ബത്തേരി ചെട്ടിയാലത്തൂര്‍ ആദിവാസി ഊരില്‍ കാട്ടിലേക്ക് പണിക്കു പോകുന്ന യുവാക്കള്‍ / Photo : Ajmal M.K.

ആദിവാസി വിദ്യാർഥികളുടെ ഡ്രോപ്പ് ഔട്ട്; കാരണം തിരയേണ്ടത് എവിടെ

കെട്ടിപ്പിടിക്കലും ഉമ്മ വക്കലും സഹായ വിതരണ ഫോട്ടോ എടുക്കലും പോര. പഠിക്കാൻ വേണ്ടി അപ്പപ്പോൾ ചെയ്യുന്ന / സഹായിക്കുന്ന പരിമിതമായ, വ്യക്തിപരമായ ആഭ്യന്തര പരിഹാരങ്ങളല്ല, സർക്കാരും പട്ടികവർഗ വകുപ്പും ഇതുമായി ബന്ധപ്പെട്ട സംവിധാനങ്ങളും കൃത്യം പദ്ധതികൾ ഉണ്ടാക്കി സിസ്റ്റമാറ്റിക്കായി മുന്നോട്ട് പോകേണ്ടതുണ്ട്. അത് ഔദാര്യമല്ല. ട്രൂകോപ്പി തിങ്ക് പബ്ലിഷ് ചെയത It's not DROPOUT SYNDROME എന്ന ഡോക്യുമെന്ററിയെ അധികരിച്ച് അനു പാപ്പച്ചൻ എഴുതുന്നു.

കുറച്ച് വർഷങ്ങൾക്കു മുമ്പ് വരെ ആദിവാസി കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്നത് പ്രത്യേകിച്ച് യാതൊരു ലക്ഷ്യങ്ങളും ഉന്നം വച്ചിട്ടല്ല. ഏതെങ്കിലും ഒരു കോഴ്സ്. അത്രയുള്ളൂ. അതിനു പ്രധാന കാരണം പ്ലസ് ടു വിന് ശേഷം എന്തു പഠിക്കണം എന്നത് സംബന്ധിച്ച് അവർക്ക് യാതൊരു അറിവുമില്ല, വേണ്ട മാർഗനിർദേശങ്ങളുമില്ല എന്നതു തന്നെ.എ ന്തിന് - എങ്ങനെ പഠിക്കണം എന്ന ധാരണകളില്ലാതെ കിട്ടിയ കോഴ്സുകൾക്ക് - ഭൂരിഭാഗവും ആർട്സ് - ഹ്യൂമാനിറ്റിസ് വിഷയങ്ങൾക്ക് പറ്റാവുന്ന സ്ഥലത്ത് വന്നുചേരുകയായിരുന്നു. ഇത്തിരിയെങ്കിലും ഇണങ്ങാനാവുന്ന ഒരു ഭാഷ മലയാളമായതിനാലാണ് മലയാളം പഠിക്കാൻ അട്ടപ്പാടിയിൽ നിന്നും, വയനാട്ടിൽ നിന്നും ഉള്ള ഊരുകളിൽ നിന്ന് കുട്ടികൾ എത്തിയിരുന്നത്. അത് സാഹിത്യമോ ഭാഷയോ പഠിക്കണമെന്ന ആഗ്രഹത്തിലല്ല. ശേഷം എന്ത് എന്നുമില്ല. അവരവരുടെ ഗോത്രഭാഷയിലും സംസ്കാരത്തിലും വിശിഷ്ടമായ കലാസിദ്ധികൾ ഉണ്ടായിരുന്നുതാനും.

