മുന്നൂറ് രൂപയ്ക്ക് ക്രൈസ്തവരെ ഒറ്റുന്ന ബിഷപ്പിനോട്

ബിഷപ്പ് നടത്തിയത് കേവലം വൈകാരിക പ്രതികരണമല്ല, അതൊരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്നത് മനസ്സിലാകണമെങ്കിൽ കഴിഞ്ഞ വർഷം ഏപ്രിലിലും സെപ്തംബറിലും ഇതേ ബിഷപ്പ് നടത്തിയ മറ്റ് പരാമർശങ്ങളെക്കൂടി ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ട്.

വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ബാക്കിയുള്ളത് വെറും ഒരു വർഷം മാത്രം. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് നമ്മുടെ സംസ്ഥാനത്ത് ഒരു എം.പി പോലുമില്ലെന്നത് ബി.ജെ.പിയുടെ സംസ്ഥാന ഘടകത്തെ മാത്രമല്ല, ദേശീയ ഘടകത്തെയും വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അത് മറികടക്കാൻ വേണ്ട, സകല രാഷ്ട്രീയ കുതന്ത്രങ്ങളും അവർ പയറ്റുന്നുണ്ടെങ്കിലും 140 ൽ ഒരു എം.എൽ.എയെ പോലും നിലനിർത്താനുള്ള വേരുകളില്ലാത്ത കേരളത്തിൽ 20 ൽ ഒരു എംപിയെ സ്വന്തമാക്കുക എന്നത് ബി.ജെ.പി യെ സംബന്ധിച്ച് അതി കഠിനമായ കടമ്പ തന്നെയാണ്.

ചാണക്യ തന്ത്രങ്ങൾ പലതും പയറ്റിനോക്കിയിട്ടും കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയ സമവാക്യ സാധ്യതകളിൽ നിന്നുകൊണ്ട് പാർലമെന്ററി നേട്ടത്തിന്റെ ഏഴ് അയലെത്താൻ സാധിക്കാത്ത ബി.ജെ.പി, ഇനി മുന്നിലുള്ള വഴി എന്ത് എന്നത് തിരിച്ചറിഞ്ഞുള്ള കരുക്കൾ നീക്കിത്തുടങ്ങി എന്ന് വേണം സമീപകാലത്തെ ചില സംഭവവികാസങ്ങളെ നാം മനസ്സിലാക്കാൻ.

കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ കീഴിൽ കണ്ണൂരിലെ ആലക്കോട് സംഘടിപ്പിച്ച കർഷകറാലിയിൽ വെച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ബി.ജെ.പിക്ക് മുന്നിൽ നീട്ടിയ ഒരു ഓഫറിപ്പോൾ ചർച്ചാ വിഷയമാണ്. റബ്ബറിന് മൂന്നൂറ് രൂപയാക്കിയാൽ കേരളത്തിൽ ബി.ജെ.പിക്ക് ഒരു എംപി പോലുമില്ലെന്ന വിഷമം ഞങ്ങള് തീർത്തുതരുമെന്നാണ് ജോസഫ് പാംപ്ലാനി പറഞ്ഞിരിക്കുന്നത്. കർഷകരുടെ പ്രശ്‌നം വിവരിക്കുന്നതിനിടയിൽ ബിഷപ്പ് ഇത്തിരി വൈകാരികമായിപോയതായിരിക്കാം എത്ത തരത്തിൽ ചിലർ അതിനെ മയപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു, ഞങ്ങൾക്കാരോടും അയിത്തമില്ല എന്ന ബിഷപ്പിന്റെ തുടർവിശദീകരണവും വന്നു. കാര്യം വ്യക്തമാണ്.

