മുത്തങ്ങ, അരിപ്പ, ചെങ്ങറ തുടങ്ങി ആദിവാസി, ദളിത് വിഭാഗങ്ങൾ കേരളത്തിൽ നടത്തിയ ഭൂസമരങ്ങളെല്ലാം തന്നെ പൊലീസിനേയും, ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് രാഷ്ട്രീയ നേതൃത്വം വ്യവസ്ഥാപരമായി അടിച്ചമർത്തുകയായിരുന്നു.

രാഷ്​ട്രീയാനന്തര കേരളത്തിലെ തെരഞ്ഞെടുപ്പ്​

നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട യഥാർഥ വിഷയങ്ങൾ എന്തൊക്കെയാണ്​?

പ്പോൾ നാം ജീവിക്കുന്നത് രാഷ്ട്രീയാനന്തര കേരളത്തിലാണ്. രാഷ്ട്രീയം അപ്രത്യക്ഷമായി എന്നുതന്നെ പറയാം. ജനങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ നിരപേക്ഷമായിട്ടാണ് കാര്യങ്ങളെ കാണുന്നത്. രാഷ്ട്രീയം എന്നു പറയുന്നതിന് രണ്ടുമൂന്നു തലങ്ങളുണ്ട്. ഒന്ന്; വ്യവസ്ഥിതിയിൽ മാറ്റം വരുത്താതെ അതിനെ നിലനിർത്താനും ശക്തമാക്കാനുമുള്ള ശ്രമം. അതായത്, പഴയ മൂല്യങ്ങളെയും ആചാരങ്ങളെയും തിരിച്ചുകൊണ്ടുവരിക, പഴമയെ ശ്ലാഘിച്ച് സംസാരിക്കുക, അങ്ങനെ ഒന്ന്. രണ്ട്; വ്യവസ്ഥിയിൽ ചില മാറ്റങ്ങളും ഭേദഗതികളും കൊണ്ടുവരിക. മൂന്നാമത്തേത്, പുതിയ വ്യവസ്ഥിതി കൊണ്ടുവരാനുള്ളതാണ്, ഇതിനെക്കുറിച്ച് കേരളത്തിൽ ഒരു രാഷ്ട്രീയപാർട്ടിയും ചിന്തിക്കുന്നില്ല. ഇന്ത്യയിൽ മൊത്തത്തിലുള്ളതുപോലെ ഒരു രാഷ്ട്രീയ പാർട്ടിക്കും പുതിയൊരു സാമൂഹിക ഘടനയുടെ, സാമ്പത്തിക ഘടനയുടെ ആശയമോ അത് നടപ്പാക്കേണ്ടതിനെക്കുറിച്ച നയമോ ഇല്ല.

സമൂഹത്തിലെ സമൂലമായ കാര്യങ്ങളെക്കുറിച്ചോ ജനകീയ വിഷയങ്ങളെക്കുറിച്ചോ അല്ല മുന്നണികൾ തമ്മിൽ വിവാദങ്ങൾ നടക്കുന്നത്. ഉദാഹരണത്തിന് കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ. ഭരണാധികാരികളെ സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഇലക്ഷൻ പ്രശ്‌നങ്ങളായി പരിഗണിക്കപ്പെടുന്നത്. ഇത് ജനങ്ങളുടെ പ്രശ്‌നമല്ല

ഇപ്പോൾ, രാഷ്ട്രീയം തന്നെ ഇല്ലാതായ ഒരു കാലഘട്ടത്തിൽ, ഊന്നൽ കൊടുക്കുന്നത് ഇലക്ഷനാണ്. ഇലക്ഷനെ രാഷ്ട്രീയ നിരപേക്ഷമായിട്ടാണ് കാണുന്നത്. അതിന് ഒരു കാരണം, രാഷ്ട്രീയ പാർട്ടികളിലേക്ക് പോകുന്നത് കരിയറിസ്റ്റുകളാണ് എന്നതാണ്. രാജ്യത്തിനാവശ്യം, മറ്റു ജോലിയും വരുമാനവുമുള്ളവർ രാഷ്ട്രീയത്തിലേക്ക് വരികയാണ്. രാഷ്ട്രീയത്തിൽ കരിയറിസ്റ്റുകളായി വരുന്നവരാണ് അഴിമതിക്കും മറ്റും കാരണം. നേരെ മറിച്ച് കലാരംഗത്തോ വൈജ്ഞാനികരംഗത്തോ മാധ്യമരംഗത്തോ പ്രവർത്തിക്കുന്നവർ വരികയാണെങ്കിൽ അവർക്ക് രാഷ്ട്രീയത്തിൽനിന്ന് വരുമാനത്തിന്റെ കാര്യമില്ല, കിട്ടിയാൽ സ്വീകരിക്കുമെങ്കിലും. അങ്ങനെ വരുന്നവർ പലപ്പോഴും അഴിമതിക്കാരാകാതെ, സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉദ്ദേശ്യലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്.

രാഷ്ട്രീയത്തിലെയും മതത്തിലെയും കരിയറിസ്റ്റുകൾ

രണ്ടു തരം കരിയറിസ്റ്റുകളാണ് ഇപ്പോൾ സമൂഹത്തിലുള്ളത്. ഒന്ന്, രാഷ്ട്രീയം കരിയറായി എടുത്തവർ, രണ്ട്; മതം കരിയറായി എടുത്തവർ. ഈ രണ്ട് രംഗങ്ങളിലുമുള്ളവർ ഉൽപാദനപ്രക്രിയയിൽ ഒരു സംഭാവനയും നൽകുന്നില്ല. മറിച്ച് ഉൽപാദനരംഗത്ത് പ്രവർത്തിക്കുന്നവരെ ചൂഷണം ചെയ്യുന്നവരാണ്. മാർക്‌സിസത്തിലൊക്കെ സാധാരണ പറയും, മുതലാളിമാരാണ് ചൂഷകരെന്ന്. എന്നാൽ, ഇവിടെ തൊഴിലെടുക്കുന്നവരുടെ മിച്ചമൂല്യം കൈക്കലാക്കി തടിച്ചുകൊഴുക്കുന്ന വിഭാഗമാണ് ഈ കരിയറിസ്റ്റുകൾ. സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്തവരാണ് രാഷ്ട്രീയക്കാരും മതരംഗത്തുള്ളവരും. ഇവരെ മാറ്റിനിർത്തുക എളുപ്പവുമല്ല. ഇവർ ശക്തികളാണ്, അതുകൊണ്ട് ഇവർക്ക് പൊതുവായ താൽപര്യം വരുന്നു. അവർ ഒന്നിച്ചുവരുന്നു.
മതം ആത്മീയരംഗത്ത് നിൽക്കുന്ന ഒരു പ്രതിഭാസമല്ല. അവർ രാഷ്ട്രീയരംഗത്താണ്.

മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിൽ വ്യവസായിയായ ഐസക്ക് വർഗീസിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബിഷപ്പ് ജേക്കബ് മനത്തോടത്ത് കാനം രാജേന്ദ്രന് നൽകിയ കത്തിന്റെ പകർപ്പ്‌

അതുകൊണ്ടാണ്, എല്ലാ രാഷ്ട്രീയപാർട്ടികളും മതാധ്യക്ഷന്മാരെ പോയി കാണുന്നത്. മതാധ്യക്ഷന്മാർ പറയുന്നത് എന്താണ്? ഞങ്ങളുടെ ആളുകൾക്ക് ഇലക്ഷനിൽ മത്സരിക്കാൻ അവസരം കിട്ടിയാൽ മാത്രം പോരാ, ഞങ്ങൾ പറയുന്ന നിയോജകമണ്ഡലങ്ങളിൽ നിർത്തണം. തങ്ങളുടെ ടേംസ് ആന്റ് കണ്ടീഷൻസ് അവർ ഡിക്‌ടേറ്റ് ചെയ്യുന്ന ലക്ഷ്യത്തോളം അവർ എത്തിയിരിക്കുന്നു. രണ്ടുകൂട്ടരെയും മാറ്റിനിർത്തുക അസാധ്യമായതുകൊണ്ടുതന്നെ പരിവർത്തനാത്മകമായ രാഷ്ട്രീയം കേരളത്തിൽനിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. പരിവർത്തനത്തിനുപകരം, പാവങ്ങൾക്കുവേണ്ടി ചില ഇംപ്രൂവ്‌മെന്റുകളാണ് കാണിക്കുന്നത്. ഉദാഹരണം പെൻഷൻ കൂട്ടുക തുടങ്ങിയ ക്ഷേമപദ്ധതികളിലാണ് ഊന്നൽ. ഇതിലൂടെ വ്യവസ്ഥിതിയെ നിലനിർത്തലാണ് ലക്ഷ്യം. ഇലക്ഷൻ എന്നു പറഞ്ഞാൽ ഭരണം പിടിക്കാനുള്ള തന്ത്രമാണ്, ഇവിടെ തന്ത്രത്തിനും കുതന്ത്രത്തിനുമാണ് പ്രാധാന്യം.

ഭരണത്തുടർച്ചക്കാരും ഭരണപിടുത്തക്കാരും

അതുകൊണ്ടാണ്, ഒറ്റക്ക് രാഷ്ട്രീയപാർട്ടികൾ മത്സരിച്ച് ഭൂരിപക്ഷം കിട്ടുന്ന ഒരവസ്ഥ കേരളത്തിൽ എന്നന്നേക്കുമായി അപ്രത്യക്ഷമായത്. അതിന്റെ സ്ഥാനത്ത് മുന്നണികൾ വന്നു. കേരളത്തിലുള്ള മൂന്ന് മുന്നണികളെ ഇലക്ഷന്റെ സാഹചര്യത്തിൽ രണ്ടായി തരംതിരിക്കാം- ഭരണത്തുടർച്ചക്കാരും ഭരണപിടുത്തക്കാരും. രണ്ടാമത്തേതിലാണ് യു.ഡി.എഫും എൻ.ഡി.എയും. സമൂഹത്തിലെ സമൂലമായ കാര്യങ്ങളെക്കുറിച്ചോ ജനകീയ വിഷയങ്ങളെക്കുറിച്ചോ അല്ല ഇവർ തമ്മിൽ വിവാദങ്ങൾ നടക്കുന്നത്. ഉദാഹരണത്തിന് കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ. കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലും ഇ.ഡിയും എടുത്ത നിലപാട് ശരിയാണോ തുടങ്ങി, ഭരണാധികാരികളെ സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഇലക്ഷൻ പ്രശ്‌നങ്ങളായി പരിഗണിക്കപ്പെടുന്നത്. ഇത് ജനങ്ങളുടെ പ്രശ്‌നമല്ല, അഴിമതി പോലും ജനങ്ങളുടെ പ്രശ്‌നമല്ല. ജയലളിത കോടികളുടെ അഴിമതി നടത്തിയിരുന്ന സമയത്തും ഇലക്ഷനിൽ ജയിച്ചിരുന്നു. കോടികൾ സാധാരണ ജനങ്ങളുടെ ഫിഗറല്ല. അവരുടേത് അമ്പതുരൂപയൂം നൂറുരൂപയുമാണ്. ഒരു ഓഫീസിൽ ചെല്ലുമ്പോൾ അമ്പതുരൂപ കൈക്കൂലി കൊടുക്കേണ്ടിവരുന്നതാണ് അവരുടെ പ്രശ്‌നം. കോടികൾ അവർക്ക് മനസ്സിലാകാത്ത ഫിഗറാണ്.

ജനത്തിന് നിസ്സംഗത

ജനങ്ങളെ സംബന്ധിച്ച് ഒരു നിസ്സംഗാവസ്ഥ; ആരിൽനിന്നും ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല എന്നൊരു അവസ്ഥ അവരെ ഗ്രസിച്ചിരിക്കുന്നു. അതേസമയം, വോട്ടിംഗിൽ ജനങ്ങൾ കൂടുതലായി പങ്കെടുക്കുന്നതായി കണക്കുൾ കാണിക്കുന്നു. വോട്ടിംഗ് ശതമാനം കൂടുന്നത് തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. നാലു കാര്യങ്ങളാണ് വോട്ടിംഗ് ശതമാനത്തെ സ്വാധീനിക്കുന്നത്. ഒന്ന്; പണം, രണ്ട്; ഭയം, മൂന്ന്; ചില വാഗ്ദാനങ്ങൾ, നാല്; നിലവിലെ നയങ്ങളോടുള്ള ജനങ്ങളുടെ അതൃപ്തി.
സ്വമനസ്സാലേയല്ല ജനം പോളിങ്ബൂത്തിലേക്ക് പോകുന്നത്. ജനങ്ങളെ ബൂത്തിലെത്തിക്കുന്നതിനുപിന്നിൽ ധാരാളം ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. തങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ് എന്ന് ജനങ്ങൾ മനസ്സിലാക്കുന്നു. ചിന്തിക്കാനും അഭിപ്രായപ്രകടനത്തിനും സമാധാനപരമായി സംഘടിക്കാനുമുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു.

റിപബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെ പ്രതിഷേധക്കാരിലൊരാൾ കൊല്ലപ്പെട്ടതിന്റെ ദൃക്‌സാക്ഷി വിവരണം റിപ്പോർട്ടു ചെയ്ത ആറു മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് ബി.ജെ.പി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ എഫ്.ഐ.ആർ രേഖപ്പെടുത്തിയിരുന്നു.

ഭരണഘടനയുടെ 19ാം വകുപ്പിൽ പറയുന്ന കാര്യങ്ങളാണ് ഇവിടെ ധ്വംസിക്കപ്പെടുന്നത്. സത്യത്തിൽ വളരെ ഭീതിദമായ ഒരവസ്ഥയാണ് രാജ്യത്ത് മൊത്തത്തിലും കേരളത്തിൽ പ്രത്യേകിച്ചും നിലനിൽക്കുന്നത്. നമ്മൾ എന്ത് ചിന്തിക്കുന്നു എന്നുപോലും ഭരണാധികാരികൾക്ക് മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് നിലനിൽക്കുന്നത്- ഇത് കൂടുതൽ മാധ്യമരംഗത്തുള്ളവർക്കാണ്. സ്വാതന്ത്ര്യമില്ലെങ്കിൽ മാധ്യമരംഗമില്ല. അവർ അഭിപ്രായം പറയുന്നു, അഭിപ്രായം പ്രസിദ്ധീകരിക്കുന്നു. അത്തരത്തിലുള്ളവരെ ഉപദ്രവിച്ച് അവരുടെ സ്വാതന്ത്ര്യം ഹനിക്കുന്നു. കർഷക സമരത്തിന്റെ പാശ്ചാത്തലത്തിലും മറ്റും ഇത് വളരെ പ്രകടമാണ്.

വോട്ടുബാങ്ക് ഒരു യാഥാർഥ്യം

വോട്ടുബാങ്ക് എന്നു പറയുന്നത് യഥാർഥമാണ്- മതങ്ങൾ, സമുദായങ്ങൾ, ജാതികൾ, ചില പ്രത്യേക തൊഴിൽ ഗ്രൂപ്പുകൾ- ഇവർ അതിജീവന ഗ്രൂപ്പുകളാണ്, സംഘടിത മേഖലയിലെ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾ. ഇവരിൽ ചിലർ സമ്മർദ വിഭാഗങ്ങളാണ്. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സംഘടിക്കുന്ന തൊഴിലാളികൾക്ക് സമ്മർദം ചെലുത്താൻ കഴിയും. നേരെമറിച്ച്, അതിജീവന വിഭാഗങ്ങൾക്ക് സമ്മർദം ചെലുത്താൻ കഴിയില്ല. അവരെ അതിവേഗം സ്വാധീനിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു, അവർക്ക് അതിന് കഴിയുകയും ചെയ്യുന്നു. കാരണം, തങ്ങളുടെ അവസ്ഥ ഒരു സാമൂഹിക സൃഷ്ടിയാണ് എന്നവർ മനസ്സിലാക്കുന്നില്ല, പകരം അത് നമ്മുടെ വിധി എന്നാണ് വിചാരിക്കുന്നത്. ഇത്തരക്കാരെ തൊഴിലോ സൗജന്യമായി ഭക്ഷ്യധാന്യങ്ങളോ ലാപ്‌ടോപ്പോ കൊടുത്ത് സ്വാധീനിക്കാൻ എളുപ്പമാണ്.

നരേന്ദ്രമോദി സർക്കാർ ആദ്യം അധികാരത്തിൽ വന്നപ്പോൾ 31 ശതമാനം വോട്ടേ കിട്ടിയിരുന്നുള്ളൂ. ഇന്ത്യയിൽ 80 ശതമാനവും ഹിന്ദുക്കളാണ്. ഈ 31 ശതമാനം രണ്ടുമൂന്നു കാര്യങ്ങൾ സൂചിപ്പിക്കുന്നു. ഒന്ന്; എല്ലാ ഹിന്ദുക്കളും അവർക്ക് വോട്ടു ചെയ്തില്ല. രണ്ട്; അവർക്ക് ഹിന്ദുക്കൾ മാത്രമാണ് വോട്ട് ചെയ്തത് എന്ന് പറയാനുള്ള സ്റ്റാറ്റിസ്റ്റിക്‌സ് ഇല്ല. മൊജോരിറ്റേറിയൻ കമ്യൂണലിസം എന്നു പറയുന്നത് പലരും ഊതിവീർപ്പിച്ചതാണ് എന്ന് ഈ കണക്ക് സൂചിപ്പിക്കുന്നു. അങ്ങനെ എല്ലാ ഹിന്ദുക്കളെയും സ്വാധീനിക്കാൻ അവർക്ക് കഴിയില്ല. പക്ഷെ, എൻ.എസ്.എസ് പോലുള്ള സംഘടനകൾക്ക് അംഗങ്ങളിൽ ഏറെ സ്വാധീനം ചെലുത്താനുള്ള മാർഗങ്ങൾ ഇന്നുണ്ട്. ഇത്തരം വിഭാഗങ്ങളെ സ്വാധീനിക്കാനും കൂടെ നിർത്താനും രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കും. അവരുടെ സ്വാധീനം കുറഞ്ഞിട്ടില്ല. എന്നാൽ, ദളിതരെ സമ്മർദ വിഭാഗമായി കൂടെ നിർത്താൻ പ്രയാസമാണ്.

എം. ഗീതാനന്ദൻ, സി. കെ. ജാനു

കാരണം, ദളിത് നേതാക്കൾ പറഞ്ഞാൽ, അവർ കൂടെനിൽക്കണമെന്നില്ല. നേരെമറിച്ച്, എൻ.എസ്.എസിലോ എസ്.എൻ.ഡി.പിയിലോ, അതല്ല സ്ഥിതി. അവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുണ്ട്. ഇവരെ പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കാൻ മതമേലധ്യക്ഷന്മാർക്കും സാമുദായിക നേതാക്കൾക്കും കഴിയും. ഇങ്ങനെ സ്ഥാപനങ്ങളുടെയും സമ്പത്തിന്റെയും നിയന്ത്രണത്തിലൂടെയാണ് അവർ ആളുകളെ കൂടെ നിർത്തുന്നത്. അതുപോലെ, ചില ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട്; ഉദാഹരണത്തിന് സവർണ സംവരണം. സംവരണത്തിലൂടെ ദളിതരെ ഒന്നിപ്പിക്കാൻ കഴിയില്ല. കാരണം, അവർക്ക് സംവരണമുണ്ട്. ഗുജറാത്തിലായാലും കേരളത്തിലായാലും സംവരണം ഒരു ലക്ഷ്യമാക്കി, അതിന്റെ അടിസ്ഥാനത്തിൽ അനുയായികളെ കൂടെനിർത്താൻ സാമുദായിക നേതാക്കന്മാർക്ക് കഴിയുന്നുണ്ട്, കഴിഞ്ഞു, ഇനിയും കഴിയും.

ഇതാണ് റിയൽ ഇഷ്യൂകൾ

റിയൽ ഇഷ്യൂവിൽ കേന്ദ്രീകരിച്ചുകൊണ്ടല്ല തെരഞ്ഞെടുപ്പ് പ്രക്രിയ മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ റിയൽ ഇഷ്യൂകൾ പരിശോധിക്കാം. ഇവിടെ സാമ്പത്തിക വളർച്ചയുണ്ടാകുന്നുണ്ട്. പല വിഭാഗങ്ങൾക്കും ഈ വളർച്ചയുടെ നേട്ടം ലഭിക്കുന്നുമുണ്ട്. എന്നാൽ, ചൂഷിതരും പ്രാന്തവൽക്കരിക്കപ്പെട്ടവരും ഇത്തരമൊരു വികസന പന്ഥാവിൽനിന്ന് പിന്തള്ളപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നു. രണ്ട് ക്ലാസായുള്ള സമൂഹമല്ല കേരളത്തിൽ നിലനിൽക്കുന്നത്. തൊഴിലാളികളുണ്ട്, മുതലാളിമാരുണ്ട്, ക്ലേശിച്ചുജീവിക്കുന്ന പ്രികാരിയറ്റ് വിഭാഗമുണ്ട്. അവരിൽത്തന്നെ പല പ്രശ്‌നങ്ങളും അനുഭവിക്കുന്ന അണ്ടർ ക്ലാസുണ്ട്. വർക്കിംഗ് ക്ലാസല്ല, അണ്ടർ ക്ലാസ്. ഇവരെ കാണാൻ കഴിയുന്നത് പുറമ്പോക്കുകളിലും കോളനികളിലും ചേരികളിലുമാണ്. ഇവരുടെ പ്രശ്‌നങ്ങളെ അധികാരത്തിലിരുന്ന ഭരണകൂടങ്ങൾ എങ്ങനെ നോക്കിക്കണ്ടു? അടുത്ത കാലത്ത് നമ്മൾ കണ്ട പ്രവണത എന്താണ്?

നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. അവരുടെ രണ്ട് മക്കൾക്കും മന്ത്രി അവിടെയെത്തി ചില ഉറപ്പുകൾ നൽകി; കുട്ടികളെ സർക്കാർ ദത്തെടുക്കും, അവർക്ക് സാമ്പത്തിക സഹായം കൊടുക്കും എന്നൊക്കെ. ഡി.വൈ.എഫ്.ഐ, യൂത്ത്​ കോൺഗ്രസ്​ നേതാക്കളും അവിടെയെത്തി ഇവരെ സഹായിക്കും എന്നു പറഞ്ഞു. ജ്വല്ലറി ഉടമയായ ബോബി ചെമ്മണ്ണൂരും വന്നു പറഞ്ഞു, ഇവരെ സഹായിക്കും. കഷ്ടതയിലായ ഒരു കുടുംബത്തെ സഹായിക്കുക എന്നു പറഞ്ഞാൽ അത് വികസനപ്രവർത്തനമല്ല, ജീവകാരുണ്യപ്രശ്‌നമാണ്. ഇത്തരത്തിൽ ഒരു പ്രശ്‌നം വന്നപ്പോൾ അതിനെ ഒരു നയത്തിന്റെ അടിസ്ഥാനത്തിൽ നോക്കിക്കാണാതെ ജീവകാരുണ്യപ്രശ്‌നമായിട്ടാണ് അധികാരത്തിലിരിക്കുന്ന മന്ത്രിയും ഡി.വൈ.എഫ്.ഐയും യൂത്ത്​ കോൺഗ്രസും സ്വർണവ്യാപാരിയുമെല്ലാം നോക്കിക്കണ്ടത്, അവർ ഒരേ ഭാഷയിലാണ് സംസാരിച്ചത്. ഇതുപോലുള്ള കുടുംബങ്ങളെ സഹായിക്കാൻ ഒരു പരിപാടി കൊണ്ടുവരുന്നതാണ് നയം.

നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തപ്പോൾ ഭരണകക്ഷിയും പ്രതിപക്ഷവും അവരുടെ കുട്ടികളുടെ കർതൃത്വം ഏറ്റെടുക്കാൻ ഒരുപോലെ സന്നദ്ധരായി. അണ്ടർ ക്ലാസിൻറെ പ്രശ്‌നങ്ങൾക്ക് നയപരമായ പരിഹാരം കാണാതെ, അവയെ ജീവകാരുണ്യ പ്രശ്‌നങ്ങളായി കണ്ട് അതിനെ ഉപരിപ്ലമായി പരിഹരിക്കാനാണ് ഇവർ ശ്രമിക്കുന്നത്.

മന്ത്രി തോമസ് ഐസക്ക് കുറെ കവിതകൾ വായിച്ചാണ് കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചത്. പാലക്കാട്ടുനിന്ന് കവിത എഴുതിയ ഒരു കുട്ടി തന്റെ സ്‌കൂളിന്റെ ദയനീയാവസ്ഥയെക്കുറിച്ച് മന്ത്രിയോടു പറഞ്ഞു. മന്ത്രി പറഞ്ഞത് എന്താണ്? ആ കുട്ടിയുടെ സ്‌കൂളിന്റെ ദയനീയാവസ്ഥ പരിഹരിക്കും എന്നാണ്. ആ സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കുമെന്ന് പറയുന്നത് ജീവകാരുണ്യപ്രവർത്തനമാണ്, നേരെ മറിച്ച്, ശോച്യാവസ്ഥയിലായ എല്ല സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും എന്നു പറയുന്നതാണ് നയം. പലപ്പോഴും ഭരണാധികാരികൾ ജീവകാരുണ്യപ്രവർത്തനവും നയവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നില്ല. അല്ലെങ്കിൽ, മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അവർ കാര്യങ്ങൾ കാണുന്നില്ല. അത്തരമൊരു നയരാഹിത്യം ഇവിടെയുണ്ട്.
ചേരിപ്രദേശത്തുള്ളവർക്ക് വേണ്ടത് പെൻഷൻ തുകയല്ല. പെൻഷൻ സാമൂഹിക സുരക്ഷയാണ് ഉറപ്പുവരുത്തുന്നത്. നേരെ മറിച്ച്, ഇവർക്ക് വേണ്ടത് സാമ്പത്തിക സുരക്ഷയാണ്. അതായത്, അവർക്ക് വിഭവവും നിശ്ചിത വരുമാനവുമുള്ള തൊഴിലും വേണം. സാമൂഹിക സുരക്ഷയിൽനിന്ന് സാമ്പത്തിക സുരക്ഷയിലേക്ക് പരിപ്രേക്ഷ്യം മാറ്റുന്ന നയം സർക്കാറുകൾ കൊണ്ടുവരുന്നില്ല.

അതുകൊണ്ടുമാത്രമേ കോളനി- ചേരിനിവാസികളെ രക്ഷിക്കാൻ കഴിയൂ. അതിന് മൗലിക മാറ്റം വേണം. ഇവരെ സംബന്ധിക്കുന്നതാണ് രാഷ്ട്രീയം. ഈ രാഷ്ട്രീയത്തിന്റെ സ്വഭാവമെന്താണ്? പ്രാന്തവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളെ എടുത്തുനോക്കൂ. ഉദാഹരണത്തിന് ആദിവാസികൾ, (എല്ലാ ആദിവാസികളുമല്ല, അവരിൽ തന്നെ സമ്പന്നരായവരുണ്ട്. അവരെ നമ്മൾ ഇത്തരം വിശകലനങ്ങളുടെ ചട്ടക്കൂടുകളിൽനിന്ന് മാറ്റിനിർത്തേണ്ടതുണ്ട്, സമ്പന്നരായ ദളിത് വ്യക്തികളെയും) മത്സ്യമേഖലയിലുള്ളവർ. ഇവരുടെ രാഷ്ട്രീയം വ്യത്യസ്തമാണ്. ഒരു പാർട്ടിരാഷ്ട്രീയത്തിന് പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇവരുടേത്. ആദിവാസികളുടെ പ്രശ്‌നങ്ങളെ രാഷ്ട്രീവൽക്കരിച്ചത് സി.കെ. ജാനുവും ഗീതാനന്ദനുമാണ്. അതെന്താണ്? അതൊരു വിഭവാവകാശ രാഷ്ട്രീയമാണ്. മത്സ്യമേഖലയിലാകട്ടെ, ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയം; പാർട്ടി നിരപേക്ഷമായ, വിഭവാവകാശ രാഷ്ട്രീയം ആദിവാസി സമരങ്ങൾക്കുമുമ്പേ നടന്നിരുന്നു. അതിന് നേതൃത്വം കൊടുത്തത് സിസ്റ്റർ ആലീസും ഫാദർ കോച്ചേരിയുമായിരുന്നു. രാഷ്ട്രീയ പാർട്ടികൾക്കൊന്നും അത്തരം ഇഷ്യൂകൾ ഏറ്റെടുക്കാൻ കഴിയില്ല. അവർ അത് ചെയ്യില്ല.

ആദിവാസികൾക്ക് എന്താണ് സംഭവിച്ചത്?

കേരളത്തിലെ ആദിവാസികളുടെ പ്രശ്‌നമെടുക്കാം. അവരെ അന്യവൽക്കരിക്കുന്നതും ശോച്യാവസ്ഥയിൽ തള്ളുന്നതും ഈ രാഷ്ട്രീയ പാർട്ടികളാണ്. കേരളത്തിൽ ആദിവാസി മേഖലകളില്ല. മറിച്ച്, കൈയേറ്റമേഖലയിൽ കാണുന്ന ചെറിയ വിഭാഗമാണ് ആദിവാസികൾ. ഇവരുടെ ഭൂമി തട്ടിയെടുക്കുന്നതിലും നിരന്തരം ചൂഷണം ചെയ്ത് പാപ്പരീകരിക്കുന്നതിലും വ്യാപൃതരായ ശക്തികൾ രാഷ്ട്രീയപാർട്ടികളാണ്. ഇവരെ ചൂഷണം ചെയ്യുന്ന, അന്യവൽക്കരിക്കുന്ന കുടിയേറ്റക്കാരെ രാഷ്ട്രീയ പാർട്ടികളും സർക്കാറും ചർച്ചും പിന്തുണക്കുന്നു. ഈ മൂന്നുശക്തികളും എന്നും ആദിവാസികൾക്ക് എതിരായിരുന്നു. ഈ ശക്തികൾക്ക് അതീതമായ, വിഭവാവകാശരാഷ്ട്രീയമാണ് അവിടെ ആവശ്യം. പാവപ്പെട്ട ദളിത് വിഭാഗങ്ങളുടെ കാര്യവും ഇതാണ്.

1980-കളിലെ ട്രോളിങ് വിരുദ്ധ സമരം ഉൾപ്പടെ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവ ഇടപെടലുകൾ സിസ്റ്റർ ആലീസും ഫാദർ കൊച്ചേരിയും നടത്തിയിരുന്നു

അവരുടെ രാഷ്ട്രീയം വിഭവാവകാശ രാഷ്ട്രീയമായിരിക്കണം. എന്നാൽ, അവർ കൃഷിഭൂമി ആവശ്യപ്പെട്ട് സമരം ചെയ്താൽ ഇവിടുത്തെ രാഷ്ട്രീയപാർട്ടികൾ, പ്രത്യേകിച്ച് ഇടതുപക്ഷം, അവയെ അടിച്ചമർത്തും. ഇപ്പോൾ നടക്കുന്ന കർഷക സമരവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ഉന്നയിക്കേണ്ടതുണ്ട്​. കർഷക പ്രശ്​നം തീർച്ചയായും ഉന്നയിക്കപ്പെടണം. ഭൂരഹിതരുടെ പ്രശ്‌നങ്ങളും ഇതോടൊപ്പം കാണേണ്ടതല്ലേ? ഭൂരഹിത കർഷക തൊഴിലാളികൾക്ക്​ കൃഷിഭൂമി കൊടുക്കണം എന്ന്​ ഏതെല്ലാം രാഷ്​ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്? ദളിതരുടെ ഭൂസമരങ്ങളെ എത്ര രാഷ്ട്രീയപാർട്ടികൾ പിന്തുണച്ചു? അവയെ അടിച്ചമർത്തുകയല്ലേ ചെയ്തത്? ആദിവാസി ഭൂസമരങ്ങളെ എത്ര രാഷ്ട്രീയപാർട്ടികൾ പിന്തുണച്ചു? ഇത്തരം പ്രശ്‌നങ്ങൾക്ക് അവർക്ക് ഉത്തരമില്ല. ഇത്തരം വിഭവാവകാശ സമരങ്ങൾ വരുമ്പോൾ പാർട്ടി എന്ന നിലക്കും ഭരണകൂടത്തെ ഉപയോഗിച്ചും അടിച്ചമർത്തുകയാണ് ചെയ്തത്. കേരളത്തിൽ ഭൂരഹിത കർഷകതൊഴിലാളികൾക്ക് ഭൂമി നിഷേധിക്കപ്പെട്ടു, ഭൂപരിഷ്‌കരണം നടപ്പാക്കിയപ്പോൾ. അതിൽ കമ്യൂണിസ്റ്റുകാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു രാഷ്ട്രീയപാർട്ടിയും അവർക്ക് ഭൂമി കൊടുക്കണമെന്ന് ആവശ്യപ്പെട്ടില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്തുകൊടുക്കണം, മേലിൽ അന്യാധീനപ്പെടൽ ഒഴിവാക്കണം എന്ന നിബന്ധനകളോടെ 1975ൽ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നിയമം കൊണ്ടുവന്നു. ആ നിയമം നടപ്പാക്കണം, ആദിവാസികൾക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുകൊടുക്കണം എന്ന് ഒരു രാഷ്ട്രീയപാർട്ടിയും ആവശ്യപ്പെടുന്നില്ല. മൗലികമായ, ഘടനാപരമായ പ്രശ്‌നങ്ങളാണ് ഇത്തരം വിഭാഗങ്ങൾ അഭിമുഖീകരിക്കുന്നത്. ഇത് ഫംഗ്ഷനൽ പ്രശ്‌നങ്ങളല്ല, അഴിമതി വിരുദ്ധസമരം നടത്തിയതുകൊണ്ടോ സംശുദ്ധ ഭരണം കൊണ്ടോ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല ഇത്. അണ്ടർ ക്ലാസിന്റെ പ്രശ്‌നങ്ങളിൽ ഊന്നുന്ന രാഷ്ട്രീയപ്രക്രിയക്ക് ഒരു രാഷ്ട്രീയപാർട്ടിയും രൂപം നൽകുന്നില്ല.

സ്ത്രീകളുടെ പ്രശ്‌നങ്ങൾ

മറ്റൊരു റിയൽ ഇഷ്യൂ, സ്ത്രീകളുടേതാണ്. തൊഴിൽ രംഗത്തും- പ്രത്യേകിച്ച് മെച്ചപ്പെട്ട തൊഴിൽ രംഗത്ത്- നിയമനിർമാണ സഭകളിലും സ്ത്രീകൾക്ക് ജനസംഖ്യാനുപാതികമായി റപ്രസന്റേഷൻ കിട്ടുന്നില്ല, അവർക്ക് പ്രാതിനിധ്യവും പങ്കാളിത്തവും കിട്ടുന്നില്ല. എല്ലാ രാഷ്ട്രീയപാർട്ടികളും സ്ത്രീകൾക്ക് ആനുപാതികമായ പ്രാതിനിധ്യവും പങ്കാളിത്തവും അവഗണിക്കുകയാണ് ചെയ്യുന്നത്.

അരിപ്പ ഭൂസമരം

പ്രാദേശിക ബോഡികളിലുണ്ട്, കാരണം അവിടെ സംവരണമുണ്ട്. എന്നാൽ, സംവരണം കൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. ത്രിതല പഞ്ചായത്ത് വ്യവസ്ഥയിലൂടെയും അർബൻ ഭരണസമിതികളിലൂടെയും വിപ്ലവകരമായ മാറ്റം ഇന്ത്യയിലുണ്ടാകാൻ പോകുന്നില്ല. അത്തരം മാറ്റങ്ങളുണ്ടാകേണ്ടത് പ്രാദേശിക തലത്തിലെടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല. ഭൂപ്രശ്‌നം, വിദ്യാഭ്യാസ നയങ്ങൾ ഇതൊന്നും പ്രാദേശിക തലത്തിലല്ല നിശ്ചയിക്കപ്പെടുന്നത്.

വൃദ്ധാധിപത്യം

മൂന്നാമത്തെ പ്രശ്‌നം ജനാധിപത്യത്തിന്റെതാണ്​. കേരളത്തിൽ ജനാധിപത്യം എന്ന് നാം വിളിക്കുന്നത് വൃദ്ധാധിപത്യത്തെയാണ്. യുവാക്കൾക്ക് തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രാതിനിധ്യം കൊടുക്കണമെന്ന് ഇപ്പോൾ രാഷ്ട്രീയപാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇവിടെയുള്ളത് ആധിപത്യത്തിന്റെ പ്രശ്‌നമാണ്. വൃദ്ധാധിപത്യം അപ്രത്യക്ഷമാകേണ്ടിയിരിക്കുന്നു.

ഇടതുപക്ഷ കക്ഷികൾ ഉൽപാദന ബന്ധങ്ങളിലുണ്ടാകേണ്ട മാറ്റം അംഗീകരിക്കുന്നില്ല. അവരുടെ അനുമാനം ഇതാണ്: ഉൽപാദന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളൊക്കെ ഞങ്ങൾ കൊണ്ടുവന്നുകഴിഞ്ഞു, ഇപ്പോൾ ആവശ്യം ഉൽപാദക ഘടകങ്ങളുടെ വളർച്ചയാണ്.

60 വയസ്സ് കഴിഞ്ഞവർക്ക് ജനസംഖ്യാനുപാതികമായി റപ്രസെന്റേഷൻ കൊടുക്കണം ഇലക്ഷനിൽ സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ ഇത്ര ശതമാനം വയോധികരായിരിക്കണം എന്ന് തീരുമാനിക്കാം, എന്നാൽ അവർ ഡോമിനേറ്റ് ചെയ്യരുത്. വൃദ്ധാധിപത്യം പുരുഷാധിപത്യവുമായി കൈകോർക്കുകയാണ് ചെയ്യുന്നത്. ഇവ രണ്ടും ചേർന്ന് മേലാളാധിപത്യമായി മാറുന്നു. മേലാളാധിപത്യം ഇവിടെ വരുന്നത് വർഗതാൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ്, സമ്പത്തിലുള്ള നിയന്ത്രണം പിടിമുറുക്കുന്നതിലൂടെയാണ്. ഇത്തരം ആധിപത്യങ്ങളുടെ കൂട്ടായ്മ ചെറുക്കാനുള്ള രാഷ്ട്രീയപ്രക്രിയ കേരളത്തിലുണ്ടാകുന്നില്ല. ഇത് മൗലികമായ മറ്റൊരു പ്രശ്‌നമാണ്.

വികസനത്തിന്റെ പ്രശ്‌നങ്ങൾ

വികസനവുമായി ബന്ധപ്പെടുത്തിയാണ് തെരഞ്ഞെടുപ്പിനെ കാണേണ്ടത്. വികസനം എന്നാൽ ഉൽപാദകഘടകങ്ങളുടെ വളർച്ചയും ഉൽപാദന ബന്ധങ്ങളുടെ മാറ്റവും. പ്രത്യേകിച്ച് ഇടതുപക്ഷ കക്ഷികൾ ഉൽപാദന ബന്ധങ്ങളിലുണ്ടാകേണ്ട മാറ്റം അംഗീകരിക്കുന്നില്ല. അവരുടെ അനുമാനം ഇതാണ്: ഉൽപാദന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളൊക്കെ ഞങ്ങൾ കൊണ്ടുവന്നുകഴിഞ്ഞു, ഇപ്പോൾ ആവശ്യം ഉൽപാദക ഘടകങ്ങളുടെ വളർച്ചയാണ്. ഇത് അവർ തുറന്നുപറയുകയുമില്ല.

കൃഷിഭൂമിയുടെ വിതരണത്തിലൂടെ, സമ്പത്തിന്റെ പുനർവിതരണത്തിലൂടെ പാവപ്പെട്ടവർ ഇല്ലാത്ത ഒരു സാമൂഹികാവസ്ഥ കൊണ്ടുവരാൻ നിരവധി തവണ അധികാരത്തിലേറിയ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. പകരം, പാവപ്പെട്ടവർക്ക് വീട് നൽകി എന്ന് വൈകാരികമായി പറയുകയാണവർ / photo: lifemissionmis.kerala.gov.in

കിഫ്ബിയുടെയും മറ്റും പ്രശ്‌നം വരുമ്പോൾ ഇവർ പറയുന്നതെന്താണ്? ഞങ്ങൾ പാവപ്പെട്ടവർക്ക് വീട് കൊടുക്കുന്നു. പാവങ്ങളുടെ പ്രശ്‌നങ്ങളെ ഇവർ വൈകാരികമായാണ് സമീപിക്കുന്നത്. എന്നാൽ ഇവരോട് ഒരു കാര്യം ചോദിക്കാം: നിങ്ങൾ ഇന്നലെയല്ല അധികാരത്തിൽ വന്നത്, സംസ്ഥാന രൂപീകരണത്തിനുശേഷം നിരവധി തവണ അധികാരത്തിലിരുന്നിട്ടുണ്ട്, പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുമുണ്ട്. എന്നാൽ, എന്തുകൊണ്ട് പാവപ്പെട്ടവർ ഇല്ലാത്ത ഒരു വ്യവസ്ഥിതിയുണ്ടാക്കിയില്ല. കൃഷിഭൂമിയുടെ വിതരണത്തിലൂടെ, സമ്പത്തിന്റെ പുനർവിതരണത്തിലൂടെ പാവപ്പെട്ടവർ ഇല്ലാത്ത ഒരു സാമൂഹികാവസ്ഥ എന്തുകൊണ്ട് കൊണ്ടുവന്നില്ല. പകരം, പാവപ്പെട്ടവർക്ക് വീട് നൽകി എന്ന് വൈകാരികമായി പറയുകയാണ്. പാവപ്പെട്ടവരെ എന്തുകൊണ്ട് ആ അവസ്ഥയിൽ തന്നെ നിലനിർത്തിക്കൊണ്ടുപോകുന്നു?

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതം

കേരളത്തിലെ ഹാഥ്‌റസാണ് വാളയാർ. വാളയാറിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി ലഭിച്ചില്ല. ആ അമ്മ നീതിക്കുവേണ്ടി കരയുകയാണ്, തല മുണ്ഡനം ചെയ്യുകയാണ്. അത്തരം പ്രശ്‌നങ്ങളിൽ മുഖ്യരാഷ്ട്രീയ പാർട്ടികൾ ഊന്നുന്നില്ല. അവർ ഇവിടെ സാമ്പത്തിക വളർച്ച കൊണ്ടുവന്നിട്ടുണ്ട്. അതിൽ തർക്കമില്ല, പക്ഷെ, സാമ്പത്തിക വളർച്ചയുള്ളപ്പോൾ തന്നെ പാർശ്വവൽകൃത സാമൂഹിക വിഭാഗങ്ങളിൽ ശിശുമരണ നിരക്ക് വളരെ കൂടുതലാണ്. അവരുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. അണ്ടർ ക്ലാസിൽ പീഡനങ്ങൾ നടക്കുന്നു.

അവഗണനാ രാഷ്ട്രീയം

യഥാർഥ പ്രശ്‌നങ്ങളിൽ ഊന്നിക്കൊണ്ടുള്ള ഒരു തെരഞ്ഞെടുപ്പ് പരിപാടി രാഷ്ട്രീയപാർട്ടികൾക്കില്ല, അതില്ലാത്തിന്റെ കാരണം രാഷ്ട്രീയം ഇല്ലാത്തതാണ്. രാഷ്ട്രീയം എന്നു പറയുന്നത് ജനങ്ങളുടെ റിയൽ ഇഷ്യൂവിൽ ഊന്നിക്കൊണ്ടുള്ളതായിരിക്കണം. അണ്ടർ ക്ലാസ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുണ്ട്- ദാരിദ്ര്യം, വിഭവമില്ലായ്മ, ജാതീയ അടിച്ചമർത്തലുകൾ. ഇതിനെതിരെ അവർ സംഘടിക്കുമ്പോൾ, അവരെ അടിച്ചമർത്തുകയാണ് ചെയ്യുന്നത്.

അണ്ടർ ക്ലാസിനെ, പാർശ്വവൽകൃത ചൂഷിത സാമൂഹിക വിഭാഗങ്ങളെ സംബന്ധിച്ച് ഒരു അവഗണനാ രാഷ്ട്രീയം നിലനിൽക്കുന്നു. ഈ അവഗണനാ രാഷ്ട്രീയമാണ് ഇനി പ്രവർത്തികമാക്കേണ്ടത്, അതിലൂടെയുണ്ടാകുന്നത് പുതിയൊരു രാഷ്ട്രീയമാണ്. ആ രാഷ്ട്രീയപ്രക്രിയ എല്ലാ രാഷ്ട്രീയപാർട്ടികളും അവഗണിക്കുകയാണ്.

അതേസമയം, നിങ്ങൾ ഫാക്ടറി തൊഴിലാളികളുടെ സമരത്തിന് പിന്തുണ കൊടുക്കും. കാരണം, അതാണ് നിങ്ങളെ സംബന്ധിച്ച് വർഗ സമരം, മതേതതര സമരം. ഇങ്ങനെ അയഥാർഥമായ, യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്ന, ജനങ്ങളെ അശക്തരാക്കുന്ന, നിർവീര്യരാക്കുന്ന ഒരു രാഷ്ട്രീയപ്രക്രിയയാണ് രാഷ്ട്രീയപാർട്ടികൾ അവലംബിച്ചുപോരുന്നത്. അണ്ടർ ക്ലാസിനെ, പാർശ്വവൽകൃത ചൂഷിത സാമൂഹിക വിഭാഗങ്ങളെ സംബന്ധിച്ച് ഒരു അവഗണനാ രാഷ്ട്രീയം നിലനിൽക്കുന്നു. ഈ അവഗണനാ രാഷ്ട്രീയമാണ് ഇനി പ്രവർത്തികമാക്കേണ്ടത്, അതിലൂടെയുണ്ടാകുന്നത് പുതിയൊരു രാഷ്ട്രീയമാണ്. ആ രാഷ്ട്രീയപ്രക്രിയ എല്ലാ രാഷ്ട്രീയപാർട്ടികളും അവഗണിക്കുകയാണ്.▮


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments