സി.പി.എമ്മിനും കോൺഗ്രസിനും അഭിമാന മണ്ഡലം കൂടിയാകുന്നു ആലപ്പുഴ

തീരദേശപ്രദേശം ഉൾപ്പെടുന്ന ആലപ്പുഴ മണ്ഡലം നിരവധി ജനകീയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. കരിമണൽ ഖനനം, തീരദേശ ഹൈവേ, കടൽഭിത്തി നിർമ്മാണം, കയർ മേഖലയിലെ പ്രതിസന്ധികൾ, തുറമുഖങ്ങളുടെയും ഫിഷിങ്‌ലാൻഡ് സെന്ററുകളുടെയും വികസനം തുടങ്ങിയവ കാമ്പയിനിലേക്ക് കടന്നുവരും.

Election Desk

2019-ൽ യു.ഡി.എഫ് തരംഗത്തിനിടയിലും എൽ.ഡി.എഫിനൊപ്പം നിന്ന ഏക മണ്ഡലമാണ് ആലപ്പുഴ. എ.എം. ആരിഫിലൂടെ സി.പി.എമ്മിന് ലഭിച്ച ഈ മണ്ഡലം നിലനിർത്തേണ്ടത്, പാർട്ടിയെയും മുന്നണിയെയും സംബന്ധിച്ച് അനിവാര്യമാണ്. കോൺഗ്രസിനാകട്ടെ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി മത്സരിക്കുന്ന, സ്വന്തമായിരുന്ന മണ്ഡലം തിരിച്ചുപിടിക്കുകയും വേണം.

സി.പി.എം സിറ്റിങ് എം.പിയെ കളത്തിലിറക്കുമ്പോൾ കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭ എം.പിയുമായകെ.സി. വേണുഗോപാലാണ് യു.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണ്എൻ.ഡി.എ സ്ഥാനാർഥി.

പ്രചാരണത്തിനിടെ എ.എം. ആരിഫ്
പ്രചാരണത്തിനിടെ എ.എം. ആരിഫ്

വേണുഗോപാലിന്റെ രാജ്യസഭാ എം.പി സ്ഥാനം ഉയർത്തിക്കാട്ടിയാണ് സി.പി.എമ്മിന്റെ കാമ്പയിൻ. വേണുഗോപാൽ ജയിച്ചാൽ എം.പി സ്ഥാനം രാജിവെക്കേണ്ടിവരുമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത് ഗുണകരമാവുക ബി.ജെ.പിക്കായിരിക്കുമെന്നുമാണ് സി.പി.എം പ്രചാരണം.

രാജസ്ഥാനിലെ ഇപ്പോഴത്തെ കക്ഷിനിലയനുസരിച്ച് വേണുഗോപാൽ ഒഴിയുന്ന സീറ്റ് ബി.ജെ.പിക്കാണ് ലഭിക്കുകയെന്നും അത് രാജ്യസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ ഉയർത്തുമെന്നും സി.പി.എം പറയുന്നു. നിലവിൽ രാജ്യസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ല.

എന്നാൽ, ലോക്‌സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് തന്റെ മത്സരം എന്നാണ് വേണുഗോപാലിന്റെ മറുപടി. കോൺഗ്രസിന്റെ സീറ്റുകൾ പരമാവധി കുറയ്ക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യമെന്നിരിക്കേ, തന്റെ ആലപ്പുഴയിലെ മത്സരം ആ ലക്ഷ്യത്തിനെതിരായതുകൂടിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

രാജസ്ഥാനിൽ നഷ്ടമാകുന്ന രാജ്യസഭാ സീറ്റ് കർണാടകയിൽ കോൺഗ്രസ് തിരിച്ചുപിടിക്കുമെന്ന് ടി. സിദ്ദീഖും മറുപടി നൽകുന്നു: ''ആലപ്പുഴയിൽ സി.പി.എം തോൽവി സമ്മതിച്ചിരിക്കുന്നു. കേന്ദ്രമന്ത്രി നിർമല സീതാരാമൻ കർണാടകയിൽനിന്ന് മത്സരിക്കുമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. അവർ ജയസാധ്യതയുള്ള സീറ്റിലാണ് മത്സരിക്കുക. അവർ ജയിച്ചാൽ കർണാടകയിൽ ഒഴിവു വരും. ആ സീറ്റ് കർണാടകയിൽ ഭരണമുള്ള കോൺഗ്രസ് തിരിച്ചുപിടിക്കും''- ടി. സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു.

പ്രചാരണത്തിനിടയിൽ കെ.സി. വേണുഗോപാൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സമീപം
പ്രചാരണത്തിനിടയിൽ കെ.സി. വേണുഗോപാൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സമീപം

2014-ൽ സി.പി.എമമിലെ സി.ബി. ചന്ദ്രബാബുവിനെ 19,407 വോട്ടിന് പരാജയപ്പെടുത്തിയാണ് കെ.സി. വേണുഗോപാൽ എം.പിയായത്. 2009-ലും വേണുഗോപാൽ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ജയിച്ചിട്ടുണ്ട്, 57,635 വോട്ടിന്റെ ഭൂരിപക്ഷം.

അരൂർ മുതൽ കരുനാഗപ്പള്ളി വരെ ദേശീയ പാതയുടെ ഇരുവശത്തുമായി നീണ്ടുകിടക്കുന്ന മണ്ഡലമാണ് ആലപ്പുഴ. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ആദ്യകാലത്ത് അമ്പലപ്പുഴ എന്നറിയപ്പെട്ട നിലവിലെ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികൾ​ക്കും ഒപ്പം നിന്നിട്ടുള്ള ആലപ്പുഴയിലെ നിയമസഭാ മണ്ഡലങ്ങൾ ഇടതുസ്വാധീനമേഖലകളാണ്.

നിരവധി ജീവിതപ്രശ്‌നങ്ങൾ ചർച്ചയാകുന്ന മണ്ഡലം കൂടിയാണ് ആലപ്പുഴ. തീരദേശപ്രദേശം ഉൾപ്പെടുന്ന മണ്ഡലമായതിനാൽ നിരവധി ജനകീയ പ്രശ്നങ്ങളുണ്ടിവിടെ. കരിമണൽ ഖനനം, തീരദേശ ഹൈവേ, കടൽഭിത്തി നിർമ്മാണം, കയർ മേഖലയിലെ പ്രതിസന്ധികൾ, തുറമുഖങ്ങളുടെയും ഫിഷിങ്‌ലാൻഡ് സെന്ററുകളുടെയും വികസനം തുടങ്ങിയ വിഷയങ്ങൾ കാമ്പയിനിലേക്ക് കടന്നുവരും.

ഏഴുവർഷമായി യാതൊരു കൂലി വർധനവും കയർ തൊഴിലാളികൾക്കുണ്ടായിട്ടില്ല. ആനുകൂല്യങ്ങളും മുടങ്ങി. / Photo: Maheen Hassan
ഏഴുവർഷമായി യാതൊരു കൂലി വർധനവും കയർ തൊഴിലാളികൾക്കുണ്ടായിട്ടില്ല. ആനുകൂല്യങ്ങളും മുടങ്ങി. / Photo: Maheen Hassan

കയർ മേഖല പ്രതിസന്ധിയിലാണ്. കയർത്തൊഴിലാളികൾ ഇവിടുത്തെ പ്രധാന വോട്ടുബാങ്കാണ്. ഏഴുവർഷമായി യാതൊരു കൂലി വർധനവും ഇവർക്കുണ്ടായിട്ടില്ല. ആനുകൂല്യങ്ങളും മുടങ്ങി.

ഐക്യകേരള രൂപീകരണത്തിനുമുമ്പ് തിരുക്കൊച്ചിയുടെ ഭാഗമായ ആലപ്പുഴയിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ പി.ടി. പുന്നൂസ് ആണ് ജയിച്ചത്. സംസ്ഥാന രൂപീകരണത്തെതുടർന്ന്, 1957-ൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പി.ടി. പുന്നൂസ് വിജയിയായി. 1962-ൽ പി.കെ. വാസുദേവൻ നായരും 67-ൽ സുശീല ഗോപാലനും എം.പിയായി. 1971-ൽ ആർ.എസ്.പിയുടെ കെ. ബാലകൃഷ്ണനാണ് ജയിച്ചത്.

1977-ലാണ് അമ്പലപ്പുഴ മണ്ഡലം ആലപ്പുഴ ലോക്‌സഭ മണ്ഡലമായി മാറിയത്. അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു അമ്പലപ്പുഴ ലോക്‌സഭ മണ്ഡലം.

1977 മുതൽ 2019 വരെയുള്ള 12 തെരഞ്ഞെടുപ്പുകളിൽ എട്ടിലും കോൺഗ്രസ് മുന്നണിക്കൊപ്പമായിരുന്നു ആലപ്പുഴ. 1977-ൽ വി.എം. സുധീരനും 80-ൽ സുശീല ഗോപാലനും 84, 89 വർഷങ്ങളിൽ വക്കം പുരുഷോത്തമനും 1991-ൽ സി.പി.ഐയിലെ ടി.ജെ. ആഞ്ജലോസുമാണ് ആലപ്പുഴയെ പ്രതിനിധീകരിച്ചത്.
1996, 1998, 1999 വർഷങ്ങളിൽ നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ച് സുധീരൻ ഹാട്രിക് നേടി. 2004-ൽ സി.പി.എമ്മിലെ ഡോ. കെ.എസ്. മനോജ് സുധീരനെതിരെ അട്ടിമറി ജയം നേടി. 2009, 2014 വർഷങ്ങളിൽ കെ.സി. വേണുഗോപാലിനായിരുന്നു ജയം.

പ്രചാരണത്തിനിടയിൽ ശോഭ സുരേന്ദ്രൻ
പ്രചാരണത്തിനിടയിൽ ശോഭ സുരേന്ദ്രൻ

ആലപ്പുഴയിൽനിന്നുള്ള സി.പി.എം എം.പിമാരായിരുന്ന ടി.ജെ ആഞ്ചലോസും, കെ.എസ്. മനോജും ഇന്ന് പാർട്ടിയിലില്ല. ആഞ്ചലോസ് സി.പി.ഐ ജില്ലാ സെക്രട്ടറിയാണ്, മനോജ് കോൺഗ്രസിലും.

കഴിഞ്ഞ തവണ ആരിഫിന് ലഭിച്ചത് 4,45,970 (40.91%) വോട്ടാണ്. തൊട്ടടുത്ത സ്ഥാനാർഥി കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ 4,35,496 (39.95%) വോട്ട് നേടി. മൂന്നാം സ്ഥാനത്തായിരുന്ന എൻ.ഡി.എയുടെ കെ.എസ്. രാധാകൃഷ്ണന് 1,87,729 (17.22%) വോട്ടാണ് ലഭിച്ചത്.

Comments