ജനകീയ മുന്നേറ്റങ്ങളെ ചില "ഒറ്റ ബുദ്ധി' പരീക്ഷണങ്ങൾക്കായി വലിച്ചെറിയുമ്പോൾ അതിന് നൽകേണ്ടുന്ന വില കനത്തതായിരിക്കും. തെരഞ്ഞെടുപ്പ് കാലമാണ്. തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് എല്ലാവരും. ശബരിമലയിൽ ചെയ്ത "തെറ്റിന്' മാപ്പിരക്കുന്നവർ തൊട്ട് വർഗ്ഗീയ വിഷം ചീറ്റുന്ന പ്രചരണ വീഡിയോകൾ വരെ പരീക്ഷിക്കപ്പെടുന്നുണ്ട്.
"30 സീറ്റുകൾ കിട്ടിയാൽ ഭരിക്കുന്ന കാര്യം ഏറ്റു' എന്ന് കേരളീയരുടെ മുഖത്തു നോക്കിപ്പറയാനുള്ള ധാർഷ്ട്യം കാണിക്കാൻ സംഘപരിവാരത്തിന് മടിയില്ലാതായിരിക്കുന്നു. ഇതിനിടയിൽ അണ്ണാരക്കണ്ണന്മാരും തന്ത്രങ്ങളുമായി ഇറങ്ങിക്കഴിഞ്ഞു. വാളയാർ സമരസമിതി പിണറായി വിജയനെതിരായി ധർമ്മടത്ത് വാളയാർ കുഞ്ഞുങ്ങളുടെ അമ്മയായ ഭാഗ്യവതിയെ സ്ഥാനാർത്ഥിയാക്കാൻ നിശ്ചയിച്ചിരിക്കുന്നു.! വാളയാർ നീതി യാത്ര ഒറ്റ രാത്രി കൊണ്ട് തൃശൂരിൽ അവസാനിപ്പിക്കപ്പെട്ടു. യു.ഡി.എഫ് പിന്തുണ ഉറപ്പിച്ചു.
ഏത് യു.ഡി.എഫ് ?
തങ്കമണി മുതൽ കഥ പറയേണ്ടി വരും.
ശബരിമല ക്ഷേത്രാചാര സംരക്ഷണ നാടകങ്ങളിലും അവസാനിക്കാത്ത കഥ. ഈ ഗെയിമിൽ സംഘപരിവാറും ഉണ്ടാകും. കേരളത്തിലേക്ക് ഏതു വഴിയിലൂടെയും നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന രാഷ്ട്രീയ ദുരന്തങ്ങൾ.
കേരളത്തിന്റെ ഭൂപടത്തിൽ ധർമടം എവിടെയാണെന്ന് ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ രണ്ട് തവണ ആലോചിക്കേണ്ടി വരുന്നവരാണ് വാളയാർ കുട്ടികളുടെ അമ്മയെ ഈ സാഹസത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. ജനകീയ മുന്നേറ്റങ്ങളെ ചില ‘ഒറ്റ ബുദ്ധി' പരീക്ഷണങ്ങൾക്കായി വലിച്ചെറിയുമ്പോൾ അതിന് നൽകേണ്ടുന്ന വില കനത്തതായിരിക്കും.