കുട്ടികളുടെ പ്രധാന പ്രശ്നങ്ങൾ കുടുംബ പശ്ചാത്തലത്തിൽ നിന്നു തുടങ്ങും. പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തകൾ പലവിധം നേരത്തെ ശീലിച്ചവരാണ്. പക്ഷേ ഉന്നത വിദ്യാഭ്യാസ ഇടങ്ങളിൽ അത്രയുമല്ല പ്രശ്നങ്ങൾ. സാമ്പത്തികമാണ് ഏറ്റവും ആദ്യത്തെ പ്രായോഗിക പ്രതിസന്ധി. കിട്ടുന്ന ( പലപ്പോഴും സമയം തെറ്റി ) സ്റ്റൈപ്പൻ്റ് കൊണ്ട് പഠനം മാത്രം പോര - താമസം, ഭക്ഷണം, യാത്ര ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ നന്നേ ബുദ്ധിമുട്ടേണ്ടി വരും. ഈ സമ്മർദ്ദം വീട്ടിലറിയിച്ചാൽ പഠിപ്പ് നിർത്താനാണ് പലപ്പോഴും കിട്ടിയിരുന്ന മറുപടികൾ. ആണുങ്ങൾ കിട്ടുന്ന തൊഴിലിനു പോകുക. പെണ്ണുങ്ങൾ ഒക്കുന്ന കല്യാണത്തിലേക്കു പോകുക - ഇതാണ് പതിവ്.

എൻ്റെ ഡിഗ്രി ക്ലാസിൽ പഠിച്ചിറങ്ങിയ കുട്ടി പറഞ്ഞത് അവളുടെ ഒപ്പം 38 പേർ പഠിച്ചിറങ്ങിയവരിൽ വെറും അഞ്ച് പേർ മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിലേക്ക് പോന്നത്. ബാക്കി പെൺകുട്ടികൾ തൊഴിലുറപ്പിലേക്കും ആൺകുട്ടികൾ കിട്ടിയ പണികളിലേക്കും പോയെന്നാണ്. പഠിക്കുന്ന സമയത്തു സ്വന്തം ഇഷ്ടപ്രകാരം പ്രണയിച്ചു വിവാഹം കഴിച്ച് വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരും കുറവല്ല. പലതും വീട്ടിലെ കലഹങ്ങളിൽ നിന്നോ മദ്യപാനം ഉൾപ്പെടെയുള്ള തൊല്ലകളിൽ നിന്നോ രക്ഷപ്പെടാനും കൂടിയാണ്. കുട്ടികൾക്ക് പഠിക്കാനുള്ള താല്പര്യം ഇല്ലാതെ പോകുന്നത് ഉഴപ്പുന്നതു കൊണ്ടല്ല, അവരുടെ പശ്ചാത്തലങ്ങളിൽ നിന്നാണ് എന്ന് വ്യക്തമാണ്. കഴിവുണ്ടെങ്കിൽ തന്നെ കുട്ടിയെ ബൂസ്റ്റ് ചെയാൻ കുടുംബത്തിലാരും തന്നെയില്ലാത്ത സാഹചര്യം.

എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി നല്ല വ്യത്യാസം വന്നു. പ്രമോട്ടർമാരുടെ സജീവമായ ഇടപെടലുകളും സാങ്കേതിക വിദ്യയുടെ ലഭ്യതയും അതിന് പ്രധാന കാരണമാണ്. ഉന്നത വിദ്യാഭ്യാസ കാര്യങ്ങളിൽ ഉൾപ്പെടെ, അട്ടപ്പാടിയിലെ ITDP യെപ്പറ്റി കുട്ടികൾ പോസിറ്റീവ് അഭിപ്രായങ്ങളാണ് പങ്കുവച്ചത്. ഊരിൽ നിന്ന് മാറിനില്ക്കാൻ ഉള്ള വൈകാരിക പ്രയാസങ്ങളെ പലരും മറികടന്നു. വീട്ടിൽ വഴക്ക് ഉണ്ടാക്കിയാണെങ്കിൽ പോലും പഠിക്കണം എന്ന തീരുമാനമെടുക്കുന്നവർ കൂടി വന്നു. തങ്ങൾക്കുള്ള സ്വാതന്ത്ര്യവും ഉത്സാഹവും ഉന്നതപഠന സാധ്യതകളെ കുറിച്ച് തിരക്കാനും വേണ്ടത് കണ്ടെത്താനും അവർ വിനിയോഗിക്കാൻ തുടങ്ങി. കുറച്ചു പേരെങ്കിലും വിദ്യാഭ്യാസ തീരുമാനങ്ങളിൽ സ്വയം പര്യാപ്തരായി. നീറ്റ് പോലുള്ള പരീക്ഷകളെ കുറിച്ചൊക്കെ നല്ല ബോധ്യമുള്ള കുട്ടികളുണ്ടിപ്പോൾ. ഡോക്ടർമാരും കളക്ടറുമൊക്കെ കമ്മ്യൂണിറ്റിയിൽ നിന്നുണ്ടായല്ലോ.

പക്ഷേ എല്ലാ ഊരുകളിലും ഇതല്ല സ്ഥിതി. അട്ടപ്പാടിയിൽ കുറുമ്പർ, മുഡുകർ, ഇരുളർ - എല്ലാവരും ഒരുപോലെ ജോലിയിലും പാർപ്പിടാവസ്ഥകളിലും മുന്നോട്ടെത്തിയിട്ടില്ലല്ലോ. വയനാട്ടിലും ഇതുപോലെ തന്നെ സാമൂഹികമായി മുന്നിൽ നില്ക്കുന്ന കുറിച്യരെപ്പോലെയല്ലല്ലോ കാട്ടുനായ്ക്കരും പണിയരും. ഇതേ അവസ്ഥ വിദ്യാഭ്യാസത്തിലും ഉണ്ട്. വിദ്യാഭ്യാസപരമായി ഏറ്റവും താഴ്ന്ന തട്ടിലുള്ളവർ - PVTG കമ്മ്യൂണിറ്റിയിൽ നിന്നാണ്. അഡ്മിഷൻ മുതൽ ഉന്നത വിദ്യാഭ്യാസരംഗത്ത് ആദിവാസി സ്വത്വത്തിൽ അനുഭവിക്കുന്ന പാർശ്വവല്ക്കരണത്തിന് മാറ്റം വന്നിട്ടില്ല എന്ന് തെളിയുന്ന ഒട്ടനേകം സംഭവങ്ങൾ ഇപ്പോഴും തുടരുന്നു.

ഉന്നത വിദ്യാഭ്യാസ കരിക്കുലം പൊതുവിനനുസരിച്ച് കാലാകാലം ചിട്ടപ്പെടുത്തുമ്പോൾ ആ ‘പൊതു’വിൽ മറ്റു കുട്ടികൾ എങ്ങനെയെങ്കിലും ( വീട്ടുകാരുടെ അറിവ് / ടൂഷൻ ഉൾപ്പെടെയുള്ള സപ്പോർട്ട് ) ഫിറ്റാകുമ്പോൾ ആദിവാസി കുട്ടികളുടെ സാഹചര്യം അങ്ങനെയല്ല. ഈ മത്സരത്തിൽ അവർ തോല്ക്കുകയോ പിൻവാങ്ങുകയോ വേണ്ടി വരുന്നത് മോൾഡിങ്ങിൻ്റെ പ്രശ്നം കൊണ്ടാണ്. വിദ്യാഭ്യാസം ഒരാവശ്യം എന്ന നിലയിലേക്കെത്താൻ തന്നെ സമയം വേണ്ടി വന്നിട്ടുണ്ട്. ആ ഘട്ടത്തിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് പുത്തൻ പരിഷ്കാരങ്ങളിലേക്ക് പൊരുത്തപ്പെടാൻ പ്രയാസമുണ്ടാവും. കാരണം അതിന് സാഹചര്യങ്ങൾ തുലോം കുറവാണ്. ഉദാഹരണത്തിന് ഓൺലൈൻ - ഡിജിറ്റൽ ക്ലാസ് വന്നപ്പോൾ ഇൻ്റെർനെറ്റ്, മൊബൈലും കമ്പ്യൂട്ടറും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, ഡാറ്റ എന്നിവയുടെ ലഭ്യത ഇതൊക്കെയും ഒറ്റ ദിവസം കൊണ്ട് എല്ലാവർക്കും പ്രയാസം തന്നെയായിരുന്നുവെങ്കിലും ആദിവാസി കുട്ടികളെ സംബന്ധിച്ചിടത്തോളം ആ പ്രയാസം അപരിഹാര്യമായിരുന്നു. അക്കാല ഡ്രോപ്പ് ഔട്ടുകൾക്ക് പ്രധാന കാരണമായതിലൊന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിനുതകുന്ന സാങ്കേതികതകളുടെ അപര്യാപ്തകളായിരുന്നു. ഇന്റർനെറ്റ് സൗകര്യമുള്ള ഫോൺ /ലാപ്പ്ടോപ്പ് ഒരു മുഴുവൻ സമയ പഠന സാമഗ്രിയായി തന്നെ മാറി. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നാക്കം നില്ക്കുന്ന ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസ ഉപകരണമെന്ന നിലയ്ക്ക് അതിൻ്റെ ലഭ്യത വളരെ പ്രയാസകരമായിരുന്നു. സ്മാർട്ട് ഫോണും മറ്റും സംഘടിപ്പിച്ചു കൊടുക്കുന്നത് കേരളത്തിൽ ഇന്റേണലായി മാത്രം നടന്ന പരിഹാരമായിരുന്നു. അത്രയും തന്നെ പരിമിതികളും ഉണ്ടായിട്ടുണ്ട്.

ബ്ലെൻഡ് മോഡ് തുടരുന്ന പല സ്ഥലത്തും ഇപ്പോഴും കുട്ടികൾ സ്വന്തം ഫോണോ ഡാറ്റയോ ഇല്ലാത്ത പ്രതിസന്ധി അനുഭവിക്കുന്നു. അതതു കോളജുകൾക്ക് / സ്ഥാപനങ്ങൾക്ക് മാത്രം പരിഹരിക്കാൻ പറ്റുന്നതിൽ പരിധികളുണ്ട്. നീതിയുക്തമായി നടക്കേണ്ട വിദ്യാഭ്യാസ വിതരണത്തിൽ നിന്ന് കുറച്ചു പേർ നിരന്തരം പുറത്താകുന്നു. പിന്നെയാകാം എന്ന കാറ്റഗറിയിൽ എല്ലാക്കാലത്തും ഉൾപ്പെടുന്ന വിഭാഗങ്ങൾ, ഓരോ drop out കേസിലും ഉൾപ്പെടുന്ന ഭൂരിപക്ഷം ആദിവാസി കുട്ടികളാണ്.

സാധ്യമല്ലാത്തവർക്ക് പിന്നെയാകാം, പതുക്കെയാവാം എന്ന അനീതി എന്നും നേരിടുന്നത് ഒരേ വിഭാഗമാണ്.

കെട്ടിപ്പിടിക്കലും ഉമ്മ വക്കലും സഹായ വിതരണ ഫോട്ടോ എടുക്കലും പോര. പഠിക്കാൻ വേണ്ടി അപ്പപ്പോൾ ചെയ്യുന്ന / സഹായിക്കുന്ന പരിമിതമായ, വ്യക്തിപരമായ ആഭ്യന്തര പരിഹാരങ്ങളല്ല, സർക്കാരും പട്ടികവർഗ വകുപ്പും ഇതുമായി ബന്ധപ്പെട്ട സംവിധാനങ്ങളും കൃത്യം പദ്ധതികൾ ഉണ്ടാക്കി സിസ്റ്റമാറ്റിക്കായി മുന്നോട്ട് പോകേണ്ടതുണ്ട്. അത് ഔദാര്യമല്ല.

അമ്പരപ്പും പേടിയും ഒക്കെ മറികടന്നെത്തിയവരാണ് പുതുതലമുറ കുട്ടികൾ. പക്ഷേ പലപ്പോഴും കോഴ്സുകൾ നിർത്തിപ്പോകുന്നത് മനം മടുത്തിട്ടാണ്. സമൂഹമോ സ്ഥാപനമോ സഹപാഠികളോ തങ്ങളുടെ കംഫർട്ട് സോണാകുന്നില്ല എന്നു മാത്രമല്ല, അവരുടെ പെർഫോമൻസിനെ / ഉത്സാഹങ്ങളെ വിലമതിക്കുന്നില്ല എന്ന അവമതിപ്പ് നിരന്തരം നേരിടേണ്ടി വരുന്നു. സംവരണം നടപ്പാക്കുന്നത് മികവിലേക്ക് കുട്ടികൾ എത്താനാണ്. എന്നാൽ മികവിലേക്കെത്താനുള്ള പ്രക്രിയയിൽ ആദിവാസി എന്ന സംവരണ അസ്തിത്വത്തിനു നേർക്കുള്ള പെരുമാറ്റങ്ങൾക്കു മേൽ നിരന്തരം അവർ ഊർജം ചെലവഴിക്കേണ്ടി വരുന്നു. തീരെ പറ്റാതാകുമ്പോൾ വീട്ടിലേക്ക്, വീടിൻ്റെ ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങുന്നു. ആ മടങ്ങിപ്പോക്കിനെ പലപ്പോഴും അവർക്ക് അതേ ശരിയാകൂ എന്ന് സൗകര്യപൂർവ്വം ഊരു ജീവിതം ചാർത്തിക്കൊടുക്കാറുണ്ട്. 'നിങ്ങൾ ജീൻസിടുമോ, മുടി സ്ട്രെയിറ്റൻ ചെയ്യുമോ എന്ന വിചിത്ര അമ്പരപ്പ് PhDയോ എന്നതിലും ആവർത്തിക്കും. പിറകെ ഫീസ്, ഹോസ്റ്റൽ പ്രശ്നങ്ങൾ തങ്ങൾ കണ്ടു പിടിച്ച കോഴ്സുകളിൽ / ഇടങ്ങളിൽ വെല്ലുവിളിയാകുന്നു. കൂടുതൽ സ്ഥാപനങ്ങൾ ഓട്ടോണമസ് ആവുന്ന കാലമാണല്ലോ.

ഉന്നതപഠന - സംവേദന ഭാഷയായ ഇംഗ്ലീഷിൽ വേണ്ട പരിശീലനം കൊടുത്ത് പ്രാവീണ്യമുണ്ടാക്കിയെടുക്കുക, സപ്ലിമെൻററികൾ എഴുതിയെടുക്കാനുള്ള സാഹചര്യമുണ്ടാക്കുക, ആർട്സ് മാത്രമല്ല സയൻസും ഉന്നത പഠനമേഖലയാക്കുക,പഠനാന്തര കരിയർ ഡെവലപ്മെൻ്റിനുള്ള മാർഗനിർദ്ദേശം കൊടുക്കുക എന്നിങ്ങനെ സത്വരമായി, തുടർച്ചയായി സർക്കാർ ആദിവാസി കുട്ടികളുടെ ഉന്നത പഠനത്തിൽ അക്ഷീണം പ്രവർത്തിക്കേണ്ടതുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർന്നതാണ് എന്ന് പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ മുകളിൽ നിന്ന് താഴേക്കല്ല, താഴെ നിന്ന് മുകളിലേക്കാണ് മികവ് പരിശോധന പോകേണ്ടത്. ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി വേണ്ടത്ര ധാരണകൾ കൈവരിച്ച് തുടർന്നു വൈവിധ്യമാർന്ന വിഷയങ്ങൾ പഠിക്കണമെന്ന മോഹവുമായി ആദിവാസി കുട്ടികൾ വരുന്ന പുതിയ കാലത്ത് ‘drop out’ എന്നത് അവരുടെ തലയിൽ വച്ച് കെട്ടേണ്ട ബാധ്യതയല്ല.

പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് അടുത്ത അധ്യായന വർഷം മുതൽ നാലുവർഷ ബിരുദമടക്കം കരിക്കുലമാകെ മാറ്റിപ്പണിയുകയാണ്. പുതിയ കരിക്കുലത്തിൻ്റെ രൂപകല്പനയിലും ഉള്ളടക്കത്തിലും നടത്തുന്ന പരിഷ്കരണം സവിശേഷമായി ആദിവാസി വിദ്യാഭ്യാസ സാഹചര്യങ്ങളെക്കൂടി പരിഗണിക്കേണ്ടതുണ്ട്.

Comments