ഒരു സമൂഹത്തിന്റെ അധികാരഘടനകളെ ഏറ്റവും അസ്വസ്ഥമാക്കുന്ന കലാരൂപങ്ങളിലൊന്നാണ് നാടകം. കാരണം, അത് മനുഷ്യരുടെ ജീവിതത്തെ കേവലം പുനരാവിഷ്കരിക്കുക മാത്രമല്ല, ആ ജീവിതങ്ങളെ നിർണയിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ അധികാരബന്ധങ്ങളെ അരങ്ങിലേക്ക് കൊണ്ടുവരികയും, സ്വാഭാവികമെന്ന് സ്ഥാപിക്കപ്പെട്ടിട്ടുള്ള പല സാമൂഹിക യാഥാർഥ്യങ്ങളുടെയും കൃത്രിമത്വത്തെ തുറന്നുകാട്ടുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ നാടകത്തിന്റെ ചരിത്രം മനുഷ്യരുടെ സർഗാത്മകമായ ആവിഷ്കാരങ്ങളുടെ ചരിത്രം മാത്രമല്ല, അധികാരത്തോടുള്ള വിയോജിപ്പുകളുടെയും സാമൂഹിക അസമത്വങ്ങൾക്കെതിരായ കലാപങ്ങളുടെയും അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ശബ്ദങ്ങളുടെയും ചരിത്രം കൂടിയാണ്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ ഒരു നാടകീയ പ്രതിഷേധത്തിന്റെ പേരിൽ നേരിടുന്ന നടപടികളെ ഈ വിശാലമായ ചരിത്രബോധത്തിൽനിന്ന് വേർപെടുത്തി വായിക്കാനാവില്ല. അവിടെ ഉയർന്നുവന്നത് ഒരു സർവകലാശാലയുടെ അടിസ്ഥാന സൗകര്യങ്ങളെയും ഭരണപരമായ അനാസ്ഥകളെയും ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളുടെ പ്രതിഷേധം മാത്രമായിരുന്നില്ല; കലയുടെ ഭാഷയിൽ അധികാരത്തോട് സംവദിക്കാനുള്ള അവകാശത്തെക്കുറിച്ചും സർവകലാശാലകളുടെ ജനാധിപത്യ സ്വഭാവത്തെക്കുറിച്ചുമുള്ള ഗൗരവകരമായ രാഷ്ട്രീയ ചോദ്യങ്ങൾ കൂടിയായിരുന്നു.
പ്രതിഷേധത്തിന്റെ ഭാഷയെ ഭയക്കുന്ന അധികാരം
2026 ആഗസ്റ്റ് 13-ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ള പ്രശ്നം, അധ്യാപക ഒഴിവുകൾ, അക്കാദമിക സൗകര്യങ്ങളുടെ അഭാവം, തിയേറ്റർ വിഭാഗത്തിലെ ഉപകരണങ്ങളുടെ തകരാർ തുടങ്ങിയ വിഷയങ്ങൾ ഉയർത്തി വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി, പ്രവർത്തനരഹിതമായ തെരുവുവിളക്കുകളെ പ്രതീകാത്മകമായി ശവശരീരങ്ങളാക്കി അവതരിപ്പിച്ച, ‘ലൈറ്റ് ചത്തേ’ എന്ന നാടകാവതരണമാണ് പിന്നീട് വലിയ വിവാദത്തിലേക്ക് നയിച്ചത്. വിദ്യാർത്ഥികളുടെ വിശദീകരണത്തിൽ സർവകലാശാലയിലെ പ്രവർത്തനരഹിതമായ വിളക്കുകളുടെയും അടിസ്ഥാന സൗകര്യങ്ങളോടുള്ള ഭരണപരമായ അവഗണനയുടെയും പ്രതീകാത്മക ശവസംസ്കാരമായിരുന്ന ആ കലാപ്രവർത്തനത്തെ, സർവകലാശാലാ അധികൃതർ വൈസ് ചാൻസലർക്കെതിരായ പ്രതീകാത്മക ശവസംസ്കാരമായി വ്യാഖ്യാനിക്കുകയും തുടർന്ന് 16 വിദ്യാർത്ഥികൾക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഒരു പ്രതീകത്തെ അതിന്റെ സാമൂഹികവും കലാപരവുമായ സന്ദർഭങ്ങളിൽനിന്ന് അടർത്തിമാറ്റി വ്യക്തിപരമായ അധിക്ഷേപമായി വായിക്കുന്ന അധികാരത്തിന്റെ പ്രവണത ഇവിടെ ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഒരു പ്രവർത്തനരഹിതമായ തെരുവുവിളക്ക് നാടകത്തിൽ ഒരു വസ്തു മാത്രമല്ല; അത് ഒരു സ്ഥാപനത്തിന്റെ പരാജയത്തെയും ഭരണപരമായ അനാസ്ഥയെയും പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വമില്ലായ്മയെയും പ്രതിനിധീകരിക്കുന്ന പ്രതീകമായി മാറാം. എന്നാൽ അത്തരമൊരു പ്രതീകാത്മക ആവിഷ്കാരത്തെ പോലും സ്വന്തം അധികാരത്തിനെതിരായ ആക്രമണമായി വായിക്കേണ്ടിവരുന്നുവെങ്കിൽ, പ്രശ്നം നാടകത്തിന്റെ ഭാഷയിലല്ല, ആ ഭാഷയെ കേൾക്കാനുള്ള അധികാരത്തിന്റെ ജനാധിപത്യശേഷിയിലാണ്.

ഒരു സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള ഭാഷ ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സർവകലാശാലാ ഭരണകൂടത്തിനില്ല. നിവേദനങ്ങളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും നാടകങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് അവരുടെ വിയോജിപ്പുകൾ പ്രകടിപ്പിക്കാം; അതിനുള്ള ജനാധിപത്യപരമായ ഇടം സംരക്ഷിക്കുകയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉത്തരവാദിത്വം. വിമർശനത്തെ നേരിടാൻ കഴിയാത്ത അധികാരം വിമർശിക്കുന്നവരെ അച്ചടക്കത്തിന്റെ പേരിൽ നിശ്ശബ്ദരാക്കാൻ ശ്രമിക്കുമ്പോൾ, അത് ഒരു വ്യക്തിയെയോ ഒരു വിദ്യാർത്ഥി സംഘടനയെയോ മാത്രമല്ല, ജനാധിപത്യപരമായ സംവാദത്തിന്റെ സാധ്യതകളെത്തന്നെയാണ് പരിമിതപ്പെടുത്തുന്നത്.
ജീവിതത്തിൽനിന്ന്
രൂപംകൊണ്ട
രാഷ്ട്രീയ അരങ്ങുകൾ
നാടകത്തിന്റെ ചരിത്രത്തെ കേവലം സാഹിത്യത്തിന്റെയോ വിനോദത്തിന്റെയോ ചരിത്രമായി ചുരുക്കാനാവില്ല; കാരണം, ഓരോ കാലത്തും മനുഷ്യർ ജീവിച്ചിരുന്ന സാമൂഹിക സാഹചര്യങ്ങളും അവരുടെ വിശ്വാസങ്ങളും സംഘർഷങ്ങളും അധികാരബന്ധങ്ങളും പ്രതിരോധങ്ങളും വ്യത്യസ്ത രൂപങ്ങളിൽ അരങ്ങിലെത്തിയിട്ടുണ്ട്. ഇന്ത്യൻ നാടകപാരമ്പര്യത്തിൽ കൂടിയാട്ടം പോലുള്ള ക്ലാസിക്കൽ അവതരണരീതികൾ മുതൽ വിവിധ പ്രാദേശിക നാടോടി കലാരൂപങ്ങൾ വരെയുള്ള ദീർഘമായ ചരിത്രമുണ്ടെങ്കിലും, ആധുനിക ഇന്ത്യൻ നാടകവേദി സാമൂഹിക പരിഷ്കരണത്തിന്റെയും ദേശീയ പ്രസ്ഥാനങ്ങളുടെയും തൊഴിലാളി-കർഷക സമരങ്ങളുടെയും പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ഇടപെടലുകളിലൂടെ നിർണായകമായ രാഷ്ട്രീയ സ്വഭാവം കൈവരിക്കുകയായിരുന്നു.
1943-ൽ രൂപംകൊണ്ട ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (IPTA) ഈ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക മുന്നേറ്റങ്ങളിലൊന്നാണ്. ഫാഷിസത്തിനും സാമ്രാജ്യത്വത്തിനും പട്ടിണിക്കും യുദ്ധത്തിനും വർഗചൂഷണത്തിനുമെതിരായ ജനകീയ രാഷ്ട്രീയത്തെ കലയുടെ ഭാഷയിൽ അവതരിപ്പിച്ച IPTA, നാടകം എന്നത് ഒരു പ്രത്യേക വിഭാഗത്തിന്റെ സൗന്ദര്യാനുഭവമല്ലെന്നും മറിച്ച് സാധാരണ മനുഷ്യരുടെ ജീവിതസമരങ്ങളുമായി ബന്ധപ്പെട്ടു നിൽക്കേണ്ട സാമൂഹിക ഇടപെടലാണെന്നും പ്രഖ്യാപിച്ചു. കലാകാരന്മാരും എഴുത്തുകാരും സംഗീതജ്ഞരും നാടകപ്രവർത്തകരും ഒരുമിച്ചുചേർന്ന ഈ സാംസ്കാരിക പ്രസ്ഥാനം ഇന്ത്യൻ കലാചരിത്രത്തിൽ സൃഷ്ടിച്ച മാറ്റം അതിന്റെ കാലഘട്ടത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. തുടർന്നുവന്ന തലമുറകളുടെ സാംസ്കാരിക രാഷ്ട്രീയത്തെയും അത് ആഴത്തിൽ സ്വാധീനിച്ചു.
കേരളത്തിന്റെ നാടകചരിത്രത്തിലും സമാന രാഷ്ട്രീയ ഇടപെടലുകൾ നിർണായകമായിരുന്നു. ജന്മിത്വത്തിന്റെയും ജാതിവ്യവസ്ഥയുടെയും വർഗചൂഷണത്തിന്റെയും സാമൂഹിക ആധിപത്യങ്ങളുടെയും അടിത്തറകളെ ചോദ്യം ചെയ്തുകൊണ്ട് കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് (KPAC) നടത്തിയ പ്രവർത്തനങ്ങൾ മലയാള നാടകവേദിയെ ജനകീയ രാഷ്ട്രീയത്തിന്റെ പ്രധാന മാധ്യമമാക്കി മാറ്റി. തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഭാവനകളിൽ നിർണായകമായ ഇടപെടൽ നടത്തിയ കൃതിയായിരുന്നു. അത് കേവലം ഒരു രാഷ്ട്രീയ ആശയം പ്രചരിപ്പിച്ച നാടകമായിരുന്നില്ല; ജന്മിത്വവും ജാതിയും അധികാരവും മനുഷ്യബന്ധങ്ങളെ എങ്ങനെയാണ് നിർണയിക്കുന്നതെന്ന് ജനങ്ങളുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ തുറന്നുകാട്ടിയ സാംസ്കാരിക ഇടപെടൽ കൂടിയായിരുന്നു.

അരങ്ങ് എന്ന രാഷ്ട്രീയ ഇടം
മലയാള നാടകവേദിയുടെ വളർച്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ തോപ്പിൽ ഭാസിയിൽ മാത്രം അവസാനിക്കുന്ന ഒരു ചരിത്രവായന സാധ്യമല്ല. മലയാള നാടകത്തിന്റെ ആധുനികതയ്ക്ക് രൂപം നൽകിയ ജി. ശങ്കരപ്പിള്ള, സി. എൻ. ശ്രീകണ്ഠൻ നായർ, എൻ. എൻ. പിള്ള, സി. ജെ. തോമസ്, കെ. എൻ. പണിക്കർ തുടങ്ങിയവരുടെ സംഭാവനകൾ നാടകത്തിന്റെ ഉള്ളടക്കത്തിലും അവതരണരീതിയിലും സൗന്ദര്യശാസ്ത്രത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. പ്രത്യേകിച്ച് ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ വളർന്ന നാടകക്കളരി പ്രസ്ഥാനം, നാടകത്തെ സാഹിത്യത്തിന്റെ അനുബന്ധമെന്ന നിലയിൽ മാത്രം കാണുന്ന പരിമിതികളെ മറികടന്ന്, ശരീരവും സ്ഥലവും ചലനവും ശബ്ദവും വെളിച്ചവും ഉൾപ്പെടുന്ന സമഗ്രമായ കലാപ്രവർത്തനമായി വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
മലയാള നാടകചരിത്രത്തിലും സ്ത്രീകളുടെ സംഭാവനകൾക്ക് പ്രത്യേക ഇടമുണ്ട്. നിലമ്പൂർ ആയിഷ, കവളപ്പാറ രമണി, നാടകപ്രവർത്തകയായ കെ. പി. എ. സി. ലളിത തുടങ്ങിയവരുടെ സംഭാവനകൾ വ്യത്യസ്ത രീതികളിൽ മലയാള നാടക-കലാരംഗത്തെ സമ്പന്നമാക്കി. പ്രത്യേകിച്ച് നിലമ്പൂർ ആയിഷയുടെ കലാജീവിതം സ്ത്രീകൾക്ക് പൊതുവേദികളിൽ പ്രവേശനം പോലും നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സാമൂഹിക വിലക്കുകളെ മറികടന്നുള്ള ധീരമായ സാംസ്കാരിക ഇടപെടലിന്റെ ചരിത്രമാണ്.
അരങ്ങിന്റെ അകത്തും പുറത്തും നിലനിന്നിരുന്ന പുരുഷാധിപത്യത്തോടും ജാതിവ്യവസ്ഥയോടും വർഗാധികാരത്തോടും ഒരേസമയം കലഹിച്ച സ്ത്രീകളുടെ കൂടി ചരിത്രമാണത്. നാടകവേദിയിൽ സ്ത്രീയുടെ ശരീരം എങ്ങനെ പ്രതിനിധീകരിക്കപ്പെടണം, അവളുടെ ശബ്ദം എത്രത്തോളം സ്വതന്ത്രമായിരിക്കണം, അവൾക്ക് സ്വന്തം ജീവിതത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സംസാരിക്കാൻ എന്ത് അധികാരമുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങളെ സ്ത്രീ നാടകപ്രവർത്തകർ നിരന്തരം അരങ്ങിലെത്തിച്ചു.
ഉത്പൽദത്തിന്റെ നാടകപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന തൃപ്തി മിത്ര, ബംഗാളി നാടകവേദിയിലെ ഏറ്റവും പ്രധാന നടിമാരിലൊരാളായിരുന്നു. ബഹുരൂപി നാടകസംഘത്തിലൂടെയും നബന്ന പോലുള്ള നാടകങ്ങളിലൂടെയും അവർ ഇന്ത്യൻ നാടകചരിത്രത്തിൽ ശ്രദ്ധേയമായ ഇടം നേടി. ശാന്താ ഗാന്ധി ഇന്ത്യൻ നാടകവേദിയിൽ പരമ്പരാഗത നാടകരൂപങ്ങളെയും ആധുനിക നാടകാവിഷ്കാരങ്ങളെയും ബന്ധിപ്പിച്ച പ്രധാന നാടകപ്രവർത്തകയായിരുന്നു. കമലാദേവി ചതോപാധ്യായ ഇന്ത്യൻ ജനകീയ കലകളുടെയും നാടകത്തിന്റെയും പുനരുജ്ജീവനത്തിനായി നിർണായകമായ ഇടപെടലുകൾ നടത്തി. വിജയ മേത്ത ആധുനിക ഇന്ത്യൻ നാടകസംവിധാനരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഉഷാ ഗാംഗുലി തന്റെ നാടകങ്ങളിലൂടെ സ്ത്രീജീവിതം, സാമൂഹിക അസമത്വം, അധികാരബന്ധങ്ങൾ എന്നിവയെ രാഷ്ട്രീയമായി അവതരിപ്പിച്ചു. അവരുടെ റുദാലി, കോടതി മാർഷൽ തുടങ്ങിയ നാടകാവിഷ്കാരങ്ങൾ ഇന്ത്യൻ നാടകവേദിയിലെ ശ്രദ്ധേയമായ ഇടപെടലുകളാണ്.
ഇന്ത്യൻ നാടകചരിത്രത്തിലേക്ക് നോക്കുമ്പോൾ ഹബീബ് തൻവീർ ജനകീയവും നാടോടിയുമായ കലാരൂപങ്ങളെ ആധുനിക നാടകഭാഷയുമായി ചേർത്തുവെച്ച് പ്രാദേശിക സംസ്കാരങ്ങളുടെ സർഗാത്മകശേഷിയെ ദേശീയ നാടകവേദിയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. ബാദൽ സർക്കാരിന്റെ മൂന്നാം തിയേറ്റർ പ്രസ്ഥാനം പരമ്പരാഗത പ്രോസീനിയം വേദിയുടെ സാമ്പത്തികവും ഭൗതികവുമായ പരിമിതികളെ മറികടന്ന്, നാടകത്തെ ജനങ്ങളുടെ ദൈനംദിന ഇടങ്ങളിലേക്ക് എത്തിക്കാനുള്ള രാഷ്ട്രീയവും സൗന്ദര്യശാസ്ത്രപരവുമായ ശ്രമമായിരുന്നു. വിജയ് ടെണ്ടുൽക്കർ ഇന്ത്യൻ സമൂഹത്തിലെ അധികാരബന്ധങ്ങളെയും ഹിംസയെയും പിതൃമേധാവിത്വത്തെയും തന്റെ നാടകങ്ങളിലൂടെ വിമർശനാത്മകമായി പരിശോധിച്ചപ്പോൾ, ഗിരീഷ് കർണാട് ചരിത്രത്തെയും പുരാണത്തെയും സമകാലിക സാമൂഹിക-രാഷ്ട്രീയ യാഥാർഥ്യങ്ങളെ വിശകലനം ചെയ്യാനുള്ള സർഗാത്മക ഇടങ്ങളാക്കി മാറ്റി.

ഈ ചരിത്രത്തിൽ സഫ്ദർ ഹാഷ്മിയുടെ സ്ഥാനം പ്രത്യേകം ഓർക്കേണ്ടതാണ്. ജനനാട്യ മഞ്ചിലൂടെ തെരുവുനാടകത്തെ തൊഴിലാളികളുടെയും സാധാരണ മനുഷ്യരുടെയും രാഷ്ട്രീയ സമരങ്ങളുമായി ബന്ധിപ്പിച്ച അദ്ദേഹം, കലയുടെ സാമൂഹിക ഉത്തരവാദിത്വത്തെ തന്റെ പ്രവർത്തനങ്ങളിലൂടെ ഉയർത്തിപ്പിടിച്ചു. 1989 ജനുവരി ഒന്നിന് തെരുവുനാടകം അവതരിപ്പിക്കുന്നതിനിടെ രാഷ്ട്രീയ ആക്രമണത്തിൽ കൊല്ലപ്പെട്ട സഫ്ദർ ഹാഷ്മിയുടെ ജീവിതവും മരണവും കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ സാക്ഷ്യമായി ഇന്നും നിലനിൽക്കുന്നു. ഒരു നാടകപ്രവർത്തകന്റെ ശരീരത്തെപ്പോലും അധികാരം ഭയപ്പെടുന്ന സാമൂഹിക സാഹചര്യത്തിൽ, നാടകം കേവലം കലാപരമായ ആവിഷ്കാരമല്ലെന്നും അത് ഒരു രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു.
തെരുവുനാടകം:
പ്രതിരോധത്തിന്റെ
സൗന്ദര്യശാസ്ത്രം
തെരുവുനാടകത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ സവിശേഷത, അത് കലയുടെ അരങ്ങിനെ ജനങ്ങളുടെ ജീവിതത്തിൽനിന്ന് വേർതിരിക്കുന്നില്ല എന്നതാണ്. വിലകൂടിയ വേദികളും സാങ്കേതിക സംവിധാനങ്ങളും നിർബന്ധമില്ലാതെ ഒരു തെരുവിനെയും കവലയെയും ക്യാമ്പസ് മുറ്റത്തെയും ഫാക്ടറി പരിസരത്തെയും നാടകത്തിന്റെ ഇടമാക്കി മാറ്റാൻ അതിന് കഴിയുന്നു; അതിലൂടെ കലാപ്രവർത്തനം ഒരു പ്രത്യേക സാംസ്കാരിക ഉപഭോഗത്തിന്റെ പരിധിയിൽനിന്ന് പുറത്തുകടന്ന് ജനങ്ങളുടെ ദൈനംദിന ജീവിതത്തിലേക്കും രാഷ്ട്രീയ അനുഭവങ്ങളിലേക്കും പ്രവേശിക്കുന്നു.
തെരുവുനാടകത്തിൽ പ്രേക്ഷകർ കേവലം ഒരു കലാസൃഷ്ടി ആസ്വദിക്കുന്നവരല്ല; പലപ്പോഴും അവർ അവതരിപ്പിക്കപ്പെടുന്ന സാമൂഹിക യാഥാർഥ്യങ്ങളുടെ നേരിട്ടുള്ള അനുഭവസാക്ഷികളാണ്. അതുകൊണ്ടുതന്നെ തെരുവുനാടകം അധികാരത്തിന്റെ ഔദ്യോഗിക ഭാഷയിൽ ഇടം ലഭിക്കാത്ത മനുഷ്യരുടെ ജീവിതങ്ങളെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുകയും, രാഷ്ട്രീയമായി അദൃശ്യവൽക്കരിക്കപ്പെട്ട പ്രശ്നങ്ങളെ ദൃശ്യവും ശ്രാവ്യവുമായ അനുഭവങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ഒരു ശൂന്യമായ കസേര അധികാരത്തിന്റെ പ്രതീകമാകുന്നതുപോലെ, പ്രവർത്തനരഹിതമായ ഒരു വിളക്ക് ഭരണപരമായ അനാസ്ഥയുടെ പ്രതീകമാകുന്നതും ഒരു ശവസംസ്കാരത്തിന്റെ ദൃശ്യാവിഷ്കാരം ഒരു സംവിധാനത്തിന്റെ പരാജയത്തെ സൂചിപ്പിക്കുന്നതും നാടകത്തിന്റെ പ്രതീകാത്മകമായ രാഷ്ട്രീയഭാഷയുടെ ഭാഗമാണ്.
അതിനാൽ കാലടിയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ ഒരു സാധാരണ അച്ചടക്കപ്രശ്നമായി ചുരുക്കുന്നതിനുപകരം, അതിന്റെ കലാപരമായ ഭാഷയും രാഷ്ട്രീയ പശ്ചാത്തലവും ഉൾക്കൊണ്ടുകൊണ്ടാണ് വിലയിരുത്തേണ്ടത്. കലയുടെ പ്രതീകാത്മകതയെ മനസ്സിലാക്കാൻ കഴിയാത്ത ഒരു സ്ഥാപനത്തിന് കലാപ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം ഉണ്ടായിരിക്കാം; എന്നാൽ അങ്ങനെ നിയന്ത്രിക്കപ്പെടുന്ന കലയുടെ സ്വാതന്ത്ര്യവും സർവകലാശാലയുടെ വിമർശനാത്മക സ്വഭാവവും ഒരുപോലെ അപകടത്തിലാകുമെന്നത് മറന്നുകൂടാ.
സർവകലാശാലകൾ അനുസരണത്തിന്റെ പരിശീലനകേന്ദ്രങ്ങളാകുന്നതെന്തിന്?
സർവകലാശാല എന്നത് നിലവിലുള്ള അറിവുകൾ കൈമാറുന്ന ഒരു ഭരണസംവിധാനം മാത്രമല്ല. അറിവിന്റെ ഉൽപ്പാദനത്തെയും സാമൂഹിക അധികാരബന്ധങ്ങളെയും ചരിത്രപരമായി രൂപപ്പെട്ട അസമത്വങ്ങളെയും വിമർശനാത്മകമായി പരിശോധിക്കുന്ന പൊതുസ്ഥാപനം കൂടിയാണ്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ രാഷ്ട്രീയബോധവും കലാപ്രവർത്തനങ്ങളും പ്രതിഷേധങ്ങളും സർവകലാശാലാ ജീവിതത്തിന്റെ പുറത്തുനിർത്തേണ്ട അനാവശ്യ ഇടപെടലുകളല്ല, മറിച്ച് സർവകലാശാലയുടെ ജനാധിപത്യപരമായ നിലനിൽപ്പിന് അനിവാര്യമായ ഘടകങ്ങളാണ്.

ജനാധിപത്യത്തിന്റെ യഥാർഥ പരീക്ഷണം അധികാരത്തോട് യോജിക്കുന്നവരെ എത്രത്തോളം അംഗീകരിക്കുന്നു എന്നതിലല്ല, മറിച്ച് അതിനോട് വിയോജിക്കുന്നവരുടെ അവകാശങ്ങളെ എത്രത്തോളം സംരക്ഷിക്കുന്നു എന്നതിലാണ്. ഈ അർഥത്തിൽ കാലടിയിലെ സംഭവങ്ങൾ ഒരു സർവകലാശാലയുടെ ഭരണപരമായ തീരുമാനത്തെക്കാൾ വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ വിമർശിക്കാനും അവരുടെ സമരരീതികളെക്കുറിച്ച് സംവദിക്കാനും സ്ഥാപനങ്ങൾക്ക് അവകാശമുണ്ടെങ്കിലും, അതിന്റെ പേരിൽ അവരുടെ അക്കാദമിക ഭാവിയെ തന്നെ അനിശ്ചിതത്വത്തിലാക്കുന്നത് ജനാധിപത്യപരമായ സംവാദത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുന്ന നടപടിയാണ്.
16 വിദ്യാർത്ഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് സർവകലാശാലയും വിദ്യാർത്ഥികളും തമ്മിൽ നിലനിൽക്കുന്ന തർക്കം നിയമപരമായ നടപടികളിലാണിപ്പോൾ. നവംബർ മൂന്നിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിയതും, സസ്പെൻഷൻ പിൻവലിക്കുന്നതിന് മാപ്പപേക്ഷ നൽകണമെന്ന സർവകലാശാലാ സിൻഡിക്കേറ്റിന്റെ നിലപാടും ഈ വിഷയത്തെ സങ്കീർണമാക്കിയിട്ടുണ്ട്. എന്നാൽ നിയമപരമായ നടപടികൾക്കപ്പുറം ഇവിടെ പരിശോധിക്കപ്പെടേണ്ടത് വിദ്യാർത്ഥികളുടെ പരാതികളുടെ ഉള്ളടക്കവും അവരുടെ അക്കാദമിക അവകാശങ്ങളും സ്ഥാപനത്തിന്റെ ജനാധിപത്യപരമായ ഉത്തരവാദിത്വവുമാണ്.
ഒരു സർവകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് സ്ഥാപനമാണ്. ആ ചോദ്യങ്ങൾ ഉന്നയിച്ച വിദ്യാർത്ഥികളെ പ്രതികളാക്കി നിയമക്കുരുക്കിലേക്ക് തള്ളിവിടുകയല്ല ചെയ്യേണ്ടത്. അക്കാദമിക അവകാശങ്ങൾ ഭരണകൂടത്തിന്റെ ഔദാര്യമല്ലെന്നും വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അവകാശങ്ങളാണെന്നും തിരിച്ചറിയാത്ത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അതിന്റെ അധികാരികൾക്കും അറിവിന്റെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാൻ ധാർമികമായ അവകാശമുണ്ടാകില്ല.
കലയുടെ സ്വാതന്ത്ര്യവും
ഇടതുപക്ഷത്തിന്റെ
രാഷ്ട്രീയ ഉത്തരവാദിത്വവും
കലയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മാത്രം പ്രസക്തമാകുന്ന വിഷയമല്ല. അധികാരത്തിന്റെ സ്വഭാവം മാറുമ്പോഴും ഭരണകൂടങ്ങളുടെ പ്രത്യയശാസ്ത്രം മാറുമ്പോഴും വിമർശനത്തോടുള്ള അസഹിഷ്ണുതയുടെ രൂപങ്ങൾ മാറാമെങ്കിലും, വിയോജിപ്പിനെ നിയന്ത്രിക്കാനുള്ള അധികാരത്തിന്റെ പ്രവണത പലപ്പോഴും തുടരുകയാണ്. അതുകൊണ്ടുതന്നെ കലയുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നത് ഒരു പ്രത്യേക ഭരണകൂടത്തിനെതിരായ പ്രതിഷേധം മാത്രമല്ല, അധികാരത്തിന്റെ എല്ലാ രൂപങ്ങളെയും ജനാധിപത്യപരമായി വിമർശിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വമാണ്.
ഇടതുപക്ഷത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിച്ചാൽ കല ജനങ്ങളുടെ ജീവിതസമരങ്ങളുമായി ബന്ധപ്പെടേണ്ടതിന്റെ അനിവാര്യത വ്യക്തമാണ്. തൊഴിലാളികളുടെയും കർഷകരുടെയും സ്ത്രീകളുടെയും ദലിതരുടെയും ആദിവാസികളുടെയും മറ്റ് അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും അനുഭവങ്ങളെ കലയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങളുടെ ചരിത്രമാണ് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ പ്രധാനപ്പെട്ട സാംസ്കാരിക പൈതൃകങ്ങളിലൊന്ന്. ആ ചരിത്രത്തിന്റെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്നവർ, വിദ്യാർത്ഥികളുടെ വിയോജിപ്പിനും കലാപ്രവർത്തനങ്ങൾക്കും എതിരെ ഉയരുന്ന അധികാരനടപടികളെ വിമർശനാത്മകമായി പരിശോധിക്കാൻ ബാധ്യസ്ഥരാണ്.

ചരിത്രത്തിലുടനീളം അധികാരങ്ങൾ ഏറ്റവും കൂടുതൽ ഭയപ്പെട്ടിട്ടുള്ളത് തങ്ങളുടെ ഔദ്യോഗിക ഭാഷയ്ക്ക് പുറത്തുനിന്ന് ഉയരുന്ന ചോദ്യങ്ങളെയാണ്. കാരണം, അധികാരം നിർമ്മിച്ചുവെക്കുന്ന യാഥാർഥ്യങ്ങളെ മറ്റൊരു ഭാഷയിൽ പുനർവായിക്കാനുള്ള ശേഷി കലയ്ക്കുണ്ട്; അതുകൊണ്ടുതന്നെ ചിലപ്പോൾ ഒരു കവിതയും ഒരു ചിത്രവും ഒരു നാടകവും ഒരു മുദ്രാവാക്യവും അധികാരത്തിന്റെ വലിയ പ്രഖ്യാപനങ്ങളേക്കാൾ കൂടുതൽ രാഷ്ട്രീയമായ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ആ അസ്വസ്ഥതയെ നേരിടേണ്ടത് ശിക്ഷാനടപടികളിലൂടെയല്ല, മറിച്ച് വിമർശനത്തിന് മറുപടി നൽകാനുള്ള ജനാധിപത്യപരമായ ശേഷിയിലൂടെയാണ്.
കാലടിയിലെ വിദ്യാർത്ഥികൾക്കെതിരായ അന്യായമായ ശിക്ഷാനടപടികൾ പിൻവലിക്കപ്പെടണം, അവരുടെ അക്കാദമിക അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, പ്രതിഷേധത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം അവസാനിക്കണം, വിദ്യാർത്ഥികൾ ഉന്നയിച്ച അടിസ്ഥാന സൗകര്യങ്ങളെയും അക്കാദമിക അവഗണനയെയും സംബന്ധിച്ച പരാതികൾക്ക് സുതാര്യവും ജനാധിപത്യപരവുമായ പരിഹാരം ഉണ്ടാകണം. കാരണം, ഒരു സർവകലാശാലയിലെ വിളക്കുകൾ അണഞ്ഞുപോകുന്നത് അതിന്റെ ഭരണപരമായ പരാജയത്തിന്റെ അടയാളമായിരിക്കാം; എന്നാൽ ആ ഇരുട്ടിനെക്കുറിച്ച് സംസാരിക്കുന്ന വിദ്യാർത്ഥികളുടെ ശബ്ദം അണയ്ക്കപ്പെടുന്നത് അതിനേക്കാൾ വലിയ ജനാധിപത്യപരമായ പരാജയമായിരിക്കും.
നാടകത്തിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അരങ്ങ് ഒരിക്കലും അധികാരത്തിന്റെ മാത്രം ഉടമസ്ഥതയിലുള്ള ഇടമായിരുന്നില്ലെന്നാണ്. മനുഷ്യരുടെ ജീവിതവും അവരുടെ സംഘർഷങ്ങളും സ്വപ്നങ്ങളും പ്രതിഷേധങ്ങളും അവിടെ നിരന്തരം പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ നാടകത്തെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്ന ഓരോ നടപടിയും കലയുടെ സ്വാതന്ത്ര്യത്തെയും വിമർശനത്തിന്റെ രാഷ്ട്രീയത്തെയും കൂടുതൽ ശക്തമായി ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഓർമിപ്പിക്കുന്നത്.

