കണ്ണൂരിൽ കോൺഗ്രസിന്റെ കെ. സുധാകരന് വീണ്ടും ജയം. സി.പി.എമ്മിലെ എം.വി. ജയരാജനെ ഒരു ലക്ഷത്തിൽപ്പരം വോട്ടിനാണ് തോൽപ്പിച്ചത് (+107910). കഴിഞ്ഞതവണ സുധാകരന് 50 ശതമാനത്തിനടുത്ത് വോട്ടുവിഹിതവും ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷവും ഉണ്ടായിരുന്നു. ആ ഭൂരിപക്ഷത്തിലേക്കെത്താന് ഇത്തവണയും സുധാകരനായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തടക്കം ലീഡുയർത്തിയാണ് സുധാകരന്റെ ആധികാരിക ജയം.
സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിലാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് ജയം ആവർത്തിച്ചത്. കണ്ണൂരിലെ ജയം ഇത്തവണ സി.പി.എമ്മിന് അനിവാര്യമായ ഒന്നായിരുന്നു. കെ. സുധാകരനോട് ഏറ്റുമുട്ടാൻ തക്ക ശക്തനായ സ്ഥാനാർഥിയുമായിരുന്നു ജയരാജൻ. കോൺഗ്രസിലെ എക്കാലത്തേയും ശക്തനായ നേതാവും കെ.പി.സി.സി. പ്രസിഡന്റുമായ കെ.സുധാകരനും കണ്ണൂരിലെ സിപിഎമ്മിന്റെ പൊതുസമ്മതനായ നേതാവും ജില്ലാ സെക്രട്ടറിയും കൂടിയായ എം.വി. ജയരാജനും തമ്മിൽ ശക്തമായ മത്സരമാണ് നടന്നത്. കണ്ണൂർ രാഷ്ട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്ന രണ്ട് നേതാക്കന്മാർ തമ്മിലുള്ള മത്സരം സംസ്ഥാന ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ, ജയരാജൻ എത്തിയതോടെ കോൺഗ്രസ് ക്യാമ്പ് ഉണരുകയും ഒരൊറ്റ വോട്ടുപോലും പാഴാകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. മാത്രമല്ല, മണ്ഡലത്തിലെ മൂന്നു ലക്ഷത്തോളം വരുന്ന മുസ്‍ലിം വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്നായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷ. എന്നാൽ, മറിച്ചാണ് സംഭവിച്ചതെന്ന് സുധാകരന്റെ ജയം തെളിയിക്കുന്നു.
1957 മുതലുള്ള ചരിത്രം പരിശോധിച്ചാൽ എട്ടു തവണ യു.ഡി.എഫിനൊപ്പവും ആറ് തവണ എൽ.ഡി.എഫിനൊപ്പവും നിന്ന മണ്ഡലമാണ് കണ്ണൂർ. 2009- ൽ കെ.കെ. രാഗേഷിനെ തോൽപ്പിച്ചാണ് സുധാകരൻ എം.പിയായത്. എന്നാൽ 2014- ൽ സി.പി.എമ്മിലെ പി.കെ. ശ്രീമതിയോട് തോറ്റു. 6,566 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽ.ഡി.എഫ് ജയം. 2019- ൽ സുധാകരൻ മണ്ഡലം തിരിച്ചുപിടിച്ചു.
കണ്ണൂരിൽ ബി ജെ പി നേടിയ ഏറ്റവും ഉയർന്ന വോട്ട് നില കഴിഞ്ഞ തവണ സി.കെ. പത്മനാഭൻ നേടിയ 68,509 ആണ്. സി.കെ.പി. എന്ന ബിജെപിയുടെ ഏറ്റവും തലയെടുപ്പുള്ളൊരു നേതാവ് മത്സരിച്ചിട്ടു പോലും കണ്ണൂരിൽ നിലം തൊട്ടില്ല ബി.ജെ.പി. ഇത്തവണ ബി.ജെ.പിക്ക് വേണ്ടി ഇറങ്ങിയത് 2021- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച, ഡി.സി.സി സെക്രട്ടറിയായിരുന്ന സി. രഘുനാഥാണ്. പക്ഷെ ഇത്തവണയും കണ്ണൂരിൽ ബിജെപി കാഴ്ചക്കാർ മാത്രമായി.
കമ്യൂണിസ്റ്റ് പാർട്ടി നേതാവ് എ.കെ. ഗോപാലനിൽ നിന്നാണ് കണ്ണൂർ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രം ആരംഭിക്കുന്നത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാറിലായിരുന്നു കണ്ണൂർ. 80,000-ലധികം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് എ.കെ.ജിയെ പാർലമെന്റിലേക്ക് അയക്കുന്നത്. അങ്ങനെ, എ.കെ.ജി കണ്ണൂരിന്റെ ആദ്യ ലോക്സഭാ എം.പിയായി.
1956- ൽ കേരളം പിറന്നു. കണ്ണൂർ മണ്ഡലം തലശ്ശേരി മണ്ഡലമായി. 1957 ൽ ഇടതുസ്വതന്ത്രനായി മത്സരിച്ച സാഹിത്യകാരൻ എസ്.കെ. പൊറ്റക്കാടിനെ തോൽപ്പിച്ച് എം.കെ. ജിനചന്ദ്രൻ ലോക്സഭയിലേക്ക് പോയി.
1962- ൽ കെ.ടി. സുകുമാരൻ എന്ന സുകുമാർ അഴീക്കോട് കോൺഗ്രസ് ടിക്കറ്റിൽ തലശ്ശേരിയിൽ അങ്കത്തിനിറങ്ങി. ഇടതുസ്വതന്ത്രനായി എസ്.കെ. പൊറ്റക്കാടും. രണ്ട് സാഹിത്യകാരൻമാർ തമ്മിലൊരു രാഷ്ട്രീയ പോരാട്ടം. ധിഷണാശാലികളായ രണ്ടുപേർ ഏറ്റുമുട്ടിയ അത്യപൂർവ തെരഞ്ഞെടുപ്പ് മത്സരം. അഴീക്കോട് തോറ്റു, എസ്.കെ. ജയിച്ചു. 64,950 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എസ്.കെ പാർലമെന്റിലേക്ക്.
1964- ൽ കമ്യൂണിസ്റ്റു പാർട്ടി പിളർന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പ് 1967- ൽ. പിളർപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ അന്നത്തെ ഏറ്റവും ജനകീയ മുഖമായ പാട്യം ഗോപാലനെ ഇറക്കി സിപിഎം. പാട്യം 84,312 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തലശ്ശേരിയിൽ നിന്ന് പാർലമെന്റിലെത്തി.
1971. സി.പി.ഐയും സിപിഎമ്മും നേർക്കുനേർ പോരാടിയ തെരഞ്ഞെടുപ്പ്. ജനകീയ നേതാവായ സി.കെ. ചന്ദ്രപ്പനെ ഇറക്കി സിപിഐ. പാട്യം ഗോപാലനെ ഇറക്കി സിപിഐഎം. ശക്തരായ രണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കൾ പരസ്പരം ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പ്. 39,824 വോട്ടിന്റെ ഭൂരിപക്ഷത്തിന് നെൽക്കതിർ അരിവാളിനെ വെട്ടി.
1977- ൽ വീണ്ടുമൊരു സിപിഐ - സിപിഎം പോരാട്ടം. തലശ്ശേരി മണ്ഡലത്തിന്റെ പേര് വീണ്ടും കണ്ണൂരെന്നായി. ഇത്തവണ സിപിഎം ഒ. ഭരതനെ ഇറക്കി. സി.കെ. ചന്ദ്രപ്പനെ തന്നെ സിപിഐ വീണ്ടും ഇറക്കി. കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിക്കൊപ്പമായിരുന്നു സിപിഐ മത്സരിക്കാനിറങ്ങിയത്. ഫലം വന്നു, വീണ്ടും സി.കെ. ചന്ദ്രപ്പൻ കണ്ണൂരിൽ നിന്നും എം.പിയായി.
1980- ൽ കോൺഗ്രസ് പിളർന്നു. അങ്ങനെയാണ് ആന്റണി കോൺഗ്രസും കരുണാകരൻ കോൺഗ്രസും ഉണ്ടായത്. ഇവർ തമ്മിലായിരുന്നു ഇത്തവണ മത്സരം. ഇടതു പിന്തുണയോടെ മത്സരിച്ച ആന്റണി കോൺഗ്രസിലെ കെ. കുഞ്ഞമ്പു 73,257 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കണ്ണൂരിൽ നിന്ന് എം.പിയായി. ആന്റണി കോൺഗ്രസ് വിഭാഗത്തിന് കേരളത്തിൽ കാര്യമായ നേട്ടമൊന്നും ഇല്ലാതിരുന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. പക്ഷെ കണ്ണൂരിൽ ജയിച്ചു.
1984 ലാണ് കണ്ണൂരിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന യുവ നേതാവിന്റെ വരവ്. 84 മുതൽ 98 വരെ കണ്ണൂരിന് ഒരൊറ്റ എം.പിയേ ഉണ്ടായിരുന്നുള്ളു അത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. 84 ൽ പാട്യം ഗോപാലനെയും 89 ൽ പി.ശശിയേയും 91 ൽ ഇ. ഇബ്രാഹിം കുട്ടിയെയും തോൽപ്പിച്ച് മുല്ലപ്പള്ളി ഹാട്രിക്ക് വിജയം നേടി കണ്ണൂരിൽ നിന്നുള്ള എം.പിയായി. 1996 ലും 1998 ലും ആ വിജയം ആവർത്തിച്ച് തുടർച്ചയായി അഞ്ച് തവണ മുല്ലപ്പള്ളി ഇടതുപക്ഷത്തെ തോൽപ്പിച്ചു. കടന്നപ്പള്ളി രാമചന്ദ്രനെയും മന്ത്രിയായിരിക്കെ മത്സരിക്കാനിറങ്ങിയ ഷൺമുഖദാസിനെയും തോൽപ്പിച്ചാണ് കണ്ണൂരിൽ മുല്ലപ്പള്ളി ജൈത്രയാത്ര നടത്തിയത്.
അങ്ങനെയിരിക്കെയാണ് 1999 ൽ കോൺഗ്രസിന്റെ വിജയയാത്രയ്ക്ക് തടയിടാൻ ഇടതുപക്ഷം രണ്ടും കൽപ്പിച്ചിറങ്ങിയത്. ഏത് വിധേയനേയും കണ്ണൂർ തിരിച്ചു പിടിക്കാൻ ഇത്തവണ ഇടതുപക്ഷം അവതരിപ്പിച്ചത് എ.പി. അബ്ദുള്ള കുട്ടി എന്ന യുവനേതാവിനെ. 10,247 വോട്ടിന്റെ ഭൂരിപക്ഷം നേടി അബ്ദുള്ള കുട്ടി കണ്ണൂരിൽ അൽഭുതം കാട്ടി, സിപിഎമ്മിന്റെ അൽഭുതക്കുട്ടിയായി. ആ വിജയം 2004 ലും അബുദുള്ള കുട്ടി ആവർത്തിച്ചു. വീണ്ടും തോറ്റു മുല്ലപ്പള്ളി. ഭൂരിപക്ഷം 83,849 ആയി ഉയർത്തിയായിരുന്നു ഇടതുപക്ഷത്തിന്റെ ആധികാരിക ജയം.
2009 ആവുമ്പോഴേക്കും അബ്ദുള്ളക്കുട്ടി സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞു. മണ്ഡലം നിലനിർത്താൻ സി പി എം കെ.കെ. രാഗേഷിനെ ഇറക്കിയെങ്കിലും അതികായനായിരുന്ന കെ. സുധാകരനോട് തോറ്റു മടങ്ങി. 2014- ൽ കെ. സുധാകരനെ തോൽപ്പിച്ച് പി.കെ. ശ്രീമതി മണ്ഡലം തിരിച്ചുപിടിച്ചു.