സുരേഷ് കുറുപ്പിനെ സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. ആദ്യം മാതൃഭൂമിയിലും പിന്നെ മനോരമയിലും വാർത്ത വന്നു. ദേശാഭിമാനിയിൽ കണ്ടില്ല, എഡിഷൻ പേജിൽ പ്രസിദ്ധീകരിച്ച വാർത്ത ഒരുപക്ഷെ, ശ്രദ്ധയിൽ പെടാതെ പോയതാകാം.
പ്രായമായി, 68 വയസ്സ്.
നാലുതവണ ലോക്‌സഭാംഗം,
രണ്ടു തവണ നിയമസഭാംഗം.
ഒഴിവാക്കാൻ കാരണങ്ങളേറെ- കമ്മിറ്റികളിൽ സജീവമല്ല. പ്രായാധിക്യം നല്ല കാരണം. പിന്നെ, വായിക്കും. ഇടയ്ക്ക് വാ തുറക്കുമ്പോൾ വിമർശിക്കും. പിന്നെ, പറഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് ഓർത്ത് ചിരിക്കും. അയാൾ പറഞ്ഞ വാക്കുകളേക്കാൾ ആ ചിരി, ചിരിക്കാതെയും വായിക്കാതെയും വളർന്ന നേതാക്കളെ ഉറക്കത്തിൽ അലോസരപ്പെടുത്തും.
ഒഴിവാക്കാൻ ഇതിൽ കൂടുതൽ എന്തു കാരണം വേണം?
കുറുപ്പിന് പകരം വാസവൻ വരും, റസ്സൽ വരും, അനിൽകുമാർ വരും. അവരൊക്കെ നല്ല നേതാക്കളാണ്. എന്തോ, നമ്മുടെ ഹൃദയത്തിൽ സുരേഷ് കുറുപ്പ് മാത്രം.
പണ്ട് എസ്.എഫ്.ഐ കാമ്പസുകളുടെ വികാരമായിരുന്ന കാലത്ത് കോട്ടയത്ത് ഒരു സുരേഷ് കുറുപ്പുണ്ടായിരുന്നു. നന്നായി ചിരിക്കുന്നവൻ. നല്ല ഭാഷയിൽ സംസാരിക്കുന്നവൻ. അടിപൊളി വസ്ത്രം ധരിക്കുന്നവൻ. വായന ജീവിതത്തിന്റെ ഭാഗമാക്കിയവൻ. രാഷ്ട്രീയത്തിന്റെ അതിരുകളില്ലാത്ത സൗഹൃദമുള്ളവൻ. സിനിമ, രാഷ്ട്രീയം, സാഹിത്യം- എല്ലാ മേഖലകളെക്കുറിച്ചും അറിവുള്ളവൻ. സി.ആർ. ഓമനക്കുട്ടൻ മുതൽ മുട്ടത്തുവർക്കിവരെയുള്ളവരുടെ സ്‌നേഹിതൻ.
മദ്യപിക്കുന്നവരും തട്ടുകടക്കാരും ഓട്ടോ തൊഴിലാളികളും അച്ചായന്മാരും കുറുപ്പിന്റെ ചിരിയുടെ മാന്ത്രികവലയത്തിൽ കുടുങ്ങിയവരാണ്. ഞങ്ങൾ, എസ്.എഫ്.ഐക്കാർക്ക് കുറുപ്പിനോട് അസൂയയായിരുന്നു. അന്ന്, ഇന്നത്തെ റിട്ടയേഡ് ജസ്റ്റിസ് വി.കെ. മോഹനൻ, അഡീഷനൽ അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ എന്നിവരെക്കെ വിരാജിക്കുന്ന കാലം. സൈമൺ ബ്രിട്ടോ ജീൻസിട്ട് എസ്.എഫ്.ഐക്കാരനായി ക്ഷുഭിതയൗവനത്തെ സംഘടിപ്പിക്കുന്ന നാളുകൾ. അപ്പോഴും കുറുപ്പ് ഒറ്റപ്പെട്ടുനിന്നു, നിറഞ്ഞ ചിരിയുമായി. ഞങ്ങൾ അവന്റെ ചിരിയിലും സൗഹൃദത്തിലും അലിഞ്ഞു. അതൊരു വല്ലാത്ത കാലമായിരുന്നു. പണമില്ലെങ്കിലും പട്ടിണി കിടക്കാത്ത കാലം. കെ.ഡി. വിൻസെന്റ് (മത്തായി ചാക്കോയുടെ അളിയൻ) കാണുമ്പോൾ പറയും, ‘വല്ലാത്ത ധൈര്യമുള്ള കാലമായിരുന്നെടാ അത്'. എം.എ. ബേബിക്കറിയാം, ഓരോ സഖാവിനെയും ചേർത്തുപിടിക്കുമ്പോൾ മനസ്സിൽ നിറയുന്നത് എന്താണെന്ന്.
1984-ൽ സുരേഷ് കുറുപ്പ് ലോക്സഭാംഗമായി. നാഗ്പുരിൽ പത്രപ്രവർത്തകനായിരുന്ന ഞാൻ ലീവെടുത്ത് വന്നു. അന്ന് സി.പി. ജോൺ രണ്ട് ഷർട്ടും രണ്ട് മുണ്ടുമായി വന്നാണ് പട നയിച്ചത്. വാൽമീകി ഹൃദയം തൊടുന്ന നോട്ടീസുകൾ ഇറക്കി. സഖാവ് വി.ആർ. ഭാസ്‌കരൻ, വിശ്വേട്ടൻ, വർക്കി ചേട്ടൻ, കെ.എം. എബ്രഹാം, ടി.കെ... പിന്നെ പഴയ കാല എസ്.എഫ്.ഐക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ, കുറുപ്പിന്റെ പെൺസുഹൃത്തുക്കൾ. എന്തിന്, കെ.എസ്.യുക്കാർ വരെ കുറുപ്പിനായി അണിനിരന്നു.
കോട്ടയത്ത് ഏറെ രാഷ്ട്രീയ സ്വാധീനവും വ്യക്തിബന്ധങ്ങളുമുണ്ടായിരുന്ന കേരള കോൺഗ്രസ്- എമ്മിലെ സ്‌കറിയ തോമസിനെ 5853 വോട്ടിനാണ് സുരേഷ് കുറുപ്പ് തോൽപ്പിച്ചത്. സ്‌കറിയ തോമസിന്റെ തോൽവി കേരളത്തെ ഞെട്ടിച്ച ഒന്നാണ്, അതും യുവാവായ കുറുപ്പിനോട്.
സുരേഷ് കുറുപ്പിനെ മേൽക്കമ്മിറ്റികളിലേക്ക് പരിഗണിക്കാതിരിക്കാനും കുറുപ്പിന്റെ രാഷ്ട്രീയ ജീവിതം ജില്ലാക്കമ്മിറ്റിയിൽ ഒതുക്കാനും കാരണം എന്താണാവോ?
ശ്വാസമടക്കിയാണ് വോട്ടെണ്ണൽ ഘട്ടങ്ങൾ കാത്തുനിന്നത്. ആവേശകരമായി ഓരോ റൗണ്ടും പിന്നിടുമ്പോൾ, പുറത്തുവീഴുന്ന തുണ്ടു കടലാസിനായി കാത്തുനിന്നു. തൊട്ടടുത്തുനിന്ന കമ്യൂണിസ്റ്റുകാരനായ ഓട്ടോറിക്ഷ തൊഴിലാളിയുടെ പ്രാർഥന ഇന്നും കാതിലുണ്ട്; ‘കർത്താവേ, കാത്തുകൊള്ളണേ...'.
അയാളുടെയും കോട്ടയത്തെ യുവ വോട്ടർമാരുടെയും പ്രാർഥനയോടെ കുറുപ്പ് ജയിച്ചുകേറി. അന്ന് കേരളത്തിൽനിന്ന് ഒരേയൊരു സി.പി.എം എം.പിയാണ് ജയിച്ചത്. കോൺഗ്രസ്- എസിൽനിന്ന് കെ.പി. ഉണ്ണികൃഷ്ണനും മാവേലിക്കരയിൽനിന്ന് ജനതാപാർട്ടിയുടെ തമ്പാൻ തോമസും. ഇന്ദിരാഗാന്ധിയുടെ മരണം സമ്മാനിച്ച സഹതാപതരംഗത്തിൽ യു.ഡി.എഫിന് 17 സീറ്റ്.
പിന്നെയും സുരേഷ് കുറുപ്പ് ലോക്‌സഭയിലെത്തി, 1998-ലും 99-ലും 2004-ലും. പിന്നെ, നിയമസഭയിലേക്കും. കസേര മറിച്ചിടാതെയും പ്രതിപക്ഷത്തെ നോക്കി ആക്രോശിക്കാതെയും പത്തു വർഷം. അപ്പോഴൊക്കെ മണ്ഡലക്കാര്യം നോക്കിയും താൻ പ്രതിനിധീകരിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഓടിയെത്തിയും പ്രളയത്തിലും കോവിഡ് കാലത്തും ജനത്തിനൊപ്പം നിന്നും സുരേഷ് കുറുപ്പ് സാദാ ജനപ്രതിനിധിയായി ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ചു. ഏറ്റുമാനൂരപ്പനുള്ള എഴുന്നള്ളിപ്പൊന്നും ഏറ്റുവാങ്ങിയില്ല. പത്തുവർഷം ജനപ്രതിനിധിയായപ്പോൾ ഇടയ്ക്ക് വായിച്ച് ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചു. വായിക്കാത്ത പുസ്തകങ്ങളെക്കുറിച്ച് സങ്കടപ്പെട്ടു. സുഹൃത്തുക്കൾ ഇടയ്ക്ക്, അനുഭവങ്ങൾ പുസ്തകമാക്കണമെന്ന് പറഞ്ഞപ്പോൾ, വെറുതെ ചിരിച്ചു.
അതിനിടയിൽ കാലവും കേരള രാഷ്ട്രീയവും ഒരുപാട് മുന്നോട്ടുപോയി. കുറുപ്പിനൊപ്പമുള്ളവർക്കും കുറുപ്പിനും നര ബാധിച്ചു, എനിയ്ക്കും. പലരും പലതും നേടി. ചിലർ തരംതാഴ്ത്തലിന് വിധേയരായി. വേറെ ചിലർ ഇടതുസർക്കാറിന്റെ പല ബഹുമതികളും നേടി സർക്കാർ വാഹനങ്ങളിൽ സഞ്ചരിച്ചു. കെ.എസ്.യുക്കാരായ ചിലർ സി.പി.എം നേതാക്കളുടെ ഇഷ്ടതോഴരുമായി. പിന്നെ അവർ പുതിയ മേച്ചിൽപ്പുറങ്ങളിലേക്കും കോൺഗ്രസിലേക്കും തിരിച്ചുപറന്നു. കുറുപ്പ് അപ്പോഴും വെറും ജില്ലാ കമ്മിറ്റിയിൽ കോട്ടയത്ത് തുടർന്നു. കുറുപ്പിനു പിമ്പേ വന്നവർ സംസ്ഥാന കമ്മിറ്റിയിലും കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും എത്തി. വേറെ ചിലർ, പാർട്ടി നടപടിയ്ക്ക് വിധേയരായവർ പോലും മന്ത്രിമാരായി. വേറെ ചിലർ ഉന്നത പദവിയിലിരിക്കുമ്പോൾ അപവാദങ്ങൾ നേരിട്ടു. അപ്പോഴും കുറുപ്പ് ഉള്ളിലേക്കുനോക്കി ചിരിച്ചു. പുറമെയും ചിരി അണിഞ്ഞു. എന്നിട്ട് അടുപ്പക്കാരോട് പറഞ്ഞു: ചിലത് റെഡിയാകും, ചിലത് നമുക്ക് റെഡിയാവൂല...
എന്നിട്ട് കണ്ണാടി നോക്കി ചിരിക്കുന്ന മുഖം കണ്ടു. നരച്ച താടിയിൽ തലോടി. പിന്നെ ചിലപ്പോൾ സാവിത്രിയോട് എന്തെങ്കിലും പറഞ്ഞോ, ആവോ?
നമ്മളാരും സി.പി.എം എന്ന, ഭരിക്കുന്ന പാർട്ടിയെ അറിയാത്തവരാണ്. അഞ്ച് വർഷത്തിലൊരിക്കൽ പഴയ ശീലമനുസരിച്ച് വോട്ട് ചെയ്യുന്നവർ. അപ്പോൾ ഇത്തരം ചിന്തകൾക്കും അടിസ്ഥാനമില്ല. പാർട്ടി ഭരിക്കുന്നു. പാർട്ടി തീരുമാനിക്കുന്നു. നമ്മൾ വോട്ട് ചെയ്യുന്നു.
സുരേഷ് കുറുപ്പിനെ മേൽക്കമ്മിറ്റികളിലേക്ക് പരിഗണിക്കാതിരിക്കാനും കുറുപ്പിന്റെ രാഷ്ട്രീയ ജീവിതം ജില്ലാക്കമ്മിറ്റിയിൽ ഒതുക്കാനും കാരണം എന്താണാവോ?
വിശ്വേട്ടന് അറിയുമായിരിക്കും.
'സുഖിമാൻ' എന്ന വിളിപ്പേരായിരിക്കുമോ? നല്ല വസ്ത്രം ധരിക്കുന്നത് പാർട്ടിവിരുദ്ധമല്ല. വായനയും പാർട്ടി വിലക്കിയിട്ടില്ല. സൗഹൃദങ്ങളും തമാശകളും സി.പി.എം കുറ്റപത്രികയിൽ ചേർത്തിട്ടുണ്ടോ എന്നും അറിയില്ല. വർക്കി സഖാവ് ജീവിച്ചിരുന്നുവെങ്കിൽ ചോദിച്ചേനേ ഇതൊക്കെ...എവിടത്തെ നടപടിയാണെന്ന്... അപ്പോൾ ഓമനക്കുട്ടൻ സാർ പഴയ ഒരു കഥ പറഞ്ഞേനേ. കേട്ടുനിന്നവർ ചരിത്രത്തിലേക്ക് നോക്കി ആട്ടിത്തുപ്പിയേനേ, കോട്ടയത്തെ തിരുനക്കര മൈതാനിയിൽ.
നമ്മളാരും സി.പി.എം എന്ന, ഭരിക്കുന്ന പാർട്ടിയെ അറിയാത്തവരാണ്. അഞ്ച് വർഷത്തിലൊരിക്കൽ പഴയ ശീലമനുസരിച്ച് വോട്ട് ചെയ്യുന്നവർ. അപ്പോൾ ഇത്തരം ചിന്തകൾക്കും അടിസ്ഥാനമില്ല. പാർട്ടി ഭരിക്കുന്നു. പാർട്ടി തീരുമാനിക്കുന്നു. നമ്മൾ വോട്ട് ചെയ്യുന്നു. കുറുപ്പിന് പകരം വാസവൻ വരും, റസ്സൽ വരും, അനിൽകുമാർ വരും. അവരൊക്കെ നല്ല നേതാക്കളാണ്. എന്തോ, നമ്മുടെ ഹൃദയത്തിൽ സുരേഷ് കുറുപ്പ് മാത്രം.
വെള്ളക്കൊടിയും ചെങ്കൊടിയും പിടിച്ച് ഒരു കാലം നയിച്ചു കുറുപ്പ്. അവൻ ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റിയിലോ, അല്ല, സാദാ അംഗമോ ആയാലെന്താ? അവനുണ്ട് പാർട്ടിയിൽ, നമ്മൾ സ്‌നേഹിക്കുന്ന ഒരു പ്രസ്ഥാനത്തിൽ. ആരായാലെന്താ, എന്തായാലെന്താ ഭരണത്തിൽ.