വി.ഡി. സതീശൻ സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം, ഗവർണറുടെ നയപ്രഖ്യാപന സമ്മേളനത്തിലും വന്ദേമാതരം ആലപിച്ചിരിക്കുന്നു. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് വന്ദേമാതരം നയപ്രഖ്യാപന പ്രസംഗത്തിനുമുമ്പ് ആലപിക്കുന്നത്.
വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ, വന്ദേമാതരത്തിലെ ഭരണഘടനാ നിർമ്മാതാക്കൾ ഒഴിവാക്കിയ വരികൾ കൂടി പാടുകയായിരുന്നു. ‘നെഹ്റുവിയൻ സോഷ്യലിസ്റ്റ്’ എന്നും ‘നെഹ്റുവിയൻ ലെഫ്റ്റ്’ എന്നും സ്വയം വിശേഷിപ്പിക്കുന്ന വി.ഡി. സതീശൻ നയിക്കുന്ന സർക്കാരും സഭയും സത്യപ്രതിജ്ഞ ചെയ്തത് നെഹ്റുവിന്റെ മതനിരപേക്ഷ കാഴ്ചപ്പാടുകളെ നിരാകരിക്കുന്ന വിധത്തിൽ വന്ദേമാതരം പൂർണരൂപത്തിൽ പാടിക്കൊണ്ടാണെന്നത് ചരിത്രത്തിന്റെ വൈപരീത്യമാകാം.
ഇന്ത്യയെന്ന ആശയത്തിന്റെ അടിസ്ഥാനമായി ഗാന്ധിജിയും നെഹ്റുവും ഉയർത്തിക്കൊണ്ടുവന്ന മതമൈത്രിയെയും ബഹുസംസ്കാരത്തെയും സംബന്ധിച്ച എല്ലാ സാഹോദര്യമൂല്യങ്ങളെയും വെല്ലുവിളിച്ച ഹിന്ദുമഹാസഭക്കാരും ആർ.എസ്.എസുകാരുമാണ് കോൺഗ്രസിനകത്തും ഭരണഘടനാനിർമ്മാണസഭയ്ക്കകത്തും വന്ദേമാതരം ദേശീയഗാനമാക്കണമെന്ന് വാദിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു രാഷ്ട്രമാണെന്നും ഹിന്ദു–മുസ്ലീം മൈത്രിയില്ലാതെ സ്വരാജ് സാധ്യമാകില്ലെന്നും വാദിച്ച കുറ്റത്തിനാണ് ഗാന്ധിജിയെ ഹിന്ദുത്വവാദികൾ ലക്ഷ്യമിട്ടതും ഇല്ലാതാക്കിയതും.
വ്യത്യസ്ത വിശ്വാസിസമൂഹങ്ങളെയും സാംസ്കാരിക വൈവിധ്യങ്ങളെയും ഉൾക്കൊള്ളാനും ഒന്നിച്ചുനിർത്താനുമാണ് ഇന്ത്യയുടെ ഭരണഘടനാസമിതി ജനഗണമന ദേശീയഗാനമാക്കുമ്പോഴും, വന്ദേമാതരത്തിലെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ദൈവാരാധനാപരമായ വരികൾ വെട്ടിമാറ്റി, അതിനെ ദേശീയഗീതമായി അംഗീകരിക്കുമ്പോഴും ശ്രദ്ധിച്ചിട്ടുള്ളത്.

ഹൈന്ദവ ദൈവരാധനയുമായി ബന്ധപ്പെട്ട മൂർത്തികളെ സ്തുതിക്കുന്ന വന്ദേമാതരത്തിലെ ഈ വരികൾ നമ്മുടെ ബഹുസ്വരതയെ നിഷേധിക്കുന്നതും വ്യത്യസ്ത വിശ്വാസസമൂഹങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതുമാണ് എന്നതുകൊണ്ടാണ് ഭരണഘടനാ നിർമ്മാണസമിതി ഒഴിവാക്കിയത്. 1937 ഒക്ടോബർ 30 ന് നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗമായാണ് വന്ദേമാതരത്തിലെ ചില വരികൾ വെട്ടിമാറ്റിയത്. ജവഹർലാൽ നെഹ്റുവായിരുന്നു ആ യോഗത്തിലെ അധ്യക്ഷൻ. വർക്കിംഗ് കമ്മിറ്റി യോഗത്തിൽ സർദാർ വല്ലഭഭായ് പട്ടേലും രാജേന്ദ്രപ്രസാദും ആചാര്യ ജെ.ബി. കൃപലാനിയും മൗലാന അബ്ദുൽകലാം ആസാദും ഗുലാബായ് ദേശായ്, ജെമനാലാൽ ബജാജ്, പട്ടാഭി സീതാരാമയ്യ, രാജാജി, ആചാര്യ നരേന്ദ്രദേവ്, ജയപ്രകാശ് നാരായണൻ, സുഭാഷ്ചന്ദ്രബോസ് തുടങ്ങിയ നേതാക്കളും പങ്കെടുത്തിരുന്നു. പ്രവർത്തകസമിതി അംഗമല്ലാതിരുന്നിട്ടും ഗാന്ധിജിയും പ്രത്യേക ക്ഷണിതാവെന്ന നിലയിൽ യോഗത്തിൽ പങ്കെടുത്തു.
ഹൈന്ദവ ദൈവരാധനയുമായി ബന്ധപ്പെട്ട മൂർത്തികളെ സ്തുതിക്കുന്ന വന്ദേമാതരത്തിലെ വരികൾ നമ്മുടെ ബഹുസ്വരതയെ നിഷേധിക്കുന്നതും വ്യത്യസ്ത വിശ്വാസസമൂഹങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതുമാണ് എന്നതുകൊണ്ടാണ് ഭരണഘടനാ നിർമ്മാണസമിതി ഒഴിവാക്കിയത്.
വർക്കിംഗ് കമ്മിറ്റിയിൽ പട്ടേലാണ് പ്രമേയം അവതരിപ്പിച്ചത്. വർക്കിംഗ്കമ്മറ്റി ഏകകണ്ഠേന അംഗീകരിച്ച പ്രമേയം വ്യക്തമാക്കുന്നത്; ‘‘കോൺഗ്രസിന്റെ ഗീതമായ വന്ദേമാതരത്തെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾ പ്രവർത്തകസമിതി ഗൗരവപൂർവ്വം പരിഗണിക്കുന്നുണ്ട്. ചരിത്രപശ്ചാത്തലമുള്ള ഈ ഗീതം സ്വാതന്ത്ര്യപോരാട്ടത്തിൽ അഗാധമായ ആവേശവും ശക്തമായ വികാരവും സൃഷ്ടിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ അതിന് അനന്യസ്ഥാനമുണ്ട്. ഈ ഗീതത്തിന്റെ ചില ഭാഗങ്ങളെക്കുറിച്ച് നമ്മുടെ മുസ്ലീം സുഹൃത്തുക്കൾ ഉന്നയിച്ച എതിർപ്പുകൾ സാധുവാണെന്ന് കമ്മറ്റി തിരിച്ചറിയുന്നു. കമ്മറ്റി അത്തരം എതിർപ്പുകൾ ശ്രദ്ധിച്ചിട്ടുണ്ട്. കോൺഗ്രസിന്റെയും മറ്റ് പൊതുപരിപാടികളുടെയും വേദികളിൽ സാധാരണ പാടിവരാറുള്ള ഗാനത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം കോൺഗ്രസിനും മറ്റ് പൊതുസ്ഥാപനങ്ങൾക്കും വേണ്ടി ദേശീയഗീതമായി സ്വീകരിക്കാവുന്നതാണ് എന്ന നിഗമനത്തിൽ കമ്മറ്റി എത്തിച്ചേർന്നിട്ടുണ്ട്. എതിർപ്പ് ഉന്നയിച്ചവർക്കുപോലും ഈ ശ്ലോകങ്ങളിൽ വിയോജിപ്പുണ്ടാവില്ല. ആ വരികളിൽ തന്നെ ഗീതത്തിന്റെ സത്ത അടങ്ങിയിട്ടുണ്ട്. നിലവിൽ ദേശീയയോഗങ്ങളിൽ പാടുന്ന ഗീതം തന്നെ, അതായത് ആദ്യ രണ്ട് ശ്ലോകങ്ങൾ തന്നെ ഇനിയും പാടണം. രബീന്ദ്രനാഥടാഗോർ ചിട്ടപ്പെടുത്തിയ വരികൾ തന്നെയാണ് പിന്തുടരേണ്ടത്. പരാതിയുടെ കാരണങ്ങളെ ഈ തീരുമാനം ഇല്ലാതാക്കുമെന്നും രാജ്യത്തെ എല്ലാ സമുദാങ്ങൾക്കും ഇത് സ്വീകാര്യമാകുമെന്നും കമ്മറ്റി വിശ്വസിക്കുന്നു.’’
നരേന്ദ്രമോദി സർക്കാർ തങ്ങളുടെ ഹിന്ദുത്വ അജണ്ടയ്ക്കാവശ്യമായ രീതിയിൽ വന്ദേമാതരത്തെ പൂർണമായ രീതിയിൽ പുനരാനയിക്കാനുള്ള നീക്കങ്ങളിലൂടെ, പട്ടേൽ ഉൾപ്പെടെയുള്ള ദേശീയസ്വാതന്ത്ര്യസമരനേതാക്കളെ ലക്ഷ്യംവെക്കുകയായിരുന്നു. വന്ദേമാതരത്തിലെ മറ്റു വിഭാഗങ്ങൾക്ക് ആലപിക്കാൻ വിശ്വാസപരമായി വിഷമമുള്ള ശ്ലോകങ്ങൾ വെട്ടിമാറ്റിയവർ ദേശീയതയുടെ വികാരഭാവമായ വന്ദേമാതരത്തെ അപമാനിക്കുകയാണ് ചെയ്തത് എന്ന പ്രചാരണമാണ് മോദിയും കൂട്ടരും ആരംഭിച്ചത്. നമ്മുടെ ബഹുസ്വര സംസ്കാരത്തെ മാനിക്കാനും ഉറപ്പാക്കാനുമായിട്ടാണ് കോൺഗ്രസിന്റെ കൽക്കത്ത എ.ഐ.സി.സി സമ്മേളനം ആദ്യ ചരണങ്ങൾ മാത്രം ദേശീയഗീതമായി ആലപിക്കാൻ തീരുമാനിച്ചതും മറ്റ് വിഭാഗങ്ങൾക്ക് വൈകാരികമായി പ്രശ്നമുണ്ടാക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയതും.

പിന്നീട് ഭരണഘടനാ നിർമ്മാണസമിതി രൂപീകരിക്കുകയും ഇടക്കാല പാർലമെൻ്റ് 1947–ൽ ഭരണഘടനാനിർമ്മാണസമിതിയായി പ്രവർത്തിക്കുകയും ചെയ്തപ്പോൾ അതിൽ 208 കോൺഗ്രസ് അംഗങ്ങളും 73 മുസ്ലീംലീഗ് അംഗങ്ങളും 15 മറ്റംഗങ്ങളുമുണ്ടായിരുന്നു. നാട്ടുരാജ്യങ്ങളിൽനിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട 93 അംഗങ്ങളും കൂടി ഉൾപ്പെട്ട 389 പേരായിരുന്നു ഉണ്ടായിരുന്നത്. വിഭജനത്തെ തുടർന്ന് മുസ്ലീംലീഗ് അംഗങ്ങൾ ഭരണഘടനാ നിർമ്മാണസമിതി വിട്ടുപോയി. അതോടെ 299 അംഗങ്ങൾ മാത്രമായി. ഇവരിൽ ഭൂരിഭാഗവും ഹിന്ദുമതത്തിൽ നിന്നുള്ളവരായിരുന്നു. ഭരണഘടനാ അസംബ്ലിയിലേക്ക് ഡോ. അംബേദ്കർ തെരഞ്ഞെടുക്കപ്പെടുന്നത് മുസ്ലീം സ്വാധീനമുള്ള ബംഗാൾ അസംബ്ലിയിൽ നിന്നായിരുന്നു. വിഭജനത്തിനുശേഷം അദ്ദേഹത്തിന് ഭരണഘടനാനിർമ്മാണസമിതിയിൽ തുടരാൻ കഴിയാതെവന്നപ്പോൾ നെഹ്റുവിന്റെ നിർദ്ദേശമനുസരിച്ച് ബോംബെ ഗവർണർ അംബേദ്കറെ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യുകയായിരുന്നു.
വന്ദേമാതരത്തിലെ മറ്റു വിഭാഗങ്ങൾക്ക് ആലപിക്കാൻ വിശ്വാസപരമായി വിഷമമുള്ള ശ്ലോകങ്ങൾ വെട്ടിമാറ്റിയവർ ദേശീയതയുടെ വികാരഭാവമായ വന്ദേമാതരത്തെ അപമാനിക്കുകയാണ് ചെയ്തത് എന്ന പ്രചാരണമാണ് മോദിയും കൂട്ടരും നടത്തുന്നത്.
ഭരണഘടനാ നിർമ്മാണസഭയിൽ ഒരു ദേശീയഗാനം വേണമെന്ന സംവാദത്തിൽ ഏത് തെരഞ്ഞെടുക്കണമെന്ന തർക്കമുണ്ടായി. മൂന്ന് ഗീതങ്ങളാണ് സമിതിയുടെ മുമ്പിൽ വന്നത്. വന്ദേമാതരം, സാരെ ജഹാൻസെ അച്ഛാ, ജനഗണമന ഇവയായിരുന്നു ആ മൂന്ന് ഗാനങ്ങൾ. തികഞ്ഞ മതനിരപേക്ഷ ഉള്ളടക്കവും മാർച്ചിംഗ് സോങ്ങിന്റെ ഈണവുമുണ്ടായിട്ടും അല്ലാമ ഇക്ബാലാണ് രചയിതാവ് എന്നതുകൊണ്ട് സാരെ ജഹാൻസെ അച്ഛാ തള്ളപ്പെടുകയായിരുന്നു. അല്ലാമ ഇക്ബാൽ കടുത്ത പാക്കിസ്ഥാൻ പക്ഷപാതിയാണെന്ന കാരണമാണ് സാരെ ജഹാൻസെ അച്ഛാ നിരസിക്കുന്നതിന് കാരണമായി പറഞ്ഞത്.
ഡോ. രാജേന്ദ്രപ്രസാദ് തലവനായ സമിതി 1949- ലാണ് ഭരണഘടനയുടെ അന്തിമ കരടിന് അംഗീകാരം നൽകുന്നത്. 1950- ൽ ഭരണഘടന പ്രാബല്യത്തിൽ വരുന്നതിന് രണ്ടുദിവസം മുമ്പ് പോലും സഭയിൽ ഒരു വിഭാഗം അംഗങ്ങൾ വന്ദേമാതരം ആലപിച്ചിരുന്നു. എന്നാൽ ജനഗണമനയെ പിന്തുണയ്ക്കുന്ന അംഗങ്ങൾ ഒരു പ്രമേയം അവതരിപ്പിച്ച് പാസാക്കിയതോടെ അത് നമ്മുടെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ടു. 395 അനുച്ഛേദങ്ങളുള്ള ഇന്ത്യൻ ഭരണഘടനയിൽ ഒരിടത്തും ഭരണഘടനാ ചട്ടക്കൂടിന്റെ ഭാഗമായി ദേശീയഗാനത്തെപ്പറ്റി ഒന്നും പരാമർശിക്കുന്നില്ല.
1976- ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന 42–ാം ഭരണഘടനാഭേദഗതിയുടെ ഭാഗമായിട്ടാണ് 51എ പ്രകാരം മൗലികാവകാശമാണെന്ന വ്യവസ്ഥ നടപ്പാക്കിയത്. അതുപ്രകാരം എല്ലാ പൗരരും ഭരണഘടനയെ അനുസരിക്കാനും അതിന്റെ ആശയങ്ങളെയും സ്ഥാപനങ്ങളെയും ദേശീയപതാകയെയും മാനിക്കാനും ബാധ്യസ്ഥരാണ്.

ഭൂരിപക്ഷവും ഹിന്ദുക്കൾ അംഗമായിരുന്ന ഭരണഘടനാ നിർമ്മാണസഭയാണ് ജനഗണമനയെ ദേശീയഗാനമായി തെരഞ്ഞെടുത്തത്. പിന്നീട് അവരിൽ ഒരുവിഭാഗം വന്ദേമാതരം ദേശീയഗീതമാക്കണമെന്ന അഭിപ്രായം ഉയർത്തുകയായിരുന്നു. ഈയൊരു ചരിത്രത്തിന്റെ തുടർച്ചയിലാണ് ഇപ്പോൾ ഭരണകക്ഷിയിലെ അംഗങ്ങൾ, വന്ദേമാതരത്തിന് ജനഗണമനയ്ക്ക് തുല്യമായ ബഹുമാനം നൽകാനായി ആർട്ടിക്കിൾ 51എ പ്രകാരം ഒരു പുതിയ മൗലികകർത്തവ്യം ചേർക്കുന്നതിനെക്കുറിച്ച് പാർലമെൻ്റ് ആലോചിക്കണമെന്ന ആവശ്യമുയർത്തിയത്. മോദി സർക്കാർ ദേശീയഗാനത്തിനും ദേശീയഗീതത്തിനും തുല്യബഹുമാനം കൊടുക്കണമെന്ന വാദമാണ് കോടതിയിൽ കൊണ്ടുവന്നത്. വന്ദേമാതരം പൂർണമായ രൂപത്തിൽ ആലപിക്കുകയെന്നത് ആർ.എസ്.എസിന്റെ ഗണഗീതത്തെ ഔദ്യോഗികമാക്കുകയെന്നതാണ്. അത്തരം നീക്കം ഇന്ത്യയുടെ ബഹുസ്വരതയെയും മതനിരപേക്ഷതയെയും നിഷേധിക്കുന്ന ഹിന്ദുത്വവാദത്തിനാവശ്യമായ സാംസ്കാരിക അജണ്ടയിൽ നിന്നുള്ളതാണെന്ന് മതനിരപേക്ഷവാദികൾ കാണണം.
ഗവർണറുടെ നീക്കങ്ങൾക്ക് കുട പിടിക്കുന്ന വി.ഡി. സതീശൻ സർക്കാറിന്റെ വിധേയത്വസമീപനം ഒരു മതനിരപേക്ഷ സമൂഹത്തിനും അംഗീകരിച്ചുകൊടുക്കാനാവുന്നതല്ല.
സർക്കാറിന്റെ സത്യപ്രതിജ്ഞാചടങ്ങിലും നയപ്രഖ്യാപനസമ്മേളനത്തിലുമെല്ലാം വന്ദേമാതരം പാടി ഹിന്ദുത്വപദ്ധതിയെ ഔപചാരികമാക്കാനുള്ള ഭരണഘടനാവിരുദ്ധമായ നീക്കമാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെ നിസ്സാരമായികണ്ട് ഗവർണറുടെ നടപടികൾക്ക് വഴങ്ങിക്കൊടുക്കുന്നത് ആർ.എസ്.എസ് അജണ്ടയ്ക്ക് സമ്മതി നൽകലാണ്. വി.ഡി. സതീശൻ സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചുവരുന്ന വിധേയത്വസമീപനം ഒരു മതനിരപേക്ഷ സമൂഹത്തിനും അംഗീകരിച്ചുകൊടുക്കാനാവുന്നതല്ല. നെഹ്റുവും രാജേന്ദ്രപ്രസാദും സർദാർ പട്ടേലും മൗലാന അബുൾകലാം ആസാദും ആചര്യ നരേന്ദ്രദേവും തീർപ്പുകൽപ്പിച്ച വന്ദേമാതരം ദേശീയഗീതമാക്കുന്നതുമായി ബന്ധപ്പെട്ട നിലപാടുകളെ വീണ്ടും തർക്കമാക്കി, തങ്ങളുടെ ഗണഗീതങ്ങളെ ദേശീയഗാനവും ദേശീയഗീതവുമാക്കി അംഗീകരിപ്പിക്കാനുള്ള അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മതാത്മകവുമായ നീക്കമാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്.
ആർ.എസ്.എസിന്റെ മതാത്മകമായ ദേശീതതയെ ആവിഷ്ക്കരിക്കുന്ന പാട്ടുകളെയാണ് ഗണഗീതമെന്ന പേരിൽ അവതരിപ്പിക്കുന്നത്. ആർ.എസ്.എസിന്റെ ഔദ്യോഗിക ജിഹ്വകൾ തന്നെ ഹൈന്ദവ നവോത്ഥാനത്തിന്റെ ഗാനരൂപേണയുള്ള ആവിഷ്ക്കാരമായിട്ടാണ് ഗണഗീതങ്ങളെ പരിചയപ്പെടുത്തുന്നതുതന്നെ. തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ നിന്നുള്ള ഭാരതമാതാവിനെക്കുറിച്ചുള്ള പൂജനീയ ഗാനങ്ങളായിട്ടാണ് ഗണഗീതങ്ങളെ അവർ കൊണ്ടാടുന്നത്. ഭാരതമാതാവിനോടും സംസ്കാരത്തോടുമുള്ള അനിർവചനീയമായ പ്രേമം തുളുമ്പിനിൽക്കുന്ന ഹൃദയങ്ങളിൽനിന്ന് നിസർഗമായി ഉദ്ഗമിച്ച ഗാനസരിത്തുകളാണെത്ര ഈ ഗണഗീതങ്ങൾ! ഹിന്ദുരാഷ്ട്രമെന്ന ഭാവി നിർമ്മിച്ചെടുക്കാനുള്ള പ്രചോദന സംഗീതമായിട്ടാണവർ ഗണഗീതങ്ങളെ കാണുന്നത്. അത് ഹിന്ദുരാഷ്ട്രനിർമ്മിതിക്കുള്ള കർത്തവ്യബോധത്തെ ഉണർത്തുന്ന കാഹളഗാനങ്ങളായിട്ടാണ് ശാഖകളിൽ സംഘപരിപാടികളിലും അവർ നിരന്തരം പാടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അതിലേറ്റവും പ്രധാനമാണ് ആർ.എസ്.എസിന്റെ പ്രാർത്ഥനാഗീതമായിട്ടുള്ള ‘നമസ്തേ സദാവത്സലേ’ എന്ന് തുടങ്ങുന്ന ഗണഗീതം. അതിലെ വരികൾ തന്നെ ഹിന്ദുഭൂവിനെ സ്തുതിക്കുന്നതും മഹാമംഗലയായ പുണ്യഭൂമിയ്ക്കായ് സ്വശരീരം അർപ്പിക്കുന്നതുമായ മതാത്മകമായ ദേശഭക്തിയുടെ ആവിഷ്ക്കാരമാണ്. സർവ്വശക്തനായ പരമേശ്വരനെ ഹിന്ദുരാഷ്ട്രത്തിന്റെ അവയവങ്ങളായ പ്രജകളായ തങ്ങൾ ആദരപൂർവ്വം പ്രണമിക്കുന്നതായും ഹിന്ദുരാഷ്ട്രം പൂർത്തീകരിക്കുന്നതിനായി തങ്ങളെ അരയും തലയും മുറുക്കി പ്രവർത്തിക്കാനായി ആശീർവദിക്കണമെന്നുമാണ് ഈ ഗീതത്തിലൂടെ അപേക്ഷിക്കുന്നത്. ഈ മട്ടിലുള്ള ആർ.എസ്.എസ് ഗണഗീതം നാസികളുടെ സംഗീതത്തെ ഉപയോഗിച്ചുകൊണ്ടുള്ള പ്രൊപ്പഗാൻഡയെയാണ് ഓർമ്മിപ്പിക്കുന്നത്.
സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും നയപ്രഖ്യാപനസമ്മേളനത്തിലുമെല്ലാം വന്ദേമാതരം പാടി ഹിന്ദുത്വപദ്ധതിയെ ഔപചാരികമാക്കാനുള്ള ഭരണഘടനാവിരുദ്ധമായ നീക്കമാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സിനിമയെ എന്ന പോലെ സംഗീതത്തെയും അതിസമർത്ഥമായി ഉപയോഗിച്ചുകൊണ്ടാണ് നാസികൾ അധികാരം പിടിക്കുന്നത്. നാസികളുടെ പ്രത്യയശാസ്ത്രം, ജീവിതം ഒരു സമരം മാത്രമാണെന്നും അതിൽ ബലംകുറഞ്ഞത് നശിക്കുകയും ബലമുള്ളത് അതിജീവിക്കുകയും ചെയ്യുന്നുവെന്നുമാണ്. യുദ്ധം വളർച്ചയുടെ ലക്ഷണമാണെന്നും സമാധാനം അധഃപതനത്തിേൻ്റതുമാണെന്നാണ് നാസികൾ വിശ്വസിച്ചുപോന്നത്. ജീവിക്കാനാഗ്രഹിക്കുന്നവർ യുദ്ധം ചെയ്യണമെന്നും അതാഗ്രഹിക്കാത്തവർ ജീവിക്കാൻ അർഹതയില്ലാത്തവരുമാണെന്നാണ് നാസി ദാർശനികർ കൽപിച്ചത്. ബലമുള്ളവർ തങ്ങളുടെ മഹത്വത്തിന് ഉടവുതട്ടാൻ അനുവദിക്കരുത് എന്ന അനിവാര്യതയുടെ നിയമമാണ് പ്രപഞ്ചത്തിൽ പ്രവർത്തിക്കുന്നതെന്നാണ് നാസികൾ കണ്ടത്. അവർ അവരുടെ പ്രത്യയശാസ്ത്രവൽക്കരണത്തിനായി സംഗീതത്തെ ഉപയോഗിച്ച് ആര്യമഹിമയെയും ശ്രേഷ്ഠതയെയും സ്ഥാപിച്ചെടുക്കുകയായിരുന്നു.
മാനവരാശി നേടിയ എല്ലാ നേട്ടങ്ങളും ആര്യന്മാർ ഉണ്ടാക്കിയതാണെന്നും അതിനവർക്ക് സാധിച്ചത് മറ്റ് വിഭാഗങ്ങളെ അടിമകളാക്കിയും നശിപ്പിച്ചുമാണെന്നാണ് നാസി പ്രത്യയശാസ്ത്രം ഉദ്ഘോഷിച്ചത്. ആധുനിക ലോകത്തിലെ ശുദ്ധ ആര്യന്മാർ ജർമ്മനകാരാണെന്ന പ്രചരണമാണ് നാസികൾ നടത്തിയത്. അതിനായി ജർമ്മൻ ജനതയുടെ രക്തശുദ്ധി സംരക്ഷിക്കണമെന്നും അതിനായി ജൂതരെ അകറ്റിനിർത്തുകയോ ഇല്ലാതാക്കുകയോ ചെയ്യണമെന്നുമായിരുന്നു നാസികളുടെ പ്രത്യയശാസ്ത്രം. ഈ ആശയങ്ങളാണ് സംഗീതത്തെക്കൂടി ഉപയോഗിച്ചുകൊണ്ടുള്ള പ്രൊപ്പഗാണ്ട പ്രവർത്തനങ്ങളിലൂടെ നാസികൾ സ്ഥാപിച്ചെടുത്തത്.
ഈയൊരു ചരിത്ര പശ്ചാത്തലത്തിൽകൂടിയാണ് ആർ.എസ്.എസിന്റെ ഗണഗീതങ്ങൾ അത്ര നിഷ്കളങ്കമോ കേവലമായ ദേശഭകതിഗാനങ്ങളോ അല്ലെന്ന് കാണേണ്ടത്. എറിക് ലെവിന്റെ ‘മ്യൂസിക് ഇൻ ദി തേർഡ് റീഹ്’ എന്ന കൃതി, ഫാഷിസ്റ്റുകൾ എങ്ങനെയാണ് സംഗീതത്തെകൂടി ഉപയോഗിച്ച് അധികാരം പിടിച്ചത് എന്നാണ് വിശദീകരിക്കുന്നത്. ഫാഷിസ്റ്റുകൾ സംഗീതത്തെ ഉപയോഗിക്കുന്നത് സർഗാത്മകതയെ പോഷിപ്പിക്കാനല്ല അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടിയാണെന്നതാണ് ഈ കൃതി വിശദീകരിക്കുന്നത്. അധികാരത്തിലെത്താൻ ചരിത്രത്തിലെ എല്ലാ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളും സംഗീതത്തെക്കൂടി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഈ കൃതി പറയുന്നത്. ഇറ്റലിയിൽ ഫാഷിസ്റ്റുകൾ ‘ജിയോവിനസെ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗാനത്തെക്കൂടി ഉപയോഗിച്ചുകൊണ്ടായിരുന്നു യുവമനസ്സുകളിൽ സങ്കുചിത ദേശബോധം കടത്തിവിട്ടത്. അതുവഴി ഫാഷിസത്തിന്റെ ആശയങ്ങൾ മുളപ്പിച്ചെടുക്കുകയായിരുന്നു.

ഇതിന് സമാനമായ രീതിയിൽതന്നെയാണ് ആർ.എസ്.എസിന്റെ ഗണഗീതങ്ങൾ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ കുട്ടികളിലും യുവാക്കളിലും കടത്തിവിട്ടുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ ലഭ്യമായ എല്ലാ ഗണഗീതങ്ങളും ഹിന്ദുദേശീയതയെയും ഹിന്ദുരാഷ്ട്രസങ്കൽപത്തെയും പുതുതലമുറയുടെ മനസ്സിലേക്ക് കടത്തിവിടുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ടതാണ്. വളരെ പ്രതിലോമകരമായ ആശയങ്ങളെ സ്വീകരിക്കുന്നതിലേക്ക് മനുഷ്യമനസ്സിനെ സംഗീതത്തെ ഉപയോഗിച്ച് പരുവപ്പെടുത്തിയെടുക്കാനാണ് ജർമ്മൻ ഫാഷിസ്റ്റുകളെപോലെ ഹിന്ദുത്വവാദികളും ശ്രമിക്കുന്നത്. ഹിറ്റ്ലർ ജർമ്മനിയിൽ ആര്യശ്രേഷ്ഠസിദ്ധാന്തത്തിനാവശ്യമായ മനോഘടന സൃഷ്ടിക്കാനാണ് സംഗീതത്തെ ഉപയോഗിച്ചത്. ഇന്ത്യയിൽ വർണാശ്രമധർമ്മങ്ങളെ സാധൂകരിക്കുകയും മതാത്മക ദേശീയതയെ പൊലിപ്പിക്കുകയുമാണ് ഗണഗീതങ്ങളിലൂടെ ആർ.എസ്.എസ് ചെയ്തുകൊണ്ടിരിക്കുന്നത്.
വളരെ ഭക്തിപാരവശ്യമുണർത്തുന്നതും വൈകാരികത സൃഷ്ടിക്കുന്നതുമായ പദങ്ങളെയും ഭാഷാരൂപകങ്ങളെയും ഉപയോഗിച്ചാണ്, ഗണഗീതങ്ങളെ ഉപയോഗിച്ച് ഹിന്ദുത്വദേശീയതയുടേതായ പ്രത്യയശാസ്ത്രവൽക്കരണം ആർ.എസ്.എസ് നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത്. രാഷ്ട്രത്തെയും ദൈവത്തെയും മാതാവിനെയും പോലുള്ള വൈകാരികപദങ്ങൾ നിറച്ച വരികളിലൂടെയാണ് ഗണഗീതം രചിക്കപ്പെടുന്നത്. അതെല്ലാം സനാതനധർമ്മത്തിലധിഷ്ഠിതമായ ആര്യവംശമഹിമയിലും വിരാട്പുരുഷ സങ്കൽപത്തിലും അധിഷ്ഠിതമായ രാഷ്ട്രനിർമ്മിതിയെ സംബന്ധിച്ച ആശയങ്ങളാണ് മുളപ്പിച്ചെടുക്കുന്നത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം പിന്നാക്കക്കാരെയും ദലിതരെയും ന്യൂനപക്ഷങ്ങളെയും തള്ളിക്കളയുന്ന രാഷ്ട്രസങ്കൽപമാണ് ഗണഗീതങ്ങളിലൂടെ ആർ.എസ്.എസ് കൗശലപൂർവം ജനമനസ്സുകളിൽ കുത്തിയിറക്കുന്നത്.
ഗണഗീതങ്ങളെ ന്യായീകരിക്കുന്ന കേന്ദ്രമന്ത്രിമാരും ഗവർണർമാരും ബി.ജെ.പി നേതാക്കളും നമ്മുടെ ഭരണഘടനയെയും മതനിരപേക്ഷ സംസ്കാരത്തെയുമാണ് നിഷേധിക്കുന്നത്. ജനാധിപത്യവിരുദ്ധമായ ഫാഷിസ്റ്റ് ആശയത്തെ ദേശസ്നേഹത്തിന്റെ വൈകാരിക പദങ്ങളണിയിച്ച് അവതരിപ്പിക്കുന്ന ആർ.എസ്.എസ് അജണ്ടയാണവർ അടിച്ചേൽപ്പിക്കുന്നത്. കുറച്ചുമുമ്പ് എറണാകുളം- കെ.എസ്.ആർ ബാംഗ്ലൂർ വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയിൽ എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ദേശഭക്തിഗാനമെന്ന വ്യാജേന ആലപിച്ച ആർ.എസ്.എസ് ഗണഗീതം വിവാദപരമായി ചർച്ചചെയ്യപ്പെടുകയും മതനിരപേക്ഷ ജനാധിപത്യശകതികളുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തതാണ്.
ഹൈന്ദവ ദൈവാരാധനയുടെയും അനുഷ്ഠാനക്രിയകളുടെയും ഭക്തിമസൃണമായ ഭാഷയിലും രൂപകങ്ങളിലും രചിക്കപ്പെട്ടതാണ് ഈ ഗണഗീതം. ‘പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ’ എന്ന വരികളിൽ തുടങ്ങുന്ന ഗണഗീതം ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിൽ നിന്നുള്ള ദേശത്തെയും ദേശീയതയെയും സംബന്ധിച്ച മതാത്മകവീക്ഷണമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇത് സംഘപരിവാറിന്റെ ഹിന്ദുത്വഅജണ്ടയിൽ നിന്നുള്ള സംഗീതത്തെ വരെ ഉപയോഗിച്ചുള്ള വർഗീയവൽക്കരണമാണ് എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നുവന്നിരിക്കുന്നത്.
ഹൈന്ദവ ദൈവാരാധനയുടെയും അനുഷ്ഠാനക്രിയകളുടെയും ഭക്തിമസൃണമായ ഭാഷയിലും രൂപകങ്ങളിലും രചിക്കപ്പെട്ടതാണ് ആർ.എസ്.എസ് ഗണഗീതം.
ഇന്ത്യൻ റെയിൽവെയുടെ ഒരു ഔദ്യോഗിക പരിപാടിയിൽ ദേശഭക്തിഗാനമെന്ന വ്യാജേന ആർ.എസ്.എസ് ഗണഗീതം ഒളിച്ചുകടത്തുകയാണ് ദക്ഷിണ റെയിൽവെ അധികൃതർ ചെയ്തത്. ആർ.എസ്.എസ് ആശയങ്ങളെയും വീക്ഷണങ്ങളെയും അതിന്റെ രീതികളെയും ഔപചാരികവും സർക്കാർ ചടങ്ങുകളിൽ അനിവാര്യവുമാക്കാനുള്ള കൗശലപൂർവമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമായിരുന്നു നേരത്തെ രാജ്ഭവനിൽ ഔദ്യോഗിക ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രം വെച്ചത്.
ഗണഗീതങ്ങളെ ദേശീയഗാനങ്ങളാക്കുന്ന ആർ.എസ്.എസുകാർ ഇന്ത്യയുടെ ഔദ്യോഗിക ദേശീയഗാനമായ ജനഗണമനയെ നിരന്തരം തള്ളിപ്പറയുന്നവരാണെന്ന് കൂടി ഈ അവസരത്തിൽ ഓർക്കണം. സംഘപരിവാർ പ്രചരിപ്പിക്കും പോലെയോ തെറ്റിധരിപ്പിക്കുന്നതുപോലെയോയല്ല ജനഗണമനയുടെ ചരിത്രം. നമ്മുടെ ദേശീയഗാനം ജോർജ് അഞ്ചാമനെ സ്തുതിച്ചുകൊണ്ട് എഴുതിയതേയല്ല. ബ്രിട്ടീഷ് രാജാവിന്റെ പ്രഭുപദവി നിരസിച്ച ടാഗോർ അങ്ങനെയൊരു രചനക്ക് മുതിരുമെന്ന് ചിന്തിക്കാനേ പറ്റില്ല. വിവാദങ്ങൾ ഉയർന്നുവന്ന സമയത്തുതന്നെ ടാഗോർ അത് നിഷേധിച്ചതുമാണ്.

1911- ലെ കൽക്കത്താ എ.ഐ.സി.സി സമ്മേളനത്തിലാണ് ‘ഭാഗ്യവിധാതാ’ എന്ന് പേരിട്ട ഈ ഗാനം ആദ്യമായി ആലപിക്കപ്പെടുന്നത്. അത് ഇന്ത്യയുടെ പാരമ്പര്യത്തെയും ബഹുസംസ്കൃതിയുടേതായ ദേശീയതയെയും ആവിഷ്ക്കരിക്കുന്നതുമായിരുന്നു. 1950 ജനുവരി 24 ന് പാർലിമെൻ്റിൽ ആലപിക്കപ്പെട്ടതും ദേശീയഗാനമായി അംഗീകരിക്കപ്പെട്ടതുമാണ്. അതിനെ തുടർന്ന് പാർലമെൻ്റിലെ ഹിന്ദുമഹാസഭക്കാരായ അംഗങ്ങളാണ് ദേശീയഗീതമായി വന്ദേമാതരം അംഗീകരിക്കണമെന്നാവശ്യപ്പെട്ടത്. മുകളിൽ സൂചിപ്പിച്ചതുപോലെ അതിലെ ഹൈന്ദവദൈവങ്ങളെ സൂചിപ്പിക്കുന്ന നാല് ശ്ലോകങ്ങൾ ഒഴിവാക്കി ആദ്യ രണ്ട് ശ്ലോകങ്ങൾ ദേശീയഗീതമായി അംഗീകരിക്കുകയായിരുന്നു ഭരണഘടനാനിർമ്മാണസഭ.
ഇപ്പോൾ രാജ്യമെമ്പാടും ബി.ജെ.പി സർക്കാർ വന്ദേമാതരം പൂർണരൂപത്തിൽ എല്ലാ ഔദ്യോഗിക പരിപാടികളിലും പാടണമെന്ന് നിർബന്ധിക്കുകയാണ്. ബംഗാളിലെ സുവേന്ദുഅധികാരി സർക്കാർ മദ്രസകളിൽ വന്ദേമാതരം പാടണമെന്ന് ഉത്തരവിറക്കിയിരിക്കുകയാണ്. ന്യൂനപക്ഷ മതവിശ്വാസങ്ങളെ നിഷ്ക്കരുണം ചവിട്ടിമതിക്കുന്ന മതനിരപേക്ഷതയുടേതായ ഭരണഘടനാമൂല്യങ്ങൾക്കുമേൽ കാർക്കിച്ച് തുപ്പുന്ന നിലപാടുകളാണ് കോർപ്പറേറ്റ് ഹിന്ദുത്വവർഗീയ കൂട്ടുകെട്ടിേൻ്റതായ ബി.ജെ.പി സർക്കാർ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നത്.
