ചാലപ്പുറം കോൺഗ്രസ് ഗ്യാങ്ങല്ല, ക്ലിക്കാണ്

അധികാരമില്ലെങ്കിൽ വംശനാശം നേരിടുമെന്ന് സ്വയം തുറന്നുപറയുന്ന നേതാക്കളും അനുയായികളും ചേർന്ന ഉപജാപകവൃന്ദത്തിന്റെ ദൂഷിതവലയത്തിൽനിന്ന് കോൺഗ്രസിന് പുറത്തുകടക്കുവാൻ കഴിയുമോയെന്ന ലിറ്റ്മസ് ടെസ്റ്റാവും നിയമസഭ തെരഞ്ഞെടുപ്പ്

ലബാറിലെ പഴയ കോൺഗ്രസിനെ "ചാലപ്പുറം ഗ്യാങ്ങ്' എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നൊരു ഭേദഗതി വി.കെ.എൻ നടത്തിയിട്ടുണ്ട്: ""ചാലപ്പുറം ഗ്യാങ്ങല്ല, ക്ലിക്കാണ്. തുരപ്പൻ സംഘം. ഗ്യാങ്ങിനു കൈക്രിയ വശമാണ്. ക്ലിക്കിന് അതില്ല. "പിടിയെടാ', എന്നു പറഞ്ഞാൽ, ഒളിമ്പിക് വേഗത്തിലോടും.'' 1​
കോൺഗ്രസിന്റെ കേരളത്തിലെ ആയുസിന്റെ ബലത്തെക്കുറിച്ചുള്ള മാധ്യമങ്ങളിലെ നെഞ്ചത്തടിയും, നൊലോളിയും ഉച്ചസ്ഥായിലെത്തിയ സാഹചര്യത്തിലാണ് വി.കെ.എൻ ഭേദഗതി ഓർമയിൽ വരുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളിലും പരാജയമടഞ്ഞതോടെ പാർട്ടി നേതാക്കൾ നടത്തുന്ന പഴിചാരലുകളും, പരിദേവനങ്ങളും ക്ലിക്കുകളുടെ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നത്.
പക്വതയുള്ള നേതൃത്വത്തിന്റെ പ്രതികരണം ഇങ്ങനെയാവില്ല. തെരഞ്ഞെടുപ്പിലെ വിജയം രാഷ്ട്രീയ കക്ഷികളുടെ നിലനിൽപ്പിനും, വളർച്ചക്കും നിർണായകമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ തെരഞ്ഞെടുപ്പിൽ തോറ്റാൽ പ്രളയം എന്ന ധാരണയിൽ ജീവിക്കുന്ന രാഷ്ട്രീയനേതാക്കൾ എന്തുതരത്തിലുള്ള ആത്മബലമാണ് അവർ പ്രതിനിധാനം അവകാശപ്പെടുന്ന സമൂഹത്തിന് നൽകുന്നതെന്ന ചോദ്യം ബാക്കിയാവുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയില്ലെങ്കിൽ പിന്നീട് രക്ഷയില്ലെന്ന കോൺഗ്രസ് നേതാക്കളും അവരുടെ അഭ്യുദയകാംക്ഷികളും നടത്തുന്ന പരസ്യവിലാപം "എനിക്കുശേഷം പ്രളയം' എന്ന ധാരണയിൽ ജീവിക്കുന്ന സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ വിചാരധാരയെ വെളിപ്പെടുത്തുന്നു. അധികാരമില്ലെങ്കിൽ വംശനാശം നേരിടുമെന്നു സ്വയം തുറന്നുപറയുന്ന നേതാക്കളും അനുയായികളും ചേർന്ന ഉപജാപകവൃന്ദത്തിന്റെ ദൂഷിതവലയത്തിൽനിന്ന് കോൺഗ്രസ്സിന് പുറത്തുകടക്കുവാൻ കഴിയുമോയെന്ന ലിറ്റ്മസ് ടെസ്റ്റാവും നിയമസഭ തെരഞ്ഞെടുപ്പ്.

കോൺഗ്രസിനെ കേന്ദ്രീകരിച്ചുള്ള കമ്യൂണിസ്റ്റു വിരുദ്ധ സഖ്യങ്ങളായിരുന്നു വിമോചന സമരത്തിനുശേഷമുള്ള സംസ്ഥാനത്തെ വലതുപക്ഷ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ പ്രധാന സഞ്ചാരപഥം

കമ്യൂണിസ്റ്റു വിരുദ്ധ പ്രചാരണം

കേരളത്തിൽ പരിചിതമായ മുന്നണി രാഷ്ട്രീയം യു.ഡി.എഫ്- എൽ.ഡി.എഫ് എന്ന നിലയിലുള്ള ധ്രുവീകരണത്തിലെത്തുന്നത് 1980 കളുടെ തുടക്കത്തിലാണ്. ഏകദേശം നാലു ദശകക്കാലമായി നിലനിൽക്കുന്ന ഈ മുന്നണി സംവിധാനത്തിന്റെ അതിജീവനശേഷി നിർണയിച്ച ഘടകങ്ങളെ മനസ്സിലാക്കുന്നത് കോൺഗ്രസിന്റെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്താൻ സഹായകമാവും. കമ്യൂണിസ്റ്റു പ്രസ്ഥാനം ശക്തമായ ജനകീയ അടിത്തറയുള്ള രാഷ്ട്രീയകക്ഷിയായി വളർന്നതോടെ കേരളത്തിലെ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ഭ്രമണപഥം കോൺഗ്രസായി.

എ. കെ. ആൻറണി, കെ. കരുണാകരൻ, സി. അച്യുതമേനോൻ. 1969 ൽ ഐക്യ ജനാധിപത്യ മുന്നണി സർക്കാർ രൂപീകരിച്ചപ്പോൾ അന്ന് രാജ്യസഭാംഗം ആയിരുന്ന അച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രിയായത്. പിന്നീട് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹം 1977 വരെ തൽസ്ഥാനത്ത് തുടരുകയായിരുന്നു / photo: dutchinkerala

വിമോചന സമരത്തോടെ ഈ പ്രക്രിയ കൂടുതൽ സംഘടിതമായി ആവിഷ്‌ക്കരിക്കപ്പെട്ടു. കോൺഗ്രസിനെ കേന്ദ്രീകരിച്ചുള്ള കമ്യൂണിസ്റ്റു വിരുദ്ധ സഖ്യങ്ങളായിരുന്നു വിമോചന സമരത്തിനുശേഷമുള്ള സംസ്ഥാനത്തെ വലതുപക്ഷ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ പ്രധാന സഞ്ചാരപഥം. ആഗോളതലത്തിൽ ശീതയുദ്ധത്തിന്റെ ഭാഗമായി രൂപമെടുത്ത കമ്യൂണിസ്റ്റു വിരുദ്ധ പ്രചാരണം കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയസഖ്യങ്ങളുടെ പ്രധാന വിഭവമായിരുന്നു. കമ്യൂണിസ്റ്റു പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് സി.പി.ഐ കേരളത്തിൽ കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായതോടെ ഈ പ്രചാരണങ്ങളുടെ ലക്ഷ്യം സി.പി.എം മാത്രമായി. അടിയന്തരാവസ്ഥയെ തുടർന്നുളള 1977-ലെ പൊതുതെരഞ്ഞെടുപ്പിൽ അഖിലേന്ത്യ തലത്തിൽ കോൺഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ നിലയിലുള്ള മുന്നണികൾ കേരളത്തിൽ രൂപമെടുക്കുന്നത്.

കോൺഗ്രസുമായുള്ള സഖ്യം സി.പി.ഐ ഉപേക്ഷിക്കുന്നതും, കോൺഗ്രസിലെ പിളർപ്പും അതിന്റെ പ്രധാന ചാലക ശക്തികൾ ആയിരുന്നുവെങ്കിലും വൈകാതെ കേരളത്തിന്റെ സവിശേഷമായ സാമുദായിക സമവാക്യങ്ങൾ ഇരു മുന്നണികളുടെയും രാഷ്ട്രീയാടിത്തറയായി പരിണമിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ പിന്തുണയുടെ പ്രധാന അടിത്തറകൾ നായർ, ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങളായിരുന്നു. കേരള കോൺഗ്രസും, മുസ്‌ലിംലീഗും ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങളുടെ വോട്ടിന്റെ ഭൂരിപക്ഷവും യു.ഡി.എഫ് പക്ഷത്തേക്ക് ഉറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചപ്പോൾ സവർണ ഹൈന്ദവ വോട്ടുകളുടെ നല്ല പങ്ക് സമാഹരിക്കുന്നതിൽ കോൺഗ്രസും വഴിയൊരുക്കി. ഈഴവരും, ദളിതരും സവർണ സമുദായങ്ങളിലെ ചെറിയ ന്യൂനപക്ഷവുമായിരുന്നു സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫിന്റെ അടിത്തറ. ഇരു മുന്നണികൾക്കും ലഭിച്ചിരുന്ന വോട്ടു വിഹിതത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾ 2011 വരെയുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇല്ലായിരുന്നു.

ബി.ജെ.പിക്ക് ഒരു ബീ ടീം ആവശ്യമുണ്ടോ?

1982- 2011 കാലഘട്ടത്തിൽ ബി.ജെ.പി വോട്ടുവിഹിതം നാലു മുതൽ ആറു ശതമാനം വരെയായിരുന്നു. എന്നാൽ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 15 ശതമാനമായി വർധിച്ചു. ബി.ജെ.പിയുടെ വോട്ടുവിഹിതത്തിലുണ്ടായ ഈ വർധിനയുടെ തിക്തഫലം കോൺഗ്രസിനെയാണ് പ്രധാനമായും ബാധിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. കോൺഗ്രസിന് ലഭിച്ചിരുന്ന നായർ വോട്ടിന്റെ ഗണ്യമായ പങ്കും ബി.ജെ.പിയിലേക്കു മാറിയതായി വിലയിരുത്താമെന്നാണ് പിന്നീടുവന്ന തെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചന.

കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന വിമോചന സമരത്തിന് പിന്നാലെ അധികാരത്തിൽ നിന്നും നിഷ്കാസിതനായ ഇ. എം. എസ് സെക്രട്ടറിയേറ്റിലെ സഹപ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു / photo: dutchinkerala

2016-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ നേടിയ വോട്ടുവിഹിതം 2019-ലെ ലോക്‌സഭാതെരഞ്ഞെടുപ്പിൽ നേരിയ വർധനയോടെ നിലനിർത്തുന്നതിൽ ബി.ജെ.പി വിജയിച്ചു. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി വോട്ടുവിഹിതം നേരിയ തോതിൽ ഉയർന്നതായി കണക്കാക്കുന്നു. 2016-മുതൽ ബി.ജെ.പിയുടെ വോട്ടു വിഹിതത്തിലുണ്ടായ വർധനയുടെ സ്ഥിരത വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുന്ന പക്ഷം അതിന്റെ ആഘാതം കോൺഗ്രസിനെയാവും ഏറ്റവും ബാധിക്കുകയെന്ന കാര്യത്തിൽ സംശയമില്ല. കോൺഗ്രസിന് പരമ്പരാഗതമായി ലഭിച്ചിരുന്നു ഹിന്ദു സവർണ വോട്ടിന്റെ നല്ലൊരു പങ്കും ബി.ജെ.പിയിലേക്ക് സ്ഥിരമായി ചേക്കറിയതിന്റെ സൂചനയാണ് മുകളിൽ പറഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടുന്ന 15 ശതമാനം വോട്ടുവിഹിതം. സി.പി.എമ്മുമായുള്ള ശത്രുതയുടെ പേരിൽ യു.ഡി.എഫിന് അനുകൂലമായി വോട്ടു മറിച്ചിരുന്ന തന്ത്രപരമായ സമീപനം ബി.ജെ.പി ഇനി തുടരാൻ സാധ്യതയില്ലെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്ന് മനസ്സിലാക്കാനാവുക. മാത്രമല്ല 40-ഓളം നിയമസഭ സീറ്റുകളിൽ രണ്ടാം സ്ഥാനം കൈവരിക്കുകയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന പ്രചാരണം സംഘപരിവാർ വചന സദസ്സുകളിൽ വ്യാപകമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ 35-ഓളം നിയമസഭാ സീറ്റുകളിൽ 20 ശതമാനത്തിലധികം വോട്ടുവിഹിതം നേടിയതാണ് 40 സീറ്റുകളിൽ രണ്ടാം സ്ഥാനമെന്ന ബി.ജെ.പി പ്രചാരണത്തിന്റെ പ്രചോദനം. ഈയൊരു പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ കേരളത്തിൽ കോൺഗ്രസ് നേരിടുന്ന വൃദ്ധിക്ഷയം സംഘടനാപരമായ ചില സാങ്കേതിക പ്രശ്നങ്ങളും, പിഴവുകളും മാത്രമല്ലെന്നു വിലയിരുത്തേണ്ടി വരും.

ബി.ജെ.പിയുടെ പ്രവർത്തന പദ്ധതികൾ തിരിച്ചറിയുന്നതിനും ഉചിതമായ ചെറുത്തു നിൽപ്പുകൾ രൂപപ്പെടുത്തുന്നതിനും ശേഷിയുള്ള ഭാവനശാലികളുടെ നേതൃനിരയുടെ അഭാവം കോൺഗ്രസിൽ പ്രകടമാണ്

വിമോചന സമര കാലം മുതൽ കേരളത്തിലെ വലതുപക്ഷ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ഭ്രമണപഥം നിർണയിച്ചിരുന്ന സ്ഥാനത്തുനിന്ന് കോൺഗ്രസിനെ തള്ളിമാറ്റി ബി.ജെ.പി കടന്നുവരുന്നതിന്റെ പ്രക്രിയ കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ വരവോടെ കൂടുതൽ ദിശാബോധം നിറഞ്ഞ പ്രവർത്തനപദ്ധതിയായി മാറി. ബി.ജെ.പിയുടെ ഈ പ്രവർത്തന പദ്ധതികൾ തിരിച്ചറിയുന്നതിനും ഉചിതമായ ചെറുത്തു നിൽപ്പുകൾ രൂപപ്പെടുത്തുന്നതിനും ശേഷിയുള്ള ഭാവനശാലികളുടെ നേതൃനിരയുടെ അഭാവം കോൺഗ്രസിൽ പ്രകടമാണെന്ന കാര്യത്തിൽ സംശയമില്ല. അതിനേക്കാൾ പ്രധാനം കേരളത്തിലെ യാഥാസ്ഥിതിക വലതുപക്ഷത്തിന്റെ പ്രഭവ കേന്ദ്രമായി പ്രവർത്തിക്കുവാൻ രണ്ടു രാഷ്ട്രീയകക്ഷികളുടെ ആവശ്യമുണ്ടോയെന്നെ ചോദ്യമാണ്. അതിനുള്ള ഇടം കേരളത്തിലുണ്ടോ? കോൺഗ്രസും ഐക്യ ജനാധിപത്യ മുന്നണിയും നേരിടുന്ന ഘടനാപരമായ പ്രതിസന്ധികളിൽ പ്രധാനം ഇതാണ്. ശബരിമല ശൂദ്രലഹള അതിന്റെ ലക്ഷണമൊത്ത ഉദാഹരണമായിരുന്നു. ബി.ജെ.പിയുടെ ബി ടീം എന്ന നിലയിൽ പ്രവർത്തിക്കുന്നതിൽ കവിഞ്ഞ്

ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് കെ.സുധാകരനെ പോലുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളിലെ പ്രകടമായ വർഗീയ മതപരത സംഘപരിവാർ സൈദ്ധാന്തികരെ ഏറെ സന്തോഷിപ്പിക്കുന്നതായിരുന്നു

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനായില്ല. മാത്രമല്ല കെ.സുധാകരനെ പോലുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളിലെ പ്രകടമായ വർഗീയ മതപരത സംഘപരിവാർ സൈദ്ധാന്തികരെ ഏറെ സന്തോഷിപ്പിക്കുന്നതായിരുന്നു. ആചാര സംരക്ഷണമെന്ന പേരിൽ കോൺഗ്രസുകാർ നടത്തിയ പരിപാടികൾ അവയുടെ ഉള്ളടക്കത്തിലും, ദൃശ്യപരതയിലും സംഘപരിവാരിൽ നിന്ന് വളരെയൊന്നും ഭിന്നമായിരുന്നില്ല. സംസ്ഥാന സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി കോൺഗ്രസിനേക്കാൾ ഭാവനാശൂന്യമായതിനാൽ മാത്രം കോൺഗ്രസ് നേതാക്കളുടെ വർഗീയമായ മതപരത ചരിത്രത്തിൽ നിന്ന് ഇല്ലാതാവില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമല കോൺഗ്രസിന് നേട്ടമായി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയതോടെ രൂപപ്പെട്ട അസാധാരണമായ ന്യൂനപക്ഷ ധ്രുവീകരണം കൂടിയായപ്പോൾ കോൺഗ്രസും, ഐക്യ ജനാധിപത്യ മുന്നണിയും നേരിടുന്ന ഘടനാപരമായ വിഷയങ്ങൾ തൽക്കാലം പിന്നാക്കം പോയി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20-ൽ 19 സീറ്റും നേടിയ വിജയം അതുപോലെ ആവർത്തിക്കുന്നതിനുള്ള സാധ്യതകൾ വിരളമാണെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പും വ്യക്തമായ സൂചന നൽകുന്നു. കോൺഗ്രസിന്റെ പരമ്പരാഗത സവർണ ഹൈന്ദവ വോട്ടുവിഹിതത്തിൽ വന്ന ശോഷണത്തിന്റെ ഒപ്പം കൂട്ടിവായിക്കേണ്ട മറ്റൊരു വസ്തുത, ദേശീയതലത്തിൽ പാർട്ടി നേരിടുന്ന പ്രതിസന്ധിയാണ്. ഐക്യ ജനാധിപത്യ മുന്നണി രൂപീകരണത്തിനുശേഷമുള്ള മൂന്നു ദശകത്തോളം കേന്ദ്രം ഭരിച്ചിരുന്ന കക്ഷിയാണ് കോൺഗ്രസ്. മുന്നണി ഘടകകക്ഷികളെ വരുതിക്കുനിർത്തുവാൻ കേന്ദ്രഭരണം സംസ്ഥാനത്തെ കോൺഗ്രസിനെ സഹായിച്ച ഘടകമാണ്. കേന്ദ്രത്തിൽ അധികാരം നഷ്ടമായെന്നു മാത്രമല്ല ദേശീയതലത്തിൽ രാഷ്ട്രീയമായ തിരിച്ചുവരവിന്റെ സാധ്യത ശോഭനമല്ലെന്ന അവസ്ഥയിലാണ് കോൺഗ്രസ്. ഈയൊരു സാഹചര്യത്തിൽ ഘടകകക്ഷികൾ കോൺഗ്രസിന്റെ മേധാവിത്തം പഴയതു പോലെ അംഗീകരിക്കാനുള്ള സാധ്യതം കുറയുമെന്ന കാര്യത്തിലും സംശയമില്ല. ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് യു.ഡി.എഫ് വിടുന്നതിനുള്ള ഒരു കാരണം കോൺഗ്രസിന് പഴയ ആജ്ഞാശക്തി ഇല്ലെന്ന തിരിച്ചറിവാണ്.

അരക്ഷിതാവസ്ഥയിലായ കോൺഗ്രസ് നേതാക്കൾ

ക്ലിക്കിനെ പാർട്ടിയാക്കി മാറ്റുവാൻ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിനെ പോലുള്ളവർ ഏറെ പണിപ്പെട്ടതിന്റെ കഥകളാണ് ഉപ്പുസത്യാഗ്രഹം മുതലുളള കേരളത്തിലെ കോൺഗ്രസ് ചരിത്രം. പാർട്ടി ആയില്ലെങ്കിലും ക്ലിക്ക് ഗ്രൂപ്പുകളായി വളർന്നതിന്റെ ഭൂമിശാസ്ത്രം "കേരളം മലയാളികളുടെ മാതൃഭൂമി' ആയി മാറിയതോടെ പൂർത്തിയായി. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ ദേശപ്പെരുമകളുടെ പേരിലുള്ള "ഗ്രൂപ്പ് ലോയൽറ്റികൾ' തിരിഞ്ഞും, മറിഞ്ഞും കുതികാൽ വെട്ടുന്നതിന്റെ വിവരണങ്ങൾ പഞ്ചായത്ത് മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പുകൾ വരെയുള്ള മാധ്യമ വർണനകളിൽ കാണാം.

കരുണാകരൻ- ആന്റണി ഗ്രൂപ്പുകളുടെ ദ്വന്ദയുദ്ധങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ ഉമ്മൻചാണ്ടി - രമേശ് ചെന്നിത്തല എന്ന ദ്വന്ദയുദ്ധത്തിലേക്കുള്ള തലമുറ മാറ്റമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു

ദേശപ്പെരുമകളിൽ നിന്ന് "ഗ്രൂപ്പ് ലോയൽറ്റി' വ്യക്തിപ്പെരുമകളിൽ ചേക്കേറുന്നതിന്റെ അപദാനങ്ങൾ രാഷ്ട്രീയ വിശകലനങ്ങളായി അവതരിപ്പിക്കുന്ന ധർമം മാധ്യമങ്ങളുടെ വിപണനയുക്തി ഭംഗിയായി നിർവഹിച്ചിരുന്നു. കരുണാകരൻ- ആന്റണി ഗ്രൂപ്പുകളുടെ ദ്വന്ദയുദ്ധങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ ഉമ്മൻചാണ്ടി - രമേശ് ചെന്നിത്തല എന്ന തലമുറ മാറ്റമായി വേണ്ടത്ര അതിഭാവുകത്വത്തോടെയുളള അവതരണം ഉദാഹരണം. കേന്ദ്രത്തിലും, സംസ്ഥാനങ്ങളിലും വലിയ ഇളക്കമൊന്നുമില്ലാതെ രാഷ്ട്രീയധികാരം ഉറപ്പായിരുന്ന കാലത്തോളം കോൺഗ്രസിന്റെ നേതാക്കളും, അനുയായികളും മാത്രമല്ല പൊതുസമൂഹത്തിലെ പല വിഭാഗങ്ങളും ഇത്തരം വർണനകൾ നൽകുന്ന ഒരുതരം സുരക്ഷിതബോധം അനുഭവിച്ചിരുന്നു. രാഷ്ട്രീയാധികാരം കോൺഗ്രസിനായി ഉറപ്പാക്കിയിരുന്ന സാമ്പത്തിക- സാമൂഹിക ഘടകങ്ങൾക്ക് കേന്ദ്രത്തിലും, സംസ്ഥാനങ്ങളിലും ഇളക്കം തട്ടിയതോടെ എല്ലാ "കപടാവബോധങ്ങൾക്കും' സംഭവിക്കുന്ന തകർച്ച കോൺഗ്രസിന്റെ നേതാക്കളും, അനുയായികളും അനുഭവിക്കാൻ തുടങ്ങി. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള ചുവടുമാറ്റം ഈയൊരു തകർച്ചയുടെ സാക്ഷ്യങ്ങളാണ്.

കേരളത്തിലും സമാനസ്ഥിതി സംജാതമാവുമെന്ന ഉത്ക്കണ്ഠ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഏറെക്കുറെ പരസ്യമായി പ്രകടിപ്പിക്കുന്ന വിചിത്ര സാഹചര്യത്തലൂടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം കേരളം കടന്നുപോകുന്നത്. ബി.ജെ.പിയുടെ പ്രലോഭനത്തിൽ കോൺഗ്രസുകാർ കുടുങ്ങാതിരിക്കണമെങ്കിൽ യു.ഡി.എഫിനു വോട്ടു ചെയ്യണമെന്ന അപേക്ഷ പരോക്ഷമായെങ്കിലും ഈ ഉത്ക്കണ്ഠകളിൽ നിഴലിക്കുന്നു. കോൺഗ്രസ് മുക്ത കേരളത്തിനായി സി.പി.എമ്മും ബി.ജെ.പിയും കൈകോർക്കുന്നുവെന്ന പ്രചാരണത്തിലൂടെ സ്വന്തം അരക്ഷിതാവസ്ഥയെ അതിജീവിക്കുവാൻ കോൺഗ്രസിനു കഴിയുമോയെന്ന ചോദ്യം വരും ദിവസങ്ങളിൽ കൂടുതൽ സജീവമാവുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. പുതിയ തലമുറയിലെ ദൃശ്യ- ശ്രവ്യ മാധ്യമങ്ങളുടെ തളളിക്കയറ്റം പരമ്പരാഗത വിപണന യുക്തികളെ അപ്രസക്തമാക്കുന്ന സാഹചര്യത്തിൽ ഇത്തരം തന്ത്രപരമായ പ്രചാരണം വേണ്ടത്ര അവധാനതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അവ അൽപ്പായുസ്സായി ഒടുങ്ങുമെന്നു മാത്രമല്ല തിരിച്ചടിക്കുകയും ചെയ്യും. "തില്ലങ്കേരി മോഡൽ' എന്ന പേരിൽ പ്രമുഖ മലയാള പത്രത്തിൽ വന്ന വാർത്ത അതിന്റെ നല്ല ഉദാഹരണമാണ്. കേരളത്തിലെ കോൺഗ്രസുകാരുടെ ധർമസങ്കടം സംസ്ഥാനത്തെ മൊത്തം ജനങ്ങളുടേതാക്കി അവതരിപ്പിക്കുവാൻ കഴിയുന്നതിനെ ആശ്രയിച്ചാവും കോൺഗ്രസിന്റെയും, യു.ഡി.എഫിന്റെയും അതിജീവന ശേഷി നിയമസഭ തെരഞ്ഞെടുപ്പിൽ തീരുമാനിക്കപ്പെടുകയെന്നു പറഞ്ഞാൽ അസ്ഥാനത്താവില്ല. ▮

(1: വി.കെ.എൻ: ചാലപ്പുറം ക്ലിക്ക്, അയ്യായിരവും കോപ്പും സമാഹാരം, പേജ് 37)


കെ.പി. സേതുനാഥ്‌

ഡക്കാൻ ക്രോണിക്കിൾ മുൻ സീനിയർ എഡിറ്റർ. മുപ്പത് വർഷം പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളിൽ ജേണലിസ്റ്റ് ആയിരുന്നു. ഇപ്പോൾ ഫ്രീലാൻസ്​ ജേണലിസ്റ്റ് .

Comments