മോദിക്ക് ഗുഡ് സർട്ടിഫിക്കറ്റ്; പകരം കാന്തപുരത്തിന് ക്ലീൻചിറ്റ്

സമുദായത്തിന്റെ പേരിൽ വിലപേശി സ്വന്തം താൽപര്യങ്ങൾ ഭദ്രമാക്കുന്ന കേരളത്തിലെ പരമ്പരാഗത സംഘടനാ രീതിയുടെ ഏറ്റവും പുതിയ ഒരു എപ്പിസോഡ് മാത്രമാണ് ഡൽഹിയിൽ അരങ്ങേറിയത്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച ശേഷം നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ മുജീബ് റഹ്‌മാൻ കിനാലൂർ എഴുതുന്നു.

ന്ത്യൻ മുസ്ലിംകൾ പൂർണ്ണ സുരക്ഷിതരാണെന്നും അവർക്ക് യാതൊരുവിധ ആശങ്കകളുമില്ലെന്നുമുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന വലിയ രാഷ്ട്രീയ, സാമൂഹിക ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ലിം സമുദായം വലിയ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്നുവെന്ന ആശങ്കകൾക്കിടയിലാണ് രാജ്യത്തെ പരമോന്നത ഭരണാധികാരിക്ക് ഉസ്താദ് ഗുഡ്‌സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്‌. എന്നാൽ, കേരളത്തിലെ മുസ്ലിം മത, രാഷ്ട്രീയ സംഘടനകളുടെ സമകാലിക നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് കാന്തപുരത്തിന്റെ ഈ പ്രസ്താവനയിലോ ഡൽഹി സന്ദർശനത്തിലോ ഒട്ടും പുതുമ തോന്നാനിടയില്ല. മുമ്പും പലവട്ടം അദ്ദേഹം മോദിയെയും മറ്റ് ബി.ജെ.പി നേതാക്കളെയും നേരിൽ കണ്ടിട്ടുണ്ട്; തങ്ങളുടെ സമ്മേളനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും അവരെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു അസാധാരണ സംഭവമല്ല, മറിച്ച് കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ള മറ്റൊരു രാഷ്ട്രീയ കരുനീക്കം മാത്രമാണ്.

അധികാര ഇടനാഴികളിലെ അനിവാര്യതകൾ

നിശ്ചിത ഇടവേളകളിലുള്ള ഈ സന്ദർശനങ്ങളുടെ ടൈമിംഗ് പരിശോധിച്ചാൽ ചിത്രം കൂടുതൽ വ്യക്തമായി തെളിഞ്ഞ് വരും. കാന്തപുരത്തിനോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾക്കോ നേരെ അന്വേഷണങ്ങളുടെ മുന തിരിയുന്ന സാഹചര്യങ്ങൾ, വിദേശ ഫണ്ട് (FCRA) തടയപ്പെടുന്ന സന്ദർഭങ്ങൾ, ഇ.ഡി പോലുള്ള കേന്ദ്ര ഏജൻസികളുടെ റെയ്ഡുകൾക്കുള്ള സാധ്യതകൾ, അല്ലെങ്കിൽ പുതിയ സംരംഭങ്ങൾക്ക് ഭരണകൂടത്തിന്റെ അനുമതി ലഭിക്കേണ്ട അനിവാര്യതകൾ - ഇങ്ങനെയുള്ള ഘട്ടങ്ങളിലാണ് പലപ്പോഴും ഇത്തരം ഉന്നതതല കൂടിക്കാഴ്ചകൾ അരങ്ങേറുന്നത്. ഇന്ത്യയിലുടനീളവും വിദേശത്തുമായി പടർന്നു കിടക്കുന്ന വലിയൊരു വിദ്യാഭ്യാസ-വാണിജ്യ ശൃംഖലയെ നയിക്കുന്ന ഒരു നേതൃത്വത്തിന് ഭരണകൂടത്തിന്റെ നിരന്തരമായ പിന്തുണ ആവശ്യമാണ്. ഈ സാമ്രാജ്യത്തെ നിലനിർത്താനും, വരാനിരിക്കുന്ന നിയമക്കുരുക്കുകളിൽ നിന്ന് രക്ഷനേടാനുമുള്ള ഒരു 'രക്ഷാകവചം' എന്ന നിലയിൽ ബോധപൂർവ്വം നൽകിയതാണ് മോദി സർക്കാറിനുള്ള പുതിയ സർട്ടിഫിക്കറ്റും എന്ന് മനസ്സിലാക്കാൻ അപാര ബുദ്ധിയൊന്നും ആവശ്യമില്ല.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പങ്കെടുത്തു എന്നത് ഏറെ ശ്രദ്ധേയവും ദുരൂഹവുമാണ്. കേവലമൊരു ന്യൂനപക്ഷ ക്ഷേമമോ വിദ്യാഭ്യാസ കാര്യങ്ങളോ ചർച്ച ചെയ്യുന്ന വേദിയിൽ രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവിന്റെ സാന്നിധ്യം എന്തിനാണ്? ആ വഴിക്ക് ചിന്തിക്കുമ്പോൾ, വിദേശ ഫണ്ടിംഗ് അടക്കമുള്ള വിഷയങ്ങളിലെ സുരക്ഷാ ക്ലിയറൻസുകളിലേക്ക് ശ്രദ്ധ തിരിക്കേണ്ടി വരും.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പങ്കെടുത്തു എന്നത് ഏറെ ശ്രദ്ധേയവും ദുരൂഹവുമാണ്. കേവലമൊരു ന്യൂനപക്ഷ ക്ഷേമമോ വിദ്യാഭ്യാസ കാര്യങ്ങളോ ചർച്ച ചെയ്യുന്ന വേദിയിൽ രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവിന്റെ സാന്നിധ്യം എന്തിനാണ്?
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പങ്കെടുത്തു എന്നത് ഏറെ ശ്രദ്ധേയവും ദുരൂഹവുമാണ്. കേവലമൊരു ന്യൂനപക്ഷ ക്ഷേമമോ വിദ്യാഭ്യാസ കാര്യങ്ങളോ ചർച്ച ചെയ്യുന്ന വേദിയിൽ രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവിന്റെ സാന്നിധ്യം എന്തിനാണ്?

കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾക്ക് 2021-ൽ FCRA ലൈസൻസ് സസ്പെൻഷൻ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് ഈ സംശയത്തെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കാന്തപുരത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രധാന എൻ.ജി.ഒ ആയ മർക്കസുൽ ഇഗാസത്തിൽ ഖൈരിയ്യത്തിൽ ഹിന്ദിയ്യയുടെ FCRA ലൈസൻസ് 2021 ഓഗസ്റ്റ് 27-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെൻഡ് ചെയ്തിരുന്നു. 'റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ' (RCFI) എന്ന പേരിലും പ്രവർത്തിക്കുന്നത് ഈ സ്ഥാപനമാണ്. വിദേശത്തുനിന്നും ലഭിച്ച ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചു, വസ്തുതകൾ മറച്ചുവെച്ചു, 2019-20 വർഷത്തെ വാർഷിക റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്തില്ല തുടങ്ങിയ ഗുരുതരമായ ലംഘനങ്ങളാണ് (FCRA നിയമത്തിലെ സെക്ഷൻ 12, 18, 19 എന്നിവയുടെ ലംഘനം) ആഭ്യന്തര മന്ത്രാലയം അന്ന് ചൂണ്ടിക്കാണിച്ചത്. നടപടി നേരിടുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വർഷങ്ങൾക്കുള്ളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം ഏകദേശം 146 കോടി രൂപയുടെ വിദേശ ഫണ്ടാണ് ഈ സ്ഥാപനം കൈപ്പറ്റിയതെന്ന് ദേശീയ മാധ്യമങ്ങൾ (ടൈംസ് ഓഫ് ഇന്ത്യയടക്കം) റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട്ടെ തന്നെ ഏറ്റവും ഉയർന്ന വിദേശ ഫണ്ടിംഗ് ലഭിക്കുന്ന സ്ഥാപനങ്ങളിലൊന്നാണിത്.

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ച സാഹചര്യത്തിൽ, ഭരണകൂടത്തിന് സ്വീകാര്യനായ ഒരു "ദേശീയ മുസ്ലിം മുഖമായി" കാന്തപുരത്തെ ഉയർത്തിക്കാട്ടാനുള്ള തന്ത്രപരമായ നീക്കമായും ഈ സന്ദർശനത്തെ വ്യാഖ്യാനിക്കുന്നവരുണ്ട്‌. പ്രധാനമന്ത്രിയുടെ എക്സ് (ട്വിറ്റർ) പോസ്റ്റിൽ കാന്തപുരം 'മത സാഹോദര്യത്തിന് നൽകിയ സംഭാവനകളെ' പ്രത്യേകം പ്രകീർത്തിക്കുന്നത് ഇതോട് ചേർത്തു വായിക്കാവുന്നതാണ്. പ്രസ്ഥാനത്തിന് പലതരം അംഗീകാരങ്ങൾ ആവശ്യമായ ഈ ഘട്ടത്തിൽ, പത്മ പുരസ്കാരങ്ങൾ ഉൾപ്പെടെയുള്ള ദേശീയ ബഹുമതികൾ ലക്ഷ്യം വെച്ചുള്ള പി.ആർ. തന്ത്രങ്ങളും കാന്തപുരത്തിന്റെ ദില്ലി സന്ദർശനത്തിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളയാത്രയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ

ഈയടുത്ത് കാന്തപുരം നടത്തിയ 'കേരള യാത്ര'യും അതിന്റെ ഭാഗമായുണ്ടായ വൻ ജനസമ്പർക്ക പരിപാടികളും ഈ രാഷ്ട്രീയ വിലപേശലിനുള്ള ഒരു മുന്നൊരുക്കം മാത്രമായിരുന്നു എന്ന് ഇപ്പോൾ കൂടുതൽ വ്യക്തമാവുകയാണ്. യാത്രയിലുടനീളം പ്രകടിപ്പിച്ച മാനവികതാ വാദങ്ങളും ദർശനങ്ങളും ഡൽഹിയിലെ അധികാര ഇടനാഴികളിലെത്തുമ്പോൾ സ്വന്തം സ്ഥാപനങ്ങളുടെ നിലനിൽപ്പിനായുള്ള കരുനീക്കങ്ങളായി മാറുകയാണ്.

മറുഭാഗത്ത്, ഇ.കെ വിഭാഗം സമസ്ത തങ്ങളുടെ നൂറാം വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. സി.പി.എമ്മുമായും കോൺഗ്രസുമായും അവർ നിരന്തരം രാഷ്ട്രീയ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുമ്പോൾ, അതിനെ മറികടക്കാൻ ഒരു മുഴം മുമ്പേ എറിയാനുള്ള കാന്തപുരത്തിന്റെ തന്ത്രപരമായ നീക്കം കൂടിയാണിത്. ഒരേസമയം ഇ.കെ സമസ്തയെയും, മുസ്ലിം ലീഗിനെയും യു.ഡി.എഫിനെയും അങ്കലാപ്പിലാക്കാൻ ഈ ഡൽഹി യാത്രയ്ക്ക് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയം കാരണം ഒരു മുഖ്യധാര രാഷ്ട്രീയ കക്ഷിയും കാന്തപുരത്തെ പരസ്യമായി വിമർശിക്കാൻ ധൈര്യപ്പെടില്ലെന്ന് അദ്ദേഹത്തിന് നന്നായറിയാം.

ഈയടുത്ത് കാന്തപുരം നടത്തിയ 'കേരള യാത്ര'യും അതിന്റെ ഭാഗമായുണ്ടായ വൻ ജനസമ്പർക്ക പരിപാടികളും ഈ രാഷ്ട്രീയ വിലപേശലിനുള്ള ഒരു മുന്നൊരുക്കം മാത്രമായിരുന്നു എന്ന് ഇപ്പോൾ കൂടുതൽ വ്യക്തമാവുകയാണ്.
ഈയടുത്ത് കാന്തപുരം നടത്തിയ 'കേരള യാത്ര'യും അതിന്റെ ഭാഗമായുണ്ടായ വൻ ജനസമ്പർക്ക പരിപാടികളും ഈ രാഷ്ട്രീയ വിലപേശലിനുള്ള ഒരു മുന്നൊരുക്കം മാത്രമായിരുന്നു എന്ന് ഇപ്പോൾ കൂടുതൽ വ്യക്തമാവുകയാണ്.

സമുദായ താൽപര്യമെന്ന മിഥ്യ

കേരളത്തിലെ ഏത് സംഘടനക്കാണ് കാന്തപുരത്തെ വിമർശിക്കാൻ ധാർമികമായ അവകാശമുള്ളത് എന്ന്, കാന്തപുരം വിഭാഗത്തിന്റെ സൈബർ പോരാളികൾ തിരിച്ച് ചോദിക്കുന്നതും തള്ളിക്കളയാനാകില്ല. മറ്റുള്ള വിവിധ മുസ്ലിം ഗ്രൂപ്പുകളുടെ പഴയ കാല ചെയ്തികൾ എടുത്ത് പുറത്തിട്ട്, അവരൊക്കെ ചെയ്യുന്നതേ ഞങ്ങളും ചെയ്യുന്നുള്ളൂ എന്നവർ സ്വയം ന്യായീകരിക്കുന്നു. കേരളത്തിലെ ഏത് മതസമുദായ സംഘടനയാണ് തങ്ങളുടെ നിക്ഷിപ്ത താൽപര്യത്തിന്ന് മുകളിൽ സമൂഹത്തിന്റെയോ സമുദായത്തിന്റെയോ പൊതുതാൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നത്?. ഇക്കാര്യത്തിൽ ഏറെക്കുറെ എല്ലാവരും ഒരേപോലെയാണെന്നതാണ് വസ്തുത; ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാമെങ്കിലും.

സ്വന്തം സങ്കുചിത സംഘടനാ താൽപര്യങ്ങൾ കഴിഞ്ഞിട്ടേ ആർക്കും സമുദായ താൽപര്യമുള്ളൂ എന്നതാണ് സമീപകാല ചരിത്രം നൽകുന്ന പാഠം. അതുകൊണ്ട് തന്നെ കാന്തപുരത്തെ വിമർശിക്കാൻ ഇവിടുത്തെ മറ്റൊരു സംഘടനയ്ക്കും യാതൊരുവിധ ധാർമ്മിക അവകാശവുമില്ല. അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കും, സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കുമായി തരം പോലെയും അവസരങ്ങൾക്കൊത്തും ബി.ജെ.പിയുമായും ആർ.എസ്‌.എസ്സുമായും കേന്ദ്ര ഭരണകൂടങ്ങളുമായും രഹസ്യമോ പരസ്യമോ ആയി ബന്ധങ്ങൾ ഉണ്ടാക്കിയവരാണ് ഏറെക്കുറെ എല്ലാവരും. മാത്രമല്ല, മറ്റൊരു സംഘടനക്ക് നീതി നിഷേധിക്കപ്പെട്ടാൽ, അവകാശ ലംഘനത്തിന്ന് വിധേയമായാൽ രഹസ്യമായി അതിൽ ആനന്ദിക്കുകയും പാരവെയ്ക്കുകയും ചെയ്ത നിരവധി സംഭവങ്ങളും നമ്മുടെ മുന്നിലുണ്ട്‌. അപ്പോൾ 'സമുദായത്തിന്റെ നന്മ’യ്ക്ക് വേണ്ടിയാണിതെല്ലാം എന്ന് വരുത്തി തീർക്കുന്നത് വെറും പുകമറ മാത്രമാണ്.

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെക്കുറിച്ച് നിരന്തരം വാചാലരാകാറുള്ള കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം), തങ്ങളുടെ പത്താം സംസ്ഥാന സമ്മേളന വേദിയിലേക്ക് ബി.ജെ.പി പ്രതിനിധികളെ ക്ഷണിച്ചുവരുത്തിയത് വലിയ വിവാദമായിരുന്നു. അവരുടെ സംഘടനാപരമായ താൽപര്യങ്ങളെ മുൻനിർത്തിയായിരുന്നു അതും. അന്ന് 'ജനം’ ടിവിക്ക് അഭിമുഖം നൽകി ആ സംഘടനയുടെ ഒരു നേതാവ്‌, കാന്തപുരം ഇപ്പോൾ നൽകിയ അതേ സർട്ടിഫിക്കറ്റ് ബി.ജെ.പിക്ക് നൽകിയിരുന്നു. രസകരമായ വസ്തുത, ഇന്നിപ്പോൾ ‘പ്രധാനമന്ത്രി എല്ലാവരുടേതുമല്ലേ, ഭരണകക്ഷിയെ സന്ദർശിക്കുന്നത് ജനാധിപത്യത്തിൽ സ്വാഭാവികമല്ലേ’ എന്നൊക്കെ സിദ്ധാന്തം ചമയ്ക്കുന്നവർ മുജാഹിദ് സംഘടനയെ കാവി പൂശാൻ മുന്നിലുണ്ടായിരുന്നു എന്നതാണ്.

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെക്കുറിച്ച് നിരന്തരം വാചാലരാകാറുള്ള കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം), തങ്ങളുടെ പത്താം സംസ്ഥാന സമ്മേളന വേദിയിലേക്ക് ബി.ജെ.പി പ്രതിനിധികളെ ക്ഷണിച്ചുവരുത്തിയത് വലിയ വിവാദമായിരുന്നു.
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെക്കുറിച്ച് നിരന്തരം വാചാലരാകാറുള്ള കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം), തങ്ങളുടെ പത്താം സംസ്ഥാന സമ്മേളന വേദിയിലേക്ക് ബി.ജെ.പി പ്രതിനിധികളെ ക്ഷണിച്ചുവരുത്തിയത് വലിയ വിവാദമായിരുന്നു.

ജമാഅത്തെ ഇസ്ലാമിക്കും, സംഘപരിവാരവുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ തെളിഞ്ഞ വെള്ളത്തിൽ നിൽക്കാനാകുമോ? ഇസ്ലാമിക രാഷ്ട്രീയവും കടുത്ത ഹിന്ദുത്വ വിരുദ്ധതയും സൈദ്ധാന്തികമായി സംസാരിക്കുന്ന ജമാഅത്തെ ഇസ്ലാമി, ഡൽഹിയിൽ ആർ.എസ്.എസ് നേതൃത്വവുമായി അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചകൾ ഏറെ വിവാദമായിരുന്നല്ലൊ. ആർക്കുവേണ്ടി, എന്ത് വിലപേശലാണ് അവർ അവിടെ നടത്തിയതെന്ന ചോദ്യത്തിന് ഇന്നും തൃപ്തികരമായ മറുപടിയില്ല. സ്വന്തം അസ്തിത്വവും നിലനിൽപ്പും ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ ആദർശങ്ങളൊക്കെ മാറ്റിവെച്ച് ആരുമായും സന്ധി ചെയ്യാൻ തയ്യാറാണെന്നതിന്റെ നഗ്നമായ ഉദാഹരണമായിരുന്നു അതെന്ന് കാന്തപുരം വിഭാഗക്കാരും മറ്റ് മുസ്ലിം സംഘടനകളും ഇപ്പോഴും ആരോപണമുയർത്തുന്നുണ്ട്‌
അവിടെ താലികെട്ടുമ്പോൾ, ഇവിടെ പാലുകാച്ചലും തകൃതിയായി നടക്കുന്നുണ്ട്‌. ഒരുവശത്ത് മുസ്ലിം ലീഗുമായി ചേർന്നുനിൽക്കുമ്പോഴും, മറുവശത്ത് ഇടതുപക്ഷ സർക്കാരുമായി വിലപേശി വഖഫ് ബോർഡ് നിയമനങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ ഇ.കെ സമസ്ത കാണിക്കുന്ന പ്രായോഗിക ബുദ്ധി ചെറുതല്ല. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പാർട്ടികൾക്കും ആവശ്യമായ സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുമായി ഏതു നിമിഷവും പാലമിടാൻ അവരും യാതൊരു മടിയും കാണിക്കുമെന്ന് തോന്നുന്നില്ല.

ചുരുക്കത്തിൽ, സമുദായത്തിന്റെ പേരിൽ വിലപേശി സ്വന്തം താൽപര്യങ്ങൾ ഭദ്രമാക്കുന്ന കേരളത്തിലെ പരമ്പരാഗത സംഘടനാ രീതിയുടെ ഏറ്റവും പുതിയ ഒരു എപ്പിസോഡ് മാത്രമാണ് ഇപ്പോൾ ഡൽഹിയിൽ അരങ്ങേറിയത്. മത സംഘടനകൾ വിദ്യാഭ്യാസ, ബിസിനസ് കോർപ്പറേറ്റുകളായി മാറുമ്പോൾ, ഭരണകൂടത്തെ സുഖിപ്പിക്കേണ്ടി വരും. അതിനായി ആദർശങ്ങളിൽ വിട്ടുവീഴ്ച ചെയ്യും. ഇക്കാര്യത്തിൽ രാഷ്ട്രീയക്കാരിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല, മത സംഘടനകളും. സാധാരണക്കാരായ അനുയായികളെ ആദർശം പറഞ്ഞ് വികാരഭരിതരാക്കുകയും, നേതൃത്വം അധികാരത്തിന്റെ ഇടനാഴികളിൽ സ്വന്തം സാമ്രാജ്യങ്ങൾ സുരക്ഷിതമാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമാണ് എന്നും നാം കണ്ടുകൊണ്ടിരിക്കുന്നത്.

Comments