കഴിഞ്ഞ കുറെ ആഴ്ചകളായി റഷ്യയുടെ വ്‌ളാഡിമിർ പുടിൻ പഴയ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന യുക്രെയ്ൻ എന്ന സ്വതന്ത്രരാജ്യത്തിനുനേരെ ക്രൂരമായ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. പുടിൻ എന്ന സ്വേച്ഛാധിപതിയുടെ സാമ്രാജ്യത്വ ആർത്തിയാണ് അധിനിവേശത്തിനുപിന്നിലുള്ളത്. റഷ്യയുടെ പുടിൻ, ചൈനയുടെ ഷീപിങ്, വടക്കൻ കൊറിയയുടെ കിം ജോങ് ഉൻ ഇവരെല്ലാം ആജീവനാന്ത ഭരണാധികാരികളായി പ്രഖ്യാപിച്ചിട്ടുള്ളവരാണ്. സ്വന്തം രാജ്യത്തെയും അയൽരാജ്യങ്ങളിലെയും ജനങ്ങളുടെ നേരെ അപ്രഖ്യാപിത യുദ്ധം നടത്തുവാനും ഭൂമിയിലെ അവസാനത്തെ ജൈവവ്യവസ്ഥ പോലും നശിപ്പിക്കുവാനും ഇവർക്ക് യാതൊരു മടിയുമില്ല.
ഇത്തരം ഏകാധിപത്യപ്രവണതയാണോ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഭരണകൂടത്തിനുള്ളതെന്ന് തോന്നിപ്പോകും, കെ റെയിൽ പദ്ധതിയ്ക്കായി കേരളത്തിലെ ജനങ്ങളുടെ നേരെയും അവസാനത്തെ പച്ചപ്പിനുനേരെയും നടത്തിക്കൊണ്ടിരിക്കുന്ന പ്രഖ്യാപിത യുദ്ധം കാണുമ്പോൾ. പുടിന്റെയും ഷീപിങ്ങിന്റെയും കിം ജോങ് ഉന്നിന്റെയും ആരാധകരാണ് കേരളത്തിലെ മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയെന്നത് ആകസ്മികമല്ല. ഇവരിൽനിന്ന്, കേരളത്തെ വ്യത്യസ്തമാക്കുന്നത്, അഞ്ചുകൊല്ലം കൂടുമ്പോഴുള്ള പൊതുതെരഞ്ഞെടുപ്പുകളാണ്. അതും കൂടി ഇല്ലാതിരിക്കുന്ന ഒരവസ്ഥയിൽ തീർച്ചയായും ഇവരെല്ലാം പുടിനെയും ഷീപിങ്ങിനെയും കിം ജോങ് ഉന്നിനെയും പോലെത്തന്നെ പെരുമാറുമെന്നതിന് സംശയമില്ല.
കേരളത്തിൽ ഇപ്പോൾ ശക്തമായിക്കൊണ്ടിരിക്കുന്ന പ്രതിഷേധസമരങ്ങളെ, പൊലീസിനെയും പാർട്ടിപ്പടയെയും ഉപയോഗിച്ച് രക്തപങ്കിലമാക്കാൻ ശ്രമിക്കുന്നതിനുപിന്നിൽ ചങ്ങാത്ത മുതലാളിത്തത്തിൽ നിന്ന് കൈപ്പറ്റുന്ന മുപ്പത് വെള്ളിക്കാശിന്റെ കിലുക്കം മാത്രമാണുള്ളത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ റെയിൽ വിരുദ്ധ പ്രവർത്തകരായ അമ്മമാരുടെയും കുട്ടികളുടെയും സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും യുവാക്കളുടെയുമെല്ലാം നേരെ ഇടതുസർക്കാരിന്റെ പൊലീസ് കാണിക്കുന്ന ക്രൂരത, ഈ ഭരണാധികാരികളുടേതിനോട് ചേർന്നുപോകുന്നതാണ്. ജനങ്ങളുടെയും ജൈവവ്യവസ്ഥയുടെയും നേരെ ഇത്തരം ഹീനമായ ചെയ്തികൾ 500 വർഷമായി ഭൂമിയിൽ ആധുനിക പാശ്ചാത്യ നാഗരികത നടത്തിക്കൊണ്ടിരിക്കുന്ന ജൈവ രാഷ്ട്രീയ യുദ്ധങ്ങളുടെ തുടർച്ചയാണ്.
കൊളോണിയൽ അധിനിവേശത്തിന്റെ ആരംഭദശയിൽ (1621) ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗവർണർ ജനറലായിരുന്ന, അതിക്രൂരനായ ജാൻ പീറ്റേഴ്‌സൺ കോയ്ൻ, ഇന്ത്യാ മഹാസമുദ്രത്തിന്റെ തെക്കുകിഴക്കേ അറ്റത്തുള്ള ബന്ത ആർച്ചിപെലാഗോവിലെ ബന്ത ദ്വീപിലെ ജാതിക്കയുടെ കുത്തകാവകാശം സ്ഥാപിക്കുവാൻ തദ്ദേശീയരെ നിഷ്ഠൂരം വധിച്ച് അവിടത്തെ ജൈവവ്യവസ്ഥ നശിപ്പിച്ചശേഷം നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്: “There is nothing in the world that gives one a better right than power” (THE NUTMEG’S CURSE, പുറം 11, അമിതാവ് ഘോഷ്).
കേരളത്തിന്റെ മുഖ്യമന്ത്രി മുതൽ ഏറ്റവും താഴെയുള്ള പാർട്ടി പ്രവർത്തകർ വരെ ഔദ്ധത്യത്തോടെ ആക്രോശിക്കുന്നത്, 2021-ലെ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ജനം അധികാരത്തിന്റെ മാൻഡേറ്റ് തന്നിട്ടുണ്ട് എന്നാണ്. ഈ ഭൂമിയിൽ അധികാരത്തേക്കാൾ വലിയൊരു അവകാശം വേറെയില്ല എന്ന നാനൂറ് വർഷം മുമ്പുള്ള ഡച്ച് ഗവർണർ ജനറലിന്റെ വാക്കുകളാണ് ഇവർ നിരന്തരം ആവർത്തിക്കുന്നത്. കെ. റെയിൽ പദ്ധതി തങ്ങളുടെ മാനിഫെസ്റ്റോയിലുണ്ടെന്നും അത് നടപ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും വാദിക്കുന്ന ഇടതുപക്ഷമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എമ്മിന്, 2021 -ലെ തെരഞ്ഞെടുപ്പിൽ കിട്ടിയത് 38.4 ശതമാനം വോട്ടാണ്. കോൺഗ്രസിനാകട്ടെ 37.6 ശതമാനവും. ആകെ പോൾ ചെയ്തവോട്ടിൽ 38.4 ശതമാനം കിട്ടിയവരാണ് തങ്ങൾക്ക് കിട്ടിയ അധികാരമാണ് എല്ലാറ്റിന്റെയും അവസാനവാക്കെന്ന് അധിനിവേശക്കാരനായ കോയ്‌നെപ്പോലെ വാദിക്കുന്നത്.
കോയ്ന്റെ ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്ന വി.ഒ.സി. (Vereenigde Oostindische Compagnie) ആദ്യകാല മുതലാളിത്തത്തിന്റെ പ്രതീകമായിരുന്നു. രാജകീയാധികാരങ്ങളിൽ നിന്നും രാജശാസനകളിൽ നിന്നും ലഭിച്ച അധികാര പ്രമത്തരുടെ ഒരു സംഘം മുതലാളിമാരായിരുന്നു ഈ കമ്പനിയുടെ അംഗങ്ങൾ. അവർക്ക് എല്ലാറ്റിനും അവരുടേതായ യുക്തിയും തീർപ്പുമുണ്ടായിരുന്നു. അതനുസരിച്ച് ഭൂമിയുടെ ഏതുമൂലയിലുള്ള ജൈവവിഭവങ്ങളും അജൈവപദാർഥങ്ങളും മനുഷ്യരും അവരുടെ മുതലാളിത്ത കുത്തിക്കവർച്ചയ്ക്ക് അധികാരപ്പെട്ടതാണ്. ജൈവഹത്യയും വംശഹത്യയും അടക്കം എല്ലാ ഹത്യകളും നടത്താൻ അവർക്കധികാരമുണ്ട്. ഏതുവിധേനയും ബന്ത ദ്വീപിലെ ജാതിക്കയുടെ കച്ചവടാവകാശം പിടിച്ചടക്കുകയായിരുന്നു അവരുടെ ലക്ഷ്യം. തദ്ദേശീയരെ കൊന്നും അവരുടെ കുടിലുകൾക്ക് തീയിട്ടും കുഞ്ഞുങ്ങളെ കടലിലെറിഞ്ഞും സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചും ഈ കൃത്യം അവർ നിർവഹിച്ചു. മനുഷ്യേതര ജീവികളെയും നശിപ്പിക്കുന്നതിൽ അവർക്ക് ഒരു മനസ്താപവും തോന്നിയില്ല. അത് തങ്ങളുടെ അവകാശവും അധികാരവുമാണെന്നവർ വിശ്വസിച്ചു. ബന്ത ദ്വീപിലെ മനുഷ്യരുടെ ദൈവങ്ങളും വിശ്വാസങ്ങളും അറിവുകളും ഭാഷയും അവർ നാനാവിധമാക്കി. പക്ഷേ അവർക്ക് നശിപ്പിക്കാൻ സാധിക്കാതിരുന്നത് ദ്വീപിലെ വൃക്ഷങ്ങളെയാണ്. വൃക്ഷങ്ങൾക്ക് അധിനിവേശക്കാരെക്കാൾ തന്ത്രപരമായ ആയുധം കൈയിലുണ്ടായിരുന്നു. തങ്ങളുടെ വിത്തുകളിലൂടെ അവർ മറ്റ് ദ്വീപസമൂഹങ്ങളിൽ, തങ്ങളെ കീഴടക്കാൻ വന്ന മനുഷ്യനിലൂടെത്തന്നെ പ്രജനനം നടത്തി, വംശം നിലനിർത്തി.
വിഴിഞ്ഞം തുറമുഖത്തിന്റെയോ അണക്കെട്ടുകളുടെയോ അറുപതടി വീതിയുള്ള റോഡുകളുടേയോ വികസനത്തിൽ, എന്തിനധികം കുതിരാനിലെ മലകൾ തുരന്ന് റോഡുണ്ടാക്കിയ ഇടപാടിൽ പോലും നഷ്ടപ്പെട്ട പ്രകൃതിയെപ്പറ്റി ഒരു കണക്കും നമ്മുടെ കൈയിലില്ല.
മനുഷ്യൻ മനുഷ്യനുനേരെ നടത്തുന്ന യുദ്ധങ്ങളെപ്പറ്റിയാണ് ചരിത്രത്തിന്റെ ഭൂരിഭാഗവും. അതിനുവേണ്ടി മനുഷ്യൻ കല്ലിൽ തുടങ്ങി അണുബോംബുവരെ നിർമിച്ചു. എന്നാൽ, കൊളോണിയലിസ്റ്റുകൾ നടത്തിയ അധിനിവേശങ്ങൾ തദ്ദേശീയ മനുഷ്യരുടെ നേരെ മാത്രമായിരുന്നില്ല. യൂറോപ്യൻ അധിനിവേശത്തിന്റെ ആദ്യകാലങ്ങളിലും തുടർന്നും ഇത് കാണാം. പടിഞ്ഞാറൻ ആധുനിക നാഗരികതയുടെ പുരോഗതിസങ്കല്പത്തിലും വികസന പരിപ്രേക്ഷ്യത്തിലും ഇതുണ്ട്. നിർഭാഗ്യവശാൽ അത് ഇന്നും ഇന്ത്യയുടെയും കേരളത്തിന്റെയും വികസനത്തിൽ തുടരുകയാണ്. ഈ വികസനമെന്ന യുദ്ധം ഒറ്റനോട്ടത്തിൽ പാവപ്പെട്ട ജനങ്ങളുടെ നേരെയാണെങ്കിലും, അവരോടൊപ്പം അനാഥരാക്കപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതും അതത് പ്രദേശങ്ങളിലെ ജൈവവ്യവസ്ഥകളാണ്. പുല്ലും പുഴുവും പുൽച്ചാടിയും പക്ഷിമൃഗാദികളും വെള്ളവും കുന്നും മലയും അടങ്ങുന്ന ജൈവവ്യവസ്ഥ. ആധുനിക വികസനസങ്കല്പത്തിൽ അത്തരം ഭീമമായ നാശങ്ങളുടെ വില എഴുതിച്ചേർക്കപ്പെടാറില്ല. ഒരുപക്ഷേ, മനുഷ്യനോളം തന്നെ വിലപ്പെട്ടതാണ്, മനുഷ്യന്റെ അതിജീവനത്തിന് ഇത്തരം ജൈവവ്യവസ്ഥകൾ. വിഴിഞ്ഞം തുറമുഖത്തിന്റെയോ അണക്കെട്ടുകളുടെയോ അറുപതടി വീതിയുള്ള റോഡുകളുടേയോ വികസനത്തിൽ, എന്തിനധികം കുതിരാനിലെ മലകൾ തുരന്ന് റോഡുണ്ടാക്കിയ ഇടപാടിൽ പോലും നഷ്ടപ്പെട്ട പ്രകൃതിയെപ്പറ്റി ഒരു കണക്കും നമ്മുടെ കൈയിലില്ല. അതെല്ലാം നമുക്ക് അവകശപ്പെട്ടതാണെന്ന മിഥ്യാധാരണയാണ് നമുക്കുപോലുമുള്ളത്. ഇത്തരം പദ്ധതികൾ രൂപകല്പന ചെയ്യുന്ന വിദഗ്ദ്ധർ ആരും ഇവയുടെ നഷ്ടം സൂചിപ്പിക്കുകപോലുമില്ല. 2018-ൽ കേരളത്തിലുണ്ടായ പ്രളയം, 2019-ലും, 2020-ലും, 2021-ലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ ഈ വികസനസങ്കല്പത്തിന്റെ തിരിച്ചടികളാണ്.
1565-ൽ പ്രസിദ്ധീകരിച്ച ഇറ്റാലിയൻ യുദ്ധജേതാവായിരുന്ന ഗിറോലാമ ബൻഡോയിയുടെ പുതിയ ലോകത്തിന്റെ ചരിത്രം എന്ന പുസ്തകത്തിൽ തദ്ദേശീയർക്ക് ഇത്തരം അധിനിവേശക്കാരായ യൂറോപ്യന്മാരെപ്പറ്റിയുള്ള അനുഭവം വാക്കുകളാകുന്നുണ്ട്: ‘അവർ (തദ്ദേശീയർ) പറയുന്നു, നമ്മൾ ഈ ഭൂമിയിലെത്തിയിരിക്കുന്നത് ലോകം നശിപ്പിക്കാനാണെന്ന്. അവർ പറയുന്നു... നാം എല്ലാം തിന്ന് മുടിക്കുന്നു. ഭൂമിയെ ക്ഷയിപ്പിക്കുന്നു. നാം പുഴകളെ തിരിച്ചുവിടുന്നു. നാം ഒരിക്കലും ശാന്തരല്ല. ഒരിക്കലും വിശ്രമിക്കുന്നില്ല. എല്ലായ്‌പ്പോഴും അവിടെയുമിവിടെയും പാഞ്ഞുകൊണ്ടിരിക്കുന്നു; വെള്ളിയും സ്വർണവും തേടി. നമ്മൾ ഒരിക്കലും തൃപ്തരല്ല. നമ്മൾ ഭൂമിയെ ചൂതുകളിക്കാൻ കരുവാക്കുന്നു. പരസ്പരം കൊല്ലുന്നു, കുത്തിക്കവരുന്നു, ആക്രോശിക്കുന്നു; ഒരിക്കലും സത്യം പറയില്ല. അവരുടെ ജീവനോപാധികൾ അന്യാധീനപ്പെടുത്തുന്നു.’’ (പുറം 55, അമിതാവ് ഘോഷ്).
ഇന്നും ജനാധിപത്യത്തിന്റെ പേരിൽ അധികാരം കിട്ടിയ സർക്കാരുകൾ ഇറ്റലിക്കാരനായ ഗിറോലാമയുടെ ഏതാണ്ട് അഞ്ഞൂറുവർഷം പഴക്കമുള്ള വാക്കുകൾ അതേപടി പിന്തുടരുന്നു. അതുകൊണ്ട് പാശ്ചാത്യമാതൃകയിലുള്ള ഓരോ വികസനപദ്ധതിയും ജനങ്ങൾക്കുനേരെ മാത്രമുള്ള അധിനിവേശമല്ല; യുദ്ധമല്ല. അത് ജൈവരാഷ്ട്രീയ യുദ്ധമാണ്. ഓരോ അനധികൃതമായ വികസനത്തിലും സംഭവിക്കുന്നത് ജൈവപരവും പാരിസ്ഥിതികവുമായ നാശങ്ങളാണ്. അമേരിക്കയിലെ ജനാധിപത്യം എന്ന കൃതിയിൽ അലെക്‌സിസ് ഡീ ടോക്കിവില്ലി ഇത്തരം സംഘട്ടനങ്ങളെപ്പറ്റി പറയുന്നത് അമിതാവ് ഘോഷ് ഉദ്ധരിക്കുന്നുണ്ട്. ഇത്തരം സംഘർഷങ്ങൾ തോക്കുകൾകൊണ്ടല്ല പ്രധാനമായും അരങ്ങേറുന്നത്; വിശാലമായ പാരിസ്ഥിതികമായ മാറ്റങ്ങൾ കൊണ്ടാണ്. കെ. റെയിൽ പദ്ധതിയെ എതിർക്കുന്നവർക്കുനേരെ ഇടതുപക്ഷസർക്കാർ പൊലീസ്സേനയെ വിന്യസിച്ചിട്ടുണ്ട്. പക്ഷേ, പദ്ധതി മൂലം നശിക്കുന്ന തണ്ണീർത്തടങ്ങളും ചെറിയ ചെറിയ ജൈവവ്യവസ്ഥകളും നീരൊഴുക്കുകളും നമ്മുടെ കണ്ണിൽപെടുന്നില്ല. പാവപ്പെട്ട ആയിരക്കണക്കിന് മനുഷ്യരെ കുടിയിറക്കപ്പെടുന്നതിനു പുറമേയാണിത്.
കേരളത്തിന്റെ ശേഷിക്കുന്ന മലകളും കുന്നുകളും ഇടിച്ചുനിരത്തി കേരളത്തിനെ ഫ്‌ളാറ്റാക്കിയാലും പരിഷത്തിന്റെ കണക്ക് പ്രകാരമുള്ള മണ്ണും കരിങ്കല്ലും സ്വരൂപിക്കാൻ സാധ്യമല്ല. അതിന് മറ്റ് സംസ്ഥാനങ്ങളെയോ വിദേശരാജ്യങ്ങളെയോ ആശ്രയിക്കേണ്ടി വരും.
ഇതിനൊരു മറുവശം കൂടിയുണ്ട്. കെ. റെയിൽ പദ്ധതി പോലെ ഒന്ന് നടപ്പിലാക്കാൻ, അതതിടങ്ങളിലെ പ്രകൃതിയെ, ചെറു ആവാസവ്യവസ്ഥകളെ നശിപ്പിച്ചാൽ മാത്രം പോരാ. മറ്റനേകം ആവാസവ്യവസ്ഥകളെ നശിപ്പിച്ച് അവിടെ നിന്ന് കല്ലും മണ്ണും പദ്ധതിക്കായി കൊണ്ടുവരേണ്ടതുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു പഠനം ഇതെത്ര വരുമെന്ന് ഏതാണ്ട് കണക്കാക്കുന്നുണ്ട്.(പ്രൊഫ. എസ്. രാമചന്ദ്രൻ, മാതൃഭൂമി പത്രം, 12/01/2022). അതായത് കല്ലിനും മണ്ണിനും വേണ്ടി വിഴിഞ്ഞം നേരിടുന്ന പ്രയാസങ്ങളെക്കാൾ കൂടുതൽ കെ. റെയിലിന് നേരിടേണ്ടിവരും.
കെ. റെയിൽ പാത കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേയ്ക്ക് 292.72 കിലോമീറ്റർ ഭൂമിയിലൂടെയാണ് പോകുന്നത്. ഭൂമിയുടെ താഴേയ്ക്കും അതേ ആഴത്തിൽ ഇത്രയും ദൂരം മണ്ണും കല്ലും നിറച്ച് ബലപ്പെടുത്തണം.അതായത്, മൊത്തം 529.45 കിലോമീറ്റർ ദൂരം. ഇതിന് 50 ലക്ഷം ലോഡ് (ലോറി) മണ്ണ് വേണ്ടിവരും. 80 ലക്ഷം ലോഡ് കരിങ്കല്ലും. കേരളത്തിന്റെ ശേഷിക്കുന്ന മലകളും കുന്നുകളും ഇടിച്ചുനിരത്തി കേരളത്തിനെ ഫ്‌ളാറ്റാക്കിയാലും പരിഷത്തിന്റെ കണക്ക് പ്രകാരമുള്ള മണ്ണും കരിങ്കല്ലും സ്വരൂപിക്കാൻ സാധ്യമല്ല. അതിന് മറ്റ് സംസ്ഥാനങ്ങളെയോ വിദേശരാജ്യങ്ങളെയോ ആശ്രയിക്കേണ്ടി വരും.
ഭൂമിയിലെ പാറക്കല്ലും മണ്ണും രൂപപ്പെട്ടുവരുവാൻ കോടാനുകോടി വർഷങ്ങൾ വേണ്ടിവന്നിട്ടുണ്ടെന്ന് INDICA എന്ന ജൈവശാസ്ത്ര ഗ്രന്ഥത്തിൽ പ്രണയ്ലാൽ എടുത്തുപറയുന്നുണ്ട്. 500 കോടി വർഷങ്ങൾക്കുമുമ്പ് സൂര്യനോ ഭൂമിയോ ഉണ്ടായിരുന്നില്ല. സൂര്യൻ ജനിച്ചത് പാറകളും പൊടിയും മൂടിക്കൊണ്ടാണ്. പിന്നീടുള്ള അമ്പതുകോടി വർഷങ്ങളിൽ വലിയ പാറകൾ ചെറുപാറകളെയും പൊടിയെയും ആകർഷിച്ചു. സൂര്യനുചുറ്റുമുള്ള ഗ്രഹങ്ങളുടെ ആദിപ്രതലങ്ങളായി മാറി. 456 കോടി വർഷങ്ങൾക്കടുത്താണ് നമ്മുടെ ഭൂമി രൂപപ്പെട്ടത്. ഇന്ത്യയിലെ പാറകൾ രൂപപ്പെടാൻ തുടങ്ങിയത് 320 കോടി വർഷങ്ങൾക്കുമുമ്പാണെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. പാറകൾക്കുള്ളിൽ ഘനീഭവിച്ച ജലത്തുള്ളികളാകട്ടെ ഭൂമി ജനിക്കുന്നതിനുമുമ്പെ, സൂര്യജനനകാലത്തു തന്നെയുണ്ടായതാണെന്നും ചില ശാസ്ത്രജ്ഞർ അനുമാനിക്കുന്നുണ്ട്.
പ്രകൃതിയുടെ സഹിഷ്ണുതയാണ് നമ്മുടെ മണ്ണിന്റെയും കരിങ്കല്ലിന്റെയും ജലത്തിന്റെയും അടിസ്ഥാനം. മനുഷ്യസംസ്കാരം ഉത്ഭവിച്ചതോടെ സ്വാഭാവികമായും മനുഷ്യൻ പ്രകൃതിയിൽ നിന്ന് തങ്ങൾക്ക് ജീവസന്ധാരണത്തിനാവശ്യമായ ജൈവവിഭവങ്ങൾ ശേഖരിക്കാൻ തുടങ്ങി. പതിനായിരം വർഷങ്ങൾക്കുമുമ്പുണ്ടായിരുന്ന മനുഷ്യർ പ്രകൃതിയിൽ ഇടപെട്ടിരുന്നതിന്റെ എത്രയോ ലക്ഷം ഇരട്ടിയിലാണ് കഴിഞ്ഞ അഞ്ഞൂറ് വർഷമായി മനുഷ്യൻ ഭൂമിയിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഭൂമിയിലുള്ള എല്ലാവിധ ജൈവ - അജൈവിക വിഭവങ്ങളുടെയും മേലുള്ള ആധിപത്യം മനുഷ്യനാണെന്ന അബദ്ധധാരണയിൽ നാം പ്രകൃതിയിൽ ചെയ്തുകൂട്ടിയ പൊറുക്കാനാവാത്ത ഹിംസകളുടെ ഫലമാണ്, ഭൂമിയുടെ അതിജീവനം തന്നെ അപകടത്തിലാക്കുന്ന പുതിയ കാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങളും മഹാപ്രളയങ്ങളും ഉഷ്ണവാതങ്ങളും. മനുഷ്യൻ പ്രകൃതിയോടുള്ള ഏകപക്ഷീയമായ യുദ്ധത്തിൽ, സംയമനം പാലിക്കാത്തപക്ഷം, ഭൂമി ഏറെക്കാലം അതിജീവിക്കില്ലെന്ന് ലോകത്തിലെ മനുഷ്യസ്നേഹികളും വിവേകികളുമായ ശാസ്ത്രജ്ഞരും സൂചിപ്പിക്കുന്നു. അവരുടെ ധാർമികവീക്ഷണത്തെ മാനിച്ചുകൊണ്ടുമാത്രമേ, നാം തുടർന്നുകൊണ്ടിരിക്കുന്ന ജൈവയുദ്ധത്തെ - ഇക്കോളജിക്കൽ ഫാസിസത്തെ വിലയിരുത്താൻ കഴിയൂ.
1970 മുതൽ കേരളത്തിൽ ഐക്യജനാധിപത്യമുന്നണിയും ഇടതുപക്ഷമുന്നണിയും ചേർന്ന്, ജനങ്ങളുടെ അർധസമ്മതത്തോടെ ജനാധിപത്യത്തിന്റെ മറവിൽ ചെയ്തുകൊണ്ടിരിക്കുന്ന ഇക്കോഫാസിസത്തിലെ ഏറ്റവും ഭീകരമായ ഘട്ടമാണ് ഇടതുപക്ഷസർക്കാരിന്റെ കെ. റെയിൽ പദ്ധതി. ഐക്യകേരള രൂപീകരണത്തിനുശേഷം ഒരു സർക്കാരും ഇത്രയും വിനാശകരമായ ഒരു പദ്ധതി കേരളത്തിന്റെ മേൽ അടിച്ചേല്പിക്കാൻ ശ്രമിച്ചിട്ടില്ല. ഈ വിനാശത്തിൽ നഷ്ടപ്പെടുന്നത് ആയിരക്കണക്കിന് മനുഷ്യരുടെ കിടപ്പാടങ്ങളും ജീവിക്കാനുള്ള അവകാശങ്ങളും തൊഴിലിടങ്ങളും കൃഷിയിടങ്ങളും മാത്രമല്ല. കേരളത്തിന്റെ വൻതോതിലുള്ള ജൈവസമ്പത്തിന്റെ നാശവും നഷ്ടവുമാണ്. ആയിരക്കണക്കിന് ഭാവിതലമുറകളെ ബാധിക്കുന്ന പ്രശ്‌നമാണ്. കേരളത്തിന്റെ ധാർമികവും ആത്മീയവുമായ പ്രതിസന്ധിയായിക്കൂടി ഇതിനെ കാണണം.
1995 - 96 ൽ കേരളത്തിൽ പേരിനെങ്കിലും പ്രാവർത്തികമാക്കിയ ത്രിതല വികേന്ദ്രീകരണത്തിന്റെ ഏതെങ്കിലും ഒരു ധർമം ഇടതുപക്ഷ സർക്കാർ കെ. റെയിൽ പദ്ധതിയിൽ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ?
കാലിഫോർണിയ സർവകലാശാലയുടെ നേതൃത്വത്തിൽ ലോകത്തെ പതിനഞ്ച് പരിസ്ഥിതി ശാസ്ത്രജ്ഞർ ചേർന്ന് തയാറാക്കിയ അന്തരാഷ്ട്രചട്ടങ്ങൾ അനുസരിച്ചുള്ള പഠനപ്രകാരം, കെ. റെയിൽ പദ്ധതിയുടെ 293 കിലോമീറ്റർ നീളത്തിലുള്ള ഭൂമിയിൽ വരുന്ന 2,93,000 ഹെക്ടർ പ്രദേശത്തെ പാരിസ്ഥിതികമൂല്യം 28.71 ലക്ഷം കോടി രൂപ വരും. അല്പം ധനികർക്കുമാത്രം ഗുണം ചെയ്‌തേക്കാവുന്ന ഈ പദ്ധതി ഇത്രയും വിനാശം വരുത്തിവെയ്ക്കുമ്പോൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ഇതിനായി ശാഠ്യം പിടിക്കുന്നത്? നവലിബറലിസത്തിന്റെ ചങ്ങാത്തമുതലാളിത്തത്തിൽ നിന്ന് കിട്ടുന്ന മുപ്പതുവെള്ളിക്കാശിനുവേണ്ടി മാത്രമാണെന്ന് സംശയമില്ല. ഇടതുപക്ഷ സഹയാത്രികരായ ശാസ്ത്രസാഹിത്യപരിഷത്ത് കൂടി ഈ പദ്ധതി നവലിബറലിസത്തിന്റെ ദുഷ്ടസന്തതിയാണെന്ന് പറയുന്നുണ്ട്. എന്തുകൊണ്ട് ഡി.വൈ.എഫ്.ഐ.യിലെയും എസ്.എഫ്.ഐ.യിലെയും യുവാക്കൾ തങ്ങളുടെ ചിന്താശേഷി പാർട്ടി നേതൃത്വത്തിന് അടിയറവെച്ച്, പദ്ധതിയ്ക്കായി ദാസ്യവേല ചെയ്യുന്നു? ഇടതുപക്ഷത്തിന്റെ ബുദ്ധിജീവികളും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും, ആപൽഘട്ടങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ട മാനവികതയും ധാർമികതയും പിണറായി വിജയെന്റ ഔദ്ധത്യത്തിനും ശാഠ്യങ്ങൾക്കും അടിമപ്പെടുത്തുന്നു? തങ്ങൾക്ക് കിട്ടുന്ന സ്ഥാനമാനങ്ങൾക്കും അവാർഡുകൾക്കും വേണ്ടിയാണോ പ്രകൃതിവിരുദ്ധവും ജനവിരുദ്ധവുമായ കെ. റെയിലിനായി സൈബർ ഇടങ്ങളിലും ചാനലുകളിലും വാദിക്കുന്നത്? എന്തായാലും അവർ ഭാവിചരിത്രത്തിനോട് കണക്ക് പറയേണ്ടിവരുമെന്നതിൽ സംശയം വേണ്ട.
1995 - 96 ൽ കേരളത്തിൽ പേരിനെങ്കിലും പ്രാവർത്തികമാക്കിയ ത്രിതല വികേന്ദ്രീകരണത്തിന്റെ ഏതെങ്കിലും ഒരു ധർമം ഇടതുപക്ഷ സർക്കാർ കെ. റെയിൽ പദ്ധതിയിൽ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഡോ. മാധവ് ഗാഡ്ഗിൽ 2022 മാർച്ച് 21-ന് (ദ ഹിന്ദു: 22/3/22) വിശദമാക്കിയതുപോലെ, 2018-ലെ വെള്ളപ്പൊക്കത്തിനും പുത്തുമല, പെട്ടിമുടി, കൂട്ടിക്കൽ തുടങ്ങി നിരവധി ഇടങ്ങളിലുണ്ടായ മലയിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായത്, അധികാര വികേന്ദ്രീകരണത്തിലൂന്നിയ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനം നടപ്പാക്കത്തതാണ്. കേരളത്തിൽ പാരിസ്ഥിതിക അഭയാർഥികൾ ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ മഹാപ്രളയം കേരളത്തെ വെള്ളത്തിൽ മുക്കിത്താഴ്ത്തിയപ്പോൾ ആയിരക്കണക്കിന് മനുഷ്യരെ രക്ഷിച്ചത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ്. അവർക്ക് പുരസ്കാരവും താത്കാലിക ജോലിയും നൽകുന്നതിനപ്പുറം അവരുടെയും ഭാവിതലമുറകളുടെയും ജീവസന്ധാരണത്തിനാവശ്യമായ കടൽത്തീരങ്ങളും കണ്ടൽക്കാടുകളും സംരക്ഷിച്ച് നിലനിർത്താൻ ഒന്നും ചെയ്യുന്നില്ല. വിഴിഞ്ഞം പദ്ധതിയും കെ. റെയിലും, അവരടക്കമുള്ള സാധാരണക്കാരെ പാരിസ്ഥിതിക അഭയാർഥികളാക്കി നിരാലംബരാക്കുകയേയുള്ളൂ.
സംരക്ഷണത്തിനായാലും വികസനത്തിനായാലും പങ്കാളിത്തവും സുതാര്യതയുമായിരിക്കണം മുഖ്യം. വികസന ആസൂത്രണ പ്രകിയ വികേന്ദ്രീകൃതവും നീർത്തടാധിഷ്ഠിതവും അടിത്തട്ടിലേയ്ക്ക് പരമാവധി വ്യാപിച്ചിട്ടുള്ളതും ആയിരിക്കണം.
കേരളമെന്ന നമ്മുടെ ഈ ഭൂവിഭാഗത്തെ പ്രപഞ്ചത്തിന്റെ ഭാഗമായി കണ്ട് ഭാവി തലമുറകളടക്കമുള്ള മനുഷ്യരുടെയും കോടാനുകോടി ജീവജാലങ്ങളുടെയും മണ്ണിന്റെയും മലയുടെയും ജലത്തിന്റെയും ജീവൻ സംരക്ഷിക്കുവാൻ ചെയ്യേണ്ടത്, 2011-ൽ പ്രൊഫ. മാധവ് ഗാഡ്ഗിൽ അടക്കമുള്ള പഠനസംഘം തയാറാക്കിയ റിപ്പോർട്ട് ക്രമാനുഗതമായി നടപ്പാക്കുകയാണ്. കാരണം, വിനാശത്തിന്റെ പ്രതീകമായ കെ. റെയിൽ പോലുള്ള പദ്ധതികൾക്കുപകരം ബദൽ വികസനസാധ്യതകൾ ഈ റിപ്പോർട്ട് പഠിക്കുന്നതിലൂടെയും നടപ്പാക്കുന്നതിലൂടെയും കണ്ടെത്താനാവും. കേരളത്തിന്റെ അതിജീവനത്തിന് കൊതിക്കുന്ന യുവാക്കൾ ഈ ആപൽസന്ധിയിൽ നിന്നുണ്ടാകുന്ന ക്രിയാത്മകതയെ പരമാവധി ഇതിലൂടെ പ്രയോജനപ്പെടുത്തണം. പരിസ്ഥിതിയും അധികാരവികേന്ദ്രീകരണവും ജനാധിപത്യവും എപ്രകാരം പരസ്പരപൂരകങ്ങളായി മുന്നോട്ടുകൊണ്ടുപോയി, അതിലൂടെ എങ്ങനെ രാഷ്ട്രീയത്തിന്റെ ധാർമികത ഉയർത്തിപ്പിടിക്കാം എന്നാണ് മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് അടിവരയിടുന്നത്.
