സർക്കാരേ, ആ ഓർഡർ തിരുത്തൂ, ഇല്ലെങ്കിൽ ഇനിയും പ്രിൻസിപ്പൽമാർ ആർട്ടിസ്റ്റുകളുടെ മൈക്ക് തട്ടിപ്പറിക്കും

‘‘കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ഗായകൻ ജാസി ഗിഫ്റ്റിന്റെ സംഗീത നിശ തടസപ്പെടുത്തിയ പ്രിൻസിപ്പലിന്റെ നടപടി വിമർശിക്കപ്പെട്ടു. എന്നാൽ ആരാണ്, ഒരു പ്രിൻസിപ്പലിന് വേദിയിൽ കയറി ഗായകന്റെ മൈക്ക് പിടിച്ചുവാങ്ങി പരിപാടി തടസപ്പെടുത്താൻ അധികാരം നൽകിയത് എന്ന വിഷയം ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലൊന്നും ഉയർന്നുവന്നില്ല’’- തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിലെ ചെയർപേഴ്സൺ അമിത് കൊല്ലത്തൊടി എഴുതുന്നു.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ സംഗീതജ്ഞൻ ജാസി ഗിഫ്റ്റിന്റെ സംഗീതനിശ നടന്നുകൊണ്ടിരിക്കെ പ്രിൻസിപ്പാൾ വേദിയിൽ കയറി അ​ദ്ദേഹത്തിന്റെ മൈക്ക് പിടിച്ചുവാങ്ങി പരിപാടി നിർത്തണം എന്നാവശ്യപ്പെട്ടതും ഇതേതുടർന്ന് ജാസി ഗിഫ്റ്റ് വേദിയിൽനിന്ന് ഇറങ്ങിപ്പോയതും ചർച്ചയായല്ലോ. സമൂഹ മാധ്യമങ്ങളിലും മറ്റും അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വന്നു കഴിഞ്ഞു. എന്നാൽ, ഈ സംഭവത്തിന്റെ മറ്റൊരു വശം ചൂണ്ടിക്കാട്ടട്ടെ.

എന്തുകൊണ്ടായിരിക്കാം ആ പ്രിൻസിപ്പലിന് അങ്ങനെ ചെയ്യാൻ തോന്നിയത് എന്ന കാര്യം വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടോ എന്നാലോചിക്കണം. കേവലം സദാചാരപരമായാണോ, അതോ യുവാക്കളുടെ ആഘോഷങ്ങൾ കാണുന്നത്തിലുള്ള, പ്രായമായവരുടെ കോംപ്ലക്സ് ആണോ തുടങ്ങിയ ആക്ഷേപങ്ങൾക്കപ്പുറം കോളേജുകളിൽ ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചില മാനദണ്ഡങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്

നാലു മാസം മുൻപാണ് കുസാറ്റിലെ ടെക് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സംഗീത നിശക്കു മുമ്പുണ്ടായ തിക്കിലും തിരക്കിലും നാല് പേരുടെ ജീവൻ നഷ്ടപെട്ടത്. ഇത് വലിയ രീതിയിൽ വർത്തയായി, ചർച്ചകളുണ്ടായി. വിദ്യാർത്ഥികളുടെ ആഘോഷങ്ങളെ പേക്കൂത്തുകൾ എന്നുവരെ വിളിച്ച് അധിക്ഷേപിക്കുന്ന കമന്റുകൾ പലയിടത്തും കണ്ടിരുന്നു. കുറച്ചു ദിവസത്തെ മാധ്യമ വിചാരണകളുടെയും വലിയ പ്രതിഷേധങ്ങളുടെയും അനന്തരഫലം എന്ന രീതിയിൽ, കാമ്പസിനു പുറത്തു നിന്ന് ഒരു തരത്തിലും ആർട്ടിസ്റ്റുകളെ കൊണ്ടുവരുകയോ, പരിപാടികൾ നടത്തുകയോ ചെയ്യരുത് എന്ന് ഉള്ളടക്കമുള്ളതും 2015-ൽ പുറപ്പെടുവിച്ചതുമായ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഓർഡർ കൃത്യമായി പാലിക്കണം എന്നും ഇതു സംബന്ധിച്ച എല്ലാ ഉത്തരവാദിത്വങ്ങളും കോളേജ് അധികാരികളിൽ നിക്ഷിപ്തമായിരിക്കും എന്നും രേഖപ്പെടുത്തിയ പുതിയ ഓർഡർ സർക്കാർ ഇറക്കി. ഇതിനെ തുടർന്ന് എല്ലാ കോളേജുകളിലും കടുത്ത നിയന്ത്രണങ്ങളാണ് അധികാരികൾ കൈക്കൊള്ളുന്നത്.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നടന്നത് എന്താണ്? വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംഗീത നിശയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജാസി ഗിഫ്റ്റ്. പരിപാടിക്കിടെ, പ്രിൻസിപ്പൽ വേദിയിൽ കയറി, പാടിക്കൊണ്ടിരുന്ന ജാസി ഗിഫ്റ്റിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങി സംഗീത പരിപാടി നിർത്തിവെക്കാനാവ​ശ്യ​പ്പെട്ടു. ഇതേതുടർന്ന് ജാസി ഗിഫ്റ്റും സംഘവും വേദി വിട്ടു പോയി.
പ്രിൻസിപ്പൽ വേദിയിൽ കയറി ജാസി ഗിഫ്റ്റിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയത്, മേൽപ്പറഞ്ഞ ഉത്തരവ് ഓർമിപ്പിച്ചാണ്. ഇത് നിയമലംഘനമാണ് എന്ന് പ്രിൻസിപ്പൽ പറഞ്ഞതും ഇതേ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ്. പരിപാടി ഉത്ഘാടനം ചെയ്യാനെത്തിയ മുഖ്യാതിഥിയായ ജാസി ഗിഫ്റ്റ് കുറച്ചു പാട്ടുകൾ പാടും എന്ന ഉറപ്പിലാണ് അനുമതി നൽകിയതെന്നും പക്ഷെ അതിനു വിപരീതമായി സംഘത്തിലെ വേറൊരു ഗായകനുമായി ചേർന്ന് അദ്ദേഹം പാട്ടു പാടിയതിനെ തുടർന്നാണ് വേദിയിൽ കയറി പരിപാടി നിർത്തിവെപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നുമാണ് പ്രിൻസിപ്പലിന്റെ ന്യായം.

2015-ൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ വാഹനമിടിച്ചു മരിച്ച തസ്‌നി ബഷീർ.

കൃത്യമായ സുരക്ഷാമുന്നൊരുക്കങ്ങൾക്കപ്പുറം പൂർണമായി കോളേജ് പരിപാടികളെ നിശ്ചലമാക്കുന്ന ഈ ഓർഡറുകളുടെ തുടക്കം ഒരു പക്ഷെ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നായിരിക്കണം. 2015-ൽ കോളേജിലെ ഓണാഘോഷത്തിനിടെ ചില വിദ്യാർഥികൾ കോളേജിനകത്തു കൊണ്ടുവന്ന വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് മൂന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി തസ്‌നി ബഷീർ മരിച്ചു. ഇതുപോലെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. എം. അബ്രഹാമിന്റെ നേതൃത്വത്തിൽ പുറപ്പെടുവിച്ച ഓർഡറിലാണ് കോളേജ് ഫെസ്റ്റുകൾ സംബന്ധിച്ച് കടുത്ത നിയന്ത്രണങ്ങൾ വരുന്നത് (Order No : 26483/G1/15/H.Edn.).

ഇതിൽ കലാലയങ്ങളിൽ വേണ്ട അച്ചടക്കങ്ങളുടെ ചില നിയമങ്ങൾക്കപ്പുറം വലിയ രീതിയിൽ കോളേജ് ഫെസ്റ്റുകൾക്ക് കടിഞ്ഞാണിടുന്ന ചില പോയിന്റുകൾ കാണാം. പുറത്തുനിന്നുള്ള ഏജൻസികളുടെയോ പ്രൊഫഷണൽ ഗ്രൂപ്പുകളുടെയോ ഡി.ജെകളോ സംഗീത നിശകളോ ഒരുതരത്തിലും കോളേജിനകത്ത് നടത്തരുത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. (കാമ്പസിനകത്തും പുറത്തും നടത്തരുത് എന്ന രീതിയിൽ ഈ ഉത്തരവ് 2016 ജൂണിൽ തിരുത്തി പുറപ്പിടുവിച്ചിരുന്നു.)

എങ്കിലും, ഈ വിധിക്കുശേഷവും കൃത്യമായ മുന്നൊരുക്കങ്ങളോടെ കോളേജുകളിൽ ഏറ്റവും ഭംഗിയായിട്ടുതന്നെ ഫെസ്റ്റുകളും സംഗീത നിശകളും യാതൊരു കുഴപ്പങ്ങളുമില്ലാതെ സംഘടിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അത് സംബന്ധിച്ച നിയന്ത്രണങ്ങൾക്കുപകരം നിരോധനം ഏർപ്പെടുത്തുക എന്ന എടുത്തു ചാടിയുള്ള നയം തന്നെയാണ് ഇവിടെയും സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

കാമ്പസിനു പുറത്തുനിന്ന് ആർട്ടിസ്റ്റുകളെ കൊണ്ടുവരുകയോ, പരിപാടി നടത്തുകയോ ചെയ്യരുത് എന്ന് വ്യവസ്ഥ ചെയ്ത് 2015-ൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഐ.ഐ.ടി ബോംബെ. 1971- ൽ തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംസാരികോത്സവമായി മാറിയതാണ് ഐ.ഐ.ടി ബോംബയിലെ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ‘മൂഡ് ഇൻഡിഗോ’ എന്ന പരിപാടി. 1960- ൽ ഐ.ഐ.ടി ഖരഗ്പൂരിൽ തുടങ്ങിയ ‘സ്പ്രിങ് ഫെസ്റ്റ്’ അടക്കം ഇന്ന് ഒരു പക്ഷെ ഇന്ത്യയിലെ പ്രമുഖ കോളേജുകളിലെല്ലാം അവരുടെ വാർഷിക സാങ്കേതിക- സാംസ്കാരിക ഫെസ്റ്റുകൾ എല്ലാ വർഷവും നല്ല രീതിയിൽ തന്നെ നടക്കുന്നു. ഈ ഫെസ്റ്റുകളുടെ നിലവാരം വലിയ രീതിയിൽ ആ കോളേജുകളുടെ ബ്രാൻഡിങ്ങിനു തന്നെ ഗുണകരമാവുന്നതായും കാണാം. NIRF റാങ്കിങ്ങിൽ അടക്കം പബ്ലിക് പെർസെപ്ഷൻ എന്ന ക്യാറ്റഗറിയിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ ഈ ഫെസ്റ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സാങ്കേതികമായും സാംസ്കാരികമായും ചെറുതും വലുതുമായ പരിപാടികൾ സങ്കടിപ്പിക്കുവാനും അതുപോലെതന്നെ അവരുടെ സംഘാടക വൈവിധ്യം വിപുലമാക്കാനുമെല്ലാം ഇതിലും വലിയതും മികച്ചതുമായ വേദികൾ വേറെയില്ല. കേരളത്തിലും എൻ.ഐ.ടി കാലിക്കറ്റ് (തത്വ, രാഗം), സി.ഇ.ടി (ദൃഷ്ടി, ധ്വനി ), ടി.കെ.എം (ഹേസ്റ്റിയ), തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് (ദ്യുതി) തുടങ്ങി നിരവധി കോളേജുകൾ വലിയ രീതിയിൽ തന്നെ ഇത്തരം പരിപാടികൾ നടത്താറുണ്ട്. ഒരു കോളേജിൽ ഫെസ്റ്റ് നടത്തുമ്പോൾ മറ്റു കോളേജിൽ നിന്നും വിദ്യാർത്ഥികൾ അവിടേക്കെത്തുകയും വിവിധ പരിപാടികളിൽ ഭാഗമാകുകയും മത്സരിക്കുകയും ചെയ്യുന്നത് വിദ്യാർത്ഥികൾ തമ്മിലുള്ള ബന്ധം വളർത്താനും സഹായിക്കും. പല വലിയ ഇന്റർ കോളേജ് കമ്മ്യൂണിറ്റികളുടെയും സ്റ്റാർട്ടപ്പുകളുടെയും തുടക്കം ഇതു പോലെയുള്ള ഫെസ്റ്റുകളിലൂടെ ജനിച്ച സൗഹൃദങ്ങൾ തന്നെയാണ് .

എന്തുകൊണ്ടാണ് കേരളത്തിൽ മാത്രം ദൗർഭാഗ്യകരമായ ഒരു സംഭവത്തെ മുൻനിർത്തി കോളേജുകളിൽ ഫെസ്റ്റുകളുമായി ചേർന്ന് സംഘടിപ്പിക്കുന്ന സംഗീത നിശകൾ നിർത്തലാക്കണം എന്ന ഓർഡർ വരുന്നത് എന്ന് പരിശോധിക്കേണ്ടതാണ്. കേരളത്തിലെ കോളേജുകളിലെ പഠനാന്തരീക്ഷത്തിനപ്പുറം ആഘോഷമാക്കേണ്ട യുവത്വത്തിനെ കടിഞ്ഞാണിടാൻ ശ്രമിക്കുന്ന ഓർഡറുകൾ, നിരോധനങ്ങൾക്കു പകരം നിയന്ത്രണങ്ങളും മറ്റുമായി പുനഃക്രമീകരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. വലിയ രീതിയിലുള്ള വിദ്യാർത്ഥി രോഷം ഇത് സംബന്ധിച്ച് കലാലയങ്ങളിൽ ഉടലെടുക്കുന്നുണ്ട് എന്നത് സർക്കാർ ഗൗരവത്തോടെ കാണണം.

ഇവിടെ ജാസി ഗിഫ്റ്റ്നെ പോലെ വലിയ ആരാധക പിന്തുണയുള്ള കലാകാരനുണ്ടായ നാണക്കേടും, പല ബുദ്ധിമുട്ടുകൾക്കിടയിലും ഉറക്കമൊഴിച്ചും മറ്റും പരിപാടി നടത്താൻ ഓടിനടന്ന സംഘാടകർക്കും, അദ്ദേഹത്തെ കാമ്പസിലേക്ക് ക്ഷണിച്ച ആ കോളേജിലെ വിദ്യാർത്ഥികൾക്കുമുണ്ടായ വേദന ഊഹിക്കാവുന്നതേയുള്ളൂ. അടുത്ത ദിവസം ആ കോളേജിൽ പ്രിൻസിപ്പാളിനെതിരെ ആഹ്വാനം ചെയ്ത സമരവും വിദ്യാർത്ഥികളുടെ വിഷമത്തിൽ നിന്നും നാണക്കേടിൽ നിന്നും ഉരുത്തിരിഞ്ഞതുതന്നെയാവാം.

കലാലയങ്ങളിൽ വലിയ രീതിയിൽ ആരുടേയും പിൻതാങ്ങലില്ലാതെ വിദ്യാർത്ഥികൾ ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തുകയാണോ വേണ്ടത് എന്ന് ആലോചിക്കേണ്ടതാണ്. കോളേജുകളിൽ പരിപാടികൾ നടത്തരുത് എന്ന് ഒറ്റയടിക്ക് തീരുമാനിക്കുന്നതിനുപകരം, ജനക്കൂട്ടത്തെ നിയന്ത്രിക്കുവാനും, പൊതുമുതൽ സംരക്ഷിക്കുവാനും, വിദ്യാർത്ഥികൾ കൈകാര്യം ചെയ്യുന്ന ഫണ്ടുകൾ സംബന്ധിച്ചും, മറ്റേതെങ്കിലും രീതിയിൽ അപകട സാധ്യതകൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ചും പഠനം നടത്തി കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടത്. ഒരു ഫാക്കൽറ്റിയുടെ മേൽനോട്ടത്തിൽ അത് പാലിക്കുന്നുണ്ടോ എന്ന് നോക്കുകയുമാകാം. അങ്ങനെ, ഇനിയും നല്ല രീതിയിൽ കേരളത്തിലെ കോളേജുകളിൽ നഷ്ടപ്പെട്ടുപോവുന്ന കലാ-സാംസ്കാരിക-സാങ്കേതികോത്സവങ്ങളെ തിരിച്ചു പിടിക്കാം.

ഇന്ത്യയിലുടനീളം കലാലയങ്ങളെ ആഘോഷത്തിലാക്കുന്ന കോളേജ് ഫെസ്റ്റുകൾ നടക്കുമ്പോൾ കേരളത്തിലെ കോളേജുകൾ ചെറിയ രീതികളിലേക്ക് ചുരുങ്ങുകയാണ്. വിദ്യാർത്ഥികൾ മികച്ച വിദ്യാഭ്യാസത്തിനും കോളേജ് കാലഘട്ടം ആസ്വാദകരമാക്കുവാനും കേരളം വിടുന്ന പ്രവണതയുടെ ആക്കം കൂട്ടുകയല്ലാതെ, ഇത്തരം നിരോധനങ്ങൾ കൊണ്ട് മറ്റൊന്നും സംഭവിക്കില്ല എന്നതുകൂടി നമ്മൾ ഗൗരവകരമായി ചിന്തിക്കണം. ഈ ഓർഡറുകളിൽ മാറ്റങ്ങളിലെങ്കിൽ ഇനിയും കോളേജ് പ്രിൻസിപ്പൽമാർ അവർക്കുണ്ടാവുന്ന തലവേദന ഒഴിവാക്കാൻ മൈക്ക് കയ്യേറി പരിപാടികൾ നിശ്ചലമാക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കും.

Comments