Photo : Arun Inham

കരിപ്പൂരിൽ മുജാഹിദുകൾ
സമ്മേളിക്കുമ്പോൾ

‘‘രാഷ്ട്രീയ സമ്മർദ്ദങ്ങളും ദേശീയതയുടെ കാറ്റിന്റെ ഗതിയും, മുഖ്യധാരയിൽനിന്ന് അപരവൽക്കരിക്കപ്പെടുന്നതിലുള്ള വിഹ്വലതകളും ചേർന്നുള്ള വിചിത്രസന്ധിയിലാണ്, മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഏറ്റവും ഒടുവിലത്തെ കൈവഴിയായ ഒരു ഫ്രാക്ഷന്റെ സംസ്ഥാന സമ്മേളനം വിപുലമായ പരിപാടികളോടെ, കരിപ്പൂരിലെത്തുന്നത്’’- പി.പി. ഷാനവാസ് എഴുതുന്ന ‘ഖയാൽ കെസ്സ്‌ കിസ്സ’ തുടരുന്നു.

ഖയാൽ കെസ്സ്‌ കിസ്സ-17

If Simorgh unveils its face to you,
you will find
that all the birds,
be they thirty or forty or more,
are but the shadows cast by that unveiling.
What shadow is ever
separated from its maker?
Do you see?
The shadow and its maker are
one and the same,
so get over surfaces and
delve into mysteries.

Conference of Birds..
Farid'udheen Attar.
Persian Sufi poet of 11th century.

കേരളത്തിലെ ഇസ്‍ലാഹി നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഒരറ്റത്താണ് കേരള നദ് വത്തുൽ മുജാഹിദീനിൽ നിന്ന് തുടക്കം കുറിച്ച മുജാഹിദ് പ്രസ്ഥാനങ്ങൾ നിലകൊള്ളുന്നത്. വക്കം മൗലവിയുടെ നവോത്ഥാന സംരംഭങ്ങൾ, കൊടുങ്ങല്ലൂരിലെ മുസ്‍ലിം ഐക്യ സമ്മേളനം, അരീക്കോട്ടെ മുസ്‌ലിം വിദ്യാഭ്യാസ മുന്നാക്കങ്ങൾ എന്നിവയുടെ ആകത്തുകയായാണ് ഇന്നു പല കഷ്ണങ്ങളായി മാറിയ, സലഫിസവും സൂഫിസവുമായി സംവാദസ്ഥലങ്ങൾ പങ്കുവയ്ക്കുന്ന, മുജാഹിദ് പ്രസ്ഥാനങ്ങൾ ഉടലെടുത്തത്.

നാല് ഇമാമുകളിൽ പ്രമുഖമായ ഷാഫി ഇമാമിന്റെ മദ്ഹബിനെ പിൻപറ്റി ജീവിതം നയിച്ചുവന്ന കേരളത്തിലെ സുന്നികൾ എന്നറിയപ്പെടുന്ന മുസ്‍ലിംകൾക്കിടയിൽ, ആധുനികതയെ സ്വാഗതം ചെയ്യാൻ സ്വാഭാവികമായ നിലയിൽ രൂപംകൊണ്ടതാണ് മുജാഹിദ് പ്രസ്ഥാനങ്ങൾ. കേരളത്തിലെ സുന്നി മുസ്‍ലിംകൾ, തങ്ങൾക്ക് പൊന്നാനിയിലെ മഖ്ദൂം കളരിയിൽനിന്ന് പകർന്നു കിട്ടിയ ഷാഫി മദ്ഹബിനെ പിൻപറ്റികൊണ്ടുള്ള ജീവിതം നയിക്കുമ്പോഴും, അവരുടെ വിശ്വാസത്തിലും സൂക്ഷ്മതയിലും ‘തസ്സവുഫ്' എന്നറിയപ്പെടുന്ന സൂഫി ജീവിതസംസ്കാരത്തെയാണ് പിന്തുടർന്നത്. ദിക്റും ഷുക്റും ഫിക്‌റും (സ്മരണയും കൃതജ്ഞതയും ചിന്തനവും) എന്ന നിലയിൽ ദൈവസ്മരണയുടെ സൂക്ഷ്മതകൾ അവർക്കു പകർന്നത് മിക്കവാറും മുഹിയുദ്ദീൻ ശൈഖിന്റെ കാലം മുതലുള്ള സൂഫീ മഹാത്മാക്കളാണ്. ധാരാളം ഷൈഖുമാരും മഷായിഖുകളും പീറുമാരും തങ്ങന്മാരും അടങ്ങുന്ന ഇവരാണ് മുസ്‍ലിംകളുടെ ജീവിത പ്രത്യാശയുടെയും വിശ്വാസമഹത്വത്തിന്റെയും ചെരാതുകൾ കൊളുത്തിവെച്ചത്. ഈ മഹാത്മാക്കളുടെ സമാധികളായ മഖാമുകളിൽ സന്ദർശനം ഉൾക്കൊള്ളുന്ന പരമ്പരാഗത വിശ്വാസ ജീവിതശൈലികൾ, മാറിയ സമൂഹത്തിൽ രൂപംകൊണ്ട പുത്തൻ വിജ്ഞാനങ്ങളെയും സാങ്കേതിക വിദ്യാവികാസങ്ങളെയും ഉൾക്കൊള്ളാൻ പോരാത്ത നിലയിൽ അടഞ്ഞതായി തോന്നിയപ്പോഴാണ്, നവോത്ഥാനത്തിന്റെ ‘വെളിച്ചം നഗറു’കളായി ഇസ്‌ലാഹി പ്രസ്ഥാനങ്ങൾ വളർന്നുവന്നത്.