2013-ൽ പരിഷത്ത് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച പശ്ചിമഘട്ട പരിസ്ഥിതി റിപ്പോർട്ടിന്റെ ആമുഖത്തിൽ സമിതി ചെയർമാൻ ഗാഡ്ഗിൽ പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റിപറയുന്നത് കേരളത്തെക്കുറിച്ച് അക്ഷരംപ്രതി ശരിയാണ്: ‘... നിർഭാഗ്യവശാൽ ഹരിത മേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാചിച്ചിരുന്ന അവളിന്ന് (കേരളം) അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങൾ ചുറ്റി നാണം മറയ്ക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്. അതിനെ ഇങ്ങനെ പിച്ചിച്ചീന്തിയതിനുപിന്നിൽ ദരിദ്രരുടെ പശിയടക്കാനുള്ള പരാക്രമത്തേക്കാളുപരി, അതിസമ്പന്നരുടെ അടക്കിനിറുത്താനാവാത്ത ആർത്തിയുടെ കൂർത്ത നഖങ്ങളാണ് എന്നത് ചരിത്രസത്യം മാത്രമാണ്.’’
ഈ അതിസമ്പന്നർക്കുവേണ്ടി വാദിക്കുകയാണ് ഒരുകാലത്ത് ചരിത്രത്തിന്റെ ചലനാത്മക നിയമങ്ങളിലൂടെ ദരിദ്രർക്കുവേണ്ടി നിലനിന്ന മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 2022-ലെ കപ്പിത്താൻ പിണറായി വിജയനും സംഘവും.
പരിസ്ഥിതിയിലൂന്നിയ വികസനത്തിനായി നിലകൊള്ളുന്ന പഠന റിപ്പോർട്ടിൽ ഇതെങ്ങനെ സാധിക്കുമെന്ന് എണ്ണിയെണ്ണി പറയുന്നുണ്ട്. സംരക്ഷണത്തിനായാലും വികസനത്തിനായാലും പങ്കാളിത്തവും സുതാര്യതയുമായിരിക്കണം മുഖ്യം. വികസന ആസൂത്രണ പ്രകിയ വികേന്ദ്രീകൃതവും നീർത്തടാധിഷ്ഠിതവും അടിത്തട്ടിലേയ്ക്ക് പരമാവധി വ്യാപിച്ചിട്ടുള്ളതും ആയിരിക്കണം. വികസനത്തിന്റെ കാല്പാടുകൾ കുറയ്ക്കാൻ അനുയോജ്യമായ ഹരിത സാങ്കേതികവിദ്യകൾ സ്വീകരിക്കണം. വൻകിട വികസന പദ്ധതികൾ ആവശ്യമെങ്കിൽ അതിനുള്ള ക്ലിയറൻസ് ഗ്രാമപഞ്ചായത്ത് വഴി നൽകുക.
എന്തുകൊണ്ട് കെ. റെയിൽ പദ്ധതി, അധികാര വികേന്ദ്രീകരണത്തിന് പ്രസിദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തിൽ, ഗ്രാമസഭകളുടെ ഹിതപരിശോധന വഴി നടപ്പാക്കാനുള്ള വിനയവും സംയമനവും ജനാധിപത്യ ബോധവും സർക്കാർ സ്വീകരിക്കുന്നില്ല?
കേരളത്തിൽ ഇപ്പോൾ ശക്തമായിക്കൊണ്ടിരിക്കുന്ന പ്രതിഷേധസമരങ്ങളെ, പൊലീസിനെയും പാർട്ടിപ്പടയെയും ഉപയോഗിച്ച് രക്തപങ്കിലമാക്കാൻ ശ്രമിക്കുന്നതിനുപിന്നിൽ ചങ്ങാത്ത മുതലാളിത്തത്തിൽ നിന്ന് കൈപ്പറ്റുന്ന മുപ്പത് വെള്ളിക്കാശിന്റെ കിലുക്കം മാത്രമാണുള്ളത്. അതുകൊണ്ടാണ് വീണ്ടും വീണ്ടും നമുക്ക് ഇടതുസർക്കാരിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടേണ്ടി വരുന്നത്, മുപ്പത് വെള്ളിക്കാശിന് കേരളത്തെ ഒറ്റിക്കൊടുക്കരുത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.