കെ റെയിൽ: ഡി.പി.ആറിന്റെ പശ്ചാത്തലത്തിൽ വിവരാവകാശ നിയമം പുനർവായി​ക്കേണ്ടതല്ലേ?

ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്നതാണ് കെ റെയിൽ ഡി പി ആർ എങ്കിൽ അത് നിരസിക്കപ്പെടാവുന്ന വകുപ്പിൽ വരുമെന്ന് പറയുന്നതുതന്നെ അടിസ്ഥാന രഹിതമാണ്. മാത്രമല്ല സദുദ്ദേശ്യപരമായി നൽകാവുന്ന രീതിയിൽ വിവരാവകാശ നിയമത്തിൽ തന്നെ വകുപ്പുകളുമുണ്ട്. ഡി.പി.ആർ പുറത്തുവിട്ട സാഹചര്യത്തിൽ അത്​ ഇതുവരെ തടഞ്ഞുവെക്കാൻ പറഞ്ഞ ന്യായങ്ങൾ വാസ്​തവവിരുദ്ധമായി മാറിയിരിക്കുന്നു.

സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ (ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട് | Dowload K rail DPR here) പദ്ധതി നടപ്പാക്കുന്നതുവരെ പുറത്തുവിടാൻ പാടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മുൻ വിവരാവകാശ കമ്മീഷണറുടെ വാദം വിവരാവകാശ നിയമത്തിനുതന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത മീറ്റിംഗിൽ ഒരു കമീഷണർ തന്നെ വിവരാവകാശ നിയമവും അതിന്റെ അന്തസ്സത്തയും മനസ്സിലാക്കാതെ നിലപാടെടുക്കുമ്പോൾ എന്താണ് വിവരാവകാശ നിയമം എന്നും എന്തുകൊണ്ട് കൊടുത്തുകൂടാ എന്നും ഗൗരവമായ ചർച്ചയ്ക്ക് വിധേയമക്കേണ്ടതുണ്ട്. വിവരാവകാശ നിയമത്തിൽ കൊടുത്തുകൂടാത്ത വിവരങ്ങളെക്കുറിച്ചും ഏതൊരു വിവരവും പൊതുതാത്പര്യം മുന്നിൽ വരുമ്പോൾ അതിന് മുൻതൂക്കം നൽകണമെന്നും വിവക്ഷിക്കപ്പെടുന്നു. ജീവനും സ്വത്തിനും ഭീഷണിയാണെങ്കിൽ നാല്പത്തി എട്ടു മണിക്കൂറിനുള്ളിൽ അതു നൽകണമെന്നും കൃത്യമായി നിർവചിച്ചിട്ടുണ്ട്. 2005 ൽ നിലവിൽ വന്ന ഈ നിയമം ഇപ്പോഴും കൃത്യമായി മനസ്സിലാക്കിയിട്ടില്ലെന്നു സാരം.

2005 സെപ്റ്റംബർ 24 നാണ് ഇന്ത്യയിൽ വിവരാവകാശ നിയമം ( Right to Information Act, 2005) നടപ്പിലാക്കിയത്. 1932 ലെ ഔദ്യോഗിക രഹസ്യ നിയമം നിർത്തലാക്കി, സുപ്രീം കോടതിയുടെ "വെളിപ്പെടുത്തലാണ് ചട്ടം രഹസ്യ സൂക്ഷിപ്പല്ല' എന്ന വിധിയുടെയും അരുണ റോയ്, അണ്ണാ ഹസാരെ തുടങ്ങിയ ഒട്ടേറെ സാമൂഹ്യ പ്രവർത്തകരുടെ പ്രക്ഷോഭങ്ങളുടെയും ശ്രമങ്ങളുടെയും പരിസമാപ്തിയായാണ് ഇന്ത്യയിൽ വിവരാവകാശനിയമം നിലവിൽ വരുന്നത്​. അതിന് മുൻപേ തന്നെ അറുപതില്പരം രാജ്യങ്ങളിൽ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും അഴിമതികുറഞ്ഞ നാടായ സ്വീഡനിലാണ് ആദ്യമായി ഈ നിയമം പ്രാബല്യത്തിൽ വന്നത്.

ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സംഘടനകളും, ഈ നിയമത്തിന്റെ പരിധിയിൽ വരും. ഇന്നും എന്തൊക്കെ ബലഹീനതകൾ ഈ നിയമം നടപ്പിലാക്കുമ്പോൾ ഉണ്ടെങ്കിലും ഒട്ടേറെ അഴിമതികളും കള്ളത്തരങ്ങളും ഔദ്യോഗിക ദുർവ്യയങ്ങളും പുറത്തുകൊണ്ടുവരാൻ കഴിയുന്നത് വിവരാവകാശ നിയമം കൊണ്ടുതന്നെയാണ്. വിവരാവകാശ നിയത്തിലെ എട്ടാം വകുപ്പിലാണ് കൊടുക്കുവാൻ കഴിയാത്ത വിവരങ്ങളെക്കുറിച്ചു സൂചിപ്പിക്കുന്നത്. അതിൽ പോലും പൊതു സ്വീകാര്യതയും താൽപര്യവും ഉണ്ടെങ്കിൽ വിവരങ്ങൾ നൽകണമെന്ന് തന്നെയാണ് പറയുന്നത്.

ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്നതാണ് കെ റെയിൽ ഡി പി ആർ എങ്കിൽ അത് നിരസിക്കപ്പെടാവുന്ന വകുപ്പിൽ വരുമെന്ന് പറയുന്നതുതന്നെ അടിസ്ഥാന രഹിതമാണ്. മാത്രമല്ല സദുദ്ദേശ്യപരമായി നൽകാവുന്ന രീതിയിൽ വിവരാവകാശ നിയമത്തിൽ തന്നെ വകുപ്പുകളുമുണ്ട്.

ജനാധിപത്യത്തിന്റെ പൂർണത കൈവരിക്കുക അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴാണ്. ലോകത്തിലെ ഏത് പ്രത്യയശാസ്ത്രങ്ങൾ എടുത്തു ചർച്ച ചെയ്താലും സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ, വികസനം സാധ്യമാവുക, ആത്മാഭിമാനമുള്ള ഒരു സമൂഹം നിലനിൽക്കുമ്പോഴാണ്. നിങ്ങൾ ഒരു ഉദ്യോഗസ്ഥൻ ആയാലും ഭരണാധികാരി ആയാലും സാധാരണ തൊഴിലാളി ആയാലും അവരവർക്കു ലഭിക്കേണ്ട, കിട്ടേണ്ട അധികാരങ്ങളും അംഗീകാരങ്ങളും അവകാശങ്ങളും സംരക്ഷിച്ചു കിട്ടുമ്പോഴാണ് ജനാധിപത്യം പുലരുന്നത്. Rights are the major indicator for the Progressiveness and Human development എന്നാണ് യു.എൻ, അവകാശ സംരക്ഷണത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യത്തിന് തലേദിവസം ചെങ്കോട്ടയിലേക്ക് പതാക ഉയർത്താൻ വിസമ്മതിച്ചുകൊണ്ട്​ ഗാന്ധി പറഞ്ഞത്, യഥാർത്ഥ സ്വാതന്ത്ര്യം നിലനിൽക്കുന്നത് ഒരു രാഷ്ട്രത്തിന്റെ ജനത, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട ജനത, എന്നാണോ സ്വതന്ത്രമാകുന്നത് അഥവാ എന്നാണോ എല്ലാ അടിച്ചമർത്തലിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും മോചിതരാവുന്നത് അന്നു മാത്രമേ ഒരു രാഷ്ട്രത്തിന് സ്വതന്ത്രമാകാൻ കഴിയുകയുള്ളൂ എന്ന്.

ഭരണഘടനയനുസരിച്ച് പൗരന് നൽകിയിട്ടുള്ള മൗലികാവകാശങ്ങളിൽ (അനുച്‌ഛേദം 19-1-a) അഭിപ്രായ സ്വാതന്ത്ര്യവും ഉൾപ്പെടുന്നു. ഈ സ്വാതന്ത്ര്യം കാര്യക്ഷമമായി വിനിയോഗിക്കണമെങ്കിൽ പൗരന് കൃത്യമായ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്. അതായത്, അറിയാനുള്ള അവകാശമുണ്ടെങ്കിൽ മാത്രമേ അഭിപ്രായവും രൂപീകരിക്കാൻ കഴിയുകയുള്ളൂ. ഈ അടിസ്ഥാന തത്വമാണ് വിവരാവകാശ നിയമത്തിലൂടെ സാധ്യമാകുന്നത്.

സ്വന്തം അവകാശങ്ങളെ അംഗീകരിച്ചു കിട്ടാത്ത ഒരു നാട്ടിൽ അഭിമാന ബോധമുള്ള ഒരു ജനത എങ്ങനെ ഉണ്ടാവും എന്നത് പ്രസക്തമായ ഒരു ചോദ്യം ആണ്. അതിന്റെ അനന്തരഫലം അത്യന്തം ശോചനീയമായതും ഭീകരവും ആയിരിക്കും. ഇത് ഭീകരവാദത്തിലേക്കും അരാജകത്വത്തിലേക്കും ഒരു രാഷ്ട്രത്തെ നയിക്കും. സകല മേഖലകളെയും അത് ബാധിക്കും. ഇത് ബുദ്ധിപരമായ അടിമത്തത്തിലേക്ക് ഒരു സമൂഹത്തെ നയിക്കും. ഇത് വളരെ ഭീകരമായ അവസ്ഥ ആയിരിക്കും സൃഷ്ടിക്കുക.

ഒരു ജനതയ്ക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന തോന്നൽ ഉണ്ടാവുമ്പോൾ തികഞ്ഞ നിരാശയും അപകർഷതാബോധവും സൃഷ്ടിക്കും എന്നുറപ്പ്. ഇത്തരം അവഗണനകൾ അവരെ ഒറ്റപ്പെടലിലേക്ക്, രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ ഒരു ജനാധിപത്യ രാഷ്ട്രത്തിന് മനുഷ്യാവകാശ സംരക്ഷണം നിലനിർത്തിയേ മുന്നോട്ടു പോകാൻ കഴിയൂ. മറിച്ചു അവർക്കു ലഭിക്കേണ്ട നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോൾ അത് അവരിലുണ്ടാക്കുന്ന മാനസിക സംഘർഷാവസ്ഥ വളരെ വലുതായിരിക്കും. അതുകൊണ്ടു തന്നെ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ അവകാശ സംരക്ഷണം നിലനിർത്താൻ ഭരണഘടന കൃത്യമായി മൗലിക അവകാശങ്ങളും ചുമതലകളും വ്യക്തമാക്കിയിട്ടുണ്ട്.

സ്വതന്ത്ര ഭാരതത്തിലെ വിപ്ലവാത്മക നിയമം എന്നാണ് വിവരാവകാശ നിയമത്തെ ഭരണഘടന വിവക്ഷിക്കുന്നത്. പൊതു അധികാര സ്ഥാപനങ്ങളിൽ നിന്ന് അറിയാനും പരിശോധിക്കാനും ശേഖരിക്കാനും ഇന്ത്യയിലെ ഏതൊരു പൗരനും നിയമത്തിന്റെയോ മറ്റു അധികാര പിന്തുണയുടെയോ ആവശ്യമില്ലാതെ സാധിക്കുന്നു, ഈ നിയമത്തിലൂടെ. സങ്കീർണമായ കോടതി നടപടികളില്ലാതെ, സമയബന്ധിതമായി (മുപ്പതു ദിവസത്തിനകം) രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുമുതൽ വില്ലേജ് ഓഫീസിൽ നിന്നുവരെ ഒരു പൗരനെന്ന രീതിയിൽ വിവരങ്ങൾ അറിയാൻ കഴിയും എന്നത് ഈ നിയമത്തിന്റെ മാത്രം പ്രത്യേകതയാണ്. 10 രൂപ കോർട്ടുഫീസ്​ സ്റ്റാമ്പ് പതിപ്പിച്ചു ലഭിക്കേണ്ട ഏതുവിവരവും, ഏത് കടലാസും ലഭിക്കുവാൻ ഈ നിയമത്തിലൂടെ കഴിയുന്നു. അത് ലഭ്യമാക്കിയില്ലെങ്കിൽ നിഷേധിക്കുന്ന, മറുപടി നൽകാത്ത ഏതുദ്യോഗസ്ഥനായാലും 30 ദിവസത്തിനുശേഷം വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വച്ചു പരമാവധി 25,000 പിഴ കൊടുക്കേണ്ടി വരും എന്നതുകൊണ്ട് ഈ നിയമം അനുസരിച്ച്​ കൃത്യമായി നടപടികളെടുക്കാൻ എല്ലാവരും നിർബന്ധിതരാവുന്നു.

കേരളത്തിൽ വിവരാവകാശനിയമം പ്രാവർത്തികമാക്കിയ 2005 സെപ്റ്റംബർ 24 മുതൽ പരിശോധിച്ചാൽ പിഴ ശിക്ഷ ലഭിച്ച ഉദ്യോഗസ്ഥർ വളരെ കുറവാണ്. അതിന്റെ മുഖ്യകാരണം വിവരാവകാശ നിയമത്തിലെ വകുപ്പുകൾ പൗരന് നൽകുന്ന സുരക്ഷ തന്നെയാണ്. 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ നേരിട്ട് വിവരാവകാശ കമ്മീഷന് പരാതി നല്കാം, വിവരാവകാശ കമീഷൻ വിധി പുറപ്പെടുവിക്കും, അതിനെ ചോദ്യം ചെയ്യാൻ സാധാരണ കോടതികൾക്ക് അധികാരമില്ല. ഹൈകോടതിയിൽ റിട്ട് കൊടുക്കുക മാത്രമേ വഴിയുള്ളൂ. ഇപ്പോഴും പൊതു ജനം ഈ നിയമത്തെ പൂർണമായി അറിയുന്നില്ലെന്നതും ഉപയോഗിക്കുന്നില്ലെന്നതുമാണ് ഏറെ ദുഃഖകരം. കേരളത്തിൽ കേരള പഞ്ചായത്ത് രാജ് നിയമത്തിൽ ‘അറിയാനുള്ള അവകാശം' 1999ലെ ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തിരുന്നു. അതുവഴി, ഇതുമായി ബന്ധപ്പെട്ട രേഖകൾ ജനങ്ങൾക്ക് ലഭ്യമായി.

അഴിമതി, സ്വജനപക്ഷപാതം, വൈകിപ്പിക്കൽ എന്നിവയിൽ നിന്ന് സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങളെ മുക്തമാക്കാൻ കഴിയുന്ന ഈ നിയമം കൂടുതൽ ആളുകൾ ഉപയോഗിച്ച് സുതാര്യത, നീതി, സമയ ബന്ധിത സേവന വിതരണം എന്നിവ ഉറപ്പാക്കാൻ കഴിയുമ്പോൾ നമ്മുടെ പൊതുമേഖലാ വകുപ്പുകൾ സദ്ഭരണ സ്ഥാപനങ്ങളായി മാറും. വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കാനുള്ള ശ്രമങ്ങൾ പല ഭാഗങ്ങളിൽ നിന്നും നടന്നു വരുന്നു. ഏതൊരു ചെറിയ ഭേദഗതിയും ഈ നിയമത്തെയും അതിന്റെ പ്രസക്തി തന്നെയും ഇല്ലാതാക്കിക്കളയും. ധാരാളം വിവരാവകാശ പ്രവർത്തകർ ഈ നിയമത്തിന്റെ പേരിൽ രക്തസാക്ഷികളായിട്ടുണ്ട്.

ഇനിയുമേറെ ജനങ്ങൾ വിവരാവകാശ നിയമത്തെ കുറിച്ചു അറിയേണ്ടതുണ്ട്, ഉപയോഗിക്കേണ്ടതുണ്ട്, കൂടുതൽ കൂടുതൽ ജനങ്ങൾ അത് കാര്യക്ഷമമായി ഉപയോഗിക്കുകയും ഭരണം സുതാര്യമാക്കുകയും ചെയ്യേണ്ടതുണ്ട്. അതിന് വിവരാവകാശ നിയമം ഇനിയും കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്. വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുമ്പോൾ സർക്കാരുകൾ വളരെ ജാഗ്രത പുലർത്തേണ്ടതാണ്. നിയമത്തിൽ പറയുന്നതുപോലെ ഉന്നതമായ, പൊതുജീവിതത്തിൽ കറപുരളാത്ത, ഭരണ പ്രതിപക്ഷത്തിന് സുസമ്മതരായ വ്യക്തികളെയാണ് ഈ സ്ഥാനത്തു കൊണ്ടുവരേണ്ടത്. എന്നാൽ രാഷ്ട്രീയ അതിപ്രസരം കൊണ്ട് പലപ്പോഴും ഇതിനു കഴിയുന്നില്ലെന്നതാണ് സമീപകാല നിയമനങ്ങൾ വ്യക്തമാക്കുന്നത്.

ഇനിയുള്ള കാലം അറിയാനും നിർഭയരായി മുന്നോട്ടു പോവാനുമുള്ളതാണ്. തുല്യത, നീതി എന്നിവ ജാതി, മത, വർഗ വർണമന്യേ ലഭിക്കേണ്ടതുണ്ട്. അതിന് ഇനിയും ഈ നിയമം യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കേണ്ടതുണ്ട്. അതിൽ വെള്ളം ചേർക്കാനും തെറ്റിദ്ധരിപ്പിക്കാനും പാടില്ല. വെളിപ്പെടുത്തലാണ് നിയമം രഹസ്യമാക്കി വയ്ക്കലല്ല എന്ന ഔദ്യോഗിക രഹസ്യ നിയമം റദ്ധാക്കി കൊണ്ട് സുപ്രീം കോടതി വിധി നമ്മുടെ മുമ്പിൽ ഉണ്ടെന്നതും ഓർക്കണം.

Comments