പരമ്പരാഗത ജീവിതാനുഭവങ്ങളോടും ജീർണതയിലേക്കു കൂപ്പുകുത്തിയ ശാഫി മദ്ഹബിലെ ശുദ്ധിയും വൃത്തിയും സംബന്ധിച്ച കാര്യങ്ങളോടും പ്രതികരിച്ച്, പഴഞ്ചൻ ജീവിതശൈലി വെടിഞ്ഞ്, പുതിയ വൃത്തിയും വെടിപ്പും കണിശതയും കണ്ടെത്തേണ്ടതാവശ്യമാണെന്ന ആഹ്വാനവുമായാണ് മുജാഹിദുകൾ കടന്നുവന്നത്. ആധുനിക വിദ്യാഭ്യാസത്തോടൊപ്പം പെൺകൂട്ടായ്മളോടും വിശാലമായ സമീപനങ്ങൾ കൈകൊണ്ടുകൊണ്ട്, സൗദി അറേബ്യയിൽ  ഉയർന്നുവന്ന അബ്ദുൽ വഹാബിന്റെ ഗ്രന്ഥവ്യാഖ്യാനത്തോടു ചേർന്നുനിന്ന മുജാഹിദുകളെ, അക്കാരണത്താലാണ് വഹാബികൾ എന്നു വിളിച്ചത്. അങ്ങനെയാണ്, ആയിഷ ലല്ലബിയും ഞാനും, യു.പി സ്കൂളിലെ രണ്ടാം ഭാഷാക്ലാസിൽ അറബിക്കുട്ടികളോടൊപ്പം പോകാതെ, ഹിന്ദുക്കുട്ടികളുടെ കൂടെയിരുന്ന് രണ്ടാം ഭാഷയായ മലയാളത്തിൽ പ്രവീണരായത്. മദ്രസകളിൽ സമസ്തയുടെ സിലബസിലുള്ള അറബി മലയാളത്തിലുള്ള പാഠപുസ്തകങ്ങൾക്കുപകരം ഇസ്‍ലാമും ദീനും മലയാളത്തിൽ തന്നെ പഠിപ്പിക്കുവാനുള്ള ധീരതയും മുജാഹിദ് പ്രസ്ഥാനം കാണിച്ചു.

പഴയകാല മുജാഹിദ് സമ്മേളനങ്ങളിൽ നിന്ന് / Photo : Renai TV, FB

സമ്മേളനങ്ങളിലും കൂടിച്ചേരലുകളിലും പുതിയൊരു സംസ്കാരം മുസ്‍ലിംകൾക്കിടയിൽ മുജാഹിദ് മുന്നോട്ടുവച്ചു. താടിയും തൊപ്പിയുമിട്ട്, വെള്ള വസ്ത്രങ്ങൾ ധരിച്ച്, മുഹിയുദ്ദീൻ ശൈഖിന്റെ പന്ത്രണ്ടാം നൂറ്റാണ്ടിലെ ബാഗ്ദാദിലെ നിസാമി സർവകലാശാലയിലെ വേഷഭൂഷാദികൾ അനുകരിച്ച് ജീവിതം നയിച്ച മുസ്‌ലിയാർ വിഭാഗത്തിനെ പരിഷ്ക്കരിക്കാനെന്നോണം, പാശ്ചാത്യ സ്വഭാവത്തിൽ ഷർട്ടും പാൻറും ധരിച്ച സാധാരണ വേഷത്തിലുള്ള പണ്ഡിതസമൂഹത്തിനെ മുജാഹിദ് സൃഷ്ടിച്ചു. ഖാളി, ഖതീബ്, മൊല്ല തുടങ്ങിയ പരമ്പരാഗത മതനേതൃത്വത്തിനു പകരം, ചെറുപ്പക്കാരായ പണ്ഡിതരെ സംഗമങ്ങൾക്കും നമസ്ക്കാരങ്ങൾക്കും നേതൃത്വമേൽപ്പിച്ചു. എത്രയോ ചെറുപ്പക്കാർ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. വിദ്യാഭ്യാസത്തിനും വായനയ്ക്കും പുതിയ പ്രോത്സാഹനാന്തരീക്ഷമുണ്ടായി. മലബാറിലെ ഫാറൂഖ് കോളേജ്, പി എസ് എം ഒ കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ തൊട്ട് എം ഇ എസ് പ്രസ്ഥാനം വരെയും ഇസ്‍ലാഹി പ്രസ്ഥാനത്തിന്റെ
ബാക്കിപത്രങ്ങളായി. സർ സയ്യിദ് അഹമ്മദ് ഖാൻ, വക്കം മൗലവി, സി. എൻ. അഹമ്മദ്‌ മൗലവി, സനാവുള്ള മക്തി തങ്ങൾ തുടങ്ങിയവർ ബീജാവാപം ചെയ്ത മുസ്‌ലിം നവോത്ഥാനത്തിന്റെ, മതത്തിലെ മാനിഫെസ്റ്റേഷനായിവേണം മുജാഹിദ് മൂവ്മെന്റിനെ കാണാൻ.

ഫാറൂഖ് കോളേജ്

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെ യുക്തിപൂർവ്വം കാണാനും ശാസ്ത്രസത്യങ്ങളെയും ചരിത്രപരമായ കണ്ടെത്തലുകളെയും തങ്ങളുടെ വേദവുമായി താരതമ്യം ചെയ്തു മനസ്സിലാക്കാനും ആവശ്യമായിടത്ത് പരിഷ്കരിക്കാനും അവ്യക്തമായ ഇടങ്ങളിൽ നിന്ന് മാറിനിൽക്കാനുമുള്ള യുക്തിയുടെ വെളിച്ചം വിശ്വാസത്തിന്റെ തീരഭൂമിയിൽ പ്രദാനം ചെയ്യാൻ മുജാഹിദ് പ്രസ്ഥാനത്തിനു കഴിഞ്ഞു.

ആദ്യകാലങ്ങളിലൊന്നിൽ, ഫറോക്ക് ചുങ്കത്തിനും രാമനാട്ടുകരയ്ക്കും ഇടയ്ക്കുള്ള വേനൽകാലത്തെ ഒഴിഞ്ഞ വയലേലകളിൽ, ടാർപായ കൊണ്ടു നിർമിച്ച കൃത്രിമ ജലാശയങ്ങളും, ആയിരങ്ങൾക്ക് ഒരുമിച്ച് പ്രസംഗം കേൾക്കാനും സമയമാകുമ്പോൾ നമസ്കാരം നിർവഹിക്കാനും പാകത്തിൽ പണിത വിശാലമായ പന്തലുകളും, നിരവധി പേർക്ക് ഒന്നിച്ചിരിക്കാവുന്ന ദൂരെ നിന്നുപോലും കാണാവുന്ന ഉയർത്തിക്കെട്ടിയ വേദിയുമെല്ലാം, ഉപ്പയുടെ കൈപിടിച്ചു നടന്നു കണ്ടപ്പോൾ, ഞാനാരാണെന്നോ, എന്തുകൊണ്ട് ഇവിടെയെത്തിച്ചേരേണ്ടി വന്നുവെന്നോ, ഉപ്പ എന്തിനാണ് ഇവിടെ കുട്ടിയായ എന്നെ കൂട്ടികൊണ്ടു വന്നതെന്നോ ആലോചിക്കാനുള്ള തലവെളിച്ചമില്ലായിരുന്നു. ചന്ദ്രമാസ കലണ്ടർ പിൻപറ്റിയുള്ള മാസപ്പിറവി നിശ്ചയിക്കുന്നതിനെക്കുറിച്ചുള്ള പരമ്പരാഗത സുന്നി രീതിയും മുജാഹിദിന്റെ യുക്തിയും തമ്മിലുള്ള തർക്കങ്ങൾ, പെരുന്നാളാഘോഷങ്ങൾ നഷ്ടപ്പെടുത്തുന്നതിലേക്കു നയിച്ചത് അങ്കലാപ്പുകളായിരുന്നു.

2016 ഡിസംബർ 20 ന് കോഴിക്കോട് കടപ്പുറത്ത് നടന്ന മുജാഹിദ് ലയനസമ്മേളനം

സ്വന്തം സാംസ്കാരിക ജീവിതം അന്യമായി എന്നുമാത്രമല്ല, മാപ്പിളപ്പാട്ടിന്റെയും മോയിൻകുട്ടി വൈദ്യരുടെയും മാലപ്പാട്ടുകളുടെയും മൗലീദുകളുടെയും പ്രവാചകപ്രേമത്തിന്റെയും ഹൃദയഭൂമികകൾ മസ്തിഷ്ക പ്രദേശം കയ്യേറ്റം ചെയ്യുകയും ചെയ്തു. ശാസ്ത്രവും മതവും എന്ന പിളർപ്പിൽ, ആത്മീയതയും ഭൗതികതയും എന്ന നാണയക്കൈമാറ്റത്തിൽ, പാശ്ചാത്യവും പൗരസ്ത്യവും എന്ന വിഭജനത്തുലാസിൽ, പതുക്കെ പടിഞ്ഞാറിനോടു മാത്രം ആഭിമുഖ്യമുള്ള ഒരു മനസ്സിനുടമയായി. ഈ അപകർഷം മാറി തന്നിലേക്കുതന്നെ തിരിച്ചെത്താൻ ഏറെ യാത്രകൾ വേണ്ടിവന്നു.

എല്ലാ ആധുനികതാപ്രസ്ഥാനങ്ങൾ പോലെയും, സാംസ്കാരികജീവിയെ അവരുടെ പാരമ്പര്യങ്ങളുടെ നങ്കൂരങ്ങൾ നഷ്ടപ്പെടുത്തുന്നതിലേക്കാണ് ഇതെല്ലാം നയിച്ചത്. കാർഷിക പ്രധാനമായ ജീവിതത്തിൽനിന്ന് മുതലാളിത്ത ക്രമത്തിലേക്കുള്ള പരിണാമത്തിനെ അടയാളപ്പെടുത്തുവാനെന്നോണം. ഒരു ജനത എങ്ങനെയാണ് തങ്ങളുടെ പാരമ്പര്യങ്ങളോടു കണക്കുതീർക്കേണ്ടതെന്നും, പുതുതായി നിലവിൽ വന്നെത്തുന്ന പാശ്ചാത്യ ആധുനികതയെ സ്വാംശീകരിക്കേണ്ടത് ഏതുവിധമെന്നും സംബന്ധിച്ച സന്ധികളിൽ നിന്ന്, തങ്ങളുടെ വേദങ്ങളെയും അതിന്റെ ചുറ്റുവട്ടത്തുള്ള പാണ്ഡിത്യത്തെയും പുനർവായന നടത്തേണ്ടി വരിക എന്ന നിലയിൽ.

തത്വചിന്തയും സാംസ്കാരിക ജീവിതവും, രാഷ്ട്രീയത്തിനും ആധുനികതയ്ക്കും വഴിമാറുന്ന സന്ധിയെ മുജാഹിദ് പ്രസ്ഥാനങ്ങൾ പ്രതിനിധീകരിച്ചു. വായ്മൊഴി പാരമ്പര്യങ്ങളിൽ നിന്ന് രേഖകളുടെയും വേദപ്രാമാണ്യത്തിന്റെയും 'ബ്രാഹ്മണ്യ'ത്തിലേക്ക് ഇതു നയിച്ചു. നജാദിൽ നിന്ന് മുളയ്ക്കുന്നുണ്ടെന്ന് നബി വിശേഷിപ്പിച്ച കൊമ്പ്, പണ്ഡിത പ്രാമാണ്യത്തിലൂന്നിയ ഇസ്‍ലാഹി പ്രസ്ഥാനം പ്രതിനിധീകരിച്ചോ? യമനിൽ നിന്നു വരുന്ന, നബി പറഞ്ഞ കാറ്റിന്റെ തസവ്വുഫ് മുസ്‍ലിം ജീവിതത്തിൽ അന്യമായോ?

Photo : KNM Markazudawa

സൂഫിസവും സലഫിസവുമായി ഇസ്‍ലാമിന്റെ തത്വചിന്ത പിളർന്നു. പരിഷ്കരണ സംരംഭങ്ങളിൽ ദേശ-രാഷ്ട്രത്തിന്റെ രാഷ്ട്രീയം പിടിമുറുക്കി. അന്തർദേശീയ സലഫി ആശയങ്ങളുമായി വന്നുപെട്ട ആശയബാന്ധവം, സ്വന്തം ലക്ഷ്യങ്ങൾ മറയ്ക്കുന്നതിലേക്കും, ഇസ്‍ലാഹി പ്രസ്ഥാനങ്ങൾ ഒരു രാഷ്ട്രീയ സമൂഹമായി  സങ്കുചിതമാകുന്നതിലേക്കും നയിച്ചു. രാഷ്ട്രീയ സമ്മർദ്ദങ്ങളും ദേശീയതയുടെ കാറ്റിന്റെ ഗതിയും, മുഖ്യധാരയിൽനിന്ന് അപരവൽക്കരിക്കപ്പെടുന്നതിലുള്ള വിഹ്വലതകളും ചേർന്നുള്ള വിചിത്രസന്ധിയിലാണ്, മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഏറ്റവും ഒടുവിലത്തെ കൈവഴിയായ ഒരു ഫ്രാക്ഷന്റെ സംസ്ഥാന സമ്മേളനം വിപുലമായ പരിപാടികളോടെ, മലപ്പുറത്ത് കൊണ്ടോട്ടി കരിപ്പൂരിലെത്തുന്നത്.

ശരീരത്തെ നമാസ് ജീവിതത്തിലൂടെയും മനസ്സിനെ ബുദ്ധിയുടെ തലത്തിലുള്ള ആധുനിക വിദ്യാഭ്യാസ സ്വപ്നങ്ങളിലൂടെയും രൂപം കൊടുത്ത മനുഷ്യർ. അതിൽ നഷ്ടപ്പെട്ടേക്കാവുന്ന ആത്മാവിന്റെ ശാസ്ത്രത്തെപ്പറ്റി വീണ്ടുവിചാരം ആവശ്യമുണ്ട്. ഇസ്‍ലാമിൽ നിന്ന് ഈമാനിലേക്കും ഇഹ്സാനിലേക്കും തഖ്‌വയിലേക്കും തൗഹീദിലേക്കും എന്ന സൂഫിവഴിയ്ക്കു പകരം, തൗഹീദിൽ നിന്ന് ആരംഭിക്കുക എന്ന നിലയിൽ ശങ്കരാദ്വൈതികളായിത്തീർന്ന മുസ്‌ലിം ധാരയുടെ കഥയാണോ മുജാഹിദ് പ്രസ്ഥാനം? അത് പലനിലയിൽ ആത്മവിചാരം കൊണ്ട് മാറിപ്പിരിയുന്നതാണോ അതിന്റെ പുതിയ പൊട്ടിപ്പിളരുകൾ?

Comments