എൽ.ഡി.എഫിന്റേത്‌ വെറുമൊരു തുടർഭരണമാകാതിരിക്കാൻ...

കഴിവുള്ള യുവ രാഷ്ട്രീയ നേതാക്കൾക്ക് വഴിതുറന്നുകൊടുക്കുകയെന്ന സി.പി.എം നയം മൂലം ഡോ. തോമസ്​ ഐസക്കും (മറ്റുചിലരും) തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെങ്കിലും, വരുംദിവസങ്ങളിൽ അധികാരമേൽക്കാൻ പോകുന്ന പുതിയ സർക്കാറിന് മുൻസർക്കാർ രൂപപ്പെടുത്തിയ വികസന ഭരണ അജണ്ടയിൽ നിന്ന്​ ഒഴിഞ്ഞുനിൽക്കാനാകില്ല.

കോവിഡ് രണ്ടാംതരംഗത്തിനിടെ, നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംബന്ധിച്ച്​ എല്ലാ സംസ്ഥാനങ്ങളിലും തിരിച്ചടിയും, ബി.ജെ.പിക്ക് ദക്ഷിണേന്ത്യയിലും പശ്ചിമബംഗാളിലും ശക്തമായ താക്കീതുമായിരുന്നു. അസമിലെയും പുതുച്ചേരിയിലേയും ഫലങ്ങൾ ബി.ജെ.പിക്ക് ആശ്വസിക്കാൻ വക നൽകുന്നു. ബംഗാളിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ അവർക്ക് സാധിച്ചെങ്കിലും കേരളത്തിലെയും തമിഴ്നാട്ടിലെയും വോട്ടർമാർ അവരെ പാടെ തള്ളിക്കളഞ്ഞു. 2014ലെയും 2019ലെയും മോദി തരംഗത്തെ പ്രതിരോധിച്ച ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളാണ് ഇവ രണ്ടും.

എല്ലാ പ്രീ പോൾ സർവേകളും എക്​സിറ്റ്​ പോളുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം പ്രവചിച്ചിരുന്നതിനാൽ കേരളത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പു ഫലം അത്ര അപ്രതീക്ഷിതമായിരുന്നില്ല. എന്നാലും, സി.പി.എം നയിക്കുന്ന എൽ.ഡി.എഫിന് അത് ആധികാരിക വിജയമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 91 സീറ്റായിരുന്നു എൽ.ഡി.എഫ് നേടിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി വെറും 41 സീറ്റ്​ നേടി സമീപകാലത്തെ ഏറ്റവും വലിയ തകർച്ച നേരിട്ടു. കോൺഗ്രസിന്​ 21 സീറ്റായി ചുരുങ്ങി. അതിലും പരിതാപകരമായ അവസ്​ഥ ബി.ജെ.പിയുടേതാണ്​, തലസ്ഥാന നഗരിയിലുണ്ടായിരുന്ന ഒരേയൊരു അക്കൗണ്ടും (2016ലെ തെരഞ്ഞെടുപ്പിൽ നേടിയ) പൂട്ടി പാർട്ടി സംപൂജ്യരായി.

ഓരോ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനും യു.ഡി.എഫിനും മാറിമാറി അവസരം കൊടുത്ത്​ ഇരുമുന്നണികളെയും പരീക്ഷിക്കുകയായിരുന്നു കാലങ്ങളായി കേരളം ചെയ്തുകൊണ്ടിരുന്നത്. പ്രതിപക്ഷം മുന്നോട്ടു വെച്ച ആരോപണങ്ങളുടെ കൂമ്പാരം മറികടന്ന് ഭരണവിരുദ്ധ വികാരം അപ്രസക്തമാക്കി, 1977നുശേഷം ആദ്യമായാണ്​ ഒരു രാഷ്ട്രീയ കക്ഷി സംസ്ഥാനത്ത് തുടർഭരണത്തിന് അർഹമാവുന്നത്.

