ചോംസ്‌കിയും കേരളവും തമ്മിലെന്ത്?

കേരള ഡയലോഗിൽ പ്രൊഫ. ചോംസ്‌കി ഉന്നയിച്ച പ്രധാന സംഗതി, അമേരിക്കൻ നയങ്ങൾ അമേരിക്കൻ ജനതയിലെ കറുത്തവിഭാഗക്കാരെയും ഹിസ്പാനിയൻ ജനതയെയും എങ്ങിനെ കൂടുതൽ പാർശ്വവൽകൃതരാക്കി എന്നതാണ്. ഈ ഉദാഹരണങ്ങളെ കേരള പശ്ചാത്തലത്തിലേക്ക് ചേർത്തുവെക്കുമ്പോൾ ബ്ലാക്കുകൾക്കും ഹിസ്പാനിക്കുകൾക്കും പകരം ദളിതുകളും ആദിവാസികളും എന്ന് വായിക്കാൻ നമുക്ക് സാധിക്കേണ്ടതാണ്. നവലിബറൽ പരിഷ്‌കരണങ്ങളുടെയും സാമ്പ്രദായിക വികസനങ്ങളുടെയും ഇരകളായി പാർശ്വവൽക്കരിക്കപ്പെട്ട ഈ വിഭാഗത്തെ കൂടുതൽ കരുതലോടെ പരിഗണിക്കാൻ നമുക്ക് ഇനിയെങ്കിലും സാധിക്കുമോ എന്ന ചോദ്യം വികസന സംവാദങ്ങളിൽ സുപ്രധാനമാണ്

കോവിഡിന്റെ പാശ്ചാത്തലത്തിൽ വികസനത്തെ സംബന്ധിച്ച ധാരണകളെ പുതുക്കിപ്പണിയുന്നതിന് ആഗോളതലത്തിൽ തന്നെ പ്രശസ്തരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് സംവാദം സംഘടിപ്പിക്കുവാൻ മുന്നോട്ടുവന്ന കേരള സർക്കാർ അഭിനന്ദനമർഹിക്കുന്നു. ലോകത്തിലെ പ്രായം ചെന്ന ചിന്തകരിൽ ഒരാളും അമേരിക്കൻ നയങ്ങളുടെ രാഷ്ട്രീയ വിമതശബ്ദങ്ങളിലൊരാളുമായ പ്രൊഫ. നോം ചോംസ്‌കിയെ സംവാദത്തിന്റെ ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചതും സുപ്രധാനമായ ഒന്നായി കരുതുന്നു.

കേരള ഡയലോഗിൽ പ്രൊഫ. ചോംസ്‌കി ഉന്നയിച്ച പ്രധാന സംഗതി, അമേരിക്കൻ നയങ്ങൾ അമേരിക്കൻ ജനതയിലെ കറുത്തവിഭാഗക്കാരെയും ഹിസ്പാനിയൻ ജനതയെയും എങ്ങിനെ കൂടുതൽ പാർശ്വവൽകൃതരാക്കി എന്നതാണ്. നവലിബറൽ പരിഷ്‌കാരങ്ങളിലൂടെ കൈവരിച്ച ഭൗതികവികാസം സമൂഹത്തിലെ താഴെത്തട്ടിലുള്ള മേൽപ്പറഞ്ഞ രണ്ട് വിഭാഗക്കാരെയും കൂടുതൽ അസമത്വത്തിലേക്ക് താഴ്​​ത്തിയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ഈ സാമൂഹിക അസമത്വത്തെ കൂടുതൽ ദൃശ്യവൽക്കരിച്ചു എന്നും ഉദാഹരണ സഹിതം ചോംസ്‌കി ചൂണ്ടിക്കാട്ടി. ചിക്കാഗോവിലെ കോവിഡ് മരണങ്ങളിൽ 70%വും ജനസംഖ്യയിൽ 30% മാത്രമുള്ള കറുത്തവർഗക്കാരുടേതായിരുന്നുവെന്നും വ്യാവസായിക വികസനത്തിന്റെ ദുരിതഫലങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെടുന്നത് ബ്ലാക്കുകളും ഹിസ്പാനിക്കുകളും അടങ്ങുന്ന ദരിദ്ര വിഭാഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫ. ചോംസ്‌കിയുടെ ഉദാഹരണങ്ങളെ കേരള പശ്ചാത്തലത്തിലേക്ക് ചേർത്തുവെക്കുമ്പോൾ ബ്ലാക്കുകൾക്കും ഹിസ്പാനിക്കുകൾക്കും പകരം ദളിതുകളും ആദിവാസികളും എന്ന് വായിക്കാൻ നമുക്ക് സാധിക്കേണ്ടതാണ്. നവലിബറൽ പരിഷ്‌കരണങ്ങളുടെയും സാമ്പ്രദായിക വികസനങ്ങളുടെയും ഇരകളായി പാർശ്വവൽക്കരിക്കപ്പെട്ട ഈ വിഭാഗത്തെ കൂടുതൽ കരുതലോടെ പരിഗണിക്കാൻ നമുക്ക് ഇനിയെങ്കിലും സാധിക്കുമോ എന്ന ചോദ്യം വികസന സംവാദങ്ങളിൽ സുപ്രധാനമാണ്.

കേരള ഡയലോഗ് പരിപാടിയിൽ നിന്നുള്ള ഫ്രെയിം
കേരള ഡയലോഗ് പരിപാടിയിൽ നിന്നുള്ള ഫ്രെയിം

പ്രൊഫ.ചോംസ്‌കി ചൂണ്ടിക്കാണിച്ച മറ്റൊരു സുപ്രധാന കാര്യം ആഗോളതാപനവുമായി ബന്ധപ്പെട്ടതാണ്. ‘‘വലിയ വിലകൊടുത്താണെങ്കിൽ കൂടിയും കോവിഡിൽനിന്ന് മാനവരാശി രക്ഷപ്പെട്ടുപോയേക്കാം; എന്നാൽ ആഗോളതാപനം സൃഷ്ടിക്കുന്ന തകർച്ചകളിൽ നിന്ന് ലോകം രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്ന്'' അദ്ദേഹം സൂചിപ്പിക്കുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങൾ ആഗോളതാപനത്തിന്റെ ഇരകളായി താമസയോഗ്യമല്ലാതായി മാറുമെന്ന് അദ്ദേഹം അൽപം നിരാശകലർന്ന ശബ്ദത്തിൽ പ്രവചിക്കുന്നുണ്ട്. ഫോസിൽ ഇന്ധന കമ്പനികളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഭരണകൂടങ്ങൾ ആഗോളതാപനമെന്ന വിഷയം പരിഗണിക്കാൻ തയാറായിട്ടില്ലെന്ന് അദ്ദേഹം പരിതപിക്കുന്നുണ്ട്.

അടിയന്തിരാവസ്ഥയുടെ നാല്പത്തിയഞ്ചാം വാർഷിക ദിനത്തിൽ, ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഒരു വിമതനും, വികസനത്തെ സ്വാതന്ത്യമായി വ്യാഖ്യാനിച്ച ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും കേരള വികസന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ സ്വന്തമായി രാഷ്ട്രീയാഭിപ്രായം സൂക്ഷിച്ചുവെന്നതിന്റെ പേരിൽ കേരളത്തിലെ രണ്ട് യൗവനങ്ങൾ ജയിലിൽ കഴിയുകയാണ്

കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം എന്നിവ നാളിതുവരെ വിദൂരങ്ങളിലെവിടെയോ സംഭവിക്കുന്ന ഒന്നായാണ് നാം കരുതിപ്പോന്നതെങ്കിലും പുതുസഹസ്രാബ്ദത്തോടെ അത് തൊട്ടുമുന്നിലെത്തിയതായി നാം മനസ്സിലാക്കുന്നു. ആവർത്തിച്ചുള്ള അതിതീവ്ര കാലാവസ്ഥ സംഭവങ്ങൾ ഇന്ന് നമുക്ക് പുതുതല്ല. എന്നാൽ അതിനോടുള്ള നമ്മുടെ പ്രതികരണം ഒട്ടും യുക്തിസഹമോ, ശാസ്ത്രീയ സമീപനം പുലർത്തുന്നതോ അല്ലെന്ന് കാണാൻ കഴിയും. രണ്ട് മഹാപ്രളയങ്ങൾക്കുശേഷം പോലും അതിരപ്പള്ളി പോലുള്ള പദ്ധതികൾക്കും കുന്നിടിക്കൽ പദ്ധതികൾക്കും അനുമതി നൽകുന്ന വികസനബോധമാണ് അധികാരികളെ ഭരിക്കുന്നത്!

സാമൂഹികാസമത്വം ശക്തിമത്താക്കുന്ന നിയോ ലിബറൽ പരിഷ്‌കരണങ്ങൾക്കെതിരെ ആഗോളതലത്തിൽ തന്നെ ഒരു ‘കൗണ്ടർ ഫോഴ്‌സ്' രൂപപ്പെട്ടുവരുന്നുണ്ടെന്ന് പ്രൊഫ.ചോംസ്‌കി പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. നോം ചോംസ്‌കി, ഐസ്‌ലാൻഡ് പ്രധാനമന്ത്രി കാതറീൻ ജേക്കബ്സ്ഡോട്ടിർ, ഗ്രീക്ക് മുൻ ധനമന്ത്രി യാനിസ് വരോഫാകിസ് എന്നിവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധിജീവികളും ആക്ടിവിസ്​റ്റുകളും ആസൂത്രണ വിദഗ്ധ​ന്മാരും അടങ്ങുന്ന ‘പ്രോഗ്രസീവ് ഇന്റർനാഷണൽ' എന്ന മുന്നേറ്റത്തെക്കുറിച്ചായിരുന്നു പ്രൊഫ.ചോംസ്‌കി ലോകത്തിന്റെ പ്രത്യാശയുടെ കിരണമായി ചൂണ്ടിക്കാട്ടിയത്. പ്രോഗ്രസീവ് ഇന്റർനാഷണലിലെ ഇന്ത്യൻ പ്രതിനിധികൾ അരുന്ധതിറോയ്, പ്രൊഫ. ഴാങ് ഡ്രീസ്, അരുണാറോയ് തുടങ്ങിയവരാണ്. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും സാമൂഹിക വിഭജനത്തിനും ഇടയാക്കുന്ന വികസനപ്രവർത്തനങ്ങളും സമ്പദ്‌വ്യവസ്ഥയും പൊളിച്ചെഴുതാനുള്ള നിർദ്ദേശങ്ങളാണ് ‘പ്രോഗ്രസീവ് ഇന്റർനാഷണൽ' മുന്നോട്ടുവെക്കുന്നത്. ‘ഗ്രീൻ ന്യൂ ഡീൽ' എന്ന് വിശേഷിപ്പിക്കുന്ന ഈ വികസന അജണ്ടകൾ ആഗോളതലത്തിൽ സംവാദവിഷയമാക്കാനുള്ള പ്രവർത്തനങ്ങൾ പ്രോഗ്രസീവ് ഇന്റർനാഷണൽ നടത്തിവരുന്നു.

ഗ്രീൻ ന്യൂ ഡീൽ

കാലാവസ്ഥ വ്യതിയാനം അടക്കമുള്ള ആഗോള പ്രതിസന്ധികളെ മുന്നിൽ കണ്ട് കാലാവസ്ഥ(Climate), വികസനം(Development), ഊർജ്ജം(Energy) എന്നിവ സൂചകപദങ്ങളാക്കിക്കൊണ്ടുള്ള പുത്തൻ വികസന പരിപ്രേക്ഷ്യമാണ് ഗ്രീൻ ന്യൂ ഡീൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ഹരിത നവ വ്യവഹാരം' മുന്നോട്ടുവെക്കുന്നത്. കാലാവസ്ഥ പ്രതിസന്ധിയെന്ന് മൂടിവെക്കാനും അവഗണിക്കാനും കഴിയാത്ത ഒരു പ്രതിഭാസമാണ് എന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാണ് പുത്തൻ വികസന രീതികളെക്കുറിച്ചുള്ള തന്ത്രങ്ങൾ മെനയാൻ അവർ നിർബന്ധിതരായിരിക്കുന്നത്. ഫോസിൽ ഇന്ധന കമ്പനികൾ നമ്മെ അനിവാര്യമായൊരു കാലാവസ്ഥാ ദുരന്തത്തിലേക്ക് നയിക്കുന്നുവെന്നും, ആഗോള തൊഴിലാളി വർഗം ഈ കമ്പനികളുടെ അത്യാർത്തിക്ക് വില നൽകാൻ നിർബന്ധിതരാക്കപ്പെടുമെന്നും ഗ്രീൻ ന്യൂ ഡീൽ ആമുഖത്തിൽ സൂചിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ചാലകശക്തിയായി വർത്തിക്കുന്നത് ഫോസിൽ ഇന്ധനങ്ങളാണെന്നും അതുകൊണ്ട് മാനവരാശിയുടെ മുന്നോട്ടുപോക്കിന് അവയുടെ ഉപഭോഗത്തിന്മേൽ കടിഞ്ഞാണിടേണ്ടത് അത്യാവശ്യമാണെന്നുമാണ് രേഖ ചൂണ്ടിക്കാട്ടുന്നത്.

ഗ്രീൻ ന്യൂ ഡീലിന്റെ മൂന്ന് സൂചകപദങ്ങളിൽ ആദ്യത്തേത് കാലാവസ്ഥ എന്നായി മാറിയത് യാദൃശ്ചികമല്ല. ഇനിയങ്ങോട്ടുള്ള മാനവ സമൂഹത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ ആഗോള കാലാവസ്ഥയിൽ എന്തൊക്കെ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ചിന്തിച്ചുകൊണ്ടല്ലാതെ നടത്താൻ കഴിയില്ലെന്ന സൂചനയാണ് അത് നൽകുന്നത്. 'ഗ്ലോബൽ ഗ്രീൻ ന്യൂ ഡീലി'ന്റെ കരട് തയാറാക്കിയവരിൽ പ്രമുഖനായ പ്രൊഫ. ജോമോ ക്വാമേ സുന്ദരം (Jomo Kwame Sundaram, former UN asstsiant secretry general Economic Development) പറയുന്നത്, ‘‘ബിസിനസ് ആസ് യൂഷ്വൽ മനോഭാവം ഇനിയങ്ങോട്ട് സാധ്യമല്ലെ''ന്നാണ്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി ഫോസിൽ ഇന്ധന ഉപഭോഗങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ടാണ് രേഖ ആരംഭിക്കുന്നത് എന്നത് സുപ്രധാന സംഗതിയാണ്. കാലാവസ്ഥ മാറ്റങ്ങൾക്ക് കാരണക്കാരായ അമേരിക്കൻ- യൂറോപ്യൻ രാജ്യങ്ങൾ ആഗോള ദക്ഷിണ രാജ്യങ്ങൾക്ക് നൽകാനുള്ള ക്ലൈമറ്റ് കടങ്ങൾ തിരിച്ചടക്കണമെന്നും ഹരിത നവ വ്യവഹാരം ആവശ്യപ്പെടുന്നുണ്ട്.

28000ത്തിലധികം വരുന്ന ദളിത് കോളനികളും, 8000ത്തിലധികം വരുന്ന ആദിവാസി ഊരുകളും കേരള മാതൃകകളുടെ വർണ്ണചിത്രങ്ങളിൽ പെടാതിരിക്കാനുള്ള കരുതലുകൾ എക്കാലവും നാം സൂക്ഷിച്ചിട്ടുണ്ട്. നവകേരള ചർച്ച ആത്മാർത്ഥത നിറഞ്ഞതാകണമെങ്കിൽ ഭൂപരിഷ്‌കരണങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഈ വിഭാഗത്തിന് ഭൂമിയിൽ അവകാശം ലഭ്യമാക്കിക്കൊണ്ടുള്ള നടപടി ആരംഭിക്കേണ്ടതുണ്ട്

വികസന മുന്നേറ്റങ്ങളിൽ ഊർജ്ജരൂപങ്ങൾ സുപ്രധാനമാണെന്ന തിരിച്ചറിവിൽ നിന്നാണ് മൂന്നാമത്തെ സൂചകപദമായി ഊർജ്ജത്തെ സ്വീകരിച്ചിരിക്കുന്നത്. ഖനിജ ഇന്ധനങ്ങളുടെ വർത്തമാനകാല ഉപഭോഗ മാതൃകകളുമായി മുന്നോട്ടുപോക്ക് സാധ്യമല്ലെന്നും നൂറ് ശതമാനം വൃത്തി (Clean)യുള്ളതും, പുതുക്കാവുന്നതുമായ (Renewable) ഊർജ്ജരൂപങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണെന്നും രേഖ ചൂണ്ടിക്കാട്ടുന്നുണ്ട്. അവയുടെ പ്രയോഗരൂപം വിശദമായിത്തന്നെ അത് വരച്ചുകാട്ടുകയും ചെയ്യുന്നു. മുതലാളിത്ത വികസനത്തിന് ബദലുകളില്ല എന്ന ധാരണകളെ തള്ളിക്കളഞ്ഞുകൊണ്ട്, നീതി(justice)യിലും സമത(equtiy)യിലും അധിഷ്ഠിതമായ വികസന തന്ത്രം അത് മുന്നോട്ടുവെക്കുന്നു. സ്ഥായിത്വ(Sustainable)ത്തിൽ അധിഷ്ഠിതമായ പശ്ചാത്തല സൗകര്യവികസനം, വ്യാവസായിക വളർച്ച എന്നിവക്ക് മൂലധന നിക്ഷേപം നടത്താൻ അത് സർക്കാറുകളോട് ആവശ്യപ്പെടുന്നു. ഹരിത ഗൃഹ വാതക വിസർജ്ജനം പരമാവധി കുറഞ്ഞ പദ്ധതികളാണ് അവയുടെ അടിത്തറ. ഉയർന്ന വേതനവും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷവും പ്രദാനം ചെയ്യുന്ന ‘ഹരിത ജോലി'(Green Jobs)കളിലേക്കും അതുവഴി ആരോഗ്യകരമായ ജീവിത സാഹചര്യങ്ങളിലേക്കും വികസന തന്ത്രങ്ങളെ പുനഃസംഘടിപ്പിക്കുകയെന്നത് അതിന്റെ മുഖ്യലക്ഷ്യങ്ങളായി പ്രഖ്യാപിക്കുന്നു. നീതിയിലധിഷ്ഠിതമായ ഇത്തരമൊരു പരിവർത്തനത്തിന് 10 വർഷം നീളുന്ന പദ്ധതികളാണ് ഗ്രീൻ ന്യൂ ഡീൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. ജനാധികാരത്തെയും രാഷ്ട്രീയാധികാരത്തെയും ഒരുമിപ്പിച്ച് നിലവിലുള്ള പ്രതിസന്ധികൾക്ക് പരിഹാരങ്ങൾ സാധ്യമാക്കാമെന്ന പ്രത്യാശ ഈ ഹരിത നവ വ്യവഹാര രേഖ പ്രകടിപ്പിക്കുന്നു.

ടാബുകൾക്ക്​ പരിഹരിക്കാനാകുമോ ഡിജിറ്റൽ വിഭജനം?

വികസന ഭൂപടത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഭിന്നമായ സ്ഥാനം നേടിയെടുക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട് എന്നത് തർക്കമില്ലാത്ത സംഗതിയാണ്. എന്നാൽ അതേസമയം അതിന് നാം നൽകിയ വിലയെക്കുറിച്ച് ഒരുപക്ഷേ അന്തർദ്ദേശീയ സംവാദങ്ങളിൽ കാര്യമായ പരാമർശങ്ങളൊന്നും ഉണ്ടാകാറില്ല എന്നതും അത്ര തർക്കമില്ലാത്ത കാര്യമാണ്. കേരള ഡയലോഗിൽ അമേരിക്കൻ നയങ്ങളുടെ പരാജയമായി പ്രൊഫ.ചോംസ്‌കി എടുത്തുപറഞ്ഞ കാര്യം അമേരിക്കയിലെ ബ്ലാക്കുകളും ഹിസ്പാനിയൻസും അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചായിരുന്നു. കേരളത്തിലെ ദളിത്, ആദിവാസി ജീവിതങ്ങൾ സമാനമായ അവസ്ഥയെ നേരിടുകയാണെന്ന യാഥാർത്ഥ്യം പക്ഷേ പ്രൊഫ.ചോംസ്‌കി അറിഞ്ഞിരിക്കാനിടയില്ല. 28000ത്തിലധികം വരുന്ന ദളിത് കോളനികളും, 8000ത്തിലധികം വരുന്ന ആദിവാസി ഊരുകളും കേരള മാതൃകകളുടെ വർണ്ണചിത്രങ്ങളിൽ പെടാതിരിക്കാനുള്ള കരുതലുകൾ എക്കാലവും നാം സൂക്ഷിച്ചിട്ടുണ്ട്. നവകേരളത്തെ സംബന്ധിച്ച ചർച്ചകൾ ആത്മാർത്ഥത നിറഞ്ഞതാകണമെങ്കിൽ ഭൂപരിഷ്‌കരണങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഈ വിഭാഗത്തിന് ഭൂമിയിന്മേലുള്ള അവകാശം ലഭ്യമാക്കിക്കൊണ്ടുള്ള നടപടി നേരത്തെ ആരംഭിക്കേണ്ടതുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

തദ്ദേശീയ ഗോത്ര ജനതയുടെ അവകാശങ്ങളെ അംഗീകരിച്ചുകൊണ്ടായിരിക്കണം വികസനത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാനെന്ന് ഗ്രീൻ ന്യൂ ഡീൽ പ്രഖ്യാപിക്കുന്നു. കേരളത്തിലെ 4 ലക്ഷത്തിലധികം ആദിവാസി ഗോത്രജനതയുടെ അവകാശങ്ങളെ അംഗീകരിക്കാൻ നാം തയാറാകുമോ എന്ന ചോദ്യം അതുകൊണ്ടുതന്നെ സുപ്രധാനമാണ്. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ഓൺലൈനിലേക്ക് മാറ്റിയപ്പോൾ അതിന്റെ ഏറ്റവും വലിയ ഇരകളായി മാറ്റപ്പെട്ടത് ദളിത്-ആദിവാസി വിഭാഗങ്ങളായിരുന്നുവെന്നത് എല്ലാവർക്കും അറിയാം. ടെലിവിഷൻ സെറ്റുകളും ടാബുകളും മാത്രം നൽകി പരിഹരിക്കാൻ കഴിയുന്നവയല്ല ഈ ഡിജിറ്റൽ വിഭജനം എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിന്റെ ശാക്തീകരണം സാധ്യമാകുന്നത്, ആ സമൂഹത്തിന് രാഷ്ട്രീയമായും സാമൂഹികവുമായ അധികാരങ്ങൾ ലഭ്യമാകുമ്പോഴാണ്. വിഭവങ്ങളിന്മേലുള്ള അധികാരം ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ അത് സാധ്യമാകുകയുള്ളൂ.

വികസനമെന്നത് റോഡ്, പാലം, മാളുകൾ എന്നിവകളുടെ വർദ്ധനവാണെന്ന സാമ്പ്രദായിക ധാരണകളെ കയൊഴിയാൻ നാമിനിയും തയ്യാറായിട്ടില്ല. ‘‘ജനങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതരത്തിൽ യഥാർത്ഥ സ്വാതന്ത്ര്യം വികസിതമാകുന്ന പ്രക്രിയയായിരിക്കണം വികസനം'' എന്ന് പ്രൊഫ.അമർത്യാസെൻ ‘ഡവലപ്പ്മെന്റ് ആസ് ഫ്രീഡം' എന്ന തന്റെ പുസ്തകത്തിൽ വികസനത്തെ നിർവചിക്കുന്നുണ്ട്. ജനങ്ങളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയെയും ‘വികസനം' എന്ന് വിശേഷിപ്പിക്കാൻ സാധ്യമല്ല. വികസനമെന്നത് മനുഷ്യന്റെ തിരഞ്ഞെടുപ്പുകളെ വിശാലമാക്കുന്നതും. ജനാധിപത്യവുമായി പരസ്പരം ഇഴചേർന്നു നിൽക്കുന്നവയുമാണ്. വികസനത്തെ സംബന്ധിച്ചുള്ള തീരുമാനമെടുക്കപ്പെടുമ്പോൾ പാലിക്കേണ്ട പ്രാഥമിക മാനദണ്ഡങ്ങൾ ഇവയായിരിക്കണം; ജനങ്ങളുടെ പ്രാതിനിധ്യം, ജനങ്ങളുടെ തിരഞ്ഞെടുപ്പിനുള്ള സാധ്യതകളെ വിശാലമാക്കൽ, തലമുറകൾ തമ്മിൽ സമത നിലനിർത്തൽ(Intergenerational equtiy), ജനങ്ങളുടെ നിലവിലുള്ള അവകാശങ്ങളെ ഹനിക്കാതിരിക്കൽ, മൊത്തം സാമൂഹ്യനേട്ടം എന്നിവയാണവ.
ഒരു സമൂഹമെന്ന നിലയിലുള്ള നമ്മുടെ നിലനിൽപിനെ മുന്നോട്ടുനയിക്കാനാവശ്യമായ സംവാദങ്ങൾ കേരള ഡയലോഗിലൂടെ ഉയർന്നുവരും എന്ന് പ്രത്യാശിക്കാം. മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും നൽകിയ അനുഭവ പാഠങ്ങൾ അതിനുള്ള അവസരമായി മാറുമെന്നും കരുതാം.

അലൻ ഷുഹൈബ്, താഹ ഫസൽ
അലൻ ഷുഹൈബ്, താഹ ഫസൽ

പിൻകുറിപ്പ്

അടിയന്തിരാവസ്ഥയുടെ നാല്പത്തിയഞ്ചാം വാർഷിക ദിനത്തിൽ, ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഒരു വിമതനും, വികസനത്തെ സ്വാതന്ത്യമായി വ്യാഖ്യാനിച്ച ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും കേരള വികസന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ സ്വന്തമായി രാഷ്ട്രീയാഭിപ്രായം സൂക്ഷിച്ചുവെന്നതിന്റെ പേരിൽ കേരളത്തിലെ രണ്ട് യൗവനങ്ങൾ ജയിലിൽ കഴിയുകയാണ്. വിമതശബ്ദങ്ങളെ ജയിലറകളിൽ തളച്ചിട്ട് വികസനത്തെയും ജനാധിപത്യത്തെയും കുറിച്ച് സംസാരിക്കുന്നതിലെ നിരർത്ഥകത മനസ്സിലാക്കാനുള്ള വിവേകമെങ്കിലും കേരളത്തിലെ ഭരണാധികാരികൾ കാണിക്കുമെന്ന് കരുതാമോ?


Summary: K sahadevan about kerala dialogue noam chomsky


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments