ജിയോ ബേബി

വിദ്യാർഥി സമരത്തിനു മുന്നിലെകുറ്റകരമായ മൗനം

കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട്​ ചർച്ച ചെയ്യുന്ന വിഷയം ജാതിയുമായി ബന്ധപ്പെട്ടതാണ്​ എന്നും ആ വിവേചനത്തെ അർഹമായ ഗൗരവത്തോടെ കൈകാര്യം ചെയ്യണം എന്നും ഇടതുപക്ഷ സർക്കാറിന് തോന്നുന്നതേയില്ല.

കെ. ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ്​ആർട്‌സിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നുള്ള ശങ്കർ മോഹന്റെ രാജി, വിദ്യാർഥികൾ നടത്തിവരുന്ന സമരത്തിന്റെ വിജയമാണ്. ഒപ്പം, വളരെ ഈസിയായി ഒരു രക്ഷപ്പെടുത്തൽ കൂടിയാണ് എന്നും പറയാം. കാരണം, ജാതിവിവേചനം അടക്കം ആരോപിക്കപ്പെട്ട വിഷയങ്ങളിൽ നിയമനടപടിക്ക് വിധേയനാകേണ്ട ആളാണ് അദ്ദേഹം. എന്നാൽ, സമരം മൂലമല്ല, കാലാവധി പൂർത്തിയായതിനെതുടർന്നാണ് രാജി എന്നാണ് അദ്ദേഹം പറയുന്നത്. എങ്കിലും, രാജി സമരം മൂലമാണ് എന്നുതന്നെ നമുക്കറിയാം. സമരം പൂർണമായി വിജയിക്കാൻ ഈ രാജി പോരാ.

ഇടതുസർക്കാറിന്റെ ജാതി

സർക്കാർ ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ വലിയ പ്രശ്‌നങ്ങളുണ്ട്. ഇവിടെ, ചർച്ച ചെയ്യപ്പെടുന്ന വിഷയം ജാതി ആണ് എന്നതും ആ വിവേചനത്തെ അർഹമായ ഗൗരവത്തോടെ കൈകാര്യം ചെയ്യണം എന്നും ഇടതുപക്ഷ സർക്കാറിന് തോന്നുന്നതേയില്ല. മാത്രമല്ല, ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണന്റെ പൊസിഷനും അദ്ദേഹത്തിന്റെ താൽപര്യങ്ങളുമൊക്കൈ പരിഗണിക്കുന്ന നിലപാടാണ് സർക്കാർ പുലർത്തുന്നത്. അടൂർ സർക്കാറിനെ ചൊൽപ്പടിയിൽനിർത്തുന്നത് നമുക്ക് കാണാനായി. ഇവരെല്ലാം കൂടിയാലോചിച്ച ഒരു പരിഹാരമാണ് ശങ്കർ മോഹന്റെ രാജി.

ശങ്കർ മോഹൻ
ശങ്കർ മോഹൻ

ഒരു ഇടതുപക്ഷ സർക്കാറാണ് ഭരിക്കുന്നത് എന്ന്, ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടു കണ്ടാൽ തോന്നകയേ ഇല്ല. ബി.ജെ.പി ഭരിക്കുന്ന ഇടങ്ങളിലെ രാഷ്ട്രീയനീക്കങ്ങൾ പോലെത്തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ഏകദേശം പത്തുവർഷമായി, ഇന്ത്യയിലുടനീളം നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഒരുതരം ഫാഷിസമുണ്ടല്ലോ, അതിന്റെ തുടർച്ചപോലെ തോന്നുകയാണ്. സംഘ്പരിവാർ ചെയ്യുന്നതും ഈ സമരത്തോടുള്ള മനോഭാവവും തമ്മിൽ എന്താണ് വ്യത്യാസം? അതേസമയം, മറ്റു പല കാര്യങ്ങളിലും, സമരങ്ങളിലടക്കം, ഇടതുപക്ഷ സർക്കാർ നിർണാകയ തീരുമാനങ്ങളെടുത്തിട്ടുമുണ്ട്.

ജാതിയെ അഡ്രസ് ചെയ്യേണ്ടിവരുമ്പോഴാണ് ഇടതുപക്ഷം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.

പക്ഷെ, ഇവിടെ ജാതിയെ അഡ്രസ് ചെയ്യേണ്ടിവരുമ്പോഴാണ് ഇടതുപക്ഷം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. പാലാ ബിഷപ്പ് മുസ്‌ലിം വിരോധം പറഞ്ഞപ്പോൾ, ഓടിയെത്തി ആ പിതാവിനുമുന്നിൽ വണങ്ങിനിൽക്കുന്ന മന്ത്രിയെ നമ്മൾ കണ്ടതാണ്. സംസ്ഥാന സ്‌കൂൾ യുവജനോത്സവ സമയത്ത്, ജാതീയതയുമായി ബന്ധപ്പെട്ട ചർച്ച വന്നപ്പോൾ, പഴയിടം മോഹനൻ നമ്പൂതിരിയുടെ അടുത്തുപോയി മറ്റൊരു മന്ത്രി ഇതേപോലെ നിൽക്കുന്നതും നാം കാണുന്നുണ്ട്. എന്നാൽ, ദലിത് വിഭാഗങ്ങളുടെ കാര്യം വരുമ്പോൾ ഇത്തരം പരിഗണനകൾ കാണുന്നില്ല.

 പഴയിടം മോഹനൻ നമ്പൂതിരിയെ കാണാനെത്തിയ മന്ത്രി വി.എൻ. വാസവൻ
പഴയിടം മോഹനൻ നമ്പൂതിരിയെ കാണാനെത്തിയ മന്ത്രി വി.എൻ. വാസവൻ

ജാതി കൃത്യമായി വർക്ക് ചെയ്യുന്നുണ്ട് എന്നാണല്ലോ ഇതിൽനിന്ന് വ്യക്തമാകുന്നത്. ഇടതുപക്ഷ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന സംസ്ഥാനം കൂടിയാണല്ലോ കേരളം. മുന്നാക്ക സംവരണക്കാര്യത്തിലുള്ള നമ്മുടെ മൗനമുണ്ടല്ലോ, അതിനെതിരെ രാഷ്ട്രീയമായ പ്രതിഷേധം രൂപപ്പെടുത്തിയെടുക്കാൻ നമുക്കായിട്ടില്ല. അതിന്റെ ഒരു തുടർച്ച ഇവിടെയും കാണാം.

ഇൻസ്​റ്റിറ്റ്യൂട്ടിൽ ഭരണഘടനാലംഘനവും

ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നത് ജാതീയവിവേചനം മാത്രമല്ല, ഭരണഘടനാ ലംഘനം കൂടിയുണ്ട്. എൽ.ബി.എസ് എന്ന ഏജൻസിയാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത്. സിനിമാറ്റോഗ്രഫി, ഡയറക്ഷൻ, ആക്റ്റിംഗ്, എഡിറ്റിംഗ്, സൗണ്ട് എന്നീ അഞ്ച് കോഴ്‌സുകളെയും ഒന്നാക്കി കാണുകയാണ് ചെയ്യുന്നത്. എന്നിട്ട്, ഇവയ്‌ക്കെല്ലാം ഒന്നിച്ചാണ് സംവരണം. അതിൽ തന്നെ പ്രശ്‌നങ്ങളുണ്ട്. മാത്രമല്ല, ദലിത് വിദ്യാർഥികളെ ഒഴിവാക്കാനായി മാത്രം കട്ട് ഓഫ് മാർക്ക് ഉയർത്തിവെക്കുന്നു. അതിനിടെയാണ്, എൽ.ബി.എസ് ഡെപ്യൂട്ടി ഡയറക്ടർ, ശങ്കർമോഹന് അയച്ച കത്ത് പുറത്തുവരുന്നത്.

കട്ട് ഓഫ് മാർക്ക് ഉയർത്തിവച്ചാൽ അത് ചോദ്യം ചെയ്യപ്പെടുമെന്നതുകൊണ്ട് ഡിപ്പാർട്ടുമെൻറ്​ ഹെഡുകളിൽനിന്ന് ഡയറക്ടർ നിർബന്ധപൂർവം ഒരു ലെറ്റർ വാങ്ങി. ‘ക്വാളിറ്റിയുള്ള വിദ്യാർഥികൾ വരണം, അതിനുവേണ്ടി കട്ട് ഓഫ് മാർക്ക് ഉയർത്തണം' എന്നു പറഞ്ഞ്.

പരീക്ഷ നടത്തി 265 വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് തയ്യാറാക്കി പട്ടിക ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയിരുന്നു. ആ ലിസ്റ്റിൽനിന്ന് ഇന്റർവ്യൂവിന്റെയും മറ്റും അടിസ്ഥാനത്തിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 133 പേരുടെ ലിസ്റ്റ് എപ്രകാരമാണ് സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചതെന്ന് വ്യക്തമാക്കുന്നു ഈ കത്ത്. ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ 60 സീറ്റാണുള്ളത്. ഇതിൽ സ്റ്റേറ്റ് മെറിറ്റിൽ വരുന്നത് 50%, അതായത് 30 സീറ്റ്. ബാക്കി 30 സീറ്റും SEBC, SC, ST, Forward EWS വിഭാഗങ്ങൾക്ക് സംവരണം ചെയ്യപ്പെട്ടതാണ്. ഇതിൽ സംവരണ വിഭാഗത്തിൽ പെട്ടവരും മെറിറ്റ് ലിസ്റ്റിലുണ്ട്. ആകെ 51 സീറ്റുകളിലേക്ക് അഡ്മിഷൻ നടന്നപ്പോൾ സംവരണ പ്രകാരം സീറ്റ് കിട്ടിയത് നാലുപേർക്കുമാത്രമാണ്. എന്നുവച്ചാൽ സംവരണ വിഭാഗത്തിൽ പെടുന്നവർ കൂടുതൽ എത്തുന്നത് ഒഴിവാക്കാൻ ആ വിഭാഗത്തിനർഹതപ്പെട്ട ഒമ്പതു സീറ്റുകളും ഒഴിച്ചിട്ടു. സംവരണക്കാർ കൂടുതലെത്തി ‘ക്വാളിറ്റി കുറയ്ക്കുന്നത്' ഒഴിവാക്കാനാണിതെന്ന് ഡയറക്ടർ തന്നെ പരോക്ഷമായി ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റിയോട് സൂചിപ്പിക്കുകയും ചെയ്തത്രെ. അതായത് സർക്കാർ സ്ഥാപനങ്ങളിൽ അഡ്മിഷനായി നിശ്ചയിച്ചിരിക്കുന്ന എല്ലാത്തരം മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തി, സംവരണത്തെ തന്നെ അട്ടിമറിച്ചിരിക്കുകയായിരുന്നു ശങ്കർ മോഹൻ.

സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ സംവിധായകൻ ജിയോ ബേബി.
സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ സംവിധായകൻ ജിയോ ബേബി.

മറ്റൊന്ന്, കട്ട് ഓഫ് മാർക്ക് ഉയർത്തിവച്ചാൽ അത് ചോദ്യം ചെയ്യപ്പെടുമെന്നതുകൊണ്ട് ഡിപ്പാർട്ടുമെൻറ്​ ഹെഡുകളിൽനിന്ന് ഡയറക്ടർ നിർബന്ധപൂർവം ഒരു ലെറ്റർ വാങ്ങി. ‘ക്വാളിറ്റിയുള്ള വിദ്യാർഥികൾ വരണം, അതിനുവേണ്ടി കട്ട് ഓഫ് മാർക്ക് ഉയർത്തണം' എന്നു പറഞ്ഞ്. ഇത് മറ്റൊരു തിരിമറിയാണ്. ദലിത് വിഭാഗത്തിലെ കുട്ടികൾ പോലും മെരിറ്റിലാണ് അവിടെയുള്ളത്. അല്ലാത്തവർ വളരെ കുറച്ചേയുള്ളൂ. കട്ട് ഓഫ് ഉയർത്തിയതുമൂലം അഡ്മിഷൻ കിട്ടാത്ത ശരത് എന്ന വിദ്യാർഥി കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചു. ഇതേ വിദ്യാർഥി തന്നെ കൽക്കട്ട സത്യജിത്‌റായ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുകയും ചെയ്തു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽനിന്നാണ് ഒരു മനുഷ്യൻ വളരെ ഈസിയായി രാജിവച്ച് പുറത്തുപോകുന്നത്. എന്നിട്ട്, സമരം കാരണമല്ല രാജി എന്നും പറയുന്നു. അദ്ദേഹത്തിന്റെ ഈ ആറ്റിറ്റ്യൂഡ് കാരണമാണ് ഏഴു വർഷമായി സർട്ടിഫിക്കറ്റ് പോലും നിഷേധിക്കപ്പെട്ട വിദ്യാർഥികൾ അവിടെയുള്ളത്.

കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർഥികളുടെ ഫൈനൽ ഇയർ പ്രോഡക്റ്റ് ഒരു ഫെസ്റ്റിവലിനയച്ചപ്പോൾ, ഒരു പടത്തിനകത്ത് ‘നിർമാണം ശങ്കർ മോഹൻ' എന്ന ടൈറ്റിൽ വന്നു. ‘കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്' എന്നാണ് വരേണ്ടത്. അതിനുപകരം ഡയറക്ടറുടെ പേരെഴുതി വച്ചു.

എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് ഗ്രാൻറ്​ നൽകുന്നതിൽ കോളേജിന്റെ ഭാഗത്തുണ്ടായ വൻ വീഴ്ച ചൂണ്ടിക്കാട്ടി അനന്തപത്മനാഭൻ എന്ന വിദ്യാർഥി കേസ് കൊടുത്തു. അദ്ദേഹത്തിന് അനുകൂലമായി വിധി വരികയും ചെയ്തു. ഇതിന്റെ പേരിൽ ആ വിദ്യാർഥിയെ ആ സ്ഥാപനം ഉപദ്രവിക്കുകയാണ് ചെയ്തത്. സത്യം പറഞ്ഞാൽ, അനന്തപത്മനാഭനെ വിളിച്ച് അഭിനന്ദിക്കുകയാണ് വേണ്ടത്, കാരണം, കോളേജിലെ എല്ലാ വിദ്യാർഥികൾക്കും വേണ്ടി കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചതാണല്ലോ. എന്നാൽ, ഈ വിദ്യാർഥിയെ എങ്ങനെ നശിപ്പിക്കാം എന്നാണ് സ്ഥാപനം ചിന്തിക്കുന്നത്. അനന്തപത്മനാഭനോടുള്ള ഈഗോയുടെ കാഠിന്യം പിന്നീടാണ് എനിക്ക് മനസ്സിലായത്. 2021ലെ ആക്റ്റിംഗ് വിദ്യാർഥികളുടെ ഡിപ്ലോമ ഫിലിം ഞാനാണ് സംവിധാനം ചെയ്തത്. എന്റേതായ ഒരു ക്രൂ മെമ്പറെ എനിക്ക് ആഡ് ചെയ്യാൻ പറ്റില്ല, എല്ലാം കോളേജും ഡിപ്പാർട്ടുമെന്റുമാണ് തീരുമാനിക്കേണ്ടത് എന്നൊരു കരാറിൽ ഞാനൊപ്പിട്ടിരുന്നു. അനന്തപത്മനാഭന് തന്റെ സിനിമാറ്റോഗ്രഫി കോഴ്‌സ് പൂർത്തിയാക്കാനുള്ള ഒരേയൊരു വഴി, ഈ സിനിമയിൽ സിനിമാറ്റോഗ്രഫി ചെയ്യുക എന്നതാണ്.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരം.
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരം.

ആ വർക്ക് അവന്റെ ഫൈനൽ ഇയർ പ്രോഡക്റ്റായി സബ്മിറ്റ് ചെയ്യാം. അതിനുവേണ്ടി, ഈ ഡിപ്ലോമ ഫിലിമിൽ ഛായാഗ്രഹണം ചെയ്യാൻ അവസരം തരണം എന്നു പറഞ്ഞ് അവൻ കത്തു കൊടുത്തു. എന്നാൽ, ‘അതെല്ലാം ജിയോ ബേബിയാണ് തീരുമാനിക്കുന്നത്' എന്ന മറുപടിയാണ് ഇൻസ്റ്റിറ്റ്യൂട്ട് കൊടുത്തത്. സ്വന്തം വിദ്യാർഥിയെ തെറ്റിധരിപ്പിക്കുന്ന ഒരു സ്ഥാപനം. ഈ നുണ മറച്ചുവെക്കാൻ മറ്റൊരു നുണ ചമക്കുന്നു. ആക്റ്റിംഗ് ഡിപ്ലോമയിൽ, ആക്റ്റിംഗ് വിദ്യാർഥികളെ മാത്രമേ ഇവാല്യുവേറ്റ് ചെയ്യൂ എന്നും അനന്തപത്മനാഭൻ ഈ ഫിലിമിൽ വർക്ക് ചെയ്താലും അത് ഇവാല്യുവേറ്റ് ചെയ്യില്ല എന്നും. അങ്ങനെയെങ്കിൽ, ജിയോ ബേബിയാണ് ഇത് തീരുമാനിക്കുന്നത് എന്ന മറുപടി എന്തിനാണ് നൽകിയത്?

ഡയറക്​ടറെ പേടി

ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം പറയാം. കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർഥികളുടെ ഫൈനൽ ഇയർ പ്രോഡക്റ്റ് ഒരു ഫെസ്റ്റിവലിനയച്ചപ്പോൾ, ഒരു പടത്തിനകത്ത് ‘നിർമാണം ശങ്കർ മോഹൻ' എന്ന ടൈറ്റിൽ വന്നു. ‘കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്' എന്നാണ് വരേണ്ടത്. അതിനുപകരം ഡയറക്ടറുടെ പേരെഴുതി വച്ചു. ഇത്രയും അൽപ്പത്തരം പേറിനടക്കുന്ന ഒരാളാണ് ഡയറക്ടർ എന്നോർക്കണം. ഇങ്ങനെയൊരു ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാകാൻ ശങ്കർ മോഹനുള്ള കോൺട്രിബ്യൂഷൻ എന്താണ്? ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസിലൊക്കെ വർക്ക് ചെയ്ത ഒഫീഷ്യലാണ് എന്നുമാത്രമേ അറിയൂ.

അടൂർ ഗോപാലകൃഷ്ണന്റെയും ശങ്കർ മോഹന്റെയും പിൻബലത്തിൽ വന്നുചേർന്ന അധ്യാപകരുണ്ട്​. അവർ കൂറ് കാണിക്കാൻ ബാധ്യസ്ഥരാണ്. വിവേചനവും പരാതിയും ചൂണ്ടിക്കാണിക്കാൻ പറ്റാത്തവണ്ണം ഇവരൊക്കെ ലോക്ക്ഡ് ആണ്. പ്രശ്‌നം ചൂണ്ടിക്കാണിച്ചാൽ ജോലിയെ ബാധിക്കും.

ഡിപ്ലോമ ഫിലിം സംവിധാനം ചെയ്യുന്ന സമയത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയപ്പോൾ, ഡയറക്ടറുടെ രീതികൾ കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. ഡയറക്ടർ എന്നു പറയുന്ന ആളെക്കുറിച്ച് സംസാരിക്കുമ്പോൾ അധ്യാപകരുടെയും ജീവനക്കാരുടെയും മുഖത്ത് ഒരുതരം പേടിയാണ്. ഡയറക്ടറുടെ മുറിയിലേക്ക് വിനീതവിധേയരായി വേണം കയറാൻ. ചെരിപ്പൊക്കെ അഴിച്ച് പുറത്തുവച്ച്, വല്ലാത്ത ഒരു കുറ്റം ചെയ്യുന്നപോലെ. അപ്പോൾ തന്നെ എനിക്കും വല്ലാത്ത ഒരു പേടി തോന്നി. ഞാൻ സംസാരിക്കുമ്പോൾ അദ്ദേഹം മുഖത്ത് നോക്കുന്നേയില്ല. ഇരിക്കാൻ പോലും പറയുന്നില്ല. എന്തോ എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം പറയുന്നത് കേട്ട് ഞാനിറങ്ങിപ്പോരുകയാണ് ചെയ്തത്. ഇതാണ് അവിടുത്തെ രീതി. കേരളം പോലൊരു സ്ഥലത്ത് എന്താണ് ഇങ്ങനെ? ഇത്രയും അധികാരം കാണിക്കുന്നയാൾ ആരാണ്? ഞാനിക്കാര്യം അധ്യാപകരോട് ചോദിച്ചപ്പോൾ വളരെ കാഷ്വലായി, ‘പുള്ളി അങ്ങനെയാണ്' എന്നു പറഞ്ഞ് അവർ ഒഴിഞ്ഞുമാറുകയായിരുന്നു.
അവിടെ ഒരു പറ്റം അധ്യാപകരും അനധ്യാപകരും വിവേചനം നേരിടുന്നുണ്ട്. ഒപ്പം, അടൂർ ഗോപാലകൃഷ്ണന്റെയും ശങ്കർ മോഹന്റെയും പിൻബലത്തിൽ വന്നുചേർന്ന മറ്റൊരു കൂട്ടമുണ്ട്. അവർ കൂറ് കാണിക്കാൻ ബാധ്യസ്ഥരാണ്. വിവേചനവും പരാതിയും ചൂണ്ടിക്കാണിക്കാൻ പറ്റാത്തവണ്ണം ഇവരൊക്കെ ലോക്ക്ഡ് ആണ്. പ്രശ്‌നം ചൂണ്ടിക്കാണിച്ചാൽ ജോലിയെ ബാധിക്കും. അതുകൊണ്ടുതന്നെ പരാതികൾ കുറയും. ഡിപ്ലോമ ഫിലിം സംവിധാനം ചെയ്യാൻ എന്നെ വിളിച്ചത് ആക്റ്റിംഗ് ഡിപ്പാർട്ടുമെന്റ് ഹെഡായ ജോതിഷ് ആണ്. കുട്ടികൾക്കൊപ്പം നിൽക്കുന്നതിന്റെ പേരിൽ വിവേചനം നേരിടുന്നയാളാണ് അദ്ദേഹം. സാധാരണ ഇത്തരം സ്ഥാപനങ്ങളിലെ ഡയറക്ടർമാർക്കുള്ളതിനേക്കാൾ വിപുലമായ അധികാരങ്ങൾ ശങ്കർ മോഹനുണ്ട്. അത് അദ്ദേഹം തന്നെ ഉണ്ടാക്കിയെടുത്തതാണ്.

ജാതിയല്ല, അധികാരവുമായി ബന്ധപ്പെട്ട വിഷയമാണിത് എന്ന് ഈ പ്രശ്‌നങ്ങളെ, പുരോഗമനപക്ഷത്തുള്ളവർ തന്നെ ലഘൂകരിക്കുന്നുണ്ട്. വിദ്യാർഥികളുടെ ഒരനുഭവം പറയാം. ഭക്ഷണത്തിന് മാസം 4000 രൂപ വരും. ഭക്ഷണ ഫീസ് കുറയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടപ്പോൾ ശങ്കർ മോഹൻ പറഞ്ഞ മറുപടി, പണമില്ലാത്ത കുട്ടികൾക്ക് ചാരിറ്റി പോലെ ആരുടെയെങ്കിൽ കൈയിൽനിന്ന് വാങ്ങിത്തരാം എന്നാണ്. അപ്പോൾ കുട്ടികൾ ഒറ്റക്കെട്ടായി ആ നിർദേശം എതിർത്തു, തങ്ങൾക്ക് ചാരിറ്റിയല്ല വേണ്ടത്, ഭക്ഷണ ഫീസിളവാണ് വേണ്ടത് എന്നു പറഞ്ഞു. അപ്പോൾ, ‘നിങ്ങൾക്ക് സർക്കാർ തരുന്നത് ചാരിറ്റിയല്ലേ' എന്നാണ് ഡയറക്ടർ ചോദിച്ചത്. ദലിത് വിഭാഗക്കാരായ വിദ്യാർഥികളെ ഉദ്ദേശിച്ചായിരുന്നു ഈ ചോദ്യം.

യൂത്ത് ഫെസ്റ്റിവലിന്റെ സമയത്ത്, കേരളത്തിൽ ജാതിയില്ല എന്ന് എല്ലാവരും കരയുന്നത് നാം കണ്ടതാണല്ലോ. എല്ലാ ഞായറാഴ്ചയും 'എസ്.സി- എസ്.ടി ഒഴികെയുള്ളവർ' എന്ന് പരസ്യം ചെയ്യുന്ന മനുഷ്യരാണ് ഇവിടെയുള്ളത്. 2023ലും അങ്ങനെയൊരു പരസ്യം കൊടുക്കാൻ ആളുണ്ട് എന്നതും അത് പ്രസിദ്ധീകരിക്കാൻ പത്രങ്ങളുണ്ടാകുന്നു എന്നതും എങ്ങനെയാണ് നമുക്ക് ഉൾക്കൊള്ളാൻ പറ്റുന്നത്. അത്തരമൊരു സിസ്റ്റത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നോർക്കണം.

ചേച്ചിമാർക്ക് ഇന്നും അവർ നേരിട്ട വിവേചനം പൊലീസ് കേസാക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്ന ഒരു പാട് കാര്യങ്ങളുണ്ട്. യഥാർഥത്തിൽ, സ്ഥാപനത്തിന്റെ വിശദീകരണങ്ങളിലൂടെയാണ്, ഈ സമരത്തിൽ എന്തോ കാര്യമുണ്ട് എന്ന് ജനങ്ങൾക്ക് മനസ്സിലായത്.

എല്ലാ പ്രശ്‌നങ്ങൾക്കും പുറകിൽ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് എന്നാണ് ചെയർമാൻ അടക്കമുള്ളവരുടെ ആരോപണം. ഒരു ബലവുമില്ലാത്ത ആക്ഷേപമാണിത്. വിദ്യാർഥികൾ ഉന്നയിക്കുന്ന വിഷയങ്ങളുടെ സത്യസന്ധത എനിക്കറിയാം. ഞാൻ അവിടത്തെ വിദ്യാർഥികൾക്കൊപ്പം 20 ദിവസത്തോളം ചെലവഴിക്കുകയും ഡിപ്ലോമ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിന് രണ്ടുമൂന്നുതവണ അവിടെ പോകുകയും ചെയ്തിട്ടുണ്ട്. (ഞാൻ ചെയ്ത ഡിപ്ലോമ ഫിലിമിന്റെ ഫൈനൽ എനിക്ക് കാണാൻ പറ്റിയിട്ടില്ല. പ്രതിഫലം പോലും മുഴുവൻ തന്നിട്ടില്ല). ഇതിന്റെ വെളിച്ചത്തിലാണ് അവിടുത്തെ കാര്യങ്ങൾ മനസ്സിലാക്കിയത്. അവിടുത്തെ ചേച്ചിമാർക്ക് വിവേചനമുണ്ടായി എന്നറിഞ്ഞപ്പോൾ, അതിന്റെ നിജസ്ഥിതി അന്വേഷിച്ച് അറിഞ്ഞശേഷമാണ് പ്രതികരിച്ചത്. ചേച്ചിമാർക്ക് ഇന്നും അവർ നേരിട്ട വിവേചനം പൊലീസ് കേസാക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്ന ഒരു പാട് കാര്യങ്ങളുണ്ട്. യഥാർഥത്തിൽ, സ്ഥാപനത്തിന്റെ വിശദീകരണങ്ങളിലൂടെയാണ്, ഈ സമരത്തിൽ എന്തോ കാര്യമുണ്ട് എന്ന് ജനങ്ങൾക്ക് മനസ്സിലായത്.

ദീപ പി. മോഹൻ
ദീപ പി. മോഹൻ

എസ്​.എഫ്​.ഐയും കെ.എസ്​.യുവും എവിടെ?

എന്നാൽ, വിദ്യാർഥി സമരത്തോട് വിദ്യാർഥി സംഘടനകളുടെ നിലപാട് എന്താണ്? പ്രതിപക്ഷ വിദ്യാർഥി സംഘടനകളെ അവിടെ കാണാനേയില്ല. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നിവയുടെ ഒരുതരം നിശ്ശബ്ദ പിന്തുണ മാത്രം. എം.ജി. യൂണിവേഴ്‌സിറ്റിയിൽ ദീപ പി. മോഹൻ നടത്തിയ സമരത്തോടും ഇതേ മനോഭാവമായിരുന്നു. യാതൊരു പിന്തുണയുമില്ലാതെ വിജയിച്ച സമരമായിരുന്നു അത്. ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാർ നേരിട്ട ജാതി വിവേചനം എന്തുതരം പ്രതികരണമാണ് പൊതുയിടങ്ങളിൽനിന്നുണ്ടാക്കിയത്?

ജാതി വിവേചനത്തിനെതിരെ സമരമുണ്ടാകുമ്പോൾ 'ഞങ്ങളെ ഇത് ബാധിക്കില്ല' എന്നൊരു മൗനമുണ്ട്. അത് തന്നെയാണ് പ്രശ്‌നം. അത് അവരെ ബാധിക്കുന്ന പ്രശ്‌നമാണ്, നമ്മൾ അവരിൽ പെടുന്നില്ല എന്നൊരു മനോഭാവം.

ബി.ജെ.പിയോ കോൺഗ്രസോ ഭരിക്കുന്ന ഇടങ്ങളിലായിരുന്നുവെങ്കിൽ നമുക്ക് കുറെക്കൂടി രോഷമുണ്ടാകുമായിരുന്നു. കേരളത്തിൽ കോൺഗ്രസായിരുന്നു ഭരണത്തിലെങ്കിൽ എന്ന് ആലോചിച്ചുനോക്കൂ. എല്ലാ വിഷയത്തിലും ദിവസവും പോസ്റ്റുകളിലൂടെ പ്രതികരിച്ചുകൊണ്ടിരിക്കുന്ന, ഇടതുപക്ഷത്തുനിന്ന് ഇടപെടുന്ന മനുഷ്യർ പോലും ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. നമ്മൾ ഇടതുപക്ഷത്തുനിൽക്കുന്നതുകൊണ്ടാണ് ഇതിൽ ഇടപെടുന്നത്. ജാതി വിവേചനത്തിനെതിരെ സമരമുണ്ടാകുമ്പോൾ ‘ഞങ്ങളെ ഇത് ബാധിക്കില്ല' എന്നൊരു മൗനമുണ്ട്. അത് തന്നെയാണ് പ്രശ്‌നം. അത് അവരെ ബാധിക്കുന്ന പ്രശ്‌നമാണ്, നമ്മൾ അവരിൽ പെടുന്നില്ല എന്നൊരു മനോഭാവം. അതുതന്നെയാണ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാനവും. ▮


ജിയോ ബേബി

സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ. രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ശ്രീധന്യ കാറ്ററിംഗ് സർവീസ്, ഫ്രീഡം ഫൈറ്റ്എന്നീ സിനിമകൾ സംവിധാനം ചെയ്തു.

Comments