കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.ഐ മുദ്രയുള്ള മണ്ഡലമാണ്. 2006, 2011 വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ സി. ദിവാകരൻ വിജയിച്ച ഇവിടെ കഴിഞ്ഞ തവണ സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി ആർ. രാമചന്ദ്രനാണ് ജയിച്ചത്. 1759 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കോൺഗ്രസിലെ സി.ആർ. മഹേഷിനെ തോൽപ്പിച്ചത്. ബി.ഡി.ജെ.എസ് സ്ഥാനാർഥി വി. സദാശിവൻ 19088 വോട്ട് നേടിയിരുന്നു.
2006ൽ ദിവാകരന് 12,496, 2011ൽ 14,522 വോട്ടുകളുടെ വീതം ഭൂരിപക്ഷമുണ്ടായിരുന്നിടത്താണ് കഴിഞ്ഞതവണ കഷ്ടിച്ച് സി.പി.ഐ കടന്നുകൂടിയത്. കൊല്ലം ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളും നേടിയ എൽ.ഡി.എഫിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം കൂടിയായിരുന്നു ഇത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മണ്ഡലത്തിൽ 4780 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 14,774 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായി.
2016ന്റെ തനിയാവർത്തനമായിരിക്കും ഇത്തവണയും. ആർ. രാമചന്ദ്രൻ തന്നെ ഒരിക്കൽ കൂടി സി.പി.ഐ സ്ഥാനാർഥിയാകുമെന്നാണ് വിവരം. അദ്ദേഹമടക്കമുള്ളവർ ആ പ്രതീക്ഷയിലുമാണ്. "ഞാൻ ഒരു തവണ മാത്രമേ നിയമസഭയിലേക്ക് മൽസരിച്ചിട്ടുള്ളൂ, അതുകൊണ്ട് രണ്ടാമതൊരു തവണ കൂടി എന്നെ മൽസരിപ്പിക്കുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു' എന്നാണ് രാമചന്ദ്രൻ പറയുന്നത്. സി.ആർ. മഹേഷിനും കോൺഗ്രസിൽ ഇത്തവണ വെല്ലുവിളികളില്ല. കഴിഞ്ഞ തവണ മൽസരം കടുപ്പിക്കാൻ കഴിഞ്ഞത് കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ മഹേഷിന് മൽസരത്തിന്റെ രണ്ടാമൂഴം ലഭ്യമാക്കാനാണിട.
വായ്പ കുടിശ്ശികയായതിനെതുടർന്ന് സഹകരണബാങ്കിൽനിന്ന് മഹേഷിന്റെ കുടുംബത്തിന് ജപ്തിക്കുമുന്നോടിയായ നോട്ടീസ് ലഭിച്ചത് ഈയിടെ വാർത്തയായിരുന്നു. എന്നാൽ, മഹേഷിന്റെ പേരിൽ കടമില്ലെന്നും അദ്ദേഹം താമസിക്കുന്ന വീടും പുരയിടവും ജാമ്യവസ്തുവായി ബാങ്കിന് കൊടുത്തിട്ടില്ലെന്നും അദ്ദേഹം ജപ്തി നടപടിക്ക് വിധേയനാകേണ്ടതില്ലെന്നുമാണ് ഇടതുകേന്ദ്രങ്ങൾ പറയുന്നത്. കള്ളക്കഥയും കണ്ണീരുമായി വീണ്ടും സ്ഥാനാർഥിത്വം നേടാനുള്ള തന്ത്രമായാണ് ഇടതുപക്ഷം ഈ വാർത്തയെ കാണുന്നത്.
എന്നാൽ, എ.ഐ.സി.സി നിയോഗിച്ച ഏജൻസികൾ സമർപ്പിച്ച 100 കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയിൽ ഇവിടെനിന്ന് തൊടിയൂർ രാമചന്ദ്രന്റെ പേരാണുള്ളത്. കരുനാഗപ്പള്ളി ബിന്ദു ജയന് നൽകണമെന്ന ആവശ്യം മഹിള കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് അധികമായി ആവശ്യപ്പെടുന്ന സീറ്റിൽ ഒന്ന് കരുനാഗപ്പള്ളിയായിരിക്കുമെന്നും സൂചനയുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 20 ശതമാനത്തിലധികം വോട്ടു നേടിയ നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കരുനാഗപ്പള്ളി. അതുകൊണ്ട് മൽസരം കാര്യമായിട്ടെടുക്കാനാണ് പാർട്ടി തീരുമാനം. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിന് നൽകിയ കരുനാഗപ്പള്ളിയിൽ സ്വന്തം സ്ഥാനാർഥിയെ നിർത്താനാണ് ബി.ജെ.പി തീരുമാനം.
സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക സംഭവങ്ങൾക്ക് വേദിയായ മണ്ഡലം കൂടിയാണിത്. ബേബിജോൺ, പി.എസ്.
ശ്രീനിവാസൻ, ഇ. ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ പ്രതിനിധീകരിച്ച മണ്ഡലം. 1957 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ഏഴുതവണയും ജയിച്ചത് എൽ.ഡി.എഫ്. 1987നുശേഷം ഒരു തവണ മാത്രമാണ് എൽ.ഡി.എഫ് തോറ്റത്. 1970ൽ ആർ.എസ്.പി സ്ഥാനാർഥിയായ ബേബി ജോൺ സി.പി.എം സ്വതന്ത്രനായി മൽസരിച്ച പ്രശസ്ത കാഥികൻ വി. സാംബശിവനെയാണ് തോൽപ്പിച്ചത്; ഭൂരിപക്ഷം 12,576 വോട്ട്.
അന്ന് ആർ.എസ്.പി യു.ഡി.എഫിലായിരുന്നു. സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ടശേഷം കെ.ആർ. ഗൗരിയമ്മ രൂപീകരിച്ച ജെ.എസ്.എസ് 2001ൽ സി.പി.ഐയിൽനിന്ന് മണ്ഡലം പിടിച്ചെടുത്തു; രാജൻ ബാബുവാണ് അന്ന് ജയിച്ചത്. കശുവണ്ടി, കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന് കരുനാഗപ്പള്ളിയുടെമേൽ പ്രത്യേക ശ്രദ്ധയുമുണ്ട്.
കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ നാല് പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും കരുനാഗപ്പള്ളി നഗരസഭയിലും എൽ.ഡി.എഫാണ് ജയിച്ചത്.