മുജാഹിദ് നേതാവ് അബ്ദുല്‍ മജീദ് സ്വലാഹിയെ ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനയായ 'കാസ' അഭിനന്ദിച്ചതാണ് ഇപ്പോഴത്തെ ഒരു വാര്‍ത്ത. മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് 2022 ജനുവരിയിൽ ആലുവയില്‍ നടത്തിയ സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തിന്റെ ക്ലിപ്പ് ഷെയര്‍ ചെയ്ത്, 'കാസ'യുടെ എഫ് ബി പേജില്‍ മജീദ് സ്വലാഹിയെ പ്രശംസിച്ചു കൊണ്ട് നല്‍കിയ കുറിപ്പ് ഇങ്ങനെയാണ്: ‘‘ഹമാസ് എന്ന ഭീകരസംഘടനയെ സന്നദ്ധ സംഘടനയാക്കാൻ ഇവിടുത്തെ ഇടതു- വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മത്സരിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് അത് വിളിച്ചു പറയുന്ന മുജാഹിദ് നേതാവായ മജീദ് സലാഹിയെ പോലെയുള്ളവർ ഇവിടെ നമുക്കിടയിൽ ഉണ്ട് എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം.അഭിനന്ദനങ്ങൾ സഹോദരാ, ഒപ്പം താങ്കൾക്ക് ദീർഘായുസ്സും നേരുന്നു".
ഈ പോസ്റ്റ് വൈറല്‍ ആയതോടെ വിശദീകരണമായി 'കാസ’യുടെ മറ്റൊരു പോസ്റ്റ് കൂടി വന്നു. അതിങ്ങനെയാണ്: "മുജാഹിദ് പ്രസ്ഥാനം എന്താണെന്ന് അറിയാത്തത് കൊണ്ടല്ല 'കാസ' അതിന്റെ നേതാവായ അബ്ദുൾ മജീദ് സലാഹിയെ അഭിനന്ദിച്ചത്, ഒരു പ്രസംഗത്തിൽ അദ്ദേഹം തന്റെ മുന്നിലിരിക്കുന്ന യുവതി യുവാക്കളോട് രണ്ടര മിനിറ്റ് കൊണ്ട് പറഞ്ഞ കാര്യങ്ങളെല്ലാം സത്യങ്ങൾ തന്നെയാണ് എന്നുള്ളതുകൊണ്ടാണ്. സത്യങ്ങൾ ആരു പറഞ്ഞാലും ഞങ്ങൾ അഭിനന്ദിക്കും. ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങളെന്നും പോരാട്ടമെന്നും സ്വതന്ത്ര സമരമെന്നും പറഞ്ഞ് ലോകമെമ്പാടും അശാന്തി വിതയ്ക്കുന്നതിന് എതിരെ പറഞ്ഞ കാര്യങ്ങളും, ഹമാസ് എന്ന ഭീകരവാദപ്രസ്ഥാനമാണ് പാലസ്തീൻ ജനതയുടെ യഥാർത്ഥ ശത്രുക്കൾ എന്ന് അദ്ദേഹം പറഞ്ഞതും 100% സത്യങ്ങൾ തന്നെയാണ്."
ഈ മുജാഹിദ് നേതാവ് ഇതിനുമുമ്പ് അഭിനന്ദനം ഏറ്റുവാങ്ങിയത് സംഘപരിവാറില്‍ നിന്നായിരുന്നു. മുജാഹിദ് സംസ്ഥാന സമ്മേളനം നടക്കുന്ന സന്ദര്‍ഭത്തില്‍ 'ജനം' ടി.വിയില്‍ സംവാദത്തില്‍ പങ്കെടുത്ത് ‘‘ഭയപ്പെടുത്തുന്ന പോലെ ഇന്ത്യൻ മുസ്ലിംകൾ ആശങ്കിക്കേണ്ടതില്ല’’ എന്ന് ബി ജെ പിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ് അന്ന് പൂച്ചെണ്ടുകള്‍ നേടാനുണ്ടായ കാരണം. സംഘപരിവാര്‍ പൂച്ചെണ്ട് നല്‍കി ആശ്ലേഷിച്ച ഒരാളെ 'കാസ' അഭിനന്ദിച്ചതില്‍ അത്ര വലിയ ആശ്ചര്യത്തിനൊന്നും വകയില്ല. സന്ദര്‍ഭവും സാഹചര്യവും കണക്കിലെടുക്കാതെ, വികാര വിക്ഷോഭങ്ങള്‍ നടത്തുന്ന മതപ്രഭാഷകര്‍ ഇനിയും പൂച്ചെണ്ടുകള്‍ വാങ്ങിക്കൂട്ടും. പരിമിതവും വളരെ സങ്കുചിതവുമായ താല്പര്യങ്ങൾക്കപ്പുറം രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്നങ്ങളെ നോക്കിക്കാണാന്‍ തങ്ങള്‍ക്കു സാധിക്കില്ലെന്നാണ് തുടര്‍ച്ചയായി ഈ സംഘടനകള്‍ അവരുടെ നിലപാടുകളിലൂടെയും നേതാക്കളുടെ പ്രസംഗങ്ങളിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുന്നത്.