ബിഷപ്പ് നടത്തിയത് കേവലം വൈകാരിക പ്രതികരണമല്ല, അതൊരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്നത് മനസ്സിലാകണമെങ്കിൽ കഴിഞ്ഞ വർഷം ഏപ്രിലിലും സെപ്തംബറിലും ഇതേ ബിഷപ്പ് നടത്തിയ മറ്റ് പരാമർശങ്ങളെക്കൂടി ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ട്. കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ലവ്ജിഹാദ് പദ്ധതികൾ വ്യാപകമാണെന്ന പ്രസ്താവനയുമായി വന്ന അദ്ദേഹം ഇതേ വിഷയത്തിലുള്ള ഇടയലേഖനം രൂപതയ്്ക്ക് കീഴിലെ മുഴുവൻ ഇടവകകളിലും വിതരണം ചെയ്യുകയും ചെയ്തിരുന്നു. നാർക്കോട്ടിക് ജിഹാദ്-ലവ് ജിഹാദ് ക്യാംപയിനുകൾ അടക്കമുള്ള വിദ്വേഷ പ്രചരണങ്ങളിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള ഭിന്നിപ്പുകൾ സൃഷ്ടിച്ച് അതിലൂടെ തുറക്കുന്ന അവസരങ്ങളെ രാഷ്ട്രീയമായി മുതലെടുക്കാം എന്ന സംഘ് തന്ത്രം ജോസഫ് പാംപ്ലാനി അടക്കമുള്ള പലരിലൂടെയും പ്രതിഫലിക്കുക മാത്രമായിരുന്നു.

ബി.ജെ.പി പിന്തുണയോടെ കേരളത്തിൽ ക്രൈസ്തവ പാർട്ടി രൂപം കൊള്ളാൻ പോകുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ സമീപകാലത്താണ് പുറത്തുവന്നത്. കാസ എന്ന ക്രൈസ്തവ സംഘടന നിലവിൽ തന്നെ പരസ്യമായ സംഘപരിവാർ പിന്തുണയോടെ പ്രവർത്തിക്കുന്നുമുണ്ട്. കേരളത്തിലെ ക്രൈസ്തവരിലെ ഒരു വിഭാഗത്തെ തങ്ങൾക്കൊപ്പം നിർത്തുക എന്ന കൃത്യമായ ലക്ഷ്യങ്ങളോടുകൂടിയുള്ള പിന്നാമ്പുറ ചർച്ചകൾ മുന്നോട്ടുപോകുന്നതിനിടയിൽ ജോസഫ് പാംപ്ലാനിയെപ്പോലുള്ളവരുടെ പ്രസ്താവനകളിൽ അത്ഭുതപ്പെടാനില്ല.

എന്നാൽ തന്റെ സമുദായത്തിന്റെ രാഷ്ട്രീയ അസ്ഥിത്വത്തിന് കിലോയ്ക്ക് മൂന്നൂറ് രൂപ വിലയിട്ട തലശ്ശേരി ബിഷപ്പിനെ ചിലതോർമിപ്പിക്കാനുണ്ട്. അധികം മുമ്പൊന്നുമല്ല, കൃത്യം ഒരുമാസം മുമ്പ് ഫെബ്രുവരി 19ന് നമ്മുടെ രാജ്യതലസ്ഥാനത്ത് ഒരു പ്രതിഷേധ യോഗം നടന്നിരുന്നു. അന്നൊരു ഞായാറാഴ്ച, ജന്തർ മന്ദറിലെ സമരവേദിയിൽ വെച്ച് ക്രൈസ്തവസഭാ നേതാക്കൾ ഹല്ലേലുയാ.... എന്ന് വിളിച്ചപ്പോൾ ഏറ്റുവിളിച്ചത് അരുണാചൽ പ്രദേശ് മുതൽ കേരളത്തിൽനിന്നു വരെയെത്തിയ വിശ്വാസികൾ ഒരേ സ്വരത്തിലായിരുന്നു.... ഒരു പകൽ മുഴുവൻ ജന്തർമന്തർ പ്രാർത്ഥനകൾക്കും ദൈവസ്തുതിയ്ക്കും പ്രതിഷേധ മുദ്രാവാക്യങ്ങൾക്കും വേദിയായി...

