ഇസ്രായേൽ പക്ഷപാതിത്വവും
കോൺഗ്രസിന്റെ പ്രതിസന്ധികളും

സാങ്കേതിക കാരണങ്ങളാൽ, സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാൻ കഴിയുകയില്ലെന്നാണ് മുസ്‍ലിം ലീഗ് നേതൃത്വം അറിയിച്ചത്. എന്നുപറഞ്ഞാൽ, നയപരമായി റാലിയിൽ പങ്കെടുക്കുന്നതിന് താൽപര്യമുണ്ടെന്നും എന്നാൽ മുന്നണിമര്യാദ പാലിക്കാനുള്ള ബാധ്യതയും അതിനെ നയിക്കുന്ന കോൺഗ്രസിന്റെ സമ്മർദ്ദവുമെന്ന സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കില്ല എന്നുമാണ് ലീഗ് നേതാക്കൾ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

വംബർ 11-ന് കോഴിക്കോട്ട് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യസമിതിയിൽ പങ്കെടുക്കാനുള്ള താൽപര്യം മുസ്‍ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ്ബഷീർ മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചതോടെയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സി.പി.ഐ (എം) നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യറാലി ന്യൂനപക്ഷപ്രീണനവും വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ളതാണെന്നുമൊക്കെയുള്ള വിലകുറഞ്ഞ ആരോപണങ്ങളുമായി രംഗത്തുവന്നത്. മുസ്‍ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യപ്രഭാഷകനായെത്തിയ ശശി തരൂർ ആ റാലിയുടെ മഹത്തായ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്ന രീതിയിൽ, ഹമാസിന്റെ ഭീകരാക്രണമാണ് ഇസ്രയേലിന്റെ യുദ്ധത്തിന് കാരണമായതെന്നും ഗാസയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണം ഹമാസാണെന്നുമുള്ള നിരീക്ഷണമാണ് മുന്നോട്ടുവെച്ചത്.

മുസ്‍ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ സംസാരിക്കുന്നു.

ഇത് മുസ്‍ലിം ലീഗിനെ വല്ലാത്തൊരു വിഷമസന്ധിയിൽ എത്തിച്ചു. തങ്ങളുടെ റാലിക്കെത്തിയവരുടെ വൈകാരികതയെയും റാലിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ തന്നെയും ശശി തരൂരിന്റെ പ്രഭാഷണം റദ്ദ് ചെയ്യുകയാണല്ലോ ചെയ്തതെന്ന ഖേദവും പ്രതിഷേധവുമാണ് മുസ്‍ലിം ലീഗ് നേതാക്കൾക്കും അണികൾക്കുമുണ്ടായത്. പലസ്തീൻ പ്രശ്നത്തിലും പൊതുവെ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും ശക്തമായ നിലപാടുള്ള മുസ്‍ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരു പാർട്ടി എന്ന നിലയ്ക്ക് ശശി തരൂരിന്റെ നിലപാട് ലീഗിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

ആ ഒരു സാഹചര്യത്തിലാണ് സി.പി.ഐ (എം) കോഴിക്കോട് സംഘടിപ്പിക്കുന്ന റാലിയിൽ ക്ഷണിച്ചാൽ ഞങ്ങൾ പോകുമെന്ന പ്രസ്താവന ഇ.ടി യുടെ ഭാഗത്തുനിന്നുണ്ടായത്. സി.പി.ഐ (എം) ക്ഷണിക്കുകയും മുസ്‍ലിം ലീഗ് ആലോചിച്ച് തീരുമാനമറിയിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതിനിടയിലാണ് യു.ഡി.എഫിനെ നയിക്കുന്ന കോൺഗ്രസിൽ നിന്ന് ശക്തമായ സമ്മർദ്ദം ലീഗിനുനേരെയുണ്ടായത്. പലസ്തീൻ വിഷയംപോലെ സാർവ്വദേശീയമായ മനുഷ്യാവകാശപ്രശ്‌നത്തെ സങ്കുചിതമായ കക്ഷി മുന്നണിരാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചെയ്തത്.

ഇ.ടി മുഹമ്മദ് ബഷീർ

സാങ്കേതിക കാരണങ്ങളാൽ തങ്ങൾക്ക് കോഴിക്കോട്ടെ റാലിയിൽ പങ്കെടുക്കാൻ കഴിയുകയില്ലെന്ന നിലപാടാണ് മുസ്‍ലിം ലീഗ് നേതൃത്വം വളരെ ഔചിത്യപൂർവ്വം സി.പി.ഐ (എം)-യെ അറിയിച്ചത്. എന്നുപറഞ്ഞാൽ, നയപരമായി റാലിയിൽ പങ്കെടുക്കുന്നതിന് താൽപര്യമുണ്ടെന്നും എന്നാൽ മുന്നണിമര്യാദ പാലിക്കാനുള്ള ബാധ്യതയും അതിനെ നയിക്കുന്ന കോൺഗ്രസിന്റെ സമ്മർദ്ദവുമെന്ന സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കില്ല എന്നുമാണ് ലീഗ് നേതാക്കൾ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കേണ്ടത്. ഇത് സി.പി.ഐ(എം) സംഘടിപ്പിക്കുന്ന ഐക്യദാർഢ്യറാലിയുടെ മാത്രം പ്രശ്‌നമല്ലെന്നാണ് നിലമ്പൂരിൽ ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യറാലിക്ക് വിലക്കേർപ്പെടുത്തിയ കെ.പി.സി.സി നിലപാടിൽ നിന്ന് വ്യക്തമാകുന്നത്.

ഇതൊക്കെക്കൊണ്ട് പലസ്തീൻ പ്രശ്‌നത്തിൽ കോൺഗ്രസിന്റെ പ്രതിസന്ധി നയപരമാണെന്ന് കാ​ണേണ്ടിവരും. എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി പലസ്തീൻ അനുകൂല പ്രമേയം പാസാക്കുകയും സോണിയാഗാന്ധി ഹിന്ദു പത്രത്തിനു നൽകിയ അഭിമുഖത്തിൽ കോൺഗ്രസിന്റെ പരമ്പരാഗതമായ പലസ്തീൻ അനുകൂലനയം ആവർത്തിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് എന്നത് ശരിയാണ്. അപ്പോഴും കോൺഗ്രസ് നേതൃത്വം ദൽഹിയിൽപോലും ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് പറഞ്ഞ് ഒരു റാലി സംഘടിപ്പിക്കാൻ മുൻകൈയ്യെടുക്കുന്നില്ല.

കെ.പി.സി.സി വിലക്ക് മറികടന്ന് ആര്യാടൻ ഫൗണ്ടേഷൻ മലപ്പുറത്ത് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യറാലി

കേരളത്തിൽ സി.പി.ഐ(എം) ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളുടെയും മുസ്‍ലിം ലീഗ്‌ പോലുള്ള കക്ഷികളുടെയും ഇടപെടലുകളുടെ സമ്മർദ്ദമാണ് പേരിനെങ്കിലും കോൺഗ്രസ് അവിടെയും ഇവിടെയുമൊക്കെയായി പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കാൻ നിർബന്ധിതമാകുത്. എ.ഐ.സി.സി വർക്കിംഗ് കമ്മറ്റി അംഗീകരിച്ച പ്രമേയത്തിന്റെ സത്തയിൽ പലസ്തീനിനെ പിന്തുണക്കാനോ ഇസ്രായേൽ കൂട്ടക്കൊലകളെ അപലപിക്കാനോ തയ്യാറില്ലാത്ത സന്ദിഗ്ധതയിലാണ് കോൺഗ്രസ് നേതാക്കളെന്ന് തോന്നുന്നു. അതിനു കാരണം അവരുടെ യു.എസ്- ഇസ്രായേൽ പക്ഷപാത നിലപാടുകളാണ്.

ഇന്ത്യ- യു.എസ്- ഇസ്രായേൽ തന്ത്രപരമായ സഖ്യത്തെ കോൺഗ്രസ് പിന്തുണക്കുകയാണെന്നതാണ് യാഥാർത്ഥ്യം. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയവും വൻശക്തി മേധാവിത്വത്തിനെതിരായ നിലപാടുകളും 1990- കളോടെ കോൺഗ്രസ് സർക്കാരുകൾ ഉപേക്ഷിച്ചതാണ്. ഗാന്ധിയും നെഹ്‌റുവുമൊക്കെ പലസ്തീൻ മണ്ണിൽ ഇസ്രായേൽ രാഷ്ട്രമുണ്ടാകുന്നതിന് എതിരായിരുന്നു. സാമ്രാജ്യത്വതാൽപര്യങ്ങൾ സയണിസ്റ്റുകളെ ഉപയോഗിച്ച് പലസ്തീനികളെ അടിച്ചോടിച്ചും കൊന്നുകൂട്ടിയും ഉണ്ടാക്കിയ ഇസ്രായേലിനെ അംഗീകരിക്കാനോ ആ വംശീയരാഷ്ട്രവുമായി നയതന്ത്രബന്ധം സ്ഥാപിക്കാനോ ജവഹർലാൽ നെഹ്‌റു തയ്യാറായിരുന്നില്ല.

ഗാന്ധിയും നെഹ്‌റുവുമൊക്കെ പലസ്തീൻ മണ്ണിൽ ഇസ്രായേൽ രാഷ്ട്രമുണ്ടാകുന്നതിന് എതിരായിരുന്നു

പലസ്തീനികൾക്ക് മുകളിലുള്ള അധിനിവേശമായിട്ടാണ് ഇസ്രായേൽ രാഷ്ട്രത്തെ നെഹ്‌റുവും ഇന്ദിരാഗാന്ധിയുമൊക്കെ കണ്ടത്. 1974-ൽ പി.എൽ.ഒവിന് യു.എൻ നിരീക്ഷകപദവി നൽകിയപ്പോൾ പശ്ചിമേഷ്യക്കുപുറത്ത് ആദ്യമായി പലസ്തീന് നയതന്ത്രപദവി നൽകി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. ആ പാരമ്പര്യത്തെയാകെ കുഴിച്ചുമൂടിയാണ് 1992 മുതൽ നരസിംഹറാവു സർക്കാർ ഇസ്രായേലുമായി നയതന്ത്രബന്ധം ആരംഭിച്ചത്. അത് മോദിയിലേക്കെത്തുമ്പോഴേക്കും ഇസ്രായേൽ- യു.എസ് വിധ്വംസക സഖ്യത്തിലെ പങ്കാളിയായി ഇന്ത്യ അധഃപതിച്ചു. ഇരുരാജ്യങ്ങളും അമേരിക്കയുടെ കാർമികത്വത്തിൽ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുമ്പോൾ സയണിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും പ്രതിലോമകരമായൊരു ഏഷ്യൻ സഖ്യമാണ് രൂപംകൊള്ളുന്നത്.

അമേരിക്കയിലെയും ഇസ്രായേലിലെയും ജൂതവ്യവസായ ലോബിയും മോദിയുടെ ക്രോണികളായ ഇന്ത്യൻ കോർപ്പറേറ്റുകളുമാണ് ഈവിധമൊരു വിധ്വംസക സഖ്യം രൂപപ്പെടുത്തുന്നതിന്റെ അണിയറയിൽ കളിക്കുന്നത്. ഇസ്രായേൽ വിദേശകാര്യമന്ത്രിയായ ഷിമോൺ പെരസിനെ റാവു സർക്കാർ 1993-ൽ ആരതിയുഴിഞ്ഞാണ് പാലം വിമാനത്താവളത്തിൽ സ്വീകരിച്ചത്. റാവു സർക്കാരിലെ വിദേശകാര്യമന്ത്രിക്കൊപ്പം ഷിമോൺ പെരസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത് മുതിർന്ന ബി.ജെ.പി നേതാക്കളായിരുന്ന സുഷമ സ്വരാജിനെ പോലുള്ളവരായിരുന്നു.

പി.വി. നരസിംഹറാവു

സയണിസ്റ്റ് ഭീകരതയുടെ പ്രതീകമായ പെരസിനെ ഇന്ത്യൻ- ഇസ്രായേൽ പതാകകൾ വീശി ഹിന്ദി-ഹീബ്രു ഭായ് ഭായ് വിളിച്ചാണ് ദൽഹിയിൽ റാവു സർക്കാർ സ്വീകരിച്ചാനയിച്ചത്. പിന്നീട് സയണിസ്റ്റ് ഭീകരരായ ഏരിയൻ ഷരോൺ മുതൽ നെതന്യാഹുവരെയുള്ള ആളുകൾ ഇന്ത്യയിലെത്തി. കോൺഗ്രസും ബി.ജെ.പിയും ചേർന്ന് ഇന്ത്യയെ ഇസ്രായേലിന്റെ തന്ത്രപരമായ പങ്കാളിയാക്കി അധഃപതിപ്പിച്ചു. നെഹ്‌റുവിന്റെ ചേരിചേരാനയത്തെയും മുതലാളിത്തേതര വികസന കാഴ്ചപ്പാടുകളെയും നിരാകരിച്ചാണ് 1990- കളോടെ നരസിംഹറാവു സർക്കാർ ഇന്ത്യയെ അമേരിക്കൻ വിധേയത്വത്തിലേക്ക് തള്ളിവിട്ടത്. അമേരിക്കൻ വിധേയത്വം തലക്കുകയറിയ കോൺഗ്രസ് നേതാക്കൾ ഏഷ്യയിലെ അമേരിക്കൻ ശിങ്കിടിയായ ഇസ്ര-യേലുമായി അടുക്കുകയായിരുന്നു.

1992-ൽ റാവു തുടക്കമിട്ട ഇസ്രായേൽ ബാന്ധവത്തിന്റെ 25-ാം വർഷത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇസ്രായേലിൽ ചെന്നെത്തിയത്. 2017 ജൂലായ് 4-ന് ടെൽ അവീവിലെ ബെൽഗൂറിയൻ വിമാനത്താവളത്തിൽഇറങ്ങിയ മോദിക്ക് ആവേശകരമായ സ്വീകരണമാണ് നെതന്യാഹു ഭരണകൂടം നൽകിയത്. ആ സ്വീകരണത്തെയും നെതന്യാഹു ഭരണകൂടത്തിന്റെ ആതിഥേയത്വത്തെയും ആയിരക്കണക്കിന് പലസ്തീൻകാരെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ നടപടികൾക്കുള്ള ഇന്ത്യയുടെ പിന്തുണയും അംഗീകാരവുമായിട്ടാണ് ലികുഡ് പാർട്ടി നേതാക്കൾ ആഘോഷിച്ചത്!

ഇസ്രായേൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ സന്ദർശിച്ച ആദ്യ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി.

അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയാണ് കോൺഗ്രസ് സർക്കാർ 1992-ൽ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. അതേ വർഷത്തിൽ തന്നെയാണ് അയോധ്യയിൽ ബാബ്‌റി മസ്ജിദ് ഹിന്ദുത്വവാദികൾ നരസിംഹറാവു സർക്കാരിന്റെ മൗനസമ്മതത്തോടെ തകർത്തതെന്ന കാര്യം യാദൃച്ഛികമല്ല. ഇസ്രായേൽ നയതന്ത്രവിദഗ്ധർ, ഇന്ത്യയുമായുള്ള ഇസ്രായേൽ ബാന്ധവത്തെ ഇസ്ലാമിക ലോകത്തിന്റെ ഭീഷണികളെ നേരിടാൻ സഹായകരമായ നീക്കമായിട്ടാണ് വിലയിരുത്തിയിട്ടുള്ളത്. ഇറാനും ചൈനയുമൊക്കെ ഏഷ്യൻ മേഖലകളിൽ അമേരിക്കൻ താൽപര്യങ്ങൾക്കുനേരെ ഉയർത്തുന്ന ഭീഷണികളെ അതിജീവിക്കാൻ ഇന്ത്യ- ഇസ്രായേൽ അച്ചുതണ്ട് അനിവാര്യമാണെന്നാണ് പെന്റഗൺവാർ കോളേജ് പഠനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇക്കാര്യങ്ങൾ സി.ഐ.എയും മൊസാദുമെല്ലാം ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. ഇന്ത്യ- ഇസ്രായേൽ സഖ്യം പലസ്തീനിലെ ഹമാസ് ഭീഷണിയെയും ഈ മേഖലയിലെ ഭീകരവാദ ഭീഷണികളെയും നേരിടുന്നതിനും അനിവാര്യമാണെന്നാണ് പെന്റഗൺവാർ കോളേജ് പഠനറിപ്പോർട്ടുകൾ വാദിച്ചുകൊണ്ടിരുന്നത്. ഇതിനാവശ്യമായ രീതിയിൽ പ്രചാരണം നടത്താൻ സി.ഐ.എയും മൊസാദുമെല്ലാം ബുദ്ധിജീവികൾക്കിടയിലും അന്താരാഷ്ട്ര വിദഗ്ധൻമാർക്കിടയിലും സംഘടിത ലോബിയിംഗ് തന്നെ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ചിത്ര സുബ്രഹ്മണ്യത്തെപ്പോലുള്ള മാധ്യമപ്രവർത്തകർ ഇത്തരം ലോബിയിംഗിനുള്ള വേദികളായി യു.എൻ സമ്മേളനങ്ങളും വേൾഡ് ഇക്കണോമിക് ഫോറം പോലുള്ള വേദികളും എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് മുമ്പ് എഴുതിയിട്ടുണ്ട്.

1992-ൽ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന അതേ വർഷത്തിൽതന്നെയാണ് അയോധ്യയിൽ ബാബ്‌റി മസ്ജിദ് ഹിന്ദുത്വവാദികൾ നരസിംഹറാവു സർക്കാരിന്റെ മൗനസമ്മതത്തോടെ തകർത്തതെന്ന കാര്യം യാദൃച്ഛികമാകാനിടയില്ല.

യു.എസ്- ഇസ്രായേൽ- ഇന്ത്യ സഖ്യത്തിനാവശ്യമായ ആശയപരിസരം ഒരുക്കുന്നതിന് ഇന്ത്യൻ ബുദ്ധിജീവികളെ വിലയ്‌ക്കെടുത്തുകൊണ്ടുള്ള പ്രചാരവേല ഇന്ന് സജീവമാണ്. ഇന്റലിജൻസ് നയതന്ത്രങ്ങളിലൂടെ ഇസ്രായേൽ അനുകൂല അഭിപ്രായ രൂപവൽക്കരണത്തിനുള്ള നീക്കങ്ങൾ പലതലങ്ങളിലും നടക്കുന്നുണ്ട്. ചേരിചേരാനയത്തിന്റെയും ആഴത്തിലുള്ള അമേരിക്കൻ-ഇസ്രായേൽ വിരുദ്ധതയുടെയും ധൈഷണിക സ്വാധീനം മാറ്റിയെടുക്കാനുള്ള രഹസ്യാന്വേഷണപരമായ പ്രവർത്തനങ്ങൾ ഇതിൽ പ്രധാനമാണ്. സി.ഐ.എയുടെ പ്രത്യയശാസ്ത്രപരമായ ഇടപെടലുകൾക്കായി അമേരിക്കയിലും ഇസ്രായേലിലും നിരവധി ഫൗണ്ടേഷനകളും സിൻഡിക്കേറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ശശി തരൂരിനെപോലുള്ള വിശ്വപൗരന്മാർ ഇത്തരം താവളങ്ങളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിച്ചേർന്നിട്ടുള്ള ഇസ്രായേൽ പക്ഷപാതികളാണ്.

2001-ൽ അന്നത്തെ നമ്മുടെ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിയുടെ ടെൽ അവീവ് സന്ദർശനവേളയിൽ മൊസാദിന്റെയും ഷബാകിന്റെയും മേധാവികളുമായി മണിക്കൂറുകൾ നീണ്ട അടഞ്ഞമുറി ചർച്ചകളാണ് നടന്നത്. അതിനെതുടർന്നാണ് 2003-ൽ ഇന്ത്യയുടെ അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രിജേഷ്മിശ്ര അമേരിക്കയിലെ ജൂയിഷ്‌ കമ്മിറ്റിയെ അഭിസംബോധന ചെയ്ത്; ഇന്ത്യക്കും അമേരിക്കൻ ഐക്യനാടുകൾക്കും അടിസ്ഥാനപരമായ ചില സമാനതകളുണ്ട് എന്ന് പ്രഖ്യാപിച്ചത്. നാമെല്ലാം ജനാധിപത്യരാജ്യങ്ങളാണെന്നും ഭീകരവാദത്തിന്റെ മുഖ്യ ആക്രമണലക്ഷ്യങ്ങളാണെന്നും ആധുനിക ഭീകരവാദത്തിന്റെ ദുർമുഖത്തെ ഈ രാജ്യങ്ങൾ യോജിച്ച് നേരിടണമെന്നുമൊക്കെയായിരുന്നു ബ്രിജേഷ് മിശ്രയുടെ ജൂയിഷ് കൗൺസിലിലെ പ്രസംഗം.

2001-ൽ ഉപപ്രധാനമന്ത്രിയായിരുന്ന എൽ.കെ. അദ്വാനിയുടെ ടെൽ അവീവ് സന്ദർശനവേളയിൽ മൊസാദിന്റെയും ഷബാകിന്റെയും മേധാവികളുമായി ചർച്ച നടത്തുന്നു.

ഇന്ത്യയുടെ സയണിസ്റ്റ്ബാന്ധവത്തെ ഭീകര മാനങ്ങളിലേക്കെത്തിക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ദർബനിൽ നടന്ന വംശീയവാദത്തിനെതിരായ യു.എൻ ഉച്ചകോടിയിൽ സയണിസത്തെയും ഇസ്രായേലിന്റെ അറബ്‌വിരുദ്ധ നയങ്ങളെയും വിമർശിച്ച് വന്ന പ്രമേയത്തെ ഇന്ത്യ ഇടപെട്ടാണ് അമേരിക്കൻ നിർദ്ദേശമനുസരിച്ച് തടഞ്ഞത്. ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തമായി ഇക്കാര്യങ്ങളിലൊന്നും കോൺഗ്രസ് നയപരമായ നിലപാട് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. കോൺഗ്രസ് തുടങ്ങിവെച്ച ഇസ്രായേൽ ബാന്ധവമാണ് ഇന്ന് ബി.ജെ.പിയിലെത്തിനിൽക്കുമ്പോൾ ഗാസയിലെ വംശഹത്യകൾക്ക് നെതന്യാഹു ഭരണകൂടത്തിന് കലവറയില്ലാത്ത പിന്തുണ നൽകുന്ന മനുഷ്യത്വരഹിതമായ അവസ്ഥയിലേക്ക് ഇന്ത്യൻ ഭരണകൂടത്തെ എത്തിച്ചതെന്നകാര്യം നാം കാണണം.

Comments