അതേസമയം, 2022- ൽ ഇദ്ദേഹം നടത്തിയ പ്രസംഗത്തെ പലസ്തീനികള്‍ ഇപ്പോൾ നടത്തുന്ന ചെറുത്തുനിൽപ്പിനെതിരെയുള്ള ആക്ഷേപമാക്കി അവതരിപ്പിക്കാമോ എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. മുജാഹിദ് സംഘടനകൾ പലസ്തീൻ വിരുദ്ധരും ഇസ്രായേൽ അനുകൂലികളുമാണെന്ന് തോന്നിക്കുന്നതാണ് ‘കാസ’ തുറന്നു വിട്ട പ്രസംഗവിവാദം. അത് വസ്തുതാപരമായി ശരിയാണോ? മുജാഹിദ് സംഘടനയോടും അതിന്റെ നിലപാടുകളോടും നമുക്ക്‌വിയോജിപ്പുകളുണ്ട്. ഈ ലേഖകൻ തന്നെ പല സന്ദർഭങ്ങളിലും അത്തരം വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇനിയും അതു തുടരുകയും ചെയ്യും. എന്നാൽ ഒരു പ്രസംഗത്തിന്റെ പേരിൽ ഒരു കൂട്ടരെ ഇസ്രായേൽ അനുകൂലികളാക്കി ചിത്രീകരിക്കുന്നവർക്ക് വ്യക്തമായ അജണ്ടയുണ്ട് എന്ന് പറയാതിരുന്നു കൂടാ.
മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചതായി ഒരു ഉദാഹരണവുമില്ല. പലസ്തീന്‍ പ്രശ്നത്തില്‍ അവര്‍ എന്നും പലസ്തീനിന്റെയും അറബികളുടെയും പക്ഷത്തുതന്നെയാണ് നില കൊണ്ടിട്ടുള്ളത്. അതിന്റെ പ്രധാന കാരണം, മതപരമായ വീക്ഷണകോണിലൂടെയാണ് പലസ്തീന്‍ പ്രശ്നത്തെ അവര്‍ നോക്കികാണുന്നത് എന്നതാണ്. ലോക മുസ്‍ലിംകളെ സംബന്ധിച്ച് 'മസ്ജിദുല്‍ അഖ്സ' നിലനില്‍ക്കുന്ന ഭൂമി ജൂതന്മാരുടെ അധീനതയില്‍നിന്ന് മോചിപ്പിക്കണം എന്നത് മതപരമായി പ്രാധാന്യമുള്ള വിഷയമാണ്. അറബ്, മുസ്‍ലിം ജനതയോടുള്ള ഐക്യദാര്‍ഢ്യം ഒരു വൈകാരികപ്രശ്നം കൂടിയാണ് അവര്‍ക്ക്. ഇക്കാര്യത്തില്‍ ഇതര മുസ്‍ലിം സംഘടനകളില്‍ നിന്ന് ഭിന്നമായ ഒരു അഭിപ്രായം മുജാഹിദ് സംഘടനകള്‍ക്കില്ല എന്നതാണ് വാസ്തവം.
മജീദ് സ്വലാഹിയുടെ ഈ പ്രസംഗം, ഇപ്പോള്‍ ഗാസയില്‍ നടക്കുന്ന കൂട്ടക്കുരുതിയെ ന്യായീകരിച്ചോ ഇസ്രായേലിനെ അനുകൂലിച്ചോ ചെയ്തതല്ല എന്ന് അത് പ്രചരിപ്പിക്കുന്നവര്‍ തന്നെ സമ്മതിക്കുന്നു. ആ പ്രസംഗം കേട്ടാലും ഇസ്രായേലിനെ ന്യായീകരിക്കുന്നതല്ല പ്രസംഗം എന്ന് വ്യക്തം. പൊതുവായി ഇസ്‍ലാമിസ്റ്റ് രാഷ്ട്രീയത്തെയും അതിന്റെ മിലിറ്റന്റ് രൂപമായ ഹമാസിനെയും ഇതര മുസ്‍ലിം തീവ്രവാദ സംഘടനകളെയും വിമര്‍ശിക്കുന്ന, മറ്റൊരു സന്ദര്‍ഭത്തില്‍ ചെയ്ത പ്രസംഗത്തെ ഇപ്പോള്‍ നടക്കുന്ന ഇസ്രായേല്‍ ഭീകരയുദ്ധത്തിന്റെ സന്ദര്‍ഭത്തിലേക്ക് കൊണ്ടുവരികയാണ് 'കാസ' ചെയ്തത്. ഹമാസിനെ രാക്ഷസവല്‍ക്കരിക്കുക, അതിന് ലോകത്തെ കൊടും ഭീകരമുദ്ര നല്‍കുക; എന്നിട്ട് സ്വയം പ്രതിരോധത്തിന്റെ ആനുകൂല്യം നല്‍കി ഇസ്രായേലിനെ വെള്ള പൂശുക എന്നതാണ് ‘കാസ’യുടെ അജണ്ട.
കേരളത്തിലെ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളെല്ലാം ഇസ്രായേലിന്റെ പലസ്തീന്‍ അധിനിവേശത്തിനെതിരാണ്. ചില ക്രിസ്ത്യന്‍ സംഘടനകളും സംഘപരിവാറും അവര്‍ സ്പോന്‍സര്‍ചെയ്യുന്ന ചില നവനാസ്തികരും മാത്രമാണ് ഇസ്രായേല്‍ അധിനിവേശത്തെ പരസ്യമായി ന്യായീകരിക്കുന്നത്. ഇസ്രായേല്‍ വിരുദ്ധവും പലസ്തീന്‍ അനുകൂലവുമായ ഈ ഐക്യചേരിയില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ അവര്‍ ബോധപൂര്‍വം കൊണ്ടുവരുന്ന സംവാദമാണ്, ഹമാസ് ഭീകര പ്രസ്ഥാനമാണോ അല്ലയോ എന്ന ചര്‍ച്ച. ഇസ്രായേല്‍ അധിനിവേശത്തിന്റെ വര്‍ത്തമാന സാഹചര്യത്തില്‍ ഒട്ടും പ്രസക്തമല്ലാത്ത വിഷയമാണ്, ഹമാസ് തീവ്രവാദ സംഘടനയോ അല്ലയോ എന്നത്. ഐക്യ രാഷ്ട്ര സഭയുടെ എല്ലാ ഉടമ്പടികളും നോക്കുകുത്തിയാക്കി, ലോകത്ത് നിലനില്‍ക്കുന്ന മനുഷ്യാവകാശ തത്വങ്ങളെയും യുദ്ധ നിയമങ്ങളെയും കാറ്റില്‍ പറത്തി, നിസ്സഹായരായ, കുടിയിറക്കപ്പെട്ട ഒരു ജനതക്കുനേരെ ഒരു രാഷ്ട്രം ഏറ്റവും ഭീകരമായ മുറകള്‍ പ്രയോഗിച്ച് ആക്രമിക്കുമ്പോള്‍ അവരില്‍ നിന്നുള്ള ഒരു സംഘം ചെറുത്തുനില്‍ക്കുന്നതാണ് നാം കാണുന്നത്. 'തെമ്മാടി രാഷ്ട്രം' എന്ന് വിളിപ്പേര്‍ കിട്ടിയ, അന്യായമായി വെട്ടിപ്പിടിച്ച് വിസ്തൃതി കൂട്ടി ഉണ്ടാക്കിയ, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ 'ഭീകരത'യെ മറച്ചുപിടിച്ച്, അവര്‍ക്കെതിരെ സാധ്യമായവിധം ചെറുക്കുന്ന സംഘത്തെ 'ഭീകരവാദികള്‍' എന്ന് മുദ്രയടിക്കുന്നത് എന്തുമാത്രം വിരോധാഭാസമാണ്. അതുകൊണ്ടാണ്, രാജ്യത്തെ മതേതര പ്രസ്ഥാനങ്ങള്‍ 'ഹമാസ്' ഭീകരവാദ സംഘടനയോ എന്ന, ഇപ്പോള്‍ അപ്രസക്തമായ സംവാദത്തില്‍നിന്ന് മാറി നില്‍ക്കുന്നത്.
മുജാഹിദ് സംഘടന ഇസ്‍ലാമിസ്റ്റ് രാഷ്ട്രീയത്തെ രൂക്ഷമായി എതിര്‍ക്കുന്നവരാണ്. കേരളത്തില്‍ ജമാഅത്തെ ഇസ്‍ലാമി ഉണ്ടായ കാലം തൊട്ടു തന്നെ അതിന്റെ പ്രധാന പ്രതിയോഗി മുജാഹിദ് പ്രസ്ഥാനമാണ്. ജമാഅത്തെ ഇസ്‍ലാമിയെ മാത്രമല്ല, അതുമായി ആദര്‍ശ ബന്ധമുള്ള മുസ്‍ലിം ബ്രദര്‍ഹുഡിനെയും ബ്രദര്‍ഹുഡിന്റെ പലസ്തീനിലെ രൂപമായ ഹമാസിനെയുമെല്ലാം മുജാഹിദ് സംഘടന നിരന്തരം വിമര്‍ശിക്കുന്നു. ജമാഅത്തെ ഇസ്‍ലാമി മുന്നോട്ട് വെക്കുന്ന ഇസ്‍ലാമിക രാഷ്ട്രം എന്ന ആശയത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള അനേകം പുസ്തകങ്ങള്‍ മുജാഹിദ് പ്രസ്ഥാനം പുറത്തിറക്കിയിട്ടുണ്ട്. നിരവധി വാദപ്രതിവാദങ്ങള്‍ ഈ വിഷയങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ ഉണ്ടായിട്ടുണ്ട്. സത്യത്തില്‍ മുജാഹിദ് നേതാവിന്റെ ഹമാസ് വിമര്‍ശനം, ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. ഹമാസിന്റെ പൊളിറ്റിക്കല്‍ ഐഡിയോളജിയാണ് മുജാഹിദുകള്‍ അവരെ ആക്ഷേപിക്കുന്നതിന്റെ അടിസ്ഥാനം.
പൊളിറ്റിക്കല്‍ ഇസ്‍ലാമിനെ വിമര്‍ശിക്കുന്നതിനെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി, വിമര്‍ശകരെ ഇസ്രായേല്‍ അനുകൂലമാക്കി അവതരിപ്പിക്കുന്നതില്‍ ശരികേടുണ്ട്.
മജീദ് സലാഹിയുടെ പ്രസംഗത്തെ അഭിനന്ദിച്ച 'കാസ' പ്രസ്താവനയെ ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് ആരാണെന്ന് നോക്കിയാല്‍ അതിനു പുറകിലുള്ള കുടിപ്പകയുടെ ചിത്രം തെളിഞ്ഞുവരും. ജമാഅത്തെ ഇസ്‍ലാമിയും അവരുടെ മാധ്യമ വ്യൂഹവും അവരുടെ പ്രവര്‍ത്തകരുമാണ് 'കാസ'യുടെ അഭിനന്ദനത്തിന് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ഇസ്‍ലാമിസ്റ്റ് രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന മുജാഹിദ് വിഭാഗങ്ങളെ അടിക്കാന്‍ ഒരവസരം കിട്ടിയപ്പോള്‍ അത് പരമാവധി മുതലാക്കി എന്നതിലപ്പുറം അതിനു വിശദീകരണമില്ല.
പൊതുവില്‍ മുജാഹിദ് സംഘടനകള്‍ക്ക് ആഭിമുഖ്യം സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളോടാണ്. ജമാഅത്തെ ഇസ്‍ലാമിക്കാകട്ടെ ഖത്തറിനോടും. അവസരം കിട്ടുമ്പോഴൊക്കെ, സലഫി ആശയക്കാരായ ഗള്‍ഫ് ശൈഖന്മാര്‍ സ്വീകരിക്കുന്ന 'ഇസ്രായേല്‍ അനുകൂല' നിലപാടിനെ വിമര്‍ശിക്കുന്ന ഇസ്‍ലാമിസ്റ്റുകള്‍ പക്ഷെ, സ്വന്തം സംഘടനാതാല്പര്യം വരുമ്പോള്‍ മറുകണ്ടം ചാടുന്നത് കാണാം. ഇസ്രായേലിനെ അനുകൂലിക്കുന്ന മിക്ക രാജ്യങ്ങളുമായി സൗദി അറേബ്യക്കുള്ള വാണിജ്യ ബന്ധങ്ങളെ, യുദ്ധസാഹചര്യത്തില്‍ പോലും കണ്ടില്ലെന്നു നടിക്കുക മാത്രമല്ല, അതിന്റെ പാര്‍ട്ണര്‍ ആകുകയും ചെയ്യുന്നവര്‍ മറുവശത്ത് പാശ്ചാത്യ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് കാണാം!. എന്നാല്‍ ഇത് ഇതര സംഘടനകള്‍ ചെയ്താലോ?. അവരെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യും.
മുജാഹിദ് സംഘടന അവരുടെ സംഘടനാപരമായ നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി നിലപാടുകളിൽ വെള്ളം ചേർത്തിട്ടില്ലെന്നല്ല. വിവാദ പ്രസംഗകനായ മജീദ് സ്വലാഹിയെ, അദ്ദേഹം ജനം ടി വിക്ക് അഭിമുഖം നല്‍കിയതിന്റെ പേരിലും മുജാഹിദ് സമ്മേളനത്തില്‍ ബി ജെ പി നേതാക്കളെ ക്ഷണിച്ചതിന്റെ പേരിലും ഏറ്റവും കൂടുതല്‍ പഴിച്ചത് കേരളത്തിലെ ഇസ്‍ലാമിസ്റ്റുകളും അവരുടെ മാധ്യമങ്ങളുമായിരുന്നു. എന്നാല്‍ അവരുടെ സമുന്നത നേതൃത്വം സാക്ഷാല്‍ മോഹന്‍ ഭാഗവതുമായി പിന്നീട് ചര്‍ച്ച നടത്തി. മുന്നേയുള്ള വിമര്‍ശങ്ങള്‍ എല്ലാം അപ്പോള്‍ വിഴുങ്ങി. ആര്‍ എസ് എസ് നേതാക്കളുമായി ജമാഅത്തെ ഇസ്‍ലാമിക്ക് ചര്‍ച്ച നടത്താമെങ്കില്‍ അതിന്റെ പേരില്‍ മറ്റുള്ള മത സംഘടനകളെ ആക്ഷേപിക്കുന്നത് ന്യായമാണോ?. 'വിശാലമായ' ഐക്യവും നിലപാടും പുറത്തു പറയുന്നവരില്‍ പലരും കാര്യത്തോടടുക്കുമ്പോള്‍ സംഘടന കക്ഷിത്വത്തിന്റെ കുഞ്ഞുവൃത്തത്തില്‍ കറങ്ങുന്നത് കാണാം.
കേരളത്തിലെ പ്രമുഖ മതസംഘടനകളായ സമസ്ത ഇരു വിഭാഗങ്ങള്‍, മുജാഹിദ് വിഭാഗങ്ങള്‍, എം ഇ എസ്, രാഷ്ട്രീയ സംഘടനയായ മുസ്‍ലിം ലീഗ് എന്നീ സംഘസംഘടനകളെല്ലാം ജമാഅത്തെ ഇസ്‍ലാമിയുടെ പൊളിറ്റിക്കല്‍ ഐഡിയോളജിയോട് വിയോജിക്കുന്നവരാണ്. ആ വിയോജിപ്പ് നിലനില്‍ക്കെയാണ്, രാജ്യത്തെ മുസ്‍ലിംകളുടെ പൊതുവിഷയങ്ങളില്‍ അവരെ കൂടി ഉള്‍ക്കൊള്ളുന്നത്. ഒരു പാന്‍ ഇസ്‍ലാമിസ്റ്റ് ലോക വീക്ഷണത്തില്‍ നിന്നാണ് ജമാഅത്തെ ഇസ്‍ലാമി അന്തര്‍ദേശീയ, ദേശീയ വിഷയങ്ങളില്‍ അഭിപ്രായ രൂപീകരണം നടത്തുന്നതെങ്കില്‍ മറ്റു സംഘടനകള്‍ അങ്ങനെയല്ല. എന്നാല്‍ അടുത്ത കാലത്തായി ജമാഅത്തെ ഇസ്‍ലാമിയുടെ സ്വാധീനം അഭിപ്രായ രൂപീകരണത്തില്‍ ഇതര സംഘടനകളിലും ഗണ്യമായി പ്രകടമാകുന്നുണ്ട്. ഹാഗിയ സോഫിയ പള്ളി പ്രശ്നം മുതല്‍ പലസ്തീന്‍ പ്രശ്നം വരെ അതിന്റെ ഉദാഹരണമാണ്.
പലസ്തീൻ പ്രശ്നത്തെ ഒരു മതപ്രശ്നമായല്ല കാണേണ്ടത്. അത് തീർത്തും രാഷ്ട്രീയപ്രശ്നമാണ്. ക്രിസ്ത്യൻ മത വിഭാഗങ്ങൾ കൂടി ജീവിക്കുന്ന ഒരു ദേശമാണത്. ഇപ്പോൾ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പോലും ക്രിസ്ത്യൻ സഭകൾ നടത്തുന്ന ആശുപത്രികൾ തകർത്തിട്ടുണ്ട്. ധാരാളം ക്രിസ്ത്യൻ വിശ്വാസികൾ കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീൻ സമരചരിത്രത്തിൽ അനവധി ക്രിസ്ത്യാനികളായ നേതാക്കളുണ്ടായിട്ടുണ്ട്. ഇസ്രായേലിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും ജൂതർ ഉൾപ്പെടെ ഇസ്രായേൽ കുടിയേറ്റത്തെ നിശിതമായി എതിർക്കുന്നുണ്ട്. ലോകത്ത് പലസ്തീനിനുവേണ്ടി മതേതരമായ പ്രതിഷേധങ്ങൾ അലയടിക്കുന്നുണ്ട്. പലസ്തീനിലെ വിവിധ മതക്കാരായ മനുഷ്യർക്ക് അവരുടെ ജന്മനാട്ടിൽ അഭിമാനത്തോടെ, അവകാശത്തോടെ ജീവിക്കാൻ നടത്തുന്ന പോരാട്ടത്തെ മതത്തിന്റെ മാത്രം കാഴ്ചവട്ടത്തിൽ കണ്ടുകൂടാ. എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും യാസർ അറഫാത്ത് പലസ്തീൻ സമരത്തിന്ന് അത്തരം ഒരു മുഖമുണ്ടാക്കിയ നേതാവായിരുന്നു എന്ന് ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്.
സർവായുധ സജ്ജമായ ഒരു ഭീകരരാഷ്ട്രത്തോട് സായുധമായി ഏറ്റുമുട്ടി, അവരെ തോൽപ്പിച്ച് പ്രശ്നം അന്തിമമായി പരിഹരിക്കാൻ പലസ്തീനിലെ ഒരു ചെറിയ സേനയ്ക്ക് കഴിയില്ല. ഇപ്പോൾ പലസ്തീനികളെ പിന്തുണക്കുന്നവർ, ചെറുക്കാനുള്ള അവരുടെ അവകാശത്തെയാണ് പിന്തുണയ്ക്കുന്നത്. അത് അന്തിമവിജയം കാണുമെന്നോ അതിലൂടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നോ കരുതിയല്ല. പലസ്തീനിൽ പലസ്തീനികളുടെ അവകാശം സ്ഥാപിക്കപ്പെടണം എന്ന പോയിന്റിലാണ് പോരാളികളുടെ ‘ജാതകം’ നോക്കാതെ നിരുപാധിക പിന്തുണ നൽകണം എന്ന് പറയുന്നത്.
ഇസ്‍ലാമിസ്റ്റ് ആശയങ്ങളോട് കേരളത്തിലെ മത സംഘടനകൾ ആശയപരമായി യോജിക്കുന്നില്ല എന്ന് പറഞ്ഞുവല്ലോ. ഇസ്‍ലാമിസ്റ്റ് പൊളിറ്റിക്സിനെ രൂക്ഷമായി ആക്രമിക്കുന്ന നിരവധി പ്രസംഗങ്ങളും ലേഖനങ്ങളും കേരളത്തിലെ മുസ്‍ലിം സംഘടനാ നേതാക്കൾ നടത്തിയത് ലഭ്യമാണ്. അതിൽ മുജാഹിദ് നേതാക്കളും പ്രസിദ്ധീകരണങ്ങളും മാത്രമല്ല, സമസ്തയും മുസ്‍ലിം ലീഗും പങ്കാളികളാണ്. സി പി എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും പല സന്ദർഭങ്ങളിൽ ഇസ്‍ലാമിസ്റ്റ് രാഷ്ട്രീയത്തിനെതിരെ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. മതതീവ്രവാദത്തെയും, ഐ എസിന്റെയും മറ്റും ജിഹാദി രണോൽസുകതയെയും തുറന്നെതിർക്കുന്ന പ്രസംഗങ്ങളും കാണാം. അത്തരം പ്രസംഗങ്ങളെ ഇപ്പോഴത്തെ സന്ദർഭത്തിലേക്ക് ആനയിച്ചുകൊണ്ടു വന്ന്, ഇസ്രായേലിന്ന് ഓശാന പാടാൻ ‘കാസ’യെ പോലുള്ള തീവ്രവാദികൾ ശ്രമിക്കുന്നത് ജുഗുപ്സാവഹമാണ്. ‘കാസ’ അതു ചെയ്യുന്നത് മനസ്സിലാക്കാം, എന്നാൽ ജമാഅത്തെ ഇസ്‍ലാമി മാധ്യമങ്ങൾ അവയെ എൻഡോസ് ചെയ്യുന്നതിന്റെ രാഷ്ട്രീയമെന്താണ്?.
പൊളിറ്റിക്കല്‍ ഇസ്‍ലാമിനെ, അതിന്റെ പ്രതിനിധാനങ്ങളെ ആശയപരമായി വിമര്‍ശിക്കുന്നവരെല്ലാം ഇസ്‍ലാമിന്റെ തന്നെ വിമര്‍ശകര്‍ ആണെന്ന, ഇസ്‍ലാമോഫോബുകളാണെന്ന ഒരു നറേഷന്‍ കേരളത്തില്‍ അടുത്തിടെ ശക്തമായുണ്ട്. അത് കേരളത്തിലെ ഇസ്‍ലാമിസ്റ്റ് മാധ്യമങ്ങളുടെ പ്രൊപഗാന്റയുടെ ഫലമാണ്. ഇപ്പോള്‍ ഹമാസിനെ, അതിന്റെ പൊളിറ്റിക്കല്‍ ഐഡിയോളജിയെ വിമര്‍ശിക്കുന്നവരെല്ലാം ഇസ്രായേല്‍ അനുകൂലികള്‍ എന്ന സമീകരണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് അതിന്റെ ഭാഗമാണ്.
ആവർത്തിച്ച് പറയട്ടെ, ഹമാസ് അല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം, ഇസ്രായേല്‍ ആണ്. ഇസ്രായേലിന്റെ ക്രൂരമായ, മനുഷ്യത്വരഹിതമായ അധിനിവേശമാണ്. അതുകൊണ്ട്, ഹമാസ് അടക്കം പോരാടുന്ന ഓരോ പലസ്തീനിക്കുമോപ്പം ലോകം നിലകൊണ്ടേ മതിയാകൂ. ഹമാസിന്റെ പൊളിറ്റിക്കല്‍ ഇസ്‍ലാമിസ്റ്റ് ആശയത്തെ വിമര്‍ശിച്ചുകൊണ്ട് തന്നെ അവര്‍ക്കൊപ്പം നില്‍ക്കുക എന്നതുതന്നെയാണ് നമ്മുടെ കാലത്തിന്റെ പുരോഗമന രാഷ്ട്രീയം.