കെ- റെയിൽ: അംഗീകാരത്തിനുമുമ്പ്​ തിടുക്കപ്പെട്ട്​ ഭൂമി ഏറ്റെടുക്കൽ നടപടി എന്തിന്​?

കേന്ദ്ര ഗവൺമെന്റിന്റെയോ റെയിൽവേ ബോർഡിന്റെയോ അംഗീകാരം ലഭിക്കുന്നതിന് മുമ്പായി കെ- റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിന് മുഴുവൻ സർവേ നമ്പറുകളും പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. അതുവഴി മേൽ പറഞ്ഞ മുഴുവൻ ഭൂമിയുടെയും ക്രയവിക്രയം തടസ്സപ്പെട്ടിരിക്കുകയാണ്.

സംസ്ഥാന- കേന്ദ്ര സർക്കാറുകളുടെ സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്​മെൻറ്​ കോർപറേഷന്റെ (KRDCL) സിൽവർ ലൈൻ പദ്ധതിയെപ്പറ്റി ചർച്ച നടക്കുകയാണല്ലോ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 532 കി.മി. ദൈർഘ്യമുള്ള സെമി ഹൈ സ്പീഡ്​ റെയിൽവേ നിർമിക്കുവാൻ 64,000 കോടി രൂപ ചെലവ്​ കണക്കാക്കുന്ന പദ്ധതിയാണ്​ തയ്യാറാക്കിയിരിക്കുന്നത്​.

വിസ്​മയകരമായ കാര്യം, വിശദ പദ്ധതി രൂപരേഖ തയ്യാറാക്കിയ Systraകണക്കുകൂട്ടിയ 63,940 കോടി രൂപയുടെ സ്ഥാനത്ത് നിതി ആയോഗ് എന്ന, കേന്ദ്ര സർക്കാറിന്റെ പരമോന്നത നയ ഉപദേശക വിദഗ്ദ്ധ സംഘം 1,26,081 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്ന് അസന്ദിഗ്​ധമായി കണ്ടെത്തിയിരിക്കുന്നു. Systra തയ്യാറാക്കിയ വിശദ പദ്ധതി രൂപരേഖ പ്രകാരം ഒരു കിലോമീറ്റർ സിൽവർ ലൈൻ നിർമാണ ചെലവ് 121 കോടി രൂപയാണ്. അതേസമയം യഥാർത്ഥ ചെലവായി നിതി ആയോഗ് കണ്ടെത്തുന്നത് കിലോമീറ്റിറിന് 238 കോടി രൂപയാണ്​. സാധാരണ ഇന്ത്യൻ ബ്രോഡ്‌ഗേജ് റെയിൽവേക്ക് ഒരു കിലോമീറ്റർ നിർമാണത്തിന് 20 മുതൽ 30 വരെ കോടി രൂപ ചെലവുവരുമ്പോൾ അതിന്റെ ആറിരട്ടിയലധികമാണ് സിൽവർ ലൈനിനുവേണ്ടി ഉദ്ദേശിക്കുന്ന സ്​റ്റാ​​ന്റേർഡ്​ ​ഗെയ്​ജിന്റെ ഒരു കിലോമീറ്ററിന് വേണ്ട ചെലവ്. ഭൂമിയേറ്റെടുക്കലിന് DPR വകയിരുത്തിയത് 13,265 കോടി രൂപയാണ്. എന്നാൽ, നിതി ആയോഗ് കണക്കുകൂട്ടുന്നത് 28,157 കോടി രൂപയാണ്.

രണ്ടര കോടി ജനസംഖ്യയുള്ള നഗരസഭ കടന്നുപോകുന്ന മുംബൈ, സൂററ്റ് അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിലെ പ്രതീക്ഷിത യാത്ര ദിവസം 37,500 യാത്രക്കാർ മാത്രമാണ്. അതേസമയം 50 ലക്ഷം മാത്രം ജനസംഖ്യയുള്ള 11 ജില്ലാ തലസ്ഥാനങ്ങൾ കടന്നുപോകുന്ന സിൽവർ ലൈൻ 80,000 യാത്രക്കാരെ കണക്കിലെടുക്കുന്നു. KRDCL അവകാശവാദമുന്നയിക്കുന്നതുപോലെ അതിന്റെ മുഴുവൻ ശേഷിയും ഉപയോഗിച്ച് 675 യാത്രക്കാരുമായി 37 തവണ സർവ്വീസ് നടത്തിയാലും 24,975 യാത്രക്കാർ മാത്രമാണ് സാധ്യമാവുക. എവിടെനിന്നാണ്​ 80,000 യാത്രക്കാരുടെ കണക്ക്​ കിട്ടിയത്​?.

ആവശ്യമായ അംഗീകാരങ്ങൾ ഇല്ലാത്തതിനാൽ സെന്റർ ഫോർ എൻവയോൺമെൻറ്​ ആൻഡ് ഡെവലപ്പ്‌മെൻറ്​ എന്ന സ്ഥാപനം നടത്തിയ പരിസ്ഥിതി ആഘാതപഠനം (EIA) അസാധുവാണ്. വീണ്ടും 96 ലക്ഷം രൂപ ചെലവിൽ EIA നടത്താനുള്ള ടെൻഡർ KRDCL ക്ഷണിച്ചിരിക്കുന്നു. അനുവദിച്ച സമയപരിധി 14 മാസമാണ്​. കൂടാതെ, കേരള ഹൈക്കോടതിയുടെ W-PC 18002/20 കേസിലെ 29/01/2021 ലെ ജഡ്ജ്‌മെൻറ്​ പ്രകാരം യൂണിയൻ ഗവൺമെന്റിന്റെയും, റെയിൽവേ ബോർഡിന്റെയും മറ്റ് ആധികാരിക കേന്ദ്രങ്ങളുടെയും സമ്പൂർണ അനുമതികളോടു കൂടി മാത്രമേ ഭൂമിയേറ്റെടുക്കൽ ആരംഭിക്കാൻ കഴിയൂ. ഇതുവരെ ലഭിച്ച തത്ത്വത്തിലുള്ള അനുമതി ഇക്കാര്യത്തിൽ അപര്യാപ്തമാണ്. അതുകൊണ്ട്​, റെയിൽവേ ബോർഡിന്റെയും കേന്ദ്ര സർക്കാറിന്റെയും ശരിയായ അനുമതികൾ ലഭിച്ച ശേഷവും 2022 ഒക്‌ടോബറോടെ മാത്രം അവസാനിക്കാൻ സാധ്യതയുള്ള സാമൂഹ്യാഘാത പഠനങ്ങൾ പൂർത്തിയായതിനു ശേഷവും മാത്രമേ ഭൂമിയേറ്റെടുക്കൽ ആരംഭിക്കാനാവൂ.

കിലോമീറ്ററിന് 2.75 രൂപ എന്നത് 63,940 കോടി പ്രോജക്ട് ചെലവ് പ്രതീക്ഷിച്ച്​നിർണയിച്ച യാത്രാകൂലിയാണ്. അതേസമയം യഥാർത്ഥ പ്രോജക്ട് ചെലവ് 1,26,000 കോടി വരുമെന്ന് നിതി ആയോഗ് ഇതിനകം വിലയിരുത്തിക്കഴിഞ്ഞു. പ്രോജക്ട് കോസ്റ്റിലെ വർദ്ധനവും സമയപരിധി അതിക്രമിക്കുന്നതും, വിദേശ നാണയ വിനിമയം വഴി വരാവുന്ന പ്രതീക്ഷിത വർദ്ധനവും, 30,000 കോടിയോളം രൂപ വിദേശ വായ്പ വാങ്ങേണ്ട സാഹചര്യങ്ങളും 2.75/കിലോമീറ്റർ എന്ന യാത്രാനിരക്ക് അസാധ്യമാക്കും. യാതൊരു വിദേശ ഇറക്കുമതിയും ആവശ്യമില്ലാത്ത പൂനെ- നാസിക് സെമി ഹൈസ്പീഡ് റെയിൽവേ പ്രതീക്ഷിക്കുന്ന യാത്രാക്കൂലി കിലോമീറ്ററിന് നാലു രൂപയാണ്. അതേ നാലു രൂപ വച്ച് കണക്കു കൂട്ടിയാൽ നിലവിൽ ഇന്ത്യൻ റെയിൽവേയിൽ 200 രൂപ വരുന്ന എക്​സ്​പ്രസ്​ യാത്രയുടെ സ്ഥാനത്ത് 2120 രൂപക്ക് തിരുവനന്തപുരം- കാസർഗോഡ് വരെയുള്ള യാത്ര കേരളത്തിലെ സാധാരണക്കാർക്ക് താങ്ങാനാവില്ല.

വിഭാവനം ചെയ്യുന്ന വേഗത മണിക്കൂറിൽ 200 കിലോമീറ്റർആണെങ്കിലും ശരാശരി വേഗത 132 കിലോമീറ്റർ മാത്രമായിരിക്കും. അതായത് തിരുവനന്തപുരത്തുനിന്ന്​ കാസർഗോഡ് വരെ 530 കിലോമീറ്റർ യാത്ര ചെയ്യാൻ നാലു മണിക്കൂർ സമയമെടുക്കും.

സിൽവർ ലൈൻ വേറിട്ടു നിൽക്കുന്ന സ്റ്റാൻഡേർഡ് ഗേജ് റെയിൽവേ ലൈൻ ആയതിനാൽ അതൊരിക്കലും നിലവിലുള്ള റെയിൽവേ ലൈനുമായി യോജിപ്പിക്കുവാനോ, ഭാവിയിലെ ആവശ്യപ്രകാരം ഹൈസ്പീഡ് ലൈനായി പരിവർത്തനപ്പെടുത്തുവാനോ കഴിയില്ല.

റെയിൽവേ ബോർഡ് ചെയർമാൻ സിൽവർ ലൈൻ പദ്ധതിയുടെ പ്രയോജനങ്ങളെക്കുറിച്ച് വിശദീകരണം നൽകുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി വാർത്തയുണ്ട്​. വിഴിഞ്ഞം തുറമുഖത്തുനിന്നും ഇതര മേഖലകളിൽ നിന്നുമുള്ള ചരക്കു ഗതാഗതത്തെ ഈ പദ്ധതി എപ്രകാരം സഹായിക്കും എന്നറിയിക്കുവാനും ആവശ്യപ്പെട്ടതായി പറയുന്നു.

ലോകം മുഴുവൻ 350 kmph മുതൽ 500 kmph വരെ വേഗതയുള്ള ബുള്ളറ്റ് ട്രെയിനുകൾ പ്രാവർത്തികമാക്കുകയും 1000 kmph വേഗതയുള്ള ഹൈപ്പർ ലൂപ്പിൽ ഗവേഷണം നടത്തുകയുമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. പൂനെ നാസിക് സെമി ഹൈസ്പീഡ് ട്രെയിൻ പോലും 250 kmph- ലാണ് വിഭാവനം ചെയ്യുന്നത്. 2025 ഓടെ ഇന്ത്യൻ റെയിൽവേ എല്ലാ എക്​സ്​പ്രസ്​ട്രെയിനുകളും 160 kmph-നും അതിനു മുകളിലും ഓടിക്കുമ്പോൾ 2030 നോ അതിനു ശേഷമോ മാത്രം പ്രാവർത്തികമാകുമെന്ന് പ്രതീക്ഷിക്കുന്ന, മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുണ്ടെന്ന് അവകാശപ്പെടുന്ന, മണിക്കൂറിൽ 132 കിലോമീറ്റർ മാത്രം ശരാശരി വേഗതയുള്ള സിൽവർ വർലൈനിനു വേണ്ടി ഭീമമായ സാമൂഹ്യ- സാമ്പത്തിക- പാരിസ്ഥിതിക നാശങ്ങളെ അവഗണിക്കുക എന്നത് തികച്ചും അപഹാസ്യമാണ്.

സിൽവർലൈൻ അലൈൻമെനൻറ്
സിൽവർലൈൻ അലൈൻമെനൻറ്

530 കിലോമീറ്റർ ദൈർഘ്യം വരുന്ന സിൽവർ ലൈനിൽ വെറും 88 കിലോമീറ്റർ മാത്രമാണ് ഇലവേറ്റഡ് ആയി കടന്നുപോകുന്നത്. ബാക്കി 410 കിലോമീറ്റും embankment ലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ട്​, ഈ 410 കിലോമീറ്ററിലും ഇരുവശങ്ങളിലും 15 അടിയോളം ഉയരമുള്ള സംരക്ഷിത ഭിത്തി നിർമ്മിക്കേണ്ടിവരും. ഇത് കേരള സംസ്ഥാനത്തെ പൂർണ്ണമായും രണ്ടായി പിളർത്തു. ഏകദേശം ആയിരത്തോളം ഓവർ ബ്രിഡ്ജുകളും അണ്ടർ പാസ്സുകളും (ROB/RUB) നിർമ്മിക്കേണ്ടി വരും. നമുക്കറിയാം ഇടപ്പള്ളിയിലെ ഒരൊറ്റ റെയിൽ വേ ഓവർ ബ്രിഡ്ജ് നിർമ്മിക്കുവാൻ പതിനാല് വർഷങ്ങളെടുത്തു. കൊല്ലത്തേയും ആലപ്പുഴയിലേയും ഏതാനും കിലോമീറ്റർ ബൈപാസ് നിർമ്മിക്കാൻ നാൽപത് വർഷങ്ങളെടുത്തു. പത്തു വർഷം മുമ്പ് ആരംഭിച്ച കൊച്ചിയിലെ സ്മാർട്ട് സിറ്റി ഒരിഞ്ചു മുന്നോട്ടു പോയിട്ടില്ല. 25 കിലോമീറ്റർ വരുന്ന കൊച്ചി മെട്രോയുടെ ആദ്യഭാഗം നിർമ്മിക്കുവാൻ ഭൂമിയേറ്റെടുക്കലിനു ശേഷം 48 മാസങ്ങളെടുത്തു. മുകളിൽ സൂചിപ്പിക്കപ്പെട്ട സാഹചര്യങ്ങളും വസ്തുതകളും അനുസരിച്ച് ഈ പദ്ധതി 2034 മുമ്പേ തീർക്കാനാകുന്നതല്ല..

മുളക്കുളം പ്രദേശത്ത് 100 പാരമ്പര്യ മത്സ്യബന്ധന കുടുംബങ്ങളെ കുടിയിറക്കേണ്ടി വരുന്നു. അവരുടെ താമസസ്ഥലത്തിനു സമീപമുള്ള മുവാറ്റുപുഴയാറിൽ മത്സ്യബന്ധനം നടത്തിയാണ് അവർ ജീവസന്ധാരണം നടത്തുന്നത്.

കുടിയിറക്കപ്പെടുന്നതിലൂടെ തങ്ങളുടെ ജീവിതോപാധികളിൽ നിന്നും അവർ ആട്ടിയോടിക്കപ്പെടും. അത് വളരെ ഗുരുതരമായ പ്രശ്‌നമാണ്.

സംരക്ഷണ ഫെൻസിന്റെ നിർമ്മാണം കേരളത്തിൽ നിലവിലുള്ള അനവധി റോഡുകളുടെ ശൃംഖലയെ പ്രതികൂലമായി ബാധിക്കും.

132 കിലോമീറ്റർ നീളത്തിൽ നെൽ വയലുകളും തണ്ണീർത്തടങ്ങളും മണ്ണുകൊണ്ടും പാറ കൊണ്ടും നികത്തിയെടുക്കുക വഴി സുഗമമായ നീരൊഴുക്ക് തടയപ്പെടും. 132 കിലോമീറ്റർ നെൽവയലുകളും നീർത്തടങ്ങളും നികത്തുന്നത് നീർ വാർച്ച തടയുകയും ഗ്രൗണ്ട് വാട്ടർ ലെവൽ താഴുന്നതിന് കാരണമാകുകയും ചെയ്യും. അത് ആ പ്രദേശങ്ങളിൽ ആത്യന്തികമായി വരൾച്ചയ്ക്ക് കാരണമാകുകയും ചെയ്യും.

നിർമ്മിക്കാനുദ്ദേശിക്കുന്ന റെയിൽവേ തൃശൂരിലെ കോൾ നിലങ്ങൾക്കും പ്രസിദ്ധമായ കടലുണ്ടി പക്ഷിസങ്കേതത്തിനും, കണ്ണൂരിലെ "മാടായിപ്പാറ’ക്കും നാശമുണ്ടാക്കും.

ഈ പദ്ധതി ലാഭകരമാക്കുന്നതിനുവേണ്ടി നിർദ്ദിഷ്ട സ്റ്റേഷനുകളുടെ സമീപത്തായി സ്മാർട്ട് സിറ്റികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നിർമ്മിതിക്കായി 2500 ഏക്കർ ഭൂമി വികസിപ്പിക്കുന്നതിനുവേണ്ടി ഇതിനോടകം ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു. 12 വർഷങ്ങൾ മുമ്പ് നിർമ്മാണം ആരംഭിച്ച കൊച്ചി സ്മാർട്ട് സിറ്റി ഒരിഞ്ചു പോലും മുമ്പോട്ട് പോയില്ല. ആയതിനാൽ പരിഗണനയിലുള്ള 10 സ്മാർട്ട് സിറ്റികളുടെ നിർമ്മാണം അപ്രായോഗികവും പൊതു ഖജനാവിന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തി വെക്കുന്നതുമാണ്. വികസിപ്പിക്കുന്നതിനുവേണ്ടി ടെൻഡറുകൾ വിളിക്കപ്പെട്ട 2500 ഏക്കർ ഭൂമികളിൽ FACT- ന്റെ ഉടമസ്ഥതയിലുള്ള 300 ഏക്കറും, HMT യുടെ ഉടമസ്ഥതയിലുള്ള 200 ഏക്കറും ഉൾപ്പെടുന്നു. എന്നാൽ വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നത് പ്രകാരം മേൽപ്പറഞ്ഞ ടെൻഡറുകൾ ക്ഷണിക്കപ്പെട്ടത് ഭൂമിയുടമയായ യൂണിയൻ ഗവൺമെന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്. ആയതിനാൽ അത് നിയമ വിരുദ്ധവും, ശുദ്ധ തട്ടിപ്പിന് സമാനവുമാണ്.

നിക്ഷേപ പൂർവ്വ പ്രവൃത്തികൾ (Pre investment Activities) നടത്തുന്നതിനുള്ള തത്ത്വത്തിലുള്ള അനുമതി (In Principle Approval) മാത്രമാണ് റെയിൽ വേ ബോർഡ് ഈ പദ്ധതിക്ക് നൽകിയിട്ടുള്ളത്.

കൂടാതെ റെയിൽ അലൈൻമെന്റ് പലയിടങ്ങളിലും മാറ്റം വരുത്തുന്നതിനായി സതേൺ റെയിൽവേ, എറണാകുളം, KRDCL-നോട് ആവശ്യപ്പെട്ടിരിക്കുന്നു. ഈ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് ഭൂമിയേറ്റെടുക്കൽ നടപടികളുമായി KRDCL മുന്നോട്ട് പോവുകയാണ്.

കേരളാ ഹൈക്കോടതി റിട്ട് പെറ്റീഷൻ 18002/20- ന്റെ 29/01/2021 ലെ വിധിയിലൂടെ ഈ പ്രോജക്ടുമായി മുന്നോട്ടു പോകുന്നതിനു മുമ്പായി യൂണിയൻ ഗവൺമെന്റിന്റെയും, റെയിൽവേ ബോർഡിന്റെയും ഇതര ഏജൻസികളുടെയും നിയമാനുസൃത അനുമതി KRDCL കരസ്ഥമാക്കിയിരിക്കണമെന്ന് വ്യക്തമായി നിഷ്‌ക്കർഷിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കുന്ന വിഷയത്തിൽ 2013 ഭൂമിയേറ്റെടുക്കൽനിയമത്തിന്റെ 30 വകുപ്പ് അതിന്റെ യഥാർത്ഥ വാക്കിലും ആത്മാവിലും കൃത്യമായും ഉൾക്കൊണ്ടു മാത്രമേ മുമ്പോട്ട് പോകാവു എന്നും മേൽ പറഞ്ഞ കേസിൽ നിർദ്ദേശങ്ങളുണ്ട്. എന്നാൽ അതിനു നേർ വിപരീതമായി യൂണിയൻ ഗവൺമെന്റിന്റെയോ റെയിൽവേ ബോർഡിന്റെയോ നീതി ആയോഗിന്റെയോ അനുമതി നേടാതെ KRDCL ഭൂമിയേറ്റെടുക്കൽ പ്രക്രിയക്ക് തുടക്കമിട്ടു കഴിഞ്ഞു.

വല്ലാർപാടം കണ്ടെയ്‌നർ ബെർത്തിനു വേണ്ടി മൂലംപള്ളിയി നിന്നും കുടിയിറക്കപ്പെട്ട 326 കുടുംബങ്ങളിൽ 250 കുടുംബങ്ങൾ ഇപ്പോഴും പുനരധിവസിക്കപ്പെടാതെ പെരുവഴികളിൽ പ്ലാസ്റ്റിക്ക് ഷീറ്റുകൾക്ക് കീഴെ അന്തിയുറങ്ങുന്നു. 20000 കുടുംബങ്ങളും ഒരു ലക്ഷത്തിലേറെ മനുഷ്യരും ഈ പദ്ധതിയിൽ കുടിയിറക്കപ്പെടുമെന്ന് കണക്കാക്കിയിരിക്കുന്നു.

KRDCL റെയിൽവേ ലൈനിനുവേണ്ടി 15 മുതൽ 25 വരെ മീറ്റർ ഭൂമി ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്നു. സാധാരണ പാസഞ്ചർ ട്രെയിനുകൾ ഓടുന്ന ട്രാക്കിനുപോലും ഏറ്റവും ചുരുങ്ങിയത് 40 മീറ്റർ വേണ്ടി വരുന്നു. ശബ്ദ മലിനീകരണത്തിൽ നിന്നും പ്രകമ്പനങ്ങളിൽ നിന്നും സമീപത്ത് താമസിക്കുന്നവരെ ഒഴിവാക്കുന്നതിന് ഇത് ആവശ്യമാണ്. 15 മുതൽ 25 വരെ വീതി മാത്രമുള്ള ട്രാക്കിൽ പാളം തെറ്റൽ പോലുള്ള അപകടങ്ങൾ ഉണ്ടായാൽ സമീപത്ത് താമസിക്കുന്നവരിൽ അതുണ്ടാക്കുന്ന ആഘാതം ഭീതിജനകമായിരിക്കും.

റെയിൽവേ സ്റ്റേഷനുകൾ അധികവും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് നിലവിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ നിന്നും, ബസ് സ്റ്റാൻഡുകളിൽ നിന്നും വളരെ അകലെ മാറിയുള്ള സ്ഥലങ്ങളിലാണ്. തിരുവനന്തപുരത്തെ സ്റ്റേഷൻ നഗരത്തിൽ നിന്നും അഞ്ചു കിലോ മീറ്റർ അകലെ വേളിയിലാണ്. മറൈൻ ഡ്രൈവിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയുള്ള കാക്കനാട് ആണ് എറണാകുളം സ്റ്റേഷൻ ഉദ്ദേശിക്കുന്നത്. അതുപോലെ തന്നെ കൊല്ലം, കോട്ടയം, തൃശൂർ സ്റ്റേഷനുകളും നിലവിലുള്ള സ്റ്റേഷനുകളിൽ നിന്നും അകലെയാണ്. അതുകൊണ്ടുതന്നെ സാധാരണ പൊതു ഗതാഗത സൗകര്യങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാരന് ഈ ലൈൻ തീരെ പ്രയോജനകരമല്ല.

കേരള സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായിട്ടു കൂടി നാളിതുവരെ സംസ്ഥാന നിയമസഭയിലോ, സംസ്ഥാനത്തെ പാർലമെന്റ് അംഗങ്ങളുമായോ ഇതേപ്പറ്റി ചർച്ചകൾ നടത്തിയിട്ടില്ല.

നാഷണൽ ഗ്രീൻ ട്രൈബൂണൽ ഓർഡർ നൽകിയത് പോലെ ഫീസിബിലിറ്റി റിപ്പോർട്ടോ, EMP tbm സമർപ്പിക്കുവാൻ തയ്യാറായിരിക്കുക വഴി NGT നിർദ്ദേശത്തെ KRDCL അവഗണിച്ചു.

നീതി അയോഗ് Letter No: F.No. 7/48/2020 തീയതി 31.03.2021 വ്യക്തമാക്കിയിരിക്കുന്നത് തിരിച്ചടവ്, പലിശ, ത്രികക്ഷി കരാറുവഴി സംഭവിക്കുന്ന പണം നഷ്ടം, നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകൾ വഴിയുണ്ടാകുന്ന ധനകുറവ്, പ്രോജക്ട് വഴിയുണ്ടാകുന്ന അധിക ചിലവ് എന്നിവയ്ക്ക് യൂണിയൻ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ബജറ്റ് വിഹിതമോ മറ്റു ബാദ്ധ്യതകളോ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്.

ലഭ്യമായത്ര വിവരങ്ങൾ വ്യക്തമാക്കുന്നത് പ്രോജക്ടിന്റെ ആകെ ചിലവ് വളരെകുറച്ച് കണക്കാക്കിയിരിക്കുകയും, പ്രതീക്ഷിത യാത്രയുടെ എണ്ണവും അതുവഴിയുള്ള വരുമാനവും വളരെയധികമായി കണക്കിലെടുക്കുകയും ചെയ്തിരിക്കുന്നുവെന്നതാണ്. കേന്ദ്ര ഗവൺമെന്റിന്റെയോ റെയിൽവേ ബോർഡിന്റെയോ അംഗീകാരം ലഭിക്കുന്നതിന് മുമ്പായി തന്നെ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമിയുടെ ഏറ്റെടുക്കലിന് വേണ്ടിയുള്ള മുഴുവൻ സർവേ നമ്പറുകളും പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. അതുവഴി മേൽ പറഞ്ഞ മുഴുവൻ ഭൂമിയുടെയും ക്രയവിക്രയങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്.

ജനങ്ങൾ ലോകമെമ്പാടും നമ്മുടെ സംസ്ഥാനത്തിലടക്കം കോവിഡ് മഹാമാരിയെ അതിജീവിക്കുവാൻ പോരാടുകയാണ്. കോവിഡ് കേരളത്തിൽ സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം രാജ്യം മറികടക്കുവാൻ ചുരുങ്ങിയത് ഏകദേശം 5 വർഷമെങ്കിലും വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തരം ഒരു ദുരവസ്ഥയിൽ ഒരു ലക്ഷം മനുഷ്യരെ കുടിയിറക്കുവാൻ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കം അങ്ങേയറ്റം മനുഷ്യ വിരുദ്ധമാണ്. അത്തരം ശ്രമങ്ങൾ ഉടനടി അവസാനിപ്പിക്കുകയും ഈ പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിക്കുകയുമാണ് വേണ്ടത്.


Summary: കേന്ദ്ര ഗവൺമെന്റിന്റെയോ റെയിൽവേ ബോർഡിന്റെയോ അംഗീകാരം ലഭിക്കുന്നതിന് മുമ്പായി കെ- റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിന് മുഴുവൻ സർവേ നമ്പറുകളും പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. അതുവഴി മേൽ പറഞ്ഞ മുഴുവൻ ഭൂമിയുടെയും ക്രയവിക്രയം തടസ്സപ്പെട്ടിരിക്കുകയാണ്.


Comments