ബിൽ പിടിച്ചുവക്കാവുന്നത്​ ആറു മാസം മാത്രം, ആരിഫ് മുഹമ്മദ് ഖാൻ ഇല്ലാത്ത അധികാരങ്ങളുടെ സങ്കൽപലോകത്താണ്​

സംസ്ഥാന സർക്കാരുകളുമായി ഏറ്റവും കൂടുതൽ സംഘർഷത്തിലേർപ്പെട്ടയാൾക്കാണ് ഉപരാഷ്ട്രപതി പദം കൊടുക്കുക, ജഗ്ദീപ് ധൻകറിനെപ്പോലെ. തന്റെ സ്ഥാനക്കയറ്റത്തിനുള്ള പ്രധാന മാനദണ്ഡമായി നരേന്ദ്ര മോദിയും അമിത് ഷായും പരിഗണിക്കുന്നത് സംസ്ഥാനങ്ങളുമായുള്ള സംഘർഷമാണെന്ന ധാരണയോ തെറ്റിദ്ധാരണയോ ആണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുള്ളത്. പിന്നെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയും. ജോൺ ബ്രിട്ടാസ്​ എം.പി എഴുതുന്നു

കേരളീയ സമൂഹത്തിൽ കുറച്ച് ശുദ്ധമായ ട്രോളുകളുടെ അഭാവമുണ്ടായിരുന്നു. മറ്റുള്ളവരെ ബാധിക്കുന്ന ട്രോളുകളായിരുന്നു ഇവിടെയുള്ളത്. നല്ല നർമമുള്ള ട്രോളുകളുടെ അഭാവമുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടായിരിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർത്താസമ്മേളനം നടത്തിയത്. ആ ഒരു വഴിയിൽ അദ്ദേഹത്തെ നമ്മൾ സ്വാഗതം ചെയ്യണം. ഗവർണർക്ക് ഒരു പണിയുമില്ലെന്ന കാര്യം അദ്ദേഹം ആ വാർത്താസമ്മേളനത്തിലൂടെ തെളിയിച്ചു.

മുഖ്യമന്ത്രി എന്തെങ്കിലും ചടങ്ങിന് ക്ഷണിച്ചാൽ മാത്രമാണ് ഗവർണർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകുക. അതല്ലെങ്കിൽ മുഖ്യമന്ത്രി ഗവർണറെ കാണാൻ അങ്ങോട്ട് പോവുകയാണ് ചെയ്യുക. ഇന്ത്യൻ രാഷ്ട്രപതിക്ക് പോകുന്ന വഴിക്ക് മോദിയെ ഒന്നു കാണാമെന്ന് വിചാരിച്ചാൽ കയറാൻ പറ്റുമോ?. വൈസ് പ്രസിഡന്റിന് പറ്റുമോ?. ഇല്ല. എനിക്ക് പരിചയമുള്ളയാളാണ്, അതുകൊണ്ട് കയറികണ്ടുകളയാമെന്ന് വിചാരിക്കാനാവില്ല. രാം നാഥ് കോവിന്ദ് മോദിയെക്കാൾ മുകളിലുള്ളയാളാണെന്ന് ആരും വിശ്വസിച്ചിട്ടില്ല. പക്ഷെ കോവിന്ദ് വൈകുന്നേരത്തെ ചായ കുടിക്കാൻ മോദിയുടെ വീട്ടിൽ പോകാമെന്ന് പറഞ്ഞാൽ അത് പറ്റില്ല. മോദി അങ്ങോട്ട് പോവുകയാണ് വേണ്ടത്. ഓരോ പദവിക്കും അതിന്റേതായ പ്രോട്ടോകോളുകളുണ്ട്. ആർ.എസ്.എസ്. മേധാവിയെ കാണാൻ പോയപ്പോൾ, ആ വേദിയിലുള്ള പ്രോട്ടോകോളിനെപ്പറ്റിയാണല്ലോ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. അദ്ദേഹത്തിന്റെ ഒരു ഗുണമെന്താണെന്ന് വെച്ചാൽ, അദ്ദേഹത്തിന്റെ ഒരു വാചകവും അടുത്ത വാചകവും തമ്മിൽ വൈരുദ്ധ്യമുണ്ടാകുമെന്നതാണ്. അന്തകവിത്ത് കണക്കെയാണ് അദ്ദേഹത്തിന്റെ വാചകങ്ങൾ. ഒരു വിത്തിൽ തന്നെയുണ്ട് അടുത്ത വിത്ത് ഉണ്ടാകാതിരിക്കാനുള്ള കാര്യം എന്നുപറയുന്നതുപോലെയാണ്. ഇത്രയും നീട്ടിപ്പറഞ്ഞതാണ് യഥാർഥത്തിൽ ഗവർണർക്ക് പറ്റിയ അബദ്ധം. അദ്ദേഹം രണ്ട് വാചകം മാത്രം പറഞ്ഞിരുന്നെങ്കിൽ ഇംപാക്റ്റുണ്ടാകുമായിരുന്നു. നീട്ടിപ്പറഞ്ഞതോടെ ഓരോ വാചകവും ഓരോ വാചകത്തെ കയറിപ്പിടിച്ചു തുടങ്ങി. അവസാനം എത്തിയപ്പോഴേക്കും അദ്ദേഹം ആദ്യം പറഞ്ഞ നല്ല കാര്യങ്ങളൊക്കെ വിഴുങ്ങി.

