ഇസ്സത്ത്, ഖിദ്മത്ത്, മഹബ്ബത്ത്: ആത്മകഥയിലേക്കുള്ള
ഒരു മുസ്ലിയാരുടെ യാത്രകൾ

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ‘വിശാസപൂർവം’ എന്ന ആത്മകഥക്ക് നുഐമാൻ എഴുതിയ ആമുഖ പഠനം.

ഴിഞ്ഞ നൂറ്റാണ്ടിലെ മലയാളി മുസ്‌ലിം സാമൂഹിക ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത ഒരേടാണ് ഉസ്താദ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ. വിശ്വാസപൂർവം എഴുതിയിരിക്കുന്ന ആ ഏടിന്റെ ആദ്യ വായനക്കാരനാകാൻ തെരഞ്ഞെടുത്തതിനും ഇങ്ങനെയൊരു ആമുഖ പഠനം എഴുതാൻ അവസരം നൽകിയതിനും ഉസ്താദിനോടുള്ള കടപ്പാട് ആദ്യമേ അറിയിക്കട്ടെ.

2008-ലാണ് ഉസ്താദിനെക്കുറിച്ചുള്ള വിശദമായ ഒരു ലേഖനം ഞാൻ ആദ്യമായെഴുതുന്നത്. അൽ അമീൻ ദിനപത്രത്തെ മുൻനിർത്തി മലബാറിലെ മുസ്‍ലിം പൊതുമണ്ഡലരൂപീകരണത്തിന്റെ ചരിത്രപരമായ കൈവഴികളെക്കുറിച്ച് ഹൈദരാബാദ് അന്വേഷി റിസർച്ച് സെന്റർ ഫോർ വിമൻസ് സ്റ്റഡീസിനു വേണ്ടി നടത്തിയ ഒരു പഠനപ്രബന്ധത്തിന്റെ ഭാഗമായി എഴുതിയ ലേഖനമായിരുന്നു അത്. കേരള മുസ്‍ലിം നവോത്ഥാനത്തെക്കുറിച്ച് അക്കാലത്തു സജീവമായി നടന്ന പുനരാലോചനകളുടെ ഭാഗമായാണ് 'കുഞ്ഞിപ്പാത്തുമ്മയുടെ കരളിലെ വേതന' എന്ന തലക്കെട്ടിൽ, ആ ലേഖനം മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. അൽ അമീനെയും മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിനെയും കുറിച്ചുള്ള ആലോചനകൾ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരിലേക്ക് എത്തിപ്പെട്ടത് യാദൃച്ഛികമല്ല തന്നെ. പ്രത്യുത, പൊതുമണ്ഡലം, സമുദായ രൂപീകരണം തുടങ്ങിയ സാമൂഹിക പ്രക്രിയകളെ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടറ്റത്തു നിന്ന് വ്യത്യസ്തരായ രണ്ടു സമുദായ നേതാക്കൾ സമീപിച്ചതെങ്ങനെ, അവക്കിടയിലെ തുടർച്ചകളെയും ഇടർച്ചകളെയും ഈ നേതാക്കൾ പുനർനിർവചിച്ചതെങ്ങനെ, ആ നിർവചനങ്ങൾ സമുദായത്തിനകത്തേക്കും പുറത്തേക്കും പ്രസരിപ്പിച്ച ഊർജ്ജം മുസ്‍ലിം സമുദായത്തെ സവിശേഷമായും പൊതുമണ്ഡലത്തെ പൊതുവായും എങ്ങനെയൊക്കെയാണ് പുതുക്കിപ്പണിയാൻ ശ്രമിച്ചത് തുടങ്ങിയ ആലോചനകളുടെ ഭാഗമായി സ്വാഭാവികമായും എത്തിപ്പെട്ടതാണ്.

മുസ്‍ലിം സമുദായത്തിന്റെ സാമൂഹികാനുഭവങ്ങളെ മനസിലാക്കാനും വിലയിരുത്താനുമുള്ള ശേഷി കൊളോണിയൽ ആധുനികതയ്ക്കോ, നവോത്ഥാനത്തെക്കുറിച്ചുള്ള സാമ്പ്രദായിക വിവരണങ്ങൾക്കോ കൈവന്നിട്ടില്ലെന്നു വാദിച്ച ആ ലേഖനം, ഗ്രീക്ക്- റോമൻ പൗരാണികതയുടെ പിന്തുടർച്ചയായി രൂപം കൊണ്ട യൂറോപ്യൻ നവോത്ഥാനത്തിന്റെ പരികല്പനകൾക്കകത്തു നിർമിക്കപ്പെടുകയും തളക്കപ്പെടുകയും ചെയ്ത ചരിത്രബോധത്തിൽ നിന്നും മുസ്‍ലിം സമുദായത്തിന്റെ സാമൂഹികാനുഭവങ്ങളെ വിമോചിപ്പിക്കേണ്ടതിന്റെയും പുതിയ വിശകലനങ്ങൾ ഉയർന്നുവരേണ്ടതിന്റെയും ആവശ്യകതയെ ഊന്നിപ്പറഞ്ഞുകൊണ്ടാണ് അവസാനിപ്പിച്ചത്. മതത്തിന്റെ വൈയക്തികവും സാമൂഹികവുമായ അനുഭവങ്ങളെ എങ്ങനെയാണ് മനസിലാക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള രീതിശാസ്ത്രപരമായ ചില ഉത്കണ്ഠകൾ കൂടി അവതരിപ്പിച്ച ആ ലേഖനം സവിശേഷമായി എടുത്തുപറഞ്ഞ ഒരുദാഹരണം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടേതായിരുന്നു.

മലബാറിലെ മുസ്‍ലിം അനുഭവങ്ങളെ മുൻനിർത്തിക്കൊണ്ടു തന്നെ ഈ വഴിക്കുള്ള ധാരാളം പഠനങ്ങൾ കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയിൽ ലോകത്തെ വിവിധ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും നടക്കുകയും നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ സാമൂഹ്യശാസ്ത്ര- നരവംശശാസ്ത്ര പഠനങ്ങളിൽ സൈദ്ധാന്തികമായും രീതിശാസ്ത്രപരവുമായ വൈജ്ഞാനിക ഇടർച്ചകളെ സാധ്യമാക്കാൻ അത്തരം പഠന-പ്രസിദ്ധീകരണങ്ങൾക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‍ലിം അനുഭവങ്ങൾക്ക് സ്വയമേവ സംസാരിക്കാൻ കഴിയുന്ന ഭാഷയുടെയും ആഖ്യാനങ്ങളുടെയും വ്യവഹാര സാധ്യതകളുടെയും ആവിർഭാവമാണ് ഈ പുതിയ ഇടർച്ചയുടെ ഏറ്റവും വലിയ പ്രത്യേകത. 'കരളു വേതന'കളില്ലാതെ തന്നെ മുസ്‍ലിം അനുഭവങ്ങളെ മനസിലാക്കാനുള്ള വൈജ്ഞാനികമായ സാഹചര്യങ്ങൾ ഇതിലൂടെ ഉരുത്തിരിഞ്ഞു വരികയും ചെയ്തു. അതുവഴി, വ്യത്യസ്തമായ ചരിത്ര- ജീവിത സാഹചര്യങ്ങളിൽ നിന്നും ജീവിതത്തിനു വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ലഭിച്ചവർ സ്വയം പ്രതിപാദനത്തിലേക്കും വിവരണങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും എത്തിപ്പെടുകയും ആ ജീവിതസാഹചര്യങ്ങൾക്ക് പുറമെയുള്ളവർ അത്തരം പ്രതിപാദനങ്ങളെ അഭിമുഖീകരിക്കാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. ഇങ്ങനെയൊരു ചരിത്രസന്ദർഭത്തിലാണ് ഉസ്താദ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെപ്പോലുള്ള ഒരു പാരമ്പര്യ മുസ്‍ലിം പണ്ഡിതന്റെ / സാമുദായിക നേതാവിന്റെ ആത്മകഥ പുറത്തുവരുന്നത് എന്നത് സവിശേഷമായ ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്ന ഒരു സാമൂഹിക പ്രതിഭാസമാണ്.

എന്താണ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയെ സാധ്യമാക്കിയ സാമൂഹിക സാഹചര്യം എന്ന ചോദ്യത്തെ, എന്തുകൊണ്ടാണ് ലോകത്തെ ഏറ്റവും സാക്ഷരതാ നിരക്കുള്ള ഒരു സമൂഹമായിട്ടും മലയാളി മുസ്‍ലിംകളിൽനിന്ന് ആത്മകഥാപരമായ എഴുത്തുകൾ തുലോം കുറഞ്ഞുപോയത് എന്ന ചോദ്യത്തിന്റെ കൂടി പശ്ചാത്തലത്തിലേ വിലയിരുത്താൻ സാധിക്കൂ.

ആത്മകഥ എന്ന സാഹിത്യ രൂപം മലയാളത്തിൽ എടുത്തണിഞ്ഞ ഭാവരൂപങ്ങൾ, ചരിത്രപരമായി അതിനെ മലയാളത്തിൽ സാധ്യവും വ്യാപകവുമാക്കിയ ഘടകങ്ങൾ തുടങ്ങിയവ അത്തരം എഴുത്തുരൂപങ്ങളുമായി സമ്പർക്കപ്പെടുന്നതിൽ നിന്നും വലിയൊരു വിഭാഗം സമൂഹത്തെ മാറ്റിയോ അകറ്റിയോ നിർത്തിയതായിക്കാണാം. ആധുനിക കേരളത്തിൽ, വ്യക്തികളുടെയും കൂട്ടായ്മകളുടെയും കർതൃത്വത്തിന്റെ വ്യാവഹാരിക ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു സന്ദർഭമായാണ് ഉത്തമപുരുഷനെ (first person) കേന്ദ്രീകരിച്ചു കൊണ്ടുള്ള വിവരണങ്ങളെ ഉദയ് കുമാർ മലയാളത്തിലെ ആത്മകഥകളെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനത്തിൽ വിലയിരുത്തുന്നത്. വിവരണാത്മകവും ആഖ്യാനപരവുമായ സാധ്യതകളിലേക്ക് ഒരാളുടെ വൈയക്തിക ജീവിതത്തെ തള്ളിയിടുന്നതിനെ ആധുനികതയുടെ വരവും സാന്നിധ്യവും വിളിച്ചറിയിക്കുന്ന സവിശേഷമായ അടയാളമായാണ് കണ്ടുപോന്നതെന്നും ഉദയ് കുമാർനിരീക്ഷിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം പ്രിന്റിംഗ് ടെക്നോളജി തുറന്നിട്ട പൊതുമണ്ഡല രൂപീകരണത്തിന്റെ പുതിയ സാധ്യതകളും വ്യക്തി തലത്തിലും കൂട്ടായ്മകളുടെ തലത്തിലും സാധ്യമായ പുതിയ സാമൂഹിക ഭാവനകളുമാണ് ഉത്തമപുരുഷ വിവരണങ്ങളിലേക്ക് തിരിയാൻ മലയാളി സമൂഹത്തെ പ്രധാനമായും പ്രേരിപ്പിച്ചത്. വ്യത്യസ്തമായ നീക്കുപോക്കുകളിലൂടെ അസ്തിത്വത്തിന്റെ പുതിയൊരു ഭാഷ കൈവരിക്കാൻ വ്യക്തികൾക്കും സമൂഹങ്ങൾക്കും ഇതുവഴി സാധിച്ചു. ഇതാകട്ടെ, മതം, കുടുംബം, ജാതി, ലിംഗം തുടങ്ങിയ അവസ്ഥകളെ പുതിയ സൂചനകളോടെ, പ്രത്യേകിച്ചും നവോത്ഥാന പരിപ്രേക്ഷ്യങ്ങളുടെ അകമ്പടിയോടെ, പുനർവിഭാവനം ചെയ്യാനുള്ള പ്രേരണയായി വർത്തിക്കുകയും ചെയ്തു. അതേസമയം, ഈ പ്രേരണ എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും ഒരേപോലെ ലഭ്യമായ ഒന്നായിരുന്നില്ല താനും. ഈ 'നവോത്ഥാന'മാണ് മലയാളത്തിൽ ആത്മകഥകളെ സാധ്യമാക്കിയത് എന്നതുകൊണ്ടുതന്നെ അതിന്റെ ഭാരം പേറുന്നവയാണ് പൊതുവെ മലയാളത്തിലെ ആത്മകഥകൾ എന്നും എല്ലാ ഓർമകളുടെയും മേൽനവോത്ഥാനത്തിന്റെ 'വെളുത്ത നിഴൽ വീഴ്ത്തി' അനുഭവങ്ങളെ വിലകെട്ടതാക്കി മാറ്റുകയാണ് കേരളീയ നവോത്ഥാനം ചെയ്തതെന്നും ചരിത്രകാരനായ പി. സനൽ മോഹനും നിരീക്ഷിക്കുന്നുണ്ട്.

ആദ്യകാലങ്ങളിൽ മലയാളത്തിൽ ഇറങ്ങിയ ആത്മകഥകളുടെ പൊതുസ്വഭാവം പരിശോധിച്ചാൽ ഇക്കാര്യം കുറേക്കൂടി വ്യക്തമാകും. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന മട്ടിലുള്ളതാണ് അവയുടെയെല്ലാം പൊതുസ്വഭാവം. മാറ്റത്തിന്റെ കഥയാണ് ആത്മകഥ എന്നൊരു പ്രതീതി ബലപ്പെട്ടു. ആത്മകഥയോ, ആത്മകഥാപരമായ മറ്റെഴുത്തുകളോ എല്ലാം തന്നെ ഈ പ്രതീതിയുടെ തടവിലായിരുന്നു. മാറ്റം, മാറാനുള്ള ആഹ്വാനം, അതുമല്ലെങ്കിൽ മാറാനുള്ള വിമ്മിഷ്ടത്തെ കുറിച്ചുള്ള ആകുലതകൾ എന്നിവയാണ് ഇക്കാലത്തെ ആത്മകഥകളുടെയോ ആത്മകഥാപരമായ മറ്റെഴുത്തുകളുടെയോ പ്രധാന ഉള്ളടക്കം എന്നു കാണാം. മലയാളത്തിലെ ആദ്യത്തെ ആത്മകഥ എന്നു കരുതപ്പെടുന്ന യാക്കോബ് രാമവർമന്റെ കഥ തന്നെ കൃസ്ത്യൻ മതത്തിലേക്കുള്ള പരിവർത്തനത്തിന്റെ കഥയാണ്. ഭൂതകാലത്തിൽ നിന്നും വിടുതി നേടാനും അതിന്റെ ഭാരം ഇറക്കിവെക്കാനുമുള്ള ഒരിടം ആത്മകഥകൾ നൽകി. അങ്ങനെ ദ്രുതഗതിയിൽ ഭൂതകാലത്തേക്ക് മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തെയും കാലത്തെയും സംബന്ധിച്ച വ്യക്തിപരമായ പ്രമാണ സാക്ഷ്യംപറച്ചിലുകളായി ആത്മകഥകൾ.

