ഫോട്ടോ : ബിനു ശേഖർ

ഈ നാടിന്റെ മുഴുവൻ സമാധാനവും
കെ-റെയിലുകൊണ്ട് സർക്കാർ തകർത്തിരിക്കുകയാണ്

ക്കഴിഞ്ഞ മാർച്ച് 21 ന് ഉച്ചയ്ക്ക് രണ്ടുമണിയായിക്കാണും. വീടിന് പുറത്ത് നിന്ന് വലിയ ബഹളങ്ങൾ കേട്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കിയ റോസി അക്ഷരാർത്ഥത്തിൽ ഭയന്നുപോയി. വീട്ടുമുറ്റത്ത് നിറയെ പൊലീസുകാരും ആൾക്കൂട്ടവും. അടച്ചിട്ട ഗേറ്റും മതിലും ചാടിക്കടന്നുകൊണ്ട് പൊലീസുകാർ അകത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. അവരുടെ കയ്യിൽ എന്തൊക്കെയോ ഉപകരണങ്ങൾ. മതിലിന് പുറത്ത് ക്യാമറയും മറ്റുമായി കുറേ മാധ്യമപ്രവർത്തകർ, പിന്നെ തടിച്ച് കൂടിയ നാട്ടുകാർ. അത്രയും പൊലീസുകാരെ ഇതിന് മുമ്പ് സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്താണ് സംഭവിക്കുന്നതെന്നറിയാതെ റോസി ഭയന്നുവിറച്ചു. ഫോണെടുത്ത് ആരെയൊക്കെയോ വിളിച്ചു. ഉറങ്ങുകയായിരുന്ന മക്കളെ വിളിച്ചുണർത്തി ചേർത്തുപിടിച്ചു. എന്താണെന്നറിയാതെ വാതിൽ തുറക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ അയൽവാസികളുടെ ഫോൺ വന്നു. "വാതിൽ തുറക്കൂ... പുറത്തുവന്നിരിക്കുന്നത് കെ - റെയിലിന്റെ ആൾക്കാരാണ്'.

കെ റെയിൽ എന്ന വാക്ക് പത്രങ്ങളിലും ടിവിയിലും കണ്ടിട്ടുണ്ട് എന്നല്ലാതെ അതെന്താണെന്ന് റോസിക്ക് അറിയുമായിരുന്നില്ല. കെ റെയിൽ കടന്നുപോകുന്നത് താനും കുട്ടികളും ഇപ്പോൾ കഴിയുന്ന വീട് നിൽക്കുന്ന സ്ഥലത്ത് കൂടിയാണെന്നും ഇവിടെ നിന്നും ഒഴിഞ്ഞുപോകേണ്ടി വരുമെന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. ഇനിയുമൊരു ആഘാതം താങ്ങാൻ ശേഷിയില്ലാത്ത തരത്തിൽ തകർന്നിരിക്കുന്ന റോസിയും മൂന്ന് മക്കളും കെ റെയിൽ ഉദ്യോഗസ്ഥർ തങ്ങളുടെ വീട്ടുമുറ്റത്ത് മഞ്ഞക്കുറ്റി കുഴിച്ചിടുന്നതും ശേഷം നാട്ടുകാർ അത് പിഴുതെറിയുന്നതും നോക്കി നിന്നു. കെ റെയിൽ അതുവഴി കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് പലരും പല വിവരങ്ങളും പറയുന്നുണ്ട്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നറിയില്ല. അത് വിശദീകരിച്ചു നൽകേണ്ട ചുമതലയുള്ള ആരും ആ വീട്ടിലേക്ക് ഇതുവരെ വന്നിട്ടില്ല.

റോസിയുടെ വീടിന്റെ മുൻവശം
റോസിയുടെ വീടിന്റെ മുൻവശം

ഭർത്താവിനും മൂന്ന് ആൺമക്കൾക്കുമൊപ്പമുള്ള സന്തോഷകരമായ ജീവിതമായിരുന്നു റോസിയുടേത്. സൗദി അറേബ്യയിലെ കച്ചവടത്തിൽ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം ഭർത്താവ് മുജീബ് റഹ്മാൻ നാട്ടുകാർക്ക് വേണ്ടിയും ചെലവഴിച്ചിരുന്നു. കോഴിക്കോട് വെസ്റ്റ് കല്ലായിക്കടുത്തുള്ള തെക്കുംപുറത്തെ സാമാന്യം മോശമല്ലാത്ത വീട്ടിൽ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളെയും കെടുത്തിക്കൊണ്ടാണ് ആറ് മാസങ്ങൾക്ക് മുമ്പ് മുജീബ് റഹ്മാൻ സൗദിയിൽ വെച്ച് കൊവിഡ് ബാധിതനായി മരണപ്പെട്ടത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം ബന്ധുക്കളെല്ലാം തിരികെ പോയതോടെ റോസിയും മൂന്ന് മക്കളും മാത്രമായി വീട്ടിൽ. 16 വയസ്സുള്ള മൂത്ത മകൻ അബ്ദുള്ള, 12 വയസ്സുള്ള രണ്ടാമൻ ഉമർ, മൂന്നര വയസ്സ് മാത്രം പ്രായമുള്ള ഇളയ മകൻ ബിലാൽ. പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വേർപാട് തീർത്ത പ്രഹരങ്ങളിൽ നിന്ന് റോസി ഇനിയും പുറത്തുകടന്നിട്ടില്ല, വീടുവിട്ട് പുറത്തിറങ്ങാറുമില്ല. ജീവിതത്തിലിന്നുവരെ ഒന്നും സ്വയമേറ്റെടുത്ത് ചെയ്യേണ്ടി വന്നിട്ടില്ല, സ്വന്തമായി വരുമാന മാർഗവുമില്ല. തങ്ങൾക്കിനി എന്ത് സംഭവിക്കുമെന്നറിയാതെ, ജീവിതത്തിൽ ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന ദുരന്തങ്ങൾക്ക് മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ആ കുടുബം.

ഗ്രാമ-നഗര ഭേദമന്യേ കേരളത്തിലെ വ്യത്യസ്ത ജില്ലകളിലെ അനേകം കുടുംബങ്ങൾക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നേരിടേണ്ടി വന്നത് സമാനമായ സാഹചര്യങ്ങളാണ്. യാതൊരുവിധ മുന്നറിയിപ്പുകളും ഔദ്യോഗിക വിശദീകരണങ്ങളുമൊന്നുമില്ലാതെ തങ്ങളുടെ പുരയിടങ്ങളിലേക്കും വീടകങ്ങളിലേക്കുമിരച്ചുകയറിവന്ന പൊലീസുകാർക്കും കെ റെയിൽ ഉദ്യോഗസ്ഥർക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധമിരമ്പി. കോഴിക്കോട് പള്ളിക്കണ്ടിയിലും ഇടിയങ്ങരയിലും, മലപ്പുറത്ത് തിരൂരിലും തിരുനാവായയിലും, എറണാകുളം ചോറ്റാനിക്കരയിലും കുട്ടമശ്ശേരിയിലും, കോട്ടയം മാടക്കരയിലും പാറമ്പുഴയിലുമെല്ലാം നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.

മുഖ്യമന്ത്രിയുടെ വാക്കുകളും അടിത്തട്ടിലെ യാഥാർത്ഥ്യവും

സിൽവർ ലൈനുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വ്യത്യസ്തയിടങ്ങളിൽ പ്രതിഷേധങ്ങൾ ആളിപ്പടരുന്നതിനിടയിലും പദ്ധതിക്കുള്ള അന്തിമാനുമതി നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകയായിരുന്നു കേരളം. ഇതിനായി മാർച്ച് 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ ദൽഹിയിലെത്തി പ്രധാനമന്ത്രിയെ നേരിൽ കണ്ടു. ശേഷം പദ്ധതിക്ക് കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പുവരുത്തിയതായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

സിൽവർ ലൈൻ അടക്കമുള്ള കേരളത്തിലെ വികസന പദ്ധതികൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തുന്നു
സിൽവർ ലൈൻ അടക്കമുള്ള കേരളത്തിലെ വികസന പദ്ധതികൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തുന്നു

"ഏതെങ്കിലും കല്ലുകൾ ആരെങ്കിലും ഇളക്കിമാറ്റിയെന്ന് കരുതി സിൽവർലൈൻ പദ്ധതി അവസാനിക്കില്ല' എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞശേഷം പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരിച്ച മുഖ്യമന്ത്രി, "ജനങ്ങൾക്കാർക്കും സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശങ്കയുമില്ല, ഇപ്പോൾ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയാണ്', എന്നും കൂടി പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വികസന വിരുദ്ധ വിദ്രോഹ സഖ്യത്തെ തുറന്നുകാട്ടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം. ഇപ്പോൾ നടക്കുന്ന കല്ലിടൽ ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടിയല്ലെന്നും സാമൂഹികാഘാത പഠനത്തിന്റെ ഭാഗമാണെന്നുമാണ് മുഖ്യമന്ത്രി ആവർത്തിച്ച് വിശദീകരിച്ചത്. ഈ യാഥാർത്ഥ്യം ഉദ്യോഗസ്ഥർ ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് പദ്ധതിയെക്കുറിച്ച് വലിയ രീതിയിൽ ബോധ്യമുണ്ട് എന്ന് മുഖ്യമന്ത്രി നിരന്തരം പറയുന്നുണ്ടെങ്കിലും അടിത്തട്ടിലെ യാഥാർത്ഥ്യം അങ്ങനെയല്ല. പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയും സർക്കാർ പ്രതിനിധികളുടെ വിശദീകരണങ്ങളിലെ പൊരുത്തക്കേടുകളും കല്ലിടാനെത്തുന്നവരുടെ പ്രവൃത്തികളിലെ ജനാധിപത്യവിരുദ്ധതയുമാണ് അടിത്തട്ടിൽ വലിയ സംഘർഷങ്ങൾ സൃഷ്ടിച്ചത്. കാലങ്ങളായി താമസിക്കുന്ന മണ്ണിൽ നിന്നും കുടിയൊഴിഞ്ഞുപോകേണ്ടി വരുമെന്ന ഭീതിയിൽ കഴിയുന്ന ദരിദ്ര -പിന്നാക്ക വിഭാഗങ്ങളുടെ വീടുകളിലേക്കേ് സർവേക്കല്ലുമായെത്തുന്നതിന് മുമ്പ് അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്ന ജനാധിപത്യ സമീപനം സർക്കാറിൽ നിന്നുണ്ടായിട്ടില്ല.

കല്ലിടൽ എന്ന ആഘാതം

സിൽവർ ലൈൻ പദ്ധതിയുടെ നടപടിക്രമങ്ങൾ സർക്കാർ ജനങ്ങളെ അറിയിക്കാതെ നടപ്പാക്കുന്നത് സാധാരണക്കാർക്കിടയിൽ എത്രമാത്രം പരിഭ്രാന്തിയുണ്ടാക്കുന്നുണ്ട് എന്നതിന്റെ നേർചിത്രമായിരുന്നു മലപ്പുറം തവനൂരിലെ തങ്ക എന്ന വയോധികയുടെ കരച്ചിൽ. മാർച്ച് 23 ന് തവനൂരിലെ കാർഷിക കോളേജ് ഹോസ്റ്റലിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് പാചകത്തൊഴിലാളിയായ കുണ്ടപ്പറമ്പിൽ തങ്ക തന്റെ വീടിനടുത്ത് സർവേ നടക്കുന്ന വിവരമറിയുന്നത്. മറ്റ് നാടുകളിൽ സർവേ നടക്കുന്ന സമയത്തെ സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ ടിവിയിലൂടെ കണ്ട് ഭയപ്പെട്ടിരുന്ന തങ്ക തനിക്കും ഈ ഗതി വന്നെന്നറിഞ്ഞ് ഭയന്ന് വീട്ടിലേക്കോടി. അവിടെ ഉദ്യോഗസ്ഥർ എത്തിയില്ലെന്ന് കണ്ട് തിരികെ കാർഷിക കോളേജിന് മുന്നിലെത്തി. കവാടത്തിന് മുന്നിലെ പൊലീസുകാരെയും മാധ്യമങ്ങളെയും കണ്ടതോടെ തന്റെയുള്ളിലെ സങ്കടഭാരം തുറന്നു. "കാലങ്ങളോളം കൂലിപ്പണിയെടുത്ത് വിയർപ്പൊഴുക്കിയുണ്ടാക്കിയ ചെറിയ കൂരയാണ്, അവിടുന്നെന്നെ ഇറക്കിവിടല്ലേ സാറന്മാരേ...' എന്ന് പറഞ്ഞ് നിർത്താതെ കരഞ്ഞ ആ പാവം വയോധികയെ നാട്ടുകാർ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയയായിരുന്നു.

ഷാജില നൗഷാദ്
ഷാജില നൗഷാദ്

കല്ലിടലിന്റെ ഭാഗമായി പ്രദേശത്തെ വീടുകളിലും സ്‌കൂളിലും ഇരച്ചെത്തിയ പൊലീസുകാർ സൃഷ്ടിച്ച ഭീതിയിൽ നിന്ന് തങ്ങളുടെ കുട്ടികൾ ഇപ്പോഴും മോചിതരായിട്ടില്ല എന്നാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയായ എറണാകുളം കുട്ടമശ്ശേരി സ്വദേശിനി ഷാജില നൗഷാദ് ട്രൂകോപ്പിയോട് പറഞ്ഞത്. "അവർ ആദ്യം ഇവിടുത്തെ വീടുകളിൽ കല്ലിട്ടു. പിന്നീട് സ്‌കൂളിന് നടുവിലും. പ്രതിഷേധിച്ച നാട്ടുകാരെയെല്ലാം അറസ്റ്റ് ചെയ്തുനീക്കി. അത് ചോദ്യം ചെയ്ത ഞങ്ങൾ സ്ത്രീകൾക്ക് നേരെ ബലം പ്രയോഗിച്ചു. ഇതെല്ലാം കണ്ടുനിന്ന ഞങ്ങളുടെ കുട്ടികൾ ഇപ്പോഴും ആ ഷോക്കിൽ തന്നെയാണ്. സമാധാനത്തോടെ കഴിയുന്ന ഞങ്ങളുടെ നാട്ടിലേക്ക് എന്തിനാണ് ഇത്രയും പൊലീസുകാർ വന്നതെന്നറിയില്ല. ഈ നാടിന്റെ മുഴുവൻ സമാധാനവും അവർ തകർത്തിരിക്കുകയാണ്', ഷാജില നൗഷാദ് കൂട്ടിച്ചേർത്തു.

കെ-റെയിൽ അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന തിരുനാവായയിലെ ജനങ്ങൾ
കെ-റെയിൽ അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന തിരുനാവായയിലെ ജനങ്ങൾ

എറണാകുളം ജില്ലയിലെ കുട്ടമശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിന് നൂറ് വർഷത്തോളം പഴക്കമുണ്ട്. 2018 ലെ പ്രളയത്തിൽ വെള്ളം കയറി നശിച്ച സ്‌കൂൾ പുതുക്കി നിർമിക്കുന്നതിന് വേണ്ടി നാട്ടുകാർ വലിയ ശ്രമങ്ങളാണ് നടത്തിയത്. നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം സംയുക്തമായി നടത്തിയ ഇടപെടലുകളുടെ ഭാഗമായി മൂന്ന് കോടി രൂപ സ്‌കൂളിന് അനുവദിക്കപ്പെട്ടു. പണി പൂർത്തിയായി ഏതാനും ആഴ്ചകൾക്കുള്ളിൽ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സിൽവർ ലൈനിന് വേണ്ടി സ്‌കൂളിന് നടുവിൽ കല്ലിട്ടിരിക്കുന്നത്. നാടിന്റെ വലിയ വികസന സ്വപ്‌നങ്ങളായിരുന്ന സ്‌കൂൾ, ആയുർവേദ ഡിസ്പൻസറി, അംഗൻവാടി എന്നിവിടങ്ങളിലെല്ലാം കെ റെയിൽ ഉദ്യോഗസ്ഥർ കല്ലിട്ടതിനെ വലിയ ആശങ്കയിലാണ് നാട്ടുകാർ കാണുന്നത്. "നഷ്ടപരിഹാരം തരാമെന്നും പദ്ധതി ബാധിക്കാൻ പോകുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ സ്ഥലം ഏറ്റെടുക്കൂ എന്നും പറഞ്ഞിരുന്ന സർക്കാറാണ് ഇപ്പോൾ ആരോടും ഒരു വാക്ക് പോലും പറയാതെ ഞങ്ങളുടെ അടുക്കളകളിൽ വരെ കയറി കല്ലിട്ടിരിക്കുന്നത്', കുട്ടമശ്ശേരി സ്വദേശിനിയായ മിനി ട്രൂകോപ്പിയോട് പറഞ്ഞു.

മിനി
മിനി

കല്ലിടലുമായി ബന്ധപ്പെട്ട് വലിയ സംഘർഷങ്ങളുണ്ടായ കോഴിക്കോട് കല്ലായി, പള്ളിക്കണ്ടി, തെക്കുംപുറം പ്രദേശങ്ങളിലെ വീട്ടുകാരും വലിയ ഭീതിയിലാണ്. "ജനങ്ങൾ അങ്ങേയറ്റം തിങ്ങിത്താമസിക്കുന്ന മേഖലയാണിത്. കല്ലായിപ്പുഴ, അറബിക്കടൽ, റെയിൽവേ ട്രാക്ക്, വലിയങ്ങാടി എന്നിങ്ങനെ നാല് ഭാഗവും ചുറ്റപ്പെട്ട ഒരു തുരുത്ത് പോലെയാണ് ഈ പ്രദേശം. ചരിത്രപരമായി നിരവധി സവിശേഷതകൾ ഈ നാടിനുണ്ട്. ആകെ രണ്ട് കിലോമീറ്റർ ചുറ്റളവ് മാത്രമാണ് ഈ പ്രദേശത്തിനുള്ളതെങ്കിലും കേരളത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ജനസാന്ദ്രത വളരെ കൂടുതലാണ്. ഇതിലൂടെ കെ റെയിൽ കടന്നുപോവുകയാണെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും', കല്ലായി തെക്കുംപുറത്ത് മരക്കച്ചവടക്കാരനായ നിസാർ ട്രൂകോപ്പിയോട് പറഞ്ഞു.

നിസാർ
നിസാർ

ഇന്നുവരെ സി.പി.ഐ.എമ്മിന് മാത്രം വോട്ട് ചെയ്തിട്ടും തന്റേതെന്ന് കരുതിയ സർക്കാറിൽ നിന്നും ദുരനുഭവങ്ങളുണ്ടായതിന്റെ വേദനയാണ് തെക്കുംപുറം സ്വദേശിനിയായ അഫ്‌സ ട്രൂകോപ്പിയുമായി പങ്കുവെച്ചത്. "ഞാൻ ഒരു അടിയുറച്ച കമ്യൂണിസ്റ്റാണ്. മുസ്‌ലിം ലീഗിന് വലിയ സ്വാധീനമുള്ള ഞങ്ങളുടെ ഈ വാർഡിൽ 26 വർഷത്തിന് ശേഷം സി.പി.ഐ.എം വിജയിച്ചപ്പോൾ ഏറെ സന്തോഷിച്ചവരാണ് എന്റെ കുടുബം. പിണറായി സർക്കാറിന് ഭരണത്തുടർച്ച ലഭിച്ചപ്പോൾ എന്റെ രണ്ട് മക്കൾക്കൊപ്പം ചെങ്കൊടിയും പിടിച്ച് ഞാനും ആഹ്ലാദപ്രകടനങ്ങൾക്ക് പോയിട്ടുണ്ട്. ഇപ്പോഴും പിണറായി വിജയനോട് വലിയ ബഹുമാനമുണ്ട്. സർക്കാറിൽ നിന്ന് ഞങ്ങൾക്കൊരു ആനുകൂല്യവും വേണ്ട, സഹായവും വേണ്ട. ഞങ്ങളെ ജന്മനാട്ടിൽ ജീവിക്കാൻ മാത്രം സമ്മതിച്ചാൽ മതി', അഫ്‌സ പറയുന്നു.

"കല്ലിടലിന്റെ ഭാഗമായി വന്ന പൊലീസുകാരും ഉദ്യോഗസ്ഥരും യാതൊരു മര്യാദയും ഞങ്ങളോട് കാണിച്ചില്ല. ഞങ്ങൾ തലമുറകളായി താമസിക്കുന്ന സ്ഥലത്ത് വന്ന് കുറ്റിയടിച്ച് പോകുമ്പോൾ മിനിമം അക്കാര്യം ഞങ്ങളോട് പറയാൻ പോലും തയ്യാറാകാത്തവർ ഈ നാട്ടിലെ ജനങ്ങൾക്ക് കൽപിക്കുന്ന വിലയെന്താണ്. എന്റെ ഉപ്പ മരിച്ചിട്ട് 6 മാസം മാത്രമായിട്ടേ ഉള്ളൂ, ഉപ്പയുടെ ഓർമകളുള്ള ഈ മണ്ണ് വിട്ട് പോകേണ്ടി വരിക എന്നത് എന്നെ സംബന്ധിച്ച് മരിക്കുന്നതിന് തുല്യമാണ്', അഫ്‌സ കൂട്ടിച്ചേർത്തു.

അഫ്‌സ
അഫ്‌സ

കെ റെയിൽ എന്ന പദ്ധതിയേക്കാൾ പ്രശ്‌നമാണ് പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ സമീപനങ്ങളെന്നാണ് കോതിപ്പാലം സ്വദേശിയായ നജീബ് പറയുന്നത്. "നേരത്തെയും ഒരു സർക്കാർ പദ്ധതിക്ക് വേണ്ടി സ്ഥലം ഒഴിഞ്ഞുകൊടുത്തിട്ടുള്ള ആളാണ് ഞാൻ. കോതിപ്പാലം അപ്രോച്ച് റോഡിന് വേണ്ടി സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ആറ് മാസം മുമ്പെ തഹസിൽദാറിൽ നിന്ന് എനിക്ക് നോട്ടീസ് ലഭിച്ചു. നാടിന്റെ പൊതു ആവശ്യം എന്ന നിലയിൽ സ്ഥലം വിട്ടുകൊടുക്കാൻ ഞാൻ തയ്യാറാകുകയും ചെയ്തു. അന്ന് ആ പ്രദേശത്തുണ്ടായിരുന്ന മാർക്കറ്റ് വിലയേക്കാൾ എത്രയോ തുച്ഛമായ തുകയാണ് എനിക്ക് ലഭിച്ചത്. എന്നിട്ടും ഞാനത് കാര്യമാക്കാതിരുന്നത് അന്ന് സർക്കാർ എന്നോട് മാന്യമായാണ് പെരുമാറിയത് എന്നതുകൊണ്ട് കൂടിയായിരുന്നു. എന്നാലിപ്പോൾ സ്ഥിതി അങ്ങനെയല്ല, ഇവിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊലീസും സംഘവും ഞങ്ങളുടെയൊക്കെ വീടുകളിൽ കയറി തോന്നിവാസം കാണിക്കുന്നു എന്നതുകൊണ്ടാണ് ഞങ്ങൾ ഈ രീതിയിൽ പ്രകോപിതരാകുന്നത്', നബീജ് ട്രൂ കോപ്പിയോട് പറഞ്ഞു.

കല്ലിടാൻ നിയമമില്ല

കേരള സർവേ അതിർത്തി നിയമത്തിൽ സാമൂഹികാഘാത പഠനത്തിന് കല്ലിടണമെന്ന നിർദേശം എവിടെയുമില്ല എന്നതാണ് യാഥാർത്ഥ്യം. കേരള സർവേ അതിർത്തി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാപന പ്രകാരമാണ് കല്ലിടൽ നടത്തുന്നതെന്നാണ് കെ റെയിലിന്റെ വാദം. എന്നാൽ നിയമത്തിൽ ഒരിടത്തും കല്ല് എന്ന വാക്ക് പോലുമില്ല. സർവേ ഭൂമിയുടെ അതിർത്തികളിൽ അടയാളം നൽകണമെന്ന് മാത്രമാണ് സൂചിപ്പിക്കുന്നത്. സർക്കാറിന് ഏത് ഭൂമിയിലും സർവേ നടത്തി അതിരുകൾ നിശ്ചയിക്കാമെന്ന് ഈ നിയമത്തിൽ പറയുന്നു. അതിരടയാളവും നൽകാം. എന്നാൽ കല്ലിടണമെന്ന് നിർബന്ധമില്ല. ഇപ്പോൾ കെ റെയിൽ സ്ഥാപിക്കുന്ന കല്ലിന്റെ രൂപവും അളവും സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കെ–റെയിൽ എം.ഡി. വി.അജിത്ത്
കെ–റെയിൽ എം.ഡി. വി.അജിത്ത്

കല്ലിടുന്നത് ഭൂമിയേറ്റെടുക്കാനല്ലെന്ന് ആവർത്തിക്കുമ്പോഴും സാമൂഹികാഘാകാത പഠനത്തിന് കല്ലിടൽ അനിവാര്യമാണെന്നത് ആധികാരികമായി വിശദീകരിക്കാൻ കെ റെയിലിന് സാധിച്ചിട്ടില്ല. മാർച്ച് 21 ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ കല്ലിടലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും അതിൻമേൽ കൃത്യമായ ഉത്തരങ്ങൾ നൽകാൻ കെ - റെയിൽ എം.ഡി, വി. അജിത് കുമാറിന് സാധിച്ചിട്ടില്ല. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുകയോ, പദ്ധതി പൂർത്തീകരണത്തിനാവശ്യമായ വായ്പകൾ തരപ്പെടുകയോ ചെയ്തിട്ടില്ല എന്നിരിക്കെ കെ റെയിലെന്ന് പേരെഴുതിയ കല്ലുകൾ പാകുന്നതിലെ പ്രശ്‌നവും പലരും ഉന്നയിക്കുന്നുണ്ട്.

ഔദ്യോഗിക വിശദീകരണങ്ങളിലെ പൊരുത്തക്കേടുകൾ

പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ വലിയ രീതിയിൽ വർധിക്കുന്നതിന് കാരണമായ ഒന്ന്, ഔദ്യോഗിക വിശദീകരണങ്ങളിലെ പൊരുത്തക്കേടുകളാണ്. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, കെ റെയിൽ ഉദ്യോഗസ്ഥർ, ഭരണ മുന്നണിയിലെ നേതാക്കൾ എന്നിങ്ങനെ വിവിധയാളുകൾ നൽകുന്ന വിശദീകരണങ്ങളിലെ പൊരുത്തക്കേടുകൾ ജനങ്ങളെ വലിയ രീതിയിൽ പ്രയാസത്തിലാക്കുന്നുണ്ട്.

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ബഫർ സോണിനെക്കുറിച്ചുള്ള വിശദീകരണങ്ങളിലാണ് ഈ രീതിയിൽ വലിയ ആശയക്കുഴപ്പങ്ങളുണ്ടായത്. പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് ബഫർ സോൺ ഇല്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ ആദ്യം പറഞ്ഞിരുന്നത്. "സിൽവർ ലൈൻ പദ്ധതിയിൽ ട്രാക്കിന് ചുറ്റും ഒരു മീറ്റർ പോലും ബഫർ സോൺ ഇല്ല, ബഫർ സോൺ ഉണ്ടെന്നത് കള്ളപ്രചാരണമാണ്. ഞാൻ ഡി.പി.ആർ നന്നായി പഠിച്ചതാണ്. എല്ലാവരും ഡി.പി.ആർ പഠിക്കണം. സിൽവർ ലൈനിൽ ബഹുഭൂരിപക്ഷം ഭാഗത്തും മുകളിൽ കൂടിയാണ് ട്രാക്ക്. അവിടെ എന്തിനാണ് ബഫർ സോൺ', ഇാതായിരുന്നു മാർച്ച് 21 ന് ആലപ്പുഴയിൽ വെച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന. എന്നാൽ അതേ ദിവസം തന്നെ തിരുവനന്തപുരത്ത് വെച്ച് കെ റെയിൽ എം.ഡി, വി. അജിത് കുമാർ സജി ചെറിയാന്റെ പ്രസ്താവനകളെ തിരുത്തുകയുണ്ടായി. സിൽവർ ലൈനിന് ഇരുവശത്തും 10 മീറ്റർ വീതം ബഫർ സോൺ ഉണ്ടെന്നും ഇതിൽ ആദ്യ അഞ്ച് മീറ്ററിൽ നിർമാണം പാടില്ല എന്നും ബാക്കിവരുന്ന അഞ്ച് മീറ്ററിൽ നിർമാണം നടത്തുന്നതിന് അനുമതി വേണമെന്നുമാണ് വി. അജിത് കുമാർ പറഞ്ഞത്.

പൊലീസ് ബാരിക്കേഡിൽ സ്ഥാപിച്ച പോസ്റ്റർ
പൊലീസ് ബാരിക്കേഡിൽ സ്ഥാപിച്ച പോസ്റ്റർ

ബഫർ സോണുമായി ബന്ധപ്പെട്ട കാര്യത്തിൽ കെ റെയിൽ എം.ഡി പറഞ്ഞതാണ് ശരി എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചതോടെ സജി ചെറിയാൻ തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് നിലപാട് മാറ്റുകയായിരുന്നു. പദ്ധതിയെക്കുറിച്ച് ആദ്യാവസാനം മുഴുവൻ പഠിച്ച് മനസ്സിലാക്കിയിട്ടുണ്ട് എന്ന തരത്തിലുള്ള മുഖവുരയോടെ ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്നർ നടത്തുന്ന പ്രസ്താവനകളിലാണ് ഇത്തരത്തിൽ ജനങ്ങളെ കുഴക്കുന്ന ഗൗരവമായ വസ്തുതാ പിഴവുകളുണ്ടാകുന്നത്.

ബഫർ സോൺ ഉണ്ട് എന്നത് കെ റെയിൽ എം.ഡി തന്നെ സ്ഥിരീകരിച്ചിരിക്കെ തങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്നത് 35 - 45 മീറ്റർ വരെയുള്ള ഭൂമിയാണ് എന്ന തിരിച്ചറിവിലാണ് നാട്ടുകാർ. കെ റെയിലിന് വേണ്ടി ഏറ്റെടുക്കപ്പെടുന്ന ഭൂമിയിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിന്റെ അടിസ്ഥാനത്തിലുള്ള തുക ലഭിക്കുക 15 മീറ്റർ മുതൽ 25 മീറ്റർ വരെ വീതിയുള്ള സ്ഥലത്തിനാണ്. ബാക്കി വരുന്ന 10 മീറ്ററോളം സ്ഥലത്ത് നിയന്ത്രണങ്ങളുണ്ടായിരിക്കെ ആ സ്ഥലം കൊണ്ട് പ്രയോചനനമുണ്ടാവില്ല എന്നതാണ് സ്ഥിതി.

പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ, നഷ്ടപരിഹാരം, പദ്ധതികൾ കടന്നുപോകുന്ന വഴി, പുനരധിവാസ പദ്ധതി, പദ്ധതി ബാധിത കുടുംബങ്ങളുടെ കണക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ടെല്ലാം വലിയ രീതിയിലുള്ള തെറ്റിദ്ധാരണകൾ ജനങ്ങൾക്കിടയിലുണ്ട്. പദ്ധതിയെക്കുറിച്ച് സാധാരണക്കാർക്ക് അവബോധം നൽകുന്നതിനുള്ള യാതൊരു നീക്കവും സർക്കാറിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടുമില്ല.

ഉദ്ഘാടനം നടക്കാനിരിക്കുന്ന എറണാകുളം ജില്ലയിലെ കുട്ടമശ്ശേരി ഹയർ സെക്കന്ററി സ്‌കൂൾ
ഉദ്ഘാടനം നടക്കാനിരിക്കുന്ന എറണാകുളം ജില്ലയിലെ കുട്ടമശ്ശേരി ഹയർ സെക്കന്ററി സ്‌കൂൾ

"പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനായി ഏതാനും പൗരപ്രമുഖരെ മുഖ്യമന്ത്രി വിളിച്ചുചേർത്തിട്ടുണ്ട്. എന്നാൽ പദ്ധതിക്ക് വേണ്ടി വീടും സ്ഥലവും നഷ്ടപ്പെടുന്ന ആളുകളോട് ഇതുവരെ ആരും ഒന്നും സംസാരിച്ചിട്ടില്ല. ആദ്യം വിശദീകരിക്കേണ്ടത് കുടിയൊഴിപ്പിക്കപ്പെടുന്ന സാധാരണക്കാരായ മനുഷ്യരോടാണ്. എന്നാൽ സർക്കാർ ചെയ്യുന്നത് അതല്ല', കല്ലായി സ്വദേശിയായ റഹനീഷ് ട്രൂകോപ്പിയോട് പറഞ്ഞു.

സിൽവർ ലൈനുമായി ബന്ധപ്പെട്ട സംരക്ഷണ ഭിത്തിയുടെ കാര്യത്തിലും സമാനമായ ആശയക്കുഴങ്ങളുണ്ട്. പാളത്തിന് ഇരുവശത്തും 2.4 മീറ്റർ ഉയരത്തിൽ മതിൽ വേണമെന്നാണ് ഡി.പി.ആറിലെ നിർദേശമെങ്കിലും അങ്ങനെയൊരു മതിൽ ഉണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നത്. പാതയുടെ ഇരുവശത്തും സംസ്ഥാനത്തുടനീളം മതിലുണ്ടാകുമെന്നത് കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ആശങ്കയുയർന്നതിന് പിന്നാലെയാണ് അങ്ങനെയൊരു മതിലുണ്ടാകില്ല എന്ന തരത്തിൽ മുഖ്യമന്ത്രി സംസാരിച്ചത്. എന്നാൽ ഇരുവശവും വേലിയുണ്ടാകുമെന്ന് തന്നെയാണ് കെ റെയിൽ എം.ഡി വി. അജിത് കുമാർ പറഞ്ഞത്. മതിലിൽ പരസ്യം പതിച്ച് വരുമാനമുണ്ടാക്കാമെന്നും സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും ഡി.പി.ആറിൽ നിർദേശവുമുണ്ട്. മാത്രവുമല്ല, മണിക്കൂറിൽ 200 ൽ അധികം വേഗതയിൽ ചീറിപ്പായുന്ന ട്രെയിനുകളുള്ള പാതയ്ക്ക് സംരക്ഷണ ഭിത്തിയില്ലെങ്കിൽ അതുണ്ടാക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളും വലുതായിരിക്കും. അങ്ങനെയിരിക്കെ സുരക്ഷാ മതിലുണ്ടാവില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്നത് സംബന്ധിച്ച വ്യക്തതകളില്ല.

സമരത്തെ സർക്കാർ നേരിടുന്ന രീതി

കെ റെയിലുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വ്യത്യസ്ത ജില്ലകളിലെ വിവിധ ഭൂപ്രദേശങ്ങളിൽ പല ഘട്ടങ്ങളിലായി നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്നിട്ടുണ്ടെങ്കിലും അവയെ കാര്യമായി കണക്കിലെടുക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കെ റെയിൽ വിരുദ്ധ സമരം കേവലം സർക്കാർ വിരുദ്ധ സമരമാണെന്നും അത് വിമോചന സമരത്തിന് തുല്യമാണെന്നുമാണ് സി.പി.ഐ.എം നേതാക്കളുടെ പ്രതികരണം. സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന ആരോപണമുയർത്തിയത് മുഖ്യമന്ത്രി തന്നെയാണ്. കെ റെയിൽ വിരുദ്ധ സമരത്തിലുള്ളവരെല്ലാം കേരള വിരുദ്ധ മുന്നണിയുടെ ഭാഗമാണെന്ന പ്രസ്താവനയുമായി മന്ത്രി പി. രാജീവും രംഗത്ത് വന്നു, ഏറ്റവുമൊടുവിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞത് കെ റെയിൽ വിരുദ്ധ സമരക്കാരെ സഹായിക്കുന്നത് ഓട്ടോ മൊബൈൽ കമ്പനികളാണ് എന്നാണ്.

കെ റെയിൽ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പലതരത്തിലുള്ള ചാപ്പകൾ നൽകുന്നതിനിടയിൽ ഒരിക്കൽപോലും എന്തുകൊണ്ട് കെ റെയിലിനെതിരെ ജനകീയ ചെറുത്തുനിൽപുകളുണ്ടാകുന്നു എന്ന ചോദ്യത്തെ രാഷ്ട്രീയമായി അഭിമുഖീകരിക്കാൻ ഇതുപക്ഷ നേതാക്കൾക്ക് സാധിച്ചിട്ടില്ല. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ചെറു സംഘങ്ങളായി ചേർന്ന് നേരത്തെ തന്നെ ജനകീയ സമരസമിതികൾക്ക് രൂപം നൽകിയിരുന്നു. എന്നാൽ, അങ്ങേയറ്റം ആശങ്കയിൽ കഴിഞ്ഞിരുന്ന ജനങ്ങൾക്കിടയിലേക്ക് മുന്നറിയിപ്പുകളില്ലാതെ കല്ലിടാൻ ചെന്നതാണ് രൂക്ഷമായ ജനകീയ പ്രതിഷേധങ്ങൾക്ക് കാരണമായത് എന്നത് മനസ്സിലാക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ നെറുകയിലൂടെ ഒരു പദ്ധതി നടപ്പാക്കുമ്പോൾ ആ പദ്ധതിയുടെ ആദ്യ ഘട്ടമായി സർക്കാർ കണക്കാക്കേണ്ടത് പദ്ധതി ബാധിക്കാൻ പോകുന്ന കുടുംബങ്ങളെ കൃത്യമായി കണ്ടെത്തി അവരെ പദ്ധതിയെക്കുറിച്ചുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്നതാണ്. ഇനിയുമതിന് തയ്യാറാകാതെ മുന്നോട്ടുപോകുന്ന സർക്കാർ വലിയ ആഘാതങ്ങൾ തന്നെയായിരിക്കും അടിത്തട്ടിൽ സൃഷ്ടിക്കുക. ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം

Comments