രാജ്യമാസകലമുള്ള ക്രൈസ്തവ വിശ്വാസികളുടെ ജീവനും സ്വത്തിനും വേണ്ടിയായിരുന്നു ആ സമരസമ്മേളനം. മറ്റെല്ലാ തർക്കങ്ങളും മാറ്റിവെച്ച് രാജ്യത്തെ വിവിധങ്ങളായ സഭാനേതൃത്വം അന്നവിടെ ഒന്നിച്ചതിന്റെ കാരണം രാജ്യം ഭരിക്കുന്ന രാഷ്ട്രീയ ശക്തികളുടെ തന്നെ ഭാഗമായ അക്രമകാരികളിൽ നിന്ന് രക്ഷനേടുക എന്നതായിരുന്നു. ക്രൈസ്ത വിശ്വാസിയായി എന്ന ഒറ്റക്കാരണത്താൽ സ്ത്രീകളും വൃദ്ധരും വരെ ആക്രമിക്കപ്പെടുന്ന, പള്ളികളും സ്‌കൂളുകളും വീടുകളും വരെ തകർക്കപ്പെടുന്ന സാഹചര്യങ്ങളിൽ നിന്നുള്ള മോചനമായിരുന്നു അവർക്ക് വേണ്ടത്.

റബറിന് മൂന്നൂറല്ല, മുപ്പത് ലക്ഷം വിലയിട്ടാലും പകരമാവാത്ത ചരിത്ര ക്രൂരതകൾ സംഘ്പരിവാർ രാഷ്ടീയം രാജ്യത്തെ ക്രൈസ്തവ ജനതയോട് ചെയ്തത് മനസ്സിലാകണമെങ്കിൽ ഗ്രഹാംസ്റ്റെയിൻസ് മുതൽ ഫാ. സ്റ്റാൻ സ്വാമി വരെയുള്ള വൈദികരെയും ഗുജറാത്തിലെ ദാംഗ് മുതൽ ഒഡീഷയിലെ കണ്ഠമാൽ വരെയുള്ള ക്രൈസ്തവ ഗ്രാമങ്ങളെയും ഓർമയുണ്ടാകണം.

ഇന്ത്യയിൽ തങ്ങളുടെ ആഭ്യന്തര ശത്രുക്കൾ ആര്, ആരെയെല്ലാം ഉന്മൂലനം ചെയ്തുകൊണ്ടാണ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കേണ്ടത്, അതിനുള്ള രാഷ്ട്രീയ പദ്ധതികൾ എന്തൊക്കെയാണ്, ഘട്ടം ഘട്ടമായി അവയിലേതെല്ലാമാണ് നടപ്പാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ സംഘ്പരിവാറിന് ഒരു കാലത്തും യാതൊരു വ്യക്തതക്കുറവും ഉണ്ടായിരുന്നില്ല. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും പുറത്താക്കി തങ്ങളുടേത് മാത്രമായ ഒരു രാജ്യം നിർമിക്കാനുള്ള ഹിന്ദുത്വ പദ്ധതികൾ കലാപങ്ങളായും കൂട്ടക്കുരുതികളായും രാഷ്ട്രീയ അട്ടിമറികളായും അരങ്ങേറിയത് കൂടിയാണ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രം.

ദളിതരും മുസ്ലിംകളും ആക്രമിക്കപ്പെടുന്നതിന് സമാനമായ രീതിയിൽ തന്നെ ക്രിസ്ത്യാനികളും രാജ്യത്തുടനീളം സംഘ്പരിവാർ ആക്രമണങ്ങൾക്ക് വിധേയരാകുന്നുണ്ട്. ഒഡീഷയിലെ ആദിവാസി മേഖലകളിൽ പ്രവർത്തിച്ചുവരികയായിരുന്ന മിഷനറി പ്രവർത്തകൻ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് പിഞ്ചു മക്കളെയും ബജ്‌റംഗ്്ദൾ പ്രവർത്തകർ ജീവനോടെ ചുട്ടുകൊന്ന സംഭവം, 2008ൽ ഒഡീഷയിലെ തന്നെ കണ്ഡമാലിൽ ക്രിസ്ത്യാനികൾക്ക് നേരെ നടന്ന, അഞ്ഞൂറിലധികം പേർ ക്രൂരമായി കൊല്ലപ്പെട്ട വർഗീയ കലാപം, 1997ലും 98ലുമായി ഗുജറാത്തിലെ ദാംഗ് ജില്ലയിൽ ബി ജെ പി വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ക്രിസ്ത്യാനികൾക്ക് നേരേ നടത്തിയ തുടർ അക്രമ പരമ്പരകൾ, 1999ൽ ഒഡീഷയിലെ രണാലൈയിൽ 157ഓളം ക്രിസ്ത്യൻ വീടുകൾ രണ്ടായിരത്തോളം വരുന്ന സംഘ്പരിവാർ പ്രവർത്തകർ തോക്കുകളും മാരകായുധങ്ങളുമായി വന്ന് ആക്രമിച്ച സംഭവം, 2008ൽ ദക്ഷിണ കർണാടകയിലെ വിവിധ ജില്ലകളിൽ ബജ്‌റംഗ്്ദൾ പ്രവർത്തകർ നടത്തിയ തുടർച്ചയായ ക്രിസ്ത്യൻ വേട്ട ഇങ്ങനെ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അക്രമ പരമ്പരകൾ രാജ്യത്തുടനീളം ക്രിസ്ത്യാനികൾക്ക് നേരേ നടന്നിട്ടുണ്ട്. ഏറ്റവുമൊടുവിൽ സമീപകാലത്തും കർണാടകയിലെ ഹുബ്ബള്ളി അടക്കമുള്ള മേഖലകളിൽ തീവ്രഹിന്ദുത്വ പ്രവർത്തകർ ക്രൈസ്തവ ദേവാലയത്തിന് നേരേ അക്രമങ്ങൾ അഴിച്ചുവിട്ട വാർത്തകൾ പുറത്തുവന്നിരുന്നു.

ക്രൈസ്തവരുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ ഇടപെട്ട് ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം സമാഹരിച്ച കണക്കു പ്രകാരം കഴിഞ്ഞ വർഷം മാത്രം 21 സംസ്ഥാനങ്ങളിലായി 598 ആക്രമണങ്ങൾ ക്രൈസ്തവർക്കെതിരെ രാജ്യത്ത് അരങ്ങേറിയിട്ടുണ്ട്. സംഘ്പരിവാർ അധികാരത്തിലെത്തിയ 2014 മുതലുള്ള ഓരോ വർഷവും ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ സംഘടന ക്രോഡീകരിച്ചിട്ടുണ്ട്.

2014ൽ 127 ആയിരുന്നെങ്കിൽ 2015ൽ 142, 2016ൽ 226, 2017 ൽ 248, 2018ൽ 292, 2019ൽ 328, 2020ൽ 279 എന്നിങ്ങനെയുണ്ടായിരുന്ന ആക്രമണ സംഭവങ്ങൾ 2021ൽ എത്തുമ്പോൾ അത് പൊടുന്നനെ 505ലെത്തി നിൽക്കുന്നു. വീണ്ടും 2022ൽ അത് 600നടുത്തെത്തുന്നു. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ക്രൈസ്തവർ സംഘ്പരിവാറിനാൽ ആക്രമിക്കപ്പെടുന്നത് വർധിച്ചുകൊണ്ടേയിരിക്കുമ്പോഴാണ് കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തിലുള്ള ചിലർ ഇത്തരത്തിലുള്ള പ്രസ്താവനകളുമായി രംഗത്ത് വരുന്നത് എന്നതാണ് വിരോധാഭാസം.

Comments