അപർണ ഗൗരി ആക്രമണത്തിനിരയായത് ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങൾക്ക് വാർത്തയല്ല

എസ്.എഫ്.ഐക്കാരെ അക്രമകാരികളായി ചിത്രീകരിക്കുന്നതിൽ പരസ്പരം മത്സരിക്കുന്ന മാധ്യമങ്ങൾക്ക്, എസ്.എഫ്.ഐ വയനാട്​ ജില്ലാ ജോയിന്റ് സെക്രട്ടറിയായ അപർണ ഗൗരി ലഹരി സംഘത്തിന്റെ ആക്രമണത്തിനിരയായത്​ വാർത്തയാകുന്നില്ല. അതിൽ ഞങ്ങൾക്ക് അത്ഭുതവുമില്ല. ലഹരിമുക്ത ക്യാംപസുകൾക്ക് വേണ്ടിയുള്ള എസ്.എഫ്.ഐയുടെ ഇടപെടൽ കൂടുതൽ ശക്തമായി തന്നെ മുന്നോട്ടുപോകും.

ഹരി സംഘങ്ങളുടെ ക്രൂര മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന ഞങ്ങളുടെ സഹപ്രവർത്തക അപർണ ഗൗരിയെ സന്ദർശിച്ച് മടങ്ങിവരികയാണ് ഞാൻ. വയനാട്ടിലെ മേപ്പാടി പോളിടെക്നിക് കോളേജിൽ വെച്ചാണ് എസ്.എഫ്.ഐ ജില്ലാ ജോയിൻറ്​ സെക്രട്ടറിയായ അപർണയെയും കൂടെയുണ്ടായിരുന്ന മറ്റ് എസ്.എഫ്.ഐ പ്രവർത്തകരെയും, കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന്റെ പിന്തുണയോടെ ‘ട്രാബിയൊക്' എന്നറിയപ്പെടുന്ന ലഹരി സംഘം ക്രൂരമായി ആക്രമിച്ചത്.

കുറച്ചുകാലങ്ങളായി മേപ്പാടി പോളി ടെക്‌നിക് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ ‘ട്രാബിയൊക്' എന്ന പേരുള്ള ലഹരി സംഘം വളർന്നുവരുന്നുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന വലതുപക്ഷവത്കരണത്തിന്റെയും അരാഷ്ട്രീയതയുടെയുമൊക്കെ ഫലമായാണ് ഇത്തരം ലഹരിസംഘങ്ങൾ കാമ്പസിൽ പിടിമുറുക്കുന്നത്. എസ്.എഫ്.ഐ യെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ പലപ്പോഴും എം.എസ്.എഫും കെ.എസ്.യുവുമൊക്കെ ഇത്തരം സംഘങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്.

കാമ്പസിനകത്ത് ലഹരിയുടെ സ്രോതസ്സുകളെ സുലഭമായി നിലനിർത്തിയും പുതുതായി വരുന്ന വിദ്യാർത്ഥികളെ കെണിയിൽ പെടുത്തി ചൂഷണം ചെയ്തുമാണ് ഈ ലഹരി സംഘങ്ങൾ മുന്നോട്ടുപോകുന്നത്. ഇവരുടെ കെണിയിൽ പെട്ടുപോയശേഷം പുറത്തുവന്ന വിദ്യാർത്ഥികൾ അവരുടെ അനുഭവം പങ്കുവെച്ചതിലൂടെയാണ് ഈ സംഘങ്ങളുണ്ടാക്കുന്ന അപകടങ്ങളുടെ ഗൗരവം ഞങ്ങൾ തിരിച്ചറിഞ്ഞത്. ഇങ്ങനെ പുറത്തുവന്ന വിദ്യാർത്ഥികൾ ലഹരി സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഗുരുതരവുമായ തെളിവുകൾ എസ്.എഫ്.ഐക്ക് കൈമാറിയിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ സംഘങ്ങൾക്കെതിരെ ശക്തമായ നീക്കങ്ങളുമായി സംഘടന മുന്നോട്ടുപോയത്.