സംസ്ഥാന സർക്കാരുകളുമായി ഏറ്റവും കൂടുതൽ സംഘർഷത്തിലേർപ്പെട്ടയാൾക്കാണ് ഉപരാഷ്ട്രപതി പദം കൊടുക്കുക, ജഗ്ദീപ് ധൻകറിനെപ്പോലെ. തന്റെ സ്ഥാനക്കയറ്റത്തിനുള്ള പ്രധാന മാനദണ്ഡമായി നരേന്ദ്ര മോദിയും അമിത് ഷായും പരിഗണിക്കുന്നത് സംസ്ഥാനങ്ങളുമായുള്ള സംഘർഷമാണെന്ന ധാരണയോ തെറ്റിദ്ധാരണയോ ആണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുള്ളത്. പിന്നെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയും. അദ്ദേഹത്തെ നിയമിച്ചത് ആർ.എസ്.എസും കേന്ദ്രസർക്കാരുമാണ്. അതുകൊണ്ടുതന്നെ അവരുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കുക എന്നത് അദ്ദേഹത്തിന്റെ മുന്നിലുള്ള വലിയൊരു ദൗത്യമാണ്.

വാർത്താസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരളവുമായിട്ട് അദ്ദേഹം ശണ്ഠ കൂടിയ ഒരു അവസരം എന്നുപറയുന്നത്, സംഘപരിവാർ അജണ്ട നടപ്പാക്കാൻ വേണ്ടിയുള്ള പൗരത്വ ഭേദഗതി നിയമത്തിൻമേലുള്ള നിലപാടുകളാണ്. ഈ വിഷയത്തിലേക്ക് അതും കൂടി കൂട്ടിയിണക്കി. ഇനിയിപ്പോൾ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട നിയമം ഫ്രെയിം ചെയ്യാൻ പോവുകയാണ്. ഇതുവരെ അത് ആക്റ്റീവാക്കിയിരുന്നില്ല. അതിന് താനാണ് കൂടുതൽ കൊടിപിടിക്കുന്നത് എന്ന തോന്നലുണ്ടാക്കാൻ ശ്രമിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. പിന്നെ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ മാനസിക വ്യവഹാരങ്ങളും ഇതിലുണ്ടാകുമെന്ന് സംശയിക്കണം.

ബില്ലുകളുടെ കാര്യത്തിൽ ചെയ്യാവുന്നത്​

കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച്​, ചീഫ് ജസ്റ്റിസായിരുന്ന എം.എം. പുഞ്ചിയുടെ നേതൃത്വത്തിൽ 2007ൽ ഒരു കമീഷനുണ്ടായിരുന്നു. ആ കമീഷനാണ് ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ ഇടപെടലുകൾ നിർത്തണമൈന്ന് പറഞ്ഞത്​. ഗവർണറുടെ സവിശേഷാധികാരം സംബന്ധിച്ചും കമീഷൻ കൃത്യമായി പറയുന്നുണ്ട്. ഒരു ബില്ല് പാസാക്കിക്കഴിഞ്ഞാൽ, അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ഗവർണർ നിയസഭയിലേക്ക് തിരിച്ചുവിടണം. ഒരു കാരണവശാലും അനന്തമായി കൈവശം വെക്കാൻ പറ്റില്ല എന്ന് പറയുന്നുണ്ട്. അതിൽ ആറുമാസമാണ് പറയുന്നത്. ചില ബില്ലുകൾ ഗവർണർക്ക് സ്റ്റേ ചെയ്യാൻ കഴിയും, രാഷ്ട്രപതിയുടെ അനുമതിയോടെ. പക്ഷെ അത് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന് അധികാരമില്ലാത്ത മേഖലയിൽ നിയമനിർമാണം നടത്തിയെങ്കിൽ മാത്രമാണ് ഇങ്ങനെ ചെയ്യാനാവുന്നത്. അത് ഗവർണറുടെ തോന്നലിലല്ല, നിയമോപദേശവും മറ്റുമൊക്കെ നോക്കിയാണ് ഗവർണർ അത് തീരുമാനിക്കേണ്ടത്. കേന്ദ്രം നിയമനിർമാണം നടത്തിയ ഒരു മേഖലയെക്കുറിച്ചുള്ളതോ അല്ലെങ്കിൽ ഹൈക്കോടതി പോലെയുള്ള സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതോ ആയ ബില്ലുകളുടെ കാര്യത്തിലാണ് ഇത്തരം നടപടികൾ സാധ്യമാകുക​.

മദൻ മോഹൻ പുഞ്ചി

അതായത് ഭരണഘടനയുടെ കേന്ദ്ര പട്ടിക, സംസ്ഥാന പട്ടിക, കൺകറൻറ്​ പട്ടിക എന്നിവയൊക്കെ നോക്കി തങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ള മേഖലയിൽ സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തിയോ എന്ന കൃത്യമായ വിവരത്തിനുമേൽ മാത്രമെ ബില്ല് പ്രസിഡന്റിന് അയക്കാൻ പറ്റൂ. ആ ബില്ല് പ്രസിഡൻറ്​ നിരസിക്കുകയോ അനുമതി കൊടുക്കുകയോ ചെയ്താൽ ആറുമാസത്തിനകം തിരിച്ചുവിടണമെന്നാണ് ജസ്റ്റിസ് പുഞ്ചി പറഞ്ഞിട്ടുള്ളത്.

2000ൽ എൻ.ഡി.എ. സർക്കാരിന്റെ കാലത്ത് ‘നാഷണൽ കമീഷൻ ടു റിവ്യൂ ദ വർക്കിങ് ഓഫ് ദി കോൺസ്റ്റിറ്റ്യൂഷൻ’ (NCRWC) എന്നൊരു കമീഷനെ നിയമിച്ചിരുന്നു. ഈ കമീഷന്റെ റിപ്പോർട്ടും പുഞ്ചി കമ്മീഷൻ റിപ്പോർട്ടുമൊക്കെ ഗവർണർ വായിക്കേണ്ടതാണ്. NCRWC റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്, ഗവർണർക്ക്​ ബിൽ നിയമസഭയിലേക്ക് തിരിച്ചയക്കാം. പരമാവധി നാലുമാസത്തിൽ കൂടുതൽ ബിൽ കൈയിൽ വെക്കാൻ പാടില്ല. നാലുമാസം ബില്ല് തടഞ്ഞുവെക്കാമെങ്കിലും അതിന് വ്യക്തമായ കാരണം ഉണ്ടായിരിക്കണമെന്ന് NCRWC റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആരിഫ് മുഹമ്മദ് ഖാൻ ചെയ്യേണ്ടത്, അദ്ദേഹത്തേക്കാൾ വിവരമുള്ള ആളുകൾ ഉൾപ്പെട്ടിരുന്ന കമീഷനുകളുടെ റിപ്പോർട്ടുകൾ വായിച്ചുനോക്കണം. ഗവർണർക്ക്​ എത്ര അധികാരമാണുള്ളതെന്ന് അറിയണം. ഭരണഘടനാ അസംബ്ലിയിൽ നടന്ന ഡിബേറ്റും അംബേദ്കറുടെ മറുപടിയുമൊക്കെ ഇദ്ദേഹം വായിക്കണം. ഇതൊക്കെ വായിച്ചുനോക്കിയാൽ അദ്ദേഹത്തിന് ഗവർണർ ആരാണെന്ന്​ മനസ്സിലാകും. ഗവർണറുടെ അധികാരങ്ങൾ പുഞ്ചി കമ്മീഷൻ റിപ്പോർട്ടിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്.

തമിഴ്​നാട്ടിൽ സ്​റ്റാലിൻ ചെയ്​തത്​

കേരളത്തിലേതിനു സമാനമായ ഒരു കാര്യം പറയാം. തമിഴ്‌നാട്ടിൽ ഏപ്രിൽ 25-ന് നിയമസഭ രണ്ട് ബില്ല് പാസാക്കി. രണ്ട് ബില്ലുകളും വി.സി. നിയമനവുമായി ബന്ധപ്പെട്ടതാണ്. ഈ രണ്ട് ബില്ലുകൾക്കും അനുമതി നൽകാതെ ഗവർണർ അതിനുമുകളിൽ ഇരിക്കുകയാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തമിഴ്‌നാട്ടിലെ 22 സർവകലാശാലകളിലെയും വൈസ് ചാൻസലർമാരുടെയും യോഗം വിളിച്ചു. സംസ്ഥാന സർക്കാരിന്റെ സൃഷ്ടികളാണ് സർവകലാശാലകൾ, ഞങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് നിങ്ങൾ പ്രവർത്തിക്കുന്നത്, നിയമസഭ പറയുന്നത് നിങ്ങൾ ചെയ്യണം എന്ന് കൃത്യമായി അവരോട് സ്റ്റാലിൻ പറഞ്ഞു. ഇവിടെ മുഖ്യമന്ത്രി ഇതുപോലെ ഗവർണറെ വിളിക്കാതെ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചിരുന്നെങ്കിൽ എന്തായിരുന്നു സംഭവിക്കുക. കോൺഗ്രസുകാർ അത് ചിന്തിക്കേണ്ടതാണ്. ഇവിടത്തേക്കാൾ കുറേക്കൂടി കടന്ന രീതിയിലാണ് തമിഴ്​നാട്ടിലെ സർക്കാർ പ്രതികരിച്ചത്. ഇതൊക്കെ മനസിലാക്കാനുള്ള ബോധം നമ്മുടെ ജനങ്ങൾക്കുണ്ടാകണം.

സംസ്ഥാനത്തെ ജനങ്ങളുടെ അധികാരത്തിനുമുകളിൽ ഗവർണർ കളിക്കുമ്പോൾ അദ്ദേഹത്തിനുവേണ്ടി ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് എന്നെ ഏറ്റവും കൂടുതൽ അന്ധാളിപ്പിക്കുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും അധികാരത്തിനുമേൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുമേൽ പിപ്പിടി കാണിക്കുകയാണ്​. ആ പിപ്പിടി കാണിക്കുന്നയാൾ പറയുന്നത് മുഴുവൻ അസംബന്ധമാണ്. ആ അസംബന്ധങ്ങളെ മുഴുവൻ തലക്കെട്ടുകളിലേക്ക് സന്നിവേശിപ്പിക്കുകയാണ്​. ഭയങ്കരമായ മോറൽ പൊസിഷനിൽ ഇദ്ദേഹം നിൽക്കുന്നതായിട്ടാണ് പറയുന്നത്. അപ്പോൾ നമുക്ക് പഴയ വൈസ്രോയിവാഴ്ചയിലേക്കോ കോളനിവാഴ്ചയിലേക്കോ ഒക്കെ പോകണം എന്നാണോ മാധ്യമങ്ങൾ പറയുന്നത്.

ഇവിടത്തെ പ്രതിപക്ഷം അവരുടെ സഖ്യകക്ഷി നേതാവായ, ഭാരത് ജോഡോ യാത്രയ്ക്ക് പതാക വീശിക്കൊടുത്ത എം.കെ. സ്റ്റാലിൻ, ഗവർണറും യൂണിവേഴ്‌സിറ്റികളും തമ്മിലുള്ള സമവാക്യത്തെക്കുറിച്ച് പറഞ്ഞതെന്താണെന്ന് ഒന്ന് പഠിച്ചാൽ മതി. പിണറായി വിജയൻ എന്തായാലും വൈസ് ചാൻസലർമാരുടെ യോഗമൊന്നും വിളിച്ചിട്ടില്ലല്ലോ.

അന്ന്​ അംബേദ്​കർ പറഞ്ഞു...

സംസ്ഥാനങ്ങളുമായുള്ള സംഘർഷം എന്നത് കേന്ദ്ര സർക്കാരിന്റെ ഒരു അജണ്ടയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഫെഡറലിസം ഇത്ര ബാധിക്കപ്പെട്ട കാലമുണ്ടായിട്ടില്ല, രാഷ്ട്രീയമായും സാമൂഹികമായും നിയമപരമായും സാമ്പത്തികമായുമെല്ലാം. പ്രധാനമായി രണ്ട് കാരണങ്ങളുണ്ടിതിന്​. ഒന്ന്, ഇവരുടെ ഐഡിയോളജി എന്നത് ഒരു മതം, ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്നതാണ്. ഇത്​ കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിലും പ്രതിധ്വനിച്ചുതുടങ്ങി.

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽവച്ച് 2019-ൽ നടന്ന ചരിത്രകോൺഗ്രസിൽ വസ്തുതാവിരുദ്ധമായി സംസാരിച്ച ഗവർണർക്കെതിരെ പ്രതികരിയ്ക്കുന്ന ചരിത്രകാരൻ ഇർഫാൻ ഹബീബ്. / Photo : @keralagovernor

ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ച ഫെഡറൽ തത്വങ്ങളെ മുഴുവൻ ഓരോ വർഷം കൂടുമ്പോഴും ചോർത്തിക്കൊണ്ടിരിക്കുകയാണ്.
ഗവർണറെ തെരഞ്ഞെടുക്കണോ എന്ന ചോദ്യം വന്നപ്പോൾ ബി.ആർ. അംബേദ്കർ പറഞ്ഞത്, ഇലക്റ്റ് ചെയ്യാൻ പറ്റില്ല എന്നാണ്​. കാരണം ഈ പദവിക്ക് പ്രത്യേക അധികാരമൊന്നുമില്ലല്ലോ. ഇലക്ഷൻ എന്നത്​ ജനങ്ങളുടെ ഹിതമാണ്. അങ്ങനെ തെരഞ്ഞെടുക്കുമ്പോൾ സവിശേഷ അധികാരമുണ്ടാകും. ഇത്​ അംബേദ്കർ വ്യക്തമാക്കിയതാണ്. പക്ഷെ ഇപ്പോൾ ഗവർണർ പറയുകയാണ്, താനാണ് എല്ലാം എന്ന്​. ജനം തെരഞ്ഞെടുത്ത ഒരു സർക്കാരിനുമുകളിൽ എവിടുന്നോ വന്ന ഒരാൾ പറയുകയാണ്, ഞാനാണ് ഇവിടെ ഭരിക്കുന്നതെന്ന്.

ഭരണഘടനയെ അംഗീകരിക്കുന്ന സമയത്ത്, കേന്ദ്രത്തിന് കുറച്ച് അധികാരം കൂടുതൽ വെക്കുമ്പോൾ നെഹ്‌റു പറഞ്ഞ ഒരു കാര്യമുണ്ട്; ഇന്ത്യ എന്ന രാജ്യം ഒരപകടത്തിലേക്ക് പോകാതിരിക്കാനും ഇന്റർനാഷണൽ ഫോറത്തിൽ ഇന്ത്യക്ക് ഒരു അഭിപ്രായമുണ്ടെന്ന് തോന്നിപ്പിക്കാനും അങ്ങനെ വേണ്ടിവരും. അന്ന് ഒരുപാട് ഭൂമികകളെ കൂട്ടിച്ചേർക്കുമ്പോൾ, അത് ചേർന്നുനിൽക്കുമോ എന്ന ആശങ്കയുടെ പേരിലാണ് കുറച്ച് അധികാരം കൂടുതൽ കൊടുത്തത്. അതല്ലാതെ നല്ല രീതിയിൽ പോകുന്ന കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാൻ വേണ്ടിയല്ല എന്ന് നെഹ്‌റുവിന്റെ വാക്കുകളിലുണ്ട്. കേന്ദ്രവും സംസ്ഥാനവും ഒരുപോലെ ഭരണഘടനയുടെ സന്തതികളാണ്, അതുകൊണ്ട് ഒന്ന് ഒന്നിനോട് വലുതോ ചെറുതോ അല്ല എന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്.

ആഭ്യന്തര യുദ്ധത്തിലൂടെ കടന്നുപോയിട്ടുള്ള രാജ്യമാണ് അമേരിക്ക. എന്നിട്ടുപോലും അവർ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷനാണ്​ അംഗീകരിച്ചത്.രാജ്യവുമായി ബന്ധപ്പെട്ട അധികാരങ്ങളൊഴിച്ച് ബാക്കി എല്ലാം അവിടെ പ്രവിശ്യകളിലാണ്. അവിടെ ഒരു കൗണ്ടിക്ക് പോലും അധികാരങ്ങളുണ്ട്. പൊലീസ് ഒരു സിറ്റിയുടെ പൊലീസാണ്. ന്യൂയോർക്ക്​പൊലീസിനെ NYPD എന്നാണ് പറയുന്നത്. ഒരു പ്രവിശ്യയിൽ തന്നെ അവിടത്തെ സർക്കാരുകൾക്ക് നിയമനിർമാണങ്ങൾ നടത്താം. അങ്ങനെയാണ് അവിടത്തെ ഫെഡറലിസം.

കേന്ദ്രം കവർന്നെടുക്കുന്ന അധികാരങ്ങൾ

ഫെഡറലിസത്തിൽ സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള ചില വിഷയങ്ങൾ ചില സമയത്ത് കൺകറൻറ്​ പട്ടികയിലേക്ക് കൊണ്ടുപോകും. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസാണ് അങ്ങനെ ചെയ്തത്. സ്‌റ്റേറ്റ് ലിസ്റ്റിലുള്ള വിഷയങ്ങളിൽ ഇവർ നിയമനിർമാണം നടത്തുകയാണ്. ഉദാഹരണത്തിന്​, ഭരണഘടനാ പ്രകാരം കൃഷി സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള വിഷയമാണ്. വിവാദമായ കൃഷി ബില്ലുകൾ മുഴുവൻ അതിന്റെ മുകളിലായിരുന്നു. വിദ്യാഭ്യാസം കൺകറൻറ്​ ലിസ്റ്റിലാണ്. രണ്ട് കൂട്ടർക്കും നിയമനിർമാണം നടത്താം. പക്ഷെ ഇന്ന് വിദ്യാഭ്യാസരംഗത്ത് കാണുന്നതെന്താണ്? എഡ്യൂക്കേഷൻ പോളിസി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണ്.

പി.എം ശ്രീ സ്കൂളുകൾ എന്തിന്​?

കഴിഞ്ഞ ദിവസം പി.എം. ശ്രീ സ്‌കൂളുകൾ തുടങ്ങാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തു. ഇത് അധികമാരും ചർച്ച ചെയ്യാത്ത ഒരു കാര്യമാണ്. ഇന്ത്യയിലാകമാനം 14,500 സ്‌കൂളുകൾ പി.എം. ശ്രീ എന്നുപറയുന്ന ഒരു പട്ടികയിലുള്ള മാതൃകാ സ്‌കൂളുകളായി മാറും. കേന്ദ്രം 60 ശതമാനം പണം തരും, 40 ശതമാനം സംസ്ഥാനം എടുക്കണം. ഇവിടെയുള്ള ഏതാണ്ടെല്ലാ സ്‌കൂളുകളും പി.എം. ശ്രീയെക്കാളൊക്കെ മുകളിലുള്ളവയാണ്. ബിഹാറിലോ ഉത്തർപ്രദേശിലോ ഒക്കെ വേണ്ട ഒരു പരിപാടിക്കുവേണ്ടി നമ്മുടെ നികുതിപ്പണമെടുത്ത് ഇങ്ങനെയൊരു പദ്ധതിയുണ്ടാക്കി അതിൽ 40 ശതമാനം നമ്മളിടണമെന്നു പറയുന്നു. നമ്മൾ നേരത്തെ ആ ത്രഷോൾഡ് മറികടന്നതുകൊണ്ട് നമുക്ക് ആ പണം കിട്ടുകയുമില്ല. നമുക്ക് അതിന്റെ ആവശ്യവുമില്ല. യഥാർഥത്തിൽ സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകേണ്ട നികുതിപ്പണത്തിനുപകരം വീതിച്ചുനൽകേണ്ടാത്ത രീതിയിൽ സർചാർജും സെസും ചുമത്തി അവരുടെ വിഹ്വലമായ ഭാവനയ്ക്കനുസരിച്ച് സ്‌കീമുണ്ടാക്കുകയാണ്. എന്നിട്ട് അതിന് നമ്മൾ സംഭാവന ചെയ്യണമെന്ന് പറയുന്നു.

ഇപ്പോൾ കേന്ദ്ര സർവകലാശാലകളിൽ CUET എന്ന യോഗ്യതാസംവിധാനം കൊണ്ടുവന്നു. കുട്ടികൾ 12-ാം ക്ലാസിൽ രാപകൽ പഠിച്ച് നേടുന്ന മാർക്ക് ഇതിൽ പരിഗണിക്കപ്പെടില്ല. നഗരങ്ങളിലെ കോച്ചിങ് സെന്ററുകളിൽ പരിശീലനം നേടുന്ന സമ്പന്നരുടെ മക്കൾക്കുമാത്രം പ്രവേശനം ലഭിക്കുന്ന രീതിയിലേക്ക് മാറ്റുകയാണ്. സംസ്ഥാന സർക്കാരുകളോട് അഭിപ്രായം പോലും ചോദിക്കാതെയാണ് ഇത് അടിച്ചേൽപ്പിച്ചത്.

ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിൽ ഏറ്റവും മോശം വി.സി.യായിരുന്നു ജഗദീഷ് കുമാർ. അവിടത്തെ കുട്ടികളെ രാജ്യദ്രോഹികളാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഒരേയൊരു പണി. ഈ വി.സി യൂണിവേഴ്‌സിറ്റി കുട്ടിച്ചോറാക്കി. ആ ജഗദീഷ് കുമാറിനെയാണ് കേന്ദ്രം ഏകപക്ഷീയമായി യു.ജി.സി. ചെയർമാനാക്കിയത്. ആ യു.ജി.സി. ചെയർമാനാണ് ഇതുപോലെയുള്ള വികല പദ്ധതികൾ കൊണ്ടുവരുന്നത്. ഇപ്പോൾ ജെ.എൻ.യു വി.സിയായി നിയമിച്ചത് ശാന്ത്രിശ്രീ പണ്ഡിറ്റിനെയാണ്. കെ.ആർ. നാരായണനെപ്പോലെയുള്ള ഒരാളൊക്കെ വി.സി.യായിരുന്ന ഒരു യൂണിവേഴ്‌സിറ്റിയിലാണിത്.

ജഗദീഷ് കുമാർ

ആരിഫ് മുഹമ്മദ് ഖാൻ വിചാരിക്കുന്നത് ജഗദീഷ് കുമാറിനെപ്പോലെയും ശാന്ത്രിശ്രീ പണ്ഡിറ്റിനെപ്പോലെയുമൊക്കെ, യാതൊരു യോഗ്യതയുമില്ലാത്ത ആളുകളെ നമ്മുടെ യൂണിവേഴ്​സിറ്റികളിൽ കൊണ്ടുവരാമെന്നാണ്. അതുകൊണ്ടാണ് സ്റ്റാലിൻ പറഞ്ഞത്, ഈ യൂണിവേഴ്‌സിറ്റി സംസ്ഥാനത്തിന്റേതാണ്, ജനങ്ങളുടേതാണ്, നിയമസഭയാണ് നിങ്ങളെ നിയന്ത്രിക്കുന്നത്, അല്ലാതെ വേറെ എവിടെ നിന്നെങ്കിലും വന്ന ഏജന്റല്ല എന്ന്​. അതാണ് ആരിഫ് മുഹമ്മദ് ഖാൻ മനസ്സിലാക്കേണ്ടത്.

പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ച ഇർഫാൻ ഹബീബിനെപ്പോലെ ഒരാളെ ക്രിമിനലെന്നും ഗുണ്ടയെന്നുമൊക്കെ വിളിക്കാൻ അദ്ദേഹത്തിന് എങ്ങനെയാണ് പറ്റുന്നത്. മഹാത്മാഗാന്ധിയുടെ സന്തതസഹചാരിയായിരുന്നയാളുടെ പേരക്കിടാവാണിയാൾ. സ്വാതന്ത്ര്യസമരത്തിന്റെ നീണ്ട വഴിത്താരയിലൂടെ വന്നയാളാണ്. പണ്ഡിതനായ ഒരു വ്യക്തി 90-ാം വയസ്സിൽ ഇയാളെ ആക്രമിക്കാൻ വരുന്നുവെന്ന്. എന്നിട്ട് കാണിച്ച ദൃശ്യം എന്താണ്?

ആരിഫ്​ മുഹമ്മദ്​ ഖാൻ പറഞ്ഞിട്ടുണ്ട്, താൻ ജനങ്ങളുടെ ഇടയിലേക്ക് പോകുമെന്ന്. അത് വളരെ ശരിയാണ്. അദ്ദേഹം രാജിവെച്ച്​ കെ. സുരേന്ദ്രന്റെ അടുത്തുപോയി ബി.ജെ.പി.ക്കുവേണ്ടി ഇവിടെ മത്സരിക്കണം. ഒന്നരവർഷത്തിനകം ലോക്‌സഭ തെരഞ്ഞെടുപ്പ് വരികയാണ്. അല്ലെങ്കിൽ യു.പി.യിൽ പോകട്ടെ. അവിടത്തെ എല്ലാ രാഷ്ട്രീയക്കാരുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. കാരണം എല്ലാ പാർട്ടിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അത്രയും ബന്ധുബലമുള്ള ആളാണ്. ആ ബന്ധുബലം ഉപയോഗിച്ച് അദ്ദേഹം ഒരു സീറ്റ് വാങ്ങി മത്സരിക്കുകയാണ്​ ഇനി വേണ്ടത്​.

Comments