കെ.കെ. കൊച്ച്

കെ റെയിലും ദലിത്​ മൂലധനവും

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട്​ ആരോഗ്യകരമായ ചർച്ച അസാധ്യമാക്കും വിധമുള്ള തർക്കങ്ങൾ കൊണ്ടുപിടിച്ചുനടക്കുകയാണ്​. പരിസ്​ഥിതി വാദവും വികസന വാദവും തമ്മിൽ ശത്രുപക്ഷത്തുനിന്നെന്നപോലെയാണ്​ പോരാടുന്നത്​. കേരളത്തെ സംബന്ധിച്ച സർവതല സ്​പർശിയായ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട്​ പക്വമായ സമീപനവും നിലപാടും സ്വീകരിക്കുന്നതിനുള്ള ബൗദ്ധികവും രാഷ്​ട്രീയവുമായ ഒരു അടിത്തറ, ഉപരിപ്ലവമായ തർക്കങ്ങൾക്കിടയിൽ റദ്ദാക്കപ്പെടുന്ന സന്ദർഭത്തിലാണ്​ കെ.കെ. കൊച്ചിന്റെ വിശകലനങ്ങൾ പ്രസക്തമാകുന്നത്​. നിലവിലുള്ള താർക്കിക ബൈനറികളെ മറികടന്ന്, വിഷയത്തിൽ ഒരു സംവാദഭൂമിക ഒരുക്കുന്നതിനുള്ള പ്രായോഗികവും അടിസ്ഥാനപരവുമായ ഒരു ചിന്തയാണ് കൊച്ച് മുന്നോട്ടുവക്കുന്നത്. അവയിൽ പലതും, ഇരുപക്ഷത്തുനിന്നും ഇതുവരെ മുന്നോട്ടുവക്കപ്പെട്ട വാദങ്ങളെ നിരാകരിക്കുന്നവയാണ്. ഉദാഹരണത്തിന്, കെ-റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിലെ മനുഷ്യരുടെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം എഴുതുന്നു: ‘റെയിൽപ്പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ കുടിയിറക്കപ്പെടുന്നവർ പദ്ധതി നടപ്പാക്കരുതെന്നാണ് വാദിക്കുന്നതെങ്കിൽ കുടിയൊഴിപ്പിക്കൽ ബാധകമല്ലാത്ത ജനങ്ങൾക്ക് സ്വീകാര്യമായ വാദങ്ങൾ മുന്നോട്ടു വെക്കാൻ കഴിയണം’. ​​​​​​​കെ റെയിൽ വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയം, വർത്തമാന കാല വികസന രാഷ്ട്രീയത്തിന്റെ പ്രശ്നങ്ങൾ, ധനമൂലധന വിനിയോഗം, സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടുകൾ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടലുകളിലുള്ള പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ്​ ഈ സംഭാഷണം.

കെ. കണ്ണൻ: കെ- റെയിലുമായി ബന്ധപ്പെട്ട ചർച്ചകളിലുള്ള താങ്കളുടെ ഇടപെടൽ, വിഷയത്തെ കൂടുതൽ യുക്തിസഹമായി വികസിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ഒപ്പം, വികസനത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും സാമൂഹികശാസ്ത്രവുമൊക്കെ താങ്കൾ ചർച്ചാവിഷയമാക്കുന്നുണ്ട്​. കോർപറേറ്റ് മൂലധനത്തോടുള്ള സന്ധിയുടെയും സവർണാധിപത്യത്തോടുള്ള വിധേയത്വത്തിന്റെയും പ്രശ്‌നവൽക്കരണത്തിൽ നിന്ന് കെ- റെയിൽ പദ്ധതിയും മുക്തമല്ല എന്ന വിമർശനം മുന്നോട്ടുവക്കുമ്പോൾ തന്നെ എതിർപക്ഷ വായന കൂടി അത് സാധ്യമാക്കുന്നുണ്ട്. അതിലൊന്ന്, കുടിയൊഴിപ്പിക്കൽ ബാധകമല്ലാത്ത ജനങ്ങൾക്ക് സ്വീകാര്യമായ വാദങ്ങൾ മുന്നോട്ടുവെക്കാൻ കഴിയണം എന്ന വാദമാണ്​: ‘‘സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം, ഒരു ചെറുവിഭാഗം ബലിയാടാക്കപ്പെടുന്നതിനാൽ വേണ്ടെന്ന് വെക്കുമ്പോൾ അത് സമൂഹത്തോട് ചെയ്യുന്ന കുറ്റകൃത്യം മാത്രമല്ല; വിഭവങ്ങളുടെ വിനിയോഗത്തിന്റെ അധികാരം സർക്കാരിന് നഷ്ടപ്പെടുന്നതുമായിരിക്കും.''
വീട് നഷ്ടപ്പെടുന്ന ചെറുവിഭാഗമാണോ, ഇവിടെ ബലിയാടാക്കപ്പെടുന്നത്? കെ റെയിലുമായി ബന്ധപ്പെട്ട്​, വിഭവങ്ങളുടെ വിനിയോഗത്തെക്കുറിച്ച് പറയുന്ന താങ്കൾ, അതിനേക്കാൾ പ്രധാനപ്പെട്ട, വിഭവങ്ങളുടെ അപഹരിക്കപ്പെടുന്ന അവകാശത്തെക്കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല?

കെ.കെ. കൊച്ച്​: തൃശൂരിൽ വെച്ച് ഭീംയാന കളക്ടീവും നീലം കൾച്ചറൽ സെന്ററും, 2021 മാർച്ച് 20, 21 തീയതികളിൽ Redefining Kerala Model എന്നൊരു സംവാദ സദസ് സംഘടിപ്പിക്കുകയുണ്ടായി. വേദിയിൽ മുഖ്യമായും ചർച്ച ചെയ്തത് ദലിതരുടെ ഭൂവുടമസ്ഥത, വിദ്യാഭ്യാസം, സംവരണം, തൊഴിൽ, സ്ത്രീവിമോചനം എന്നിങ്ങനെയുള്ള വിഷയങ്ങളാണ്. സമ്മേളനത്തിൽ പങ്കെടുത്ത ഞാൻ കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്റെ മൂന്നുഘട്ടങ്ങൾ ചൂട്ടിക്കാട്ടുകയുണ്ടായി. അവ, (1) ഭൂപരിഷ്‌കരണം, (2) ഗൾഫ് പണത്തിന്റെ സ്വാധീനം, (3) ഒരു വൈജ്ഞാനിക സമ്പദ്ഘടനയുടെ ആവിർഭാവം എന്നിവയാണ്. ഈ മൂന്നുഘട്ടങ്ങളും കേവലം സാമ്പത്തികമാറ്റങ്ങളെന്ന നിലയിലല്ല, മറിച്ച് സാമ്പത്തിക- സാമൂഹിക- സാമുദായിക പരിവർത്തനങ്ങളെന്ന നിലയിലാണ് രൂപംകൊണ്ടത്.

ഭരണഘടനാവിധേയമല്ലാത്ത നിയമങ്ങളിലൂടെ ഏകാധിപതിയാകാൻ പിണറായി വിജയന് കഴിയില്ല. ലക്ഷ്യം, എൽ.ഡി.എഫിന് പകരം യു.ഡി.എഫ്. അല്ലെങ്കിൽ ബി.ജെ.പി. എന്നതിനപ്പുറം അവകാശസമരങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കനുസൃതവും, ജനാധിപത്യപരവുമാണെങ്കിൽ പിണറായി വിജയനുമായുള്ള സംവാദം സാധ്യമാണ്.

1950കളിൽ ഭൂപരിഷ്‌കരണം അനിവാര്യമായിത്തീർന്നത്, നവോത്ഥാനത്തിന്റെ സംഭാവനകളിലൊന്നായ പാരമ്പര്യ തൊഴിലുകളുടെ നിഷേധത്തിലൂടെയായിരുന്നു. നാളതുവരെ, തൊഴിലുകൾ വിവിധ സമുദായങ്ങളിൽ നിലനിന്നത് കുലത്തൊഴിലുകളായാണ്. ഇത്തരം കുലത്തൊഴിലുകൾ ഉപേക്ഷിച്ച് പരിഷ്‌കൃതമായ തൊഴിലുകൾ സ്വീകരിക്കണമെന്നത് ഒട്ടെല്ലാ സമുദായങ്ങളും തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1942-ൽ ഇ.എം.എസ്. നടത്തിയ ഓങ്ങല്ലൂർ പ്രസംഗത്തിൽ നമ്പൂതിരിമാർ ജന്മിത്തം ഉപേക്ഷിച്ച് വൻകിട കൃഷിയും വ്യവസായവും ആരംഭിക്കണമെന്നാവശ്യപ്പെട്ടത്. എസ്.എൻ.ഡി.പി. യോഗത്തിന്റെ പരിപാടിയിൽ, ഈഴവർ കൃഷി, വ്യവസായം, വിദ്യാഭ്യാസം എന്നിവയിലൂടെ വികസിക്കണമെന്നാണാവശ്യപ്പെട്ടത്. പൊയ്കയിൽ അപ്പച്ചൻ, ദലിതരുടെ ജാതിത്തൊഴിലുകളെ കുടിൽ വ്യവസായങ്ങളാക്കണമെന്നാണ് വാദിച്ചത്. ചുരുക്കത്തിൽ വിവിധ സമുദായങ്ങളുടെ തൊഴിൽ പരിഷ്‌കരണം എന്നയാവശ്യത്തിലൂടെ സമൂഹമൊട്ടാകെ ജാതിബദ്ധമായ തൊഴിൽബന്ധങ്ങളെ മറികടക്കാനാണ് ശ്രമിച്ചത്.

പൊയ്കയിൽ അപ്പച്ചൻ, ഇ.എം.എസ്.

ചരിത്രപരമായി രൂപംകൊണ്ട തൊഴിൽ പരിഷ്‌കരണത്തിന്നാധാരമായത്, ശാസ്ത്ര-സാങ്കേതികജ്ഞാനമാണ്. ഫലമോ; സമൂഹം വരദാനമായി പരിപാലിച്ചുപോന്ന ഫ്യൂഡൽ മനോഘടന തകരുകയും, വ്യവസായവത്കരണത്തിന് വഴിയൊരുക്കുകയും ചെയ്തു. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം സവർണമേധാവിത്വത്താൽ ഗാന്ധിയൻ ആദർശ സമൂഹത്തിന്റെ സൃഷ്ടിക്കായി പ്രവർത്തിച്ചിരുന്നതിനാൽ മുൻചൊന്ന മാറ്റം ഉൾക്കൊള്ളാൻ വിസമ്മതിക്കുകയായിരുന്നു. അതേസമയം, നേതൃപരമായിട്ടല്ലെങ്കിലും കീഴാള പ്രാതിനിധ്യം കൊണ്ട് സമൂഹത്തിന്റെ പുനഃസംഘടനയ്ക്കുവേണ്ടി മുൻകൈയെടുത്തത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. പാർട്ടിയുടെ പിൻബലം നെഹ്രുവിന്റെ സാമ്പത്തിക നയങ്ങളായിരുന്നു. ഈ നയങ്ങൾ ആവിഷ്‌കരിച്ചത്, സോവിയറ്റ് യൂണിയന്റെ സാമ്പത്തിക നയങ്ങളെ ആധാരമാക്കിയായതിനാൽ കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് നെഹ്രുവിന്റെ സാമ്പത്തികനയങ്ങളെ മൗലികമാണെന്ന നിലയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.

കെ റെയിൽ പദ്ധതി വ്യാവസായിക മൂലധനോത്പന്നമെന്ന നിലയിൽ; ആസൂത്രണം, ശാസ്ത്ര- സാങ്കേതിക ജ്ഞാനം, വിദേശിയും സ്വദേശിയുമായ മൂലധനം, വിദഗ്ധ- അവിദഗ്ധ തൊഴിലുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്. മുൻചൊന്ന ഘടകങ്ങളിലെ ജനാധിപത്യപരമായ പ്രാതിനിധ്യമാണുറപ്പാക്കേണ്ടത്.

വ്യവസായവത്കരണത്തിന് അനിവാര്യമായ മൂലധനം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭൂപരിഷ്‌കരണം നടപ്പാക്കുന്നത്. ഇക്കാലത്ത് കൊളോണിയൽ കാലത്താരംഭിച്ച തോട്ടങ്ങളുൾപ്പെടുന്ന നാണ്യവിളകളുടെ ഉത്പാദനം ഗണ്യമായി വികാസം നേടിയപ്പോൾ, ഭക്ഷ്യോത്പാദനം ദുർബലമായിരുന്നു. ഇത്തരമൊരവസ്ഥയിൽ കാർഷിക മേഖലയെ വിപുലമാക്കാൻ കഴിയുമായിരുന്നില്ല. തന്മൂലം ഭക്ഷ്യോത്പന്നങ്ങൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നു. അതേസമയം, നാണ്യവിളകളുടെ ആഭ്യന്തര വിപണി പരിമിതമായിരുന്നതിനാൽ കേന്ദ്രഗവൺമെൻറിനെ നാണ്യവിള വിപണിയ്ക്കായി സമീപിക്കേണ്ടിവന്നു. ഇത്തരമൊരവസ്ഥയിലാണ് റേഷനിങ് സമ്പ്രദായത്തിലൂടെയും അന്തർ സംസ്ഥാന ഭക്ഷ്യോത്പന്ന വിനിമയത്തിലൂടെയും ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കിയപ്പോൾ, നാണ്യവിളഭൂമികളെ ഭൂപരിഷ്‌കരണത്തിൽ നിന്നുമൊഴിവാക്കാൻ സംസ്ഥാനം നിർബന്ധിതമായത്.

വസ്തുതകൾ ഇപ്രകാരമായിരിക്കെ, ഭൂവുടമസഥതയെ സാർവത്രികമാക്കുകയായിരുന്നില്ല; മറിച്ച് സാമ്പ്രദായിക ഭൂവ്യവസ്ഥയെ ജാതികൾക്കും സമുദായങ്ങൾക്കും അനുകൂലമായി പരിഷ്‌കരിക്കുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തലമുറകളായി നിലനിന്ന പാട്ടക്കാർ, വാരക്കാർ എന്നിവർക്ക് ഭൂവുടമസ്ഥത ലഭ്യമാക്കിയത്. ഈ ശ്രേണിയിൽ ഉൾപ്പെടാതിരുന്നതിനാലാണ് ദലിതർക്ക് ഭൂവുടമസ്ഥത നിഷേധിക്കപ്പെട്ട് കുടികിടപ്പവകാശമായി 10, 5, 3 സെന്റുകളും വാസസ്ഥാനം മാത്രമായി കോളനികളും നൽകിയത്. ഫലമോ, നാളതുവരെ അടിമകളായിരുന്ന ദലിതർ കർഷകത്തൊഴിലാളികളായി മാറുകയായിരുന്നു. ഈയവസ്ഥയെ മറികടക്കാനുതകുന്ന ഭൂവുടമസ്ഥത മുന്നോട്ടുവെക്കാൻ പാർട്ടിക്കോ അതിനുവേണ്ടി വാദിക്കാൻ പാർട്ടിയിലെ ദലിത് നേതൃത്വത്തിനോ കഴിഞ്ഞില്ല.
കാർഷികമേഖലയുടെ ദുർബലാവസ്ഥ ഏറെക്കുറി മാറ്റമില്ലാതെ തുടർന്നപ്പോൾ, വികസിച്ചുവന്നത് തൊഴിലധിഷ്ഠിതമായ സർവീസ് മേഖലയാണ്. ഈ മേഖലയുടെ അടിത്തറ വിദ്യാഭ്യാസമായിരുന്നു.

സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയും, ഉദാരമായ നിയമവ്യവസ്ഥയോടെയും വിദ്യാഭ്യാസമേഖലയെ കൈയടക്കിയത് ജാതി- മത സംഘടനകൾ നിയന്ത്രിച്ച സ്വകാര്യസ്ഥാപനങ്ങളായിരുന്നു. ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്കുള്ള ശമ്പളം സർക്കാർ ഖജനാവിൽ നിന്നാണ്​ നൽകിയത്. അതേസമയം, നിയമനങ്ങൾ അതത് ജാതി- മത -സമുദായങ്ങൾക്ക് മാത്രമായിരുന്നതിനാലാണ് സ്വകാര്യമേഖലയിൽ പ്രാതിനിധ്യം (സംവരണം) വേണമെന്ന ആവശ്യം ദലിതർ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഗൾഫ് മേഖലകളിൽ എണ്ണയുത്പാദനത്തിലൂടെയും, രണ്ടാം ലോകമഹായുദ്ധാനന്തരം യൂറോപ്യൻ രാജ്യങ്ങളിൽ പുനർനിർമാണത്തിലൂടെയും വലിയൊരു തൊഴിൽ കമ്പോളം രൂപംകൊള്ളുകയായിരുന്നു. ഈ തൊഴിൽകമ്പോളത്തിലിടം കിട്ടാൻ കോൺഗ്രസ് സർക്കാർ കുടിയേറ്റ നിയമങ്ങൾ ഉദാരമാക്കുകയും, യാത്രാസൗകര്യങ്ങൾ വിപുലമാക്കുകയും ചെയ്തതോടെയാണ് വിദേശ തൊഴിലാളികളുടെയും സംരംഭകരുടെയും വലിയൊരു നിര രൂപം കൊണ്ടത്. ഈ നിരയിലും ദലിതരുണ്ടായിരുന്നില്ല. അതേസമയം, ഗൾഫ് പണമെന്നറിയപ്പെടുന്ന വിദേശങ്ങളിൽ നിന്നെത്തിയെ മൂലധനത്തിനുമേൽ നിയന്ത്രണങ്ങളേർപ്പെടുത്താനോ, ആസൂത്രിതമായി വിനിയോഗിക്കാനോ സർക്കാരിന് കഴിയാതെവന്നതിനെതുടർന്ന്​, ഒരു വശത്ത് മൂലധനം ഉപഭോഗമേഖലയിലേക്കൊഴുകിയപ്പോൾ മറുവശത്ത് ഒരു വ്യാപാര മേഖലയെ സൃഷ്ടിക്കുകയായിരുന്നു. ഈ വ്യാപാര മേഖലയുടെ ഭാഗമാകാൻ കഴിയാതെവന്ന ദലിതർക്ക് ലഭിച്ചത് വ്യാപാര മൂലധന പങ്കാളിത്തമല്ല, മറിച്ച് നിർമാണമേഖലയിലെ കഠിനാധ്വാനമായിരുന്നു. അതേസമയം, ദലിതരിൽനിന്നുമൊരു ചെറുന്യൂനപക്ഷത്തിന്റെ സാമ്പത്തിക വികസനത്തിന് സഹായമായത് സംവരണത്തിലൂടെയുള്ള അവസര ലഭ്യതയായിരുന്നു.

ഇത്തരമൊരു പദ്ധതി മുന്നോട്ടുവക്കുമ്പോൾ തീർച്ചയായും ജനസംഖ്യയിലെ ബഹുഭൂരിപക്ഷമായ കുടിയൊഴിപ്പിക്കൽ ബാധകമല്ലാത്തവരുടെ പ്രശ്‌നങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

മുകളിൽ കൊടുത്തിരിക്കുന്ന മാറ്റങ്ങളെ മുൻനിർത്തി, ഞാൻ ചൂണ്ടിക്കാണിച്ചത് കേരളത്തിന്റെ സമ്പദ്ഘടന പരിവർത്തനവിധേയമാവുകയാണെന്നും, അതിന്നടിസ്ഥാനമായിരിക്കുന്നത് വ്യാവസായിക മൂലധനമാണെന്നുമാണ്. ഈ മൂലധനപങ്കാളിത്തത്തിലൂടെ തൊഴിലിനുവേണ്ടിയല്ല; മറിച്ച് സ്വത്തുടമസ്ഥതയ്ക്കുവേണ്ടി ദലിത് ബുദ്ധിജീവികളും സംഘടനകളും വാദിക്കണമെന്നാണ് തൃശൂരിൽ വെച്ച് ഞാനാവശ്യപ്പെട്ടത്.

ഇനി, കെ റെയിൽ പദ്ധതിയിലേയ്ക്ക് വരാം. ഗതാഗത സൗകര്യങ്ങളും വാഹനപ്പെരുപ്പവും കൊണ്ട്​ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും സമ്പന്നമാണ് കേരളം. എങ്കിലും, സർക്കാർ മാത്രമല്ല പ്രതിപക്ഷവും ബഹുജന സംഘടനകളും വ്യക്തികളും വികസനത്തിന്റെ മുഖ്യചാലകശക്തിയായി കണക്കാക്കുന്നത് റെയിൽ ഗതാഗതമാണ്. ഈ സാമൂഹ്യാവശ്യം മുൻനിർത്തി, കെ റെയിൽ പദ്ധതിയെ ഒരു വികസന പദ്ധതിയെന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരമൊരു പദ്ധതി മുന്നോട്ടുവക്കുമ്പോൾ തീർച്ചയായും ജനസംഖ്യയിലെ ബഹുഭൂരിപക്ഷമായ കുടിയൊഴിപ്പിക്കൽ ബാധകമല്ലാത്തവരുടെ പ്രശ്‌നങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ആദ്യമായും ചൂണ്ടിക്കാട്ടാനുള്ളത്, ഈ വിശാല ജനവിഭാഗങ്ങൾ നിയമാധിഷ്ഠിതരാഷ്ട്രത്തിന്റെ ഭാഗമാണെന്നാണ്. ഇതിന്നർഥം, വികസന പ്രവർത്തനങ്ങളിൽ മറുചോദ്യമില്ലാതെ പങ്കെടുക്കണമെന്നല്ല; മറിച്ച് വികസന പ്രവർത്തനങ്ങളിലെ പ്രാതിനിധ്യം മുന്നോട്ടുവെക്കണമെന്നാണ്. കെ റെയിൽ പദ്ധതി വ്യാവസായിക മൂലധനോത്പന്നമെന്ന നിലയിൽ; ആസൂത്രണം, ശാസ്ത്ര- സാങ്കേതിക ജ്ഞാനം, വിദേശിയും സ്വദേശിയുമായ മൂലധനം, വിദഗ്ധ- അവിദഗ്ധ തൊഴിലുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്. മുൻചൊന്ന ഘടകങ്ങളിലെ ജനാധിപത്യപരമായ പ്രാതിനിധ്യമാണുറപ്പാക്കേണ്ടത്. ഇതേ ആവശ്യം ഒരു സാമുദായിക പ്രശ്‌നം എന്നതിലുപരി രാഷ്ട്രീയമായി മുന്നോട്ടുവയ്ക്കുന്നതിനാലാണ് കുടിയൊഴിപ്പിക്കൽ ബാധകമല്ലാത്തവരോടൊപ്പം ദലിതർ അണിനിരക്കുന്നത്.

ഗതാഗത സൗകര്യങ്ങളും വാഹനപ്പെരുപ്പം കൊണ്ടും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും സമ്പന്നമാണ് കേരളം. എങ്കിലും, സർക്കാർ മാത്രമല്ല പ്രതിപക്ഷവും ബഹുജനസംഘടനകളും വ്യക്തികളും വികസനത്തിന്റെ മുഖ്യചാലകശക്തിയായി കണക്കാക്കുന്നത് റെയിൽ ഗതാഗതമാണ് . / Photo : wikimedia commons

അതേസമയം, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ കാര്യം വ്യത്യസ്തമാണ്. വികസന പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള അന്യായ കുടിയൊഴിപ്പിക്കലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ ഫലമായാണ് 2013-ലെ നിയമം നിലവിൽ വന്നത്. നിയമ പരിരക്ഷയോടൊപ്പം പ്രദേശങ്ങളുടെ സവിശേഷതയ്ക്കനുസരിച്ചുള്ള പാക്കേജുകളും നടപ്പാക്കുന്നുണ്ട്. ദേശീയപാതാ വികസനത്തിന്​ ദേശീയപാതാ അതോറിറ്റി വർഷങ്ങളായി പിരിക്കുന്ന സെസ്സിലൂടെ വൻതുകയാണ് സമാഹരിക്കുന്നത്. തന്മൂലം, റോഡുവികസനത്തിന് മെച്ചപ്പെട്ട നഷ്ടപരിഹാരമാണ് നൽകുന്നത്. ഇക്കാരണത്താലാണ്, കേരളത്തിലെ ദേശീയപാതാ വികസനത്തിനുവേണ്ടിയുള്ള സ്ഥലമെടുപ്പ് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത്. കെ റെയിൽ പദ്ധതിക്കുവേണ്ടിയുള്ള സ്ഥലമെടുപ്പിൽ മുൻചൊന്ന പ്രകാരമുള്ള നഷ്ടപരിഹാരം ഉറപ്പാക്കാനും സ്വീകാര്യമാക്കാനും സർക്കാരാണ് ശ്രമിക്കേണ്ടത്. നഷ്ടപരിഹാരം സ്വീകാര്യമല്ലാത്ത ഇരകൾക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ ബഹുജന സംഘടനകളുടെയോ പിന്തുണയോടെ പ്രക്ഷോഭം നടത്താൻ അവകാശമുണ്ട്. ഇത്തരം സമരങ്ങൾ സമൂഹത്തിന്റെ ധാർമിക പിന്തുണയാർജിക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുഖം തിരിച്ചാലും, ജനപിന്തുണയോടെ സമരങ്ങൾ വിജയിപ്പിക്കാനാവുമെന്ന് മാവൂർ ഗ്വാളിയോർ റയോൺസിനെതിരായ സമരമുൾപ്പെടെ നിരവധി അനുഭവങ്ങളുണ്ട്.

പദ്ധതിയുടെ സാമ്പത്തിക ചെലവും കടബാധ്യതയും ഒരു പ്രധാന വിഷയമായി ഉന്നയിക്കപ്പെടുന്നുണ്ടല്ലോ. പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തെപ്പോലെ തന്നെ, കെ റെയിലിന്റെ സാമ്പത്തിക ബാധ്യതകൾ പാർശ്വവൽകൃത ജനതയെയല്ലേ ബാധിക്കാൻ പോകുന്നത്?

പദ്ധതിയുടെ സാമ്പത്തിക ചെലവിനെയും സംസ്ഥാനത്തിന്റെ കടബാധ്യതയെയും കുറിച്ച് വ്യാകുലപ്പെടുന്നവർ, ആഗോള മൂലധനത്തിന്റെ പ്രാമാണ്യത്തെയും കോർപറേറ്റ് മേധാവിത്വത്തിന്റെ ധനവിനിയോഗത്തിന്റെയും വ്യാകരണവും അറിയുന്നവരല്ല; അല്ലെങ്കിൽ മൂടിവക്കുന്നവരാണ്. മുതലാളിത്ത-സാമ്രാജ്വത്വ ഘട്ടങ്ങളിൽ നിന്ന്​ ഭിന്നമായി മൂലധനം, ധനമൂലധനമായി സമാഹരിക്കപ്പെട്ടിരിക്കുന്നത് ബാങ്കുകളിലും ഇതര ധനകാര്യ സ്ഥാപനങ്ങളിലുമാണ്. മാത്രമല്ല, ശാസ്ത്ര- സാങ്കേതിക ജ്ഞാനത്തിന്റെ കുത്തകയും വിവിധ സ്ഥാപനങ്ങൾക്കാണുള്ളത്. ഈ സ്ഥാപനങ്ങളുടെ സാമ്പത്തികനയം, ധനമൂലധനത്തിന്റെയും ശാസ്ത്ര- സാങ്കേതിക ജ്ഞാനത്തിന്റെയും വിന്യാസത്തിലൂടെ അടിസ്ഥാനതല സൗകര്യങ്ങൾ വികസിപ്പിക്കുകയും വ്യാസായിക മൂലധന നിക്ഷേപത്തിന് വഴിയൊരുക്കുകയുമാണ്. മുൻകാലങ്ങളിൽ ഇപ്രകാരമൊരു നയം നടപ്പാക്കിയിരുന്നത് തദ്ദേശീയ ഗവൺമെന്റുകളിലെ ഉദ്യോഗസ്ഥരായിരുന്നു. ഇപ്പോഴാകട്ടെ, ഈ കടമ നിർവഹിക്കുന്നത് കൺസൾട്ടൻസികളാണ്. ഇവർ തയ്യാറാക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങൾ വായ്പയും, ശാസ്ത്ര- സാങ്കേതിക ജ്ഞാനവും ലഭ്യമാക്കുന്നത്​. അതായത്, പദ്ധതിയുടെ നിർമാണച്ചെലവിനാവശ്യമായ തുകയും, തിരിച്ചടവിന്റെ മാർഗങ്ങളും കൺസൾട്ടൻസികളാണ് തീരുമാനിക്കുന്നത്.

കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള മൂലധന നിക്ഷേപം, വ്യാവസായിക വികസനത്തിലൂടെ തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ലക്ഷ്യം മറികടക്കാൻ കഴിയുന്നൊരു ബദൽ നിലവിലില്ലെന്നുള്ളതാണ് സമകാലീന യാഥാർഥ്യം.

ഇതേരീതിയാണ് കെ റെയിലിനുമുള്ളത്. വായ്പ നൽകുന്നത് എ.ഡി.ബി.യും ‘ജെയ്ക’യുമാണ്. 40 വർഷത്തെ കാലാവധിയ്ക്ക് കേവലം 2-2.5 ശതമാനമാണ് പലിശ. തുക തിരിച്ചടവ് യാത്രാക്കൂലിയിൽ നിന്നും വ്യവസായ മൂലധനത്തിൽ നിന്നും സാധ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം വായ്പകൾ ഗവൺമെന്റുകൾക്ക് നിഷേധിക്കാൻ കഴിയുമോയെന്നാണ് പരിശോധിക്കേണ്ടത്. ഗവൺമെന്റുകളുടെ നിലനിൽപ്പിന്നാധാരം നികുതികളും കടമെടുപ്പുമാണ്. സംസ്ഥാന ഗവൺമെന്റിന്റെ നികുതി വരുമാനം ശമ്പളം, പെൻഷൻ, ക്ഷേമപദ്ധതികൾ, ഭരണനിർവഹണം എന്നിവയ്ക്ക് മാത്രമാണുതകുന്നത്. ഇത്തരമൊരവസ്ഥയിലാണ് വായ്പകളെ ആശ്രയിക്കേണ്ടിവരുന്നത്. ലക്ഷ്യമാകട്ടെ പൗരൻമാരുടെ കൈയിൽ പണം എത്തിച്ച് വാങ്ങൽകഴിവ് വർധിപ്പിച്ച് ഉത്പാദനത്തെയും വിപണിയെയും സജീവമാക്കുകയാണ്. സോഷ്യലിസ്റ്റ് സമ്പദ്ഘടനയുടെ തിരോധാനത്തിനുശേഷം മുതലാളിത്ത സമ്പദ്ഘടനയുടെ വക്താക്കൾ വാദിക്കുന്നത് പ്രത്യേക പദ്ധതികളിലൂടെ പരമ ദരിദ്രരുടെ ക്ഷേമം ഉറപ്പാക്കുകയും, പൗരൻമാരുടെ കൈകളിൽ നേരിട്ട് പണമെത്തിക്കുകയുമാണ്. കേന്ദ്ര ഗവൺമെൻറ്​ പരിമിതമായ തോതിൽ പണം വിതരണം ചെയ്യാനും, കോൺഗ്രസ് ‘ന്യായ്’ പദ്ധതിയിലൂടെ വലിയൊരു തുക വാഗ്ദാനം ചെയ്യാനും കാരണമിതാണ്. പ്രതിപക്ഷ നേതാവായ വി.ഡി. സതീശൻ, കേരളത്തിലെ 40 ലക്ഷം പേർക്ക് പണം നേരിട്ട് നൽകണമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. മുൻചൊന്ന കാര്യങ്ങളിൽനിന്ന്​ ഭിന്നമായി നികുതിയേതര മാർഗങ്ങളിലൂടെ പണം സമാഹരിച്ച്, തൊഴിൽ- വ്യാപാര- വ്യാവസായിക മേഖലകളിൽ നിക്ഷേപിക്കുന്നതിലൂടെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. മാത്രമല്ല, കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള മൂലധന നിക്ഷേപം, വ്യാവസായിക വികസനത്തിലൂടെ തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ലക്ഷ്യം മറികടക്കാൻ കഴിയുന്നൊരു ബദൽ നിലവിലില്ലെന്നുള്ളതാണ് സമകാലീന യാഥാർഥ്യം.

ദീർഘനാളത്തേക്കുള്ള പ്ലാനിംഗിന്റെ ഭാഗമായി വേണം ഇത്തരം വികസന പദ്ധതികളെ സമീപിക്കാൻ എന്നൊരു വാദമുണ്ട്. എന്നാൽ, ഈ ദീർഘദൂര പ്ലാനിങ്ങിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട long term impact ഒരു പ്രധാന ഘടകമായി വരാത്തത് എന്തുകൊണ്ടാണ്?

ആഗോള മൂലധനത്തിന്റെയും കോർപറേറ്റുകളുടെയും സ്വാധീനം പരിമിതമായിരുന്നപ്പോൾ, ദേശരാഷ്ട്രങ്ങൾക്ക് പദ്ധതികൾ മുന്നോട്ടുവക്കാനും നികുതിവരുമാനം കൊണ്ടത് നടപ്പാക്കാനും കഴിയുമായിരുന്നു. ഇപ്പോഴാകട്ടെ ഇപ്രകാരമൊരവസ്ഥ നിലനിൽക്കാതിരിക്കുന്നതിനാൽ, തദ്ദേശ ജനതകളുടെ പ്രക്ഷോഭങ്ങൾക്കും ശാസ്ത്ര- സാങ്കേതിക ലോകത്തിന്റെ ഇടപെടലുകൾക്കും വിനാശകരമായ പദ്ധതികൾ ഉപേക്ഷിപ്പിക്കാനും, മാർഗരേഖകളിൽ മാറ്റം വരുത്താനും കഴിയുമെന്ന് നിരവധി അനുഭവസാക്ഷ്യങ്ങളുണ്ട്.

പദ്ധതി ഉയർത്തിക്കൊണ്ടുവന്നരിക്കുന്ന പ്രശ്‌നവൽകരണങ്ങളെയും, ഉൾക്കൊള്ളുന്ന രാഷ്ട്രീയനയങ്ങളെയും തുറന്നുകാട്ടി ബഹുജന പിന്തുണയാർജിക്കുകയാണ് വേണ്ടത്. മറിച്ചുള്ള നിലപാടുകൾ സി.പി.എമ്മിനെയും പിണറായി വിജയനെയും കരുത്തുറ്റവരാക്കുമെന്നാണല്ലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും നിയമസഭയിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. / Photo: Prasoon Kiran

കുടിയിറക്കപ്പെടുന്നവരുടെ അതിജീവന പ്രതിസന്ധി എന്നത്, യഥാർഥത്തിൽ ഭരണകൂടം മുന്നോട്ടുവക്കുന്ന വികസന കാഴ്ചപ്പാടുകളുടെ അനിവാര്യമായ ദുരന്തമല്ലേ? അല്ലാതെ, അത് വീടു വെക്കാൻ സ്ഥലവും ഭൂമിയും നഷ്ടപരിഹാരവും കൊടുത്തുകൊണ്ടുമാത്രം പരിഹരിക്കാവുന്ന ഒന്നാണോ? ഏതു പദ്ധതിയുടെയും ഇരകളിലേറെയും സമൂഹത്തിലെ അധഃസ്ഥിതരാകുന്നതിനുപുറകിലെ വസ്തുതയെ എങ്ങനെയാണ് താങ്കൾ വ്യാഖ്യാനിക്കുക?

കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങളെ വൈകാരിക തലത്തിൽ സമീപിക്കുന്നത് വസ്തുതകളെ ശരിയായ രീതിയിൽ മനസ്സിലാക്കാത്തതുകൊണ്ടാണ്. ഇപ്രകാരമുള്ള അതിവൈകാരികത, പ്രദേശങ്ങളെയും ബന്ധുമിത്രാദികളെയും വേർപിരിയാൻ കഴിയില്ലെന്ന അനുമാനമാണ്. ഇതെത്രമാത്രം ശരിയാണ്? വർഷങ്ങൾക്കുമുമ്പ് മുതൽ കേരളീയർ, വിദൂരദേശങ്ങളിൽ തൊഴിൽസേനയായി എത്തിച്ചേർന്നിട്ടുണ്ട്. പിന്നീട്, അന്യസംസ്ഥാനങ്ങളിൽ തൊഴിലെടുക്കുക മാത്രമല്ല, പാർക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമായും സാമ്പത്തിക സുസ്ഥിരത മാത്രം ആധാരമാക്കുന്നതിനാൽ, വളരെയേറെ വീടുകളിലെ അംഗങ്ങൾ ജന്മനാട്ടിലില്ല. അതുകൊണ്ടാണ് കുടിയിറക്കിനെയും, അതുവഴിയുള്ള പുനരധിവാസത്തെയും വൈകാരികമായി കാണരുതെന്ന് വാദിക്കുന്നത്. അതേസമയം, കുടിയിറക്കപ്പെടുന്നവരെ ശ്രേണികളായി തിരിച്ച് അവരുടെ പ്രശ്‌നങ്ങൾക്ക് സവിശേഷ പരിഗണന നൽകുന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. അതായത്, ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് നാമമാത്ര സഹായം ലഭിക്കുന്ന അവസ്ഥ സംജാതമാകരുത്.

ഇരകളുടെ ശ്രേണീവത്കരണത്തിലൂടെയായിരിക്കണം അധഃസ്ഥിതരുടെ പിന്തുണ ഉറപ്പാക്കേണ്ടത്. മറിച്ചുള്ള നിലപാടുകൾ സി.പി.എമ്മിനെയും പിണറായി വിജയനെയും കരുത്തുറ്റവരാക്കുമെന്നാണല്ലോ തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്.

താങ്കൾ ചൂണ്ടിക്കാണിച്ചതുപോലെ, തീർച്ചയായും സി.പി.എം വിരോധവും പിണറായി വിജയനോടുള്ള ശത്രുതയും കെ- റെയിൽ വിരുദ്ധ സമരത്തിന് ഊർജം പകരുന്നുണ്ട്. കോൺഗ്രസും ബി.ജെ.പിയും മുതൽ എസ്.യു.സി.ഐ വരെയുള്ളവരുടെ സമരസാഹോദര്യം ഇതിന്റെ അടയാളവുമാണ്. ഇതേ നാണയത്തിന്റെ മറുവശമല്ലേ, സർക്കാർ മുന്നോട്ടുവെക്കുന്ന വികസന തീവ്രവാദം?

സമരത്തിന്നാധാരമായ വസ്തുതകളെ വിശകലനം ചെയ്ത് വ്യക്തമായ പരിഹാരനിർദേശമാണ് മുന്നോട്ടുവക്കേണ്ടത്. വ്യത്യസ്ത നയങ്ങളും പരിപാടികളുമുള്ള സംഘടനകൾക്ക് ഇക്കാര്യം കഴിയാതിരിക്കുന്നതിനാൽ ഒരൊറ്റമൂലിയെന്ന നിലയിലാണ് സി.പി.എം. വിരോധവും പിണായി വിജയനോടുള്ള ശത്രുതയും മുഖ്യമാക്കുന്നത്. തന്മൂലം, ഒരു രാഷ്ട്രീയവിഭാഗ (എൽ.ഡി.എഫ്.) ത്തിന്റെ നയപരിപാടികളും വികസന സമീപനവും തുറന്നുകാട്ടപ്പെടുന്നില്ല. സമരത്തെ നയിക്കുന്നവർ എന്താണ് ചെയ്യേണ്ടത്? പദ്ധതി ഉയർത്തിക്കൊണ്ടുവന്നരിക്കുന്ന പ്രശ്​നവൽക്കരണങ്ങളെയും, ഉൾക്കൊള്ളുന്ന രാഷ്ട്രീയ നയങ്ങളെയും തുറന്നുകാട്ടി ബഹുജന പിന്തുണയാർജിക്കുകയാണ് വേണ്ടത്. ഇരകളുടെ ശ്രേണീവത്കരണത്തിലൂടെയായിരിക്കണം അധഃസ്ഥിതരുടെ പിന്തുണ ഉറപ്പാക്കേണ്ടത്. മറിച്ചുള്ള നിലപാടുകൾ സി.പി.എമ്മിനെയും പിണറായി വിജയനെയും കരുത്തുറ്റവരാക്കുമെന്നാണല്ലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും നിയമസഭയിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്.

പദ്ധതി മുന്നോട്ടുവക്കുന്നത് വ്യവസായമൂലധന നിക്ഷേപസാധ്യതകളാണ്. ഈ മൂലധനത്തിന്റെ സമ്മർദത്തെ മറികടക്കാൻ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കാവില്ല. സംഘടന ശക്തിപ്പെടുത്താനുതകുന്ന സമരമെന്ന നിലയിൽ എസ്.യു.സി.ഐ.യും നക്സലൈറ്റുകളോടൊപ്പം സമരസമിതിയും പരിസ്ഥിതിവാദികളും മാത്രമായിരിക്കും സമരരംഗത്ത് അവശേഷിക്കുന്നതെന്നാണ് കരുതേണ്ടത്.

പദ്ധതി മുന്നോട്ടുവക്കുന്നത് വ്യവസായ മൂലധന നിക്ഷേപ സാധ്യതകളാണ്. ഈ മൂലധനത്തിന്റെ സമ്മർദം മറികടക്കാൻ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കാവില്ല. കാരണം, ഇത്തരം പ്രസ്ഥാനങ്ങളുടെ അടിത്തറ സമ്പന്നരും സവർണരുമാണ്. അതുകൊണ്ടുതന്നെ അവർ ഭരണകക്ഷിയുമായി സന്ധിചെയ്യാൻ നിർബന്ധിതരാകും. ശബരിമല സ്ത്രീപ്രവേശന കാര്യത്തിൽ, ആചാരസംരക്ഷണത്തിനായി സവർണജാതി മേധാവികളോടൊപ്പം കോൺഗ്രസും ബി.ജെ.പി.യും നിലയുറപ്പിച്ചപ്പോൾ, നവോത്ഥാന മതിൽ തീർത്ത സി.പി.എമ്മും സർക്കാരും സ്ത്രീപ്രവേശനം നിഷേധിച്ച് മുൻചൊന്ന താത്പര്യങ്ങളോട് സന്ധിചെയ്യുകയായിരുന്നു. ഈ നയം തന്നെയാണ് സാമ്പത്തിക സംവരണ പ്രശ്‌നത്തിലും രൂപംകൊണ്ടത്. ഇപ്പോൾ തന്നെ ഇന്ത്യൻ റെയിൽവേയ്ക്ക് പങ്കാളിത്തമുള്ള പദ്ധതിയ്‌ക്കെതിരായ സമരത്തിൽ നിന്ന്​ ബി.ജെ.പി. ഒരു കാൽ പിന്നോട്ടുവച്ചിരിക്കുകയാണല്ലോ. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ, കോൺഗ്രസിന് തിരിച്ചടിയേൽക്കുകയാണെങ്കിൽ ആ പ്രസ്ഥാനം സംസ്ഥാനത്തും ദുർബലപ്പെടുമെന്നുറപ്പാണ്. മാത്രമല്ല, സ്വത്തുടമസ്ഥരുടെ സാമുദായിക സമ്മർദം മൂലം വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐ.യും സമരത്തിൽനിന്ന്​ പിന്തിരിയാനാണ് സാധ്യത. ചുരുക്കത്തിൽ, സംഘടന ശക്തിപ്പെടുത്താനുതകുന്ന സമരമെന്ന നിലയിൽ എസ്.യു.സി.ഐ.യും നക്‌സലൈറ്റുകളോടൊപ്പം സമരസമിതിയും പരിസ്ഥിതിവാദികളും മാത്രമായിരിക്കും സമരരംഗത്ത് അവശേഷിക്കുന്നതെന്നാണ് കരുതേണ്ടത്.

കേരളത്തിലെ പരിസ്ഥിതിവാദത്തിന്റെ മുഖമുദ്ര അരാഷ്ട്രീയവാദമാണ്. തൻമൂലം, പരിസ്ഥിതി പ്രസ്ഥാനങ്ങൾ മെച്ചപ്പെട്ട ജീവിതം നയിക്കുന്ന മധ്യവർഗത്തിന്റെ കൾട്ട് സംഘടനകളായാണ് നിലനിൽക്കുന്നത്.

ചെങ്ങറ, ആറന്മുള്ള, കീഴാറ്റൂർ എന്നീ തോൽപ്പിക്കപ്പെട്ട സമരങ്ങളുടെ ഹൈജാക്കിംഗിൽ പങ്കുവഹിച്ച ജനവിരുദ്ധരാഷ്ട്രീയസഖ്യം, യഥാർഥത്തിൽ, ഇടതുപക്ഷത്തിന്റെ വികലമായ ഐഡിയോളജിക്കൽ സമീപനങ്ങളുടെ തന്നെ ഒരു ഉപോൽപ്പന്നമല്ലേ?

താങ്കൾ ചൂണ്ടിക്കാട്ടുന്ന ഇടതുപക്ഷം മാർക്‌സിസത്തെയോ, നവ ജനാധിപത്യ ആശയങ്ങളെയോ പ്രതിനിധീകരിക്കുന്നില്ല; മറിച്ച് ആഗോള മൂലധനത്തിന്റെയും കോർപറേറ്റുകളുടെയും സർവണമേധാവികളുടെയും താത്പര്യങ്ങളെയാണ് ഉയർത്തിപ്പിടിക്കുന്നത്. അതുകൊണ്ടാണ് അടിത്തട്ടുജനതകളുടെ അവകാശസമരങ്ങളും ജനാധിപത്യ താത്പര്യങ്ങളും അടിച്ചമർത്തപ്പെടുന്നത്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് സമരപരിപാടികൾ ആവിഷ്‌കരിക്കാൻ വിസമ്മമതിക്കുന്നതിനാലാണ് സമരങ്ങൾ തിരിച്ചടികൾ നേരിടുന്നതിനോടൊപ്പം ഹൈജാക്ക് ചെയ്യപ്പെടുന്നതും.

കേരളത്തിലേത് മണ്ണിനെയും മനുഷ്യനെയും ഉൾക്കൊള്ളാൻ വിസമ്മതിച്ച, മതമൗലികവാദത്തിന് തുല്യമായ പരിസ്ഥിതിവാദമാണെന്ന വാദം ഒന്ന് വിശദീകരിക്കാമോ?

മതസംഘടനകളോ, മതമൂല്യങ്ങളെ അടിസ്ഥാനാശയങ്ങളായി മുന്നോട്ടുവക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളോ, സാമ്പത്തിക- സാമൂഹ്യ- രാഷ്ട്രീയ അവകാശ സമരങ്ങൾ നടത്താറുണ്ടെങ്കിലും, സമ്പദ്ഘടനയെ കണക്കിലെടുക്കാറില്ല. ഇത്തരം പ്രശ്‌നവത്കരണങ്ങളെ അഭിമുഖീകരിക്കുന്നത് മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. ലോകമെമ്പാടുമുള്ള പരിസ്ഥിതി സംഘനടകൾ, രാഷ്ട്രീയമായ ഉള്ളടക്കം കൈവരിച്ചതിലൂടെയാണ്, ഭരണകൂടത്തിന് പരിസ്ഥിതി പ്രശ്‌നത്തെ കണക്കിലെടുക്കേണ്ടിവന്നത്. ഇതിൽനിന്ന്​ ഭിന്നമായി, കേരളത്തിലെ പരിസ്ഥിതിവാദത്തിന്റെ മുഖമുദ്ര അരാഷ്ട്രീയവാദമാണ്. തൻമൂലം, പരിസ്ഥിതി പ്രസ്ഥാനങ്ങൾ മെച്ചപ്പെട്ട ജീവിതം നയിക്കുന്ന മധ്യവർഗത്തിന്റെ കൾട്ട് സംഘടനകളായാണ് നിലനിൽക്കുന്നത്. അതുകൊണ്ടാണ് പരിസ്ഥിതിവാദത്തെ മതമൗലികവാദമായി കണക്കാക്കുന്നത്.

ഇടതുപക്ഷം മാർക്സിസത്തെയോ, നവ ജനാധിപത്യ ആശയങ്ങളെയോ പ്രതിനിധീകരിക്കുന്നില്ല; മറിച്ച് ആഗോള മൂലധനത്തിന്റെയും കോർപറേറ്റുകളുടെയും സർവണമേധാവികളുടെയും താത്പര്യങ്ങളെയാണ് ഉയർത്തിപ്പിടിക്കുന്നത്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് സമരപരിപാടികൾ ആവിഷ്‌കരിക്കാൻ വിസമ്മമതിക്കുന്നതിനാലാണ് സമരങ്ങൾ തിരിച്ചടികൾ നേരിടുന്നതിനോടൊപ്പം ഹൈജാക്ക് ചെയ്യപ്പെടുന്നതും.

സ്വദേശിയും വിദേശിയുമായിട്ടുള്ള കോർപ്പറേറ്റ് മൂലധനവുമായുള്ള സന്ധിയിലൂടെയും സവർണ്ണാധിപത്യത്തോടുള്ള വിധേയത്വത്തിലൂടെയും രൂപപ്പെട്ട ഒരു സാമ്പത്തിക- രാഷ്ട്രീയ വ്യവഹാരവുമായി, അതിന്റെ പ്രതീകമായ പിണറായി വിജയനുമായി താങ്കൾ പറയുന്ന തരത്തിൽ വികസനത്തെക്കുറിച്ച് ജനാധിപത്യപരവും ജനപക്ഷത്തുനിന്നുമുള്ള സംവാദം സാധ്യമാകുമോ?

പിണറായി വിജയൻ ഒരു രാഷ്ട്രീയ പ്രതിനിധാനമാണ്. ഉള്ളടക്കം, സവർണ- സമ്പന്ന വിധേയത്വം തന്നെയാണ്. അതേസമയം, അദ്ദേഹം ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും മാനിക്കാൻ ബാധ്യസ്ഥനാണ്. ഇക്കാര്യം കഴിയുന്നില്ലെങ്കിൽ പ്രക്ഷോഭങ്ങളിലൂടെയോ തെരഞ്ഞെടുപ്പുകളിലൂടെയോ അദ്ദേഹത്തെയോ പാർട്ടിയെയോ പരാജയപ്പെടുത്താൻ കഴിയും. ഏകാധിപത്യം സ്ഥാപനവത്കരിക്കപ്പെടുന്നത്, വ്യവസ്ഥാപിത ഭരണഘടനയെ തിരുത്തി, ഭരണനിർവഹണം നിർമിക്കുന്ന നിയമങ്ങളിലൂടെയാണ്. ജർമനിയും ഇറ്റലിയും കാഴ്ച വച്ച ഈ മാതൃക, ഇന്ത്യയ്ക്കഭിമുഖീകരിക്കേണ്ടിവന്നത് അടിയന്തിരാവസ്ഥക്കാലത്താണ്. ഇപ്രകാരമൊരു സാഹചര്യം നിലവിലില്ലാത്തതിനാലും സംസ്ഥാന ഗവൺമെന്റിന്റെ അധികാരം പരിമിതമായതിനാലും, ഭരണഘടനാവിധേയമല്ലാത്ത നിയമങ്ങളിലൂടെ ഏകാധിപതിയാകാൻ പിണറായി വിജയന് കഴിയില്ല. ലക്ഷ്യം, എൽ.ഡി.എഫിന് പകരം യു.ഡി.എഫ്. അല്ലെങ്കിൽ ബി.ജെ.പി. എന്നതിനപ്പുറം അവകാശസമരങ്ങൾ ഭരണഘടനാമൂല്യങ്ങൾക്കനുസൃതവും, ജനാധിപത്യപരവുമാണെങ്കിൽ പിണറായി വിജയനുമായുള്ള സംവാദം സാധ്യമാണ്.

കെ- റെയിൽ പദ്ധതിക്കുവേണ്ടി സ്വരൂപിക്കപ്പെടുന്ന ധനമൂലധനവും അതുമൂലമുണ്ടാകുമെന്ന് അവകാശപ്പെടുന്ന സാമൂഹിക വികാസത്തിന്റെയും ഗുണഫലം ദലിതർ, ആദിവാസികൾ, പിന്നാക്കക്കാർ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, സംഘടിത-അസംഘടിത തൊഴിലാളികൾ, കാർഷികവേലക്കാർ, തീരദേശവാസികൾ എന്നീ ബഹുഭൂരിപക്ഷത്തിന് ലഭ്യമാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

കെ റെയിൽ പദ്ധതിക്ക്​ സ്വരൂപിക്കുന്ന ധനം വിനിയോഗിക്കപ്പെടുന്നത്, സമ്പത്തിന്റെ വിതരണം (കോൺട്രാക്​റ്റുകൾ മുതലായവ), വിപണിയിലേയ്ക്കുള്ള ഒഴുക്ക്, വിദഗ്ധ- അവിദഗ്ധ തൊഴിലുകളുടെ വിന്യാസം എന്നിവയിലൂടെയാണ്. വിവിധ മേഖലകളിലുള്ള ഈ മൂലധനത്തിലെ പങ്കാളിത്തം ദലിതരും ആദിവാസികളും സ്ത്രീകളുമടങ്ങുന്ന പാർശ്വവത്കൃതർക്ക് നിർണയിക്കാൻ കഴിയണം. ഇപ്രകാരമുള്ള അവകാശങ്ങളെ സാമൂഹ്യവത്കരിക്കാനും സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാനും വികസന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ജനാധിപത്യ പ്രസ്ഥാനത്തിന് കഴിയണം. ഇതിന് വിസമ്മതിക്കുകയാണെങ്കിൽ ഈ പറഞ്ഞ സാമൂഹ്യവിഭാഗങ്ങൾക്ക് വിശാലമായൊരു ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാൻ കഴിയണം. കാരണം, കെ റെയിൽ പദ്ധതി വിഭാവനം ചെയ്യുന്നത് ദീർഘകാലം നിലനിൽക്കുന്ന വികസനപ്രക്രിയ ആയാണ്.

യാത്രകളിലെ അരികുവത്കരണം കുറയ്ക്കാൻ കഴിയുന്ന നിർദേശങ്ങൾ മുന്നോട്ടുവക്കാൻ ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർക്ക് കഴിയണം

ഗതാഗതോപാധികളുടെ വളർച്ച, സമുദായത്തിന്റെ ഫ്യൂഡൽ ഘടന തകർക്കുകയും സവർണ മേധാവിത്തം ദുർബലപ്പെടുത്തുകയും വിഭവസമ്പാദനത്തിനായുള്ള യാത്രകൾ സാധ്യമാക്കുകയും ചെയ്തുവെന്ന് താങ്കൾ ശരിയായി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, നവലിബറൽ കാലത്തെ സാമൂഹിക വിഭജനത്തെ ഇത്ര ഋജുവായി വിശദീകരിക്കാൻ കഴിയുമോ?. ട്രെയിനിൽ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, എ.സി കോച്ചുകളിൽ സഞ്ചരിക്കുന്നവരും സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുമാണ് സിൽവർ ലൈൻ ഉപയോഗപ്പെടുത്തുക എന്ന് ഡി.പി.ആർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത്, അരികുവൽക്കരണം തീവ്രമാക്കുന്ന പുതിയ വരേണ്യതയുടെ പാതയാണ് കെ- റെയിൽ എന്നല്ലേ ഇതിനർഥം?

ശാസ്ത്ര-സാങ്കേതികജ്ഞാനത്തെ പ്രയോജനപ്പെടുത്തിയാണ് ഗതാഗത സൗകര്യങ്ങളും അനുബന്ധസ്ഥാപനങ്ങളും നിലവിൽവരുന്നത്. അതായത്, ശാസ്ത്ര-സാങ്കേതിക ജ്ഞാനത്തിന്റെ പിൻബലമുള്ള വികസനം സാമൂഹ്യവത്കരിക്കപ്പെടാതിരിക്കുമ്പോൾ ജനങ്ങൾ യുക്തിചിന്തയിൽ നിന്നും ശാസ്ത്രാവബോധത്തിൽ നിന്നും വെറ്റിമാറ്റപ്പെട്ട് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പ്രാകൃതാനുഷ്ഠാനങ്ങളിലും തളച്ചിടപ്പെടുന്ന സ്ഥിതി സംജാതമാകും. പ്രാഥമികമായും മറികടക്കേണ്ടത് ഇത്തരമൊരവസ്ഥയെയാണ്. നവലിബറൽ കാലഘട്ടത്തിന്റെ പ്രത്യേകത, മുൻകാലങ്ങളിൽനിന്ന്​ ഭിന്നമായി വ്യക്തികൾക്കും വിവിധങ്ങളായ കൂട്ടായ്മകൾക്കും സാമ്പത്തികമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് ടൂറിസം ഒരു വ്യവസായമായി മാറിയിരിക്കുന്നത്. മാത്രമല്ല, തിരുവനന്തപുരത്ത് നടന്ന ജനസമക്ഷം പരിപാടിയിൽ പങ്കെടുത്ത വ്യാപാരി- വ്യവസായി ഏകോപനസമിതിയുടെ പ്രതിനിധി പറഞ്ഞത്, കെ റെയിൽ പദ്ധതി നടപ്പാകുമ്പോൾ, ഉപഭോഗവസ്തുക്കൾ 30 ശതമാനം വലിക്കുറവിൽ നൽകാൻ കഴിയുമെന്നാണ്. ഇപ്രകാരമുള്ള വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച്, യാത്രകളിലെ അരികുവത്കരണം കുറയ്ക്കാൻ കഴിയുന്ന നിർദേശങ്ങൾ മുന്നോട്ടുവക്കാൻ ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർക്ക് കഴിയണം.

യുക്തിചിന്തയെയും ശാസ്ത്രാവബോധത്തെയും എതിർക്കുന്ന, മതാത്മകതയെ പ്രമാണമാക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും ഉപകരിക്കുന്ന പിടിവള്ളിയാണ്​ പരിഷത്ത് നൽകിയത്.

ഗതാഗതത്തിന്റെ സാമ്പത്തിക- സാമൂഹ്യമാനം ഉൾക്കൊള്ളാതെ പടച്ചുണ്ടാക്കിയ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവിശേഷമാണ് കെ- റെയിൽ പദ്ധതിയെക്കുറിച്ചുള്ള സമഗ്രചർച്ചയെ നിഷേധിച്ചത്, യുക്തിവാദംപോലെയൊരു വരട്ടുവാദമായി ശാസ്ത്രസാഹിത്യചിന്ത മാറി, അതുകൊണ്ടുതന്നെ ശാസ്ത്രസാഹിത്യപരിഷത്ത് വിചാരണ ചെയ്യപ്പെടേണ്ടത് കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണ് എന്നീ ഗുരുതരമായ വിമർശനം താങ്കൾ ശാസ്ത്രസാഹിത്യ പരിഷത്തിനെതിരെ ഉന്നയിക്കുന്നുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക സംവാദം സാധ്യമാക്കുംവിധം വിശദമായ പഠനം കെ- റെയിലിനെക്കുറിച്ച് നടക്കുന്നുണ്ടെന്ന് പരിഷത്ത് അറിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തുള്ള ഒരു സംഘടന എന്ന നിലയിൽ പരിഷത്തിന്റെ വികസന രാഷ്ട്രീയത്തിന് ഒരു ഇടതുപക്ഷ സർക്കാറിനോട് ഇടയേണ്ടിവരുന്നത്, സർക്കാറിന്റെ നയത്തിന്റെ കുഴപ്പമായല്ലേ കാണേണ്ടത്?

കെ റെയിൽ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയ സിസ്ട്ര എന്ന കൺസൾട്ടിങ് ഏജൻസിയുടെ ലക്ഷ്യം വായ്പ നൽകുന്ന ധനകാര്യസ്ഥാപനങ്ങളുടെയും, ശാസ്ത്ര-സാങ്കേതിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെയും താത്പര്യങ്ങൾ സംരക്ഷിക്കുകയാണ്. ഇതിൽനിന്നും ഭിന്നമായി യുക്തിഭദ്രവും ശാസ്​ത്രീയവുമായ പഠനം മുന്നോട്ടുവക്കാൻ പരിഷത്തിന് കഴിഞ്ഞില്ല. കാരണമാകട്ടെ, പ്രസ്ഥാനം മുഖ്യമായും അനുമാനത്തെ ആശ്രയിച്ച സൈലൻറ്​ വാലി കാലത്തെ മറികടക്കാൻ വിസമ്മതിച്ചതിനാലാണ്. അക്കാലത്തെ പരിമിതികളെ വകഞ്ഞുമാറ്റി സാർവദേശിയമായും ദേശീയമായും പരിസ്ഥിതി വിജ്ഞാനം ഒരു ശാസ്ത്രശാഖയായി മാറിയിട്ടുണ്ട്. ഫലമോ, നിരവധി ശാസ്ത്ര- സാങ്കേതിക സ്ഥാപനങ്ങളും ഗവേഷണങ്ങളും നിലനിൽക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളെയും അറിവുകളെയും ആശ്രയിക്കാതെ സാമാന്യാനുഭവങ്ങളെയാണ് പരിഷത്ത് ആശ്രയിച്ചത്. തന്മൂലം, കുടിയൊഴിപ്പിക്കപ്പെടുന്ന വിവിധ ശ്രേണിയിലുൾപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങൾ, പാത കടന്നുപോകുന്ന പ്രദേശങ്ങളുടെ സ്വഭാവം, കുന്നുകൾ, ജലാശയങ്ങൾ, സസ്യജാലങ്ങൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുന്ന നിർമാണരീതി തുടങ്ങിയവ നിർദേശിക്കാൻ കഴിഞ്ഞില്ല. ഇത്തരം കാര്യങ്ങളുടെ പരിഹാരം സാധ്യമല്ലെങ്കിൽ, മറ്റേതെങ്കിലും പദ്ധതി നിർദേശിക്കാനോ നിർദിഷ്ട പദ്ധതി ഉപേക്ഷിക്കണമെന്നോ ആവശ്യപ്പെടാമായിരുന്നു. ഇപ്രകാരമുള്ള നിഗമനങ്ങളെ അവഗണിച്ചതിന്റെ ഫലമായി യുക്തിചിന്തയെയും ശാസ്ത്രാവബോധത്തെയും എതിർക്കുന്ന, മതാത്മകതയെ പ്രമാണമാക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും ഉപകരിക്കുന്ന പിടിവള്ളിയാണ്​ പരിഷത്ത് നൽകിയത്. സംഘടനകൾക്ക് ലഭിക്കുന്ന സാമൂഹികാംഗീകാരം സമുദായത്തിന്റെ പരിഷ്‌കരണവും, ഉത്പാദന പ്രവർത്തനങ്ങളിൽ ശാസ്ത്ര- സാങ്കേതികജ്ഞാനത്തിന്റെ വിനിയോഗവും നിഷേധിക്കാൻ കാരണമാകുന്നുണ്ട്. ഈയർഥത്തിലാണ് പരിഷത്തിന്റെ ശാസ്ത്ര-സാഹിത്യചിന്ത ഇന്നത്തെ യുക്തിവാദം പോലെ വരട്ടുവാദമാണെന്നാരോപിച്ചത്. ഇക്കാര്യങ്ങൾ ഉൾക്കൊണ്ട് വിശദമായൊരു പഠനം തയ്യാറാക്കിയാൽ, കെ റെയിലിനെക്കുറിച്ച് മാത്രമല്ല, കേരളത്തിന്റെ ഭാവി വികസനത്തെക്കുറിച്ചും ആരോഗ്യകരമായ സംവാദവും ചർച്ചയും സാധ്യമാകും.

കാലാവസ്ഥാ വ്യതിയാനം മാത്രമല്ല, അശാസ്ത്രീയവും ലാഭേച്ഛയിൽ അധിഷ്ഠിതവും മനുഷ്യോചിതവുമല്ലാത്ത വികസനത്തിന്റെ കെടുതികളാണ് മനുഷ്യരാശി നേരിടുന്നത് / Photo : unsplash

‘കാലാവസ്ഥാ വ്യതിയാനം എന്നത് ഒരു വർഗപ്രശ്‌നമാണ്. മുതലാളിത്തം അനിയന്ത്രിതമായ തോതിൽ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നതാണ് വിനാശകരമായ അവസ്ഥക്കുകാരണം' എന്ന് പാർട്ടി കോൺഗ്രസിനുള്ള സി.പി.എം കരടുരാഷ്ട്രീയ പ്രമേയം പറയുന്നു. കെ- റെയിലിനെ ഈ പ്രസ്താവനയോട് ചേർത്തുവച്ച് വായിക്കാമോ?

കാലാവസ്ഥാ വ്യതിയാനം മാത്രമല്ല, അശാസ്ത്രീയവും ലാഭേച്ഛയിലധിഷ്ഠിതവും മനുഷ്യോചിതവുമല്ലാത്ത വികസനത്തിന്റെ കെടുതികളാണ് മനുഷ്യരാശി നേരിടുന്നത്. ഇത് മുതലാളിത്ത ഉത്പാദനത്തിന്റെ സൃഷ്ടിയാണെന്ന വാദം യാഥാർഥ്യത്തെ ഉൾക്കൊള്ളുന്നതല്ല. മാർക്‌സിനും ഏംഗൽസിനും പരിസ്ഥിതിയെ സംബന്ധിച്ച ചില സാമാന്യാനുഭവങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിഞ്ഞെങ്കിലും; ആയതിനെ സോഷ്യലിസ്റ്റ് സമ്പദ്ഘടനയുടെ നിർമിതിയിൽ ഉൾക്കൊള്ളിക്കാനും വികസിപ്പിക്കാനും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിഞ്ഞില്ല. ഇത്തരമൊരു സാഹചര്യത്തിൽ സി.പി.എമ്മിനെപ്പോലുള്ള പ്രസ്ഥാനങ്ങളുടെ സാരോപദേശങ്ങളല്ല, രാഷ്ട്രങ്ങൾ അംഗീകരിച്ച വികസനത്തിന്റെ ഭാഗമായുള്ള പരിസ്ഥിതിനയങ്ങളും രാഷ്ട്രങ്ങൾ തമ്മിലുള്ള ഉടമ്പടികളുമാണ് ശക്തിപ്പെടുത്തേണ്ടത്.▮


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 64-ൽ പ്രസിദ്ധീകരിച്ചത്.


കെ.കെ. കൊച്ച്

എഴുത്തുകാരനും ദളിത് ചിന്തകനും. ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിതൻ (ആത്മകഥ), മൂലധനത്തിന്റെ ജനാധിപത്യവൽക്കരണവും കെ റെയിലുംഎന്നിവ പ്രധാന കൃതികൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments