കോഴിക്കോട് ജില്ലയിൽ മാവൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ, അടുവാട്ട് പ്രദേശത്ത് 25ഓളം വീടുകളിൽ വെള്ളമെത്താതായിട്ട് മാസങ്ങൾ പലതു കഴിഞ്ഞിരിക്കുന്നു. വെള്ളമെത്തിക്കാൻ സ്ഥാപിച്ച ജൽജീവൻ മിഷൻ ഒരു വർഷമായിട്ടും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. അത്യാവശ്യത്തിന് ഉപയോഗിക്കാനുള്ള വെള്ളം പോലും വലിയ തുക മുടക്കണമെന്ന സ്ഥിതിയിലാണിവർ. ലൈഫ് പദ്ധതി വഴി വീടുകിട്ടിയവർ പലരും നനക്കാൻ വെള്ളമില്ലാതെ വീടുപണി പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങി. കേരള പ്രവാസി അസോസിയേഷൻ ആഴ്ച്ചയിൽ ഒരിക്കൽ എത്തിച്ചു നൽകുന്ന വെള്ളമാണ് ഏക ആശ്വാസം.
പദ്ധതി ഇനിയും വൈകില്ലെന്നും, ഉടൻ പ്രാവർത്തികമാക്കുമെന്നാണ് അധികൃതർ പറയുന്നത്. അനുമതി ലഭിക്കാതെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ജലവിതരണ പൈപ്പ്‌ലൈനുകൾ സ്ഥാപിച്ചത് പദ്ധതി നടത്തിപ്പിന് വിനയായാവുകയും ചെയ്തു. ബൂസ്റ്റർ പമ്പിംഗ് സ്റ്റേഷനിലേക്ക് ത്രീ ഫെയ്‌സ് വൈദ്യുതി കണക്ഷൻ ലഭിച്ചാൽ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ജലവിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് ജൽജീവൻ മിഷൻ അധികൃതർ പറയുന്നത്. ഭൂവുടമകളിൽ നിന്ന് അനുമതി വാങ്ങുകയും വേണം.
ജൽജീവൻ പദ്ധതി ഉടൻ പ്രവർത്തനം തുടങ്ങിയില്ലെങ്കിൽ അടുവാട് പ്രദേശത്ത് കുടിവെള്ളമെത്താതെ പ്രതിസന്ധിയിലായിപ്പോവുക നിരവധി കുടുംബങ്ങളാണ്. ഇനിയെങ്കിലും തങ്ങളുടെ പശ്‌നത്തിന് പരിഹാരമുണ്ടാകണം എന്നാണ് നാട്ടുകാരുടെആവശ്യം.