ലഹരി സ്രോതസ്സുകളെ സംബന്ധിച്ച് എസ്.എഫ്​.ഐ പൊലീസിന് വിവരങ്ങൾ കൈമാറുകയും അതിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടക്കുകയും ചെയ്തിരുന്നു. എസ്.എഫ്.ഐയുടെ നിരന്തര ക്യാംപയിനുകളെ തുടർന്ന് പുതിയ ബാച്ചുകളിൽ ലഹരിസംഘങ്ങളുടെ സ്വാധീനം വലിയ രീതിയിൽ കുറഞ്ഞുവന്നു. നേരത്തെ ലഹരി സംഘങ്ങൾക്കൊപ്പമുണ്ടായിരുന്ന, പിന്നീട് അവർക്കടിയിൽനിന്ന് പുറത്തുവന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയും ലഹരി ഗ്യാങ്ങുകൾക്കെതിരായ നീക്കങ്ങൾ നടത്തി. ഇതിലെല്ലാം അരിശം പൂണ്ട ക്രിമിനൽ സംഘമാണ് ഇപ്പോൾ അപർണ ഗൗരി അടക്കമുള്ള ഞങ്ങളുടെ സഹപ്രവർത്തകരായ വിദ്യാർത്ഥികളെ ഇത്ര മാരകമായ വിധത്തിൽ ആക്രമിച്ചത്. എസ്.എഫ്.ഐയെ ഈ കാമ്പസിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന് നേരത്തെ തന്നെ നിരവധി തവണ അവർ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അപർണ ഗൗരി മർദ്ദനമേറ്റ്​ ആശുപത്രിയിൽ

ഇന്നലെ കേരളത്തിലെ എല്ലാ പോളിടെക്‌നിക് കോളേജുകളിലും തെരഞ്ഞെടുപ്പ് നടന്നു. അതിന്റെ ഭാഗമായി മേപ്പാടി പോളി ടെക്‌നിക് കോളേജിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ചെന്നപ്പോഴാണ് അപർണ ഗൗരി അടക്കമുള്ള പ്രവർത്തകരെ ഈ ലഹരി സംഘം ആക്രമിച്ചത്. സ്ത്രീകൾ അടക്കമുള്ളവരുടെ നട്ടെല്ലിനും നെഞ്ചിനുമൊക്കെ ചവിട്ടുകയും തലയിൽ കല്ലുകൊണ്ട് മർദിക്കുകയും നെയിൽ കട്ടർ ഉപയോഗിച്ച് മുഖത്ത് മർദിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ പദ്ധതിയിട്ട് നടത്തിയ ആസൂത്രിത ആക്രമണമാണെന്നത് വ്യക്തമാണ്.

ക്യാംപസുകളിൽ വർധിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിന്റെ ഏറ്റവും മോശം ഫലമാണ് ഇന്നലെ മേപ്പാടിയിൽ കണ്ടത്. ഒരു വിദ്യാർത്ഥി സംഘടനയുടെ ജില്ലാ ഭാരവാഹി കൂടിയായ വനിതാ പ്രവർത്തക ലഹരി സംഘത്തിന്റെ ക്രൂര മർദനമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടും ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾ അത് വാർത്തയാക്കുന്നതിൽ താത്പര്യം കാണിച്ചിട്ടില്ല. എസ്.എഫ്.ഐക്കാരെ നിരന്തരം അക്രമകാരികളായി ചിത്രീകരിക്കുന്നതിൽ പരസ്പരം മത്സരിക്കുന്ന മാധ്യമങ്ങൾക്ക് ഇത് വാർത്തയാകുന്നില്ല. അതിൽ ഞങ്ങൾക്ക് അത്ഭുതവുമില്ല. ലഹരിമുക്ത ക്യാംപസുകൾക്ക് വേണ്ടിയുള്ള എസ്.എഫ്.ഐയുടെ ഇടപെടൽ കൂടുതൽ ശക്തമായി തന്നെ മുന്നോട്ടുപോകും. വയനാട്ടിലെ സംഭവങ്ങൾ അതിനൊരു തുടക്കമായി മാത്രമേ ഞങ്ങൾ കാണുന്നുള്ളൂ.

Comments