എ.കെ​.ജി എന്ന ഇടതുപക്ഷ ആത്മകഥ

ചരിത്രത്തെയും അതിലിടപ്പെട്ട മഹാന്മാരായ വ്യക്തികളെയും സത്താരഹിതമായി അപനിർമ്മിച്ച് അപകീർത്തിക്കഥകൾ മെനയുന്ന ഉത്തരാധുനികരുടെ കാലത്ത് തീച്ചൂളകളുടെ മുഹൂർത്തങ്ങൾ സൃഷ്ടിച്ച എ കെ ജിയെപ്പോലുള്ളവരുടെ ജീവിതത്തെ കണ്ടെത്തുകയും പഠിക്കുകയും ചെയ്യുകയെന്നത് നമ്മുടെ അതിജീവന പോരാട്ടങ്ങളുടെ മുന്നോട്ടുപോക്കിന് ഊർജ്ജം തേടലാണ്. എ.കെ​.ജിയുടെ വേർപാടിന്റെ 46-ാം വാർഷികദിനമാണ്​ ഇന്ന്​.

തീച്ചൂളകളുടെ മുഹൂർത്തങ്ങൾ സൃഷ്ടിച്ച പോരാട്ട ജീവിതത്തിലൂടെയാണ് എ.കെ. ജി എന്ന പാവങ്ങളുടെ പടത്തലവൻ രൂപപ്പെട്ടത്. ജനകീയ രാഷ്ട്രീയത്തിന്റെ പര്യായപദം പോലെ ചരിത്രത്തിലിടം പിടിച്ചത്.

1946-ൽ എന്റെ അഗ്‌നിപരീക്ഷകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ച സംഭവബഹുലമായ ആത്മകഥയിൽ തന്നെ രൂപപ്പെടുത്തിയ ചരിത്ര സംഭവങ്ങളെയും ജീവിതസമരങ്ങളെയും കുറിച്ചാണ് എ.കെ. ജി പറയുന്നത്. 1921 മുതൽ 1946 വരെയുള്ള തന്റെ പൊതുപ്രവർത്തനാനുഭവങ്ങളും പ്രക്ഷുബ്ധമായ രാഷ്ട്രീയ സമരാനുഭവങ്ങളുമാണ് ആത്മകഥയിലൂടെ വിശദീകരിക്കുന്നത്. എ.കെ.ജി എന്ന മൂന്നക്ഷരം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രക്ഷോഭജ്വാല പടർത്തിയ കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ പര്യായപദമായി വളർന്നതും പരിണമിച്ചതും എങ്ങനെയൊക്കെയാണെന്ന ചരിത്രമാണ് ആ ആത്മകഥയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. പാവങ്ങളുടെ പടത്തലവനായി ഇന്ത്യയൊട്ടുക്കുമുള്ള ജനകീയ സമരങ്ങളിൽ വ്യാപൃതനായ ആ മഹാവിപ്ലവകാരിയുടെ രൂപീകരണത്തിന്റെ ചരിത്രപശ്ചാത്തലം എന്തുമാത്രം സമരോത്സുകവും ത്യാഗഭരിതവുമായിരുന്നെന്നാണ് ഈ പുസ്തകം പറയുന്നത്. ചരിത്രം സൃഷ്ടിച്ച ജീവിതസമരങ്ങളുടെ കഥ. അവിരാമമായ പോരാട്ടങ്ങളുടെയും അദമ്യമായ ജനകീയതയുടെയും സാകല്യമാണ് എ.കെ.ജിയുടെ ജീവിതമെന്നത്. അത് കോൺഗ്രസ് എന്നോ സോഷ്യലിസ്റ്റ് എന്നോ കമ്യൂണിസ്റ്റ് എന്നോ ഉള്ള ലളിതമായ നിർദ്ധാരണങ്ങൾക്ക് വഴങ്ങിത്തരുന്നതുമല്ല. എ.കെ.ജി ‘അഗ്‌നിപരീക്ഷകളു'ടെ മുഖവുരയിൽ പ്രസ്താവിച്ചതുപോലെ, ‘ഇതൊരു ആത്മകഥയല്ല. കോൺഗ്രസിന്റേതോ സോഷ്യലിസ്റ്റ് പാർട്ടിയുടേതോ കമ്യൂണിസ്റ്റ് പാർട്ടിയുടേതോ ജാഥകളുടേയോ ചരിത്രമല്ല. 1921 തുടങ്ങി എന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാനപ്പെട്ട അനുഭവങ്ങളുടെയും, ആ അനുഭവങ്ങളുടെയും പ്രവർത്തനങ്ങളുടെയും വെളിച്ചത്തിൽ എനിക്കുണ്ടായിട്ടുള്ള പരിവർത്തനങ്ങളും കാണിക്കുന്ന സംഭവങ്ങളുടെ സമാഹാരമാണ്.’

എ.കെ.ജി തുടരുന്നു: ‘ഞാനുമൊരു കമ്യൂണിസ്റ്റുകാരനായ കോൺഗ്രസുകാരനാണ്. ഞാനെങ്ങനെ, എവിടെനിന്ന് ഇന്നത്തെ നിലയിലെത്തി. ഇത് കേവലം ഒരു നിറം മാറലോ അവസരസേവകത്വമോ ആണോ? ഇത്തരം പ്രശ്നങ്ങൾക്കുള്ള സമാധാനമാണ് ഈ ഗ്രന്ഥം.'

ഇന്ത്യ പോലൊരു കോളണി രാജ്യത്തെ സാമ്രാജ്യത്വവിരുദ്ധ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ അനുഭവങ്ങളിലൂടെ എങ്ങനെ ഒരു വിപ്ലവകാരി സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമായി വളരുന്നു എന്നതാണ് ഈ ആത്മകഥയുടെ പ്രതിപാദ്യവിശേഷത. തീക്ഷ്ണമായ സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യ സമരാനുഭവങ്ങളും സാമൂഹ്യനീതിയിലും സമത്വത്തിലുമുള്ള വിശ്വാസവും മൂലം താൻ ഉൾപ്പെടെയുള്ള ഒരു തലമുറ എങ്ങനെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടതെന്നാണ് അനുഭവങ്ങളിലൂടെ എ.കെ.ജി രേഖപ്പെടുത്തുന്നത്. അത് ഒരു ജനതയുടെയും പ്രസ്ഥാനത്തിന്റെയും കൂടി ചരിത്രമാണ്. ഇന്ത്യപോലുള്ള ജാതി ബ്രാഹ്മണാധികാരവും കൊളോണിയൽ അധീശത്വവും ചേർന്ന് രൂപപ്പെടുത്തിയ ആധിപത്യവ്യവസ്ഥക്കെതിരായ പോരാട്ടങ്ങൾ എങ്ങനെയാണ് ഒരു കമ്യൂണിസ്റ്റിനെ രൂപപ്പെടുത്തുന്നത് എന്നതുകൂടിയാണ് എ.കെ.ജി അഗാധവും ഹൃദയസ്പർശിയുമായ തന്റെ അനുഭവങ്ങളെ സാക്ഷിനിർത്തി പറയുന്നത്.

1921 മുതലുള്ള തന്റെ രാഷ്ട്രീയ ജീവിതാനുഭവങ്ങൾ 11 അധ്യായങ്ങളിലായിട്ടാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 1930-നുമുമ്പ്, 1930-ലെ ജയിൽവാസവും കോൺഗ്രസ് പ്രവർത്തനവും, ഗുരുവായൂർ സത്യാഗ്രഹവും രണ്ടാം ജയിൽവാസവും, ഗുരുവായൂർ സത്യാഗ്രഹത്തിന്റെ അവസാനം വീണ്ടും ജയിൽവാസം, തൊഴിലാളി-കർഷകപ്രസ്ഥാനങ്ങൾ പണിമുടക്കങ്ങൾ, പാർടിയിൽ നിന്ന് രാജി; പട്ടിണി ജാഥ, കോൺഗ്രസിന്റെ ഉദ്യോഗ സ്വീകരണത്തിനുശേഷം, തിരുവിതാംകൂർ സമരവും ജാഥയും അറസ്റ്റും, ‘പ്രഭാതം' പത്രവും വിദേശയാത്രയും, എന്റെ ആദ്യത്തെ ഒളിജീവിതം, പിന്നെയും ജയിലിൽ ജയിലിൽനിന്നും രക്ഷപ്പെടൽ എന്നീ അധ്യായങ്ങൾ.

ഒന്നാം അധ്യായത്തിൽ തന്റെ കുടുംബ പശ്ചാത്തലവും ഉല്പതിഷ്ണുവുമായ അച്ഛന്റെ മാർഗദർശനവും തന്നെ പുരോഗമനാത്മകവുമായ ചിന്തകളിലേക്കും സാമൂഹ്യ ഇടപെടലുകളിലേക്കും എത്തിച്ചുവെന്ന് അക്കാലത്തെ ഉത്തരമലബാറിലെ സാമൂഹ്യ സാഹചര്യം കൂടി അനാവരണം ചെയ്​ത്​ എ.കെ.ജി എഴുതുന്നുണ്ട്. സമുദായ പരിഷ്‌കർത്താവായ അച്ഛന്റെ കൂടെ ഉത്തരമലബാർ നായർ സമാജസമ്മേളനങ്ങളിലും യോഗങ്ങളിലും പങ്കെടുക്കുക വഴി ജാതിക്കകത്തെ ഉപജാതികളെ ക്കുറിച്ചും അന്ധമായ ജാത്യാചാരങ്ങളെ തുടച്ചു നീക്കേണ്ടതിനെക്കുറിച്ചും ചെറുപ്പത്തിലെ ബോധ്യം വന്നു. അച്ഛന്റെ ഫലിതരസപ്രദാനമായ പ്രസംഗം തന്നെ ഏറെ ആകർഷിച്ചതായും എ.കെ.ജി എഴുതുന്നുണ്ട്.

‘സമുദായദീപിക' എന്നും പിന്നീട് ‘വ്യവസായമിത്രം' എന്നുമുള്ള ശീർഷകത്തിൽ ഇറങ്ങിയ മാസികയുടെ പത്രാധിപരായിരുന്നു എ.കെ.ജിയുടെ അച്ഛൻ. യാഥാസ്ഥിതികത്വത്തിനും ഉച്ചനീചത്വങ്ങൾക്കു മെതിരെ നിരന്തരമായി പോരാടിയ തന്റെ പിതാവിലൂടെയാണ് ആധുനിക ആശയങ്ങളും ലോകബോധവും തന്നിലേക്കെത്തിയതെന്ന് എ.കെ.ജി ആദരപൂർവം സ്മരിക്കുന്നു. വിദ്യാർത്ഥിയും അധ്യാപകനും സാമൂഹ്യപരിഷ്‌കർത്താവും എന്ന നിലയിലുള്ള ആദ്യകാല അനുഭവങ്ങൾ ലളിതവും ഹൃദയഹാരിയുമായ ഭാഷയിൽ കുറിച്ചിട്ടിരി ക്കുകയാണ് ഈ അധ്യായത്തിൽ. വൈക്കം സത്യാഗ്രഹവും അതിനുമുമ്പ് ഖിലാഫത്ത് പ്രസ്ഥാനവും തന്നിലുണ്ടാക്കിയ സ്വാധീനവും ആവേശവുമെല്ലാം ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നു.

രണ്ടും മൂന്നും നാലും അധ്യായങ്ങളിൽ ദേശീയ സ്വാതന്ത്ര്യസമരവും ഗുരുവായൂർ സത്യാഗ്രഹവും ആ കാലത്തെ ത്യാഗപൂർണവും സഹനഭരിതവുമായ ജീവിതാനുഭവങ്ങളും ആലേഖനം ചെയ്തിരിക്കുകയാണ്. ഗാന്ധിജിയും കേളപ്പജിയും മുഹമ്മദ് അബ്ദുറഹിമാനും കൃഷ്ണപിള്ളയും ഇ.എം.എസും എല്ലാം ഉൾപ്പെട്ട ഒരു കാലഘട്ടത്തെ ഇളക്കിമറിച്ച ജീവിതബന്ധങ്ങളുടെയും സമരങ്ങളുടെയും കഥയാണ് അതിലുടനീളം. തീക്ഷ്ണവും സാന്ദ്രവുമായ അനുഭവങ്ങളുടെ തിളച്ചുമറിയൽ.

പുസതകത്തിന്റെ അഞ്ചാം അധ്യായം ഒരു സ്വതന്ത്ര രാഷ്ട്രീയശക്തിയായി തൊഴിലാളികളും കൃഷിക്കാരും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ ഉയർന്നുവന്നതിന്റെ ഗതിവിഗതികളുടെ ചരിത്രമാണ്. ആ അധ്യായം തുടങ്ങുന്നതുതന്നെ വർഗസമരത്തെ നിർവചിക്കുന്ന ലെനിന്റെ ഒരു ഉദ്ധരണിയോടുകൂടിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനുരഞ്ജന നിലപാടിൽ രോഷാകുലരായ ദേശീയ സ്വാതന്ത്ര്യവാദികളിൽ സോഷ്യലിസ്റ്റ് മാർക്സിസ്റ്റ് ആശയങ്ങൾ സ്വാധീനം നേടിയതിനെക്കുറിച്ചാണ് ഇവിടെ എ.കെ.ജി വിശദീകരിക്കുന്നത്.

1930-കളിലെ മുതലാളിത്ത പ്രതിസന്ധി, അത് ഇന്ത്യയിൽ സൃഷ്ടിച്ച പട്ടിണിയും തൊഴിലില്ലായ്മയും, ഇതിൽ നിന്ന്​ വ്യത്യസ്തമായി സോവിയറ്റ് യൂണിയനിലെ സമ്പദ്ഘടനയും ജനങ്ങളും മുതലാളിത്ത പ്രതിസന്ധിയുടെ ആഘാതങ്ങളേറ്റുവാങ്ങാത്ത സാഹചര്യം- ഇത് യുവ സ്വാതന്ത്ര്യസമരസേനാനി കളിൽ മാർക്സിസത്തോട് വലിയ ആഭിമുഖ്യം വളർത്തുന്നതിനും സഹായകരമായി. മുതലാളിത്തത്തെയും സോഷ്യലിസത്തെയും വേർതിരിച്ചറിയുന്നതിന് ഈയൊരു സാർവദേശീയ സാഹചര്യം ഇന്ത്യൻ വിപ്ലവകാരികളെ വലിയരീതിയിൽ സഹായിച്ചു. മലബാറിലെ തൊഴിലാളികൾക്കിടയിൽ വർഗബോധവും കൃഷിക്കാർക്കിടയിൽ ജന്മിത്വവിരുദ്ധസമരവും വളർന്നുവന്നതിന്റെ താൻകൂടി പങ്കാളിയായ സമരാനുഭവങ്ങൾ എ.കെ.ജി സഹജമായ ആവേശത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ത്യാഗപൂർണവും കഠിനവുമെങ്കിലും ജയിൽ ജീവിതമുണ്ടാക്കിയ രാഷ്ട്രീയാവബോധവും ജീവിതാവബോധവും ഈ അധ്യായങ്ങളിൽ വിവരിക്കുന്നുമുണ്ട്. ആറാം അധ്യായത്തിൽ ഒരു പ്രക്ഷോഭകാരിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ചരിത്രപ്രസിദ്ധമായ പട്ടിണിജാഥയും പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസവും രാജിയുമെല്ലാം നാടകീയമായിതന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഏഴ്, എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് അധ്യായങ്ങളിൽ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളകൾ സൃഷ്ടിച്ച മുഹൂർത്തങ്ങളിലൂടെ കടന്നുപോയ തന്റെയും ഒരു തലമുറയുടെയും ധീരോജ്ജ്വലവും സമരതീഷ്ണവുമായ അനുഭവങ്ങളാണ് കുറിച്ചിട്ടിരിക്കുന്നത്.

1934-നുശേഷം 1947 വരെ മാത്രമല്ല സ്വാതന്ത്ര്യാനന്തരവും എ.കെ.ജി തുടർച്ചയായ ജയിൽവാസത്തിലായിരുന്നുവല്ലോ. 1952-ൽ പാർലമെന്റംഗമായിരുന്നസമയത്ത് കരുതൽ തടങ്കലിനെതിരെ നടത്തിയ പ്രസംഗത്തിൽ തന്റെ അനുഭവങ്ങൾ വികാരഭരിതമായി എ.കെ.ജി സൂചിപ്പിക്കുന്നുണ്ട്. 1941 മുതൽ 1951 വരെ ഒരേ കാരണം പറഞ്ഞ് എ.കെ.ജിയെ ജയിലിലടച്ചത് കരുതൽ തടങ്കൽ നിയമമനുസരിച്ചായിരുന്നല്ലോ. 1947-ൽ തന്നെ മോചിപ്പിച്ചതിനുശേഷവും 1951 വരെ കരുതൽതടവുകാരനായി ജയിൽ തന്നെ കഴിയേണ്ടിവന്ന അനുഭവം വിശദീകരിക്കുന്ന പ്രസംഗം പാർലമെൻറ്​ ഒന്നടങ്കം നെഞ്ചമർത്തിപിടിച്ചാണ് കേട്ടത്.

അദമ്യമായ വിപ്ലവാവേശവും ധൈഷണികാഭിനിവേശവും കർമോത്സുകതയും നിറഞ്ഞ സഖാവ് എ.കെ.ജിയുടെ ജീവിതം കമ്യൂണിസ്റ്റുകാർക്കെന്നും ഉദാത്ത മാതൃകയാണ്. വർദ്ധിതമാകുന്ന അരാഷ്ട്രീയവൽക്കരണത്തിനും കടുത്ത വ്യക്തിവൽക്കരണത്തിനും കർമ്മനിരാസത്തിനുമെതിരായുള്ള സമരത്തിൽ എ.കെ.ജിയുടെ ജീവിതവും പോരാട്ടങ്ങളും പ്രതിപാദിക്കുന്ന ഈ പുസ്തകം കമ്യൂണിസ്റ്റുകൾക്ക് വലിയൊരു ആയുധമാകുമെന്ന പ്രതീക്ഷയോടെ ഇടതുപക്ഷ മതനിരപേക്ഷ രാഷ്ട്രീയ പ്രവർത്തകർ വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം.

ചരിത്രത്തെയും അതിലിടപ്പെട്ട മഹാന്മാരായ വ്യക്തികളെയും സത്താരഹിതമായി അപനിർമ്മിച്ച് അപകീർത്തിക്കഥകൾ മെനയുന്ന ഉത്തരാധുനികരുടെ കാലത്ത് തീച്ചൂളകളുടെ മുഹൂർത്തങ്ങൾ സൃഷ്ടിച്ച എ കെ ജിയെപ്പോലുള്ളവരുടെ ജീവിതത്തെ കണ്ടെത്തുകയും പഠിക്കുകയും ചെയ്യുകയെന്നത് നമ്മുടെ അതിജീവന പോരാട്ടങ്ങളുടെ മുന്നോട്ടുപോക്കിന് ഊർജ്ജം തേടലാണ്.


Summary: ചരിത്രത്തെയും അതിലിടപ്പെട്ട മഹാന്മാരായ വ്യക്തികളെയും സത്താരഹിതമായി അപനിർമ്മിച്ച് അപകീർത്തിക്കഥകൾ മെനയുന്ന ഉത്തരാധുനികരുടെ കാലത്ത് തീച്ചൂളകളുടെ മുഹൂർത്തങ്ങൾ സൃഷ്ടിച്ച എ കെ ജിയെപ്പോലുള്ളവരുടെ ജീവിതത്തെ കണ്ടെത്തുകയും പഠിക്കുകയും ചെയ്യുകയെന്നത് നമ്മുടെ അതിജീവന പോരാട്ടങ്ങളുടെ മുന്നോട്ടുപോക്കിന് ഊർജ്ജം തേടലാണ്. എ.കെ​.ജിയുടെ വേർപാടിന്റെ 46-ാം വാർഷികദിനമാണ്​ ഇന്ന്​.


Comments