സാമൂഹിക മാറ്റങ്ങളെക്കുറിച്ച് ഒരാൾക്ക് സംസാരിക്കാനുള്ള ഒരുപാധി മാത്രമായി ആത്മകഥകളിൽ വ്യക്തിജീവിതം മാറി. മാറ്റങ്ങൾ ഉണ്ടായ കാലത്ത് ജീവിച്ചു എന്നതു മാത്രമാണ് ഇത്തരം ആത്മകഥകളിലെ വ്യക്തി ജീവിതത്തെ ഏതെങ്കിലും അർഥത്തിൽ പ്രസക്തമാക്കുന്നതു തന്നെ. മലയാളത്തിൽ ആഘോഷിക്കപ്പെട്ട ആത്മകഥകളെല്ലാം തന്നെ, ആത്മകഥയിൽ നിന്ന് അത്മത്തെ ഇവ്വിധം കൈയൊഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ, നമ്മുടെ ആത്മകഥകളിൽ സ്വകാര്യ ജീവിതത്തിന് ഭവശാസ്ത്രപരമായ ഒരു പ്രാധാന്യവും ഇല്ലെന്നും ഉദയ് കുമാർ നിരീക്ഷിക്കുന്നുണ്ട്. പൊതുമാനം ഉള്ളപ്പോൾ മാത്രം പ്രസക്തമാകുന്ന സ്വകാര്യതയാണ് ഈ എഴുത്തുകളിലെ ആത്മം. അതുകൊണ്ടാകണം ആത്മകഥയെഴുതാനുള്ള അർഹതയെക്കുറിച്ച് ഒട്ടുമിക്ക ആദ്യകാല ആത്മകഥകളും ആകുലപ്പെടുന്നതും ആ സാഹിത്യ രൂപത്തിനു മുന്നിൽ വിനീത വിധേയരാകുന്നതും. ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ മാത്രം എഴുതേണ്ടതാണ് ആത്മകഥകൾ എന്ന ശീലം വ്യാപകമായതും ഈ പൊതുകാര്യ പ്രസക്തി ഉറപ്പിക്കാൻ വേണ്ടിത്തന്നെ. അഭൂതപൂർവമായെങ്കിലും ഏറ്റവും സ്വകാര്യമായ സന്ദർഭങ്ങളെ പരാമർശിക്കുമ്പോൾ പോലും, അതിനെ പൊതുമാത്ര പ്രസക്തമാക്കാനുള്ള അതിതീവ്രശ്രമം ഈ ആത്മകഥകളിൽ കാണാം. അത്തരം ശ്രമങ്ങളാണ് ഈ ആത്മകഥകളെ സത്യപ്രസ്താവനകളും വിശ്വാസ്യയോഗ്യവും ആക്കിത്തീർക്കുന്നത്. ആ ഭാരങ്ങളെ കൈയൊഴിഞ്ഞു, അനുഭവങ്ങളെ വിലയുള്ളതാക്കി മാറ്റാൻ ശ്രമിക്കുന്ന ആത്മകഥകളെ പൊതുവിടങ്ങളെ അലോസരപ്പെടുത്തുന്ന എഴുത്തുകളായി കണ്ടു അവഗണിക്കുകയോ അവമതിക്കുകയോ ആണ് ചെയ്തു പോരാറുള്ളത്.

'മുസ്‍ലിം സാമൂഹിക ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഒരേടാണ് ഉസ്താദ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ' എന്ന ഈ ലേഖനത്തിന്റെ തുടക്കത്തിലെ പരാമർശം ബോധപൂർവമുള്ളതാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന കൃതിയെക്കുറിച്ച് സാഹിത്യ നിരൂപകനായ എം.പി. പോൾ 75 വർഷം മുമ്പെഴുതിയ പഠനത്തിൽ 'അതു ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു' എന്നു പറയുന്നുണ്ട്.
എന്തുകൊണ്ടായിരിക്കും ബഷീറിന് തന്റെ അനുഭവങ്ങളെ രക്തം പൊടിച്ച് വലിച്ചു ചീന്തിയെടുക്കേണ്ടി വന്നത്? ആത്മകഥ മലയാളത്തിൽ വഹിച്ച ഭാരങ്ങളെ കുറിച്ച് മുകളിൽ ഉന്നയിച്ച ചർച്ചകളിൽ അതിന്റെ ഉത്തരമുണ്ട്. ആത്മകഥകളിലേക്ക് പരകായപ്രവേശം സാധ്യമല്ലാതിരുന്ന, 'നവോത്ഥാനത്തിന്റെ വെളുത്ത നിഴൽ' ഇല്ലാത്ത ജീവിതാനുഭവങ്ങളുടെ തുടർച്ചയായിരുന്നു ബഷീറിന്റെ ജീവിത പരിസരവും അനുഭവങ്ങളും. ആത്മകഥയിലേക്ക്, അഥവാ ആധുനികതയിലേക്ക് തന്നെയുള്ള ഈ പരകായപ്രവേശത്തിന്റെ വേദനാജനകമായ അനുഭവമാണ് ഒരർഥത്തിൽ കുഞ്ഞിപ്പാത്തുമ്മയുടെ 'കരള് വേതന'യിലൂടെ ബഷീർ അവതരിപ്പിക്കുന്നത്.

അറബി മലയാളം മാത്രം വായിക്കാനറിയാവുന്ന, അതുകൊണ്ടു തന്നെ നിരക്ഷരയെന്നു വിളിക്കപ്പെട്ട, കുഞ്ഞിപ്പാത്തുമ്മയെന്ന യാഥാസ്ഥിതിക മുസ്ലിമിനെ സംസ്‌കരിച്ചെടുത്ത്, അക്ഷരാഭ്യാസിയായ പരിഷ്‌കൃത മുസ്ലിമാക്കി മാറ്റിയെടുക്കാനാണ് പരിഷ്‌കൃതനായ നിസാർ അഹമദ് എത്തുന്നത്. ആധുനികതയിലേക്കുള്ള കുഞ്ഞിപ്പാത്തുമ്മയുടെ പരിവർത്തനം വേദനാജനകമായ അനുഭവമായിരുന്നുവെന്ന് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന നോവലിൽ ബഷീർ സാക്ഷ്യപ്പെടുത്തുന്നു. ആ വേദന കുഞ്ഞിപ്പാത്തുമ്മയെ രോഗിയാക്കുന്നു. 'കരളിലെ വേതന'യെന്നു കുഞ്ഞിപ്പാത്തുമ്മയും 'ശൈഥാന്റെ ശല്യപ്പെടുത്തലെന്ന്' കുഞ്ഞിപ്പാത്തുമ്മയുടെ ഉമ്മയും ഈ രോഗത്തിനു പേരിടുന്നുണ്ട്. ഈ വേദനയിൽ നിന്നാണ് യഥാർഥത്തിൽ ബഷീറിന്റെ എഴുത്തിൽ രക്തം പൊടിഞ്ഞിരിക്കുന്നത്. സ്വന്തം സമുദായത്തെക്കുറിച്ചുള്ള എഴുത്തുകളൊന്നും കാണാത്തതുകൊണ്ടാണ് താൻ എഴുതിത്തുടങ്ങുന്നതെന്നു ഒരു വേള ബഷീർ തന്നെ പറയുന്നുമുണ്ട്. എന്നാൽ ആത്മകഥയുടെ, മറ്റൊരർഥത്തിൽ റിയലിസത്തിന്റെ തന്നെ, ഭാരങ്ങളിലും പ്രതീക്ഷകളിലും ഒതുങ്ങാത്ത ജീവിതാനുഭവങ്ങളോടുള്ള അവിശ്വസനീയത ബഷീറിന്റെ എഴുത്തുകളോട് ചിലർ പൊതുവെ പുലർത്തിപ്പോരാറുണ്ട്. ബഷീറിന്റെ അനുഭവ ലോകത്തെ ചികഞ്ഞന്വേഷിക്കുമ്പോൾ എൻ.എസ്. മാധവൻ കൊണ്ടുനടക്കുന്നത് അത്തരമൊരു അവിശ്വസനീയതയാണ്. ഈ അവിശ്വസനീയതയെ മറികടക്കാനാകണം, ആത്മത്തിലേക്ക് തിരിഞ്ഞു നോക്കാതെ സി.എച്ച്. മുഹമ്മദ് കോയയെപ്പോലുള്ള സമുദായ നേതാക്കൾ / എഴുത്തുകാർ ഒന്നുകിൽ മറ്റു ദേശങ്ങളിലേക്ക്, അല്ലെങ്കിൽ ചരിത്രത്തിലേക്ക് യാത്രപോവുകയും യാത്രാവിവരണങ്ങളും ചരിത്ര പഠനങ്ങളും കൂടുതലായെഴുതിയതും. അതുമല്ലെങ്കിൽ, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബോ എൻ.പി. മുഹമ്മദോ മുഹമ്മദലി ശിഹാബ് തങ്ങളോ ആത്മകഥാപരമായ എഴുത്തുകളിലേക്ക് വഴുതിവീഴാതിരിക്കാൻ ശ്രദ്ധിച്ചത്. ആത്മകഥയും (മൗലവിയുടെ ആത്മകഥ) തന്റെ സഹപ്രവർത്തകനും കൂട്ടുകാരനുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവചരിത്രവും (എന്റെ കൂട്ടുകാരൻ) എഴുതിയ ഇ. മൊയ്തു മൗലവിയെപ്പോലുള്ളവരാകട്ടെ, ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ആത്മകഥയുടെ പൊതുസ്വഭാവമായ ദേശം, ദേശീയത എന്നിവയുടെ പശ്ചാത്തലത്തിലിരുന്നാണ് കഥ പറയുന്നത്. ദേശീയതയുമായുള്ള ഇടപാടുകളാണ് തങ്ങളുടെ ജീവിതത്തെ പ്രസക്തമാകുന്നത് തന്നെ എന്ന ഭാവമാണ് അതിൽ മുഴച്ചുനിൽക്കുന്നത്.

എന്നാൽ 75 വർഷങ്ങൾക്കിപ്പുറത്തു നിന്ന് മുസ്ലിംകൾക്കിടയിൽ നിന്നും പ്രധാനപ്പെട്ട ഒരു സമുദായ നേതാവ് ആത്മകഥയെഴുതുമ്പോഴേക്കും അനുഭവങ്ങൾക്കും അതിന്റെ ആത്മകഥാപരമായ ആവിഷ്‌കാരങ്ങൾക്കും വലിയ പരിണാമങ്ങൾ സംഭവിക്കുന്നുണ്ട്. അവരവരുടെ അനുഭവങ്ങൾക്കും അതിലെ രസ- ബലതന്ത്രങ്ങൾക്കുമപ്പുറം എന്തധികാരമാണ് സ്വന്തം ആത്മകഥയെഴുതാൻ ഒരാൾക്ക് വേണ്ടത് എന്ന ചോദ്യം ഉയരുകയും ആ ചോദ്യത്തെ പിന്തുടർന്നുകൊണ്ട് ഒട്ടേറെ ജീവിതാനുഭവങ്ങൾ ആത്മകഥകളായി പുറത്തുവരികയും ചെയ്തു. ആത്മകഥ എന്ന സാഹിത്യരൂപത്തിലേക്ക് പ്രവേശം നിഷേധിക്കപ്പെട്ട ജീവിതങ്ങളിൽ പലതും ആ സാഹിത്യ ശാഖയെ തന്നെ പുതുക്കിപ്പണിതു. മേൽ സൂചിപ്പിച്ചതുപോലെ, ചോര പൊടിക്കാതെ തന്നെ അനുഭവങ്ങളെ വലിച്ചു ചീന്തിയെടുക്കാൻ കഴിയും വിധത്തിലേക്ക് മുസ്‍ലിം അനുഭവങ്ങൾ ആവിർഭാവം ചെയ്തുകഴിഞ്ഞു. പലപ്പോഴും ചെറുസംജ്ഞ (minor) എന്ന നിലക്ക് മനസ്സിലാക്കപ്പെട്ട മുസ്‍ലിം എഴുത്തുകൾ ബൃഹത് സംജ്ഞകളായി മനസ്സിലാക്കപ്പെടാൻ തുടങ്ങി. ഭൂതകാലത്തിൽ നിന്നും വിടുതി നേടാനുള്ള ഉപാധി എന്ന നിലയിൽ നിന്നും ഭൂതകാലത്തേക്കുള്ള ഒരു പാലമായി ആത്മകഥകൾ മാറി. ഒരു കാലത്ത് അപ്രസക്തമാക്കാൻ ശ്രമിച്ച ഭൂതകാലത്തെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളായി പുതിയ ജീവിതമെഴുത്തുകൾ. പാഴ് വേലക്കും ഭൂതകാലക്കുളിരിനുമപ്പുറം മറ്റനേകം സാധ്യതകൾ ഭൂതകാലം തുറന്നിടാൻ തുടങ്ങി. എ.കെ. രാമാനുജന്റെ കഥയിലെ വൃദ്ധ സ്ത്രീയെപ്പോലെ കൈയിൽ നിന്നും വീണുപോയ സൂചി വെളിച്ചമുള്ളിടത്ത് തപ്പി നടന്ന / നടക്കേണ്ടി വന്ന സമൂഹങ്ങൾ, സമുദായങ്ങൾ, വ്യക്തികൾ വീണേടത്ത് സൂചി തപ്പാൻ തുടങ്ങി എന്നു സാരം.

മുസ്ലിംകൾക്ക് അവരുടെ ഭൂതകാലം ഇപ്പോൾ ആവശ്യമായി വരുന്നത് എന്തുകൊണ്ടാണ് എന്ന ബൃഹത്തായ ചോദ്യത്തിന്റെ തുടർച്ചയായി ഉന്നയിച്ചാൽ മാത്രമേ, ഉസ്താദ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എന്തുകൊണ്ട് ആത്മകഥയെഴുതുന്നു എന്ന ചോദ്യത്തെ വ്യക്തതയോടെ മനസിലാക്കാൻ സാധിക്കുകയുള്ളൂ. ഭൂതകാലവുമായുള്ള മുസ്ലിംകളുടെ സവിശേഷമായ ബന്ധത്തിൽ നിന്നാണ് ഇതിന്റെയുത്തരം കണ്ടെത്താൻ സാധിക്കുക. കൈയൊഴിയാനുള്ളതല്ല, മറിച്ച്, കൈപ്പിടിയിലൊതുക്കാനുള്ളതാണ് മുസ്ലിംകളെ സംബന്ധിച്ച് ഭൂതകാലം. കഴിഞ്ഞുകടന്നതല്ല, ഇപ്പോഴും അവരുടെ നിത്യജീവിതത്തിൽ നിരന്തരം പ്രതിപ്രവർത്തിക്കുന്ന ഒരു കാലം എന്ന സമീപനമാണ് വിശ്വാസികളെന്ന നിലയിൽ ഭൂതകാലവുമായി അവർ വെച്ചുപുലർത്തുന്നത്.

ഒരു യാഥാസ്ഥിതിക സുന്നി പണ്ഡിതൻ എന്ന നിലയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പൊതുപ്രവർത്തനങ്ങളുടെ പ്രധാനപ്പെട്ട ഒരു താല്പര്യം തന്നെ മുസ്ലിംകളുടെ ഭൂതകാലത്തിന്റെ ഭാവിയെക്കുറിച്ചുള്ളതാണ്. ഇങ്ങനെ നോക്കുമ്പോൾ, വർത്തമാനകാലത്തിന്റെ സ്വാഭാവികമായ തുടർച്ച എന്ന നിലയിലല്ല മുസ്ലിംകൾ ഭാവിയെ സമീപിക്കുന്നത്. മറിച്ചു, ഭൂതകാലത്തിന്റെ തുടർച്ചയായി ഭാവിയെ മാറ്റാൻ കഴിയുമോ എന്ന പരിശ്രമത്തിൽ ഏർപ്പെടാനുള്ള ഒരവസരം എന്ന നിലയിലാണ് അവർ വർത്തമാനത്തെ കാണുന്നത്. ഭൂതകാലമാണ് അവരുടെ ഭാവി.

'ഏറ്റവും മികച്ച കാലം എന്റേതാണ്, അതിനു ശേഷം എന്നോടേറ്റവും അടുത്തകാലവും' എന്നർഥം വരുന്ന പ്രവാചക വചനം ഉസ്താദ് തന്റെ പ്രസംഗങ്ങളിൽ നിരന്തരമായി ഉദ്ധരിക്കുന്ന ഒന്നാണ്. ആ മികച്ച കാലത്തേക്ക് കണ്ണും നട്ടിരിക്കുന്നവരാണ് വിശ്വാസികളായ മുസ്ലിംകൾ. ഏഴാം നൂറ്റാണ്ടിലെ മദീനയാണവരുടെ റഫറൻസ് പോയിന്റ്. അവിടേക്കൊന്നു പിന്തിരിഞ്ഞു നോക്കിയിട്ടേ അവർ മുന്നോട്ട് പോവുകയുള്ളൂ. ആ നോട്ടത്തിലൂടെയാണ് ആത്മാവിനെ പരിപാലിക്കാനുള്ള സങ്കേതിക വിദ്യകളെ (technologies of self) അവർ കണ്ടെടുക്കുന്നത്. ആ കണ്ടെടുപ്പിന്റെ നിരന്തരമായ വീണ്ടെടുക്കലിലൂടെയാണവർ യാഥാസ്ഥിതികർ ആയി തുടരുന്നത്. അങ്ങനെയാണവർ ഭൂതകാലത്തെ കൈയൊഴിയാതെ കൂടെ കൊണ്ടുനടക്കുന്നത്. ഉപേക്ഷിക്കേണ്ട ഒരു ഭാരമല്ല, പ്രത്യുത, മുന്നോട്ടുകൊണ്ടുപോകേണ്ട ഒരു ജൈവീകാവസ്ഥ (ഫിത്‌റത്ത്) ആണ് ഈ ഭൂതകാലം. ഈ ജൈവീകാവസ്ഥയാണ് ഒരു സമുദായം എന്ന നിലയിൽ മുസ്ലിംകളെ പ്രതീക്ഷാ നിർഭരരാക്കുന്നത്. ബാബരി മസ്ജിദ് തകർത്തയിടത്ത് രാമക്ഷേത്രം പണിയുകയും മറ്റനേകം മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെ ഹിന്ദുത്വവാദികൾ അതിക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്ത ഘട്ടത്തിൽ പലരും 'ക്ഷമക്കും അതിരുണ്ട്, കാര്യങ്ങൾ കൈവിടും' എന്നു പറഞ്ഞപ്പോൾ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുസ്ലിം സമുദായത്തോട് പ്രതീക്ഷാനിർഭരമായ ഒരു ഭാഷയിൽ സംസാരിച്ചു. 'നിങ്ങൾ ഭൂതകാലത്തിലേക്ക് നോക്കൂ, മുസ്ലിംകളുടെ ആരാധനാലയങ്ങൾ ഇന്നല്ലെങ്കിൽ മറ്റൊരു ദിവസം മുസ്ലിംകളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും. കഅബയുടെയും അഖ്സാ പള്ളിയുടെയും ചരിത്രം അതാണ് പഠിപ്പിക്കുന്നത്' എന്നാണദ്ദേഹം പറഞ്ഞത്. ആ ഭാഷ ലഭിക്കുന്നത് ഭൂതകാലത്തിൽ നിന്നാണ്. സഹായങ്ങൾക്ക്, കരുതലിന്, മുന്നോട്ടുപോക്കിന് എല്ലാം ഭൂതകാലത്തെ റിസോഴ്‌സുകളോട് സഹായം തേടുന്നവരാണവർ. ആ തേട്ടത്തിലേക്കുള്ള ഉപാധിയെന്ന നിലക്കാണ് മുസ്ലിംകൾക്കു ഭൂതകാലം ആവശ്യമായി വരുന്നതും, ആ ഭൂതകാലം അവരിൽ പ്രതിപ്രവർത്തിക്കുന്നതും.

ഈ സമീപനം ആത്മകഥകളുടെ ചരിത്രത്തിലേക്ക് തന്നെ വ്യത്യസ്തമായ മറ്റൊരു കൈവഴി തുറന്നു തരുന്നുണ്ട്. മേൽസൂചിപ്പിച്ചതുപോലെ പൊതുവെ, കൊളോണിയൽ ആധുനികതയുടെ ഉപോല്പന്നം എന്ന നിലയിലാണ് ആത്മകഥകളെ പൊതുവെ മനസിലാക്കപ്പെട്ടത്. ആ നിലക്കുള്ള വിശകലനങ്ങൾക്കാണ് നമ്മുടെ ഭാഷയിലൊക്കെ മേൽക്കൈ ലഭിച്ചതും. എന്നാൽ കൊളോണിയൽ ആധുനികതയുടെയോ നവോത്ഥാനത്തിന്റെയോ മധ്യസ്ഥതയില്ലാതെ തന്നെ ആത്മകഥ എന്ന സാഹിത്യ രൂപത്തിലേക്കുള്ള ഒരു വംശാവലി മുസ്ലിംകൾക്കുണ്ട്. പ്രവാചകനു മുന്നേയുള്ള അറബി കാവ്യ പാരമ്പര്യങ്ങളിൽ നിന്നും കണ്ടെടുക്കുകയും സീറ (പ്രധാനമായും നബി ചരിത്രം), ത്വബഖാത്ത് (ജീവചരിത്ര നിഘണ്ടു), തർജമ (വിവർത്തനം എന്ന അർഥത്തിലാണ് ആധുനിക അറബി ഭാഷയിൽ ഈ പദം ഉപയോഗിക്കുന്നതെങ്കിലും ജീവചരിത്രം എന്ന നിലക്കാണ് ഈ പദം ക്ലാസിക്കൽ അറബിയിൽ ആദ്യകാലങ്ങളിൽ ഉപയോഗിച്ചു തുടങ്ങിയത്) തുടങ്ങിയ രൂപങ്ങളിലൂടെ തർജമത്തുന്നഫ്‌സിലേക്ക് (ആത്മകഥ) വികസിക്കുകയും ചെയ്ത മറ്റൊരു ചരിത്രം അറബ്- മുസ്‍ലിം സാഹിത്യ പാരമ്പര്യത്തിലുണ്ട്. മുസ്ലിംകളെ ഭൂതകാലവുമായി കെട്ടുപിണക്കുന്നതിനുവേണ്ടിയാണ് ഈ സാഹിത്യ രൂപങ്ങൾ ഉരുവം കൊണ്ടതുതന്നെ. അങ്ങനെയൊരു പാരമ്പര്യത്തിന്റെയകത്തു നിന്ന് നോക്കുമ്പോൾ ആത്മകഥകൾ മേൽസൂചിപ്പിച്ച ആധുനിക ആത്മകഥകൾ നിർവഹിച്ച വ്യക്തിപരമോ, സാമൂഹികമോ ആയ ദൗത്യങ്ങളല്ല നിർവഹിക്കുന്നത്. ആത്മാവിനെ പരിപാലിക്കാനുള്ള സങ്കേതിക വിദ്യകൾ എന്ന നിലയിലാണ് ആത്മകഥകൾ ഇവിടെ പ്രവർത്തിക്കുന്നത്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയെ ആ പാരമ്പര്യത്തിന്റെ കൂടി തുടർച്ചയിൽ നിന്നും കാണുന്നതായിരിക്കും കൂടുതൽ ഫലവത്തായ രീതി.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ മലയാളികളുടെ സാമൂഹിക ജീവിതത്തെ പൊതുവിലും മുസ്ലിംകളെ പ്രത്യേകിച്ചും അസാമാന്യമായി സ്വാധീനിച്ചവരുടെ കൂട്ടത്തിൽ പ്രമുഖനാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ആ സ്വാധീനം രൂപപ്പെട്ടുവന്ന വഴി മനസിലാക്കിയെടുക്കാനുള്ള എന്തെന്തു സൂചനകളാണ് ഈ ആത്മകഥയിൽ ഉള്ളത് എന്ന ആകാംക്ഷയോടെയാണ് ഈ പുസ്തകം കൈയിലെടുത്തത് . വായിച്ചു കഴിഞ്ഞ ശേഷം പുസ്തകത്തെ ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ മനസ്സിലേക്ക് ആദ്യം തെളിഞ്ഞു വന്ന മൂന്നു ചിത്രങ്ങളിൽ ആ സൂചനയുണ്ടെന്നാണ് ഞാൻകരുതുന്നത്. ആ സൂചനകളാണ് ഈ ലേഖനത്തിന്റെ തലക്കെട്ടിൽ സൂചിപ്പിച്ച ഇസ്സത്ത്, ഖിദ്മത്ത്, മഹബ്ബത്ത് എന്നീ ഇസ്ലാമിക പരികല്പനകൾ. ഉസ്താദിന്റെ പൊതുപ്രവർത്തനങ്ങളുടെ ആധാരമായി പ്രവർത്തിക്കുന്നത് ഈ ധാർമിക മൂല്യങ്ങളാണെന്നതിന്റെ സൂചനകൾ ഈ ആത്മകഥയിൽ പലയിടങ്ങളിലായി കാണാം.

ആദ്യത്തെ ചിത്രം, പഞ്ചാര മാങ്ങതിന്നാൻ വന്ന പരിസരത്തുള്ള കുട്ടികളോടൊപ്പം മാവിൻ ചുവട്ടിൽ ഇരിക്കുന്ന ഉസ്താദിന്റെ ബാല്യകാലത്തിന്റേതാണ്. ഉസ്താദിന്റെ ഉപ്പ പണം കൊടുത്തു വാങ്ങുകയും എന്നാൽ ജന്മി പൂർണാവകാശം വിട്ടുകൊടുക്കാതിരിക്കുകയും ചെയ്ത സ്ഥലത്താണീ മാവ്. കുട്ടികൾ പെറുക്കിയെടുത്ത മാങ്ങ തിരിച്ചുകൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജന്മിയുടെ മക്കൾ വരുന്നു. അവർ കുട്ടികളെ ആട്ടിപ്പായിക്കാൻ തുടങ്ങി. ഉസ്താദിനത് നോക്കി നിൽക്കാനായില്ല. നിലത്തുവീണു കിടന്ന മാങ്ങ അദ്ദേഹം ഒരു കുട്ടിയുടെ കൈയിൽ വെച്ചുകൊടുത്തു. ഇതുകണ്ട മുതലാളി ചെക്കൻ ബാലനായ ഉസ്താദിനെ അടിക്കാൻ വേണ്ടി പാഞ്ഞടുക്കുന്നു. എല്ലാ ധൈര്യവും സംഭരിച്ച് കൈയും കെട്ടി ഉസ്താദവിടെ പാറപോലെ ഉറച്ചു നിൽക്കുന്നു. അതോടെ അടിക്കാൻ വന്നവന് കാലിടറി. നിൽക്കകള്ളിയില്ലാതെ മുതലാളി പയ്യൻ പിന്തിരിഞ്ഞോടുന്നു. 'അതോടെ മാവിൻ ചുവട് സ്വതന്ത്രമായി. പേടിയില്ലാതെ മാങ്ങ തിന്നാമെന്നായി' എന്നാണ് ഉസ്താദ് അതേക്കുറിച്ചു ഓർത്തെഴുതുന്നത്.

ഒരർഥത്തിൽ, എല്ലാ ധൈര്യവും സംഭരിച്ചു തന്റെ കൂട്ടുകാരെ സംരക്ഷിക്കാൻ അന്നാ മാവിൻചുവട്ടിൽ നിന്ന ആ നിൽപ്പാണ് മുസ്‌ലിം സമുദായത്തിന്റെ മുന്നിൽ നിന്ന് ഉസ്താദ് ഇപ്പോഴും തുടരുന്നതെന്നാണ് എന്റെ തോന്നൽ. ഉസ്താദ് പൊതുവിൽ സ്വീകരിച്ചുപോരുന്ന പ്രതിരോധത്തിന്റെ ഒരു രീതിശാസ്ത്രവും കെട്ടും മട്ടുമൊക്കെ കൈകെട്ടിയുള്ള ആ നിൽപ്പിലുണ്ട്. അടിക്കാൻ പാഞ്ഞടുക്കുന്ന എതിരാളിയെ തല്ലാനല്ല, തല്ലാനുള്ള ആ ഒരുക്കത്തെ അപ്രസക്തമാക്കുന്ന വിധത്തിൽ ഒരു പ്രതിരോധം തീർക്കാനാണ് ആ ബാലൻ ശ്രമിക്കുന്നത്. അതോടെ എതിരാളിക്ക് കാലിടറുന്നു. കുട്ടികൾക്ക് മാങ്ങയും മാവിൻ ചുവടും സ്വന്തമാകുന്നു. പ്രതിരോധത്തിന്റെ ആ കൈകെട്ടി നിൽപ്പാണ് ശത്രുവിനെ നിലം പരിശാക്കിയത്. ഇസ്സത്ത് (ആത്മാഭിമാനം) എന്ന ധാർമിക മൂല്യം ശാരീരിക രൂപം പൂണ്ടതാണത്. തന്റെ അധികാരഘടനയെ ലംഘിച്ചു അക്രമാസക്തനായി പുറത്തേക്ക് പോവുകയല്ല, മറിച്ചു തന്റെ അധികാരത്തിനകത്തെ സാധ്യതകളെ ഉപയോഗിച്ചുകൊണ്ട് അവകാശം സ്ഥാപിക്കുകയാണ്. ആ സമ്മർദ്ദത്തെ മറികടക്കാൻ മുതലാളിച്ചെക്കനിട്ടു കഴിയുന്നുമില്ല.

ഒരുപക്ഷെ, വിമോചനത്തെപ്പറ്റി മറ്റു പലർക്കുമുള്ളതുപോലുള്ള ധൃതിപിടിച്ച സങ്കൽപ്പങ്ങളോ പ്രവർത്തന പദ്ധതികളോ ഉസ്താദിന്റെ നയ നിലപാടുകളിൽ കണ്ടെന്നു വരില്ല. അതിന്റെ പേരിൽ അദ്ദേഹത്തെ പലരും വിമർശിക്കാറുമുണ്ട്. പകരം, പതിയെ അരിഞ്ഞിറങ്ങുന്ന, അതുകൊണ്ടുതന്നെ കൂടുതൽ സമഗ്രമായ വിമോചനത്തിന്റെ സാധ്യതകളെ ഉള്ളിലൊളിപ്പിച്ച ഒരു സമീപനമാണ് അദ്ദേഹം പിന്തുടരുന്നത്. അധികാര ഘടനയുമായുള്ള നിരന്തര സമ്പർക്കവും കൂടിയാലോചനകളും സമരസപ്പെടലും സംവാദവുമൊക്കെ ആ സമീപനത്തിന്റെ ഭാഗമാണ്. സമുദായത്തിനകത്തും പുറത്തും പല തലങ്ങളിൽ പുറത്തു നിർത്തപ്പെട്ട സാമൂഹ്യ വിഭാഗങ്ങളെ നിർണായക ശക്തിയാക്കി മാറ്റിയെടുക്കാൻ ഇത്തരം ബഹുമുഖ സമീപനങ്ങൾ ആവശ്യമാവും. ശത്രുക്കളും മിത്രങ്ങളുമായി ഒരയഞ്ഞ ഘടനയിൽ നിന്നുകൊണ്ടുള്ള ബന്ധം സൂക്ഷിക്കുകയും ആവശ്യങ്ങളും സന്ദർഭങ്ങളുമനുസരിച്ച് ആ ഘടനയെ പുതുക്കിപ്പണിതുകൊണ്ടേയിരിക്കുകയും ചെയ്യുക എന്നത് ഈ സമരതന്ത്രത്തിന്റെ പ്രധാന ഘടകമാണ്. ഒരേ സമയം ഇക്കാലത്തെയും വരാനിരിക്കുന്ന വിദൂര കാലത്തെയും അഭിമുഖീകരിക്കാനുള്ള ഇലാസ്തികതയാണ് ഈ സമീപനത്തിന്റെ ശക്തി. സുന്നികളെ പൊതുവിലും, സുന്നി പണ്ഡിതന്മാരെ പ്രത്യേകിച്ചും ആത്മാഭിമാനമുള്ള ഒരു ജനതയായി പരിവർത്തിപ്പിച്ചെടുക്കുന്നതിൽ കാന്തപുരം ഉസ്താദ് വഹിച്ച പങ്കിനെകുറിച്ച് പലരും പറയാറുണ്ട്. അതിന്റെ വേരുകൾ കാന്തപുരത്തെ ആ പഴയ മാവിൻചുവട്ടിലേക്കാണ് പടർന്നിരിക്കുന്നത്.

മറ്റു രണ്ടു ചിത്രങ്ങൾ, അജ്മീരിലേതും സഊദി അറേബ്യയിലേതുമാണ്. ആ അനുഭവങ്ങളുടെ ഭൂമിശാസ്ത്രത്തിൽ തന്നെ ഉസ്താദിന്റെ പ്രവർത്തനങ്ങളുടെ വൈപുല്യമുണ്ട്. അജ്മീരിൽ പോകുമ്പോൾ ധരിക്കാൻവേണ്ടി കരുതിവെച്ച ടെറിലിൻ തുണികൊണ്ടു തയ്പ്പിച്ച കുപ്പായം ദർഗയിലേക്ക് പോകുന്ന വഴിയോരത്തിരിക്കുന്ന ഒരജ്ഞാതൻ ചോദിച്ചപ്പോൾ അതഴിച്ചു കൊടുത്ത ഉസ്താദിന്റെ ചിത്രമാണ് ഇതിൽ ആദ്യത്തേത്. വാവാട് ദർസിൽ വിദ്യാർഥിയായിരിക്കെ മാറ്റി ധരിക്കാൻ കുപ്പായമില്ലാതെ വന്ന ഒരാൾക്ക് ഉസ്താദ് പോക്കർ കുട്ടി മുസ്ലിയാർ സ്വന്തം കുപ്പായം അഴിച്ചുകൊടുത്ത കഥ ഈ ആത്മകഥയുടെ മറ്റൊരു ഭാഗത്ത് പറയുന്നുണ്ട്. ഈ അനുഭവങ്ങളുടെ സ്വഭാവത്തെ ഉൾവഹിക്കുന്ന ധാരാളം സന്ദർഭങ്ങൾ വിവിധ ഭൂപ്രദേശങ്ങളിലായി ഉസ്താദിന്റെ ജീവിതത്തിലുണ്ടായത് ഈ പുസ്തകത്തിൽ തന്നെ എമ്പാടും വായിക്കാം. ഒരുപക്ഷെ, ഈ ആത്മകഥയിൽ പ്രത്യക്ഷത്തിൽ ഒരുപദേശമായി ഉസ്താദ് പറയുന്ന ഏകകാര്യവും അതാണ്; മറ്റുള്ളവർക്ക് ഖിദ്മത്ത് (സേവനം) ചെയ്യാൻ ലഭിക്കുന്ന ഒരവസരവും നഷ്ടപ്പെടരുതെന്ന പാഠം. അജ്ഞാതരെ സ്‌നേഹിക്കുകയും അവരോട് ഉള്ളറിഞ്ഞു താദാത്മ്യപ്പെടുകയും ചെയ്യണമെങ്കിൽ അപാരമായ ശേഷി ആർജ്ജിച്ചെടുക്കണം. ഉയർന്ന നൈതിക ബോധത്തിന്റെ ഭാഗമാണത്. അജ്ഞാതനായ തന്റെ സഹ സൃഷ്ടിക്കുവേണ്ടിയുള്ള ഈ കരുതലാണ് ഉസ്താദിന്റെ സേവന സന്നദ്ധ പ്രവർത്തനങ്ങളുടെ ഊന്നൽ.

ഒരു രാത്രി ഏറെ വൈകി അജ്ഞാതമായ നമ്പറിൽ നിന്ന് എനിക്കൊന്നു രണ്ടുതവണ ഫോൺ കോളുകൾ വന്നു; ഏതാണ്ട് പത്തുപതിനഞ്ചു വർഷങ്ങൾക്ക് മുമ്പാണ്. ഇങ്ങോട്ടേക്കുള്ള വിളികൾ എടുക്കാൻ കഴിയാതെ പോയതിനാൽ തിരിച്ചു വിളിച്ചു. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. മറുതലക്കൽ ഫോണെടുത്തയാൾ കരയുന്നു. വിതുമ്പിക്കൊണ്ട് സലാം പറഞ്ഞയാൾ ഉസ്താദ് എ.പി. അബൂബക്കർ മുസ്‌ലിയാരായിരുന്നു. ചികിത്സാർഥം തൃശൂരിലെ ഒരു ആയുർവേദ ഹോസ്പിറ്റലിലായിരുന്ന ഉസ്താദ്, അന്ന് ഫലസ്തീനിൽ നടക്കുന്ന സംഘർഷങ്ങൾ ടെലിവിഷനിൽ കണ്ടു വിളിച്ചതാണ്. 'ഇതും കണ്ട് നമുക്കെങ്ങനെ ഉറങ്ങാനാകും'- ഉസ്താദ് ചോദിച്ചു. ചോദിക്കുക മാത്രമല്ല ഉറങ്ങാൻ കഴിയാതെ കരഞ്ഞിരിക്കുകയായിരുന്നു ആ മനുഷ്യൻ. 'ഫലസ്തീനികളുടെ വേദനകൾ ആളുകൾക്ക് ബോധ്യപ്പെടുത്തുന്ന തരത്തിൽ നിരന്തരം ലേഖനങ്ങളും മറ്റും എഴുതിക്കൊണ്ടിരിക്കണം, അതേ കുറിച്ചെപ്പോഴും പറഞ്ഞുകൊണ്ടിരിക്കണം' എന്നോർമപ്പെടുത്താനായിരുന്നു ആ വിളി. ഫലസ്തീനികളെ കുറിച്ചോർത്ത് ഉറക്കം നഷ്ടപ്പെട്ടവർ നമ്മളിലെത്ര പേരുണ്ടാകും? ഇതിനെയാണ് അജ്ഞാതരുമായുള്ള ഉള്ളറിഞ്ഞ താദാത്മ്യം എന്നു വിളിക്കുന്നത്. ഈ താദാത്മ്യമാണ് ഉസ്താദിനെ അശരണരുടെ, അഗതികളുടെ, അനാഥരുടെ, അനുയായികളുടെ പ്രിയങ്കരനാക്കി മാറ്റിയത്.

മറ്റൊന്ന്, റിയാദിലെ അറസ്റ്റിനു ശേഷം പുറത്തിറങ്ങി നേരെ നാട്ടിലേക്ക് പോകാൻ എല്ലാവരും ഉപദേശിച്ച്, അപ്പോൾ മദീനയിലേക്ക് പോകാതെ മടങ്ങില്ലെന്നു വാശിപിടിച്ചു ബത്ഹയിൽ നിൽക്കുന്ന ഉസ്താദിന്റെ ചിത്രമാണ്. ജയിൽ മോചിതനാകാൻ വേണ്ടി പ്രവാചകരെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ നേർച്ചയാക്കിയതും അതിന്റെ മുന്നൊരുക്കങ്ങൾ ജയിലിൽ വെച്ചുതന്നെ തുടങ്ങിയതും ഈ പുസ്തകത്തിൽ പറയുന്നുണ്ട്. പഠനക്കുറിപ്പുകൾ നാട്ടിലേക്ക് കൊടുത്തയച്ച് ഉസ്താദ് മദീനയിലേക്ക് പോയി. ഒരുപക്ഷെ, ഒട്ടും വിട്ടുവീഴ്ചയില്ലാതെ, ഉസ്താദ് പോരാടിക്കൊണ്ടിരിക്കുന്ന ഒരു മേഖല മഹബ്ബത്തിന്റേതാണ് (പ്രവാചകരോടുള്ള സ്‌നേഹം). ഒരിക്കൽ ഒരഭിമുഖത്തിനിടെ, പ്രവാചകരോടുള്ള അമിതമായ സ്‌നേഹ പ്രകടനത്തെ എന്നു തുടങ്ങുന്ന ഒരു ചോദ്യം ചോദിച്ചു തുടങ്ങിയേയുള്ളൂ. അതു പൂർത്തിയാക്കാൻ അദ്ദേഹം അനുവദിച്ചില്ല. പ്രവാചകരോടുള്ള സ്‌നേഹത്തിന്റെ കാര്യത്തിൽ അമിതം എന്നു പ്രയോഗിക്കാൻ പാടില്ലെന്നദ്ദേഹം നിർബന്ധം പിടിച്ചു. അഭിമുഖം മാറ്റിവെച്ചു അതെന്തുകൊണ്ടെന്ന് ദീർഘനേരം വിശദീകരിച്ചു. പ്രവാചകരെ, അവിടുത്തെ മഹത്വത്തെ വാദിച്ചെടുക്കാൻ ഒരു മടിയോ, അമാന്തമോ കാണിക്കാറില്ല എന്നു മാത്രമല്ല, സ്വന്തം പ്രതിച്ഛായയെക്കുറിച്ചുള്ള ഉത്കണ്ഠകൾ പോലും അക്കാര്യത്തിൽ അദ്ദേഹം പരിഗണിക്കാറില്ല. ഇത്രയൊക്കെ വിജയങ്ങൾ നേടിയ ഒരു മനുഷ്യൻ അതൊക്കെയും പ്രവാചകാനുരാഗത്തിന്റെ ഉപോല്പന്നമാണെന്ന് വിനീതമാകുന്നു. സമ്പൂർണ്ണനായ മനുഷ്യനെന്ന് (ഇൻസാനുൽ കാമിൽ) മുസ്‌ലിംകൾ വിശ്വസിക്കുന്ന പ്രവാചകരോടുള്ള മഹബ്ബത്തിൽ (അനുരാഗം) നിന്നാണ് മറ്റു മനുഷ്യർക്കുള്ള ഖിദ്മത്തിലേക്ക് (സേവനം) ഒരു വിശ്വാസി പരിവർത്തനം ചെയ്യപ്പെടുന്നത്.

ഇങ്ങനെ, ഇസ്സത്ത്, ഖിദ്മത്ത്, മഹബ്ബത്ത് എന്നീ മൂല്യ പരികല്പനകളെ, അവ തമ്മിലുള്ള പരസ്പര കെട്ടുപാടുകളെ, സമകാലിക മുസ്ലിംകളുമായും അവരുടെ വൈവിധ്യപൂർണമായ ജീവിത പരിസരങ്ങളുമായും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രത്യേകതരം ധർമശീല രാഷ്ട്രീയം (Pious politics) ആണ് ഉസ്താദ് മുന്നോട്ടു വെക്കുന്നത്. ആ രാഷ്ട്രീയമാകട്ടെ, ഒരേസമയം ദീനിനോടും (മതം) ദുനിയാവിനോടും (ഇഹപരത) സംവദിക്കുകയും അവക്കിടയിൽ സ്വരച്ചേർച്ചയുള്ള ഒരുമിച്ചു പോക്ക് സാധ്യമാക്കുകയും ചെയ്യുന്നു. മുസ്ലിം ആധുനികതയുടെ ഈ വകഭേദം ഏറെ സവിശേഷതകളുള്ളതും കൂടുതൽ വിശകലനങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്ന സാമൂഹിക പ്രതിഭാസമാണ്.

തന്നെ കാണുമ്പോൾ ഇ. എം. എസ്. നമ്പൂതിരിപ്പാട് എപ്പോഴും ചോദിക്കാറുള്ള ഒരു ചോദ്യത്തെ കുറിച്ച് പി ടി കുഞ്ഞിമുഹമ്മദ് തന്റെ ആത്മകഥാപരമായ കുറിപ്പിൽ പറയുന്നുണ്ട്. "What is happening in Muslim community?" എന്നതാണ് ആ ചോദ്യം. മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള, അതിനകത്തു നടക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള അജ്ഞതയും അമ്പരപ്പും ഒളിഞ്ഞിരിക്കുന്നതാണ് ഇ. എം. എസിന്റെ ആ ചോദ്യം. ഈ അജ്ഞതയും അമ്പരപ്പുമാണ് മുസ്‌ലിംകളെ കുറിച്ചുള്ള പൊതുബോധത്തിന്റെ പ്രധാന ആധാരങ്ങൾ. എന്നാൽ ആ ചോദ്യത്തിനകത്ത് ഒരു ജിജ്ഞാസ കൂടിയുണ്ട്. ആ ജിജ്ഞാസയെ അഭിമുഖീകരിക്കാനുള്ള പരിശ്രമങ്ങളുടെ അഭാവമാണ് മുസ്‌ലിം സമൂഹത്തെ കുറിച്ചുള്ള മുൻധാരണകൾക്കും മുൻ വിധികൾക്കും നമ്മുടെ സാമൂഹിക വിശകലനങ്ങളിലും മറ്റും മേൽക്കൈ നേടികൊടുക്കുന്നത്. അതേസമയം തന്നെ, സമുദായത്തിനകത്തെ ബലതന്ത്രങ്ങളെ വെളിപ്പെടുത്താനുള്ള ഗൗരവതരമായ പരിശ്രമങ്ങൾ മുസ്‌ലിം ചരിത്രകാരന്മാരുടെയും സാംസ്കാരിക വിമർശകരിൽ നിന്നും വേണ്ടവിധത്തിൽ ഉണ്ടായിട്ടില്ല. കോളനികൾ സൃഷ്ടിച്ചെടുത്ത ജ്ഞാനരൂപങ്ങളുടെ വാർപ്പുമാതൃകകളെ സ്വാംശീകരിക്കുകയും അതിനനുഗുണമായ വൈജ്ഞാനികോത്പാദന പ്രക്രിയകളിൽ ഏർപ്പെടുകയുമാണ് കോളനിയാനന്തര സമൂഹങ്ങളിൽ നിന്നുമുള്ള ആദ്യകാല പഠനങ്ങളിൽ പലതും ചെയ്തുപോന്നത് എന്ന പോലെ പുറമെ നിന്നുള്ള(വർക്ക് വേണ്ടിയുള്ള) ഉറ്റുനോട്ടമാണ് പല മുസ്‌ലിം അക്കാദമിക്കുകളും സാമൂഹിക വിമർശകരും മുസ്‌ലിം സമൂഹത്തെപ്രതി കാലങ്ങളായി ചെയ്തുപോരുന്നത്. ഉദാഹരണത്തിന്, എൻ. പി. ഹാഫിസ് മുഹമ്മദിനെ പോലുള്ള ഒരു സാമൂഹിക ശാസ്ത്ര അധ്യാപകന്റെ എഴുത്തുകളിൽ മുസ്‍ലിം സമുദായത്തിനകത്തെ ബലതന്ത്രം എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത് എന്നു പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. നമ്മുടെ ചരിത്രകാരന്മാരുടെ, സാമൂഹിക ശാസ്ത്രജ്ഞരുടെ, സാംസ്കാരിക വിമർശകരുടെ ആ ഉദാസീനതയുടെ കൂടി സൃഷ്ടിയാണ് ഈ സമൂഹത്തിൽ നിരന്തരം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധത. മുസ്‌ലിം സമുദായത്തിനും പുറം സമൂഹങ്ങൾക്കുമിടയിലുള്ള അജ്ഞതയുടെ ആ മൂടുപടം നീക്കാനുള്ള ഒരു മുസ്‌ലിം പണ്ഡിതന്റെ എളിയ പരിശ്രമം കൂടിയായി വേണം ഈ ആത്മകഥയെ വായിച്ചെടുക്കാൻ. ആ അർഥത്തിൽ മലയാളി മുസ്ലിംകളുടെ ദൈനംദിന ജീവിതത്തിന്റെ സാമൂഹിക ചരിത്രത്തിലേക്കുള്ള ഒരു കിളിവാതിൽ കൂടിയാണ് ഈ ആത്മകഥ.

ഒരുപക്ഷെ, കേരളത്തിലേറ്റവുമധികം സാമൂഹിക വിമർശനം ഏറ്റുവാങ്ങിയ മുസ്‍ലിം സാമുദായിക നേതാവായിരിക്കും കാന്തപുരം എ.പി. അബൂബക്കർമുസ്ലിയാർ. അതിനനുഗുണമായ സാംസ്‌കാരിക-മാധ്യമ പരിസരമാണ് മലയാളത്തിന്റേത്. മുസ്ലിംകൾക്കിടയിലെ ആധുനികവത്കരണത്തിനും പരിഷ്‌കാരത്തിനും ഇടങ്കോലിടുന്നൊരാൾ എന്നതാണ് അദ്ദേഹത്തെക്കുറിച്ച് മലയാളി പൊതുബോധത്തിൽ മേൽകൈ നേടിയ ഒരു ചിത്രണം. ഇസ്‍ലാം ഭീതിയുടെ സാധുതകളൊന്നും അദ്ദേഹത്തിനെതിരെയുള്ള വിമർശനങ്ങൾക്ക് സമുദായത്തിനകത്തു നിന്നുപോലും ലഭിക്കാറില്ല. ഒരർഥത്തിൽ ഇസ്‍ലാം വിമർശനം കേരളത്തിൽ അതിസൂക്ഷ്മമായി പ്രവർത്തിക്കുന്നതു തന്നെ കാന്തപുരം വിമർശനത്തിലൂടെയാണ് എന്നു വേണം മനസിലാക്കാൻ. ഇസ്‍ലാം ഭീതി എന്ന ആരോപണം സമുദായത്തിനകത്ത് ഏതൊക്കെ രൂപഭാവങ്ങളാണ് സ്വീകരിക്കുന്നത് എന്നതിലേക്കുള്ള ഒരു സൂചന ഇതിലുണ്ട്. അങ്ങനെ കാലങ്ങളോളമായി തനിക്കെതിരെ മാധ്യമങ്ങളും സംസ്‌കാരിക പ്രവർത്തകരും ഇടക്കൊക്കെ രാഷ്ട്രീയ പ്രവർത്തകരും പറഞ്ഞുപോകാറുള്ള വിവരണങ്ങളാണ് മലയാളി പൊതുബോധത്തിലുള്ളത്.

ആയിടത്തേക്കാണ് സ്വന്തം കഥ പറച്ചിലുമായി കാന്തപുരം കടന്നുവരുന്നത്. തന്റെ കഥ, ഒരു ജീവചരിത്രമായല്ല, ആത്മകഥയായിത്തന്നെ വരണമെന്ന തീരുമാനത്തിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാവാമെങ്കിലും, തന്റെ പേരിലുള്ള വിവരങ്ങളുടെ മേലുള്ള ഒരു നിയന്ത്രണമേറ്റെടുക്കൽഇതിലുണ്ട്. രാഷ്ട്രീയമെന്നാൽ, പൗരരെയും വിഭവങ്ങളെയും നിയന്ത്രിക്കുക മാത്രമല്ല, ഒരു കാര്യത്തെ കുറിച്ച് സാധിതമായ വിവരണങ്ങളുടെ നിയന്ത്രണം കൂടിയാണെന്ന് ലോറൻസ് ഗ്രോസ്ബർഗ് പറയുന്നുണ്ട്. ലോകം മാറണം എന്നുണ്ടെങ്കിൽ, ലോകത്തെ കുറിച്ച് നമ്മൾ കേട്ട കഥകൾ നമ്മൾ തന്നെ മാറ്റി പറയണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇങ്ങിനെ തന്നെ കുറിച്ചു മറ്റുള്ളവർ പറഞ്ഞു കേട്ടു തഴമ്പിച്ച കഥകളുടെ ലോകത്തേക്കാണ്, അത്തരം സാധ്യതകളുടെ അനിയന്ത്രിതമായ ഭൂമികയിലേക്കാണ്, സ്വന്തം കഥയുമായി ഈ മുസ്‍ലിം പണ്ഡിതൻ നമ്മളോട് സംവദിക്കാനുള്ള ഒരു പാലം ഇട്ടിരിക്കുന്നത്. വിവരണങ്ങളുടെ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ ഒരു ഉയർത്തെഴുന്നേൽപ്പാണിത്. മറ്റുള്ളവരുടെ സാധ്യതകളിലേക്ക് പാഞ്ഞു കയറുന്നതിനു പകരം, നമ്മൾ തന്നെ തുറന്നിടുന്ന സാധ്യതകളിലേക്ക്, അത്തരം കഥകളുടെ പക്ഷത്തേക്ക് ആളുകളെ കിട്ടാനാണ് ഓരോ നരേറ്ററും ആഗ്രഹിക്കുന്നത്. കാന്തപുരം ഉസ്താദ് തുടങ്ങിവെച്ച ആ സംഭാഷണത്തെ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് ബാധ്യതയുണ്ട്.

ഈ ആത്മകഥയിലെ അനുഭവ വിവരണങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത, അവ വേദനകളെ വെളിച്ചം കടക്കാത്ത മുറിവുകളാക്കി നിലനിർത്തുന്നില്ല എന്നതാണ്. പകരം അവയെ പ്രതീക്ഷയുടെ ഒരു നടപ്പുപദ്ധതിയിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ട്. ആ അർഥത്തിൽ സമുദായത്തെ കുറിച്ചുതന്നെയുള്ള പുതിയ സങ്കല്പങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള സങ്കേതങ്ങളും സാധ്യതകളും ഈ ആത്മകഥയിൽ എമ്പാടുമുണ്ട്. പ്രതിസന്ധികളെ വ്യത്യസ്തമായി മനസിലാക്കാനും മറികടക്കാനും ആ സാധ്യതകൾ സഹായിക്കുകയും ചെയ്യും. പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള മികച്ച മാർഗം പ്രതിസന്ധിയെക്കുറിച്ച് പുതിയൊരു കഥ പറഞ്ഞുതുടങ്ങുക എന്നതാണ്. കഥകൾ എന്നാൽ നമ്മുടെ ജീവിതത്തെ യാഥാർഥ്യവും ജീവിതയോഗ്യവുമാക്കാനുള്ള സങ്കൽപ്പനങ്ങളാണ്. ‘വിശ്വാസപൂർവം’ എന്ന തലക്കെട്ടിൽ തന്നെ ആ സങ്കൽപനം മുന്നോട്ടുവെക്കുന്ന ദിശാബോധത്തിന്റെ സൂചനയും അതിൽ ഉസ്താദിനുള്ള ആത്മവിശ്വാസവും പ്രസരിക്കുന്നുണ്ട്. ഒരുകാലത്ത് കേരളത്തിന്റെ ബൗദ്ധിക-രാഷ്ട്രീയ മണ്ഡലത്തിൽ എളുപ്പത്തിൽ സ്വീകാര്യത കിട്ടിയിരുന്ന സമീപനമല്ലയിത്. ചരിത്രപരമായ ആ കർതൃത്വത്തെ വീണ്ടെടുക്കുന്നു എന്നതുതന്നെയാണ് ഈ ആത്മകഥയെ ഏറ്റവും പ്രസക്തമാക്കുന്ന ഘടകം.

വരാനിരിക്കുന്ന മുസ്‍ലിം ഭൂതകാലത്തെ തിരിച്ചറിയാനും അതേക്കുറിച്ചു ഗൗരവതരമായി ആലോചിക്കാനും ഈ ആത്മകഥ ഓരോ വായനക്കാരെയും പ്രേരിപ്പിക്കുക തന്നെ ചെയ്യും. ആ പ്രേരണ ഭൂതകാലത്തെ വീണ്ടെടുക്കും, വർത്തമാനത്തെ ഉടച്ചുവാർക്കും, ഭാവിയെ ചിട്ടപ്പെടുത്തുകയും ചെയ്യും.

ഒരു ഗ്രാമത്തിന്റെ കഥ

(കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ‘വിശാസപൂർവം’ എന്ന ആത്മകഥയിൽനിന്ന് ഒരു ഭാഗം)

ത്തര മലബാറിനെ തെക്കേ മലബാറുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കടന്നു പോകുന്നത് പൂനൂർ അങ്ങാടിയിലൂടെയാണ്. വയനാട് ചുരത്തോടു ചേർന്ന ഏലക്കാനം മലയിൽ നിന്ന് തുടങ്ങി, കോരപ്പുഴയായി ആലത്തൂരിൽ അറബിക്കടലിലേക്ക് ചേരുന്ന പൂനൂർ പുഴയുടെ മർമ ഭാഗവും ഇവിടെ തന്നെ. പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് ഈ പ്രദേശങ്ങളെല്ലാം. വയനാട്ടിലെ കോടയുടെയും കാറ്റിന്റെയും തണുപ്പിന്റെയും ചെറിയൊരു വിഹിതം പുനൂർക്കാർക്കും കിട്ടാറുണ്ട്. കോലത്തിരി രാജവംശത്തിന്റെ ഭാഗമായിരുന്ന പുറമേരി കോവിലകത്തിന്റെ കൈവശമുണ്ടായിരുന്ന പൂനൂരിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമി ഒരു ജർമൻ കമ്പനിയും മൂഴിക്കൽ സ്വദേശിയായിരുന്ന ഒറ്റയിൽ കോയട്ടി എന്നയാളും പാട്ടത്തിനെടുത്തതോടെയാണ് ഈ നാടിൻറെ മുഖച്ഛായ മാറുന്നത്.

അതുവരേയും കാടുപിടിച്ചു കിടന്ന ഒരു പ്രദേശമായിരുന്നു. ജർമൻ കമ്പനി അവരുടെ കൈവശമുണ്ടായിരുന്ന ഭൂമിയിൽ മുഴുവനും റബ്ബർ തൈകൾ വെച്ചു. അതോടെ പൂനൂരിന്റെ ഉൾപ്രദേശങ്ങളിലേക്കു മലബാറിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും തിരുവിതാം കൂറിൽ നിന്നും കുടിയേറ്റം ആരംഭിച്ചു. മലബാറിൽ വലിയ തോതിൽ റബ്ബർ പ്ലാന്റേഷൻ ഉള്ള സ്ഥലമായി ഇവിടം മാറി. അതോടെ ഈ പ്രദേശത്തിന് വലിയ മാറ്റങ്ങൾ ഉണ്ടായി. റോഡും പൂനൂർ പുഴക്ക് കുറുകെ പാലവും വന്നു. കോഴിക്കോടേക്കും കൊയിലാണ്ടിയിലേക്കുമുള്ള ബസ്സുകൾ വന്നു. ബ്രിട്ടീഷുകാരും അവരുടെ വാഹനങ്ങളും ഇതിലൂടെ ഓടി. മരുന്നടിക്കാൻ ഹെലികോപ്റ്റർ എത്തി. നിരവധി റബ്ബർ പ്ലാന്റേഷനുകൾ. അവിടുത്തെ അനേകം തൊഴിലാളികൾ. അവർ താമസിക്കുന്ന പാടികൾ. എനിക്ക് ഓർമ്മവെച്ച് തുടങ്ങുന്ന കാലത്തെ പൂനൂർ അങ്ങനെയൊക്കെയായിരുന്നു.

പൂനൂരിനോട് ചേർന്നുനിൽക്കുന്ന ഒരു സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര് തന്നെ വെട്ടി ഒഴിഞ്ഞ തോട്ടം എന്നാണ്. ബ്രിട്ടീഷുകാർ റബ്ബർ തൈ നട്ടപ്പോൾ കോയട്ടിയുടെ കൈവശമുള്ള മുന്നൂറോളം ഏക്കർ സ്ഥലത്തും അബദ്ധത്തിൽ തൈകൾ വെച്ചു. ഭൂമിയുടെ അതിർത്തികൾ ഇന്നത്തെ പോലെ കെട്ടി വേർതിരിക്കാത്ത കാലമാണല്ലോ. തൈകൾ സാമാന്യം വളർന്നു വലുതായപ്പോഴാണ് അമളി മനസ്സിലായത്. ജർമൻ കമ്പനിക്കാർ ക്ഷമ ചോദിച്ചെങ്കിലും കോയട്ടി മുതലാളി വിട്ടില്ല. സ്ഥലം പൊന്നും വിലക്കെടുക്കാമെന്നും നഷ്ടപരിഹാരം നല്കാമെന്നും പറഞ്ഞെങ്കിലും കേട്ടില്ല. ഒടുവിൽ മുന്നൂറോളം ഏക്കർ ഭൂമിയിലെ തൈകൾ മുഴുവനും അവരെ കൊണ്ട് വെട്ടി ഒഴിപ്പിച്ചു. ആ പ്രദേശമാണ് പിന്നീട് വെട്ടി ഒഴിഞ്ഞ തോട്ടം എന്ന നാടായി മാറിയത്. മറുഭാഗത്ത്, കമ്പനിക്കാർ കാടു വെട്ടിയൊഴിച്ച തോട്ടങ്ങളിൽ റബ്ബർ കൃഷി വ്യാപകമാക്കി. 2000 ഏക്കർ വിസ്താരമുള്ളതായിരുന്നു അവരുടെ എസ്റ്റേറ്റ്. റബ്ബറിനു പുറമെ മരക്കച്ചവടമായിരുന്നു നാട്ടിലെ പ്രധാന ഏർപ്പാട്. പൂനൂർ പുഴയായിരുന്നു ഈ കച്ചവടത്തിന്റെ പ്രധാന ചാലകശക്തി. വെട്ടിയൊഴിച്ച മരങ്ങൾ പൂനൂർ പുഴ വഴി കല്ലായിലേക്കും ആലത്തൂരിലേക്കും കടത്തി. മരങ്ങൾക്കു പുറമെ, കൃഷി ഉൽപ്പന്നങ്ങളും കച്ചവട സാധനങ്ങളും കടത്താനും പഴയകാലത്തേ ആളുകൾ ഈ പുഴയെയാണ് വലിയ തോതിൽ ആശ്രയിച്ചിരുന്നത്. കൊയിലാണ്ടി താലൂക്കിലെ തിരക്കുള്ള ഒരങ്ങാടിയായി മാറാൻ ഇതെല്ലാം പൂനൂരിനെ സഹായിച്ചു. സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പത്തെ കാലമാണത്. എസ്റ്റേറ്റിലെ മുതലാളിമാരും മാനേജര്മാരുമായ സായിപ്പുമാർ പൂനൂർ അങ്ങാടിയിലൂടെ പോകുന്നതൊക്കെ ആളുകൾ ഇങ്ങനെ നോക്കിയിരിക്കും. രണ്ടാം ലോക മഹായുദ്ധമാണ് നാടിന്റെ പ്രതാപം കെടുത്തിയതെന്ന് പഴമക്കാർ പറയാറുണ്ട്. യുദ്ധത്തിലെ ജർമനിയുടെ പരാജയം കാരണമാണ് കമ്പനി കുറഞ്ഞ വിലക്ക് എസ്റ്റേറ്റ് വിറ്റു നാടുവിട്ടത് എന്നാണ് പറയപ്പെടുന്നത്. ആലപ്പുഴയിലെ എ വി ടി കമ്പനിക്കായി പിന്നെ ഉടമസ്ഥാവകാശം. കോയട്ടിയുടെ എസ്റ്റേറ്റ് കേന്ദ്രീകരിച്ചു നടന്നിരുന്ന മരക്കച്ചവടവും പ്രതിസന്ധിയിലായി. വലിയ സാമ്പത്തിക പ്രതിസന്ധിയിലായ അദ്ദേഹത്തിന്റെ ഭൂമി മുഴുവനും ഇമ്പിരിയൽ ബാങ്ക് ജപ്തി ചെയ്ത് ലേലത്തിനു വെച്ചു. (അതോടെ പാപ്പരായ കോയട്ടി ആത്മഹത്യ ചെയ്തു). കോയട്ടിയുടെ 1700 ഏക്കറോളം ഭൂമി, അധികാരിയായിരുന്ന തലക്കോട്ട് സൈതൂട്ടിയുടെ കുടുംബവും ആർ. മരക്കാർ ഹാജിയും മറ്റു ചിലരും ചേർന്ന് ലേലത്തിൽ കൊണ്ടു. ഈ കച്ചവടത്തോടെയാണ് പൂനൂരിന്റെ വളർച്ചയുടെ മറ്റൊരു ഘട്ടം ആരംഭിച്ചത് എന്നുപറയാം.

വലിയ ഭൂവുടമകൾ ആയിരുന്ന പാലന്തലക്കൽ അഹമ്മദ് ഹാജി, മൈലക്കാട്ട് കണ്ടി ആലി ഹാജി എന്നിവരുടെ ഉടമസ്ഥതയിൽ ആയിരുന്നു അക്കാലത്തെ പൂനൂർ അങ്ങാടിയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളും. കച്ചവടവും വാടകയും ഭൂമിയിടപാടുകളുമെല്ലാം നിയന്ത്രിച്ചിരുന്നതും ഇവരായിരുന്നു. ഇതുകൊണ്ടുതന്നെ സ്വന്തമായി കച്ചവടം തുടങ്ങുക എന്നത് സാധാരണക്കാർക്ക് അത്ര എളുപ്പമായിരുന്നില്ല. എന്റെയൊക്കെ ചെറുപ്പകാലത്ത് പലചരക്ക്, ചായക്കട, തുണിക്കട എന്നിവയെല്ലാം കൂടി പത്തുപതിനാലു കടകളേ ഇവിടെ ആകെക്കൂടി ഉണ്ടായിരുന്നുള്ളൂ. അതുതന്നെ ഭൂരിഭാഗവും ഈ മുതലാളിമാർ നേരിട്ടു നടത്തുന്നത്. വയനാട്ടുകാരിയായ ഒരുമ്മാമ നടത്തിയിരുന്ന ചെറിയൊരു ഹോട്ടലാണ് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഏക ആശ്രയം. കെട്ടിടങ്ങളെല്ലാം പഴയ മട്ടിലുള്ളവ. ഓലമേഞ്ഞവയാണധികവും. ഓടിട്ട രണ്ടോ മൂന്നോ കടകൾ മാത്രം. മരപ്പലകൾ നിരയിട്ടാണവ പൂട്ടുക. തെറ്റിപ്പോകാതിരിക്കാൻ ഓരോ നിരയ്ക്കും നമ്പർ ഇട്ടിട്ടുണ്ടാകും. ഞങ്ങളുടെ നാടിനടുത്ത് പീടികയുടെ മരപ്പലക മാറ്റി, ആദ്യമായി ഇരുമ്പിന്റെ ഷട്ടർ വെച്ച ഒരു ഹാജിയാർ ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് അറിയപ്പെട്ടതു തന്നെ ഷട്ടർ ഹാജി എന്നായിരുന്നു. പൂനൂർ പാലത്തിനു സമീപത്തുള്ള നിസ്കാരപ്പള്ളിയും ജുമുഅത്ത് പള്ളിയും ആയിരുന്നു അങ്ങാടിയിലുണ്ടായിരുന്ന മറ്റു രണ്ടു എടുപ്പുകൾ.

ഞായറാഴ്ച നടക്കുന്ന ആഴ്ച ചന്തകളാണ് സാധാരണക്കാരുടെ പ്രധാന ആശ്രയം. ഇതിനേകദേശം ഒരു നൂറ്റാണ്ടെങ്കിലും പ്രായമുണ്ടാകും എന്നാണ് പഴമക്കാർ പറയുന്നത്. സഞ്ചരിക്കുന്ന ഒരു സംഘം കച്ചവടക്കാരാണ് ചന്തയുടെ പ്രധാന ഭാഗം. അവർ ഓരോ ദിവസവും ജില്ലയുടെ ഓരോ ഭാഗങ്ങളിലായി നടക്കുന്ന ചന്തകളിൽ പങ്കെടുത്ത് കച്ചവടം നടത്തും. ഒന്നു കഴിഞ്ഞാൽ മറ്റൊന്ന്. ബാലുശ്ശേരി ചന്ത കഴിഞ്ഞാണ് ഈ കച്ചവടക്കാർ പൂനൂരിലെത്തുക. ഇവിടെ കഴിഞ്ഞാൽ താമരശ്ശേരി. പൂനൂർ അങ്ങാടിയും പരിസരവും നിറഞ്ഞുകവിയുന്ന ചന്തക്ക് ഏതാണ്ട് ഒരു കിലോമീറ്ററോളമെങ്കിലും നീളമുണ്ടാകും. എസ്റ്റേറ്റിൽ കൂലി കിട്ടുന്നത് ശനിയാഴ്ച ദിവസമാണ്. ആ പണമൊക്കെ ഞായറാഴ്ച ചന്തയിലേക്ക് എത്തും. ചീർപ്പ് , കത്തി, പാത്രങ്ങൾ, കുട്ട, മുറം, കയർ, പായ, തുടങ്ങി കൈത്തൊഴിലിൽ ഏർപ്പെടുന്നവർ ഉണ്ടാക്കുന്ന വിലകുറഞ്ഞ സാധനങ്ങൾ വിൽക്കാനും വാങ്ങാനും സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം ആളുകൾ എത്തും. ഇതിൽ ചിലതൊക്കെ ചന്തയിൽ മാത്രം ലഭിക്കുന്നവയാണ്. സ്വന്തം കൃഷിയിടത്തിലെ ഉൽപ്പന്നങ്ങൾ അവനവൻ തന്നെ നേരിട്ടു കച്ചവടം ചെയ്യുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ശനിയാഴ്ച മുതലേ ആളുകൾ ഉത്പന്നങ്ങൾ തലയിലേറ്റി വന്നു തുടങ്ങും. കൊഴിഞ്ഞുവീണ കുരുമുളക്, അടക്ക, തേങ്ങ എന്നിവയൊക്കെ വിറ്റുകിട്ടുന്ന പൈസകൊണ്ടാണ് ഇതൊക്കെ വാങ്ങുക. എസ്റ്റേറ്റ് തൊഴിലാളികൾ വ്യാപകമായി കന്നുകാലികളെ പോറ്റിയിരുന്നതിനാൽ ചന്തയോടനുബന്ധിച്ച് കന്നുകാലി വില്പനയും തകൃതിയായി നടന്നിരുന്നു. ഇത് പിന്നീട് പൂനൂർ പെരിങ്ങളം വയലിൽ വർഷത്തിലൊരിക്കൽ നടക്കുന്ന വിപുലമായ കാലിച്ചന്തയായി വളർന്നു. പൊതുവിപണിയിൽ അരി വില്പനക്ക് കടുത്ത നിയന്ത്രണമുള്ള കാലമാണ്. റേഷൻ കടകൾ വഴി മാത്രമായിരുന്നു അരി വില്പന. അതും നിശ്ചിത അളവു മാത്രം. പഞ്ചായത്തിന്റെ അതിർത്തി കടന്ന് അരികൊണ്ടുപോകാനോ കൊണ്ടുവരാനോ പാടില്ല. നിയമം ലംഘിച്ചു കടത്തി പോലീസ് പിടിച്ചാൽ കേസും കോടതിയുമൊക്കെയായി നടക്കേണ്ടി വരും. അല്ലെങ്കിൽ പ്രത്യേക അനുമതി വേണം. അതുകിട്ടാൻ പ്രയാസവുമാണ്. ഈ നിയന്ത്രണങ്ങളുടെ കെടുതി നന്നായി അനുഭവിക്കേണ്ടി വന്ന പഞ്ചായത്താണ് ഞങ്ങളുടേത്. ഉണ്ണിക്കുളത്ത് കാര്യമായ നെൽ കൃഷിയൊന്നും ഇല്ല. എന്നാൽ തൊട്ടടുത്ത പുതുപ്പാടിയിൽ കൃഷി അത്യാവശ്യം ഉണ്ട് താനും. ചന്തയുള്ള ദിവസം അരി കടത്തു നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേകം ആളുകളുമുണ്ടാകും. ഫലമോ, പുതുപ്പാടിക്കാർ നല്ല കുത്തരിച്ചോറ് തിന്നുമ്പോൾ ഉണ്ണികുളംകാർ പുഴുവരിച്ച റേഷനരി തിന്ന് തൃപ്തിപ്പെടണം.

പൂനൂർ ചന്തയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അങ്ങാടിയിൽ നിന്നും വരുന്ന പല തരത്തിലുള്ള ഒച്ചകളാണ് ഓർമ്മയിലേക്ക് ആദ്യം വരുന്നത്. പൂവൻ കോഴിയുടെ കൂവൽ, ആടിന്റേയും മാറ്റുകന്നുകാലികളുടെയും കരച്ചിൽ, ഓരോ കടകളിലേക്കും ആളുകളെ വിളിച്ചു കയറ്റുന്ന കച്ചവടക്കാരുടെ ശബ്ദം, നടന്നു വില്പന നടത്തുന്നവരുടെ വിളിച്ചു പറയലുകൾ, വിലപേശുന്നവരുടെ കശപിശകൾ, അടിപിടികൾ. നടന്നു കാവയും കഞ്ഞിയും വിൽക്കുന്ന മൂസക്കുട്ടി മൊല്ലാക്കയ യും അബുക്കയെയും. അങ്ങനെ ചന്തയുള്ള ദിവസം പൂനൂർ അങ്ങാടി ബഹളത്തിൽ മുഴുകും. ചന്തയിൽ വിൽക്കാൻ വേണ്ടി കൊണ്ടുവരുന്ന നാണ്യവിളകൾ വഴിയിൽ നിന്ന് പിടിച്ചുപറിച്ചോടുന്ന ഒരു സംഘം വേറെയുണ്ട്. അതുകൊണ്ട് ആളുകൾ അധികവും കൂട്ടം കൂട്ടമായേ വരൂ.ഇതിനൊക്കെ പുറമെ ചന്തയിൽ അടിപിടികൾ ഉണ്ടാക്കുന്നവരെയും കള്ളത്തരങ്ങൾ കാണിക്കുന്നവരെയും പിടിച്ചു കൊണ്ടുപോയി തല്ലുന്ന തടിമാടന്മാരുടെ മറ്റൊരു സംഘം ചന്തയുടെ പരിസരത്തൂടെ നടക്കുന്നുണ്ടാകും. പ്രമാണിമാരുടെ അടിക്കാർ കൂടിയാണവർ. ചെറിയ കശപിശകളിൽ തുടങ്ങുന്ന തർക്കം കത്തികുത്തുകളിൽ വരെ ചെന്നെത്താറുണ്ട്. കടത്തനാടൻ കളരിയുടെ ഒരു പാരമ്പര്യം പൂനൂരിലും ഉണ്ട്. പ്രമാണിമാർക്കിടയിലെ എതിർപ്പ് രൂക്ഷമാക്കുന്നതിൽ കളരിയും മെയ്യഭ്യാസവും പഠിച്ച ഈ അടിക്കാർക്കും പങ്കുണ്ട്. ചില പ്രമാണി കുടുംബങ്ങളിൽ അക്കാലത്ത് പൈസ കൊടുത്ത് വാങ്ങിയ അടിമകൾ ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കന്നുപൂട്ടാനും കാലികളെ നോക്കാനാണ് ഇവരെ ഉപയോഗിച്ചിരുന്നത്.

പൂനൂരിലെ മരക്കച്ചവടം പ്രസിദ്ധമായിരുന്നുവെന്നു പറഞ്ഞല്ലോ. മരക്കച്ചവടത്തോട് അനുബന്ധിച്ചുള്ള മറ്റു ചില കച്ചവടങ്ങളും പൂനൂരിൽ സജീവമായിരുന്നു. മരങ്ങളുടെ ഉപയോഗ ശൂന്യമായ ഭാഗങ്ങൾ കത്തിച്ചുണ്ടാക്കുന്ന കരിയുടെ വില്പനയാണ് അതിലൊന്ന്. പൂനൂർ ചന്തയിലെ പ്രധാന ആഘർഷങ്ങളിലൊന്ന് ഈ കരിക്കച്ചവടവും ചുണ്ണാമ്പ് കച്ചവടവും ആയിരുന്നു. മറ്റൊന്ന് കാളവണ്ടികളാണ്. ധാരാളം ആശാരിമാർ ഉണ്ടായിരുന്ന സ്ഥലമാണ് പൂനൂർ. പുനൂരിനോട് ചേർന്ന സ്ഥലം തച്ചംപൊയിൽ ആയതു തന്നെ ഈ ആശാരിമാരുടെ പേരിലാണ്. കാളവണ്ടി നിർമ്മാണത്തിനും റിപ്പയറിങ്ങിനും വേണ്ടി സമീപ സ്ഥലങ്ങളിൽ നിന്നെല്ലാം ആളുകൾ എത്തും. മാറ്റുവാഹനങ്ങളൊന്നും തീരെ ഇല്ലാതിരുന്ന കാലത്ത്, അങ്ങാടിയിൽ പോകുമ്പോൾ ഈ കാളവണ്ടികൾ മാത്രമാണ് ഒരു കൗതുകമായി ഉണ്ടാവുക. വലിയ മരങ്ങളേറ്റിയ വണ്ടികളും വലിച്ച് കാളകൾ നടക്കുന്നത് കാണുമ്പോൾ പക്ഷെ സങ്കടമാകും. അവയുടെ ശരീരത്തിലെ അടിയേറ്റ നീണ്ട പാടുകൾ കാണുമ്പോൾ യാതൊരു ദയയും ഇല്ലാതെയാണ് വണ്ടിക്കാർ പെരുമാറുന്നത് എന്നു തോന്നിപ്പോകും. പൂനൂർ വഴി കോഴിക്കോടേക്ക് സാധനങ്ങൾ വാങ്ങാൻ കാളവണ്ടികൾ നിരനിരയായി പോകുന്നതും ചിലപ്പോൾ കാണാറുണ്ട്.

നിത്യോപയോഗസാധനങ്ങളിൽ പച്ചക്കറികളും മീനുമാണ് പ്രധാന ഇനം. ഈറ്റ ഉണക്കി മെടഞ്ഞ കുട്ടകളിൽ മീൻ തലയിലേറ്റി നടക്കുന്നവരും ഒരിടത്ത് വെച്ചു വിൽക്കുന്നവരും ഉണ്ട്. വല്ലപ്പോഴും ഒരു മുണ്ടോ തോർത്തുമുണ്ടോ ഒക്കെയാണ് ഞങ്ങളൊക്കെ ചന്തയിൽ നിന്നും ആകെ വാങ്ങിയിട്ടുണ്ടാവുക. സ്വന്തം വീടുകളിലെ തറികളിൽ നൂൽനൂറ്റ് വസ്ത്രം നെയ്യുന്ന പരമ്പരാഗത നെയ്ത്തുകാരും വസ്ത്രവ്യാപാരികളും ആയ ചാലിയന്മാർ ആണ് മുണ്ടും തോർത്തുമൊക്കെ വിൽക്കുക. അക്കാലത്തെ വിശേഷപ്പെട്ട ഒരു വസ്ത്രമാണ് ചാലിയന്മാർ കൊണ്ടുവരുന്ന ഈ മുണ്ട്. തുടക്കത്തിൽ അഞ്ചു രൂപ പറയും, ഒടുക്കം അഞ്ചു പൈസക്ക് കിട്ടും എന്നാണ് ഈ തുണിക്കച്ചവടത്തെ കുറിച്ച് നാട്ടിൽ പറയാറ്. ചെട്ട്യാരുടെ മുണ്ട് കൊള്ളാൻ പോയപോലെ എന്നൊരു പ്രയോഗം തന്നെ നാട്ടിൽ പ്രചാരത്തിൽ ഉണ്ട്. വാങ്ങാനെത്തുന്നവരെ സംസാരിച്ചു പാട്ടിലാക്കാൻ കഴിവുള്ളവരായിരുന്നു ഈ കച്ചവടക്കാർ. വിലപേശാൻ അറിയില്ലെങ്കിൽ പെട്ടുപോകും. പലർക്കും പല വില ഈടാക്കി വിൽക്കുന്നത് കൊണ്ടുള്ള കശപിശകൾ ഉണ്ടാകും. വില ഒക്കാതെ വാങ്ങാതെ തിരിച്ചുപോന്നാൽ കച്ചവടക്കാർ പിന്നാലെ വന്നു കൂടും. ചിലപ്പോൾ നമ്മൾ പറഞ്ഞ വിലക്കുതന്നെ സാധനങ്ങൾ തരികയും ചെയ്യും. ചന്തയിലെ ദീർഘകാലത്തെ അനുഭവത്തിലൂടെയാണ് ഈ അടവുകളൊക്കെ ഒരാൾ പഠിക്കുക. സ്വല്പം വിലകൂടിയ സാധനങ്ങൾ വാങ്ങേണ്ടി വന്നാൽ അനുഭവസ്ഥരായ ആളുകളെയും കൂടെ കൂട്ടും, ചെട്ട്യാരുടെ മുണ്ടു കൊള്ളാൻ പോയ പോലെ ആകേണ്ടല്ലോ എന്നു കരുതി.

ചക്കക്ക് പേരുകേട്ട സ്ഥലമാണ് പൂനൂർ. ഇവിടുത്തെ ചക്കയുടെ മധുരം പുകൾ പെറ്റതുമാണ്. ചക്കയുടെ വ്യാപനത്തിന് നാട്ടിലെ ദാരിദ്ര്യവും പ്രധാന കാരണമായിരുന്നു. ചന്തയിൽ ഏറ്റവും വിലകുറഞ്ഞു കിട്ടുന്ന വിഭവങ്ങൾ ചക്കയും പൂളയും ആയിരുന്നു. ചക്കപ്പുനൂർ എന്നൊരു പേര് തന്നെ പൂനൂരിനുണ്ട്. നാടൻ തറി മരുന്നുകളുടെ വിൽപ്പനയാണ് ചന്തയിലെ പ്രധാന കച്ചവടങ്ങളിലൊന്ന്. അലോപ്പതി ചികിത്സ വ്യാപകമല്ലാത്തതിനാൽ നാടൻ മരുന്നുകളെയാണ് ജനങ്ങൾ പൊതുവെ ആശ്രയിച്ചിരുന്നത്. പനി, തൊണ്ട സംബന്ധമായ അസുഖങ്ങൾ, ശാരീരിക വേദന, വയറു വേദന, കുട്ടികളുടെ അസുഖങ്ങൾ എന്നിവക്കൊക്കെ ആവശ്യമായ നാടൻ മരുന്നുകൾ വീടുകളിൽ സൂക്ഷിച്ചു വെക്കുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ മരുന്ന് കച്ചവടം സാമാന്യം നന്നായി നടക്കും. പൂനൂരിന്റെ പേര് തന്നെ പുറം ലോകം അറിയാൻ കാരണമാകുന്ന വിധത്തിൽ ഈ നാടൻ മരുന്നു കച്ചവടം വലുതായി. 1950 കളുടെ തുടക്കത്തിൽ പൂനൂർ കേന്ദ്രമായി ദേശീയ ആയുർവേദ ഫാർമസി സ്ഥാപിച്ചതോടെ, ആയുർവേദ മരുന്ന് ഉല്പാദന രംഗത്ത് പൂനൂർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇന്നിപ്പോൾ നിരവധി ബ്രാഞ്ചുകൾ ഉള്ള വലിയ വ്യവസായമാണ് പൂനൂരിലെ ആയുർവേദ മരുന്ന് നിർമ്മാണം. ഞാറപ്പൊയിൽ കൊയാലി ഹാജി എന്നയാളായിരുന്നു ഇതിന്റെ തുടക്കക്കാരൻ. ചന്ത കഴിഞ്ഞാൽ പിന്നെ അങ്ങാടി ഒഴിയും. അടുത്ത രണ്ടു മൂന്നു ദിവസം സ്ഥിരം കടകളിലും കച്ചവടം കുറയും. വെള്ളിയാഴ്ച ദിവസങ്ങളിൽ പൊതുവെ കടകൾ അടച്ചിടുന്ന പതിവുണ്ടായിരുന്നു. പിന്നെ അടുത്ത ശനിയാഴ്ചയാകുമ്പോഴേക്കും അങ്ങാടി വീണ്ടും പതിയെ ജീവൻവെച്ചു തുടങ്ങും.

ആവുപ്പാട്ടെ നേർച്ചയായിരുന്നു ജനങ്ങൾ ഒരുമിച്ചു കൂടിയിരുന്ന മറ്റൊരിടം. വടകരക്കാരനായ സയ്യിദ് അബൂബക്കർ കോയ തങ്ങൾ തങ്ങളുടെ പേരിൽ നടക്കുന്ന ആണ്ടു നേർച്ചയാണിത്. നേർച്ചയിൽ പങ്കെടുക്കാൻ വിവിധ നാടുകളിൽ നിന്നും നാനാജാതി മതസ്ഥർ എത്തും. കുംഭം പതിനാലിനാണ് നേർച്ച തുടങ്ങുക. ആവുപ്പാട്ടെ വിശാലമായ വയലിൽ ആണ് നേർച്ച നടക്കുക. ആവുപ്പാട്ടേക്ക് കോഴികളെ നേർച്ചയാക്കുന്ന പതിവുണ്ട്. ആവുപ്പാട്ടെ നേർച്ച എന്നു പറയുമ്പോൾ വയലിൽ നിറഞ്ഞു നിൽക്കുന്ന കോഴികളെയാണ് ആദ്യം ഓർമ്മ വരിക. പലനിറത്തിലുള്ള കോഴികളെ കൊണ്ടു നിറഞ്ഞ പാടം. മഞ്ഞച്ചോറും ഇറച്ചിക്കറിയും ആണ് അന്നദാനത്തിനുണ്ടാവുക. പാളയിലാണ് ചോറും കറിയും വിളമ്പുക. അതിനായി പാളയും എടുത്താണ് ആളുകൾ നേർച്ചക്ക് വരിക. ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും ഉണ്ടായിരുന്ന അക്കാലത്ത് ഇതു ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. നേർച്ചയായി കിട്ടിയ സാധനങ്ങൾ തീരുന്നത് വരെ ഭക്ഷണം വെക്കുന്നതായിരുന്നു പതിവ്. അത്രയും ദിവസം നേർച്ചയും നീണ്ടു നിൽക്കും. അബൂബക്കർ കോയ തങ്ങളുടെ പേരിൽ നാട്ടുമുഖ്യനായിരുന്ന കുന്നത്ത് ചന്തു നായർ എന്നൊരാൾ ഒരു ചാക്ക് അരി നേർച്ചയാക്കിയാണ് നേർച്ച തുടങ്ങിയത് എന്ന് പറയപ്പെടുന്നു. ഇതു പിന്നീട് നാട്ടുകാർ ഏറ്റെടുത്തു. ആർ. മരക്കാർ ഹാജി നേര്ച്ച ഏറ്റെടുത്തപ്പോൾ ഒരിക്കൽ തളികയിൽ ചോറ് വിളമ്പി. ആവി പറക്കുന്ന ചോറാണ്. വിളമ്പി വെക്കുമ്പോഴേക്കും ആളുകൾ പിടിച്ചു പറിച്ചു കൊണ്ടുപോകും. പലർക്കും ഭക്ഷണം കിട്ടാതെ വന്നു. ആളുകൾ രോഷാകുലരായി. മരക്കാർ ഹാജി ആളുകളെ വയൽ കരയിലെ പള്ളിമുറ്റത്ത് ഒരുമിച്ചു കൂട്ടി. നേർച്ച ഏറ്റെടുക്കാൻ തയ്യാറുള്ളവർ ഉണ്ടെങ്കിൽ ഏറ്റെടുത്തോളൂ എന്നു പറഞ്ഞു. ആരും മുന്നോട്ടു വന്നില്ല. നേർച്ച പഴയതുപോലെ തന്നെ തുടർന്നു. നേര്ച്ച നിയന്ത്രിക്കാൻ ഇഖാസ് എന്നു പേരുള്ള ഒരാൾ വലിയ മുട്ടൻ വടിയുമെടുത്ത് നിൽക്കുന്നുണ്ടാകും. തിരക്ക് കൂട്ടുന്നവരെയും വരി തെറ്റിക്കുന്നവരെയും ഇഖാസ് പിടിച്ചു പുറത്താക്കും. നേർച്ചയോടനുബന്ധിച്ചു രാത്രി വഅളുകൾ ഉണ്ടാകും. തഴവ മുഹമ്മദ് കുഞ്ഞി മൗലവി, പൂന്താനം അബ്ദുല്ല മുസ്‌ലിയാർ, വയിലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി, കെ. എം. കെ. മൗലവി ശുകപുരം തുടങ്ങി ധാരാളം ആളുകൾ ആവുപ്പാട്ട് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. പരിസരത്തെ ധാരാളം സ്ഥലങ്ങളിൽ ചെറിയമട്ടത്തിൽ ഇപ്പോഴും ആവുപ്പാട്ട് നേര്ച്ച നടക്കുന്നുണ്ട്.

താമരശ്ശേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അവേലത്ത് അങ്ങാടിയിൽ ഒരു പൊതു റേഡിയോ ഉണ്ടായിരുന്നു. വാർത്തകൾ കേൾക്കാൻ അവിടെ ആളുകൾ കൂടി നിൽക്കും. ഒരു രത്നഭായി ആണ് വാർത്തകൾ വായിച്ചിരുന്നത്. കോൺഗ്രസ്സും മുസ്‌ലിം ലീഗും മാർക്സിസ്റ്റുകാരും ഉണ്ടായിരുന്ന പൂനൂരിൽ, കോൺഗ്രസ്സുകാർക്കായിരുന്നു അല്പം മേൽകൈ. സാമ്പത്തികമായി കഴിവുള്ളവരൊക്കെ കോൺഗ്രസ്സായപ്പോൾ അവരെ ആശ്രയിച്ചു കഴിഞ്ഞവരും അതിന്റെ അനുഭാവികളായിത്തീർന്നു. എന്നാൽ കൊടുവള്ളിയോട് ചേർന്ന ഭാഗങ്ങളിൽ ആയിരുന്നു മാർക്സിസ്റുകാർക്ക് സ്വാധീനം ഉണ്ടായിരുന്നത്. ബാഫഖി തങ്ങളോടുള്ള അനുഭൂതിയാണ് മുസ്ലിം ലീഗിന്റെ വളർച്ചക്ക് വഴിവെച്ചത്. അവേലത്ത് തങ്ങൾ മുസ്ലിം ലീഗ് യൂണിറ്റ് തുടങ്ങിയ കാര്യം മുമ്പ് പറഞ്ഞിരുന്നല്ലോ. അതോടെയാണ് ലീഗിന്റെ പരിപാടികൾ സജീവമായി നടക്കാൻ തുടങ്ങിയത്. ഇതിനു സമാന്തരമായി ലീഗിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ കോൺഗ്രസുകാരും പരിപാടികൾ സംഘടിപ്പിച്ചു.

എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവർത്തനം. തോട്ടമുടമകളുമായി കൂട്ടുകൂടുന്ന രാഷ്ട്രീയക്കാർക്കെതിരെ തൊഴിലാളികൾ രോഷാകുലരാകുന്നതൊക്കെ കണ്ടിട്ടുണ്ട്. എം പി മൊയ്‌ദീൻ ആയിരുന്നു എസ്റ്റേറ്റിലെ കോൺഗ്രസ് നേതാവ്. അവേലത്തെ തങ്ങൾ, കലന്തൻകുട്ടി ഹാജി, അബ്ദുറഹിമാൻ കുട്ടി ഹാജി തുടങ്ങിയവർ ലീഗിന്റെയും. ഇരുകൂട്ടരും മത്സരിച്ചായിരുന്നു സമ്മേളനങ്ങൾ നടത്തിയതും നേതാക്കളെ കൊണ്ടുവന്നതും. ഐ എൻ ടി യു സിയുടെ സ്ഥാപക നേതാവായ ആബിദ് അലി ജാഫർ ഭായ് പൂനൂരിൽ വന്നത് ഓർക്കുന്നുണ്ട്.

വിശാലമായ പൂനൂരിന്റെ ഭാഗമാണ് കാന്തപുരവും. ചീനിമുക്കിനോട് ചേർന്നുള്ള ഇമ്പിച്ചി മൊയ്‌ദീൻ ഹാജിയുടെ പഴയ തറവാട് ആയിരുന്നു അക്കാലത്തെ പൂനൂരിലെ അധികാര കേന്ദ്രം. പ്രതാപം വിളിച്ചോതുന്ന ആ തറവാടിനോട് ചേർന്നു മനോഹരമായ ഒരു പൂന്തോട്ടവും ഉണ്ടായിരുന്നു. കണ്ടു പരിചയിച്ചിട്ടില്ലാത്ത, ആരെയും ആകർഷിക്കുന്ന പല നിറങ്ങളിലുള്ള പൂവുകൾ. അതിനു നടുവിൽ ഒരു ഫൗണ്ടനും. അതിൽ നിന്നൊരു പൂവുകിട്ടാൻ കുട്ടികൾ കുറേ നേരം കാത്തു നിൽക്കും. പക്ഷേ പാറാവുകാർ അവരെ ആട്ടിയോടിക്കും. തറവാടിനും നാട്ടുകാർക്കുമിടയിലെ മതിലു പോലെയായിരുന്നു ആ പൂന്തോട്ടം. റമളാനിൽ മാത്രമായിരുന്നു അതിന്റെയടുത്തേക്ക് സാധാരണക്കാർക്ക് പ്രവേശം. അതും അകത്തേക്കില്ല. മതിലിലെ ഗെയ്റ്റിന്റെ വിടവിലൂടെ കൈ അകത്തേക്കിട്ടാണ് ആളുകൾ സ്വദഖകൾ വാങ്ങിയിരുന്നത്. കുലച്ചു തൂങ്ങുന്ന മാങ്ങകൾ ആണ് തോട്ടത്തിലെ മറ്റൊരു ആകർഷണം. ആ മാങ്ങ തിന്നവരൊക്കെ അതിന്റെ മധുരത്തെ പറ്റി പറയാറുണ്ടായിരുന്നു. ആഴ്ച ചന്ത നടക്കുന്ന ഞായറാഴ്ച ദിവസം റോഡിന്റെ എതിർവശത്തു നിന്ന് ആളുകൾ ഈ കാഴ്ചകളൊക്കെ കണ്ടു പോകും. കുട്ടിക്കാലത്ത് ദൂരെനിന്നും ഞാനും ആ പൂന്തോട്ടം നോക്കിനിന്നിട്ടുണ്ട്. മങ്ങാട്ട് മുദരിസ് ആയിരുന്ന സമയത്താണ് ആ പൂന്തോട്ടം അടുത്തു നിന്നും കണ്ടത്. അപ്പോഴേക്കും ചെടികളൊക്കെ വാടി, പഴയ ഭംഗിയൊക്കെ മങ്ങി ത്തുടങ്ങിയിരുന്നു. വർഷങ്ങൾ പിന്നെയും കഴിഞ്ഞോരുനാൾ ആ തറവാട് വിൽക്കുന്നുണ്ടെന്ന് കേട്ടു. പോയി വിലയുറപ്പിച്ചു. മർകസിനു കീഴിലെ സെന്റർ ഓഫ് എക്സലൻസ് ആയി ഒരു സ്ഥാപനം 2000 ൽ അവിടെ തുടങ്ങി. പൂന്തോട്ടവും മാവും എല്ലാവർക്കുമായി തുറന്നു കൊടുത്തു. പൊളിഞ്ഞു തുടങ്ങിയ മൊയ്‌ദീൻ ഹാജിയുടെ തറവാട്ടിൽ തന്നെയായിരുന്നു ആദ്യത്തെ ഒന്നു രണ്ടു ബാച്ചുകൾ താമസിച്ചു പഠിച്ചത്. പുതിയ ബിൽഡിങ് കെട്ടിയപ്പോൾ ആ തറവാട് പൊളിച്ചു മാറ്റി. മർകസ് ഗാർഡൻ എന്ന് ആ കാമ്പസിനു പേരുമിട്ടു. മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യത്തെയും ആധുനിക സർവകലാശാല വിദ്യാഭ്യാസത്തെയും ഒരേ സമയം ചേർത്തിണക്കിയ മർകസ് ഗാർഡനിലെ പഠന രീതി ഇതിനോടകം തന്നെ അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റി ക്കഴിഞ്ഞു. പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കലായിരുന്നു ഒരു കാലത്തെ മർകസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഊന്നൽ. അതിൽ നിന്നും മാറി വൈജ്ഞാനിക മേഖലയിലെ ഇടപെടലായി ഇന്നത് വികസിച്ചിരിക്കുന്നു എന്നത് മർകസിന്റെ അധ്വാനങ്ങൾ ലക്ഷ്യപ്രാപ്തിയിൽ എത്തുന്നുവെന്നതിന്റെ അടയാളമാണ്.

(കോഴിക്കോട് മലൈബാർ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘വിശ്വാസപൂർവം’ എന്ന ആത്മകഥയിൽനിന്ന്)

Comments