ശശി തരൂർ, കണ്ണൂർ പയ്യന്നൂർ സ്വദേശി കിഴക്കേവീട്ടിൽ ​യശോദ

ശശി തരൂരൂം കിഴക്കേവീട്ടിൽ യശോദയും

കേരളത്തിന്റെ വികസനാസൂത്രണം സംബന്ധിച്ച ചർച്ചകളിൽ, കെ- റെയിലിനെ മുൻനിർത്തി ശശി തരൂരും കുടിയൊഴിപ്പിക്കപ്പെടുന്ന പയ്യന്നൂർ സ്വദേശി യശോദയും ഉന്നയിക്കുന്ന ചോദ്യങ്ങൾ ഗൗരവപൂർണമായ താരതമ്യ വിശകലനം ആവശ്യപ്പെടുന്നവയാണ്.

ശി തരൂരും കിഴക്കേവീട്ടിൽ യശോദയും തമ്മിൽ എന്തെങ്കിലും താരതമ്യം സാധ്യമാകുമെന്ന് തോന്നുന്നില്ല. സമ്പത്ത്, പദവി, വിദ്യാഭ്യാസം തുടങ്ങി സാമൂഹ്യേശ്രണിയിലെ ഏത് മാനദണ്ഡം വെച്ച് അളന്നാലും രണ്ട് ധ്രുവങ്ങളിൽ ജീവിക്കുന്നവരാണ് ഇരുവരും. എങ്കിൽ കൂടിയും വർത്തമാന കേരളത്തിന്റെ വികസനാസൂത്രണങ്ങളെ സംബന്ധിച്ച ചർച്ചകളിൽ രണ്ടുപേരും ഉന്നയിക്കുന്ന ചോദ്യങ്ങൾ ഗൗരവപൂർണമായ താരതമ്യ വിശകലനം ആവശ്യപ്പെടുന്നവയാണ്.
കെ. റെയിൽ വിഷയത്തിൽ രണ്ട് പ്രധാന പ്രസ്താവനകളാണ് ഉയർന്നുവന്നിട്ടുള്ളത്. ഒന്ന്, ‘വികസന വിഷയത്തിൽ രാഷ്ട്രീയം മറന്ന് കൈകോർക്കുന്നത്' സംബന്ധിച്ച്. രണ്ടാമത്തേത്, കേരളത്തിന്റെ പാരിസ്ഥിതിക- സാമ്പത്തിക സാഹചര്യങ്ങളിൽ ഏതുതരം വികസനമാണ് സാധ്യമായിട്ടുള്ളത് എന്നതും.

ആദ്യത്തെ പ്രസ്താവന കോൺഗ്രസ് എം.പിയും എഴുത്തുകാരനുമായ ശശി തരൂരിന്റേതാണെങ്കിൽ, രണ്ടാമത്തേത് അധികമാരും അറിയാനിടയില്ലാത്ത, കെ.റെയിൽ പദ്ധതി മൂലം കുടിയൊഴിപ്പിക്കപ്പെടാൻ സാധ്യതയുള്ള, കണ്ണൂർ ജില്ലയി​ലെ പയ്യന്നൂരിലുള്ള കിഴക്കേവീട്ടിൽ യശോദ എന്ന സ്ത്രീയുടേതാണ്. അസന്തുലിതമായ ഒരു സാമൂഹിക- സാമ്പത്തിക വ്യവസ്ഥയുടെ രണ്ടറ്റത്ത് നിൽക്കുന്നവരാണ് ഇരുവരും. ഒരാൾ സാമ്പ്രദായിക വികസന മാതൃകകളെ അതേപടി പുൽകാൻ വെമ്പൽ കൊള്ളുമ്പോൾ, മറ്റേയാൾ വികസനം സൃഷ്ടിച്ച മുറിപ്പാടുകളെ സംബന്ധിച്ച് അനുഭവാനപരമായ ബോധ്യങ്ങളിൽ നിന്നുകൊണ്ട് ചോദ്യങ്ങളുന്നയിക്കുന്നു.

വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്നത് വികസനത്തെ സംബന്ധിച്ച ‘ബ്ലാക് ആൻറ്​ വൈറ്റ്' ബോദ്ധ്യമാണെന്നും വികസനത്തെ സംബന്ധിച്ച വിവിധങ്ങളായ അഭിപ്രായങ്ങൾ പുതിയ കാലത്ത് രൂപപ്പെടുന്നുണ്ടെന്നും അറിയാത്ത ആളല്ല തരൂർ.

കെ. റെയിൽ വിഷയം കേവലം അതിന്റെ നടത്തിപ്പുമായോ, സാങ്കേതിക മേന്മകളെ സംബന്ധിച്ചോ ഉള്ള ചോദ്യങ്ങൾ മാത്രമല്ല ഉയർത്തുന്നത് എന്നതിനാലും, കാലാവസ്ഥാ ഭീഷണിയടക്കമുള്ള വർത്തമാന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ വികസനത്തെയും വിഭവവിനിയോഗത്തെയും സംബന്ധിച്ച പുനരാലോചനകളെക്കൂടി ഉൾക്കൊള്ളുന്നു എന്നതുകൊണ്ടും ഈ രണ്ട് പ്രസ്താവനകളും കാലിക പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ശശി തരൂരും പാവ്‌ലോവിന്റെ പട്ടികളും

‘Fifty shades of grey could never be the title of a book about Indian politics'- കെ.റെയിൽ വിഷയത്തിൽ പ്രതികരിച്ച് ശശി തരൂർ മാതൃഭൂമി ഇംഗ്ലീഷ് പതിപ്പിൽ എഴുതിയ ലേഖനത്തിൽ സങ്കടപ്പെടുന്നിതങ്ങനെയാണ്. രാഷ്ട്രീയത്തെ കറുപ്പിലും വെളുപ്പിലും മാത്രമായി ചുരുക്കിക്കാണുന്നതിനോടാണ് തരൂരിന്റെ രോഷം. കോൺഗ്രസ് ഭരണത്തിൽ നടപ്പിലാക്കിയ പദ്ധതികൾ മോദി സർക്കാർ റദ്ദാക്കുന്നതിനെതിരെയും എൽ.ഡി.എഫ് കൊണ്ടുവരുന്ന പദ്ധതികളെ കോൺഗ്രസ് എതിർക്കുന്നതും ശരിയായ രാഷ്ട്രീയമല്ലെന്ന് ‘വിദ്യാസമ്പന്നനായ', ‘അന്താരാഷ്ട്ര പൗരനായ' തരൂർ പറയുമ്പോൾ ഒരുവക മധ്യവർഗ ബോധം സൂക്ഷിക്കുന്ന മുഴുവനാളുകളും കയ്യടിച്ച് പാസാക്കും. ‘വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്ന' ഇടത്- വലത് രാഷ്ട്രീയക്കാരെന്റ സ്ഥിരം പല്ലവിയാണ് ഇവിടെ തരൂർ സ്വതസിദ്ധമായ വാക്ചാതുര്യത്തോടെ അവതരിപ്പിക്കുന്നതെന്ന് മാത്രം.

വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്നത് വികസനത്തെ സംബന്ധിച്ച ‘ബ്ലാക് ആൻറ്​ വൈറ്റ്' ബോദ്ധ്യമാണെന്നും വികസനത്തെ സംബന്ധിച്ച വിവിധങ്ങളായ അഭിപ്രായങ്ങൾ പുതിയ കാലത്ത് രൂപപ്പെടുന്നുണ്ടെന്നും അറിയാത്ത ആളല്ല തരൂർ. നാളിതുവരെ തുടർന്നുപോന്ന വികസന പ്രവർത്തനങ്ങൾ പ്രകൃതിയിലും സാധാരണ മനുഷ്യന്റെ ജീവിതത്തിലും ഉണ്ടാക്കിയിട്ടുള്ള അപരിഹാര്യമായ പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകളെ പൂർണമായും മറച്ചുപിടിച്ച് വികസനത്തെ ബ്ലാക് ആൻറ്​ വൈറ്റിൽ കാണുന്ന ശശി തരൂരാണ് ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ'യെക്കുറിച്ച് വേവലാതിപ്പെടുന്നത്!

വികസനമെന്ന വാക്കു കേൾക്കുമ്പോൾ വായിൽ വെള്ളമൊലിപ്പിച്ച് അദാനിക്കും അംബാനിക്കും ജയ് വിളിക്കുന്ന ശശി തരൂരിനായിരിക്കും അദ്ദേഹം സൂചിപ്പിച്ച പാവ്‌ലോവിന്റെ പട്ടിയുടെ സ്ഥാനം നന്നായി ചേരുക

തന്റെ വാദങ്ങൾ ബലപ്പെടുത്താൻ അമർത്യ സെന്നിനെയും കൂട്ടുപിടിക്കുന്നുണ്ട് തരൂർ. ജനാധിപത്യമെന്നത് deliberative reasoning ലൂടെ വളർന്നുവരേണ്ട പ്രക്രിയയാണെന്ന അമർത്യ സെന്നിന്റെ വാക്കുകളാണ് തരൂർ ഇതിനായി ഉയർത്തിക്കാട്ടുന്നത്. എന്നാൽ വികസനത്തെ സംബന്ധിച്ച് അമർത്യ സെൻ മുന്നോട്ടുവെക്കുന്ന വാദമുഖങ്ങളാണ് ജനവിരുദ്ധങ്ങളായ വികസന പദ്ധതികളെ എതിർക്കുന്നവർ ഉയർത്തിപ്പിടിക്കുന്നതെന്നറിയുക. ‘‘ജനങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ യഥാർത്ഥ സ്വാതന്ത്ര്യം വികസിതമാകുന്ന പ്രക്രിയയായിരിക്കണം വികസനം'' എന്ന് അമർത്യ സെൻ ‘ഡവലപ്പ്‌മെൻറ്​ ഈസ് ഫ്രീഡം' എന്ന പുസ്തകത്തിൽ വികസനത്തെ നിർവ്വചിക്കുന്നുണ്ട്. ജനങ്ങളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയെയും ‘വികസനം' എന്ന് വിശേഷിപ്പിക്കാൻ സാധ്യമല്ല. വികസനത്തെ സംബന്ധിച്ച ഏറ്റവും യുക്തിഭദ്രമായ ഈ വാദമുഖങ്ങളെ തിരസ്കരിച്ച്​, വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്ന സാമ്പ്രദായിക കുയുക്തികളെ കൂട്ടിപിടിച്ചുകൊണ്ടാണ് തരൂർ തന്റെ നിലപാട് ഉറപ്പിക്കുന്നത്.

വിഴിഞ്ഞം തുറമുഖം / Photo: adaniports.com

വിഴിഞ്ഞം പദ്ധതി അദാനി ഏറ്റെടുക്കുമ്പോൾ, തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയപ്പോൾ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ച, കോൺഗ്രസിന്റെ എതിർപ്പ്​ മറികടന്ന് അദാനിയുടെ പ്രത്യേക ക്ഷണമനുസരിച്ച് ഗുജറാത്ത് മുണ്ട്ര തുറമുഖം സന്ദർശിച്ച ശശി തരൂർ, കക്ഷി രാഷ്ട്രീയത്തിനപ്പുറം നിൽക്കുന്നയാളെന്ന നാട്യത്തിൽ, ആരുടെ താൽപ്പര്യങ്ങൾക്കാണ് കുട പിടിക്കുന്നതെന്ന് ജനങ്ങൾക്കറിയാത്തതല്ല.
‘ജനാധിപത്യത്തിൽ രാഷ്ട്രീയക്കാർ പാവ്‌ലോവിന്റെ നായ്ക്കളാകരുതെന്ന്' തരൂർ രാഷ്ട്രീയക്കാരെ ഓർമിപ്പിക്കുന്നുണ്ട് തന്റെ ലേഖനത്തിൽ. വികസനമെന്ന വാക്കു കേൾക്കുമ്പോൾ വായിൽ വെള്ളമൊലിപ്പിച്ച് അദാനിക്കും അംബാനിക്കും ജയ് വിളിക്കുന്ന ശശി തരൂരിനായിരിക്കും അദ്ദേഹം സൂചിപ്പിച്ച പാവ്‌ലോവിന്റെ പട്ടിയുടെ സ്ഥാനം നന്നായി ചേരുക. കാരണം വികസനത്തെ സംബന്ധിച്ച ഒരു നൂറ്റാണ്ടുകാലമായെങ്കിലും തുടർന്നപോരുന്ന, വ്യവസ്ഥാപിത യുക്തികളെ (conditioned logic) അതേപടി പിന്തുടരുക മാത്രമാണ് ശശി തരൂർ ചെയ്യുന്നത്.

നാല് മണിക്കൂർ കൊണ്ട് കേരളത്തിന്റെ ഒരറ്റുത്തുനിന്ന്​ മറ്റേ അറ്റത്ത് എത്താമെന്ന മോഹന വാഗ്​ദാനം ചൂണ്ടിക്കാട്ടി പദ്ധതിയുമായി മുന്നോട്ടുപോകാൻ അധികാരികൾ തയ്യാറാകുമ്പോഴാണ് കിഴക്കേ വീട്ടിൽ യശോദയെപ്പോലുള്ളവർ ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്

പരിമിത ഗ്രഹത്തിൽ അപരിമിത വളർച്ച സാധ്യമോ?

കെ.റെയിൽ പദ്ധതി കടന്നുപോകുന്ന വഴികളിൽ പദ്ധതിബാധിതരായ ആളുകൾ കൂടിയിരിക്കുകയും പദ്ധതിയുടെ ഗുണദോഷ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ആരംഭിക്കുകയും ചെയ്യുന്നതാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കേരളം നാളിതുവരെ കണ്ടതിൽവെച്ച് ഏറ്റവും ഭീമമായ ഒരു പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചുറപ്പിച്ച കേരള സർക്കാർ, പദ്ധതിയുടെ വിശദാംശങ്ങൾ ഇതുവരെയും ജനങ്ങളുടെ മുന്നിൽ വെക്കാൻ തയ്യാറായിട്ടില്ല.
നാല് മണിക്കൂർ കൊണ്ട് കേരളത്തിന്റെ ഒരറ്റുത്തുനിന്ന്​ മറ്റേ അറ്റത്ത് എത്താമെന്ന മോഹന വാഗ്​ദാനം ചൂണ്ടിക്കാട്ടി പദ്ധതിയുമായി മുന്നോട്ടുപോകാൻ അധികാരികൾ തയ്യാറാകുമ്പോഴാണ് കിഴക്കേ വീട്ടിൽ യശോദയെപ്പോലുള്ളവർ ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കാനായിൽ ചേർന്ന കെ.റെയിൽ വിരുദ്ധ മീറ്റിംഗിലാണ് യശോദ അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ഭരണാധികാരികൾക്കും വികസനാസൂത്രകർക്കും നേരെ ഉയർത്തിയിരിക്കുന്നത്.
അവരുടെ വാക്കുകൾ: ‘‘വീടില്ലാതാകുക എന്നത് വലിയ പ്രശ്‌നമാണ്. ജനങ്ങൾക്ക്‌ ദ്രോഹമുണ്ടാക്കുന്ന കാര്യമാണ് ഈ നടപ്പിലാക്കാൻ പോകുന്നത്... തിരുവനന്തപുരത്തേക്കാണ് പോകേണ്ടതെങ്കിൽ വിമാനമുണ്ടല്ലോ. അതിലൊന്നും പോയ്ക്കൂടെ ഇവർക്ക്? ഏത് ഉദ്യോഗസ്ഥന്മാർക്കായാലും ആൾക്കാർക്കായാലും? എന്തിനീ പാവങ്ങളെ ഇത്രമാത്രം ദ്രോഹം ചെയ്യുന്നത്? അതുമാത്രമല്ല. ഭൂമി ഇല്ലാതാകുന്ന ഒരു സന്ദർഭമാണ്. ജനങ്ങളേ വർദ്ധിക്കുന്നുള്ളൂ. ഭൂമി വർദ്ധിക്കുന്നില്ല എന്ന് ഏത് ആൾക്കാർക്കും അറിഞ്ഞൂടേ? ബുദ്ധിയുള്ള ജനങ്ങൾക്കെല്ലാം അറിഞ്ഞൂടേ? അപ്പോ ഉള്ള സ്ഥലത്ത്, ഉള്ള സൗകര്യങ്ങൾ ഇല്ലാതാക്കി, വേറൊരു സ്ഥലത്ത്... കല്ലും മണ്ണും കിട്ടാനില്ല. ദിവസം കഴിയുന്തോറും അതിന് വില കയറുന്നു. ഭൂമി ഇവിടെ നഷ്ടപ്പെടുമ്പോൾ മറുഭാഗത്ത് വിലകയറും. അതുകൊണ്ട് ഇതുമായി മുന്നോട്ടുപോകാൻ നമുക്ക് പറ്റില്ല. എന്റെ ആയുസ്സുള്ള കാലത്തോളം ഞാനിതിനെ എതിർക്കും...''

അഡ്വ. പ്രശാന്ത് ഭൂഷണോടൊപ്പം കിഴക്കേ വീട്ടിൽ യശോദ / പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന പരിപാടിയിൽ

പരിമിത ഗ്രഹത്തിൽ അപരിമിത വളർച്ച സാധ്യമാകുമോ എന്ന അടിസ്ഥാനപരമായ ചോദ്യമാണ് കിഴക്കേ വീട്ടിൽ യശോദ ഉന്നയിക്കുന്നത്. അത് വികസനത്തെ സംബന്ധിച്ച, ശശി തരൂർ മുന്നോട്ടുവെക്കുന്ന ‘വ്യവസ്ഥാപിത യുക്തി'ക്ക്​പുറത്താണുതാനും. തൊണ്ണൂറുകൾ തൊട്ട് ഇന്ത്യയിലും, ലോകത്തെമ്പാടും, പ്രഖ്യാപിത വികസനത്തിന്റെ ഇരകൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. അസന്തുലിതമായ വിഭവ വിനിയോഗത്തെ സംബന്ധിച്ച്, സമ്പത്തിന്റെ വിതരണത്തെ സംബന്ധിച്ച്, ഭൂമിയുടെ പരിമിതികളെ സംബന്ധിച്ച് ഉയർന്നുവരുന്ന വ്യത്യസ്ത ബോദ്ധ്യങ്ങൾ തമ്മിലുള്ള സംഘർഷമായി അത് വളരുകയാണ്.

കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകാലം കൗബോയ് ഇക്കണോമിക്‌സ് വിഭവ ലഭ്യതയുടെ കാര്യത്തിലും ഭൂമിയുടെ പൊതുവായ നിലനിൽപ്പിലും സൃഷ്ടിച്ച ഗുരുതര പ്രതിസന്ധികളിൽ നിന്നുകൊണ്ടാണ് വികസനത്തെ സംബന്ധിച്ച പുതുബോദ്ധ്യങ്ങൾ ഉയർന്നുവരുന്നത്.

‘കൗബോയ്', ‘സ്​പെയ്​സ്​മാൻ’ സമ്പദ്ശാസ്ത്ര വീക്ഷണങ്ങൾ

വികസനത്തെ സംബന്ധിച്ച് തികച്ചും വ്യത്യസ്തങ്ങളായ രണ്ട് കാഴ്ചപ്പാടുകളെയാണ് ശശി തരൂരും യശോദയും പ്രതിനിധാനം ചെയ്യുന്നതെന്നത് വ്യക്തമാണ്. സമ്പദ്ശാസ്ത്രത്തിൽ ആദ്യത്തേതിനെ ‘കൗബോയ് ഇക്കണോമിക്‌സ്’ എന്നും രണ്ടാമത്തേതിനെ ‘സ്​പെയ്​സ്​മാൻ ഇക്കണോമിക്‌സ്' എന്നും നിർവ്വചിക്കുന്നു. കൗബോയ് സമ്പദ്ശാസ്ത്രമെന്നത് പ്രകൃതി വിഭവങ്ങൾ അനന്തമാണെന്ന ധാരണയെ അടിസ്ഥാനമാക്കിയുള്ളതും വർദ്ധിച്ച ഉത്പാദനത്തെയും ഉപഭോഗത്തെയും സ്വാഗതം ചെയ്യുന്നതുമാണ്. ഭൂമിയുടെ ജൈവികവും ഭൗതികവുമായ പരിമിതികളെ (bio- physical constrains) അതിന് ഉൾക്കൊള്ളാൻ സാധിക്കുകയില്ലെന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ ഉത്പാദന- ഉപഭോഗ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ ഉൾക്കൊള്ളാനുള്ള ഭൂമിയുടെ വാഹകശേഷിയെ (carrying capacity) സംബന്ധിച്ച ഉത്കണ്ഠ കൗബോയ് സമ്പദ്ശാസ്ത്രത്തിന് അന്യമാണ്. സമ്പദ്​വ്യവസ്​ഥയിൽ വിഭവങ്ങളുടെ പ്രവാഹം ഉത്പാദകനും ഉപഭോക്താവിനും ഇടയിലുള്ള ചാക്രിക പ്രവാഹ മാതൃകയിൽ മാത്രമാണെന്ന തെറ്റിദ്ധാരണ കൗബോയ് സമ്പദ്ശാസ്ത്രത്തിന്റെ പ്രത്യേകയാണ്. സമ്പദ്ശാസ്ത്രകാരനായ കെന്നത് ഇ ബൗൾഡിംഗ് (Kenneth E Boulding) കൗബോയ് സമ്പദ്ശാസ്ത്ര ബോധ്യങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കുന്നു; ‘‘കൗബോയ് പരിധിയില്ലാത്ത സമതലങ്ങളുടെ പ്രതീകമാണ്, കൂടാതെ അശ്രദ്ധ, ചൂഷണം, അക്രമാസക്തമായ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് തുറന്ന സമൂഹങ്ങളുടെ സവിശേഷതയാണ്.''

കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകാലം കൗബോയ് ഇക്കണോമിക്‌സ് വിഭവ ലഭ്യതയുടെ കാര്യത്തിലും ഭൂമിയുടെ പൊതുവായ നിലനിൽപ്പിലും സൃഷ്ടിച്ച ഗുരുതര പ്രതിസന്ധികളിൽ നിന്നുകൊണ്ടാണ് വികസനത്തെ സംബന്ധിച്ച പുതുബോദ്ധ്യങ്ങൾ ഉയർന്നുവരുന്നത്. കിഴക്കേ വീട്ടിൽ യശോദയെപ്പോലുള്ള സാധാരണ മനുഷ്യർക്ക് അനുഭവപരമായ ബോദ്ധ്യങ്ങളിൽ നിന്നുകൊണ്ട് ‘സ്​പെയ്​സ്​മാൻ ഇക്കണോമി'യെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതും ചോദ്യങ്ങൾ ഉയർത്തേണ്ടിവരുന്നതും അതുകൊണ്ടാണ്.

തിരുവനന്തപുരത്ത് ദേശീയപാത 66നു സമീപത്തായി കരിക്കകത്താണ് കെ-റെയിലിന്റെ ആരംഭം. അവിടെ നിന്ന് പാർവ്വതി പുത്തനാറിനു സമീപത്തുകൂടി ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും കടന്നാണ് റെയിൽപ്പാത നീങ്ങുന്നത്. / Photos: Jino Sam

‘‘ജനങ്ങളേ വർദ്ധിക്കുന്നുള്ളൂ, ഭൂമി വർദ്ധിക്കുന്നില്ലെന്ന കാര്യം ബുദ്ധിയുള്ള ജനങ്ങൾക്കെല്ലാം അറിയില്ലേ?'' എന്ന യശോദയുടെ ചോദ്യം വിഭവ പരിമിതിയെ സംബന്ധിച്ച ബോധ്യങ്ങളിൽ നിന്നുയരുന്ന ഒന്നാണ്. പരിമിത ഗ്രഹത്തിൽ അപരിമിത വളർച്ച സാധ്യമല്ലെന്ന യുകതിയെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. ‘സ്​പെയ്​സ്​മാൻ ഇക്കണോമി'യെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സമ്പദ്ശാസ്ത്ര ബോധ്യത്തിൽ നിന്നാണ് അമിതമായ ചൂഷണവും മലിനീകരണവും മൂലം ഭീഷണി നേരിടുന്ന ഭൂമിയിലെ പരിമിതമായ വിഭവങ്ങളുടെ കാര്യക്ഷമമായ മാനേജ്‌മെന്റിനെ സംബന്ധിച്ച ആലോചനകൾ ഉയരുന്നത്. ഒരു ബഹിരാകാശ സഞ്ചാരി തന്റെ വിഭവങ്ങൾ എത്രമാത്രം സൂക്ഷ്മതയോടെ ഉപയോഗിക്കുന്നുവോ അതേ രീതിയിൽ വേണം ഈ അടഞ്ഞ വ്യവസ്​ഥയിൽ (പദാർത്ഥങ്ങളുടെ പ്രവാഹം സാധ്യമല്ലാത്ത) വിഭവങ്ങൾ കൈകാര്യം ചെയ്യാൻ എന്ന് അത് നമ്മെ ഓർമിപ്പിക്കുന്നു. ‘ആവശ്യമുള്ളതെല്ലാം ഊറ്റിയെടുക്കാനോ മലിനീകരണത്തിനോ ഉള്ള അപരിമിതമായ സംഭരണികളില്ലാത്ത ഒരു ബഹിരാകാശ കപ്പലാണ് ഭൂമി' എന്ന് മനുഷ്യരാശി അംഗീകരിക്കേണ്ടതുണ്ട്. സ്രോതസ്സുകളും കുപ്പത്തൊട്ടികളും (sources and sinks) ഒരേ നാണയത്തിന്റെ ഇരുവശങ്ങളാകുന്ന അത്തരമൊരു ‘സ്​പെയ്​സ്​മാൻ സമ്പദ്​വ്യവസ്​ഥ’യിൽ, അനന്തമായ വളർച്ച സാധ്യമല്ല, മാത്രമല്ല സാമഗ്രികൾ സാമൂഹിക സാമ്പത്തിക വ്യവസ്ഥയിൽ കഴിയുന്നിടത്തോളം ചംക്രമിക്കപ്പെടേണ്ടതുണ്ട് (Boulding, 1966). പരിമിത വിഭവങ്ങളെ സൂക്ഷിച്ച് ഉപയോഗിക്കുന്നതിലൂടെ വരാനിരിക്കുന്ന തലമുറകൾക്ക് കൂടി അവ ലഭ്യമാക്കാമെന്ന യുകതിയെയാണ് അത് കൂട്ടുപിടിക്കുന്നു. ‘തലമുറകൾ തമ്മിലുള്ള സമത' (Intergenerational equity) എന്ന് ആധുനിക ലോകം അതിനെ സിദ്ധാന്തീകരിക്കുന്നു.

സാമ്പത്തിക വളർച്ച, വികസനം എന്നിവയെ സംബന്ധിച്ച തികച്ചും ഭിന്നങ്ങളായ രണ്ട് വീക്ഷണങ്ങളാണ് ശശി തരൂരും കിഴക്കേ വീട്ടീൽ യശോദയും പങ്കിടുന്നത്. പാവ്‌ലോവിയൻ നായ്ക്കളെപ്പോലെ ‘വികസന' മണിയടി കേൾക്കുമ്പോൾ ഉമിനീരൊലിപ്പിച്ച് വാലാട്ടി നിൽക്കുന്ന മുതലാളിത്ത വികസന ബോദ്ധ്യങ്ങളാൽ കണ്ടീഷൻ ചെയ്യപ്പെട്ട ഒരു വിഭാഗം. ഈയൊരു ക്ലാസിക്കൽ കണ്ടീഷനിംഗിന് വിധേയമാകാതെ നിരന്തരം ചോദ്യങ്ങളുന്നയിക്കുകയും വ്യവസ്ഥാപിത യുക്തികളെ തുറന്നെതിർക്കുകയും പുതിയ അന്വേഷണങ്ങൾ സാധ്യമാക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗം. ഈ കാഴ്ചപ്പാടുകൾ തമ്മിലുള്ള സംഘർഷങ്ങളിലൂടെയല്ലാതെ സമൂഹത്തിന് മുന്നോട്ടുപോകാൻ സാധിക്കുകയില്ല എന്നത് യാഥാർത്ഥ്യം. ഭൗതികാനുഭൂതികളോടുള്ള ഒടുങ്ങാത്ത ആസക്തി പുത്രന്റെ​യൗവനം കൂടി ആവശ്യപ്പെടുന്നതിലേക്ക് എത്തിച്ച യയാതിയുടെ സംസ്കാരത്തെ പുൽകണമോ അതോ വരുംതലമുറകൾക്കുകൂടി വാസയോഗ്യമാകുന്ന തരത്തിൽ ഈ ഭൂമിയെയും ഇവിടുത്തെ ജൈവവ്യവസ്ഥയെയും സംരക്ഷിക്കണമോ എന്ന നമ്മുടെ തിരഞ്ഞെടുപ്പെന്നത് വളരെ നിർണായകമാകുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന് ഓർക്കുന്നത് നന്ന്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments