ഒരേ സ്ഥാനാർഥികൾ, അവർ ഏതു മുന്നണിയിലൂടെയും വരും; കടുത്തുരുത്തിയിൽ

ഒരേ സ്ഥാനാർഥികളാണെങ്കിലും മുന്നണികൾ തമ്മിൽ മാറിക്കൊണ്ടിരിക്കും. ഒരു തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലായിരുന്ന ആൾ അടുത്ത തവണ യു.ഡി.എഫാകും. അത് കേരള കോൺഗ്രസ് കെമിസ്ട്രിയാണ്.

Election Desk

കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പിളർപ്പിനും ജോസ് വിഭാഗത്തിന്റെ എൽ.ഡി.എഫ് പ്രവേശനത്തിനും ശേഷം, ജോസഫ്- ജോസ് വിഭാഗങ്ങൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിൽ ഒന്ന്. അതുകൊണ്ട് ഇരു വിഭാഗങ്ങളുടെയും അഭിമാനപ്പോരാട്ടം കൂടിയാണിവിടെ. കടുത്ത മത്സരം, രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞു, എന്തും സംഭവിക്കാം. തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.

ജോസഫ് ഗ്രൂപ്പിലെ മോൻസ് ജോസഫും ജോസ് വിഭാഗത്തിലെ സ്റ്റീഫൻ ജോർജും തമ്മിലാണ് ഏറ്റുമുട്ടൽ.

ഒരേ സ്ഥാനാർഥികളാണെങ്കിലും മുന്നണികൾ തമ്മിൽ മാറിക്കൊണ്ടിരിക്കും. ഒരു തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലായിരുന്ന ആൾ അടുത്ത തവണ യു.ഡി.എഫാകും. അത് കേരള കോൺഗ്രസ് കെമിസ്ട്രിയാണ്. കടുത്തുരുത്തിയിലെ പാവം ജനങ്ങൾക്ക് മുന്നണി നോക്കി വോട്ടുചെയ്യാൻ വയ്യാത്ത സ്ഥിതി. കാരണം, ഈ രണ്ടുപേർ തന്നെയാണ് കഴിഞ്ഞ നാലുതവണയും തമ്മിൽ മത്സരിച്ചത്, ഇതാ, ഇത്തവണയും.

2001, 2006, 2011, വർഷങ്ങളിലാണ് മോൻസും സ്റ്റീഫനും ഏറ്റുമുട്ടിയത്. രണ്ടുതവണ മോൻസും ഒരു തവണ സ്റ്റീഫനും ജയിച്ചു.
2001ൽ യു.ഡി.എഫിലായിരുന്ന സ്റ്റീഫൻ ജോർജ് 4649 വോട്ടിനാണ് എൽ.ഡി.എഫിലായിരുന്ന മോൻസിനെ തോൽപ്പിച്ചത്.
2006ൽ എൽ.ഡി.എഫിലായിരുന്ന മോൻസ് യു.ഡി.എഫിലെ സ്റ്റീഫനെ 2001 വോട്ടിന് തോൽപ്പിച്ചു.

കേരള കോൺഗ്രസുകൾ ഒന്നായശേഷം 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇരുവരും മുന്നണി മാറി. മോൻസ് യു.ഡി.എഫിലും സ്റ്റീഫൻ കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിൽ ചേർന്ന് എൽ.ഡി.എഫിലും. മോൻസ് 23,057 വോട്ടിന് ജയിച്ചു.

2016ൽ സംസ്ഥാനത്തെ മൂന്നാമത്തെ ഉയർന്നതും കടുത്തുരുത്തിയിലെ ഏറ്റവും ഉയർന്നതുമായ ഭൂരിപക്ഷമായിരുന്നു മോൻസിന്. എൽ.ഡി.എഫിലെ സ്‌കറിയ തോമസിനെതിരെ 42,256 വോട്ട്. ഇത്തവണ മോൻസിന്റെ ജോസഫ് ഗ്രൂപ്പ് യു.ഡി.എഫിലും സ്റ്റീഫന്റെ ജോസ് വിഭാഗം എൽ.ഡി.എഫിലുമാണ്.

തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കും മുമ്പേ ഐശ്വര്യ കേരള യാത്രക്കിടെ രമേശ് ചെന്നിത്തല മോൻസിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട്, നേരത്തെ അദ്ദേഹം പ്രചാരണവും തുടങ്ങി.

സ്റ്റീഫൻ ജോർജാകട്ടെ, കെ.എം. മാണി അന്ത്യവിശ്രമം കൊള്ളുന്ന പാലാ കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയിലെത്തി പ്രാർഥിച്ച്, പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ വീട്ടിലെത്തി മാണിയുടെ ഭാര്യ കുട്ടിയമ്മയെയും ജോസ് കെ. മാണിയെയും കണ്ട് അനുഗ്രഹം തേടി, പാലാ രൂപതാ ആസ്ഥാനത്തെത്തി ബിഷപ് മാർ ജോസഫ് കല്ലറങ്ങാടനെ കണ്ട്, കോട്ടയം അതിരൂപതാ ആസ്ഥാനത്തെത്തി അതിരൂപതാ മെത്രാപോലീത്താ മാർ മാത്യുമൂലക്കാടിനെ കണ്ട് അനുഗ്രഹം തേടി...എല്ലാ പഴുതുകളുമടച്ചാണ് പ്രചാരണത്തിനിറങ്ങിയത്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.
2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.സി. അബ്രഹാമാണ് ജയിച്ചത്. 1960ൽ കോൺഗ്രസിലെ അബ്രഹാം ചുമ്മാർ. 1967 മുതൽ കടുത്തുരുത്തി കേരള കോൺഗ്രസ് കോട്ടയായി. ജോസഫ് ചാഴിക്കാടൻ, ഒ. ലൂക്കോസ്, പി.സി. തോമസ്, പി.എം. മാത്യു തുടങ്ങിയവർ വിവിധ കാലഘട്ടങ്ങളിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചു.



Summary: ഒരേ സ്ഥാനാർഥികളാണെങ്കിലും മുന്നണികൾ തമ്മിൽ മാറിക്കൊണ്ടിരിക്കും. ഒരു തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലായിരുന്ന ആൾ അടുത്ത തവണ യു.ഡി.എഫാകും. അത് കേരള കോൺഗ്രസ് കെമിസ്ട്രിയാണ്.


Comments