ട പരിണതി.

Comments