കളമശ്ശേരി ഇത്തവണ ഒരു രാഷ്ട്രീയ പ്രതീകമാണ്.
അഴിമതി പ്രചാരണവിഷയമാകുന്നത് ആദ്യമല്ല. മറിച്ച്, അഴിമതിക്കേസിൽ പ്രതിയായി അറസ്റ്റുചെയ്യപ്പെടുകയും ജാമ്യത്തിലിറങ്ങുകയും ചെയ്ത ഒരാളെ വീണ്ടും അടിച്ചേൽപ്പിക്കാനുള്ള രാഷ്ട്രീയ അധാർമികതയെ എങ്ങനെ ജനം നേരിടും എന്നതിന്റെ ഒരു ടെസ്റ്റുഡോസ് കൂടിയാകും ഇത്തവണ കളമശ്ശേരി.
എന്തുവന്നാലും മൽസരിക്കുമെന്ന സിറ്റിങ് എം.എൽ.എ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നിശ്ചയദാർഢ്യത്തിനുമുന്നിൽ വിറച്ചുനിൽക്കുകയാണ് മുസ്‌ലിം ലീഗ് എന്നാണ് വാർത്ത. കോൺഗ്രസ് നേതൃത്വമാകട്ടെ, അത് ലീഗിന്റെ സ്വന്തം കാര്യം എന്നമട്ടിൽ രക്ഷപ്പെടുകയും ചെയ്തു. കളമശ്ശേരിയുമായി ബന്ധപ്പെട്ട് ലീഗിലെയും യു.ഡി.എഫിയെും ചർച്ചകൾ വഴിമുട്ടിനിൽക്കുകയാണ്. ‘ഞാൻ, ഞാനില്ലെങ്കിൽ മകൻ' എന്ന തീരുമാനത്തിലാണത്രേ ഇബ്രാഹിം കുഞ്ഞ്. മകൻ വി.ഇ. അബ്ദുൽ ഗഫൂർ ലീഗ് ജില്ല ജനറൽ സെക്രട്ടറിയെന്ന നിലയ്ക്ക് തീർത്തും അർഹനുമാണ്.
മണ്ഡലത്തിലെയും ജില്ലയിലെയും ലീഗുകാർക്കും കോൺഗ്രസുകാർക്കും ഇബ്രാഹിംകുഞ്ഞിനെ വേണ്ട. അദ്ദേഹം സ്ഥാനാർഥിയായാൽ പാലാരിവട്ടം പാലം അഴിമതിക്കേസ് പ്രധാന പ്രചാരണായുദ്ധമാകുമെന്നും അതിനെ പ്രതിരോധിക്കാനാകില്ലെന്നും ലീഗ് ജില്ലാ നേതൃത്വം തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി അവർ ചൂണ്ടിക്കാട്ടുന്നു: ജില്ല പഞ്ചായത്തിൽ ലീഗിനുണ്ടായിരുന്ന രണ്ടുസീറ്റ് നഷ്ടമായി, കളമശ്ശേരി, ഏലൂർ നഗരസഭകളിൽ വൻ തിരിച്ചടിയുണ്ടായി. കുന്നുകര, കടുങ്ങല്ലൂർ, കരുമാലൂർ പഞ്ചായത്തുകളിലും ഇബ്രാഹിംകുഞ്ഞിന്റെ പ്രദേശമായ ആലങ്ങാടും ലീഗിന് ദയനീയ പ്രകടനം.
മണ്ഡലം ലീഗിൽനിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് യു.ഡി.എഫിൽ ആവശ്യമുയർന്നുകഴിഞ്ഞു. ഇബ്രാഹിംകുഞ്ഞ് മത്സരിച്ചാൽ എറണാകുളം ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ വിജയസാധ്യതയെ കൂടി ബാധിക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥിയായി എ.എ. റഹിം ഇറങ്ങിയാൽ ഇബ്രാഹിം കുഞ്ഞ് തോൽക്കുമെന്നും വെട്ടിത്തുറന്നു പറയുന്നു യൂത്ത് കോൺഗ്രസ്. സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ കെ.പി.സി.സിക്ക് കത്തും നൽകി. ഷാജഹാന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയും രംഗത്തുണ്ട്. ഇബ്രാഹിം കുഞ്ഞ് അല്ലെങ്കിൽ മകൻ എന്ന ഫോർമുലയും ഇവർ തള്ളിക്കളയുന്നു.
എന്നാൽ, സ്വന്തം നേതാവിനെ മറ്റൊരു പ്രതിസന്ധിഘട്ടത്തിൽ മന്ത്രിക്കുപ്പായമിട്ട് സേവിച്ചതിന്റെ ഉപകാരസ്മരണ ഇബ്രാഹിംകുഞ്ഞ് പാർട്ടി നേതൃത്വത്തെ ഓർമിപ്പിക്കുന്നു. എറണാകുളം ജില്ല വിട്ടുപോകരുത് എന്ന ജാമ്യവ്യവസ്ഥ പോലും ലംഘിച്ച് ഇതോർമപ്പെടുത്താനാണ് അദ്ദേഹം പാണക്കാട്ടെത്തി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടത്.
ജില്ല വിട്ട് പുറത്തുപോകരുതെന്ന കർശന വ്യവസ്ഥയോടെയാണ് ആരോഗ്യനില കൂടി പരിഗണിച്ച് ഹൈകോടതി ജാമ്യം നൽകിയത്. ഇതിനിടെ മലപ്പുറം മമ്പുറം പള്ളിയിൽ പ്രാർത്ഥന നടത്താൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അപേക്ഷയും നൽകി. ഇത് പരിഗണിച്ചാണ് 10 മുതൽ 13 വരെ ജില്ലക്കുപുറത്ത് കടക്കാൻ കോടതി അനുമതി നൽകിയത്. മമ്പുറം പള്ളിയിൽ പ്രാർത്ഥന നടത്താൻ മാത്രമേ ജാമ്യ ഇളവ് ഉപയോഗപ്പെടുത്താവൂ എന്ന് കോടതി പ്രത്യേകം പരാമർശിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന് കാണാനുള്ളവരുള്ളത് പാണക്കാട്ടായിരുന്നു. തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും മനസ്സിലായിക്കാണും, അദ്ദേഹത്തിന്റെ ധർമസങ്കടം. പാണക്കാട്ടുനിന്ന് തിരിച്ചെത്തി അദ്ദേഹം മണ്ഡലത്തിലെ പരിപാടികളിൽ ഓടിനടന്ന് സജീവമാകുന്ന കാഴ്ചയാണ് കണ്ടത്.
എം.എൽ.എക്കെതിരായ അഴിമതി ആരോപണം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി കാണാം. ലീഗിനും യു.ഡി.എഫിനും അത് ദോഷം ചെയ്തു.
ഇബ്രാഹിംകുഞ്ഞിനെ മാറ്റിനിർത്തേണ്ട അവസ്ഥയുണ്ടായാൽ മങ്കട എം.എൽ.എ ടി.എ. അഹമ്മദ് കബീറിനെ ലീഗ് പരിണഗിക്കുന്നുണ്ട്. ഒപ്പം, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ഹാരിസ്, ലീഗ് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ എന്നിവരെയും പരിഗണിക്കുന്നു.
തങ്ങൾക്ക് ഏറെ അനുകൂല സാഹചര്യങ്ങളുള്ള മണ്ഡലത്തിൽ മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ നിഷ്പ്രയാസം ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, കേരള ഹജ്ജ് കമ്മിറ്റി അംഗം എം.എസ്. അനസ് എന്നിവരാണ് സി.പി.എം പരിഗണനയിലുള്ളത്.
മണ്ഡലം രൂപകരിച്ച 2011 മുതൽ ഇബ്രാഹിം കുഞ്ഞാണ് ജയിക്കുന്നത്. കഴിഞ്ഞ തവണ 12,118 വോട്ടിനാണ് സി.പി.എമ്മിലെ എ.എം. യൂസഫിനെ തോൽപ്പിച്ചത്. ബി.ഡി.ജെ.എസിലെ വി. ഗോപകുമാറിന് 24,206 വോട്ട് കിട്ടി.
കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കളമശ്ശേരി മുനിസിപ്പാലിറ്റിക്കുപുറമേ ഏലൂർ നഗരസഭയും പറവൂർ താലൂക്കിൽ ഉൾപ്പെടുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളും അടങ്ങിയതാണ് മണ്ഡലം.