മത- ജാതി പരിഗണനകൾക്ക്​ അതീതമായ ഫലം

ഇടതുമുന്നണിയുടെ വിജയം പല സന്ദേശങ്ങളും നൽകുന്നുണ്ട്. അതിൽ ആദ്യത്തേതും സുപ്രധാനവുമായ ഒന്ന്, വിവിധ ജാതി മതവിഭാഗങ്ങൾ ഇടകലർന്നു ജീവിക്കുന്ന ഒരു സംസ്ഥാനമായതുകൊണ്ടുതന്നെ വർഗീയ ധ്രുവീകരണശ്രമവും കേരളത്തിൽ വിലപ്പോകില്ല എന്നതാണ്​. ജനസംഖ്യയുടെ ഏതാണ്ട് 45% മതന്യൂനപക്ഷങ്ങളാണ് (മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും). ഹിന്ദുമതത്തിൽ പെട്ട പിന്നാക്കവിഭാഗങ്ങളും, ചരിത്രപരമായി അടിച്ചമർത്തപ്പെട്ടവരും ജനസംഖ്യയുടെ 40%ത്തോളം വരും. അതുകൊണ്ടു തന്നെ മുന്നണി ഭരണസംവിധാനത്തിന് കീഴിൽ മതേതര താൽപര്യം സംരക്ഷിക്കപ്പെടാൻ വിവിധ തലങ്ങളിലുള്ള കൂടിയാലോചനകൾ സ്വാഭാവികമായും ആവശ്യമായി വരും. തെരഞ്ഞെടുപ്പുവേളയിൽ രാഷ്ട്രീയ മുന്നണികൾ മത- ജാതി ഘടകങ്ങൾ മുന്നോട്ടുവെച്ചെങ്കിൽ പോലും (പ്രത്യേകിച്ച് ചില മണ്ഡലങ്ങളിൽ ഒരു പ്രത്യേക വിഭാഗങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ നിർത്തിയതടക്കം), ജനങ്ങൾ മതപരമായ പരിഗണനകൾക്ക് അതീതമായി വോട്ടുചെയ്യുന്നതാണ് സംസ്ഥാനം കണ്ടത്.

തൃപ്പൂണിത്തുറയിൽ ശബരിമല കർമ്മസമിതിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ
തൃപ്പൂണിത്തുറയിൽ ശബരിമല കർമ്മസമിതിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ

ശബരിമല യുവതീ പ്രവേശന വിഷയം ആളുകൾ എങ്ങനെ തള്ളിക്കളഞ്ഞു എന്നതാണ് അതിന് മികച്ച ഉദാഹരണം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പാരമ്യത്തിലെത്തിയത് 2020 ഡിസംബറിൽ നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫും എൻ.ഡി.എയും വിഷയം പരമാവധി മുതലെടുക്കാൻ തുടങ്ങിയതോടെയാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടി. 2021 ഏപ്രിലിലെ തെരഞ്ഞെടുപ്പിലും ഇത് ആർത്തിച്ചു. ഇടതുമുന്നണിയെ വിരട്ടാൻ പ്രതിപക്ഷത്തുള്ള ഇരുമുന്നണികളും തെരഞ്ഞെടുപ്പ് ദിവസം പോലും കാടിളക്കി പ്രചാരണം നടത്തി. എന്നാൽ ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിൽ യാതൊരു പ്രതിഫലനവുമുണ്ടാക്കിയില്ലെന്നാണ് ഫലം കാണിക്കുന്നത്.

ഇസ്‌ലാമോഫോബിയയുടെ "കൾച്ചറൽ ലോജിക്ക്'

ഇസ്‌ലാമോഫോബിയയുടെ "കൾച്ചറൽ ലോജിക്ക്' അടിസ്ഥാനമാക്കി സമാനമായ മറ്റൊരു വിഷയവും രാഷ്ട്രീയപാർട്ടികൾ ഉയർത്തിക്കൊണ്ടു വന്നു. പ്രസ്തുത പ്രചാരണത്തിന്റെ മുൻനിരയിൽ ഹിന്ദുത്വശക്തികളായിരുന്നെങ്കിൽ പോലും, പലപ്പോഴും മതേതര പാർട്ടികളിലും അതിൽ വീണു. ലവ് ജിഹാദും മുത്തലാഖും മുതൽ ഹാഗിയ സോഫിയ വരെ തെരഞ്ഞെടുപ്പ് വിഷയങ്ങളായി. എന്നാൽ ഇതൊന്നും തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും സ്വാധീനിച്ചില്ലെന്ന് ഫലങ്ങളിൽ നിന്ന് മനസ്സിലാക്കാം.

എന്നാലും, എൽ.ഡി.എഫ് സർക്കാറെടുത്ത രണ്ട് പ്രധാന തീരുമാനങ്ങൾ മുന്നണിക്ക് നേട്ടമുണ്ടാക്കിയെന്നു കാണാം- ഒന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (ഇ.ഡബ്ല്യു.എസ്) പത്തുശതമാനം സംവരണം ഏർപ്പെടുത്തിയതും, രണ്ടാമത്തേത് നാടാർ ക്രിസ്റ്റ്യൻ സമുദായങ്ങൾക്കു കൂടി ഒ.ബി.സി സംവരണം നൽകിയതും. ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കുന്നതിൽ ഇടതുമുന്നണി പ്രതിജ്ഞാബദ്ധരായിരുന്നു. ഉദാഹരണത്തിന്, 2019ൽ പാർലമെൻറ്​ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ മതപരമായ വിവേചനം പുലർത്തുന്ന ചട്ടങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അത് കേരളത്തിൽ നടപ്പിലാക്കില്ലെന്ന തീരുമാനം എൽ.ഡി.എഫ് സർക്കാർ കൈക്കൊണ്ടിരുന്നു. സംസ്ഥാന നിയമസഭയിൽ സി.എ.എയ്ക്കെതിരെ പ്രമേയം കൊണ്ടുവരാൻ എൽ.ഡി.എഫ് സർക്കാർ മുന്നിട്ടിറങ്ങുകയും അത് പാസാക്കുകയും ചെയ്തു.

പ്രകടനപത്രികയുടെ മികവ്​

രണ്ടാമത്തെ പ്രധാന സന്ദേശം, സമയബദ്ധിതമായി നടപ്പിലാക്കാൻ കഴിയുന്ന വ്യക്തമായ രാഷ്ട്രീയ നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിലായിരിക്കണം ജനവിധി തേടേണ്ടത് എന്നതാണ്, അല്ലാതെ ഒന്നോ രണ്ടോ ദിവസത്തെ ആയുസുള്ള വിഷയങ്ങൾ ഉയർത്തിയാവരുത്. തെരഞ്ഞെടുപ്പു പ്രകടന പത്രിക തയ്യാറാക്കുന്നതിൽ ഇടതുപക്ഷ സർക്കാർ അതീവ ശ്രദ്ധ പുലർത്തി, വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യമുള്ള വിദഗ്ധരുമായും മറ്റും കൂടിയാലോചനകൾ നടത്തിക്കൊണ്ടാണ് അത് തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത് അപൂർവ്വമാണ്. താഴേക്കിടയിൽ നിന്നുള്ള പ്രതികരണങ്ങൾ ഉൾക്കൊള്ളിച്ച് മാനിഫെസ്റ്റോ തയ്യാറാക്കുന്ന പ്രക്രിയയായിരുന്നത്.

സാമൂഹ്യസുരക്ഷ

"സാമൂഹ്യ സുരക്ഷ'യായിരുന്നു എൽ.ഡി.എഫ് പ്രകടനപത്രികയുടെ (2021-26) മുഖമുദ്ര. ഉപജീവനത്തിന്റെയും, സാമൂഹ്യ സുരക്ഷയുടെയും പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് വിവിധ പദ്ധതികളും മുന്നണി മുന്നോട്ടു വെച്ചു. വിവിധ തൊഴിലവസരങ്ങൾ പ്രകടന പത്രികയിൽ എൽ.ഡി.എഫ് മുന്നോട്ടുവെക്കുന്നുണ്ട്.

എൽ.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയപ്പോൾ
എൽ.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയപ്പോൾ

വിദ്യാസമ്പന്നർക്ക് നൈപുണ്യ വികസനത്തിലൂടെയും വ്യാവസായിക പുനഃസംഘടനയിലൂടെയും ഇരുപതുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം. കാർഷിക മേഖലയിൽ അഞ്ചുലക്ഷത്തോളം ഉപജീവന അവസരങ്ങളും കാർഷികേതര മേഖലയിൽ മറ്റൊരു പത്തുലക്ഷം അവസരങ്ങളും കൊണ്ടുവരുമെന്നും ഉറപ്പുനൽകുന്നുണ്ട്. സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യം സൂചിപ്പിച്ച്​, കൂടുതലായി ഒരുലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന 15,000 പുതിയ സംരംഭങ്ങളും ഉറപ്പുനൽകുന്നു. നിലവിലെ 1.4ലക്ഷം വരുന്ന മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങൾ മൂന്നുലക്ഷമായി ഉയർത്തുമെന്നും പ്രകടനപത്രിക ഉറപ്പുനൽകുന്നു. ഇതും അഞ്ചുലക്ഷത്തിലേറെ തൊഴിലവസരങ്ങൾ കൊണ്ടുവരും.

ജനങ്ങളെ ആകർഷിച്ച ഉറപ്പുകൾ

എൽ.ഡി.എഫിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പ്രധാനമുഖമാണ് ക്ഷേമ പെൻഷനുകൾ. 2016ൽ എൽ.ഡി.എഫ് അധികാരമേറ്റെടുക്കുന്ന സമയത്ത് അത് 600 രൂപയായിരുന്നു, മാത്രമല്ല, ഒന്നരവർഷത്തോളമായി നൽകിയിട്ടുമുണ്ടായിരുന്നില്ല. ഇത് 1600 രൂപയാക്കി ഉയർത്തിയ എൽ.ഡി.എഫ്. ഇത്തവണ 2500 ആയി ഉയർത്തുമെന്നും ചരിത്രത്തിലാദ്യമായി ശമ്പളരഹിത വീട്ടുജോലികൾ ചെയ്യുന്ന സ്ത്രീകളെയും പെൻഷനുകീഴിൽ കൊണ്ടുവരുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്. എല്ലാ മേഖലയിലുമുള്ള തൊഴിലാളികൾക്കുള്ള ഓണറേറിയം ഉയർത്തും. മിനിമം കൂലി ദിവസം 700 ആയും മാസം 21000 ആയും ഉയർത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

