സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കല്ലിടലുമായി സർക്കാർ മുന്നോട്ടുതന്നെ പോവുകയാണ്. ഗ്രാമനഗരഭേദമന്യേ കേരളത്തിന്റെ വ്യത്യസ്തയിടങ്ങളിൽ രൂക്ഷമായ പൊട്ടിത്തെറികളും ബഹളങ്ങളുമൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരും പൊലീസുമടങ്ങുന്ന സന്നാഹങ്ങൾ ഒരു ഭാഗത്ത്, സ്ത്രീകളും കുട്ടികളും വൃദ്ധരുമൊക്കെയടങ്ങുന്ന കുടുംബങ്ങൾ മറുഭാഗത്ത്. ഇതിനിടയിൽ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്, ജനങ്ങൾക്കാർക്കും സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുമില്ല എന്നും, ഈ സമരങ്ങളെല്ലാം സംഘടിപ്പിക്കുന്നത്, സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വികസന വിരുദ്ധ വിദ്രോഹ സഖ്യമാണെന്നുമാണ്.
എന്നാൽ എന്താണ് കെ റെയിൽ പദ്ധതിയെന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത, കാലങ്ങളായി താമസിക്കുന്ന ഭൂമിയിൽ നിന്ന് കുടിയൊഴിയേണ്ടി വരുമെന്ന ഭീതിയിൽ കഴിയുന്ന സാധാരണക്കാരുടെ പുരയിടങ്ങളിലേക്ക് ഒരു മുന്നറിയപ്പുമില്ലാതെ അതിക്രമിച്ചു കയറി കല്ല് സ്ഥാപിച്ചവർക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. ഇവരിൽ പല കുടുംബങ്ങളും പദ്ധതിക്ക് എതിരെ നിൽക്കുന്നവർ പോലുമല്ല. പ്രസ്തുത സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കല്ലിടലിന്റെ പേരിൽ രൂക്ഷമായ സംഘർഷങ്ങൾ നടന്ന വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട്.