ഏതാണ്ട് നാലുപതിറ്റാണ്ടുകൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1984 ഏപ്രിൽ 2-ന് നടന്ന ഒരു സംഭവം ഓർമ്മവരുന്നു. ഇന്ത്യാക്കാരനായ രാകേഷ് ശർമ്മ ബഹിരാകാശത്ത് എത്തിയ ദിനം. അദ്ദേഹത്തോട്, സാറ്റലൈറ്റ് ലിങ്കുവഴി, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചോദിച്ചു, ‘അവിടെ നിന്ന് നോക്കുമ്പോൾ ഇന്ത്യ എങ്ങനെ കാണപ്പെടുന്നു?’ ശർമ്മ, പ്രശസ്ത ഉറുദു കവി മുഹമ്മദ് ഇഖ്ബാലിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് കാവ്യാത്മകമായി പറഞ്ഞു, ‘സാരേ ജഹാൻ സെ അച്ഛാ.’ ലോകത്തെ എല്ലാ രാജ്യങ്ങളേക്കാളും മികച്ചത് എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഭാരതത്തിൽ പക്ഷേ ഇപ്പോൾ നടക്കുന്ന പലതും അത്ര നല്ല കാര്യങ്ങളല്ല. പേരും നൃത്തവുമൊക്കെ വലിയ വിവാദമാകുന്നു. പറഞ്ഞു വരുന്നത് ‘ജാനകി’ എന്ന പേരിനെക്കുറിച്ചും സൂംബ നൃത്തത്തെക്കുറിച്ചുമാണ്.
ഒരു പേരും ഒരു നൃത്തവും
രണ്ടു ചലച്ചിത്രങ്ങളിലാണ് ‘ജാനകി’ എന്ന പേര് വിവാദമായത്, എം.ബി.പദ്മകുമാർ സംവിധാനം ചെയ്ത ‘ടോക്കൺ നമ്പർ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായി വേഷമിട്ട ‘ജെ.എസ്. കെ. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയും.’ ആദ്യത്തെ ചിത്രത്തിൽ ജാനകിയും എബ്രഹാമും തമ്മിലുള്ള സൗഹൃദമാണ് ഇതിവൃത്തം. ഇതിൽ ഏതെങ്കിലും ഒരു പേര് മാറ്റണമെന്ന് മുംബൈയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) ആവശ്യപ്പെട്ടു. ജാനകിയും എബ്രഹാമും തമ്മിലുള്ള പ്രണയം മതവികാരം വൃണപ്പെടുത്തുമത്രേ. ഒടുവിൽ ജാനകിയെ ജയന്തിയാക്കി പ്രശ്നം പരിഹരിച്ചു. ഇതു തന്നെയാണ് രണ്ടാമത്തെ സിനിമയുടെ കാര്യത്തിലും സംഭവിച്ചത്. പ്രശ്നം കോടതിയിൽ എത്തിയപ്പോൾ, ജാനകിയെ ‘ജാനകി. വി’ എന്നാക്കാമെന്നും കോടതിവിചാരണ രംഗങ്ങളിൽ ‘ജാനകി’ എന്നു പരാമർശിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യാമെന്നും നിർമ്മാതാക്കൾ സമ്മതിച്ചതോടെ ചിത്രം പ്രദർശിപ്പിക്കാനുള്ള വഴി ഒരുങ്ങി. ഇതനുസരിച്ച് ചിത്രത്തിന്റെ പുതിയ പേര് ‘ജെ.എസ്. കെ. ജാനകി - ജാനകി. വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നാക്കി മാറ്റി.
ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സ്കൂളുകളിൽ നടപ്പാക്കിയ സൂംബ നൃത്തത്തിനെതിരെ മുസ്ലീം സമുദായത്തിലെ ഒരു വിഭാഗവും ഭാരതീയവിചാര കേന്ദ്രവുമാണ് രംഗത്ത് എത്തിയിരിക്കുന്നത്. ‘അല്പ വസ്ത്രം അണിയുന്നതും ആൺകുട്ടികളും പെൺകുട്ടികളും സംയുക്തമായി നൃത്തം ചെയ്യുന്നതുമാണ്’ ആദ്യത്തെ കൂട്ടരെ ചൊടിപ്പിച്ചിരിക്കുന്നത്. ഭാരതീയ സംസ്കാരത്തിന് എതിരാണെന്നതാണ് രണ്ടാമത്തവരുടെ പ്രശ്നം. മാത്രവുമല്ല, അതിനെ യോഗ പരിശീലനത്തെ ഒഴിവാക്കാനുള്ള നീക്കമായും ഇവർ വ്യാഖ്യാനിക്കുന്നു. വാസ്തവത്തിൽ, സ്കൂളുകളിൽ നടത്തുന്ന ലഘുവ്യായാമത്തിന്റെ ഭാഗമാണിത്. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയിട്ടാണ് ഇത്തരമൊരു തീരുമാനം വിദ്യാഭ്യാസവകുപ്പ് എടുത്തത്. മാത്രമല്ല, സ്കൂൾ യൂണിഫാം ധരിച്ചു കൊണ്ടാണ് ഇത് ചെയ്യേണ്ടതും.

എന്തിനെയാണ് നാം ഭയക്കുന്നത്?
ഈ ചോദ്യം നാം ഓരോരുത്തരും ചോദിക്കേണ്ട കാലമായിരിക്കുന്നു. നാം ഭയക്കുന്നത് ഒരു പേരിനെയാണോ? അതോ സഹപാഠികൾ തമ്മിൽ ഇടപഴകുന്നതിനെയോ? ഒരു നൃത്തം ചെയ്താൽ നഷ്ടപ്പെടുന്നതാണോ നമ്മുടെ സംസ്കാരം? പേരുകളിലേക്കു വന്നാൽ, ജാതി മത ഭേദമന്യേ, എല്ലാവരുടെ പേരിലും, ഒരർഥത്തിൽ അല്ലെങ്കിൽ മറ്റൊരർഥത്തിൽ, മതങ്ങളുടെ നിഴലാട്ടം കാണാം. ഇത്തരം പേരുകളിൽപ്പെട്ടവർ ചിലപ്പോഴെങ്കിലും അന്യമതസ്ഥരുമായി വിവാഹബന്ധത്തിൽ ഏർപ്പെടാറുമുണ്ട്. തന്നയുമല്ല, എത്രയോ ‘ഹിന്ദു’ പേരുകൾ മറ്റു മതങ്ങളിൽപ്പെട്ടവർ ഉപയോഗിക്കുന്നു. ഇത് തിരിച്ചും സംഭവിക്കുന്നുണ്ട്. ഇന്ത്യൻ വംശജനും പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനുമായ പിക്കോ അയ്യർ തന്റെ ലോക സഞ്ചാരത്തിനിടയിൽ, ഒരേ സമയം റോമൻ കത്തോലിക്കനും ബുദ്ധമത വിശ്വാസിയുമായ അനേകം പുരോഹിതരെ കണ്ടുമുട്ടിയതിനെക്കുറിച്ചു പറയുന്നുണ്ട്. ഇങ്ങനെ രണ്ടു മതങ്ങളിൽപ്പെടുന്നവരായിട്ടും തങ്ങളുടെ ലോകവീക്ഷണം ഇനിയും വിശാലമാകേണ്ടിയിരിക്കുന്നു എന്നവർ പറഞ്ഞതായും അയ്യർ രേഖപ്പെടുത്തുന്നു (Pico Iyer, learning from silence). കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ, സിനിമയിൽ ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും അവരുടെ ജീവിതാനുഭവങ്ങൾ ആവിഷ്ക്കരിക്കുന്നതിലും എന്ത് അപകടമാണ് ഉണ്ടാകാൻ പോകുന്നത്?
ഇതു തന്നെയല്ലേ ആണും പെണ്ണും ഒരുമിച്ച് പാട്ടു പാടുന്നതിലെയും നൃത്തം ചെയ്യുന്നതിലെയും കാര്യം? ഒരുമിച്ച് പഠിക്കാമെങ്കിൽ, ഒരുമിച്ച് നൃത്തം ചെയ്തുകൂടെ? നമ്മുടെ നാട്ടിലെ ആൺകുട്ടികൾക്ക്/പെൺകുട്ടികൾക്ക് മാത്രമുള്ള പല വിദ്യാഭ്യാസസ്ഥാപനങ്ങളും ഇപ്പോൾ സഹവിദ്യാലയങ്ങളായി മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയും അവശേഷിക്കുന്നു. കേരളത്തിലെ വിദ്യാഭാസ മേഖലയിലെ മുഖ്യപ്രശ്നം സുംബ നൃത്തത്തിന്റെതാണോ എന്ന ചോദ്യം പ്രസക്തമാണ്.
‘എന്റെ കേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ സർവ്വെയുടെ ഫലം കൂടി ഇതിനോട് ചേർത്ത് വായിക്കണം. ഇതനുസരിച്ച്, 15-24 വയസ്സിനിടയിൽ പ്രായമുള്ള നമ്മുടെ പെൺകുട്ടികളിൽ മഹാഭൂരിപക്ഷവും അന്യരാജ്യങ്ങളിൽ പോയി പഠിക്കാൻ ആഗ്രഹിക്കുന്നവരാണ്, 62.6%. ആൺകുട്ടികൾ 37.4%-ഉം! ഈ വിധം അന്യ രാജ്യങ്ങളിൽ പഠിക്കാനും, കഴിയുമെങ്കിൽ ജോലി സമ്പാദിച്ച് അവിടെ സ്ഥിരതാമസമാക്കാനും ശ്രമിക്കുന്ന ഇക്കൂട്ടരുടെ വ്യക്തിജീവിതത്തെ നമുക്ക് നിയന്ത്രിക്കാനാകുമോ? വിവരസാങ്കേതിക വിദ്യയിൽ സംഭവിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ വ്യക്തി ജീവിതത്തിലെ അതിരുകൾ പുനർനിർവചിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

നർമ്മം നഷ്ടപ്പെടുന്ന സമൂഹം
ഭൗതികമായി പുരോഗമിക്കും തോറും നാം സിഹിഷ്ണുതയുടെ കാര്യത്തിൽ പുറകോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തവം. നമ്മുടെ സംസ്കാരത്തിൽ നിന്ന് നർമ്മവും ഹാസ്യവും മമതയും ബഹുസ്വരതയുമൊക്കെ നഷ്ടപ്പെടുകയും വെറുപ്പും ഭയവും രോഷവും നിസംഗതയും കലർന്ന മറ്റൊന്ന് അവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. വ്യക്തിസ്വാതന്ത്ര്യത്തെ അങ്ങേയറ്റം വിലമതിച്ചിരുന്ന രാജ്യത്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതാണ് ഏറ്റവും ദൗർഭാഗ്യകരം. ഓർമ്മ വരുന്നത് 1965-ലെ ഇന്ത്യാ - പാകിസ്ഥാൻ യുദ്ധകാലത്ത് യുദ്ധത്തിനെതിരെ ലേഖനം എഴുതിയ രാജാജിയെ അറസ്റ്റു ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി ഭക്തവൽസലം തീരുമാനിച്ചപ്പോൾ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി പറഞ്ഞതാണ്, “ഭക്തവൽസൽജി, അങ്ങയ്ക്ക് ബെർട്രാൻഡ് റസ്സലിനെ അറിയില്ലേ? അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറയുന്ന ആളാണ്. എന്നിട്ടും ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തിനെതിരെ നീങ്ങിയിട്ടില്ല.” ഇതോടെ രാജാജിയെ അറസ്റ്റു ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടു. ഇപ്പോഴാണ് ഇത് നടക്കുന്നതെങ്കിൽ എന്ത് സംഭവിക്കുമെന്ന് ആലോചിച്ചു നോക്കൂ.
മതം ഒരു ആശയമാണെന്നും, ആശയങ്ങൾ വളരുന്നതും തളരുന്നതും അവയുടെ ചുറ്റും സംരക്ഷണ ഭിത്തികൾ തീർത്തിട്ടല്ല, പിന്നെയോ വിമർശനങ്ങളെ നേരിടാനുള്ള അവയുടെ ശേഷിയിലാണെന്ന് സൽമാൻ റുഷ്ദി പറഞ്ഞതിൽ കഴമ്പുണ്ട് (Joseph Anton A Memoir). ഇത് ഇതേ അളവിൽ സംസ്കാരത്തിനും ബാധകമാണ്. ഏതു സംസ്കാരമായാലും, അത് കാലത്തെ അതിജീവിക്കുന്നത് മറ്റു സംസ്കാരങ്ങളുമായുള്ള കൊടുക്കൽ വാങ്ങലുകളിലൂടെയും പരസ്പര സഹവർത്തിത്വത്തിലൂടെയുമാണ്. നിലവിലുള്ള എല്ലാ സംസ്കാരങ്ങളും പല സംസ്കാരങ്ങളുടെ സങ്കലനത്തിൽ നിന്ന് ഉരുവം കൊണ്ടതാണെന്ന് സാരം. ശൂന്യതയിൽ ഒരു സംസ്കാരവും വളരുന്നില്ല. ശൂന്യതയിൽ നിന്ന് ശൂന്യത മാത്രമെന്ന ഊർജതന്ത്രത്തിലെ അടിസ്ഥാന പ്രമാണം ഓർക്കുക. ഈ കരുത്ത് തങ്ങൾക്ക് നഷ്ടമാവുകയാണോ എന്ന് ഒരോ മതവിഭാഗത്തിൽപ്പെട്ടവരും ആലോചിക്കുന്നത് ഉചിതമായിരിക്കും. കാര്യങ്ങൾ ലളിതമാണെങ്കിലും മനുഷ്യർ അതിനെ സങ്കീർണ്ണമാക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് ഈ വിവാദം. ഒപ്പം, നാം മുന്നോട്ടു പോകുകയല്ല, ചരിത്രത്തിൽ തറഞ്ഞു നിൽക്കുകയാണെന്നും അത് കാണിച്ചുതരുന്നു.
