വികസനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് കേരളത്തിൽ അർഥവത്തായ സംവാദത്തിന് തുടക്കമിട്ടത് ഇ.എം.എസാണ്. അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ടാണ് ഇത്തരം സംവാദങ്ങൾ വികസിച്ചുവന്നത്. ക്രിയാത്മകമായ ജനപങ്കാളിത്തത്തിലൂടെ മാത്രമേ വികസന പ്രക്രിയയെ ജനാധിപത്യവത്കരിക്കാനാകൂ എന്ന പ്രയോഗം മുന്നോട്ടുവച്ച ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാറാണ് ഇപ്പോൾ, വികസനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അടിസ്ഥാന ചോദ്യങ്ങളുന്നയിക്കുന്ന മനുഷ്യരുടെ മുന്നിൽ ഉത്തരം മുട്ടി നിൽക്കുന്നത്.
ഉത്തരം മുട്ടിയാൽ പിപ്പിടി വിദ്യ എന്നായിരിക്കും, മുഖ്യമന്ത്രിയായാലും സ്വഭാവിക മറുപടി. പ്രതിഷേധം തല്ലു കൊള്ളേണ്ട ഒരു കാര്യമായും പ്രതിഷേധിക്കുന്നവർ തീവ്രവാദികളായും മാറും.
കെ റെയിലിനുവേണ്ടി കല്ലിടാൻ വരുന്ന ഉദ്യോഗസ്ഥരോടും പൊലീസിനോടും തങ്ങളുടെ ആശങ്കപ്രകടിപ്പിക്കുകയാണ് ജനങ്ങൾ ചെയ്യുന്നത്. അത് തീർത്തും ന്യായമായ ആശങ്കകളുമാണ്.
ഉദാഹരണത്തിന്, അതിവേഗപ്പാതക്കിരുപുറവുമുള്ള ബഫർ സോണിന്റെ കാര്യം. ഒരു മീറ്റർ പോലും ബഫർ സോൺ ഇല്ല എന്ന് മന്ത്രി സജി ചെറിയാൻ പറയുമ്പോൾ കെ റെയിൽ എം.ഡി അത് തിരുത്തുന്നു: പത്തു മീറ്റർ ബഫർ സോണുണ്ട്, അതിൽ അഞ്ചു മീറ്ററിൽ ഒരു നിർമാണപ്രവർത്തനങ്ങളും പാടില്ല. അടുത്ത അഞ്ചു മീറ്ററിനുള്ളിലെ കെട്ടിടം പൊളിക്കേണ്ട, എന്നാൽ പുതുക്കിപ്പണിയാൻ പറ്റില്ല. എന്നാൽ, പദ്ധതിയുടെ ഡി.പി.ആറിലുള്ളതോ ഇതുരണ്ടുമല്ലാത്ത, ബഫർ സോണിനെക്കുറിച്ച് കൃത്യമായി വിശദീകരിക്കാത്ത കണക്കുകളും.
മറ്റൊന്ന്, നഷ്ടപരിഹാരത്തിന്റെ കാര്യമാണ്. ഭൂമി നഷ്ടപ്പെടുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരം എന്നത് വെറും വാക്കല്ല എന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ട്. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതിനുള്ള 2013ലെ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് കേരളത്തിലെ നഗരം, ഗ്രാമം എന്നിവയുടെ നിർവചനത്തിൽ തന്നെ മാറ്റമുണ്ടാകുമെന്നും അതുവഴി, നാലിരട്ടി നഷ്ടപരിഹാരം ലഭിക്കുന്നവരുടെ എണ്ണം വളരെ കുറയുമെന്നുമുള്ള ആശങ്കയുണ്ട്. മാത്രമല്ല, വിപണി വിലയുടെ അടിസ്ഥാനത്തിൽ, ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിച്ചാൽ, അർഹമായ നഷ്ടപരിഹാരം ലഭിക്കുമോ എന്നതിലും ആശയക്കുഴപ്പം നിലനിൽക്കുന്നു.
കെ റെയിലിനെക്കുറിച്ച് ജനങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം അടിസ്ഥാന ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു എന്നതിനർഥം, ഈ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് വേണ്ടത്ര ബോധ്യമുണ്ടായിട്ടില്ല എന്നുതന്നെയാണ്. അവയോടുള്ള മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും പ്രതികരണങ്ങളും പറയുന്നത്, അവർക്കും ഇതേക്കുറിച്ച് വേണ്ടത്ര ബോധ്യങ്ങളില്ല എന്നാണ്.
ഇത്തരം സംശയങ്ങൾക്ക് മറുപടി നൽകാൻ ഒരു ഡി.പി.ആർ മാത്രമാണ് നമുക്കുമുന്നിലുള്ളത്. അതോ, അതിലും ആശയക്കുഴപ്പം നിറഞ്ഞതും അപൂർണവുമായ ഒന്ന്, കൃത്രിമവും ഊതിവീർപ്പിക്കപ്പെട്ടതുമായ ഡാറ്റകളാൽ സമ്പന്നമായ ഒന്ന്. അതുകൊണ്ടാണ്, ഡി.പി.ആർ വച്ചുകൊണ്ട് ജനങ്ങളോട് സംസാരിക്കാൻ സർക്കാറിന് കഴിയാത്തത്. മുഖ്യമന്ത്രിയും പാർട്ടി സംവിധാനവും വിളിക്കുന്ന വിശദീകരണ യോഗങ്ങൾക്കെത്തുന്ന അനുഭാവിവൃന്ദങ്ങൾക്കുമുന്നിൽ പറയുന്ന തത്വങ്ങൾ മതിയാകില്ല, പദ്ധതി ഇറക്കിവിടുന്ന മനുഷ്യരോട് സംസാരിക്കുമ്പോൾ. അവർക്കുവേണ്ടത്, കൃത്യമായ ഉത്തരങ്ങളാണ്.
ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ പ്രതിഷേധത്തെ വിമോചന സമരത്തിന്റെ ഓർമയിലൂടെയാണല്ലോ സി.പി.എം നേരിടുന്നത്. എന്നാൽ, കെ റെയിലിൽ മൂന്നിലൊന്ന് പ്രദേശവും കുടിയൊഴിപ്പിക്കപ്പെടുന്ന ഒരു പഞ്ചായത്താണ് മാടപ്പള്ളി. അതിലേറെയും ദലിതരും ദരിദ്രരും താമസിക്കുന്ന കോളനികളുമാണ്. മാത്രമല്ല, 2018നുശേഷം പരിസ്ഥിതിയിലുണ്ടായ വിനാശകരമായ മാറ്റം അനുഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരാണ് ചങ്ങനാശ്ശേരിയിലും ചെങ്ങന്നൂരിലുമൊക്കെയുള്ളത്. കേരളത്തെ പുനർനിർമിക്കാൻ ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച റീ ബിൽഡ് കേരള പദ്ധതിയനുസരിച്ചുള്ള ആശ്വാസങ്ങളെങ്കിലും ഇവർക്കുകിട്ടിയിരുന്നുവെങ്കിൽ, കെ റെയിലിനിട്ട ചില കുറ്റികളെങ്കിലും ഉപകാരസ്മരണയെന്ന നിലയ്ക്ക് അവശേഷിക്കുമായിരുന്നു.
ജനങ്ങൾക്ക് ബോധ്യമാകാത്ത ഒരു പദ്ധതി, ബലപ്രയോഗത്തിലൂടെ അവർക്കുമേൽ അടിച്ചേൽപ്പിക്കുന്നതിനെതിരായ സ്വഭാവിക പ്രതികരണമാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം. ഗൾഫിൽവച്ച് കോവിഡ് ബാധിച്ച് മരിച്ച ഒരു ഗൃഹനാഥന്റെ കോഴിക്കോട്ടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കല്ലിടാനെത്തിയ പൊലീസും ഉദ്യോഗസ്ഥരും ഗേറ്റ് പുറത്തുനിന്ന് പൂട്ടിയശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കോടതി ഉത്തരവുകളുടെയും മറ്റും സാങ്കേതിക ന്യായങ്ങൾവച്ചല്ല, ഇത്തരം മനുഷ്യർക്കുമുന്നിൽ ഒരു വികസന പദ്ധതി അവതരിപ്പിക്കേണ്ടത്. അത്തരം പാഠങ്ങളുടെ കയ്പുള്ള അനുഭവങ്ങൾ സ്വന്തമായുള്ള ഒരു പാർട്ടി തന്നെയാണല്ലോ കേരളം ഭരിക്കുന്നത്.
കെ റെയിലിനെച്ചൊല്ലി വീണ്ടുമൊരു വിമോചന സമരമുണ്ടാകുമെന്ന ആശങ്ക പിണറായി വിജയന്റെ സർക്കാറിനുവേണ്ട. ഐഡിയോളജിക്കലായും പ്രായോഗികമായും ഇടതുപക്ഷ സ്വഭാവമുള്ള നയങ്ങൾക്കും നിലപാടുകൾക്കും എതിരെയായിരുന്നു 1957ലെ വിമോചന സമരം. ഇടതുപക്ഷാടിത്തറയുള്ള ഒരു പദ്ധതിക്കെതിരെ മാത്രമേ, വിമോചന സമരം പോലെ, ഏറ്റവും പ്രതിലോമകരമായ ഒരു വലതുപക്ഷ സമരം സാധ്യമാകൂ. അത്തരമൊരു സമരം, കെ റെയിലിലടക്കം വലതുപക്ഷ നയങ്ങൾ പിന്തുടരുന്ന ഒരു സർക്കാറിന് ഒരിക്കലും നേരിടേണ്ടിവരില്ല. മാത്രമല്ല, കെ റെയിൽ പ്രതിഷേധത്തിനുവേണ്ടി രൂപപ്പെട്ട കക്ഷിരാഷ്ട്രീയസഖ്യം ശാശ്വതമായ ഒന്നായിരിക്കുകയുമില്ല. അത്, പിണറായി സർക്കാറിന് ഒരു ഭീഷണിയാകാനും പോകുന്നില്ല.
എന്നാൽ, എല്ലാ വലതുപക്ഷങ്ങളും ഒന്നിക്കുമ്പോൾ, ഇടതുപക്ഷത്താകുന്ന മനുഷ്യരുണ്ട്, അവരെയാണ്, സർക്കാർ കണ്ണുതുറന്ന് കാണേണ്ടതും കേൾക്കേണ്ടതും.