എൻ.പി നിസ, കെ.ആർ. മീര, ബെന്യാമിൻ, സുസ്മേഷ് ചന്ദ്രോത്ത് എന്നിവർ തൃത്താലയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി രാജേഷിനു വേണ്ടി പ്രചാരണത്തിനെത്തിയപ്പോൾ

ഈ തിരഞ്ഞെടുപ്പും ഈ എഴുത്തുകാരും

എഴുപതുകളിലെ നക്‌സൽ ഉന്മൂലനത്തെ താൻ എതിർത്തു എന്ന് എഴുതും പറയും, എന്നാൽ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ വക വരുത്തിയ പാർട്ടിക്കു വേണ്ടി വോട്ട് ചോദിക്കാൻ ഒരു മടിയും കാണില്ല. അതാണ് നമ്മുടെ എഴുത്തുകാരുടെ റീഡേഴ്സ് ബാങ്കിന്റെ കളി.

ഴിഞ്ഞ പത്തുവർഷംകൊണ്ട് ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യത്തെ ഏക പാർട്ടി അധീശത്വത്തിന്റെ ആഖ്യാനമാക്കാൻ ആർ.എസ്.എസിന് കഴിയുകയായിരുന്നു, ഹിന്ദുത്വരാഷ്ട്രീയമായിരുന്നു അതിനവർ കണ്ടെത്തിയത്, പ്രത്യയശാസ്ത്രപരമായി അവർക്ക് അത് എളുപ്പവുമായിരുന്നു. എന്നാൽ, ജനാധിപത്യത്തിന്റെ ഈ ആർ.എസ്.എസ് നരേറ്റിവീലേക്ക് തങ്ങളുടെ രാഷ്ട്രീയത്തെയും ഇറക്കി നിർത്തി കളിക്കുക എന്ന ഏറ്റവും അപകടകരമായ ഒരു നിലപാട് ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെ രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികൾ, സി.പി.എമ്മും കോൺഗ്രസും സ്വീകരിച്ചു എന്നത് കാണാതിരുന്നൂകൂടാ. ഇതിൽ ഏറ്റവും പ്രകടവും നിന്ദ്യവുമായ "അടവുകൾ' എടുത്തത് സി.പി.എം ആയിരുന്നു. ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ജനാധിപത്യ അപചയത്തെ തങ്ങളുടെയും തങ്ങളുടെ പാർട്ടിയുടെയും സമ്പത്തിനും അധികാരത്തിനും വേണ്ടി ഉപയോഗിക്കാൻ യാതൊരു മടിയും ഈ കക്ഷിക്ക് ഉണ്ടായില്ല എന്നത് ഖേദകരമാവുന്നതിനും ഒപ്പം ഈ നരേറ്റിവിനൊപ്പം ഒരു വലിയ പങ്ക് എഴുത്തുകാരും കേരളത്തിലുണ്ടായി എന്നത് ഭീതി തരുന്നതാണ്.

ഇതിനുമുമ്പ്, പലപ്പോഴായി ഞാൻ എഴുതിയതുതന്നെയാണ് ഇതിനൊരു കാരണം : കേരളത്തിന്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ അധികവും അധിക കാലവും ചുറ്റിത്തിരിയുന്നത് "ഏക പാർട്ടി സ്വേച്ഛാധിപത്യ'ത്തിന്റെ വഴിയിലാണ് - കമ്യൂണിസ്റ്റ് പാർട്ടിയുടെ അധികാര വിചാരങ്ങൾക്കകത്താണ് നമ്മുടെ എല്ലാ രാഷ്ട്രീയ നീക്കങ്ങളും ഒടുവിൽ വിലയം പ്രാപിക്കുക. ഇതിനെതിരെ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിൽ ജനാധിപത്യത്തിന്റെ തുറന്നതും സംവാദാത്മകവുമായ ഒരു രീതി ആവിഷ്‌ക്കരിക്കാൻ കേരളത്തിലെ കോൺഗ്രസിനും കഴിഞ്ഞില്ല. എന്നല്ല, നമ്മുടെ ""അതിർ- രാഷ്ട്രീയ'' പ്രവർത്തനങ്ങൾ പോലും ഈ ലെനിനിസ്റ്റ് അധികാര രാഷ്ട്രീയത്തിന്റെ ഉറവകൾ ഉപേക്ഷിച്ചതുമില്ല. അഥവാ, ജനാധിപത്യ പരീക്ഷണങ്ങൾ ഏറ്റവും കുറഞ്ഞ തോതിൽ നടന്ന/നടക്കുന്ന ഒരു ഇന്ത്യൻ ഉപദേശീയത കേരളീയരുടെയാണ്. ഈ യാഥാർത്ഥ്യത്തെ നമ്മൾ ഇനിയും നേരിട്ടേ മതിയാകു.

നേമത്ത് നരേന്ദ്രമോദി ശരണം വിളിക്കുന്നു. കൽക്കത്തയിൽ നരേന്ദ്രമോദി വന്ദേ മാതരം എന്ന് വിളിക്കുന്നു. രണ്ടും ഹിന്ദുത്വയുടെ രാഷ്ട്രീയ മുദ്രാവാക്യങ്ങളായി മാറ്റാൻ നരേന്ദ്രമോദി ഉപയോഗിക്കുന്നത് ഇതിനകം തനിക്ക് നേടാനായ, അതിലൂടെ ഉറപ്പിക്കാനായ, രാഷ്ട്രീയാധിപത്യത്തിലൂടെയാണ്. ആർ.എസ്.എസ്സിന്റെ പ്രത്യയ ശാസ്ത്രത്തിന് ഇന്ത്യയുടെ ജനാധിപത്യവൽക്കരണത്തെ ഒരു വലിയ തോതിൽ തടയാനായി എന്നാണ്. ഇതിനെതിരെ ശരിയായൊരു രാഷ്ട്രീയ നിലപാട്, വാസ്തവത്തിൽ ദേശീയതയുടെയും ഫെഡറലിസത്തിന്റെയും മത സഹവർത്തിത്വത്തിന്റെയും ആണ് എന്നതിൽ ജനാധിപത്യവാദികൾക്ക് സംശയം ഉണ്ടാവേണ്ടതല്ല.

പാർ‌ലിമെന്ററി ജനാധിപത്യത്തിൽ ഭരണത്തുടർച്ച അസ്വാഭാവികമായ ഒന്നല്ല, എന്നാൽ സി.പി.എം ഒരു ജനാധിപത്യ പാർട്ടിയല്ല എന്നതു തന്നെയാണ് പ്രശ്‌നം. എന്നാൽ, ഈ രാഷ്ട്രീയ വിപത്ത് ചർച്ച ചെയ്യാൻ നമ്മുടെ മാധ്യമങ്ങളോ ബുദ്ധിജീവികളോ തയ്യാറുമല്ല.

എന്നാൽ, അങ്ങനെയൊരു സംശയത്തിന്റെ സമയത്തിലേക്കുപോലും കേരളീയ സമൂഹത്തെ നീക്കി നിർത്താൻ നമ്മുടെ രാഷ്ട്രീയകക്ഷികൾ അനുവദിക്കാത്ത വിധം ശബ്​ദമുഖരിതമായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ. മറ്റൊരർത്ഥത്തിൽ, ഇത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാധീനം തന്നെയാണ്. ഈ രാഷ്ട്രീയ വിപത്ത് തിരിച്ചറിഞ്ഞിട്ടും ഇതേ ആധിപത്യ രാഷ്ട്രീയത്തിന് ജന മനഃസാക്ഷിയെ ഒറ്റുകൊടുക്കുന്ന നിലപാട് നമ്മുടെ മാധ്യമങ്ങളും ബുദ്ധിജീവികളും എഴുത്തുകാരും സ്വീകരിച്ചു. ഭരണ തുടർച്ചയും ഭരണമാറ്റവും എന്ന രണ്ടേ രണ്ടു സംഗതികളായി നമ്മുടെ ചർച്ചാ വിഷയം. ഇതിൽ, ആദ്യത്തേതായ ഭരണത്തുടർച്ച നിലയുറപ്പിച്ച രാഷ്ട്രീയം ജനാധിപത്യത്തിന്റെ മോദി-നരേറ്റിവ് ആയിരുന്നു: ഹിന്ദുത്വയുടെ ഏക പാർട്ടി ആശയത്തെ സ്വാംശീകരിച്ചതിനൊപ്പം കേരളത്തിനു പരിചിതമായ സ്റ്റാലിനിസ്റ്റ് ഏക പാർട്ടി ആധിപത്യത്തിന്റെ രാഷ്ട്രീയം. പിണറായി വിജയൻ "ക്യാപ്റ്റൻ' ആവുന്നത് ഈ ഓർമയിലും ആയിരുന്നു. കെ. വേണു കൃത്യമായി പറഞ്ഞതുപോലെ, പാർ‌ലിമെന്ററി ജനാധിപത്യത്തിൽ ഭരണത്തുടർച്ച അസ്വാഭാവികമായ ഒന്നല്ല, എന്നാൽ സി.പി.എം ഒരു ജനാധിപത്യ പാർട്ടിയല്ല എന്നതു തന്നെയാണ് പ്രശ്‌നം. എന്നാൽ, ഈ രാഷ്ട്രീയ വിപത്ത് ചർച്ച ചെയ്യാൻ നമ്മുടെ മാധ്യമങ്ങളോ ബുദ്ധിജീവികളോ തയ്യാറുമല്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിൽ പി. രാജീവിന്റെ തെരഞ്ഞെടുപ്പു പ്രചാരണാർത്ഥം സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തിൽ പ്രൊഫ. എം.കെ സാനു, ബാലചന്ദ്രൻ ചുള്ളിക്കാട്, കെ.ജി പൗലോസ് എന്നിവർ.

ഇത് ഗൗരവമായ ഒരു പ്രശ്‌നം തന്നെയാണ്. എന്തെന്നാൽ, കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു അംഗസംഖ്യയുള്ള ഒരു രാഷ്​ട്രീയ കക്ഷിയാണ് സി.പി.എം. കേരളത്തിലെ ഹിന്ദു സമൂഹമാകട്ടെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി യാതൊരുവിധ പരിഷ്‌ക്കരണങ്ങളും നടക്കാത്ത, ജാതീയമായി ഉറച്ചുപോയ ഒന്നും. ശബരിമല പ്രശ്‌നത്തിൽ അതിന്റെ ഭീതി തരുന്ന മുഖം നാം കണ്ടതുമാണ്. അതായത്, "സ്വാമിയേ ശരണമയ്യപ്പ' എന്ന ആധ്യാത്മികമായ തേടലിനെ മോദിയുടെ രാഷ്ട്രീയ മുദ്രാവാക്യത്തിൽ നിന്ന്​ പുറത്തെടുക്കാൻ ആവാത്ത വിധം നമ്മുടെയും ജനാധിപത്യ രാഷ്ട്രീയം കലങ്ങി മറിഞ്ഞിരിക്കുന്നു. ഇങ്ങനെയൊരു അവസ്ഥയിൽ സി.പി.എം കേരളത്തിൽ അവരുടെ ആധിപത്യ രാഷ്ട്രീയം നടപ്പാക്കുക, പഴയ സ്റ്റാലിൻ രീതിയിൽ ആവില്ല, ആർ.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിലൂടെ കൂടി ആയിരിക്കും എന്നതിന്റെ സൂചന ഈ തെരഞ്ഞെടുപ്പ് തരുന്നു. നമ്മുടെ എഴുത്തുകാർ പോലും അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വരുത്തുന്നു. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ എത്ര ദുർബ്ബലമാണ് കേരളത്തിലും എന്നതും ഇത് കാണിക്കുന്നു.

മീരയും ബെന്യാമിനും എല്ലാം തങ്ങളുടെ പാർട്ടിയുടെ ഏത് അക്രമത്തെയും ഏത് അധീശത്വത്തെയും മറവിയിലേക്ക് കുഴിച്ചു മൂടുന്നത് ഈ റീഡേഴ്സ് ബാങ്കിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നില കൊള്ളാനാവില്ല.

പൊതുസമൂഹത്തിൽ ജനാധിപത്യം രാഷ്ട്രീയ പാർട്ടികൾക്ക് ഒപ്പമായല്ല, മറിച്ച് സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ സ്വാതന്ത്ര്യത്തിനൊപ്പമായാണ് എഴുത്തുകാർ തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ അവർ ഒരു പാർട്ടിയിലും അംഗമാവുന്നില്ല. ആവരുത്. എന്നാൽ, കേരളത്തിൽ രാഷ്ട്രീയപ്പാർട്ടികളുടെ വോട്ട് ബാങ്കുപോലെ എഴുത്തുകാരുടെ റീഡേഴ്സ് ബാങ്ക് ഉണ്ട്. ആ ബാങ്കിൽ കപട ഇടത് ഒരു വലിയ സംഖ്യയാണ്. കെ.ആർ. മീരയും ബെന്യാമിനും എല്ലാം തങ്ങളുടെ പാർട്ടിയുടെ ഏത് അക്രമത്തെയും ഏത് അധീശത്വത്തെയും മറവിയിലേക്ക് കുഴിച്ചു മൂടുന്നത് ഈ റീഡേഴ്സ് ബാങ്കിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നില കൊള്ളാനാവില്ല. പൊളിറ്റിക്കൽ ജാഡ കാണിക്കാം എന്നല്ലാതെ. സുമാർ അൻപതു വർഷം മുമ്പാകും, നെരൂദയുടെ സ്റ്റാലിനിസ്റ്റ് അനുഭാവത്തെ ആശയപരമായി നേരിട്ട ഒക്ടോവിയൊ പാസിനെ കാണാം, എഴുത്തുകാരുടെ സ്വാതന്ത്ര്യ കല്പനകളെ ചർച്ച ചെയ്യുന്ന പാസിനെ. നെരൂദയെ വിവർത്തനം ചെയ്ത സച്ചിദാനന്ദനും പക്ഷെ പാസിന്റെ ആശയലോകം പറയില്ല, മനസ്സിലാകാഞ്ഞിട്ടല്ല, പക്ഷെ റീഡേഴ്സ് ബാങ്കിന്റെ പേരിൽ പറയില്ല. എഴുപതുകളിലെ നക്‌സൽ ഉന്മൂലനത്തെ താൻ എതിർത്തു എന്ന് എഴുതും പറയും, എന്നാൽ രണ്ടായിരം ആണ്ടുകളിൽ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ വക വരുത്തിയ പാർട്ടിക്കു വേണ്ടി വോട്ട് ചോദിക്കാൻ ഒരു മടിയും കാണില്ല. അതാണ് നമ്മുടെ എഴുത്തുകാരുടെ റീഡേഴ്സ് ബാങ്കിന്റെ കളി.

അതിനാൽ ഈ തിരഞ്ഞെടുപ്പിലും ഇടതോ വലതോ മുന്നണി വരും. കാര്യം അതല്ല, കാര്യം മോദിയുടെ നേതൃത്വത്തിൽ അതിവേഗം ഫാസിസവൽക്കരിക്കപ്പെടുന്ന പാർലമെന്ററി ജനാധിപത്യത്തെ ജനാധിപത്യത്തിനുവേണ്ടി വീണ്ടെടുക്കാൻ ശ്രമിക്കുക എന്നാണ്. എഴുത്തുകാരുടെ ജോലി അതാണ്. വേറെ ഒന്നുമല്ല.▮


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments