2019 സെപ്റ്റംബറിൽ കോട്ടയം ജില്ലയുടെ വടക്കേ അറ്റമായ പുളക്കളം മേഖലയിൽ കെ റെയിലിൽ അധികൃതർ സർവേക്കു ചെന്നു. അവരുമായി സംസാരിച്ചപ്പോൾ കെ റെയിൽ എന്ന ഒരു സ്ഥാപനമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മനസ്സിലായി. ഇതേതുടർന്നാണ്, എന്താണ് കെ റെയിൽ എന്ന അന്വേഷണം നടത്തിയത്. വിവരാവകാശ നിയമ പ്രകാരവും കെ റെയിൽ മൂന്നുമാസം കൊണ്ട് തയ്യാറാക്കിയ പാരിസ്ഥിതികാഘാത പഠനത്തിൽ നിന്ന് കിട്ടിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് കെ റെയിൽ എത്ര അപകടകരമാണ് എന്ന് മനസ്സിലാക്കിയത്.
ലഭ്യമായ രേഖകൾ വെച്ച് പദ്ധതി എതിർക്കപ്പെടേണ്ടതാണ് എന്ന നിഗമനത്തിലെത്തുകയും അങ്ങനെ അവിടെ പ്രതിഷേധ സമരങ്ങൾ ആരംഭിക്കുകയും ചെയ്തു. കോഴിക്കോട് കാട്ടിലപ്പീടിക പ്രദേശത്തുള്ളവർ ഇതിനെതിരായി രംഗത്തുവന്നു. 2020 ഒക്ടോബർ രണ്ടിന് അവർ അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിച്ചു. ആ സമയത്തുതന്നെ പത്തനംതിട്ട ജില്ലയിൽ കുന്നന്താനം, ഇരവിപേരൂർ മേഖലകളിലും കെ റെയിലിനെതിരെ പ്രതിഷേധം ഉയർന്നുവന്നു. തിരുവനന്തപുരത്ത് കണിയാപുരം മേഖലയിലും തൃശൂരിലെ ചേർപ്പിലും പ്രതിഷേധം ഉയർന്നു. ചില ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്രതിഷേധം ഉയർന്നുവന്നത്. ഈ മേഖലകളിൽനിന്ന് സംസ്ഥാന തലത്തിൽ ഒരു കോ-ഓർഡിനേഷൻ ഉണ്ടാകണമെന്ന നിർദേശം ഉയർന്നുവരികയും അങ്ങനെ 2020 നവംബർ എട്ടിന് സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ മുൻകൈയിൽ സമരസമിതികളെ കൂട്ടിയോജിപ്പിച്ച് സംസ്ഥാന തലത്തിൽ ഒരു സമരസമിതിയ്ക്ക് രൂപംകൊടുക്കുകയും ചെയ്തു. അതാണ് ‘സംസ്ഥാന കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി’. സമിതി തുടർന്നങ്ങോട്ട് കെ റെയിലിന്റെ ഓരോ നിലപാടുകളെയും ചോദ്യം ചെയ്യുകയും സർക്കാരിനുമേൽ സമ്മർദം ചെലുത്തുന്ന നിവേദനങ്ങൾ അയക്കുകയും കൂടുതൽ പഠനങ്ങൾ നടത്താൻ വേണ്ടിയുള്ള ഓൺലൈൻ സെമിനാറുകളും കൺവെൻഷനുകളും സംഘടിപ്പിക്കുകയും ചെയ്തു.
എല്ലാ ജില്ലകളിലും പ്രാദേശിക തലത്തിൽ സമരസമിതികൾ രൂപീകരിക്കാനുള്ള തീരുമാനമുണ്ടാവുകയും അതിന് ശ്രമം നടത്തുകയും ചെയ്തു. അതോടൊപ്പം, എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേയ്ക്കും എറണാകുളത്തുനിന്ന് കാസർകോടേയ്ക്കും രണ്ടുഘട്ടങ്ങളിലായി 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രണ്ട് വാഹനജാഥകൾ സമിതി നടത്തി. അതുവഴി, അലൈൻമെൻറ് കടന്നുപോകുന്ന മേഖലകളിലെ ആളുകളെ പദ്ധതിയുടെ ഗൗരവം ബോധ്യപ്പെടുത്താനുള്ള ശ്രമവുമുണ്ടായി. ഇതിനെയെല്ലാം കോർത്തിണക്കിയാണ് ഓരോ ജില്ലയിലും സമരസമിതികൾക്ക് രൂപം നൽകിയത്. തുടർന്ന് ജില്ലാടിസ്ഥാനത്തിൽ സമരസമിതികൾ രൂപീകരിക്കുകയും സംസ്ഥാന സമിതി വിപുലീകരിക്കുകയും ചെയ്തു. സംസ്ഥാനസമിതിയെടുത്ത ഒരു തീരുമാനം, സമരസമിതിക്ക് രാഷ്ട്രീയപാർട്ടികളുടെ അടിസ്ഥാനത്തിലുള്ള നേതൃത്വം ഉണ്ടാകാൻ പാടില്ല, മറിച്ച് ഇരകളാക്കപ്പെടാൻ പോകുന്നവരും ഇരകളോടൊപ്പം നിലകൊള്ളുന്നവരും ഉൾക്കൊള്ളുന്ന സമിതിയായി ഇത് നിലകൊള്ളണം എന്നതാണ്. വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതിക്കാരും പ്രത്യക്ഷ രാഷ്ട്രീയമില്ലാത്തവരും ഇതിനകത്ത് അണിനിരന്നു. വ്യത്യസ്ത രാഷ്ട്രീയ വിശ്വാസികളായിട്ടുള്ളവരാണെങ്കിൽ പോലും അവരൊന്നും തങ്ങളുടെ നേതൃത്വത്തെ ഈ സമിതിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടില്ല. കാരണം രാഷ്ട്രീയത്തിനതീതമായി ഈ സമിതി നിലകൊള്ളണമെന്നും അങ്ങനെ മുന്നോട്ടുപോയാൽ മാത്രമെ ആത്യന്തികമായി ശക്തമായ സമരം കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി വളർത്തിയെടുക്കാൻ കഴിയുകയൂള്ളൂ എന്നും അതുകൊണ്ട് ആ സ്വത്വം നിലനിർത്തണമെന്നും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2020 നവംബർ എട്ട് മുതൽ സമരസമിതി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യം ആളുകൾക്ക് പദ്ധതിയെക്കുറിച്ച് ഒരു ബോധ്യമുണ്ടായിരുന്നില്ല എന്നതുകൊണ്ടും പദ്ധതി വരുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ലാതിരുന്നതുകൊണ്ടും പലരും മുന്നോട്ടുവന്നിരുന്നില്ല.
സമരസമിതി യൂണിറ്റുകൾ രൂപീകരിക്കുന്നത് വലിയൊരു പരിശ്രമമായിരുന്നു. ജനകീയ പ്രതിരോധസമിതിയുടെ വളണ്ടിയർമാർ അത് നല്ല രീതിയിൽ നിർവഹിച്ചു. കിട്ടുന്ന പുതിയ വിവരങ്ങൾ വെച്ച് ആളുകളെ വിളിച്ചുകൂട്ടി, ഓരോ വീടുകളിലും വെച്ച് അയൽപക്കങ്ങളിലൊക്കെയുള്ള പത്തും പതിനഞ്ചും പേരെ വൈകുന്നേരങ്ങളിൽ വിളിച്ചുകൂട്ടി ചർച്ച ചെയ്ത്, സംശയങ്ങൾക്കെല്ലാം മറുപടി കൊടുത്ത് അവരിൽ ആത്മവിശ്വാസം വളർത്തി ഉറപ്പിച്ചെടുത്ത സമരസമിതികളാണ്. ആദ്യം ആളുകൾക്ക് പദ്ധതിയെക്കുറിച്ച് ഒരു ബോധ്യമുണ്ടായിരുന്നില്ല എന്നതുകൊണ്ടും പദ്ധതി വരുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ലാതിരുന്നതുകൊണ്ടും പലരും മുന്നോട്ടുവന്നിരുന്നില്ല. പിന്നീട് സർക്കാർ അലൈൻമെൻറ് പരസ്യപ്പെടുത്തുകയും സർവേ നമ്പറുകൾ പ്രസിദ്ധീകരിക്കുകയം ചെയ്തപ്പോഴാണ് കൂടുതൽ വ്യക്തത ആളുകൾക്കുണ്ടായത്. അതിനെത്തുടർന്നാണ് കൂടുതൽ പേർ മുന്നോട്ടുവന്നത്.
പുറമേക്ക് വലിയ ഒച്ചപ്പാടില്ലാതെ, അധികമാളുകളുടെ ശ്രദ്ധയിൽ വരാതെ ഈ ഫീൽഡ് പ്രവർത്തനം നടത്തി എന്നതാണ് പ്രധാന കാര്യം. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു മുന്നേറ്റം അടിത്തട്ടിൽ രൂപപ്പെട്ടുവരുന്നു എന്നത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിരുന്നില്ല. സെക്രട്ടറിയേറ്റ് മാർച്ചോടുകൂടിയാണ് ഈ സമരം ഇത്ര കരുത്താർജിച്ചിരിക്കുന്നു എന്നത് എല്ലാവരുടെയും ശ്രദ്ധയിലേക്കെത്തിയത്.
വിവരങ്ങൾ ശേഖരിക്കാൻ നടത്തിയ പരിശ്രമം ശ്രമകരമായിരുന്നു. കാരണം, പത്ത് ചോദ്യം ചോദിച്ചാലാണ് ഒരു ഉത്തരമെങ്കിലും കിട്ടുക. 14 ചോദ്യങ്ങൾ ചോദിച്ചതിൽ ചെയർമാൻ ബാബുരാജ് ഒരു ചോദ്യത്തിന് നൽകിയ മറുപടിയാണ് എംബാങ്ക്‌മെൻറ് എട്ട് മീറ്റർ വരെ ഉയരാമെന്നത്. എം.ടി. തോമസ്, തിരുവനന്തപുരത്തുള്ള ശെൽവ പ്രസാദ്, ചാക്കോച്ചൻ മണലിൽ തുടങ്ങി കേരളത്തിലെ ഒരുപിടി ആളുകൾ നിരന്തര പരിശ്രമം നടത്തിയതിന്റെ ഫലമായിട്ടാണ് ആധികാരിക രേഖകളെല്ലാം സംഘടിപ്പിക്കാനായത്. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ചെന്നൈ ഗ്രീൻ ട്രൈബ്യൂണലിൽ കേസ് കൊടുത്തത്. തുടർന്ന് കെ.ആർ.ഡി.സി.എൽ. സമർപ്പിച്ച ദ്രുതപഠന റിപ്പോർട്ട് വഴിയാണ് അത് അക്രെഡിറ്റഡ് ഏജൻസിയല്ല എന്ന് ബോധ്യപ്പെട്ടതും മൂന്നുമാസം കൊണ്ട് നടത്തിയ ഈ പഠനം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വിധിച്ചത്. അതിനെ തുടർന്നാണ് അത് തള്ളിക്കളഞ്ഞ് 14 മാസത്തേയ്ക്ക് പഠനത്തിന് ടെൻഡർ ക്ഷണിച്ചത്. സമരസമിതിയുടെ ഇടപെടലിന്റെ ഫലമായാണ് സർക്കാരിന്റെ ഈ തീരുമാനം.
ഒരു സാമൂഹികപ്രവർത്തനത്തിനും ഇറങ്ങാത്ത, സ്വന്തം കാര്യം മാത്രം നോക്കി അടുക്കളയിലും വീട്ടിലും മാത്രം കഴിഞ്ഞിരുന്ന പല സ്ത്രീകളും ഇന്ന് വലിയൊരു സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമായി, ആക്റ്റിവിസ്റ്റുകളായി മാറിയിരിക്കുകയാണ്. ഇത് കേരളത്തിൽ ഒരു മുന്നേറ്റമുണ്ടാക്കും.
ഹൈക്കോടതിയിൽ കൊടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് 2013-ലെ നിയമം അനുസരിച്ച്, കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയിട്ടുമാത്രമേ ഭൂമി ഏറ്റെടുക്കാവൂ എന്നും സാമൂഹികാഘാത പഠനം നടത്തണമെന്നും നിർദേശിക്കപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പുതിയ സാമൂഹികാഘാത പഠനത്തിന് ടെൻഡർ ക്ഷണിച്ചത്. ഇപ്പോൾ നടക്കുന്ന ഒരു നടപടിയും സർക്കാർ മുൻകൈയെടുത്തുള്ളതല്ല. ജനങ്ങളെ വെല്ലുവിളിച്ച് രാത്രിയും അടച്ചിട്ട ഗേറ്റ് തല്ലിപ്പൊളിച്ചുമെല്ലാം സ്വകാര്യവസ്തുവിൽ കയറി പൊലീസിനെയും കൂട്ടിവന്ന് കെ റെയിലിന്റെ ആളുകൾ കല്ലിടാൻ ശ്രമിച്ചു. അതിനെ ചെറുത്തുനിൽക്കുന്നവർ സഹികെട്ട് ആത്മാഹുതിയ്ക്ക് തയ്യാറാകുന്ന സാഹചര്യത്തിലാണ് അത് വലിയ വാർത്തയായി മാധ്യമങ്ങൾ കൊണ്ടുവന്നത്. അതിന്റെയെല്ലാം സമ്മർദത്തെ തുടർന്നാണ് സർക്കാർ ഇപ്പോൾ ജനങ്ങളെ ബോധവത്കരിക്കാൻ ഇറങ്ങിയിരിക്കുന്നത്. അതല്ലാതെ സർക്കാർ അങ്ങനെയൊരു ബോധവത്കരണം ആലോചിച്ചിരുന്നതേയില്ല. നിയമസഭയിൽ ചർച്ച ചെയ്യാതിരുന്നതും ഡി.പി.ആർ. പ്രസിദ്ധീകരിക്കാതിരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ഡി.പി.ആറിന്റെ 88 പേജാണ് ആദ്യം പ്രസിദ്ധീകരിച്ചത്. സമരസമിതിക്ക് ചോർന്നുകിട്ടിയ 166 പേജ് ഡി.പി.ആർ. ആണ് മാധ്യമങ്ങൾക്ക് നൽകി വാർത്തയാക്കിയത്. സമരസമിതി നിരന്തരമായി നടത്തിയ ഇടപെടലുകളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി പൗരപ്രമുഖരുടെ യോഗം വിളിച്ചതും ലഘുലേഖ അച്ചടിച്ച് വിതരണം ചെയ്യാൻ ശ്രമിക്കുന്നതും വിശദീകരണ പരിപാടികൾ നടത്തുന്നതും ഏറ്റവുമൊടുവിൽ ഡി.പി.ആർ തന്നെ പുറത്തുവിട്ടതും. അല്ലാതെ ഇതൊന്നും സർക്കാർ തീരുമാനമായിരുന്നില്ല.
സമരസമിതി നേരത്തെ ഉന്നയിച്ച ആക്ഷേപങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്, ഡി.പി.ആർ പുറത്തുവന്നശേഷം നടക്കുന്ന വിവാദങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഐ.എ തയാറാക്കിയത്. ഇ.ഐ.എ ഉണ്ടാക്കാൻ പോകുന്ന ദോഷങ്ങൾ ഞങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാരിസ്ഥിതികമായി ഏറെ ദോഷം ചെയ്യുമെന്ന കാര്യം മനസ്സിലാക്കപ്പെട്ടിട്ടുള്ളതാണ്. വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടികളിൽ അത് വ്യക്തവുമാണ്. പദ്ധതി പിൻവലിക്കണമെന്ന് ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ, പുറത്തുവന്ന ഡി.പി.ആറിലെ വിവരങ്ങൾ ഈ ആവശ്യത്തിന് കൂടുതൽ സാധൂകരണം നൽകുകയാണ് ചെയ്യുന്നത്.
മന്ത്രി എം.വി. ഗോവിന്ദൻ, ഡി.പി.ആറിൽ ഭേദഗതി വരുത്താമെന്ന് പറയുന്നുണ്ടല്ലോ. ‘നിങ്ങൾ പ്രക്ഷോഭത്തിനൊന്നും പോകേണ്ട, അലൈൻമെന്റ് മാറ്റാം' എന്നൊക്കെ മുമ്പ് പാർട്ടി അണികളോട് പറഞ്ഞിട്ടുണ്ട്. അതുപോലത്തെ, കഴമ്പില്ലാത്ത ഉറപ്പാണത്. കാരണം, ശക്തമായ എതിർപ്പുണ്ടായിട്ടും, എന്തു വിലകൊടുത്തും പദ്ധതിയുമായി മുന്നോട്ടുപോകും എന്നാണ് മുഖ്യമന്ത്രി എല്ലാ യോഗങ്ങളിലും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. നേതാക്കന്മാർ ചാനൽ ചർച്ചകളിൽ വന്നിരുന്ന്, സമരസമിതി ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന അവസ്ഥയിലെത്തിയപ്പോഴാണ്, ഭേദഗതി വരുത്താമെന്ന അഭിപ്രായത്തിലേക്ക് നേതാക്കന്മാർ എത്തിയിരിക്കുന്നത്. അല്ലാതെ, അതിൽ ഒരു അടിസ്ഥാനവുമില്ല.
സമരസമിതി കൂടിയാലോചിച്ചാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. ജനാധിപത്യപരമായ പ്രവർത്തനശൈലിയാണ് സമിതി കൈക്കൊള്ളുന്നത്. എല്ലാ സമരപരിപാടികളിലും എല്ലാ രാഷ്ട്രീയക്കാരെയും മറ്റുള്ളയാളുകളെയും പങ്കെടുപ്പിക്കണമെന്ന തീരുമാനം എടുത്തിട്ടുണ്ട്. യു.ഡി.എഫ്, ബി.ജെ.പി, മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങൾ തുടങ്ങി കെ റെയിലിനെതിരെ രംഗത്തുവരുന്നവരെയെല്ലാം സമിതി നടത്തുന്ന പൊതു പരിപാടികളിൽ പങ്കാളികളാക്കണം, പ്രാസംഗികരായി അവരെ പങ്കെടുപ്പിക്കണം എന്ന് തീരുമാനമെടുത്തിട്ടുണ്ട്. അതല്ലാതെ ഈ പാർട്ടികളുടെ നേതാക്കളെയൊന്നും സമിതിയിൽ ഉൾക്കൊള്ളിച്ചിട്ടില്ല. സമരപരിപാടികളിൽ ഇവരെയെല്ലാം പങ്കെടുപ്പിക്കുക എന്ന ഒരു സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
2021 ഒക്ടോബർ 27-ന് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളെയും പരിസ്ഥിതി- സാമൂഹിക പ്രവർത്തകരെയും ക്ഷണിക്കുകയും അവരെല്ലാം പങ്കെടുക്കുകയും ചെയ്തു. അത് പങ്കെടുത്തത് വിമർശനത്തിനിടയാക്കി. ബി.ജെ.പി.യും കോൺഗ്രസും കെ.കെ. രമയും വർഗീയ കക്ഷികളുമെല്ലാം ചേർന്ന കൂട്ടായ്മയാണ് എന്ന രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചു. പക്ഷെ സമരസമിതി അതിന്റെ ഐഡന്റിറ്റിയിൽ തന്നെയാണ് നിലനിൽക്കുന്നത്. സമരസമിതി ക്ഷണിച്ചതുകൊണ്ടാണ് ഇവരെല്ലാവരും വന്നത്. സമരസമിതി ക്ഷണിച്ചാൽ ഇവർക്കാർക്കും വരുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ല എന്നതാണ് വ്യക്തമാകുന്നത്. കാരണം കക്ഷിരാഷ്ട്രീയത്തിനതീതമായാണ് സമരസമിതി നിലകൊള്ളുന്നത് എന്ന് അവർക്കെല്ലാം ബോധ്യപ്പെട്ടതുകൊണ്ടാണ് കോൺഗ്രസ് പങ്കെടുക്കുന്ന വേദിയാണെങ്കിലും ബി.ജെ.പി. ക്കാർ പങ്കെടുക്കുന്നത്, ബി.ജെ.പി.ക്കാരുള്ള വേദിയാണെങ്കിലും കോൺഗ്രസുകാർ പങ്കെടുക്കുന്നത്. ആരെയും മാറ്റിനിർത്താതെ എല്ലാവരെയും പങ്കെടുപ്പിക്കാൻ കാരണം ഇരകളാക്കപ്പെടുന്നവരിൽ ഈ എല്ലാ കക്ഷികളിലും പെട്ടയാളുകളുണ്ട് എന്നതാണ്. കേന്ദ്രത്തിന്റെ അനുമതിയുണ്ടെങ്കിലേ പദ്ധതി നടപ്പാക്കാനാവൂ എന്ന സാഹചര്യത്തിൽ, കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്താൻ ബി.ജെ.പി.യെ നമ്മൾ പരിപാടികളിൽ സഹകരിപ്പിക്കണമെന്ന് ബി.ജെ.പി.ക്കാരല്ലാത്ത സമരക്കാരും ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ്, സമിതി അവരെ പങ്കെടുപ്പിച്ചത്. പക്ഷെ അതൊരു വിവാദമാക്കാൻ ശ്രമിച്ചു. അതൊന്നും കഴമ്പില്ലാത്തതാണെന്ന് പിന്നീട് തെളിയുകയും ചെയ്തു.
പ്രാദേശിക സമര യൂണിറ്റുകൾ ഉണ്ടാക്കുമെന്ന് യു.ഡി.എഫ്. പ്രഖ്യാപിച്ചെങ്കിലും അവർക്ക് കഴിഞ്ഞില്ല. കാരണം അവരുടെ അണികൾ തന്നെ ശക്തമായി ഈ സമരസമിതി യൂണിറ്റുകളിൽ അടിയുറച്ച് നിൽക്കുകയാണ്.
250 ഓളം പ്രാദേശിക തല സമരസമിതികൾ രൂപീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് നല്ല പങ്കാളിത്തമുണ്ട്. അവരെല്ലാം പദ്ധതിയെക്കുറിച്ച് നല്ല ബോധ്യമുള്ളവരാണ്. സ്വന്തം വീടും ഭൂമിയും നഷ്ടപ്പെടും എന്നുള്ള ഒറ്റ കാരണത്താൽ മാത്രമല്ല അവർ ഇതിനെതിരായി നിലകൊള്ളുന്നത്. പാരിസ്ഥിതികമായും സാമ്പത്തികമായും ഇത് ദുരന്തമുണ്ടാക്കും എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇന്നവർ അടിയുറച്ചുനിൽക്കുന്നത്. അവർക്കെല്ലാം കൃത്യമായ ഒരു ബോധ്യപ്പെടലുണ്ടായിട്ടുണ്ട്. അതുപോലെ, അവർ എടുത്തിരിക്കുന്ന സ്ട്രഗ്ഗിൾ എടുത്തുപറയേണ്ടതുണ്ട്. ഒരു സാമൂഹികപ്രവർത്തനത്തിനും ഇറങ്ങാത്ത, സ്വന്തം കാര്യം മാത്രം നോക്കി അടുക്കളയിലും വീട്ടിലും മാത്രം കഴിഞ്ഞിരുന്ന പല സ്ത്രീകളും ഇന്ന് വലിയൊരു സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമായി, ആക്റ്റിവിസ്റ്റുകളായി മാറിയിരിക്കുകയാണ്. ഇത് കേരളത്തിൽ ഒരു മുന്നേറ്റമുണ്ടാക്കും. ചരിത്രസംഭവമായി മാറും. കാരണം സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിനും ജാതിമത പരിഗണനകൾക്കും അതീതമായി ഒരുമിച്ച് നിന്നാൽ കേരളത്തിൽ എന്തും നേടിയെടുക്കാൻ കഴിയുമെന്നും ആ മുന്നേറ്റങ്ങളിലൂടെ കേരളത്തിലെ ജീർണിച്ച രാഷ്ട്രീയത്തെ പരിഷ്‌കരിക്കാൻ, അല്ലെങ്കിൽ ജീർണതയിൽ നിന്ന് മോചിപ്പിക്കാൻ കഴിയുമെന്നുമുള്ള അവസ്ഥയിലേയ്ക്ക് ഈ പ്രസ്ഥാനം വളർന്നുവന്നിരിക്കുകയാണ്. ഒരു പാർട്ടിക്കും മുന്നണിക്കും ഹൈജാക്ക് ചെയ്യാൻ കഴിയുന്ന ഒരു സമരമല്ല ഇത്.
പ്രാദേശിക സമര യൂണിറ്റുകൾ ഉണ്ടാക്കുമെന്ന് യു.ഡി.എഫ്. പ്രഖ്യാപിച്ചെങ്കിലും അവർക്ക് കഴിഞ്ഞില്ല. കാരണം അവരുടെ അണികൾ തന്നെ ശക്തമായി ഈ സമരസമിതി യൂണിറ്റുകളിൽ അടിയുറച്ച് നിൽക്കുകയാണ്. അവരെ വേറൊരു സമിതിയിലേയ്ക്ക് ക്ഷണിച്ചാൽ അവർ പോകില്ല. അവർക്ക് നിലനിൽക്കുന്ന സമിതിയിൽ നൂറുശതമാനവും വിശ്വാസമുണ്ട്. അവർക്കൊന്നും അവരുടെ നേതൃത്വത്തിന്റെ പിന്നാലെ പോകാൻ താൽപര്യമില്ല. കാരണം, രാഷ്ട്രീയ നേതൃത്വങ്ങൾ തിരഞ്ഞെടുപ്പിന്റെ കണ്ണോടുകൂടിയേ തീരുമാനങ്ങളും നിലപാടുകളും എടുക്കൂ എന്നത് എല്ലാ രാഷ്ട്രീയപാർട്ടികളുടെയും അണികൾക്ക് ഇന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം പാർട്ടി നേതൃത്വത്തെ ഇതിൽ നിന്ന് അകറ്റിനിർത്താൻ അവർ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഈ സമരനേതൃത്വത്തെ ആർക്കും ഹൈജാക്ക് ചെയ്യാൻ പറ്റില്ല.
സമരസമിതി നടത്തിയ പരിശ്രമങ്ങളിലൂടെ കിട്ടിയ രേഖകൾ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നേതാക്കൾക്ക് കൊടുക്കുകയും അവരോട് അത് പഠിക്കാൻ ആവശ്യപ്പെടുകയും അങ്ങനെ പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവർ നിലപാടെടുക്കുകയും ചെയ്തിട്ടുള്ളത്. കാരണം അവർക്കൊന്നും ഡി.പി.ആർ. കിട്ടിയിട്ടില്ല, നിയമസഭയിൽ ചർച്ച ചെയ്തിട്ടില്ല, അവർക്ക് വിവരാവകാശ അപേക്ഷ കൊടുത്ത് നടക്കാനുള്ള സമയമില്ല. മാധ്യമങ്ങൾ ഈ വിഷയങ്ങളൊന്നും തുടക്കത്തിൽ ഏറ്റെടുത്തിരുന്നില്ല. ഒരു സമരപരിപാടി നടത്തി വാർത്ത കൊണ്ടുകൊടുത്താൽ അത് പ്രസിദ്ധീകരിച്ചിരുന്നില്ല. സെക്രട്ടറിയേറ്റ് മാർച്ചിനു ശേഷമാണ് ഇതിനുപിന്നിൽ ആളുണ്ടെന്നും ഇത് ശക്തമായി വളർന്നുവരികയാണെന്നും മാധ്യമങ്ങൾക്ക് ബോധ്യപ്പെട്ടത്. അതിനുശേഷമാണ് ഈ വിഷയം ഒരു ചർച്ചയാക്കി മാറ്റാൻ അവരും മുന്നോട്ടുവന്നത്. ചർച്ചകളിൽ കെ റെയിലാണ് വിഷയമെങ്കിൽ കൂടുതൽ കാഴ്ചക്കാരുണ്ടാകുമെന്ന് ഇന്ന് മാധ്യമങ്ങൾ മനസ്സിലാക്കുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.