മറ്റുവാഗ്ദാനങ്ങൾ ഇവയാണ്: 10,000 കോടിവരുന്ന വ്യാവസായിക നിക്ഷേപം, ഇലക്​ട്രോണിക്​ ഫാർമസ്യൂട്ടിക്കൽ ഹബ് രൂപീകരിക്കും, കാർഷിക വരുമാനത്തിൽ 60% വർധനവ്, വീടുകളിൽ കുടിവെള്ള പൈപ്പുകൾ, താങ്ങാവുന്ന ചെലവിൽ ബ്രോഡ് ബാൻറ്​ ഇന്റർനെറ്റ് കവറേജ്, സ്ത്രീ ശാക്തീകരണം, ജലഗതാഗതത്തിന് ഊന്നൽ, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാമാറ്റം, വിശപ്പ് തുടങ്ങിയ കെടുതികളിൽ നിന്നും സംസ്ഥാനത്തെ സംരക്ഷിക്കുക, അഴിമതിവിരുദ്ധ സംസ്ഥാനം തുടങ്ങിയവ.

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധിയെത്തിയപ്പോൾ
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധിയെത്തിയപ്പോൾ

പാവപ്പെട്ടവർക്ക്​ വീട്​

പാവപ്പെട്ടവർക്ക് വീട് എന്നതാണ് എൽ.ഡി.എഫ് സർക്കാറിന്റെ സുപ്രധാന മുൻഗണനകളിലൊന്ന്. അഞ്ചുവർഷത്തെ ഭരണത്തിനിടയിൽ 2.8ലക്ഷം വീടുകൾ പൂർത്തിയാക്കി. ലൈഫ് മിഷനിലൂടെയും മറ്റ് പദ്ധതികളിലൂടെയും 1.5 ലക്ഷം വീടുകൾ കൂടി ഉടൻ പൂർത്തീകരിക്കും. അഞ്ചുവർഷത്തിനുള്ളിൽ വീടും ഭൂമിയുമില്ലാത്തവർക്ക് അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിലൂടെ അഞ്ചുലക്ഷം വീടുകൾ നിർമ്മിക്കാനും പ്രകടന പത്രികയിൽ ലക്ഷ്യമിടുന്നു. എസ്.സി/ എസ്.ടി കുടുംബങ്ങൾക്ക് ഭവനനിർമാണ പദ്ധതിയും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഒരേക്കർ കൃഷിഭൂമിയും പ്രകടന പത്രികയിൽ ഉറപ്പുനൽകുന്നു.

ജനസംഖ്യാനുപാതികമായി എസ്.സി.പി/ ടി.എസ്.പി ഫണ്ട് വിനിയോഗിച്ച ഏക സംസ്ഥാനമാണ് കേരളം. ഊരുകൂട്ടത്തിലൂടെ (ആദിവാസി അയൽക്കൂട്ടം) ട്രൈബൽ സബ് പ്ലാനുകൾക്കുളള്ള ഫണ്ടുകൾ വിതരണം ചെയ്യുമെന്നും വന ഉല്പന്നങ്ങൾ മിനിമം താങ്ങുവില നൽകുമെന്നും പ്രകടന പത്രിക ഉറപ്പുനൽകുന്നു.

സംസ്ഥാന ഇടപെടൽ സുപ്രധാനമായ മേഖലയാണ് ആരോഗ്യമേഖല, പ്രത്യേകിച്ച് മഹാമാരിയുടെ പുതിയ തരംഗത്തിന്റെ പശ്ചാത്തലത്തിൽ. സംസ്ഥാനം 500 ഓളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്. കൂടാതെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ വരെ സൂപ്പർ സ്പെഷ്യാലിറ്റി സേവനകൾ ലഭ്യമാക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒ.പി സേവനങ്ങൾ ദിവസം രണ്ടുതവണയായി നീട്ടുമെന്നും എൽ.ഡി.എഫ് ഉറപ്പുനൽകുന്നു. 20ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സ സൗജന്യമാക്കുമെന്നും മറ്റുള്ളവരുടെ രണ്ടുലക്ഷം വരെയുള്ള ചികിത്സ കാരുണ്യ പദ്ധതിക്ക് കീഴിൽ കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ എൽ.ഡി.എഫ് വാഗ്ദാനം നൽകുന്നു.

പവർ ഹൈവേകൾ, ഗ്യാസ് പൈപ്പ് ലൈനുകൾ, ദേശീയ പാത ആറുവരിയാക്കൽ, ഡിജിറ്റൽ വിപ്ലവം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി ഒപ്റ്റിക് നെറ്റുവർക്ക് തുടങ്ങി നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും പ്രകടന പത്രികയിൽ എൽ.ഡി.എഫ് ഊന്നൽ നൽകുന്നു. അടിസ്ഥാന വർഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പുനൽകുമ്പോഴും എൽ.ഡി.എഫ് കേരളത്തെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ് ' റാങ്കിങ്ങിൽ ആദ്യപത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾക്കുള്ളിൽ കൊണ്ടുവരുമെന്ന് പറഞ്ഞുകൊണ്ട് നിക്ഷേപകർക്ക് എല്ലാതരത്തിലുള്ള സഹകരണവും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. യു.ഡി.എഫ് പ്രചാരണം അല്പായുസുള്ള വിഷങ്ങളിൽ കേന്ദ്രീകരിച്ചപ്പോൾ മേൽപ്പറഞ്ഞ വാഗ്ദാനങ്ങളും അതിനോടുള്ള പ്രതിബദ്ധതയും പ്രതിഫലിക്കുന്നതായിരുന്നു എൽ.ഡി.എഫിന്റെ പ്രചാരണം.

പിണറായി എന്ന പ്രിൻസിപ്പൽ ആർക്കിടെക്​റ്റ്​

പ്രതിസന്ധി ഘട്ടങ്ങളിൽ ഉചിതമായി പ്രവർത്തിച്ച എൽ.ഡി.എഫ് മന്ത്രിസഭയുടെ പ്രിൻസിപ്പൽ ആർക്കിടെക്റ്റ് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ടുനിരോധനം (2016) മുതൽ ഓഖി ചുഴലിക്കാറ്റ് (2017), രണ്ട് വലിയ പ്രളയങ്ങൾ (2018, 2019), നിപ വൈറസ് (2019), വിനാശകാരിയായ കോവിഡ് മഹാമാരി വരെ, മുമ്പൊന്നുമില്ലാത്തത്ര പ്രതിസന്ധി നിറഞ്ഞതായിരുന്നു എൽ.ഡി.എഫിന്റെ കഴിഞ്ഞ ഭരണകാലം.

കേരളത്തിൽ  ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷാ എത്തിയപ്പോൾ
കേരളത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷാ എത്തിയപ്പോൾ

ലോകമെമ്പാടും ജീവിക്കുന്ന കേരളത്തിലെ കുടിയേറ്റ ജനതയ്ക്കുമേൽ കോവിഡ് പ്രത്യാഘാതമുണ്ടാക്കുന്നത് തുടരുകയാണ്. ഇതെല്ലാം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയ്ക്കും ജീവിതമാർഗങ്ങൾക്കുമേൽ വലിയ തോതിൽ ആഘാതങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ആരോഗ്യ അടിയന്താവസ്ഥാ നടപടികളും സാമൂഹ്യ സുരക്ഷിതത്വവും അനിവാര്യമാക്കിക്കൊണ്ട് മഹാമാരി അക്ഷരാർത്ഥത്തിൽ വ്യവസ്ഥിതിയെ ഞെരുക്കിക്കളഞ്ഞിട്ടുണ്ട്.

പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും പിണറായി വിജയന്റെ രാഷ്ട്രീയ നൈപുണ്യം വെളിവായിരുന്നു. രണ്ട് മഹാപ്രളയങ്ങളുടെ സമയത്ത് ഇത് വളരെയധികം പ്രകടമായി. സംസ്ഥാനത്തെ ഒരു ശരാശരി പൗരൻ പോലും മുഖ്യമന്ത്രിയെ അങ്ങേയറ്റത്തെ ആരാധനയോടെ നോക്കിക്കാണുന്നതും പിന്തുണയ്ക്കുന്നതുമാണ് കണ്ടത്. ഒട്ടും നിഷേധാത്മകമായിട്ടല്ലാതെ, ആശങ്കകളെ അവതരിപ്പിക്കുന്നതിൽ സ്വന്തമായ ശെെലി രൂപപ്പെടുത്തിയ, വ്യക്തമായ പ്രസ്താവനകളിലൂടെ പ്രശ്നങ്ങളുടെ തീവ്രതയും അതിനെ അഭിമുഖീകരിക്കാൻ എടുക്കേണ്ട പ്രതിരോധങ്ങളെക്കുറിച്ചും പറയുന്ന പിണറായി വിജയൻ കാര്യങ്ങളിൽ നേരിട്ടിടപെടുന്ന ഭരണാധികാരിയാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞനായ ശിവ് വിശ്വനാഥൻ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം പറയുന്നു: ‘‘പിണറായി വിജയന് പഴിചാരി കളിക്കാനോ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കാനോ സമയമുണ്ടായിരുന്നില്ല. കേന്ദ്രത്തെയും തെന്നിന്ത്യൻ സംസ്ഥാനങ്ങളെയും പ്രകോപിപ്പിക്കാതെയുള്ള അദ്ദേഹത്തിന്റെ ഇടപെടൽ പക്വതയുള്ള നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നു. അനാവശ്യമായ കുറ്റംപറയലുകൾ ഒഴിവാക്കി പ്രളയത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയൊരു പക്വത കൊണ്ടുവന്നു അദ്ദേഹം.

ശിവ വിശ്വനാഥൻ എഴുതി; ‘‘ പ്രത്യയശാസ്ത്ര, മത ഭേദമന്യേ ജനങ്ങളെക്കുറിച്ചാണ് തന്റെ ആശങ്കയെന്ന് പിണറായി കാണിച്ചുകൊടുത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏതെങ്കിലും മേഖല കേന്ദ്രീകരിച്ചോ പാർട്ടിതലത്തിൽ നോക്കിയോ ആവുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കി. അദ്ദേഹം സി.പി.ഐ.എമ്മിന്റെ നേതാവായിരിക്കാം, പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിൽ അദ്ദേഹം പ്രവർത്തിച്ചു. കേരളത്തിന് യാതൊരു സഹായവും ചെയ്യരുത് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വലതുപക്ഷത്തിന്റെ പ്രചാരണങ്ങളൊന്നും അദ്ദേഹത്തെ പ്രകോപിപ്പിച്ചില്ല. എവിടെ ശ്രദ്ധിക്കണമെന്നും എന്തിനാണ് പ്രാമുഖ്യം നൽകേണ്ടതെന്നും അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. കക്ഷിരാഷ്ട്രീയം കളിക്കാനും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുതലെടുപ്പിനുമുള്ള സമയം ഇതല്ലെന്നും അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു.'' (ദ ഹിന്ദു, 28 ആഗസ്റ്റ് 2018)

തുടർന്നുവന്ന പ്രതിസന്ധികളിലും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന നേതൃത്വശൈലി പിണറായി വിജയൻ തുടർന്നു. പ്രതിസന്ധിയുടെ ഓരോ ദിനങ്ങളിലും വൈകുന്നേരത്തെ അദ്ദേഹത്തിന്റെ വാർത്താസമ്മേളനങ്ങൾ ജനങ്ങളിൽ ആത്മവിശ്വാസം നിറച്ചു. ഇതിനിടയിൽ, വ്യത്യസ്തമായ ഒരുതരം ‘കമ്മ്യൂണിക്കേറ്റീവ് റാഷണാലിറ്റി' അദ്ദേഹം വികസിപ്പിക്കുകയും നിലനിർത്തുകയും ചെയ്തു. ഇത് കുറച്ചുദിവസം മാത്രം നിലനിന്ന ഒന്നല്ല, 2018ലെ പ്രളയം മുതലിങ്ങോട്ട് ഓരോ മാസങ്ങൾക്കുശേഷവും തുടർന്നു. അതിനുപുറമേ, മഹാമാരി കാലത്ത്, ലോക്ക്​ഡൗണിലും അതിനുശേഷമുള്ള മാസങ്ങളിലും ഓരോ കുടുംബത്തിനും പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യവസ്തു കിറ്റ് ലഭിക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി ഉറപ്പാക്കി. മറ്റുതരത്തിലുള്ള ആരോഗ്യ അടിയന്തരാവസ്ഥാ നടപടികളും നടപ്പിൽവരുത്തി.

പ്രതിപക്ഷ പ്രകടനങ്ങൾ

അതിനിടെ, തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് പ്രതിപക്ഷം സർക്കാറിനെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്തുവന്നു. സ്വർണ്ണക്കടത്ത്, ഡോളർ കടത്ത്, 2018ലെ പ്രളയശേഷമുള്ള പ്രളയദുരിതാശ്വാസ ഫണ്ട് വകമാറ്റൽ, ആഴക്കടൽ മത്സ്യബബന്ധന കരാർ വിവാദം, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ്​ ഫണ്ട് ബോർഡിന്റെ (കിഫ്ബി) അധികാരം ദുരുപയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങൾ. ഈ സമയത്ത് രജിസ്റ്റർ ചെയ്ത മിക്ക കേസുകളും അപൂർണമോ അവസാനമില്ലാത്തതോ ആയി നിലനിൽക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിന്​ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുവെന്ന് എൽ.ഡി.എഫ് നേതൃത്വം ആരോപിച്ചിരുന്നു.

തങ്ങൾ നെഞ്ചോട് ചേർത്ത കേരള ജനത ഞങ്ങളെ ഉപേക്ഷിക്കില്ലെന്ന എൽ.ഡി.എഫ് അവകാശവാദം സ്ഥാപിക്കുന്നതാണ് 2021ലെ തെരഞ്ഞെടുപ്പ് ഫലം. എൽ.ഡി.എഫ് ഭരണമാതൃകയ്ക്കും വികസനത്തിനുമുള്ള അംഗീകാരമായും വൻഭൂരിപക്ഷത്തോടെയുള്ള ഈ വിജയത്തെ കാണാം.

തെരഞ്ഞെടുപ്പിനു കുറച്ചു ദിവസങ്ങൾക്കു മുമ്പ്, ധനകാര്യമന്ത്രിയായിരുന്ന ഡോ. ടി.എം തോമസ് ഐസക് ദ ഹിന്ദുവിനു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു, ‘‘കേരളത്തിൽ ഇടതുമുന്നണി തേടുന്നത് വെറുമൊരു റീ ഇലക്ഷൻ അല്ല. അതീവശ്രദ്ധയോടെ തയ്യാറാക്കിയ ഒരു ഭരണ വികസന മാതൃക വരും വർഷങ്ങളിൽ നടപ്പിലാക്കാനുള്ള ഒരു ജനവിധിയാണ്. കേരളത്തെ ഇന്ത്യയുടെ യനാൻ ആക്കാനാണ് ഞങ്ങളുടെ ശ്രമം.’’

‘‘ഒരേ സമയം ക്ഷേമപദ്ധതികൾക്കുമേലുള്ള ശ്രദ്ധ നിലനിർത്തി, അടിസ്ഥാനസൗകര്യ മേഖലയിലെ പോരായ്മ നികത്താൻ അതിവേഗത്തിലുള്ള അടിസ്ഥാനകൗര്യ വളർച്ചയുടെ മാതൃക കേരളം രൂപപ്പെടുത്തിയിട്ടുണ്ട്. സാധാരണ നിലയിൽ നടപ്പിൽവരാൻ കാൽനൂറ്റാണ്ട് എടുക്കുന്ന പ്രവൃത്തികൾ കിഫ്ബി ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കൊണ്ടുവരാൻ കഴിയുന്നു. ഇതിന് തുടക്കം കുറച്ചിട്ടുണ്ട്, ഇന്ത്യയ്ക്കു തന്നെ ഒരു മാതൃകയായി മാറത്തക്കവിധം അതിനെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.''

‘ഇന്ത്യയുടെ യനാനെ' ക്കുറിച്ച് ഐസക് പറയുമ്പോൾ വ്യക്തമായും അദ്ദേഹത്തിന്റെ മനസിൽ വ്യത്യസ്ത വികസന സത്തയുണ്ട്, 1970കളിൽ വിക്ടർ എം. ഫിക് സൂചിപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായ ഒന്ന്. ഫിക്കിന്റെ Kerala: The Yenan of India: Rise of Communist Power (1937-1969) എന്ന പുസ്തകത്തിന്റെ പശ്ചാത്തലം വ്യക്തമാണ്. ബാലറ്റ് ബോക്‌സിലൂടെ കമ്യൂണിസ്​റ്റ്​ സർക്കാർ അധികാരത്തിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി 1957ലാണ് കേരളം ഉയർന്നുവന്നത്. 1937 മുതലുള്ള സംഭവവികാസങ്ങളുടെ വിശാലമായ പശ്ചാത്തലത്തിലാണ്​ അദ്ദേഹം കേരളത്തിന്റെ കമ്യൂണിസ്റ്റ് അനുഭവത്തെ കൊണ്ടുവരുന്നത്​, 1960കളുടെ അവസാനമുണ്ടായ സംഭവവികാസങ്ങളിൽ അ​ദ്ദേഹം അത്​ അവസാനിപ്പിക്കുകയും ചെയ്യുന്നു.

ഇങ്ങനെയാണ് ഫിക് അദ്ദേഹത്തിന്റെ രചന അവസാനിപ്പിക്കുന്നത്: അടിസ്ഥാന തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും ഫലത്തിൽ വരുത്താനും കഴിയുന്ന യെനാനെ ആണ് കേരളത്തിലെ കമ്യൂണിസ്​റ്റ്​ ശക്​തികൾ പ്രതിനിധീകരിക്കുന്നതെങ്കിൽ, പാർലമെന്ററി ജനാധിപത്യത്തിനു കീഴിൽ സാമൂഹിക മാറ്റത്തിനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന ശക്തികളെ സംബന്ധിച്ച്, വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടിയിരുന്ന, എന്നാൽ ചെയ്യാതെ പോയ, സാങ്കേതികത്വത്തിന്റെ ഒരു പരീക്ഷണശാലയെ കേരളം പ്രതിനിധാനം ചെയ്യണം. എന്നാൽ ജനങ്ങളുടെ ഇച്ഛ പ്രകടിപ്പിക്കാനും, കമ്യൂണിസ്റ്റ് അധികാരരാഷ്ട്രീയ കണക്കുകൂട്ടലുകൾക്ക് പ്രതിരോധം തീർക്കാനും, അഭികാമ്യമായ പൊരുത്തപ്പെടലുകളിലൂടെ ജയസാധ്യതയുള്ള കൂട്ടുകെട്ടുകൾ രൂപപ്പെടുത്തി അതിലേക്ക് വീണ്ടും തിരിച്ചു ചെല്ലാനും ഏതൊരിടത്തും അത് നടപ്പിൽ വരുത്താനും സാധിക്കണം. ഇന്ത്യയിൽ കമ്യൂണിസം കഴിഞ്ഞ ദശാബ്ദങ്ങളിൽ മുന്നേറിയത്​, രാജ്യത്തെ ദശലക്ഷക്കണക്കിന് പാവങ്ങളുടെ കണ്ണിൽ അതിന് സഹജമായ ശ്രേഷ്ഠതയോ രാജ്യനിർമ്മാണത്തിലും ആധുനികവത്കരണത്തിലും അതിന് കൂടുതൽ കാര്യക്ഷമതയോ ഉണ്ടെന്ന്​കരുതിയതുകൊണ്ടല്ല, മറിച്ച് ജനാധിപത്യ ക്യാമ്പുകളുടെ വിഭജനം മൂലവും മുന്നണി സംവിധാനത്തിലൂടെയും കൂട്ടായ്മാ രാഷ്ട്രീയത്തിലൂടെയും പരമാവധി അധികാരം സ്വായത്തമാക്കാനുള്ള അതിന്റെ കഴിവുമൂലവുമാണ്​.

സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനുള്ള കമ്യൂണിസ്റ്റ് പാർട്ടികളുടെ ക്ഷമത പരിമിതമാണ് എന്ന അഭിപ്രായത്തോടെയാണ് ഫിക്കിന്റെ നിലപാട് അവസാനിക്കുന്നത്. ഭൂപരിഷ്‌കരണവും, സാമൂഹ്യ സുരക്ഷയും ക്ഷേമപദ്ധതികളുമടക്കം, തുടർന്നുവന്ന ഇടതുസഖ്യങ്ങൾ നടത്തിയ ശ്രമങ്ങൾ, അവയുടെ എല്ലാ പരിമിതികൾക്കുള്ളിലും, വിലകുറച്ചു കാണിക്കപ്പെട്ടു. 1970കളിൽ രൂപപ്പെട്ടുവന്ന കേരള വികസന പരിചയത്തെക്കുറിച്ചുള്ള (പലരെയും സംബന്ധിച്ച് കേരള മോഡൽ വികസനം) സംവാദം പോലും ഇടത് ഇടപെടലിന്റെ വ്യത്യസ്ത സഞ്ചാരപഥമാണ് നൽകിയത്.

ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ വളർച്ചയ്ക്ക് വിഘാതമായി ഒരുപാട് ഘടകങ്ങളുണ്ട്. വലതുപക്ഷ വർഗീയ ശക്തികളുടെ വളർച്ചയും മാറിമാറിവന്ന സർക്കാരുകളിൽ നിന്ന്​ അവർക്കു ലഭിച്ച പരിലാളനയും (പ്രത്യക്ഷമായും പരോക്ഷമായും) സ്ഥാപനങ്ങളും ഭരണവ്യവസ്ഥിതിയും സ്വാധീനിക്കപ്പെടാൻ തക്കതായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള സാഹചര്യത്തിൽ, പ്രത്യേകിച്ച് 1980കളിൽ, ലിബറൽ ക്രമത്തിൽ നിന്ന്​ നിയോ-ലിബറൽ രാഷ്ട്രപദവിയിലേക്കും സാംസ്‌കാരിക രാഷ്ട്രം രൂപപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വാചാടോപങ്ങളിലേക്കുമുള്ള മാറ്റം സാമൂഹ്യ അരക്ഷിതാവസ്ഥയുടെയും പൊലീസ് രാജിന്റെയും സങ്കീർണ സ്ഥിതിവിശേഷത്തിന് വഴിവെച്ചു. തൽഫലമായി, ഇന്ത്യൻ സംസ്ഥാനങ്ങളുടെ അസമമായ വികസനതലം കൂടുതൽ സ്പഷ്ടമായി. ഈ പരിസ്ഥിതിയിലാണ് ഭരണത്തിന്റെയും വികസനത്തിന്റെയും പുതിയൊരു വഴി തോമസ് ഐസക് മുന്നോട്ടുവെക്കുന്നത്. കഴിവുള്ള യുവ രാഷ്ട്രീയ നേതാക്കൾക്ക് വഴിതുറന്നുകൊടുക്കുകയെന്ന പാർട്ടിയുടെ പുതിയ നയം കാരണം ഐസക്കും (മറ്റുചിലരും) തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെങ്കിലും, വരുംദിവസങ്ങളിൽ അധികാരമേൽക്കാൻ പോകുന്ന പുതിയ സർക്കാറിന് മുൻസർക്കാർ രൂപപ്പെടുത്തിയ വികസന ഭരണ അജണ്ടയിൽ നിന്ന്​ ഒഴിഞ്ഞുനിൽക്കാനാകില്ല.



Summary: കഴിവുള്ള യുവ രാഷ്ട്രീയ നേതാക്കൾക്ക് വഴിതുറന്നുകൊടുക്കുകയെന്ന സി.പി.എം നയം മൂലം ഡോ. തോമസ്​ ഐസക്കും (മറ്റുചിലരും) തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെങ്കിലും, വരുംദിവസങ്ങളിൽ അധികാരമേൽക്കാൻ പോകുന്ന പുതിയ സർക്കാറിന് മുൻസർക്കാർ രൂപപ്പെടുത്തിയ വികസന ഭരണ അജണ്ടയിൽ നിന്ന്​ ഒഴിഞ്ഞുനിൽക്കാനാകില്ല.


Comments